വിവരയുദ്ധവും മുറുകുകയാണ്
വാർത്താരംഗത്തും ഫലസ്തീനികൾ ഇരകളാണ് എന്ന് ചുരുക്കം. തങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാണ് അവർക്ക് അവരുടെ പരിമിതമായ ‘മാധ്യമപ്രവർത്തനം’. ഫോണിൽ പകർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് അവർ കൂടുതലും പുറംലോകത്തോട് സംസാരിക്കുന്നത്.കര, കടൽ, ആകാശം എന്നീ വഴികളിലൂടെയാണ് സാധാരണ യുദ്ധം നടക്കുക. ഗസ്സയിലെ ഹമാസ് ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലേക്ക് കടന്നാക്രമണം നടത്തിയത് ഈ മൂന്നു മാർഗങ്ങളും അവലംബിച്ചാണ്. പിക്കപ് ട്രക്കുകളിലും ബോട്ടുകളിലും പാരാഗ്ലൈഡറുകളിലുമായി പോരാളികൾ ഓർക്കാപ്പുറത്ത് ചെന്നിറങ്ങുകയായിരുന്നു. സ്വന്തമായി പട്ടാളംപോലുമില്ലാത്ത ഒരു രാജ്യത്തിലെ...
Your Subscription Supports Independent Journalism
View Plansവാർത്താരംഗത്തും ഫലസ്തീനികൾ ഇരകളാണ് എന്ന് ചുരുക്കം. തങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാണ് അവർക്ക് അവരുടെ പരിമിതമായ ‘മാധ്യമപ്രവർത്തനം’. ഫോണിൽ പകർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് അവർ കൂടുതലും പുറംലോകത്തോട് സംസാരിക്കുന്നത്.
കര, കടൽ, ആകാശം എന്നീ വഴികളിലൂടെയാണ് സാധാരണ യുദ്ധം നടക്കുക. ഗസ്സയിലെ ഹമാസ് ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലേക്ക് കടന്നാക്രമണം നടത്തിയത് ഈ മൂന്നു മാർഗങ്ങളും അവലംബിച്ചാണ്. പിക്കപ് ട്രക്കുകളിലും ബോട്ടുകളിലും പാരാഗ്ലൈഡറുകളിലുമായി പോരാളികൾ ഓർക്കാപ്പുറത്ത് ചെന്നിറങ്ങുകയായിരുന്നു. സ്വന്തമായി പട്ടാളംപോലുമില്ലാത്ത ഒരു രാജ്യത്തിലെ പരിമിത വിഭവങ്ങളുള്ള സായുധസംഘം നടത്തിയ സാഹസം. ‘ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലി’ൽ ഞെരുക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും അപമാനിക്കപ്പെട്ടും കഴിഞ്ഞുവരുന്ന ഒരു ജനക്കൂട്ടം നിസ്സഹായത പകർന്നു നൽകിയ ഊർജംകൊണ്ട് നടത്തിയ ‘ജയിൽചാട്ടം’. ലോകത്തെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണ് മറുപുറത്തെന്ന് അറിയാതെയാകില്ല അത്.
മൂന്നു മാർഗങ്ങളിലൂടെയാണ് ഹമാസിന്റെ ‘ആക്രമണ’മെന്ന് നേരത്തേ പറഞ്ഞു. അല്ല, ഒരു നാലാം വഴികൂടിയുണ്ട്. മാധ്യമമേഖലയാണ് ഈ പോർമുഖം. കര, കടൽ, ആകാശം എന്നിവക്ക് പുറമെ അത്രതന്നെ പ്രാധാന്യമുള്ള ആകാശതരംഗങ്ങൾ –ടെലിവിഷൻ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെ സ്വന്തം ശബ്ദം കേൾപ്പിക്കാനും സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കാനുമുള്ള ഉപാധികൾ.
ഫലസ്തീനിൽ ജീവിതം നിത്യദുരിതമാണ്. പക്ഷേ, വാർത്തകൾ പുറത്തേക്ക് എത്തുന്നത് ചുരുക്കവും. ലോകത്തെ കാര്യങ്ങളറിയിക്കാൻ അവർക്ക് ആഗോള പത്രങ്ങളോ മറ്റു മാധ്യമങ്ങളോ വാർത്താ ഏജൻസികളോ ഇല്ല. പടിഞ്ഞാറൻ ഏജൻസികളിൽനിന്നാണ് മലയാള മാധ്യമങ്ങൾക്കടക്കം വാർത്തകൾ ഏറെയും കിട്ടുന്നത്. അവയാകട്ടെ വാർത്തകളിൽ പ്രകടമായ ചായ്‍വ് കാണിക്കുന്നവയും. അൽജസീറ പോലുള്ളവയാണ് അപവാദം.
വാർത്താരംഗത്തും ഫലസ്തീനികൾ ഇരകളാണ് എന്ന് ചുരുക്കം. തങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാണ് അവർക്ക് അവരുടെ പരിമിതമായ ‘മാധ്യമപ്രവർത്തനം’. ഫോണിൽ പകർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് അവർ കൂടുതലും പുറംലോകത്തോട് സംസാരിക്കുന്നത്. കുട്ടികൾപോലും ഇസ്രായേലി പട്ടാളക്കാരുടെ ചെയ്തികൾ കാമറയിൽ പകർത്തിയെടുക്കുന്ന സംഭവങ്ങൾ ധാരാളം. സമൂഹമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും അവർക്ക് പുറംലോകത്തേക്കുള്ള കിളിവാതിലുകളാണ്.
വിവരമേഖലയിലെ ഈ പ്രതിരോധം അതിപ്രധാനമാണെന്ന് ഫലസ്തീൻ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈനികരംഗത്തെന്നപോലെ ഇവിടെയും എതിരാളിക്ക് സർവസന്നാഹങ്ങളുമുണ്ടെന്ന് അറിയാത്തതല്ല. എങ്കിലും അവർ പോരാട്ടം തുടരുന്നു.
അതുകൊണ്ടുതന്നെ കരയും കടലും വായുവും മാത്രമല്ല, ആകാശതരംഗങ്ങളും അവർ കടന്നാക്രമണത്തിന് വേദിയാക്കി. കമ്പിവേലികൾ പൊളിച്ച് മുന്നോട്ടുനീങ്ങിയ ‘കരസേന’യിലും കടൽവഴി നീങ്ങിയ ബോട്ടുകളിലും പാരാഗ്ലൈഡറുകളിലുമെല്ലാം ‘സൈനിക റിപ്പോർട്ടർമാർ’ കാമറകൾസഹിതം അകമ്പടി സേവിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അവർ ലൈവായി റിപ്പോർട്ടുകൾ നൽകിക്കൊണ്ടിരുന്നു. ലോകോത്തരമെന്ന് ഇസ്രായേൽ പറഞ്ഞിരുന്ന നിരീക്ഷണ സംവിധാനങ്ങളെ പരാജയപ്പെടുത്തിയുള്ള ഈ മുന്നേറ്റം തൽക്ഷണം ‘സംപ്രേഷണം’ ചെയ്തത് വലിയ പി.ആർ വിജയമായാണ് വിലയിരുത്തപ്പെട്ടത്. ഇസ്രായേലിനെ നാണംകെടുത്തിയത് ഹമാസിന്റെ കടന്നുകയറ്റം മാത്രമല്ല, അത് ലോകം മുഴുവൻ അപ്പപ്പോൾ നേരിട്ട് കണ്ടുകൊണ്ടിരുന്നു എന്നതുകൂടിയാണ്.
വൈകാതെ ഇസ്രായേലിന്റെ പ്രചാരണവിഭാഗം ജോലി തുടങ്ങി. ഒരു പെൺകുട്ടിയെ ഹമാസ് തട്ടിക്കൊണ്ടുപോയി മർദിക്കുന്നതായി ചിത്രങ്ങളടക്കം വാർത്തയിട്ടു. എന്നാൽ, പെൺകുട്ടിയെ ബന്ദിയാക്കിയതാണെന്നും അവർ സുരക്ഷിതയാണെന്നും കാണിച്ച് മറുവാർത്ത ഹമാസും പുറത്തുവിട്ടു. വിവരയുദ്ധവും മുറക്ക് നടക്കുന്നുണ്ട്.
വിവരക്കുറവിന്റെ തടവുകാർ
എന്നാൽ, എല്ലാനിലക്കും പരിമിത വിഭവങ്ങൾ മാത്രമുള്ള ഹമാസിനോ മറ്റു ഫലസ്തീൻ വിഭാഗങ്ങൾക്കോ സ്വന്തം ഭാഗം ഫലപ്രദമായി അവതരിപ്പിക്കാൻ കഴിയുന്നില്ല. അതിനുകാരണം വാർത്തകളും വിവരങ്ങളും ഇസ്രായേലിനനുകൂലമായിട്ടാണ് ഏറെയും തയാറാക്കപ്പെടുന്നത് എന്നതാണ്. നമ്മുടെ പത്രങ്ങളും ഈ പ്രചാരണത്തിൽ അകപ്പെട്ട് അത് ഏറ്റെടുത്തുപോകാറുണ്ട്.
ഏറക്കുറെ സന്തുലിതമെന്ന് പറയാവുന്ന മാതൃഭൂമി മുഖപ്രസംഗത്തിലെ (ഒക്ടോ. 10) ഒരു വാചകം ശ്രദ്ധിക്കുക: ‘‘... ഇസ്രേലി അതിർത്തി ഭേദിച്ച് ഹമാസ് തൊടുത്ത എണ്ണമറ്റ റോക്കറ്റുകൾ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കനലുകളെയാണ് വീണ്ടും ആളിക്കത്തിച്ചത്.’’
ഒന്നാമത്, ഇസ്രായേലി ‘‘അതിർത്തി’’ ഹമാസ് ഭേദിച്ചിട്ടില്ല. ഇസ്രായേൽ കൈയടക്കിയ ഫലസ്തീൻ ഭൂമിയിലേക്കാണ് അവർ തടസ്സങ്ങൾ തകർത്ത് കടന്നുകയറിയത്. അധിനിവിഷ്ട ഭൂമിയാണവിടം. ഫലസ്തീൻകാരെ അവിടെനിന്ന് ആട്ടിപ്പുറത്താക്കിയതാണ്. വീടുകളിൽനിന്ന് ഇസ്രായേൽ ആട്ടിയോടിച്ചവരുടെ ഭൂമി. അന്താരാഷ്ട്ര നിയമമനുസരിച്ച് അവിടം നാട്ടുകാർക്ക് സുരക്ഷിതമാക്കേണ്ട ചുമതല ഇസ്രായേലിനുണ്ട്. പക്ഷേ, അവർ ലോകവേലി പണിത് ഫലസ്തീൻകാരെ അകറ്റിനിർത്തുന്നു. അതിനെയാണ് ‘അതിർത്തി’യെന്ന് തെറ്റായി വിളിക്കുന്നത്.
2018ൽ ആയിരക്കണക്കിന് ഫലസ്തീൻകാർ ‘സ്വന്തം വീട്ടിലേക്ക് മടങ്ങാൻ അവകാശമുണ്ടെ’ന്ന് പ്രഖ്യാപിച്ച് സമാധാനപരമായി (ആയുധങ്ങളില്ല, അക്രമമില്ല) തിരിച്ചുപോക്ക് ജാഥ (മാർച്ച് ഓഫ് റിട്ടേൺ) സംഘടിപ്പിച്ചു. ആ ജാഥക്ക് നേരെ ഇസ്രായേൽ വെടിവെക്കുകയാണ് ചെയ്തത്. പരിക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയ റസാൻ അൽ നജ്ജാർ എന്ന യുവ നഴ്സിനെ വരെ വെടിവെച്ചുകൊന്നു.
ഇസ്രായേൽ 25 നാഴിക നീളത്തിൽ കമ്പിവേലിയുണ്ടാക്കി. ‘അതിർത്തി സംരക്ഷണത്തിന് വേണ്ടി’ എന്നാണ് അവർ പറഞ്ഞത്. അത് തെറ്റാണ്. അത് അതിർത്തിയല്ല, താൽക്കാലിക വേലിയാണെന്ന് ഓസ്ലോ കരാറിൽ ഇസ്രായേൽ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ‘അതിർത്തി’ എന്ന വ്യാജം നമ്മുടെ പത്രങ്ങൾ ഏറ്റുപിടിക്കുന്നു. കാരണം അവർക്ക് വിവരം ലഭിക്കുന്നത് ഇസ്രായേലിപക്ഷ മാധ്യമങ്ങളിൽനിന്നാണ്.
അധിനിവേശകരും അധിനിവിഷ്ടരും
ഗസ്സക്ക് വൈദ്യുതിയും ഇന്ധനവും ഭക്ഷണവും ഒന്നും കൊടുക്കില്ലെന്ന് ഇസ്രായേലി പ്രതിരോധമന്ത്രിക്ക് പറയാൻ കഴിയുന്നതുതന്നെ, ഗസ്സ അവരുടെ നിയന്ത്രണത്തിലുള്ള അധിനിവിഷ്ട ഭൂമിയാണെന്നതിന് തെളിവാണ്. യു.എൻതന്നെയാണ് (2010ൽ) ഗസ്സയെ ഏറ്റവും വലിയ തുറന്ന ജയിലെന്ന് വിശേഷിപ്പിച്ചത്.
അധിനിവിഷ്ട ജനതയുടെ അവകാശങ്ങളെപ്പറ്റി അന്താരാഷ്ട്ര നിയമങ്ങൾ പറയുന്നുണ്ട്. സായുധസമരമുൾപ്പെടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ നിയമാനുസൃതമാണ്. മറുപുറത്ത് അധിനിവേശകരുടെ ചുമതലകളും നിർണയിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ അടിസ്ഥാന വിഭവങ്ങൾ നിഷേധിക്കരുത് എന്നതടക്കം. എന്നുവെച്ചാൽ, അന്താരാഷ്ട്ര നിയമമനുസരിച്ച് ഹമാസ് ഇപ്പോൾ ചെയ്തത് ശരിയും ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റുമാണ്. പക്ഷേ, പല മാധ്യമങ്ങൾക്കും ഇസ്രായേലി പട്ടാളം ‘സൈനികരും’ ഹമാസ് ‘തീവ്രവാദികളും’ (ദീപിക ഉദാഹരണം) ആണ്.
‘നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കനലുകളെ’ ഹമാസിന്റെ ആക്രമണം ‘ആളിക്കത്തിച്ച’തായി മാതൃഭൂമി പറയുന്നു. ഗസ്സയുടെ അവസ്ഥയെപ്പറ്റിയും നിത്യവും അവരനുഭവിക്കുന്ന ആളിക്കത്തലുകളും (കനലുകളല്ല –കുഞ്ഞുങ്ങളെ കൊന്നും വീടുകൾ തകർത്തും ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ) അൽപമൊരന്വേഷണം നടത്തിയാൽ ആധികാരിക ഉറവിടങ്ങളിൽനിന്ന് കിട്ടും.
മാതൃഭൂമിയും മലയാള മനോരമയും മറ്റും ഏതായാലും ഫലസ്തീൻ വിരുദ്ധ പ്രചാരണത്തിൽ കുടുങ്ങിയിട്ടില്ല. പക്ഷംചേരുകയല്ല, യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുകയാണ് മറ്റു രാജ്യങ്ങൾ ഇപ്പോൾ ചെയ്യേണ്ടതെന്ന വിവേകപൂർണമായ നിലപാടാണ് അവ മുഖപ്രസംഗങ്ങളിൽ സ്വീകരിച്ചത്.
എങ്കിലും വിശദാംശങ്ങളിൽ ആഗോള മാധ്യമപ്രചാരകർ സൃഷ്ടിച്ച വിവരക്കേടിന്റെ തടവിലാണ് നമ്മുടെ പല മാധ്യമങ്ങളുമെന്ന് പറയാതെ വയ്യ. ആധുനിക ആയുധങ്ങൾ മാത്രമല്ല, ആഗോള മാധ്യമങ്ങളും സ്വന്തമായി ഇല്ലാത്ത ഒരു ജനത അതെല്ലാം വേണ്ടതിലേറെയുള്ളവരോട് പൊരുതുമ്പോൾ ആവശ്യമായ കരുതൽ എല്ലാവരിൽനിന്നും ഉണ്ടാകുമെന്ന് ആശിക്കാനേ കഴിയൂ.