മോദിയെ കണ്ട മാധ്യമങ്ങൾ
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇന്ത്യയിലെ മാധ്യമങ്ങൾ (പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ) പുതിയൊരു വിനോദത്തിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും വസ്തുതാ പരിശോധന ചെയ്യുക എന്നതാണ് ആ വിനോദം. പതിവില്ലാത്തതാണ് ഇത്. ഒന്നാമത്, ഏതു രാജ്യത്തിന്റെയും ഭരണതലപ്പത്തുള്ളവർ പൊതുവെ സത്യം മുഴുവൻ പറഞ്ഞില്ലെങ്കിൽപോലും നുണ പറയാറില്ല. രണ്ടാമത്, തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ പിരിമുറുക്കത്തിനിടക്ക് ഓർത്ത് ചിരിക്കാനുള്ള വകയാണിത്. മൂന്നാമത്, തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ രാഷ്ട്രീയരംഗത്ത് ഒരു വമ്പിച്ച മാറ്റത്തെപ്പറ്റിയുള്ള വെപ്രാളവും പരിഭ്രാന്തിയും പ്രധാനമന്ത്രിയുടെ...
Your Subscription Supports Independent Journalism
View Plansകഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇന്ത്യയിലെ മാധ്യമങ്ങൾ (പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ) പുതിയൊരു വിനോദത്തിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും വസ്തുതാ പരിശോധന ചെയ്യുക എന്നതാണ് ആ വിനോദം. പതിവില്ലാത്തതാണ് ഇത്. ഒന്നാമത്, ഏതു രാജ്യത്തിന്റെയും ഭരണതലപ്പത്തുള്ളവർ പൊതുവെ സത്യം മുഴുവൻ പറഞ്ഞില്ലെങ്കിൽപോലും നുണ പറയാറില്ല. രണ്ടാമത്, തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ പിരിമുറുക്കത്തിനിടക്ക് ഓർത്ത് ചിരിക്കാനുള്ള വകയാണിത്. മൂന്നാമത്, തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ രാഷ്ട്രീയരംഗത്ത് ഒരു വമ്പിച്ച മാറ്റത്തെപ്പറ്റിയുള്ള വെപ്രാളവും പരിഭ്രാന്തിയും പ്രധാനമന്ത്രിയുടെ സംസാരങ്ങളിൽ പ്രതിഫലിക്കുന്നതായി പലരും കരുതുന്നു.
ഹിന്ദു അടക്കം ചില പത്രങ്ങളും വയർ, ക്വിന്റ്, സ്ക്രോൾ, ന്യൂസ് ലോൺഡ്രി, ആൾട്ട് ന്യൂസ് മുതലായ ഓൺലൈൻ മാധ്യമങ്ങളും മോദിയുടെ വിവിധ പരാമർശങ്ങൾ പരിശോധനക്കെടുത്തു. പരാമർശങ്ങൾ ഭാഗികമായോ പൂർണമായോ കള്ളമാണ് എന്നാണ് കണ്ടെത്തൽ.
സ്ക്രോൾ ചെയ്ത ഫാക്ട് ചെക്കിങ്ങിൽനിന്ന് ചിലത്:
1. ‘ഹിന്ദു സ്ത്രീകളുടെ കെട്ടുതാലിയടക്കം പിടിച്ചെടുത്ത് വേറെ ആളുകൾക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രികയിലുണ്ട്’ (ബൻസ്വാര, ഏപ്രിൽ 21).
–വസ്തുത: കോൺഗ്രസ് പത്രികയിൽ അങ്ങനെ ഒന്നുമില്ല.
2. ‘രാജ്യവിഭവങ്ങളിൽ ആദ്യ അവകാശം മുസ്‍ലിംകൾക്കാണെന്ന് മുൻ കോൺഗ്രസ് സർക്കാർ പറഞ്ഞിരുന്നു’ (അതേ പ്രസംഗം).
–വസ്തുത: അധഃസ്ഥിത സമൂഹങ്ങളെ ഉദ്ധരിക്കാൻ പ്രത്യേക ശ്രദ്ധ വേണ്ടതിനെപ്പറ്റി പ്രധാനമന്ത്രി മൻമോഹൻസിങ് 2006ൽ ചെയ്ത പ്രസംഗം വളച്ചൊടിച്ചതാണിത്.
3. ‘കോൺഗ്രസ് പിടിച്ചെടുക്കുന്ന സ്വത്ത് ‘‘നുഴഞ്ഞുകയറ്റക്കാരും’’ ‘‘ധാരാളം കുട്ടികളെ ഉൽപാദിപ്പിക്കുന്നവരു’’മായ കൂട്ടർക്ക് (മുസ്‍ലിംകളാണ് ഉദ്ദേശ്യം) ആണ് നൽകുക’ (അതേ പ്രസംഗം).
–വസ്തുത: അനധികൃതമായി നുഴഞ്ഞുകയറിയവരെപ്പറ്റി കണക്ക് ഒന്നുമില്ലെന്ന് പലതവണ മോദിസർക്കാർ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. മുസ്‍ലിം ജനസംഖ്യ പെരുപ്പത്തെപ്പറ്റിയുള്ള വാദവും യഥാർഥ കണക്ക് നോക്കുമ്പോൾ തെറ്റാണ്.
4. ‘തങ്ങൾ ഭരണത്തിൽ വന്നാൽ സ്വകാര്യസ്വത്ത് പിടിച്ചെടുത്ത് മറ്റുള്ളവർക്ക് കൊടുക്കുമെന്ന് കോൺഗ്രസിലെ ശഹ്സാദ (രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച്) പറയുന്നു; അവരുടെ പ്രകടനപത്രികയും അത് പറയുന്നു’ (അലീഗഢ്, ഏപ്രിൽ 22).
–വസ്തുത: പ്രകടനപത്രികയിൽ അങ്ങനെ ഇല്ല. രാഹുൽ പ്രസംഗത്തിൽ (ഏപ്രിൽ 6) പറഞ്ഞത് ഇങ്ങനെ: ഞങ്ങൾ രാജ്യത്തിന്റെ എക്സ്റേ എടുക്കും. അധഃസ്ഥിതർക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ പങ്കെത്രയെന്ന് കാണാൻ കഴിയും.
5. ‘നിങ്ങളുടെ തറവാട് വീടും കുട്ടികൾക്കുവേണ്ടി വാങ്ങിയ ഫ്ലാറ്റും സ്ത്രീകളുടെ സ്വത്തുമെല്ലാം കോൺഗ്രസ് പിടിച്ചുവാങ്ങും.’
–വസ്തുത: ഭൂപരിധി നിയമപ്രകാരം മിച്ചഭൂമിയും സർക്കാർ ഭൂമിയും പാവങ്ങൾക്ക് പതിച്ചുകൊടുക്കുന്നതിന് മേൽനോട്ട അതോറിറ്റി സ്ഥാപിക്കും എന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ട്. ഭൂപരിഷ്കരണം നിയമാനുസൃത രീതിയാണ്; ‘പിടിച്ചുവാങ്ങല’ല്ല.
6. ‘അവർ എക്സ്റേ എടുക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ അധികധാന്യം കണ്ടെത്തി പിടിച്ചെടുക്കും. നിങ്ങൾക്ക് രണ്ടു വീടുണ്ടെങ്കിൽ ഒന്ന് പിടിച്ചെടുക്കും’ (മധോപുർ, ഏപ്രിൽ 23).
–വസ്തുത: കോൺഗ്രസ് പ്രകടനപത്രികയിൽ ഇതൊന്നും ഇല്ല.
‘ഗസ്സയിൽ യുദ്ധം നിർത്തിച്ചു’
7. ‘മതാടിസ്ഥാനത്തിൽ കോൺഗ്രസ് കർണാടകയിൽ നിയമവിരുദ്ധ സംവരണം ഏർപ്പെടുത്തി, ഒ.ബി.സി സംവരണത്തിന്റെ വലിയഭാഗം മുസ്‍ലിംകൾക്ക് കൊടുത്തു’ (സാഗർ, ഏപ്രിൽ 24).
–വസ്തുത: 1921ൽ മൈസൂർ മഹാരാജാവ് മുസ്‍ലിം സംവരണം ഏർപ്പെടുത്തി. 1962ൽ ഗൗഡ കമീഷന്റെ ശിപാർശപ്രകാരം കർണാടകയിൽ കോൺഗ്രസ് സർക്കാർ മുസ്‍ലിംകളിലെ ചില വിഭാഗങ്ങളെ (മതാടിസ്ഥാനത്തിലല്ല, സാമുദായികാടിസ്ഥാനത്തിൽ) സംവരണാർഹരായ ഒ.ബി.സിയിൽ ഉൾപ്പെടുത്തി. 1994ൽ ദേവഗൗഡ സർക്കാർ എല്ലാ മുസ്‍ലിം സമുദായങ്ങളെയും ഒ.ബി.സിയിൽപെടുത്തി.
കർണാടകയിൽ വോട്ടിനുവേണ്ടി ഈ വർഗീയവാദം ഇറക്കിയ മോദി, ഗുജറാത്തിൽ താൻ മുഖ്യമന്ത്രിയായിരിക്കെ 70 മുസ്‍ലിം സമുദായങ്ങൾക്ക് സംവരണം നൽകിയതായി രണ്ടു വർഷം മുമ്പ് എ.എൻ.ഐ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു –അന്ന് മുസ്‍ലിംകളുടെ വോട്ടായിരുന്നു ലക്ഷ്യം.
8. ‘കർണാടകയിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഞങ്ങൾ മുസ്‍ലിം സംവരണം ഒഴിവാക്കി, ദലിതർക്കും ആദിവാസികൾക്കും തിരിച്ചുനൽകി’ (അതേ പ്രസംഗം).
–വസ്തുത: 2023 മാർച്ചിൽ ബി.ജെ.പി സർക്കാർ ഒ.ബി.സി വിഭാഗത്തിൽ മുസ്‍ലിംകൾക്കുണ്ടായിരുന്ന 4 ശതമാനം ഉപസംവരണം നീക്കംചെയ്തു. എന്നാൽ, അത് ദലിതർക്കും ആദിവാസികൾക്കുമല്ല നൽകിയത്; മുന്നാക്ക വിഭാഗങ്ങളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്കായിരുന്നു; അതാകട്ടെ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
ആക്ഷേപാർഹമായ പരാമർശങ്ങൾക്കു പുറമെ മോദിയുടെ പരിഹാസ്യമായ ചില വാദങ്ങളും ഖണ്ഡിക്കപ്പെട്ട കൂട്ടത്തിലുണ്ട്. അവയിലൊന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയോട് റമദാനിൽ ഗസ്സ കുരുതി നിർത്താനാവശ്യപ്പെട്ടു എന്നത്.
മേയ് 16ന് ആജ് തക് എന്ന ഹിന്ദി ചാനലിലെ നാല് അവതാരകർ (അഞ്ജന ഓം കശ്യപ്, ശ്വേത സിങ്, രാഹുൽ കവൽ, സുധീർ ചൗധരി) അഭിമുഖം നടത്തുന്നു. ഒരു ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു:
‘‘ഗസ്സയിൽ റമദാൻമാസം, ഞാൻ എന്റെ പ്രത്യേക പ്രതിനിധിയെ ഇസ്രായേലിലേക്ക് അയച്ചു. റമദാനിലെങ്കിലും ഗസ്സയിലെ ബോംബിങ് ഒഴിവാക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവർ അതുപ്രകാരം ചെയ്യാൻ ആവുന്നത്ര ശ്രമിച്ചു. ഒടുവിൽ പോരാട്ടം രണ്ടുമൂന്നു ദിവസമാണ് നടന്നത്... ഇവിടെ മുസ്‍ലിം വിരോധമെന്നു പറഞ്ഞ് എന്നെ കുടുക്കാൻ നോക്കുമ്പോഴാണ് ഇത്. ഞാൻ പക്ഷേ അതൊന്നും പരസ്യപ്പെടുത്താൻ പോയില്ല...’’ (അഭിമുഖത്തിന്റെ പൂർണരൂപം narendramodi.in സൈറ്റിൽ.)
അനേകം മാധ്യമങ്ങളും സമൂഹമാധ്യമ ഉപയോക്താക്കളും ഈ അവകാശവാദം ഫാക്ട് ചെക്ക് ചെയ്ത്, ഗസ്സയിൽ റമദാൻമാസം ഇസ്രായേൽ കുരുതി നിർത്തുകയേ ഉണ്ടായില്ലെന്ന് സ്ഥാപിച്ചു.
രാഹുൽ കവൽ മോദിയോട് ചോദിച്ചു, ‘‘താങ്കൾ വാർത്തസമ്മേളനം നടത്താത്തതെന്തുകൊണ്ടാണ്?’’
മറുപടിയിൽ ഇങ്ങനെ: ഈ നാട്ടിൽ ഒരു സംസ്കാരം വളർത്തപ്പെട്ടിട്ടുണ്ട്. ഭരിക്കുന്നവർ ഒരു പണിയും ചെയ്യേണ്ട; മാധ്യമങ്ങളെ കൈകാര്യംചെയ്താൽ മതി എന്ന്. പക്ഷേ ഞാൻ ആ വഴി സ്വീകരിക്കുന്നില്ല. ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്്. വേണമെന്നുവെച്ചാൽ എനിക്കും നാട മുറിച്ച് ഫോട്ടോ എടുപ്പിക്കാം. പക്ഷേ, ഞാനത് ചെയ്യാറില്ല... രണ്ടാമത്, ഞാൻ ഉത്തരം പറയാൻ ബാധ്യസ്ഥനായിട്ടുള്ളത് പാർലമെന്റിനോടാണ് (മാധ്യമങ്ങളോടല്ല)...
വാർത്തസമ്മേളനം പ്രസിദ്ധിക്കുവേണ്ടിയാണെന്ന സൂചന തെറ്റ്. പ്രസിദ്ധിക്കുവേണ്ടി താൻ ഒന്നും ചെയ്യാറില്ലെന്ന വാദം തെറ്റ്. (പാർലമെന്റിൽ അദ്ദേഹം നൽകിയ ഉത്തരങ്ങൾ നന്നേ വിരളം. എന്നാലോ, പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനത്തിന് ദിവസക്കണക്കിന് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ ശ്രദ്ധിച്ചു.)
അയോഗ്യനാകുന്ന വിധം
മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും മറ്റും വിശേഷിപ്പിച്ചതിന്റെ പിന്നാലെ ടൈംസ് നൗ ചാനലിലെ നവിക കുമാറും സുശാന്ത് സിൻഹയും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്നു. താങ്കൾ മുസ്‍ലിം വിരുദ്ധനാണെന്ന വിമർശനത്തെപ്പറ്റി എന്തുപറയുന്നു എന്ന് ചോദ്യം. തെറ്റാണത്, നെഹ്റുവിന്റെ കാലംതൊട്ടേ എതിരാളികൾ പറഞ്ഞുണ്ടാക്കിയ നുണ എന്ന് മോദിയുടെ മറുപടി. നുഴഞ്ഞുകയറ്റക്കാർ, പെറ്റുപെരുകുന്നവർ എന്നൊക്കെ പറഞ്ഞില്ലേ എന്ന് തിരിച്ചു ചോദിക്കാനൊന്നും ചാനലുകാർ മിനക്കെട്ടില്ല.
ഈ ധൈര്യത്തിലാണോ എന്തോ, ന്യൂസ് 18ന് മോദി കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം ഇത്രകൂടി പറഞ്ഞു: ഞാൻ ‘ഹിന്ദു-മുസ്‍ലിം’ വർത്തമാനം പറയാറേ ഇല്ല. അങ്ങനെ ചെയ്യുന്ന ദിവസം ഞാൻ പൊതുരംഗത്ത് പ്രവർത്തിക്കാൻ അയോഗ്യനാകും. എന്നിട്ട്, ഇതിനുപിന്നാലെ പിന്നെയും മുസ്‍ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി. പൊതുരംഗത്തേക്ക് മോദി സ്വന്തം അയോഗ്യത തെളിയിച്ചതായി മാധ്യമങ്ങൾ പറഞ്ഞുകണ്ടില്ല. പക്ഷേ, വസ്തുതാ പരിശോധനയിലൂടെ അവ അക്കാര്യം സ്ഥാപിക്കുകയാണ് ചെയ്തത്.
ഇന്ത്യൻ എക്സ്പ്രസ് (മേയ് 21) ഒരു കണക്ക് പ്രസിദ്ധപ്പെടുത്തി. മാർച്ച് 17 മുതൽ മേയ് 15 വരെ മോദി ചെയ്ത പ്രസംഗങ്ങളുടെ മുഖ്യ പ്രമേയങ്ങളാണ് അതിൽ. 111 പ്രസംഗങ്ങൾ പരിശോധിച്ചു. വോട്ടെടുപ്പിന്റെ ആദ്യത്തെ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മുതൽ മോദി ‘ഹിന്ദു-മുസ്‍ലിം വർത്തമാനം’ പതിവാക്കിയതായി പട്ടിക കാണിക്കുന്നു. ഏപ്രിൽ 21 മുതൽ മേയ് 15 വരെ ചെയ്ത 67 പ്രസംഗങ്ങളിൽ 60 എണ്ണത്തിലും ഹിന്ദു-മുസ്‍ലിം വിഷയമുണ്ട്. ടെലിഗ്രാഫ് പത്രം, മോദി ചെയ്ത ഏതാനും ‘ഹിന്ദു-മുസ്‍ലിം’ പ്രസംഗങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി.
വർഗീയത പറയുക, പിന്നെ പറഞ്ഞില്ലെന്ന് പറയുക, പിെന്നയും വർഗീയത പറയുക. വിധേയ മാധ്യമങ്ങൾക്കുപോലും വ്യാഖ്യാനിച്ച് ശരിയാക്കാൻ പറ്റാത്ത തരത്തിൽ പ്രധാനമന്ത്രി സ്വയം റദ്ദാക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരും അറിയുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഒഴികെ. ശരിക്കും ഈ തെരഞ്ഞെടുപ്പിൽ ആരൊക്കെ തമ്മിലാണ് മത്സരം?