വംശഹത്യക്ക് ഗൂഗ്ൾ ക്വട്ടേഷൻ?
റിച്ചഡ് മെഡ്ഹേഴ്സ്റ്റ് ബ്രിട്ടീഷ് ജേണലിസ്റ്റാണ്. മിഡിലീസ്റ്റ്, യു.എസ്-യു.കെ രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള വിശകലനങ്ങളിലൂടെ ശ്രദ്ധനേടിയയാൾ. അദ്ദേഹത്തിന്റെ യൂട്യൂബ് പരിപാടികൾക്ക് നല്ല പ്രചാരമുണ്ടായിരുന്നു; അതുവഴി മോശമല്ലാത്ത വരുമാനവുമുണ്ടായിരുന്നു. എന്നാൽ, ഗസ്സക്കും ഹമാസിനും അനുകൂലമായ വിശകലനങ്ങൾ ഒക്ടോബർ 7നുശേഷം വന്നുതുടങ്ങിയതോടെ ഗൂഗ്ൾ കമ്പനി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വരുമാനരഹിതമാക്കി. ഇപ്പോൾ അദ്ദേഹം ‘റംബ്ൾ’ എന്ന പ്ലാറ്റ്ഫോമിലേക്ക് മാറി. ക്രൗഡ് ഫണ്ടിങ് ആണ് മുഖ്യ വരുമാന മാർഗം.ഇന്ത്യയിൽ മേഘ് നാദ്, സോഹിത് മിശ്ര തുടങ്ങി ഏതാനും മാധ്യമപ്രവർത്തകരുടെ വിഡിയോകൾക്ക് യൂട്യൂബ്...
Your Subscription Supports Independent Journalism
View Plansറിച്ചഡ് മെഡ്ഹേഴ്സ്റ്റ് ബ്രിട്ടീഷ് ജേണലിസ്റ്റാണ്. മിഡിലീസ്റ്റ്, യു.എസ്-യു.കെ രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള വിശകലനങ്ങളിലൂടെ ശ്രദ്ധനേടിയയാൾ. അദ്ദേഹത്തിന്റെ യൂട്യൂബ് പരിപാടികൾക്ക് നല്ല പ്രചാരമുണ്ടായിരുന്നു; അതുവഴി മോശമല്ലാത്ത വരുമാനവുമുണ്ടായിരുന്നു. എന്നാൽ, ഗസ്സക്കും ഹമാസിനും അനുകൂലമായ വിശകലനങ്ങൾ ഒക്ടോബർ 7നുശേഷം വന്നുതുടങ്ങിയതോടെ ഗൂഗ്ൾ കമ്പനി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വരുമാനരഹിതമാക്കി. ഇപ്പോൾ അദ്ദേഹം ‘റംബ്ൾ’ എന്ന പ്ലാറ്റ്ഫോമിലേക്ക് മാറി. ക്രൗഡ് ഫണ്ടിങ് ആണ് മുഖ്യ വരുമാന മാർഗം.
ഇന്ത്യയിൽ മേഘ് നാദ്, സോഹിത് മിശ്ര തുടങ്ങി ഏതാനും മാധ്യമപ്രവർത്തകരുടെ വിഡിയോകൾക്ക് യൂട്യൂബ് ഈയിടെ വരുമാനപരിധി ഏർപ്പെടുത്തി. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ കുഴപ്പങ്ങളെപ്പറ്റി പറയുന്ന വിഡിയോകൾക്കാണ് വരുമാനനിയന്ത്രണം. രാജ്യാന്തര തലത്തിലും ദേശീയതലത്തിലുമെല്ലാം ഗൂഗ്ളും യൂട്യൂബും മെറ്റയും ഫേസ്ബുക്കും എക്സും മറ്റും ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങി, തുറന്ന ചർച്ച തടസ്സപ്പെടുത്തുന്നുണ്ട്.
അതേസമയം, വ്യാജ പ്രചാരണത്തിനും വിദ്വേഷ പോസ്റ്റുകൾക്കും അത്ര കർക്കശമായ നിയന്ത്രണമില്ല. തമിഴ്നാട്ടിൽ യൂട്യൂബ് ചാനലുകൾ വഴി സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെപ്പറ്റി ന്യൂസ് മിനിറ്റ് വാർത്താ പോർട്ടലിൽ വിശദമായ പഠനം (ഏപ്രിൽ 12) വന്നിട്ടുണ്ട്. വിഭാഗീയത വളർത്തുന്ന ചാനലുകൾക്ക് ഒരു നിയന്ത്രണവുമില്ല. ഗൂഗ്ളിന് ബിസിനസാണ് വലുത്. ടൈം മാഗസിനിൽ ഈയിടെ വന്ന രണ്ട് റിപ്പോർട്ടുകളെങ്കിലും ഗൂഗ്ളിന്റെ അധാർമിക നിലപാട് എടുത്തുകാട്ടുന്നുണ്ട്.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, വ്യാജ വാർത്തകൾ ഉൾക്കൊള്ളുന്ന ഡസൻകണക്കിന് വിഡിയോ പരസ്യങ്ങൾക്ക് യൂട്യൂബ് അംഗീകാരം നൽകി എന്നതാണ് ഒന്ന്.
‘ഗ്ലോബൽ വിറ്റ്നസ്’, ‘ആക്സസ് നൗ’ എന്നീ സംഘടനകൾ നടത്തിയ ഒരു പരീക്ഷണത്തെപ്പറ്റിയാണ് റിപ്പോർട്ട്. അനേകം രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വർഷം, സമൂഹമാധ്യമങ്ങൾ വ്യാജ പ്രചാരണങ്ങൾ തടയുന്നുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. പരീക്ഷണത്തിന് ഇന്ത്യയെയും യൂട്യൂബിനെയുമാണ് അവർ തിരഞ്ഞെടുത്തത്.
യൂട്യൂബ് തന്നെ പ്രഖ്യാപിച്ച നയമനുസരിച്ച് അംഗീകരിക്കാൻ പാടില്ലാത്ത 48 പരസ്യങ്ങൾ (തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാൻ പോന്ന വ്യാജങ്ങൾ) അവർ യൂട്യൂബിന് സമർപ്പിച്ചു. ഹിന്ദി, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പരസ്യങ്ങൾ. സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ എല്ലാ പരസ്യങ്ങളും അംഗീകരിച്ചതായി യൂട്യൂബ് അറിയിച്ചു.
‘ഗ്ലോബൽ വിറ്റ്നസി’നും ‘ആക്സസ് നൗ’വിനും അത്രയേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. സമൂഹത്തിലിറക്കും മുമ്പ് അവർ ആ വ്യാജപരസ്യങ്ങൾ പിൻവലിച്ചു.
ഗൂഗ്ളിന്റെ ശ്രദ്ധ ജനാധിപത്യ സംരക്ഷണത്തിലോ സമൂഹഭദ്രതയിലോ അല്ല, ലാഭത്തിൽ മാത്രമാണെന്ന് പരീക്ഷണം തെളിയിച്ചതായി അവർ പറയുന്നു. വ്യാജവും വിദ്വേഷവും പരക്കുന്നത് തടയാനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ അവർ ഗൂഗ്ളിനോട് ആവശ്യപ്പെട്ടതായി ടൈം പറയുന്നു.
ടൈമിന്റെ തന്നെ മറ്റൊരു റിപ്പോർട്ട് ഗൂഗ്ൾ ഇസ്രായേലി സേനയുമായുണ്ടാക്കിയ കരാറിനെപ്പറ്റിയാണ്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യ ചരിത്രത്തിലെ ആദ്യത്തെ നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള കുരുതിയായി കരുതപ്പെടുന്നു. എ.ഐ സേവനങ്ങൾ ഇസ്രായേലിന്റെ എല്ലാ വിഭാഗങ്ങളിലും ഉപകരണങ്ങളിലും ലഭ്യമാകുന്നത് ക്ലൗഡ് കമ്പ്യൂട്ടിങ് വഴിയാണ്.
ആ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾ നൽകുന്നത് ഗൂഗ്ളാണ്. ഇപ്പോൾ, ഗൂഗ്ൾ ക്ലൗഡിൽ സ്വന്തമായ ‘ഇടം’ ഇസ്രായേലിന് നൽകുന്ന കരാർ കമ്പനിയും ഇസ്രായേൽ സേനയും തമ്മിൽ കഴിഞ്ഞ മാസം ഉണ്ടാക്കി. കൺസൽട്ടിങ് ഫീസായി മാത്രം ഗൂഗ്ളിന് ഇസ്രായേൽ നൽകുക പത്തുലക്ഷം ഡോളറാണത്രെ.
ഗൂഗ്ൾ, ആമസോൺ എന്നീ കമ്പനികളെയാണ് ഇസ്രായേൽ തങ്ങളുടെ എ.ഐ സംഹാരവിദ്യകൾക്ക് ആശ്രയിക്കുന്നത്. 120 കോടി ഡോളറിന്റെ ‘‘പ്രോജക്ട് നിംബസ്’’ എന്ന പദ്ധതിയാണത്.
വംശഹത്യക്ക് ഇസ്രായേൽ സേനയെ പ്രാപ്തമാക്കുന്നത് ഗൂഗ്ൾ ക്ലൗഡ് സേവനം കൂടിയാണ്. ഈ കരാറിൽ പ്രതിഷേധിച്ച് രണ്ട് ഗൂഗ്ൾ ജീവനക്കാർ രാജിവെച്ചതായും ടൈം റിപ്പോർട്ട് ചെയ്യുന്നു.
നാം നിത്യവും കാണുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന എത്ര കമ്പനികളാണ് വംശഹത്യക്ക് ക്വട്ടേഷൻ എടുത്തിട്ടുണ്ടാവുക? യൂട്യൂബ് വിവിധ രാജ്യങ്ങളിലും മാതൃസ്ഥാപനമായ ഗൂഗ്ൾ ഫലസ്തീനിലും എങ്ങനെയൊക്കെയാണ് വരുമാനമുണ്ടാക്കുന്നത്? സർക്കാറുകൾക്കുപരിയായി പ്രവർത്തിക്കുന്ന, ലാഭമല്ലാതെ മറ്റൊരു നിയമവും ഇല്ലാത്ത രാക്ഷസ കമ്പനികളെ സൂക്ഷിക്കണം.
മനോരമ അത് പണ്ടേ മാറ്റിയല്ലോ!
വയനാടിനുവേണ്ടി അത്യന്തം പുരോഗമനപരമായ ഒരു ക്ഷേമപദ്ധതി അവിടത്തെ ബി.ജെ.പി സ്ഥാനാർഥി വികസിപ്പിച്ചെടുത്തിരിക്കുന്നു. സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കിമാറ്റും. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ വാഗ്ദാനമാണത്. വിപ്ലവ മാനിഫെസ്റ്റോ. മാധ്യമങ്ങൾ ഇതിന് നല്ല പ്രചാരം നൽകി എന്നുപറയേണ്ടതില്ലല്ലോ. പേരുമാറ്റൽ രാഷ്ട്രീയത്തിന് ഒരു കേരള പതിപ്പ്. ഇതെന്തേ ആർക്കും നേരത്തേ തോന്നാഞ്ഞത് എന്നാണ് ചോദ്യമെങ്കിൽ തെറ്റി. സുൽത്താൻ ബത്തേരിയുടെ പേര് ശരിയല്ലെന്ന് മുമ്പേ തോന്നിയ ഒരു പത്രംതന്നെ നമുക്കുണ്ട്.
ഏപ്രിൽ 12ലെ ചില തലക്കെട്ടുകൾ നോക്കുക:
1. സുൽത്താൻ ബത്തേരിയെ ഗണപതിവട്ടമാക്കുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദത്തിൽ (ദീപിക)
2. സുൽത്താൻ ബത്തേരി എന്നത് ഗണപതിവട്ടമാക്കണം: കെ. സുരേന്ദ്രൻ (മംഗളം)
3. സുൽത്താൻ ബത്തേരി ഗണപതിവട്ടം തന്നെ: സുരേന്ദ്രൻ (കേരള കൗമുദി)
4. ബത്തേരിയുടെ പേരുമാറ്റം: സുരേന്ദ്രന്റെ പ്രസ്താവനയോടെ പുതിയ വിവാദം (മലയാള മനോരമ)
കെ. സുരേന്ദ്രൻ പറഞ്ഞത്, സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നാണ്. മനോരമ അതിനെ ‘ബത്തേരി’ മാത്രമാക്കി. ഇത് ആ പത്രം നേരത്തേ വരുത്തിക്കഴിഞ്ഞ മാറ്റമാണ്. അതുകൊണ്ടാണ് സുരേന്ദ്രന്റെ പ്രസ്താവന പോലും എഡിറ്റ് ചെയ്ത് ‘‘സുൽത്താനെ’’ പുറത്താക്കിയത്.
വാർത്തയിലുടനീളം (പതിവുപോലെ) സുൽത്താൻ ബത്തേരിയെ പത്രം വെറും ബത്തേരിയാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഇങ്ങനെയും: ‘‘ബത്തേരിയുടെ പേര് മാറ്റുമെന്നത് സുരേന്ദ്രന്റെ ആഗ്രഹം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
‘‘ചരിത്രപരമായ പേര് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഫാഷിസത്തിന്റെ ഭാഗമാണ്.’’
ഈ ഫാഷിസ്റ്റ് രീതിയുടെ കാര്യത്തിൽ കെ. സുരേന്ദ്രന് മുമ്പേ നടന്ന പത്രമാണ് മനോരമ. പതിറ്റാണ്ടുകളായി അവർ ‘‘സുൽത്താൻ’’ ഇല്ലാത്ത ‘‘ബത്തേരി’’യാക്കി ആ സ്ഥലത്തെ മാറ്റിയിട്ടുണ്ട്. സ്ഥലപ്പേരിന്റെ നീളം കുറച്ചതാകുമോ? ആകാനിടയില്ല. നീണ്ട പേരുകളടക്കം കൃത്യതയോടെ വിദേശ പേരുകളുടെ ഉച്ചാരണം വരെ ശരിയാകണമെന്ന ജാഗ്രതയോടെ, അച്ചടിക്കാറുണ്ട് മനോരമ. പേര് ആവർത്തിക്കുമ്പോൾ ചുരുക്കുന്നതുമല്ല – ‘‘സുൽത്താൻ’’ ഒരു തവണപോലും അതിൽ ഇല്ലെന്ന് ഉറപ്പിക്കാറുണ്ട് പത്രം.
‘‘ഫാഷിസ’’ത്തോളമെത്തുന്ന ഈ സുൽത്താൻ വിരോധം എന്തുകൊണ്ടാകും? മുൻ വർഷങ്ങളിൽ മനോരമ ഇയർബുക്കിൽ ടിപ്പു സുൽത്താനെപ്പറ്റി ഒരു ചെറു കുറിപ്പ് വന്നിരുന്നപ്പോൾ അതിൽ, ടിപ്പുവിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ ആരോപണങ്ങൾ കടന്നുകൂടിയിരുന്നു.
‘‘ഗണപതിവട്ട’’ത്തോളം വരില്ലല്ലോ സുൽത്താനില്ലാത്ത വെറും ബത്തേരി എന്ന് വാദിക്കാം. പക്ഷേ, ഫാഷിസത്തിലേക്ക് പലപ്പോഴും പാലമിട്ട് കൊടുക്കാറുള്ളത് ‘‘ലിബറൽ’’ നാട്യക്കാരുടെ ‘‘നിർദോഷ’’ രീതികളാണ്.
കേരള സ്റ്റോറിയും ‘‘ലവ് ജിഹാദ്’’ കഥകളും വീണ്ടും ചർച്ചയാകുമ്പോൾ വായനസമൂഹം മറന്നുപോകുന്ന ഒരു ചരിത്രമുണ്ട്. ചില വർഗീയ പോർട്ടലുകളിലെ വ്യാജ നിർമിതി മാത്രമായിരുന്ന ലവ് ജിഹാദ് കഥകൾക്ക് ‘‘പ്രണയക്കുരുക്ക്’’ തുടർ പരമ്പരയിലൂടെ സ്വീകാര്യത നൽകിയ പത്രമാണ് മനോരമ. പാർലമെന്റിൽ ആദ്യമായി ലവ് ജിഹാദ് (ആ പേരിലല്ലെങ്കിലും) ഉന്നയിക്കപ്പെടുന്നത്, ബി.ജെ.പി അംഗം ബൽബീർ പുഞ്ച് മനോരമ റിപ്പോർട്ട് ഉദ്ധരിച്ച് പരാമർശം നടത്തിയതോടെയായിരുന്നു എന്നാണോർമ. കെ. സുരേന്ദ്രന്റെ വഴി നേരത്തേ കണ്ടെത്തിയിട്ടുണ്ട് മനോരമ എന്ന് ചുരുക്കം.