പതഞ്ജലി കേസ്: മാധ്യമങ്ങൾക്ക് താൽപര്യമില്ല
പതഞ്ജലി എന്നുകേട്ടാൽ ഇന്ത്യയിൽ പലർക്കും പലതാണ്. ഭക്തിയുടെ പേരിൽ എന്തും ആഘോഷിക്കാൻ തയാറെടുത്തുനിൽക്കുന്നവർക്ക് അത് രാംകൃഷ്ണ യാദവ് എന്ന ‘യോഗ ഗുരു ബാബാ രാംദേവി’ന്റെ ദിവ്യൗഷധങ്ങളുടെ സ്ഥാപനമാണ്. ശാസ്ത്രബോധമുള്ളവരുടെ നോട്ടത്തിൽ അത് ഒരു തട്ടിപ്പ് സ്ഥാപനമാണ്. കുറെ മാധ്യമങ്ങൾക്കാകട്ടെ, അത് അത്യാവശ്യം വരുമാനം തരുന്ന പരസ്യദാതാവാണ്. ഇപ്പോൾ പതഞ്ജലി സുപ്രീംകോടതിയുടെ പരിശോധനക്ക് വിധേയമായിരിക്കുന്നു. തട്ടിപ്പ് മരുന്നുകളുണ്ടാക്കി അവ വിപണനം ചെയ്യാനായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വഴി ബഹുജനങ്ങളെ കബളിപ്പിക്കുന്നു എന്നും, വ്യാജവൈദ്യത്തിനെതിരായ 1954ലെ നിയമം ലംഘിക്കുന്നു എന്നും കാണിച്ച് ഈ...
Your Subscription Supports Independent Journalism
View Plansപതഞ്ജലി എന്നുകേട്ടാൽ ഇന്ത്യയിൽ പലർക്കും പലതാണ്. ഭക്തിയുടെ പേരിൽ എന്തും ആഘോഷിക്കാൻ തയാറെടുത്തുനിൽക്കുന്നവർക്ക് അത് രാംകൃഷ്ണ യാദവ് എന്ന ‘യോഗ ഗുരു ബാബാ രാംദേവി’ന്റെ ദിവ്യൗഷധങ്ങളുടെ സ്ഥാപനമാണ്. ശാസ്ത്രബോധമുള്ളവരുടെ നോട്ടത്തിൽ അത് ഒരു തട്ടിപ്പ് സ്ഥാപനമാണ്. കുറെ മാധ്യമങ്ങൾക്കാകട്ടെ, അത് അത്യാവശ്യം വരുമാനം തരുന്ന പരസ്യദാതാവാണ്.
ഇപ്പോൾ പതഞ്ജലി സുപ്രീംകോടതിയുടെ പരിശോധനക്ക് വിധേയമായിരിക്കുന്നു. തട്ടിപ്പ് മരുന്നുകളുണ്ടാക്കി അവ വിപണനം ചെയ്യാനായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വഴി ബഹുജനങ്ങളെ കബളിപ്പിക്കുന്നു എന്നും, വ്യാജവൈദ്യത്തിനെതിരായ 1954ലെ നിയമം ലംഘിക്കുന്നു എന്നും കാണിച്ച് ഈ കമ്പനിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേസ് കൊടുത്തു. മേലാൽ വ്യാജപരസ്യങ്ങൾ നൽകില്ലെന്ന് കഴിഞ്ഞ നവംബറിൽ കമ്പനി സുപ്രീംകോടതിക്ക് വാക്കു നൽകി.
പക്ഷേ, നിയമം ലംഘിച്ചവർക്ക് വാക്ക് ലംഘിക്കാനാണോ തടസ്സം? വ്യാജ പരസ്യങ്ങൾ പിന്നെയും മുറപോലെ ഇറങ്ങി. ആസ്ത്മ, പ്രമേഹം തുടങ്ങി ഒരുകൂട്ടം രോഗങ്ങൾക്ക് ശാശ്വത പരിഹാരമെന്നൊക്കെയായിരുന്നു പരസ്യം. സംഗതി വീണ്ടും കോടതിയുടെ ശ്രദ്ധയിലെത്തി. സുപ്രീംകോടതി കമ്പനിക്കും അതിന്റെ എം.ഡിക്കും കോടതിയലക്ഷ്യത്തിന് നോട്ടീസ് കൊടുത്തു. വ്യാജ പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്ത കേന്ദ്രസർക്കാറിനെ വിമർശിച്ചു.
സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങളാണല്ലോ വിഷയം. അതിനാൽ പരസ്യങ്ങൾ കണ്ട് വഞ്ചിതരായ ജനങ്ങൾ അറിയേണ്ടതാണ് കോടതി നടപടി. ഇനിയും അവർ വഞ്ചിക്കപ്പെടരുതല്ലോ. അവരെ അറിയിക്കേണ്ടതാരാണ്? മാധ്യമങ്ങൾതന്നെ. ഫെബ്രുവരി 27ന് കോടതി കമ്പനി മേലാളരെ ശാസിച്ചതും കോടതിയലക്ഷ്യ നടപടി തുടങ്ങിയതും വലിയ വാർത്തയാകും എന്നാണ് നാം കരുതുക. പക്ഷേ, മാധ്യമങ്ങൾക്ക് ബാബാ രാംദേവിനെയും പതഞ്ജലിയെയും ദോഷകരമായി ബാധിക്കുന്ന വാർത്ത ചെയ്യാൻ വലിയ ആവേശമില്ല. ചിലർക്ക് ചെറിയ ആവേശവുമില്ല. 28ലെ പത്രങ്ങൾ നോക്കിയാൽ ‘വ്യാജപക്ഷ’ ജേണലിസം എത്ര ശക്തമാണെന്ന് തിരിച്ചറിയും.
ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങൾ ആ വാർത്ത പ്രാധാന്യത്തോടെ ചേർത്തു. മലയാള പത്രങ്ങളോ?
‘പതഞ്ജലി പരസ്യങ്ങൾക്ക് നിരോധനം’ എന്ന തലക്കെട്ടിൽ ഒന്നാംപേജ് വാർത്തയും ഉൾപേജിൽ ഉപറിപ്പോർട്ടുമുണ്ട് മാധ്യമത്തിൽ. ‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടിസ്’ (സുപ്രഭാതം, പേ. 7), ‘പതഞ്ജലി പരസ്യങ്ങൾ താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി’ (മാതൃഭൂമി, പേ. 4), ‘ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടിസ്’ (മംഗളം, പേ.7), ‘പതഞ്ജലി പരസ്യം വിലക്കി സുപ്രീംകോടതി’ (സിറാജ്, പേ. 1), ‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: പതഞ്ജലിക്കെതിരെ സുപ്രീംകോടതി; കേന്ദ്രസർക്കാരിന് രൂക്ഷവിമർശനം’ (ചന്ദ്രിക, പേ. 5), ‘പതഞ്ജലി പരസ്യങ്ങൾക്ക് വിലക്ക്’ (ദേശാഭിമാനി, പേ. 11), ‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലിക്ക് സുപ്രീംകോടതിയുടെ നോട്ടിസ്’ (വീക്ഷണം, പേ. 9), ‘പതഞ്ജലിക്ക് കാരണം കാണിക്കൽ നോട്ടിസ്’ (ജനയുഗം), ‘ ‘‘പതഞ്ജലി’’ക്കെതിരെ സുപ്രീംകോടതി നോട്ടിസ്’ (മലയാള മനോരമ, പേ. 4) എന്നിങ്ങനെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ദീപികയിൽ (പേ. 7) ‘പതഞ്ജലി പരസ്യങ്ങൾക്ക് നിരോധനം’ എന്ന നന്നേ ചെറിയ ഒറ്റക്കോളം വാർത്തയിൽ കോടതിയലക്ഷ്യ നടപടിയെപ്പറ്റി ഒന്നും പറഞ്ഞില്ല. വാർത്തയുടെ മർമം ഒഴിവായി എന്നർഥം. അത്ര ലാഘവത്തോടെയാണ് അതിനെ പത്രം കണ്ടത്. വാർത്ത വന്ന മിക്ക പത്രങ്ങളിലും അതർഹിക്കുന്ന പ്രാമുഖ്യം കിട്ടിയില്ല. എന്നാൽ, അങ്ങനെയൊരു സംഭവംതന്നെ നടന്നതായി റിപ്പോർട്ട് ചെയ്യാത്ത പത്രവുമുണ്ട്: കേരള കൗമുദി.
കോടതി നിരീക്ഷണങ്ങൾ വേണ്ട, മോദി പ്രസ്താവനകൾ മതി
ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിൽ പ്രതികളുടെ ശിക്ഷ ഹൈകോടതി വർധിപ്പിച്ചതും, സി.പി.എം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതും, ഗഗൻയാൻ യാത്രികരുടെ പേര് പ്രഖ്യാപിച്ചതുമൊക്കെയായി പ്രധാനപ്പെട്ട പല വാർത്തകളും അന്നുണ്ടായിരുന്നു. അതെല്ലാം ഈ പത്രത്തിലുമുണ്ട്. മറ്റു പല വാർത്തകളുമുണ്ട്. പതഞ്ജലി കേസ് മാത്രം ഇല്ല.
അതേസമയം, കൗമുദിയിൽ മിക്ക വാർത്താ പേജുകളിലും മോദി വിശേഷങ്ങൾ പ്രാധാന്യപൂർവം വിന്യസിച്ചതും കണ്ടു. ആ ശേഖരത്തിൽനിന്ന്: ‘കേരളത്തിൽ ബി.ജെ.പി രണ്ടക്ക സീറ്റ് നേടും: മോദി’ (ഒന്നാം പേജ്, ആറ് കോളം), ‘ ‘‘മോദിയുടെ ഗ്യാരന്റി’’ മലയാളത്തിലും’ (രണ്ടാംപേജ്, നാലു കോളം), ‘കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കുടുംബാധിപത്യം: മോദി’ (ഏഴാം പേജ്, രണ്ടു കോളം), ‘തൊഴിലവസരങ്ങൾക്ക് മോദിയുടെ ഗ്യാരന്റി’ (ഏഴാം പേജ്, രണ്ടു കോളം), ‘നന്ദിക്കൊപ്പം മോദിക്ക് വോട്ടും നൽകും: ജാവദേക്കർ’ (മൂന്നാം പേജ്, രണ്ടു കോളം), ‘ഗഗൻയാൻ ദൗത്യസംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...’ (പിൻ പേജ്, എട്ടുകോളം പടത്തിന്റെ അടിക്കുറിപ്പ്) എന്നിങ്ങനെ പട്ടിക നീണ്ടു. പതഞ്ജലി വാർത്ത വരണമെങ്കിൽ മോദിയുടെ പ്രസ്താവന ഉണ്ടാകേണ്ടിയിരുന്നു!
കോടതിയലക്ഷ്യക്കുറ്റത്തിന് നോട്ടിസ് കിട്ടിയതോടെ പതഞ്ജലിയുടെ മേധാവികൾ ഉണർന്നു. ബാബാ രാംദേവും ബാലകൃഷ്ണയും മാപ്പപേക്ഷയുമായി കോടതിയിലെത്തി. ഏപ്രിൽ മൂന്നിന് ആ മാപ്പപേക്ഷ തള്ളി. ആത്മാർഥതയില്ലാത്ത വെറും ‘‘അധരവ്യായാമ’’മാണ് അവരുടെ മാപ്പപേക്ഷയെന്ന് കോടതി പറഞ്ഞു. പതഞ്ജലി ചെയ്യുന്ന കുറ്റത്തിന് നേരെ കേന്ദ്രസർക്കാറും കണ്ണടച്ചെന്ന് വീണ്ടും വിമർശിച്ചു.
ഇംഗ്ലീഷ് പത്രങ്ങളിൽ ഈ വാർത്തയും പ്രാധാന്യപൂർവം വന്നു. മലയാള പത്രങ്ങളിൽ ആദ്യതവണ വാർത്ത അവഗണിച്ചവർ ഇത്തവണ കുറച്ചുകൂടി പരിഗണന നൽകാൻ ശ്രദ്ധിച്ചു. അവഗണിക്കാനാകാത്ത വിധം കോടതിനടപടി ശക്തവും ശ്രദ്ധേയവുമായിരുന്നല്ലോ. ആദ്യമേ ശ്രദ്ധിച്ച പത്രങ്ങളാകട്ടെ ഇതിന് കൂടുതൽ പ്രാമുഖ്യം നൽകി.
മാധ്യമം (ഏപ്രിൽ 3) ഈ വാർത്ത ലീഡാക്കി: ‘കോടതിയിൽ തിരിച്ചടി; രാംദേവിന്റെ മാപ്പ് വേണ്ട’ (പിറ്റേന്ന് ഒന്നാം പേജിൽ തന്നെ ‘പതഞ്ജലിക്കെതിരെ കേരളത്തിൽ കേസ്’ എന്ന മറ്റൊരു റിപ്പോർട്ടും ‘ വ്യാജവൈദ്യത്തിന്റെ മണ്ടക്ക് കോടതിയുടെ കിഴുക്ക്’ എന്ന തലക്കെട്ടിൽ എഡിറ്റോറിയലും പത്രത്തിൽ വന്നു)
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വാർത്ത മറയ്ക്കുന്ന മാധ്യമങ്ങൾ
ഏപ്രിൽ 3ലെ മറ്റു ചില തലക്കെട്ടുകൾ: ‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: രാംദേവിനെ നിർത്തിപ്പൊരിച്ച് കോടതി; മാപ്പപേക്ഷ തള്ളി; കേന്ദ്ര സർക്കാരിനും രൂക്ഷവിമർശനം (ചന്ദ്രിക, ഒന്നാം പേജ്), ‘പതഞ്ജലി പരസ്യം: രാംദേവിനെ ‘‘നിർത്തിപ്പൊരിച്ച്’’ കോടതി; മാപ്പപേക്ഷ തള്ളി’ (മാതൃഭൂമി, പേ. 2), ‘ഇത് അങ്ങേയറ്റം ധിക്കാരം’ (മംഗളം, പേ. 1), ‘രാംദേവിനെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം; പതഞ്ജലിക്കും കേന്ദ്രത്തിനും സുപ്രീംകോടതി വിമർശനം’ (ദീപിക, പേ. 7), ‘രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; കേന്ദ്രം കണ്ണടച്ചോ (ദേശാഭിമാനി), ‘പതഞ്ജലി: സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം’ (മനോരമ, പേ. 12), ‘മോഡി-രാംദേവ് കൂട്ടുകെട്ടിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം’ (ജനയുഗം, ഒന്നാം പേജ്).
ഇതും, പക്ഷേ, കൗമുദിയിൽ കണ്ടില്ല. ഇത്ര വാർത്താപ്രാധാന്യം കുറഞ്ഞ ഒന്നാണോ സംഭവം? രാജ്യത്തെ മഹാഭൂരിപക്ഷത്തെ മതവികാരമുപയോഗിച്ച് സ്വന്തം വിപണിയാക്കി മാറ്റുന്ന ഒരു കമ്പനിക്കെതിരായ കേസ് ആ ജനവിഭാഗങ്ങൾ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും, കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങൾ കോടതിയുടെ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നുകൂടാ. വാർത്ത മറച്ചുപിടിക്കുന്നതിലൂടെ കമ്പനി നടത്തുന്ന തട്ടിപ്പിൽ പങ്കാളിയാവുകയാണല്ലോ അത്തരം മാധ്യമങ്ങൾ ചെയ്യുന്നത്.
സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച തരത്തിലുള്ള പരസ്യങ്ങൾ അനേകം പത്രങ്ങൾ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2023 ആഗസ്റ്റ് 26ലെ കൗമുദി പത്രം മുൻ പേജിൽ കൊടുത്ത പരസ്യത്തിൽ ഇങ്ങനെ കാണാം: ‘‘ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചതുപോലെ, കഷ്ടപ്പെടുന്ന മാനവരാശിയെ സേവിക്കുന്നതിൽ അലോപ്പതിക്കുമപ്പുറം കടന്ന് പതഞ്ജലി ചരിത്രം സൃഷ്ടിച്ചു. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശങ്ങൾ, മസ്തിഷ്കം തുടങ്ങിയവയുടെ കോശങ്ങളെ ഞങ്ങൾ പുനരുജ്ജീവിപ്പിച്ചു...’’
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പതഞ്ജലിക്കെതിരെ സുപ്രീംകോടതി നടപടിയെടുത്തത് (കേസിൽ അന്തിമതീർപ്പ് ഇത് അച്ചടിക്കുന്നതിനുമുമ്പ് വന്നിട്ടുണ്ടാകും). തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് സ്വയം തിരുത്താനെങ്കിലും ബാധ്യതയില്ലേ?