അടച്ചുപൂട്ടിയിട്ടും വെളിപ്പെടുന്ന വസ്തുതകൾ
കുട്ടികളെ ഹമാസ് തലയറുത്തുകൊന്നു എന്ന വാർത്ത തെറ്റായിരുന്നു. കുഞ്ഞുങ്ങളെ അടുപ്പിലിട്ട് വേവിച്ചു എന്നുപറഞ്ഞത് തെറ്റായിരുന്നു. സ്ത്രീകളെ പീഡിപ്പിച്ചു എന്നതും വ്യാജ വാർത്തയായിരുന്നു. ഇതെല്ലാം ഇസ്രായേലി പട്ടാളക്കാരും അൽപനേരം ഹമാസിന്റെ ബന്ദികളായിരുന്ന ഇസ്രായേലി പൗരന്മാരും സ്ഥിരീകരിച്ചതാണ്. ഏതാനും വിവരങ്ങൾ കഴിഞ്ഞ ലക്കങ്ങളിൽ ചേർത്തിരുന്നു. ശരിയായ വാർത്ത പുറത്തുവരാതിരിക്കാൻ ഇസ്രായേൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ്...
Your Subscription Supports Independent Journalism
View Plansകുട്ടികളെ ഹമാസ് തലയറുത്തുകൊന്നു എന്ന വാർത്ത തെറ്റായിരുന്നു. കുഞ്ഞുങ്ങളെ അടുപ്പിലിട്ട് വേവിച്ചു എന്നുപറഞ്ഞത് തെറ്റായിരുന്നു. സ്ത്രീകളെ പീഡിപ്പിച്ചു എന്നതും വ്യാജ വാർത്തയായിരുന്നു. ഇതെല്ലാം ഇസ്രായേലി പട്ടാളക്കാരും അൽപനേരം ഹമാസിന്റെ ബന്ദികളായിരുന്ന ഇസ്രായേലി പൗരന്മാരും സ്ഥിരീകരിച്ചതാണ്. ഏതാനും വിവരങ്ങൾ കഴിഞ്ഞ ലക്കങ്ങളിൽ ചേർത്തിരുന്നു.
ശരിയായ വാർത്ത പുറത്തുവരാതിരിക്കാൻ ഇസ്രായേൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ആഴ്ചകളിലെ സംഭവങ്ങൾ. ഇസ്രായേലി ഭാഷ്യം മാത്രം പുറത്തുവിടുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഒരുവശത്ത്. മറുവശംകൂടി റിപ്പോർട്ട് ചെയ്യുന്ന അൽജസീറ (ചിലപ്പോൾ ബി.ബി.സിയും) പോലുള്ളവയെ നിശ്ശബ്ദമാക്കാനും ഭീഷണിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ മറ്റൊരു ഭാഗത്ത്. വൻതോതിൽ വ്യാജവാർത്തകൾ നിർമിച്ചുവിടുകയും ഹമാസിന് അനുകൂലമായ വിവരങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന പി.ആർ യജ്ഞങ്ങൾ വേറെ.
ഒരാളെ വെറുതെ കെട്ടിയിടുന്നു, മർദിക്കുന്നു. അയാളുടെ കൈകാലുകൾ വരിഞ്ഞുമുറുക്കി അനങ്ങാൻ പറ്റാതാക്കുന്നു. എന്നിട്ടയാളെ ശകാരിക്കുന്നു. അയാൾ തിരിച്ചുപറയാൻ ശ്രമിക്കുമ്പോൾ വായിൽ തുണിതിരുകി നിശ്ശബ്ദനാക്കുന്നു. ഇതാണ് ഇസ്രായേൽ ഹമാസിനോട് ചെയ്യുന്നത്.
എന്നിട്ടും ഇസ്രായേലിന്റെ പ്രചാരണ തന്ത്രങ്ങൾ വിജയിക്കാതെ പോകുന്നത് എന്തുകൊണ്ടാവും? ഇസ്രായേലികളിലും ജൂതസമൂഹത്തിലും സയണിസ്റ്റ് സർക്കാറിനോട് രാജിയാകാത്തവർ നേരുപറയാൻ മുന്നോട്ടുവരുന്നുണ്ട് എന്നത് ഒരു കാരണമാവാം. മറ്റൊന്ന്, ഇസ്രായേലി വ്യാജ പ്രചാരണങ്ങൾ എത്രതന്നെ ശക്തവും വ്യാപകവുമായാലും ലോകത്തെ ഭൂരിപക്ഷം വരുന്ന മനുഷ്യർ തങ്ങളുടെ മനുഷ്യത്വത്തോട് നീതിപുലർത്താൻ സ്വന്തമായി വാർത്താലോകത്ത്, പ്രധാനമായും ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെ ഇടപെടുന്നു എന്നതും.
യു.എസ്, ബ്രിട്ടീഷ് ചാനലുകളിൽ ഇസ്രായേലി വക്താക്കളുടെ ആധിക്യം പ്രകടമാണ്. ഫലസ്തീൻ പക്ഷത്തുനിന്ന് കുറഞ്ഞ ആളുകൾ ഉണ്ടാകും. ഹമാസിനെ പ്രതിനിധാനം ചെയ്യുന്ന ആരുമില്ല.
ദ വയറിൽ കരൺ ഥാപ്പർ ഏതാനും ദിവസം മുമ്പ് ഇസ്രായേലിന്റെ മുൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡാനി ആയലോണുമായി അഭിമുഖം നടത്തി. ഹമാസിനെപ്പറ്റി, ഒക്ടോബർ ഏഴിനെപ്പറ്റി, ഇസ്രായേലിന്റെ ‘‘സ്വയം രക്ഷ’’യെപ്പറ്റി, ഗസ്സ യുദ്ധത്തെപ്പറ്റി എല്ലാം ഇസ്രായേൽ പറയുന്ന വാദങ്ങൾ അദ്ദേഹം കരൺ ഥാപ്പറോടും പറഞ്ഞു. കരൺ ഥാപ്പർ വിമർശനാത്മകമായ ചോദ്യങ്ങളും വിലയിരുത്തലും കൊണ്ട് ആയലോന്റെ ഏകപക്ഷീയതക്ക് മറുഭാഗം പറയാൻ ശ്രമിച്ചെങ്കിലും ഹമാസ് പക്ഷത്തിന്റെ അഭാവം പ്രകടമായി.
കരൺ ഥാപ്പറുടെ ധർമസങ്കടം എല്ലാ സ്വതന്ത്ര മാധ്യമങ്ങളുടേതും കൂടിയാണ്. മറുപക്ഷം പറയാൻപോലും ആളില്ലാത്തവിധം കൈകാൽ കെട്ടപ്പെട്ടും വായ മൂടപ്പെട്ടും കിടക്കുകയാണ് ഗസ്സ. അപ്പോഴാണ് ഇസ്രായേലിന്റെ കെട്ടുകഥകൾ തുരുതുരാ പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.
ആശുപത്രിക്ക് ഇസ്രായേൽ ബോംബിട്ടത് ലോകമെങ്ങും ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയപ്പോൾ അത് തങ്ങളല്ല ചെയ്തതെന്നും ഫലസ്തീൻ തൊടുത്തുവിട്ട മിസൈൽ വഴിതെറ്റി വീണതാണെന്നുമാണ് ആ രാജ്യം ആദ്യം വിശദീകരിച്ചത്. അതുപ്രകാരം വൻകിട പത്രങ്ങളുടെ തലക്കെട്ടുകൾ മാറ്റിച്ചു.
എന്നാൽ, തെളിവുകൾക്കു മുന്നിൽ അവരുടെ കള്ളം നിലനിൽക്കില്ലെന്നായപ്പോൾ അവർ വിശദീകരണം ഒന്നു മാറ്റി. ആശുപത്രികൾക്കിടയിൽ ഹമാസിന്റെ തുരങ്കങ്ങളുണ്ടെന്നും അവരെ നശിപ്പിക്കാനാണ് ബോംബിട്ടതെന്നുമായി ഇത്തവണ.
ഈ വാദത്തിന് തെളിവായി ഇസ്രായേലി സൈന്യം ഒരു വിഡിയോ പുറത്തുവിട്ടു. ഭൂഗർഭ ടണലിൽനിന്ന് ഹമാസ് പോരാളികൾ (‘‘ഭീകരർ’’) പുറത്തുവരുന്ന ദൃശ്യമാണത് എന്ന് അവർ വിശദീകരിച്ചു.
ഈ വിഡിയോ അൽ ജസീറയുടെ ഡിജിറ്റൽ അന്വേഷണ വിഭാഗം വിശദമായ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. വാസ്തവത്തിൽ, അത് തുരങ്കമേ അല്ല എന്ന് കണ്ടെത്തി. വെറുമൊരു ജലസംഭരണിയാണത് –അതിൽനിന്ന് മറ്റെങ്ങോട്ടും വഴികളില്ല.
എന്നാൽ, ഇസ്രായേലിന്റെ വ്യാജ ആരോപണങ്ങൾ വിശ്വസിക്കാൻ തിടുക്കപ്പെടുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ. ഹമാസ് കുഞ്ഞുങ്ങളുടെ തലവെട്ടി എന്ന കള്ളം ആദ്യം ആവർത്തിച്ച അവ, ജബലിയ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ ബോംബിങ്ങിൽ ചിന്നിച്ചിതറിയ കുഞ്ഞുശരീരങ്ങൾ കണ്ടില്ല. ഓർത്തഡോക്സ് പള്ളിക്ക് ഇസ്രായേൽ ബോംബിട്ടപ്പോൾ വാൾസ്ട്രീറ്റ് ജേണൽ തലക്കെട്ടിട്ടത്, ചർച്ച് വളപ്പിൽ എന്തോ പൊട്ടിത്തെറിച്ചു എന്ന മട്ടിലായിരുന്നു (Blast Goes off at Orthodox Campus in Gaza).
അനുഭവസാക്ഷ്യം, വസ്തുതാ പരിശോധന
ഇസ്രായേലി ഗാനപരിപാടിയിലേക്ക് ഇരച്ചുകയറിയ ഹമാസ് പോരാളികൾ സ്ത്രീകളെ പീഡിപ്പിച്ചതായും സിവിലിയന്മാരെ വധിച്ചതായും കുട്ടികളെ തലയറുത്ത് കൊന്നതായും കുട്ടികളെ അടുപ്പിലിട്ട് വേവിച്ചതായുമുള്ള ആരോപണങ്ങൾ കള്ളമായിരുന്നെന്ന് പിന്നീട് സ്ഥിരീകരിക്കുന്നത് ഇസ്രായേലികളും ഇസ്രായേലി പട്ടാളക്കാരുംതന്നെയാണ്; ഹാരറ്റ്സ് പോലുള്ള ഇസ്രായേലി മാധ്യമങ്ങളും.
ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. യദിയോത് അഹ്റൊനോത് എന്ന ഇസ്രായേലി പത്രത്തിൽ വന്ന റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു:
‘‘ഇസ്രായേലി സൈനികതാവളം ഹമാസിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് മോചിപ്പിക്കാനെത്തിയ സൈനിക പൈലറ്റുമാർക്ക്, ഏതാണ് ഭീകരൻ, ഏതാണ് ഇസ്രായേലി പട്ടാളക്കാരൻ, ഏതാണ് സിവിലിയൻ എന്ന് തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. തുടക്കത്തിൽ ഇസ്രായേലിന്റെ അപ്പാച്ചെ ഹെലികോപ്ടറിൽനിന്ന് ആളും തരവും നോക്കാതെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു...’’
ഇതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. വാസ്തവത്തിൽ ഈ ദൃശ്യം ഒക്ടോബറിൽ ഇസ്രായേലി സൈന്യംതന്നെ പോസ്റ്റ് ചെയ്തിരുന്നു –ഭീകരർക്കെതിരായ പോരാട്ടം എന്നപേരിൽ. അന്ന് അതിന്റെ വ്യാപ്തി ആളുകൾക്ക് മനസ്സിലായില്ലെന്നു മാത്രം.
സ്വന്തം പട്ടാളക്കാരെ ശത്രു പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ അവരെ വെടിവെച്ച് കൊല്ലാം എന്ന ‘‘ഹാനിബൽ പ്രമാണം’’ ഇസ്രായേലി സൈന്യത്തിന് ഇത്തരം ഘട്ടങ്ങളിൽ സ്വന്തക്കാരെ കൊല്ലാനുള്ള അനുവാദമാണല്ലോ.
ഹമാസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട യാസ്മിൻ പൊറാത് ഇസ്രായേലി ഔദ്യോഗിക റേഡിയോ ആയ കാനിനോട്, ഇസ്രായേലി പട്ടാളമാണ് ഇസ്രായേലി സിവിലിയൻമാരെ വധിച്ചതെന്ന് ദൃക്സാക്ഷി മൊഴി നൽകിയിരുന്നു. ഇത് റേഡിയോ വെബ്സൈറ്റിൽനിന്ന് പിന്നീട് നീക്കംചെയ്തു.
ഹമാസ് സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതായി ആരോപിക്കപ്പെട്ട കിബുത് സിലെ സംഗീത പരിപാടിയുടെ സുരക്ഷാ കോഓഡിനേറ്ററായിരുന്നു തുവാൽ എസ്കപ. ഹമാസ് കൈയടക്കിയ വീടുകൾക്ക് നേരെ, അകത്തുള്ള ഇസ്രായേലി ബന്ദികളെ രക്ഷിക്കാനൊന്നും മിനക്കെടാതെ മൊത്തമായി ഷെലിങ് ചെയ്യാനാണ് സൈനിക കമാൻഡർമാർ ഉത്തരവിട്ടതെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹാരറ്റ്സിലെ റിപ്പോർട്ട്).
ആശുപത്രികൾക്കടിയിൽ ഹമാസിന്റെ തുരങ്കമുള്ളതുകൊണ്ടാണ് ആക്രമിക്കുന്നതെന്ന പ്രചാരണം അൽജസീറ ഡിജിറ്റൽ പരിശോധനയോടെ തകർന്നപ്പോൾ ഇസ്രായേൽ സൈന്യം മറ്റൊരു വാദവുമായി എത്തി: റൻതീസി ആശുപത്രിയുടെ ചുമരിൽ തൂക്കിയ ഒരു കടലാസിൽ അറബിയിൽ കുറെ പേരുകളുണ്ടെന്നും ബന്ദികൾക്ക് കാവലിരിക്കുന്നവരുടെ പട്ടികയാണതെന്നുമായിരുന്നു വാദം. വിഡിയോയിൽ വലിയ തെളിവായി കാണിച്ച ഈ ‘പട്ടിക’ക്ക് സൂക്ഷ്മ പരിശോധനയോളമേ ആയുസ്സുണ്ടായുള്ളൂ. അതൊരു കലണ്ടറായിരുന്നു; കാവൽപ്പട്ടിക എന്നുപറഞ്ഞത് ആഴ്ചദിനങ്ങളുടെ പേരുകളും.
ഒരുവശത്ത് കള്ളപ്രചാരണങ്ങൾ. മറുവശത്ത് ഫലസ്തീന്റെ ഭാഗം കേൾക്കാനുള്ള വഴികൾ അടക്കുന്നു. 9-11 ഭീകരാക്രമണത്തിനു ശേഷം, അമേരിക്ക ഭീകരരെന്ന് നിശ്ചയിച്ചവരുമായി മാധ്യമങ്ങൾ ബന്ധപ്പെടാറില്ല; അവരുടെ വാർത്തകൾക്ക് പ്രചാരം നൽകാറുമില്ല. ഗസ്സയിലെ ഇന്റർനെറ്റ് വിലക്ക്, സമൂഹമാധ്യമങ്ങൾ വഴി അവരുടെ ശബ്ദം കേൾപ്പിക്കാതിരിക്കാൻ കൂടി ഉള്ളതാണ്. ട്വിറ്റർ (എക്സ്), ഫേസ് ബുക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവ ഹമാസ് അനുകൂല പോസ്റ്റുകൾ നീക്കംചെയ്യുന്നുണ്ട്.