Begin typing your search above and press return to search.
proflie-avatar
Login

ഗസ്സ മുതൽ അസാൻജ് വരെ: മാധ്യമസ്വാതന്ത്ര്യം പൊള്ളയാണ്

ഗസ്സ മുതൽ അസാൻജ് വരെ:  മാധ്യമസ്വാതന്ത്ര്യം   പൊള്ളയാണ്
cancel

ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങൾ എത്രത്തോളം മനുഷ്യത്വഹീനമായിട്ടാണ് പെരുമാറുന്നതെന്നതിന് ഒരു ഉദാഹരണംകൂടിയാണ് ഫലസ്തീനിൽ അടിയന്തര ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന യു.എൻ.ആർ.ഡബ്ല്യു.എ എന്ന ഏജൻസിക്കുള്ള ധനസഹായം അവർ നിർത്തിയത്. യു.എസ്, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ, ജർമനി, ഇറ്റലി, നെതർലൻസ് എന്നീ പടിഞ്ഞാറൻ രാജ്യങ്ങളടക്കം ഇങ്ങനെ തങ്ങളുടെ സങ്കുചിത മനസ്സ് ഒരിക്കൽകൂടി വെളിവാക്കി. യു.എൻ ഏജൻസിക്ക് അത്യാവശ്യമായ ധനസഹായം ഈ രാജ്യങ്ങൾ നിർത്തിയതോടെ ആ രാജ്യങ്ങളിൽ ജനങ്ങൾ പണം പിരിച്ച് അയക്കാൻ തുടങ്ങി –ഭരണകൂടങ്ങളും ജനതകളും എങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നതിന്റെ മറ്റൊരു...

Your Subscription Supports Independent Journalism

View Plans

ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങൾ എത്രത്തോളം മനുഷ്യത്വഹീനമായിട്ടാണ് പെരുമാറുന്നതെന്നതിന് ഒരു ഉദാഹരണംകൂടിയാണ് ഫലസ്തീനിൽ അടിയന്തര ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന യു.എൻ.ആർ.ഡബ്ല്യു.എ എന്ന ഏജൻസിക്കുള്ള ധനസഹായം അവർ നിർത്തിയത്. യു.എസ്, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ, ജർമനി, ഇറ്റലി, നെതർലൻസ് എന്നീ പടിഞ്ഞാറൻ രാജ്യങ്ങളടക്കം ഇങ്ങനെ തങ്ങളുടെ സങ്കുചിത മനസ്സ് ഒരിക്കൽകൂടി വെളിവാക്കി. യു.എൻ ഏജൻസിക്ക് അത്യാവശ്യമായ ധനസഹായം ഈ രാജ്യങ്ങൾ നിർത്തിയതോടെ ആ രാജ്യങ്ങളിൽ ജനങ്ങൾ പണം പിരിച്ച് അയക്കാൻ തുടങ്ങി –ഭരണകൂടങ്ങളും ജനതകളും എങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം.

ധനസഹായം നിർത്താനുള്ള തീരുമാനത്തിന് പിന്നിൽ ഇസ്രായേൽ തന്നെ. ഒക്ടോബർ 7ലെ ‘ആക്രമണം’ (നിയമാനുസൃത ചെറുത്തുനിൽപ് എന്ന് മറുപക്ഷം) നടത്തിയതിൽ യു.എൻ ഏജൻസികളിൽ ചിലർക്ക് പങ്കുണ്ടായിരുന്നു എന്നാണ് ഇസ്രായേൽ പറയുന്ന കാരണം. ആ രാജ്യത്തിന്റെ ഭരണകൂടം ഇറക്കി പിന്നീട് പൊളിഞ്ഞുപോയ അസത്യങ്ങളുടെ പട്ടികയിൽ ഒന്നുകൂടിയാവാം ഇത്. ഒരു കാര്യം ശ്രദ്ധേയമാണ്: ഒക്ടോബർ 7ലെ ആക്രമണത്തിൽ യു.എൻ ഏജൻസിക്കാരുടെ പങ്ക് ഇസ്രായേൽ ആദ്യമായി ‘കണ്ടുപിടിക്കുന്ന’ത് 112 ദിവസം കഴിഞ്ഞിട്ടാണ്. അതിനെക്കാൾ പ്രധാനമാണ് മറ്റൊരു വസ്തുത: ഈ കണ്ടുപിടിത്തം വരുന്നത്, ലോക നീതിന്യായ കോടതി (ഐ.സി.ജെ) ഇസ്രായേലിനെതിരെ ഇടക്കാല വിധി നൽകിയതിന്റെ തൊട്ടുപിന്നാലെയാണ്.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഇസ്രായേൽ തടസ്സപ്പെടുത്തുന്നതുതന്നെ സത്യം പുറത്തുവരാതിരിക്കാനും വ്യാജങ്ങൾ യഥേഷ്ടം ഇറക്കാനുമാണ്. ഇതിലും പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണ അവർക്കുണ്ട് –പടിഞ്ഞാറൻ മാധ്യമങ്ങളുടെയും. ഇതേ സമയത്തുതന്നെ, ധീരനായ ഒരു ജേണലിസ്റ്റ് പടിഞ്ഞാറൻ രാജ്യങ്ങളുടെ വേട്ടക്കിരയായി ജയിലിലാണ്; അദ്ദേഹം ഇനിയുള്ള കാലത്തേക്ക് മുഴുവൻ അമേരിക്കൻ ജയിലിലേക്ക് മാറ്റപ്പെടുമോ എന്ന് ഈ മാസം (ഫെബ്രുവരി) 21ഓടെ തീരുമാനിക്കപ്പെട്ടേക്കും.

ഈ ധീര പത്രപ്രവർത്തകന്റെ പേര് ജൂലിയൻ അസാൻജ്. ഇറാഖിലും അഫ്ഗാനിസ്താനിലും മറ്റും അമേരിക്ക ചെയ്ത യുദ്ധക്കുറ്റങ്ങളുടെ വിഡിയോ തെളിവടക്കം പുറത്തുവിട്ട വിക്കിലീക്സ് സ്ഥാപകൻ. അദ്ദേഹത്തെ ബ്രിട്ടൻ പിടിച്ച് ബെൽമാർഷ് ‘അതിസുരക്ഷാ’ ജയിലിലിട്ടിരിക്കുകയാണ്. വിചാരണക്കായി അദ്ദേഹത്തെ വിട്ടുതരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുകൊടുക്കാമോ എന്ന് തീരുമാനിക്കാൻ ബ്രിട്ടനിലെ കോടതി 20, 21 തീയതികളിൽ വാദം കേൾക്കും.

വിട്ടു​െകാടുക്കാനാണ് കോടതി വിധിക്കുന്നതെങ്കിൽ അസാൻജിനെ ബ്രിട്ടൻ അമേരിക്കയിലേക്കയക്കും. അവിടെ വിചാരണ പ്രഹസനം നടക്കും. 175 വർഷത്തെ തടങ്കൽ വിധിക്കപ്പെടും –മാധ്യമസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത് ഇതൊക്കെയാണ്. അസാൻജിനെ കേസൊഴിവാക്കി വെറുതെ വിടണമെന്ന് അമേരിക്കയിൽ ആക്ടിവിസ്റ്റുകൾ ആവശ്യപ്പെടുന്നു. മാധ്യമപ്രവർത്തനം നിയമാനുസൃതവും ശിക്ഷകളിൽനിന്ന് സംരക്ഷിതവുമാണെന്ന് അവർ വാദിക്കുന്നു. ഗസ്സയാകട്ടെ, അസാൻജ് കേസാകട്ടെ, ജനാധിപത്യത്തെപ്പറ്റി അലമുറയിടാറുള്ള പടിഞ്ഞാറൻ നാടുകളുടെ കാപട്യം ഇതിനകം വ്യക്തമായിക്കഴിഞ്ഞു. തങ്ങളെ തുറന്നുകാട്ടാത്തിടത്തോളം മാത്രമേ മാധ്യമസ്വാതന്ത്ര്യം അവർ അനുവദിക്കുകയുള്ളൂ.

ഓന്താണ് ചിഹ്നം. ‘ഇൻഡ്യ’ മുന്നണിക്ക് മുമ്പാകെ നിതീഷ് കുമാറിന്റെ ബിഹാർ മാജിക്. ടൈംസ് ഓഫ് ഇന്ത്യയിൽ സന്ദീപ് അധ്വര്യു വരച്ചത്

ഓന്താണ് ചിഹ്നം. ‘ഇൻഡ്യ’ മുന്നണിക്ക് മുമ്പാകെ നിതീഷ് കുമാറിന്റെ ബിഹാർ മാജിക്. ടൈംസ് ഓഫ് ഇന്ത്യയിൽ സന്ദീപ് അധ്വര്യു വരച്ചത്

ഗാന്ധിജി വാർത്തയാകുന്നത്

ഒരു വാർഷിക രക്തസാക്ഷിദിനം എന്നതിനപ്പുറം ഗാന്ധിജിയുടെ മരണവാർഷികത്തിന് ഇക്കാലത്ത് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഗാന്ധിജിയെ ​െകാന്നത് ഒരു പ്രത്യയശാസ്ത്രമാണ്; ആ പ്രത്യയശാസ്ത്രത്തിന് ഇന്ന് രാജ്യത്ത് അധീശത്വമുണ്ട്. അതുകൊണ്ടുതന്നെയാവണം ജനുവരി 30ലെ മലയാള പത്രങ്ങൾ പലതും പതിവിലേറെ പ്രാമുഖ്യം ഗാന്ധിസ്മരണക്ക് നൽകിയത്. ഗാന്ധിസ്മരണയുടെ അവസരങ്ങൾ നഷ്ടപ്പെടുത്താത്ത പത്രമാണ് മാതൃഭൂമി. ഇന്നത്തെ ലോകാവസ്ഥയിൽ ഗാന്ധിജി ഇല്ലാത്ത ലോകത്തിൽ ഹിംസാത്മകതയാണുള്ളതെന്ന് സൂചിപ്പിക്കുന്ന സചിത്ര അവതരണമുണ്ട് ഒന്നാം പേജിൽ.

എഡിറ്റ് പേജിൽ സുധാ മേനോൻ എഴുതിയ ലേഖനത്തിൽനിന്ന്: ‘‘...ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയാറു വർഷം തികയുമ്പോൾ നമ്മൾ സാക്ഷ്യം വഹിക്കുന്നത് അദ്ദേഹം തിരസ്കരിച്ച ഭൂരിപക്ഷ വംശീയത അതിന്റെ സകല ഭാവതീവ്രതയോടെയും മുഖ്യധാരാ രാഷ്ട്രീയം കൈയടക്കുന്നതാണ്.

‘‘വർത്തമാനകാല ഇന്ത്യയിൽ വളർന്നുവരുന്ന ‘ഗോഡ്സെ കൾട്ടി​ന്റെ’ മറ്റൊരു പ്രത്യേകതയാണ് ഗോഡ്സെയുടെ നീണ്ട കോടതിമൊഴിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത. ഗോഡ്സെയുടെ മൊഴി സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വിവിധ ഭാഷകളിൽ പ്രചരിപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ മതേതര രാഷ്ട്രീയം ഭൂരിപക്ഷ ഹിന്ദുവികാരത്തിന് എതിരായിരുന്നു എന്ന് വരുത്തിത്തീർക്കാനുള്ള സംഘടിതശ്രമം 2014നുശേഷം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. ഗാന്ധിനിന്ദ സ്വാഭാവികമാക്കപ്പെടുന്ന ഒരു സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പരിസരം ഇന്ത്യയിൽ പതുക്കെ സൃഷ്ടിക്കപ്പെടുന്നത് നമ്മുടെ നിശ്ശബ്ദതക്ക് മുകളിലൂടെയാണ് എന്നുകൂടി കുറ്റബോധത്തോടെ ഓർമിക്കണം.

‘‘... തുടക്കം മുതൽ ബാപ്പുവിന്റെ മൂല്യങ്ങളുടെ നേർവിപരീതമായ ധർമം നിർവഹിക്കുന്ന, ‘സംഘ്പരിവാറിന്റെ കാൽനടപ്രചാരകർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗീതാ പ്രസിന് [ഗാന്ധി സമാധാന] പുരസ്കാരം [പ്രധാനമന്ത്രി അംഗമായ കമ്മിറ്റി] പ്രഖ്യാപിച്ചത് ഗാന്ധിജിയുടെ പൈതൃകത്തോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു.’’

ജനയുഗത്തിൽ ബിനോയ് വിശ്വം എഴുതി: ‘‘ഗാന്ധിജിയെ വധിച്ചത് ഒരു വ്യക്തി അല്ല, ഒരു ആശയമായിരുന്നു... ആ ആശയം ശബ്ദം താഴ്ത്തി പറഞ്ഞുപോന്ന ഹിന്ദുരാഷ്ട്രം അടക്കമുള്ള അറുപിന്തിരിപ്പൻ കാഴ്ചപ്പാടുകളെല്ലാം ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രചോദനമന്ത്രങ്ങളാണ്... [ബാബരി മസ്ജിദ് തകർക്കപ്പെട്ട] അന്ന് അയോധ്യ കേട്ട അതേ മുദ്രാവാക്യമാണ് ഗോഡ്സെമാരെ എന്നും എവിടെയും ആവേശം കൊള്ളിക്കുന്നത്. ‘ഹം ഐസേ ബനായേം ഗേ ഹിന്ദുരാഷ്ട്ര’ (ഞങ്ങൾ ഇങ്ങനെയാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നത്) എന്നതാണ് ആ മുദ്രാവാക്യം. ആ മുദ്രാവാക്യം വിവക്ഷിക്കുന്ന ഹിന്ദു, ഗാന്ധിജി കണ്ട ഹിന്ദുവല്ല.’’ ചന്ദ്രികയുടെ ഒന്നാം പേജ് പകുതിയോളം ഗാന്ധി പോസ്റ്ററാണ്. ‘കൊന്നതാണ്; ഓർമകളും പോരാട്ടമാണ്’ എന്ന് തലക്കെട്ട്. എഡിറ്റ് പേജിൽ ലേഖനവുമുണ്ട്.

 ദൈവത്തെ വിളിച്ചിരുന്നവർ ഇപ്പോൾ ഗോഡ്സെയെ ദൈവമാക്കി –ഡെക്കാൻ ക്രോണിക്ളിൽ സുബ്ഹാനിയുടെ കാർട്ടൂൺ

 ദൈവത്തെ വിളിച്ചിരുന്നവർ ഇപ്പോൾ ഗോഡ്സെയെ ദൈവമാക്കി –ഡെക്കാൻ ക്രോണിക്ളിൽ സുബ്ഹാനിയുടെ കാർട്ടൂൺ

ദേശാഭിമാനിയിൽ പ്രഫ. എം.എം. നാരായണൻ എഴുതിയ, ‘ഇന്ത്യയുടെ രക്തസാക്ഷി’ എന്ന ലേഖനമുണ്ട്. അതിൽ അദ്ദേഹം എഴുതുന്നു: ‘‘...മുക്കാൽ നൂറ്റാണ്ടു മുമ്പ് രാമചരിതമാനസനായ ഗാന്ധിജിയെ വകവരുത്തിയവർ ഇന്ന് ചിരലാളിതമായ രാമസങ്കൽപങ്ങളെയും കുഴിച്ചുമൂടുകയാണ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം മാത്രമല്ല രാമസങ്കൽപങ്ങളുടെ അപനിർമാണവും നടക്കുന്നുണ്ട്.’’

സുപ്രഭാതത്തിൽ മുൻ പേജിൽ കുറിപ്പും എഡിറ്റ് പേജിൽ ലേഖനങ്ങളുമുണ്ട്: പി.ബി. ജിജീഷ് എഴുതിയ ‘ഗാന്ധിയെന്ന പ്രതിരോധം’, പ്രഫ. റോണി കെ. ബേബി എഴുതിയ ‘ആർ.എസ്.എസിനെ തിരിഞ്ഞുകൊത്തുന്ന ചരിത്രം’ എന്നിവയാണ് ലേഖനങ്ങൾ. ദീപികയിൽ ആദ്യപേജിലെ കുറിപ്പിന് പുറമെ മുഖപ്രസംഗവും ഡോ. ജോസ് മാത്യു, സി.കെ. ഫൈസൽ എന്നിവരുടെ ലേഖനങ്ങളും. മുൻപേജിലെ കുറിപ്പും എഡിറ്റ് പേജിലെ ലേഖനവും സിറാജ് പത്രത്തിൽ. ലേഖനത്തിൽ ജി.പി. രാമചന്ദ്രൻ എഴുതുന്നു: ‘‘...വിദേശത്തും ഇന്ത്യയിലും ആസ്ഥാനങ്ങളുള്ള കോർപറേറ്റുകൾ തടിച്ചുകൊഴുക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രരായിത്തീരുകയും ചെയ്യുന്നു. മാധ്യമങ്ങളാകട്ടെ, ഗോസിപ്പുകളിലും കേന്ദ്ര ഭരണകൂടത്തെ പുകഴ്ത്തുന്നതിലും അഭിരമിക്കുന്നു.’’

മുൻ പേജിലെ കുറിപ്പും എഡിറ്റ് പേജിലെ ലേഖനവും മാധ്യമത്തിലുമുണ്ട്. മുൻ പേജ് കുറിപ്പുകളുണ്ട് മലയാള മനോരമയിലും കേരള കൗമുദിയിലും. പത്രങ്ങളിൽ ഇങ്ങനെ ചർച്ചയാക്കാൻ തക്ക ആനുകാലികവാർത്തയാണോ ഗാന്ധിജി എന്ന ചോദ്യമുയരാം. ഇന്നത്തെ ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ ‘പരീക്ഷാ പേ ചർച്ച’യെക്കാൾ രാഷ്ട്രീയപ്രാധാന്യം ഗാന്ധിജിക്കുണ്ട് എന്നാണ് മറുപടി.

News Summary - weekly column media scan