മാധ്യമങ്ങളുടെ നുണക്ക് വില ദശലക്ഷങ്ങളുടെ ജീവൻ
മാധ്യമമേഖല വിപുലമായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുവരവ് പാരമ്പര്യ മാധ്യമങ്ങൾക്ക് ബദലായി ഉയർന്നുവരുന്നു. വ്യക്തികളും പ്രസ്ഥാനങ്ങളും ഉപയോക്താക്കളുടെ വരിസംഖ്യയും സംഭാവനയുംകൊണ്ട് നടത്തുന്ന ചാനലുകൾ യൂട്യൂബ്, റംബ്ൾ, എക്സ് മുതലായ അസംഖ്യം പ്ലാറ്റ് ഫേമുകളിലൂടെ പ്രവർത്തിക്കുന്ന ധീരമായ ജേണലിസത്തിന്റെ വർത്തമാനകാല മാതൃകകളാണ്. പരസ്യങ്ങളെ ആശ്രയിക്കേണ്ടതില്ലാത്തതുകൊണ്ടാണ് അവക്ക് ഇത്...
Your Subscription Supports Independent Journalism
View Plansമാധ്യമമേഖല വിപുലമായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുവരവ് പാരമ്പര്യ മാധ്യമങ്ങൾക്ക് ബദലായി ഉയർന്നുവരുന്നു. വ്യക്തികളും പ്രസ്ഥാനങ്ങളും ഉപയോക്താക്കളുടെ വരിസംഖ്യയും സംഭാവനയുംകൊണ്ട് നടത്തുന്ന ചാനലുകൾ യൂട്യൂബ്, റംബ്ൾ, എക്സ് മുതലായ അസംഖ്യം പ്ലാറ്റ് ഫേമുകളിലൂടെ പ്രവർത്തിക്കുന്ന ധീരമായ ജേണലിസത്തിന്റെ വർത്തമാനകാല മാതൃകകളാണ്. പരസ്യങ്ങളെ ആശ്രയിക്കേണ്ടതില്ലാത്തതുകൊണ്ടാണ് അവക്ക് ഇത് സാധിക്കുന്നത്.
ഇന്ത്യയിൽ അടുത്തകാലത്ത് അഴിമതിക്കഥകൾ ഏറെയും പുറത്തുകൊണ്ടുവന്നത് ഓൺലൈൻ മാധ്യമങ്ങളാണ് –ഇലക്ടറൽ ബോണ്ട്, പി.എം. കെയേഴ്സ് ഫണ്ട് എന്നീ വിഷയങ്ങളടക്കം.ഗസ്സ വംശഹത്യയുടെ കാര്യത്തിൽ ഇത് കൂടുതൽ ശരിയാണ്. ന്യൂയോർക് ടൈംസും ബി.ബി.സിയും പോലുള്ള മാധ്യമങ്ങൾ മറച്ചുപിടിച്ചതും വളച്ചൊടിച്ചതുമായ വസ്തുതകൾ ലോകമറിഞ്ഞത് അൽജസീറയിലൂടെയും ഒപ്പം അനേകം ഓൺലൈൻ മാധ്യമങ്ങളിലൂടെയുമാണ്.
പക്ഷേ, നമ്മുടെ പാരമ്പര്യ മാധ്യമലോകം തങ്ങളുടെ കാൽച്ചുവട്ടിൽനിന്ന് മണ്ണൊലിച്ചുപോകുന്നത് അറിയുന്നുണ്ടോ? തൽപര കക്ഷികൾ പ്രചരിപ്പിക്കുന്ന നുണക്കഥകൾ അവ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. വിഷയങ്ങളിൽ നിലപാട് തീരുമാനിക്കാൻ അവ ആശ്രയിക്കുന്നത് വ്യാജ റിപ്പോർട്ടുകളെയായാൽ അതിൽ കൂടുതൽ എന്ത് തകർച്ചയാണ് ജേണലിസത്തിന് സംഭവിക്കാനുള്ളത്?
ഗസ്സ വംശഹത്യയുടെ ചിത്രങ്ങളും വാർത്തകളും ലോകം കാണുന്നുണ്ട്. ഈ കുരുതിക്ക് ന്യായമായി ഇസ്രായേൽ എടുത്തുപറയുന്നത് ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണമാണ്. ആ തീയതിക്കു മുമ്പത്തെ ഇസ്രായേലി അതിക്രമങ്ങളുടെ ചരിത്രം മറച്ചുവെച്ചാണ് ഈ ന്യായീകരണം. ഹമാസിന്റേത് വിമോചന സമരമാണെന്ന വാദം പരിഗണിക്കുന്നുപോലുമില്ല. അധിനിവിഷ്ട ജനതക്ക് സായുധസമരമടക്കമുള്ള ഏത് സ്വാതന്ത്ര്യപ്പോരാട്ടവും അനുവദനീയമാണെന്ന അന്താരാഷ്ട്ര നിയമവും അവഗണിക്കപ്പെടുന്നു.
ഇതെല്ലാം ഓർമപ്പെടുത്തേണ്ട മാധ്യമങ്ങൾ ഇസ്രായേലി നിലപാടിന്റെ ഉച്ചഭാഷിണിയാകുന്നുണ്ട്. ദീപിക പത്രം മാർച്ച് 26ന് പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗം (‘ഗാസയിലെ മരണക്കളി’) ഇതിന് ഉദാഹരണമാണ്. തെറ്റെന്ന് തെളിയിക്കപ്പെട്ട കഥകളെ ആധാരമാക്കി നിർമിച്ചെടുക്കുന്ന സയണിസ്റ്റ് പക്ഷവാദങ്ങളിൽപ്പെടും അത്. വംശഹത്യക്ക് ന്യായമായി ഇസ്രായേലി സേനയും പാശ്ചാത്യ മാധ്യമങ്ങളും നിർമിച്ചെടുത്ത ഒരു അസത്യം പ്രാധാന്യപൂർവം അതിൽ നിരത്തുന്നുണ്ട്: ‘‘ഇസ്രായേലിന്റെ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നവർ, ഹമാസ് ഇസ്രായേൽ വനിതകളോട് ഒക്ടോബർ ഏഴിനും തുടർന്നും നടത്തിയ ലൈംഗിക പീഡനങ്ങളെക്കുറിച്ച് പറയുന്നില്ല. അതിനു മതിയായ തെളിവുകളുണ്ടെന്ന് യു.എൻ. സ്പെഷൽ റെപ്രസെന്റേറ്റിവ് ഓൺ സെക് ഷ്വൽ വയലൻസ് ഇൻ കോൺഫ്ലിക്ട് പ്രമില പാേറ്റണിന്റെ റിപ്പോർട്ടിലുണ്ട്...’’
പൊളിഞ്ഞ കഥ; പിന്നെയും ആവർത്തിക്കുന്ന കഥ
ഈ ‘‘കൂട്ടമാനഭംഗ’’ കഥ ഇസ്രായേലി സൈന്യം കെട്ടിച്ചമച്ച് പ്രചരിപ്പിച്ച അനേകം കെട്ടുകഥകളിൽ ഒന്നു മാത്രമായിരുന്നു, ന്യൂയോർക് ടൈംസ് അത് ഏറ്റുപിടിക്കുന്നതുവരെ (ചില വിവരങ്ങൾ ‘മീഡിയ സ്കാനി’ൽ മുമ്പ് എഴുതിയിട്ടുണ്ട്).
യു.എൻ സ്പെഷൽ റെപ്രസെന്റേറ്റിവ് പ്രമീള പാറ്റന്റെ റിപ്പോർട്ടിലുള്ളത് ന്യൂയോർക് ടൈംസ് റിപ്പോർട്ടിലെ ചില ‘‘കണ്ടെത്തലു’’കളുടെ പകർപ്പു മാത്രമാണ്. ഇസ്രായേലി പട്ടാളക്കാരെ മാത്രം കണ്ട് ശേഖരിച്ച ‘‘വിവര’’ങ്ങൾ. ഒറ്റ തെളിവുമില്ല. കുറ്റകൃത്യങ്ങൾ അന്വേഷിക്കലായിരുന്നില്ല തന്റെ ചുമതലയെന്ന് പിന്നീട് അവർ വ്യക്തമാക്കുകയും ചെയ്തു. ആരോപണവിധേയമായ ഒരു സംഭവത്തിലും ‘‘വെരിഫിക്കേഷൻ’’ നടന്നിട്ടില്ലെന്നും ശരിയായ അന്വേഷണം നടക്കുമ്പോഴേ അതുണ്ടാകൂ എന്നും പ്രമീള പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് യു.എൻ അധികാരപ്പെടുത്തിയവരെ ആരെയും ഇസ്രായേൽ അതിന് അനുവദിച്ചിട്ടില്ലെന്ന് കൂടി ഓർക്കുക. പ്രമീളയുടെ റിപ്പോർട്ടിൽ ആവർത്തിച്ചിട്ടുള്ള ടൈംസ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഓരോന്നും പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാരമ്പര്യ മാധ്യമമായ ടൈംസിന്റെ റിപ്പോർട്ട് ഫാക്ട് ചെക്ക് ചെയ്ത് പൊളിക്കാൻ മുന്നോട്ടുവന്നത് ഓൺലൈൻ മാധ്യമങ്ങളാണെന്നു മാത്രം: ദ ഗ്രേസോൺ, ദ ഇന്റർസെപ്റ്റ്, ഇലക്ട്രോണിക് ഇൻതിഫാദ, മോൺഡോ വെയ്സ്, യെസ് മാഗസിൻ എന്നിവ. അവയുടെ ഏതാനും കണ്ടെത്തലുകളുടെ ചുരുക്കം താഴെ (ചിലത് ഈ കോളത്തിൽ വിശദമായി വന്നതാണ്).
1) കൂട്ട പീഡന ആരോപണം ഉയർന്ന ആദ്യദിവസങ്ങളിൽ തന്നെ ഇസ്രായേലി പൊലീസ് ഹമാസിന്റെ കുറ്റങ്ങൾക്ക് തെളിവോ സാക്ഷിയോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പരസ്യപ്പെടുത്തിയിരുന്നു. ഒന്നും കിട്ടിയില്ല. ന്യൂയോർക് ടൈംസിൽ പറഞ്ഞ സാക്ഷികളടക്കം പൊലീസിന് മുന്നിൽ എത്തിയിരുന്നില്ല.
2) കൂട്ട പീഡനത്തിന് സാക്ഷിയാണെന്നു പത്രത്തോട് പറഞ്ഞ ഒരാൾ (റാസ് കോഹൻ) ഇസ്രായേലി മുൻ പട്ടാളക്കാരനാണ്. സംഭവത്തെപ്പറ്റി മുമ്പ് അയാൾ നൽകിയ വിവരണങ്ങളിൽ പീഡനത്തെപ്പറ്റി പറഞ്ഞിട്ടേ ഇല്ല.
3) റാസ് കോഹന്റെ പല മൊഴികളിലും പൊരുത്തക്കേടുകളും പരസ്പര വൈരുധ്യങ്ങളുമുണ്ട്.
4) യുറാ കരോൾ എന്ന മറ്റൊരു ‘‘സാക്ഷി’’യും സംഭവം നേരിട്ട് കണ്ടതായി ടൈംസിനോട് പറഞ്ഞു. എന്നാൽ, ആദ്യം അയാൾ പറഞ്ഞിരുന്നത് താൻ സ്ഥലത്ത് ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നതിനാൽ ഒന്നും കണ്ടില്ല എന്നാണ്.
5) പീഡനത്തിനിരയായി എന്ന് ടൈംസ് പറഞ്ഞ ഒരു യുവതിയുടെ കുടുംബം തന്നെ നിഷേധവുമായി രംഗത്തുവന്നു. ഗാൽ അബ്ദുഷ് എന്ന യുവതി പീഡനത്തിനിരയായിട്ടില്ല. കൊല്ലപ്പെട്ട ആ യുവതിയുടെ സഹോദരി ഇൻസ്റ്റഗ്രാമിലും അങ്ങനെ അറിയിച്ചു. ടൈംസ് തങ്ങൾ പറയാത്തത് റിപ്പോർട്ട് ചെയ്ത് പറ്റിച്ചു എന്നാണ് കുടുംബം ഒരു ഇസ്രായേലി വെബ്സൈറ്റിനോട് തുറന്നടിച്ചത്.
6) ടൈംസിന്റെ റിപ്പോർട്ട് തയാറാക്കിയ മൂന്നു പേരിൽ, പ്രധാന ഭാഗം ചെയ്തത് അനാത്ഷ്വാർട്സ് ആണ്. ജേണലിസത്തിൽ ഒരു പരിചയവുമില്ലാത്ത, മുൻ ഇസ്രായേലി സൈനിക കൂടിയായ, ഗസ്സ വംശഹത്യക്ക് പ്രേരിപ്പിക്കുന്ന ഓൺലൈൻ പോസ്റ്റ് ഷെയർ ചെയ്ത, ഒരു യുവതി.
7) ഷോം ഗ്വെറ്റ എന്ന മറ്റൊരു സാക്ഷിയും മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ട്. നാലുപേർ ഒരു യുവതിയെ ആക്രമിച്ചതും വെട്ടിനുറുക്കി കൊന്നതും താൻ കണ്ടെന്ന് അയാൾ പറഞ്ഞതായി ടൈംസ്. ഇസ്രായേലി പട്ടാളക്കാരനായ ഇയാൾക്ക് ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റിടുന്ന ശീലമുണ്ട്. ടൈംസിനോട് സംസാരിക്കുന്നതിനു മുമ്പ് അയാൾ ഇട്ട പോസ്റ്റുകളിൽ ഒരിടത്തും ഇങ്ങനെയൊരു സംഭവമേ പറഞ്ഞിരുന്നില്ല.
8) ഒക്ടോബർ 7ന്റെ ആയിരക്കണക്കിന് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചെന്നും അസംഖ്യം ഇന്റർവ്യൂകൾ നടത്തിയെന്നും പറയുന്ന ടൈംസിന്, പരക്കേ നടന്നെന്നു പറയുന്ന കുറ്റങ്ങളുടെ ഒരൊറ്റ ഫോറൻസിക് തെളിവോ കുറ്റമറ്റ സാക്ഷ്യമോ ഹാജരാക്കാനായില്ല.
9) ദ ഇന്റർസെപ്റ്റിന്റെ വസ്തുത പരിശോധനയിൽ വ്യക്തമായത്, മാധ്യമപ്രവർത്തന പരിചയമേ ഇല്ലാത്ത, ഹമാസ് വിരുദ്ധയായ ഇസ്രായേലി മുൻ പട്ടാളക്കാരിയെ എഡിറ്റർമാർ ജോലി ഏൽപിച്ചത്, ഏതുതരം കഥ വേണം എന്ന് പറഞ്ഞുകൊടുത്തിട്ടാണത്രെ. (the intercept.com)
10) ടൈംസിന്റെ വിശ്വാസ്യത തകർക്കുന്ന ഈ റിപ്പോർട്ടിൽ മതിയായ പരിശോധനകൾ നടന്നില്ലെന്നു പറഞ്ഞ് ടൈംസിനുള്ളിൽ പ്രതിഷേധമുയർന്നു. അതുകാരണം റിപ്പോർട്ടിന്റെ പോഡ്കാസ്റ്റ് വേണ്ടെന്നുവെച്ചു.
11) ടൈംസ് കൂട്ടമാനഭംഗം നടന്നെന്നു പറഞ്ഞ പട്ടണത്തിന്റെ അധികൃതർതന്നെ സംഭവം നിഷേധിച്ച് രംഗത്തുവന്നു.
ന്യൂയോർക് ടൈംസിന്റെ വൈരുധ്യങ്ങൾ നിറഞ്ഞ റിപ്പോർട്ടോ ഓൺലൈൻ മാധ്യമങ്ങളുടെയും അൽജസീറയുടെയും ഖണ്ഡനങ്ങളോ ശരി? എല്ലാം വായിക്കുന്നവർക്ക് തീരുമാനിക്കാവുന്നതേ ഉള്ളൂ അത്.
ന്യൂയോർക് ടൈംസ് തങ്ങളുടെ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഇറാഖ് യുദ്ധകാലത്ത്, ഇറാഖിൽ കൂട്ടനശീകരണായുധങ്ങളുണ്ടെന്ന കള്ളം പല റിപ്പോർട്ടുകളിലൂടെ പ്രചരിപ്പിച്ച ടൈംസ് ഒടുവിൽ തെറ്റ് സമ്മതിച്ച് ഖേദമറിയിക്കാൻ ഒരു വർഷം കഴിഞ്ഞു എന്ന് ഓർക്കുക. ഗസ്സ മുഴുവൻ നശിപ്പിച്ചശേഷം, അതിന് ന്യായം ചമച്ച കള്ളക്കഥകൾ ടൈംസ് പിൻവലിച്ചുകൂടായ്കയില്ല. അവ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന മറ്റു മാധ്യമങ്ങളും കുരുതിയിൽ പങ്കാളികളാകും. വംശഹത്യ സാധ്യമാക്കുന്ന ഒരു സുപ്രധാന ഘടകം വെറുപ്പും നുണയും പരത്തുന്ന മാധ്യമങ്ങളാണല്ലോ.