പണ്ടുപണ്ടൊരു വർഗീയ സംവാദത്തിൽ...
ഒരു വർഷം വൈകിയോടുന്ന വണ്ടിയാണ് എൻ.ബി.ഡി.എസ്.എ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിറ്റി എന്ന് പൂർണനാമം. വാർത്താചാനലുകൾക്ക് വഴിതെറ്റുന്നുണ്ടോ എന്ന് നോക്കാനും തിരുത്താനുമുള്ള സംവിധാനം. 2022 സെപ്റ്റംബർ 29ന് ടൈംസ് നൗ നവ്ഭാരത് എന്ന ഹിന്ദി ചാനൽ സംപ്രേഷണംചെയ്ത ഒരു ചർച്ചാ പരിപാടി വർഗീയതക്കെതിരായ മാർഗനിർദേശങ്ങൾ ലംഘിച്ചതായി 2023 നവംബർ നാലിന് കണ്ടെത്തിയിരിക്കുന്നു. ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണ് തീർപ്പ് എന്നർഥം. ടൈംസ് നൗ നവ്ഭാരത്...
Your Subscription Supports Independent Journalism
View Plansഒരു വർഷം വൈകിയോടുന്ന വണ്ടിയാണ് എൻ.ബി.ഡി.എസ്.എ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിറ്റി എന്ന് പൂർണനാമം. വാർത്താചാനലുകൾക്ക് വഴിതെറ്റുന്നുണ്ടോ എന്ന് നോക്കാനും തിരുത്താനുമുള്ള സംവിധാനം. 2022 സെപ്റ്റംബർ 29ന് ടൈംസ് നൗ നവ്ഭാരത് എന്ന ഹിന്ദി ചാനൽ സംപ്രേഷണംചെയ്ത ഒരു ചർച്ചാ പരിപാടി വർഗീയതക്കെതിരായ മാർഗനിർദേശങ്ങൾ ലംഘിച്ചതായി 2023 നവംബർ നാലിന് കണ്ടെത്തിയിരിക്കുന്നു.
ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണ് തീർപ്പ് എന്നർഥം. ടൈംസ് നൗ നവ്ഭാരത് ചാനലിലെ ‘സവാൽ പബ്ലിക് കാ’ എന്ന അന്തിച്ചർച്ച നയിച്ചത് അതിലെ അവതാരക താരം നവിക കുമാറാണ്.
കഴിഞ്ഞ വർഷത്തെ നവരാത്രി ആഘോഷവേളയിൽ ഇന്ദോർ (മധ്യപ്രദേശ്), അഹ്മദാബാദ് (ഗുജറാത്ത്), അകോല (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ ബജ്റംഗ് ദൾ, വി.എച്ച്.പി പ്രവർത്തകർ സൃഷ്ടിച്ച സാമുദായിക സ്പർധയാണ് പശ്ചാത്തലം.
നവരാത്രി ആഘോഷങ്ങളിലെ‘ഗർഭനൃത്ത’ പരിപാടി വലിയ ജനപങ്കാളിത്തമുണ്ടാകാറുള്ള ഒന്നാണ്. പലേടത്തും ഹൈന്ദവരല്ലാത്തവരും അതിൽ പങ്കെടുക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ചില സ്ഥലങ്ങളിൽ ഗർഭനൃത്തത്തിൽ പങ്കെടുത്ത മുസ്ലിംകൾക്കെതിരെ അക്രമമുണ്ടായി. ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് സ്വന്തമാക്കാൻ മുസ്ലിംകൾ ബോധപൂർവം നടത്തുന്ന ‘ഗർഭനൃത്ത ജിഹാദി’ന്റെ ഭാഗമാണ് പരിപാടിയിലെ അവരുടെ സാന്നിധ്യമെന്ന് ആരോപിച്ചായിരുന്നു അക്രമങ്ങൾ.
ഇത് ടൈംസ് നൗ നവ്ഭാരതിൽ നവിക കുമാർ ചർച്ചയാക്കി. ഉടനീളം വർഗീയ സൂചനകളോടെയായിരുന്നു അത്. വർഗീയമായ ആരോപണങ്ങളും ദുസ്സൂചനകളും അതിലുണ്ടായിരുന്നു. ഈ പരിപാടി മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ച് ഇന്ദ്രജിത് ഘോർപഡെ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് എൻ.ബി.ഡി.എസ്.എ ഒരു വർഷത്തിലേറെ കഴിഞ്ഞ് ആരോപണം ശരിവെച്ചുള്ള വിധി പറഞ്ഞിരിക്കുന്നത്.
ഈ കേസ് ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഒന്നാമത്, ഒരു വർഷത്തിലേറെ കഴിഞ്ഞാണ് കേസിൽ വിധിവരുന്നത്. വിദ്വേഷപ്രചാരണം അതിന്റെ പരമാവധി വ്യാപ്തിയിൽ നടന്നുകഴിഞ്ഞ്, സമൂഹത്തിൽ അതുണ്ടാക്കിയ വിഷവിത്തുകൾ മുളച്ചുപൊന്തിക്കഴിഞ്ഞ്, ഇങ്ങനെയൊരു വിധി വരുന്നതുകൊണ്ട് എന്ത് പ്രയോജനം? പരിപാടിയുടെ വിഡിയോകൾ ഇന്റർനെറ്റിൽനിന്ന് നീക്കംചെയ്യാൻ ഉത്തരവിടുന്നത്, ആ വിഡിയോകൾ പോകാനുള്ള അത്രയും ദൂരം എത്തിക്കഴിഞ്ഞിട്ടാണ്.
രണ്ടാമത്, ഒരു ടൈംസ് നൗ മാത്രമല്ല, ഇത്തരമൊരു വർഗീയ പരിപാടി ചെയ്തത്. ന്യൂസ് നേഷൻ, ന്യൂസ് 18 ഇന്ത്യ, റിപ്പബ്ലിക് ഭാരത്, സീ ന്യൂസ് തുടങ്ങിയ ചാനലുകളും അതേ പരിപാടി അതേ വർഗീയ ആംഗിളിൽ ചെയ്തിരുന്നു. പരാതി ഒന്നിനെ കുറിച്ചേ ഉള്ളൂ എന്നതുകൊണ്ട് മറ്റുള്ളവ നിരപരാധികളാണെന്ന് വന്നുകൂടാ. മൂന്നാമത്, ഇത്തരം പരിപാടികൾ ടി.വി സ്ക്രീനിലെക്കാൾ കൂടുതലായി ഡിജിറ്റൽ വേദികളിലാണ് പരക്കുന്നത്. എൻ.ബി.ഡി.എസ്.എയുടെ അധികാരം അവിടെ പരിമിതമാണ്. എല്ലാവരും കുടിച്ചുകഴിഞ്ഞ ശേഷം വിഷം നിരോധിച്ചതുപോലെയായി ഇപ്പോഴത്തെ തീർപ്പ്.
ഒക്ടോബർ ഏഴിലെ കൊലയാളികൾ
യു.എസിലെ ചാനൽ ചർച്ചകളിൽ പലരും ഇപ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ‘‘ഇസ്രായേൽ തോന്നിയതുപോലെ ചെയ്യുന്നു. നമ്മൾ അവർക്ക് ആയുധവും പണവും യഥേഷ്ടം നൽകുന്നു. എന്നിട്ടും അവരോട് ചോദിക്കാനോ പറയാനോ നമുക്ക് കഴിയുന്നില്ല. എന്തുകൊണ്ട്?’’
ഫാഷിസ്റ്റുകൾപോലും ‘‘ഞാൻ ഫാഷിസ്റ്റാണ്’’ എന്ന് തുറന്നുപറയാൻ മടിക്കുമ്പോൾ ‘‘ഞാൻ സയണിസ്റ്റാണെ’’ന്ന് ഒന്നിലേറെ തവണ പ്രഖ്യാപിച്ചയാളാണ് ജോ ബൈഡൻ എന്ന ‘‘ജനസൈഡ് ജോ’’ (വംശഹത്യക്കാരൻ ജോ). സ്വയം അങ്ങനെ പ്രഖ്യാപിക്കാതെ ആ നയം പിന്തുടരുന്ന മാധ്യമങ്ങളും കൂട്ടിനുണ്ട്. എന്തുകൊണ്ടിങ്ങനെ, എന്തുകൊണ്ട് ഇസ്രായേലിനെ തടയാനാകുന്നില്ല എന്ന ചോദ്യങ്ങൾക്ക് പല ഉത്തരങ്ങളുമുണ്ട്. ഒരു ഉത്തരം, ഏകപക്ഷീയമായ പ്രചാരണത്തിന്റെ ഉഗ്രശേഷിതന്നെ.
പ്രചാരണ യുദ്ധത്തിൽ ഇസ്രായേൽ പക്ഷത്തിന് കുത്തകതന്നെയുണ്ട്. മറുപക്ഷം പുറത്തുവരാതിരിക്കാനായി അവർ മാധ്യമങ്ങളെ വേട്ടയാടുന്നു; മാധ്യമപ്രവർത്തകരെയും കുടുംബങ്ങളെയും കൊല്ലുന്നു. എന്നിട്ട് സ്വന്തം വ്യാജങ്ങൾ ഇറക്കിക്കൊണ്ടേ ഇരിക്കുന്നു. പക്ഷേ, ലോകാഭിപ്രായത്തെ വൻതോതിൽ സ്വാധീനിച്ച ചില ആഖ്യാനങ്ങളിൽ തുള വീണുതുടങ്ങിയിരിക്കുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ കടന്ന് 1400 പേരെ കൊന്നു. കൂട്ട ബലാത്സംഗവും പീഡനവും അവർ ചെയ്തു. 40 ശിശുക്കളെ തലയറുത്ത് കൊന്നു തുടങ്ങിയവയാണ് ഇപ്പോൾ നടക്കുന്ന ‘‘പ്രതികാര’’ വംശഹത്യക്ക് ന്യായമായി പറയുന്നത്. നിഷ്പക്ഷരായ നിരീക്ഷകർവരെ ഈ പ്രചാരണങ്ങൾ അതേപടി വിശ്വസിച്ചിട്ടുമുണ്ട് – കുഞ്ഞുങ്ങളെ തലയറുത്തു കൊന്നു എന്ന കഥ പൊളിഞ്ഞെങ്കിലും. (ആ കഥ ഇപ്പോൾ ഇസ്രായേലി പട്ടാളംപോലും പറയുന്നില്ല എന്നത് ശ്രദ്ധിക്കുക. അതേസമയം, തുടക്കത്തിൽ അവർ അതെല്ലാം നേർക്കുനേരെ കണ്ടെന്ന മട്ടിലാണ് പ്രചരിപ്പിച്ചതെന്നും ഓർക്കുക.)
കുഞ്ഞുങ്ങളെപ്പറ്റി സൈന്യം പറഞ്ഞത് വ്യാജമായിരുന്നു എന്ന് തെളിഞ്ഞ ശേഷവും സൈന്യം പറഞ്ഞ മറ്റു കഥകൾ ആഗോള മാധ്യമങ്ങൾ ഒരു പരിശോധനയും കൂടാതെ സത്യമെന്ന നിലക്ക് അവതരിപ്പിക്കുന്നുണ്ട്. ഇസ്രായേൽ പറയുന്നു എന്നതു മാത്രമാണ് തെളിവ്.
വസ്തുതകൾ പ്രചാരണക്കൂമ്പാരത്തിനകത്ത് വെളിപ്പെടാതെ കിടക്കുമ്പോഴും ചില കാര്യങ്ങൾ ഇതിനകം സംശയങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ ഏഴിനെ കുറിച്ച ഔദ്യോഗിക പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്ന ഈ വിവരങ്ങൾ നൽകുന്നത് ഫലസ്തീൻകാരോ ഹമാസോ അവരെ പിന്തുണക്കുന്നവരോ അല്ല; ഇസ്രായേലി സൈനികരും ഇസ്രായേലി മാധ്യമങ്ങളുംതന്നെയാണ്.
മരണക്കണക്കാണ് ഒന്ന്. സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു എന്ന് ആരോപണം. ഒക്ടോബർ 23ന് ഇസ്രായേൽ സർക്കാർ ഒരു പട്ടിക പുറത്തുവിട്ടു. ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ട ഇസ്രായേലികളുടെ പേരുവിവരങ്ങൾ. 683 ഇസ്രായേലികളാണ് അതിൽ. ഇതിൽ 331 പേർ (48.4 ശതമാനം) പട്ടാളക്കാരും സായുധ പൊലീസുകാരുമാണ് – സിവിലിയന്മാരല്ല. ഇതിനുപുറമെ മറ്റു സായുധ പോരാളികളും (ഇസ്രായേലി മിലിഷ്യ) കൊല്ലപ്പെട്ടവരിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും സൈനികരായിരുന്നെന്ന് ഇസ്രായേലി പത്രമായ ഹാരറ്റ്സ് അന്നുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
ഹമാസുകാർ ആക്രമിച്ച സംഗീത നിശാപരിപാടിയിലുണ്ടായിരുന്ന യാസ്മിൻ പൊറാത് എന്ന ജൂത വനിതയെയും മറ്റനേകം പേരെയും ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയിരുന്നു. അവർ തുറന്നുപറയുന്ന ഒരു കാര്യം, ഹമാസുകാർ തങ്ങളെ കൊല്ലാനോ ഉപദ്രവിക്കാനോ അല്ല, മറിച്ച് ഇസ്രായേൽ അന്യായമായി തടവിൽ വെച്ചിട്ടുള്ള 5300 ഫലസ്തീൻകാരെ വിടുവിക്കാനും ഗസ്സക്ക് മേലുള്ള അന്യായ ഉപരോധം അവസാനിപ്പിക്കാനും അവശ്യവസ്തുക്കൾ എത്തിക്കാനുള്ള അനുമതി കിട്ടാനും വേണ്ടി വിലപേശലിനായിട്ടാണ് ബന്ദികളാക്കിയതെന്ന് വ്യക്തമാണെന്നത്രെ. ഇസ്രായേൽ റേഡിയോയിൽ യാസ്മിൻ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട് (ഒക്. 15): ‘‘അവർ നിങ്ങളെ ഉപദ്രവിച്ചോ?’’ ‘‘ഇല്ല. ഞങ്ങളോട് വളരെ മനുഷ്യത്വപരമായിട്ടാണ് പെരുമാറിയത്. ഒരു ഹമാസുകാരൻ എന്നോട് നേരിട്ടുതന്നെ പറഞ്ഞു: പേടിക്കേണ്ട, നിങ്ങളെ കൊല്ലാനല്ല, ഗസ്സയിലേക്ക് കൊണ്ടുപോകാനാണ്.’’
ഇതിനിടക്കാണ് ഇസ്രായേലി പൊലീസും സൈനികരും എത്തി തുരുതുരാ വെടിയുതിർത്തത്. ബുള്ളറ്റ് മുതൽ ടാങ്ക് ഷെല്ലുകൾ വരെ നിരത്തി ഉതിർക്കുകയായിരുന്നു അവർ. ഈ വെടിവെപ്പിലാണ് കുറെ ഇസ്രായേലി സിവിലിയന്മാർ കൊല്ലപ്പെട്ടത്. യാസ്മിൻ അടക്കമുള്ളവർ രക്ഷപ്പെടുകയും ചെയ്തു. ഇസ്രായേലി പൊലീസും സൈനികരുമാണ് തങ്ങളെ വെടിവെച്ചതെന്ന് മൊഴി നൽകിയ ഇസ്രായേലി സിവിലിയന്മാർ വേറെയുമുണ്ട്.
ഇസ്രായേലിന്റെ നയംതന്നെ അങ്ങനെയാണ്. 1986ലെ ‘‘ഹാനിബൽ മാർഗരേഖ’’ എന്നറിയപ്പെടുന്ന നയമനുസരിച്ച്, ഇസ്രായേലി സൈന്യത്തിന്റെ (ഐ.ഡി.എഫ്) പ്രഥമ മുൻഗണന, ഇസ്രായേലികളെ ശത്രു പിടിക്കാതെ നോക്കുന്നതിനാണ്. അതുകഴിഞ്ഞേ സ്വന്തം നാട്ടുകാരുടെ ജീവൻ പോലും രക്ഷിക്കേണ്ടതുള്ളൂ. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ വിരണ്ട സൈന്യം സ്വന്തം പക്ഷക്കാരെ കൊന്നിട്ടായാലും ശത്രുവിന്റെ പിടിയിൽപെടാതെ നോക്കുകയെന്ന ഹാനിബൽ നയം നടപ്പാക്കുകയായിരുന്നു. ഇത് പറയുന്നത്, ഇസ്രായേലികൾതന്നെ.
എറസ് ക്രോസിങ്ങിലെ ഇസ്രായേലി സൈനികത്താവളം ഹമാസ് ആക്രമിച്ചപ്പോൾ അവിടെ ചുമതലക്കാരനായിരുന്ന ബ്രിഗേഡിയർ ജനറൽ ആവി റോസൻ ഫെൽഡ് ആ താവളത്തിന് നേരെതന്നെ വ്യോമാക്രമണം നടത്താൻ കൽപന പുറപ്പെടുവിച്ചു. (ഹാരറ്റ്സിൽ ആമോസ് ഹരൽ റിപ്പോർട്ട് ചെയ്തത്.) ഒക്ടോബർ ഏഴ് മാധ്യമങ്ങൾക്ക് അന്വേഷണ വിഷയമാകേണ്ടതാണ്. ഇസ്രായേലി ഭാഷ്യമാണ് ലോകം കേട്ടത്. യഥാർഥ ഭാഷ്യം കേൾക്കാനിരിക്കുന്നു എന്നുവേണം കരുതാൻ.