Begin typing your search above and press return to search.
proflie-avatar
Login

യൂട്യൂബിൽ പടരുന്ന പ്രതിരോധ ജേണലിസം

യൂട്യൂബിൽ പടരുന്ന  പ്രതിരോധ ജേണലിസം
cancel

വാർത്തയെ പിന്തള്ളി ആഖ്യാനം (നാരെറ്റിവ്) മുഖ്യ മാധ്യമ ഉള്ളടക്കമായി മാറിക്കഴിഞ്ഞുവോ? കഴിഞ്ഞ നൂറ്റാണ്ടിൽ ടെലിവിഷൻ പ്രചാരത്തിലായതോടെ വാർത്തയുടെ സമയവും അകലവും ഇല്ലാതായി. 24 മണിക്കൂർ വാർത്ത, ഭൂമിയുടെ മറുപകുതിയിൽനിന്ന് വൈകാതെ വീട്ടകങ്ങളിലെത്തി. ഈ നൂറ്റാണ്ടിൽ ഓൺലൈൻ വാർത്ത (പ്രത്യേകിച്ച് യൂട്യൂബ് ജേണലിസം) മാധ്യമമേഖലയെ ശരിക്കും ജനാധിപത്യവത്കരിച്ചു എന്നാണ് പറയുന്നത്.വാർത്താവിനിമയത്തിൽ വന്ന മാറ്റമാണ് ഇതെങ്കിൽ, അതിലൂടെ ആളുകൾക്ക് കിട്ടുന്ന വാർത്തയുടെ സ്വഭാവം കൂടി മാറി എന്നതും കാണാതിരുന്നുകൂടാ. പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് വാർത്തയാണ് മുഖ്യ ഉള്ളടക്കം. വസ്തുനിഷ്ഠമായ, വസ്തുതാപരമായ...

Your Subscription Supports Independent Journalism

View Plans

വാർത്തയെ പിന്തള്ളി ആഖ്യാനം (നാരെറ്റിവ്) മുഖ്യ മാധ്യമ ഉള്ളടക്കമായി മാറിക്കഴിഞ്ഞുവോ? കഴിഞ്ഞ നൂറ്റാണ്ടിൽ ടെലിവിഷൻ പ്രചാരത്തിലായതോടെ വാർത്തയുടെ സമയവും അകലവും ഇല്ലാതായി. 24 മണിക്കൂർ വാർത്ത, ഭൂമിയുടെ മറുപകുതിയിൽനിന്ന് വൈകാതെ വീട്ടകങ്ങളിലെത്തി. ഈ നൂറ്റാണ്ടിൽ ഓൺലൈൻ വാർത്ത (പ്രത്യേകിച്ച് യൂട്യൂബ് ജേണലിസം) മാധ്യമമേഖലയെ ശരിക്കും ജനാധിപത്യവത്കരിച്ചു എന്നാണ് പറയുന്നത്.

വാർത്താവിനിമയത്തിൽ വന്ന മാറ്റമാണ് ഇതെങ്കിൽ, അതിലൂടെ ആളുകൾക്ക് കിട്ടുന്ന വാർത്തയുടെ സ്വഭാവം കൂടി മാറി എന്നതും കാണാതിരുന്നുകൂടാ. പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് വാർത്തയാണ് മുഖ്യ ഉള്ളടക്കം. വസ്തുനിഷ്ഠമായ, വസ്തുതാപരമായ വിവരങ്ങൾ. വാർത്തയിൽനിന്ന് ശരിക്കും വേർതിരിക്കപ്പെട്ട രൂപത്തിൽ വീക്ഷണവും വിശകലനവുംകൂടി ഉണ്ടാകാമെങ്കിലും ‘വസ്തുത തന്നെ രാജാവ്.’ ടെലിവിഷൻ വന്നപ്പോൾ വസ്തുതകൾ കഥകളായി രൂപപ്പെട്ടുതുടങ്ങി. മുമ്പും വാർത്തയെ ‘സ്റ്റോറി’ എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും അത് ശരിക്കും അർഥവത്തായത് സംഭവങ്ങളെ ദൃശ്യങ്ങളായി, പ്രേക്ഷകൻകൂടി പങ്കാളിയാകുന്ന അനുഭവങ്ങളായി, കഥകളായി ടെലിവിഷൻ മാറ്റിയെടുത്തപ്പോഴാണ്.

ഇന്ന്, ഓൺലൈൻ ജേണലിസത്തിന്റേതായ ജനാധിപത്യകാലത്ത് വാർത്ത അതിന്റെ അടുത്ത പരിണാമഘട്ടത്തിലെത്തിയിരിക്കുന്നു എന്നുപറയാം. വസ്തുതയും കഥയും കടന്ന് അത് ഇന്ന് ആഖ്യാനമാവുകയാണ്. ആഖ്യാനം വെറും കഥയല്ല. സംഭവങ്ങളെ പ്രത്യേക തരത്തിൽ കാണാനും വ്യാഖ്യാനിക്കാനും പാകത്തിൽ പരുവപ്പെടുത്തലാണത്. യൂട്യൂബ് ജേണലിസം മാധ്യമരംഗത്തെ പുതിയ ജ്വരമാകുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച അർഥവ്യാഖ്യാനങ്ങളോടെയാണ് വാർത്ത നമ്മിലെത്തുന്നത്. നാമറിയാതെ നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന വ്യാഖ്യാനങ്ങൾ. വാർത്തയും വ്യാജവാർത്തയും തമ്മിലല്ല ഇപ്പോൾ പോരാട്ടം; ഒരു ആഖ്യാനവും മറ്റൊരു ആഖ്യാനവും തമ്മിലാണ്.

ഈ ആഖ്യാനങ്ങളിൽ ഏതാണ് ശരിയായ വസ്തുതകളെ ആധാരമാക്കുന്നത് എന്നത് വിഷയമാകേണ്ടതാണ്. പക്ഷേ, പലപ്പോഴും ആധാരവിവരങ്ങൾ യഥാർഥമോ വ്യാജമോ എന്നു നോക്കാതെ, അവനവ​ന്റെ മനോഗതിക്ക് ചേരുന്ന ആഖ്യാനം സ്വീകരിക്കുകയാണ് പ്രേക്ഷകൻ ചെയ്യുന്നത്. വ്യാജവിവരങ്ങൾക്ക് അഴിഞ്ഞാടാൻ പറ്റിയ സാഹചര്യമാണിത്.

സെന്റർ ഫോർ ഡെവലപിങ് സ്റ്റഡീസ് –ലോക് നീതി 2022ൽ നടത്തിയ ഒരു സർവേയിൽ കണ്ടത്, ഇന്ത്യക്കാർ വാർത്ത അറിയാൻ ടി.വി ചാനലുകളെത്തന്നെയാണ് ആശ്രയിക്കുന്നത് എന്നായിരുന്നു; ചാനൽ വാർത്തകൾക്ക് വിശ്വാസ്യത കുറവാണെന്നും അതിൽ കണ്ടെത്തി. വിശ്വസിക്കാൻ പറ്റില്ലെങ്കിലും ടി.വി വാർത്തകൾതന്നെ നോക്കുക എന്ന ആ രീതി 2023ൽ മാറി എന്നുവേണം കരുതാൻ. ‘ഗ്ലോബൽ ഫാക്ട് 10’ എന്ന സംഘടന നടത്തിയ പഠനം മറ്റൊരു ഫലം കാണിച്ചു: കൂടുതൽ കൂടുതൽ ഇന്ത്യക്കാർ വാർത്ത അറിയാൻ യൂട്യൂബിലേക്കും വാട്സ്ആപ്പിലേക്കും തിരിയുന്നു എന്ന്. (കണക്കുകൾക്ക്: ദ ഹിന്ദു, മേയ് 10)

യൂട്യൂബ്-വാട്സ്ആപ്പ് വാർത്തകൾക്ക് വിശ്വാസ്യത ഉള്ളതുകൊണ്ടല്ല ഇത് –മുമ്പ് ടി.വിയെ ആശ്രയിച്ചിരുന്നതും ചാനലുകൾക്ക് വിശ്വാസ്യത ഇല്ലെന്ന് അറിഞ്ഞുതന്നെ ആയിരുന്നല്ലോ. ഇതിനർഥം ‘പച്ചപ്പരമാർഥ’ത്തിൽ (hard facts) ആളുകൾക്ക് താൽപര്യം കുറയുകയും കഥകളിലും ആഖ്യാനങ്ങളിലും താൽപര്യം കൂടുകയും ചെയ്യുന്നു എന്നുതന്നെ.

സ്മിത-ഉവൈസി അഭിമുഖം

അഭിമുഖങ്ങളും സാധാരണ ജനങ്ങളുടെ അഭിപ്രായം ചോദിച്ചറിയലും (വോക്സ് പോപ്പ് ജേണലിസം) ജനാധിപത്യപരമായി ന്യായീകരിക്കാവുന്ന ഓൺലൈൻ രീതികളാണ്. എന്നാൽ, അവപോലും നിലനിൽക്കുന്ന മുൻവിധികളെ ഉറപ്പിക്കുന്ന തരത്തിലാകുന്നുണ്ട്. യൂട്യൂബ് ജേണലിസ്റ്റ് അഭിമുഖത്തിന് തെരഞ്ഞെടുക്കുന്നത് താൻ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ആഖ്യാനത്തിന് ചേർന്നയാളുകളെ മാത്രമാകാം. വോക്സ് പോപ്പ് വിഡിയോകളിൽ ഒരേതരം അഭിപ്രായങ്ങൾക്ക് വലിയ പ്രാമുഖ്യം നൽകാം.എതിരഭിപ്രായമുള്ളവരുമായുള്ള അഭിമുഖംപോലും സ്വന്തം ആഖ്യാനത്തിന് പാകത്തിൽ വളച്ചെടുക്കുന്ന ‘മിടുക്കൻ’മാരുണ്ട് –സ്മിത പ്രകാശിനെപ്പോലുള്ള ‘മിടുക്കി’കളും.

ബി.ജെ.പിക്കും മോദിക്കും അനുകൂലമായി വാർത്തകൾ ചെയ്യുന്നതിൽ പേരെടുത്ത വാർത്ത ഏജൻസിയാണ് എ.എൻ.ഐ. അതിന്റെ മേധാവി സ്മിത പ്രകാശ് വസ്തുതകൾക്ക് മീതെ എങ്ങനെ ആഖ്യാനത്തെ പ്രതിഷ്ഠിക്കാം എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. എ.ഐ.എം.ഐ.എം പാർട്ടിയുടെ നേതാവ് അസദുദ്ദീൻ ഉവൈസിയുമായി സ്മിത നടത്തിയ ഒരു അഭിമുഖ പോഡ്കാസ്റ്റ് ഈയിടെ കത്തിപ്പടർന്ന ഒന്നാണ്. മോദിയുടെ വിദ്വേഷ പ്രസംഗങ്ങളുടെ തെളിവുകൾ ഉവൈസി മുന്നോട്ടുവെക്കുമ്പോഴെല്ലാം ചർച്ചയുടെ മുനമാറ്റുന്ന മറു ചോദ്യങ്ങളിടുന്നു സ്മിത. 1930കളിൽ ജർമനിയിലെ ജൂതർ അനുഭവിച്ചതാണ് ഇന്ത്യൻ മുസ്‍ലിംകൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഉവൈസി. പക്ഷേ, നിങ്ങളെ ആരും ഗ്യാസ് ചേംബറിലിട്ടിട്ടില്ലല്ലോ എന്ന് സ്മിത.

ഗ്യാസ് ചേംബർ അവസാനഘട്ടമാണെന്നും വിദ്വേഷ പ്രചാരണമാണ് അതിലേക്ക് നയിച്ചതെന്നും ഇന്ത്യയിൽ മോദി ചെയ്യുന്നത് അതാണെന്നും ഉവൈസി. ‘‘ഓഹോ, അപ്പോൾ നിങ്ങൾ പറയുന്നത് മോദി ടോയ്‍ലറ്റ് ഉണ്ടാക്കുന്നില്ല, പകരം ഗ്യാസ് ചേംബർ ഉണ്ടാക്കുകയാണ് എന്നോ?’’ എന്ന് സ്മിത. (അഭിമുഖത്തിന്റെ നല്ല ഒരു നിരൂപണം ദ വയറിൽ രാജ്ശേഖർ സെൻ എഴുതിയിട്ടുണ്ട്) സ്മിതയുടെ തന്ത്രങ്ങളെ അതിജയിക്കാൻ അഭിഭാഷകനായ ഉവൈസിക്ക് കഴിഞ്ഞെങ്കിലും പല വാർത്ത അഭിമുഖങ്ങളും അന്തിമമായി അഭിമുഖകാരന്മാരുടെ വീക്ഷണങ്ങൾ പൊലിപ്പിക്കുന്നവയാണ്.

വ്യാജ വാർത്തകളുടെ പത്രക്കാലം കഴിഞ്ഞ്, വ്യാജ ആഖ്യാനങ്ങളുടെ യൂട്യൂബ്കാലമെത്തുമ്പോൾ പഴയ പ്രതിരോധമുറകൾ മതിയാകുന്നില്ല. പത്രങ്ങളിലെ നെല്ലും പതിരും വേർതിരിക്കാൻ വായനക്കാരും ഓംബുഡ്സ് മനുമൊക്കെ ഉണ്ടായിരുന്നു. ഡിജിറ്റൽ യുഗത്തിൽ പുതിയ ഫാക്ട് ചെക്കിങ് സൈറ്റുകളുമെത്തി. എന്നാൽ, ഇവയൊക്കെ വാർത്തയിലെ വാസ്തവവും അവാസ്തവവും വേർതിരിക്കുകയാണ് ചെയ്യുന്നത്. വാർത്തക്ക് സ്വാധീനശേഷി ഇല്ലാത്ത, പകരം ആഖ്യാനങ്ങൾക്ക് വമ്പിച്ച സ്വാധീനശേഷിയുള്ള ഈ കാലത്ത് വെറും വസ്തുതാപരിശോധന മതിയാകില്ല. വാർത്തയിലെ തെറ്റ് കാണാൻ ഫാക്ട് ചെക്കിങ് മതി; പക്ഷേ ആഖ്യാനത്തിലെ വ്യാജത്തെ പ്രതിരോധിക്കാൻ പ്രത്യാഖ്യാനം (കൗണ്ടർ നാരെറ്റിവ്) തന്നെ വേണം. വസ്തുതകളെ ആധാരമാക്കിയുള്ള, യുക്തിഭദ്രമായ വാദങ്ങൾ നിരത്തുന്ന പ്രത്യാഖ്യാനങ്ങൾ.

വസ്തുതകൾ ഒട്ടുമില്ലാത്ത വ്യാജ ആഖ്യാനങ്ങൾവരെ ഇന്ന് വ്യാപകമാണ്. ഓൺലൈൻ ആനിമേഷൻ വിഡിയോകൾ ഇറക്കി ബി.ജെ.പി ഇസ്‍ലാമോഫോബിയ പരത്തുന്നതെങ്ങനെ എന്ന് ആൾട്ട് ന്യൂസിൽ ഷിഞ്ജിനി മജുംദാർ വിവരിക്കുന്നുണ്ട്. യുവ യൂട്യൂബർമാരെ വെച്ച്, വ്യാജ പേരുകളിൽ വ്യാപകമായി വർഗീയ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്ന, ബി.ജെ.പിക്കുവേണ്ടി കരാർപണി ചെയ്യുന്ന, കൺസൽട്ടൻസിയെപ്പറ്റി ബൂം ലൈവ് സൈറ്റിൽ എക്സ് ക്ലൂസിവ് റിപ്പോർട്ടുണ്ട്: രണ്ടു മുസ്‍ലിംകൾ ഒരു ഹിന്ദുവിനോട് പറയുന്നു, കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിന്റെ സ്വത്തിൽ പകുതി ഞങ്ങൾക്ക് കിട്ടും എന്ന്. വാസ്തവമെന്താണ്? ഇത് വ്യാജ നിർമിതിയാണ്. മുസ്‍ലിംകളായി അഭിനയിക്കുന്നത് ഹിന്ദു യുവാക്കളാണ്. വസ്തുതയല്ല, ആഖ്യാനമാണ് പ്രധാനം എന്ന് വന്നാൽ ഈ വ്യാജങ്ങൾക്കും കിട്ടും പഴയ വാർത്തയുടെ പദവി.

യൂട്യൂബ് പോരാളികൾ

ഈ പശ്ചാത്തലത്തിലാണ് പുതിയ യൂട്യൂബ് പോരാളികൾ പ്രസക്തരും ശ്രദ്ധേയരുമാകുന്നത്. വസ്തുതകൾ നിരത്തി അവയുടെ അടിസ്ഥാനത്തിൽ പ്രത്യാഖ്യാനങ്ങൾ സൃഷ്ടിച്ചുകൊണ്ട് അവർ വ്യാജ ആഖ്യാനങ്ങളെ നേരിടുന്നു. ധ്രുവ് റാഠി ഇന്ന് ഈ രംഗത്ത് പ്രമുഖനാണ്. ബി.ജെ.പിയുടെ വ്യാജവാദങ്ങളും അവകാശവാദങ്ങളും പരിശോധിച്ച് ഖണ്ഡിക്കുന്ന അനേകം വിഡിയോകൾ തെരഞ്ഞെടുപ്പു കാലത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എൻ.ഡി.ടി.വി ചാനൽ അദാനി സ്വന്തമാക്കിയതോടെ രാജിവെച്ച രവീഷ് കുമാറും യൂട്യൂബ് ജേണലിസത്തിന്റെ ശ്രദ്ധേയ മുഖമാണ്.

ധ്രുവ് റാഠി,മെഹ്ദി ഹസൻ,രവീഷ് കുമാർ,റിച്ചഡ് മെഡ്ഹേഴ്സ്റ്റ്

വിദേശങ്ങളിൽ മെഹ്ദി ഹസൻ, റിച്ചഡ് മെഡ്ഹേഴ്സ്റ്റ് തുടങ്ങി പലരും സ്വന്തമായി ജേണലിസം നടത്തുക മാത്രല്ല സാമ്രാജ്യത്വ-സയണിസ്റ്റ് ഭീകരത ഇറക്കുന്ന വ്യാജ ആഖ്യാനങ്ങൾക്ക് വസ്തുതകളിലൂന്നിയ പ്രത്യാഖ്യാനങ്ങളിലൂടെ തടയിടുകകൂടി ചെയ്യുന്നു. യൂട്യൂബ് ചിലരെ നിയന്ത്രിക്കുന്നുണ്ട്; പകരം ‘റംബ്ൾ’ എന്ന പ്ലാറ്റ്ഫോമിലേക്ക് മാറി അവർ പ്രതിരോധ ജേണലിസം തുടരുന്നു.

News Summary - weekly column media scan