Begin typing your search above and press return to search.
proflie-avatar
Login

അഭിമുഖങ്ങളിൽ അവതാരം ജനിക്കുന്നു

അഭിമുഖങ്ങളിൽ അവതാരം  ജനിക്കുന്നു
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷപ്രസംഗങ്ങളും വ്യാജപ്രസ്താവനകളും തുടരുകതന്നെയാണ്. തെരഞ്ഞെടുപ്പുകാലത്ത്, വിജയം ഉറപ്പില്ലാത്ത വൃദ്ധതാരങ്ങളുടെ പൊയ്‍വാക്കുകൾ അങ്ങ് അമേരിക്കയിലും പ്രശ്നമായിരിക്കുന്നു. അമേരിക്കയിൽ വിദ്വേഷജൽപനങ്ങളേക്കാൾ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുന്നത് നേതാക്കളുടെ വിഡ്ഢിത്തങ്ങളും അബദ്ധങ്ങളുമാണ്. എൺപതു കഴിഞ്ഞ ജോ ബൈഡനും എൺപതിനോടടുത്ത ഡോണൾഡ് ​ട്രംപും പലതരം അമളികളുമായിട്ടാണ് നിത്യവും വാർത്തയിൽ ഇടംപിടിക്കുന്നത്.കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ കഴിഞ്ഞയാഴ്ച അമേരിക്ക സന്ദർശിച്ചിരുന്നു. പ്രസിഡന്റ് ബൈഡൻ അദ്ദേഹവുമൊത്ത് മാധ്യമങ്ങളെ കണ്ടു. കുറേ തെറ്റുവരുത്തി. ഒരു ഘട്ടത്തിൽ...

Your Subscription Supports Independent Journalism

View Plans

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷപ്രസംഗങ്ങളും വ്യാജപ്രസ്താവനകളും തുടരുകതന്നെയാണ്. തെരഞ്ഞെടുപ്പുകാലത്ത്, വിജയം ഉറപ്പില്ലാത്ത വൃദ്ധതാരങ്ങളുടെ പൊയ്‍വാക്കുകൾ അങ്ങ് അമേരിക്കയിലും പ്രശ്നമായിരിക്കുന്നു. അമേരിക്കയിൽ വിദ്വേഷജൽപനങ്ങളേക്കാൾ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുന്നത് നേതാക്കളുടെ വിഡ്ഢിത്തങ്ങളും അബദ്ധങ്ങളുമാണ്. എൺപതു കഴിഞ്ഞ ജോ ബൈഡനും എൺപതിനോടടുത്ത ഡോണൾഡ് ​ട്രംപും പലതരം അമളികളുമായിട്ടാണ് നിത്യവും വാർത്തയിൽ ഇടംപിടിക്കുന്നത്.

കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ കഴിഞ്ഞയാഴ്ച അമേരിക്ക സന്ദർശിച്ചിരുന്നു. പ്രസിഡന്റ് ബൈഡൻ അദ്ദേഹവുമൊത്ത് മാധ്യമങ്ങളെ കണ്ടു. കുറേ തെറ്റുവരുത്തി. ഒരു ഘട്ടത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റാക്കി: ‘‘നമ്മുടെ രാജ്യത്തിന്റെ കറുത്തവർഗക്കാരിയായ ആദ്യ വൈസ് പ്രസിഡന്റാണ് പ്രസിഡന്റ് കമല ഹാരിസ്.’’

‘‘ഏറെ വൈകാതെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജനസംഖ്യ നൂറുകോടിയാകും’’ എന്നായിരുന്നു മറ്റൊരു പ്രസ്താവന. 120 കോടി ജനങ്ങൾ ഇപ്പോഴേ ആഫ്രിക്കയിലുണ്ട്.

ബൈഡനായാലും ട്രംപിനായാലും പ്രസിഡന്റായിരിക്കാനുള്ള ശാരീരികമോ മാനസികമോ ആയ ശേഷിയില്ല എന്ന് കരുതുന്നവരാണ് അമേരിക്കക്കാരിൽ ഏറെയും. ബൈഡന് അതിനുവേണ്ട മാനസികാരോഗ്യമില്ലെന്ന് 47 ശതമാനം വോട്ടർമാർ കരുതുന്നു; ട്രംപിന്റെ കാര്യത്തിൽ 35 ശതമാനവും. എന്നാൽ, നവംബറിലെ തെരഞ്ഞെടുപ്പിന് ഇവരിലൊരാളെ എടുക്കുകയേ നിവൃത്തിയുള്ളൂ.

നാക്കുപിഴ അമേരിക്കൻ തെരഞ്ഞെടുപ്പിലെ കൗതുകമാണെങ്കിൽ, ഇങ്ങ് ഇന്ത്യയിൽ ചില നാക്കുകൾ എല്ലാ അതിരും വിടുന്നതാണ് പ്രശ്നം. ഭിന്നിപ്പും വൈരവും വിദ്വേഷവും പരത്തുന്നത് തെരഞ്ഞെടുപ്പു തന്ത്രമാക്കിയിരിക്കുന്നു എൻ.ഡി.എ; പ്രത്യേകിച്ച് ബി.ജെ.പി; പ്രത്യേകിച്ച് നരേന്ദ്ര മോദി. മോദിയുടെ പ്രചാരണത്തിന് രണ്ടു മുഖമുണ്ട്: ഒന്ന് പൊതുയോഗങ്ങളിലെ പ്രസംഗങ്ങൾ; മറ്റേത് ഇഷ്ടമാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് നൽകുന്ന അഭിമുഖങ്ങൾ. പ്രസംഗങ്ങളും അഭിമുഖങ്ങളും (ഏറക്കുറെ) പരസ്പരപൂരകങ്ങളാണ്. പ്രസംഗങ്ങളിൽ വിഷം പരത്തും. അഭിമുഖങ്ങളിൽ അത് നിഷേധിക്കും.

ഈ തന്ത്രത്തിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ലക്കത്തിൽ നാം ചൂണ്ടിക്കാണിച്ച ബൻസ്‍വാര പ്രസംഗം. മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും അധികം കുട്ടികളുള്ളവരെന്നും പ്രസംഗിച്ചതിന്റെ രണ്ടാം ദിവസം ന്യൂസ് 18 ചാനലിലെ റൂബിക ലിയാഖത്തിന് മോദി അഭിമുഖമനുവദിച്ചു.

ചോദ്യം: ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മുദ്രാവാക്യമുയർത്തുന്ന താങ്കൾ കഴിഞ്ഞ ദിവസം എന്തിന് മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളുള്ളവരെന്നും പറഞ്ഞു?

മോദി: അനധികൃത കുടിയേറ്റക്കാരെപ്പറ്റിയും കൂടുതൽ കുട്ടികളുള്ളവരെപ്പറ്റിയും പറയുമ്പോൾ അത് മുസ്‍ലിംകളെപ്പറ്റിയാണ് എന്ന് തീരുമാനിക്കുന്നതെന്തിനാണ്? ഇതെന്നെ ശരിക്കും ഞെട്ടിക്കുന്നു. നിങ്ങളെന്തിന് മുസ്‍ലിംകളെപ്പറ്റി ഇങ്ങനെ മോശമായി വിചാരിക്കുന്നു? ദരിദ്ര കുടുംബങ്ങളിലും ധാരാളം കുട്ടികളുണ്ട്. ഞാൻ ഹിന്ദു എന്നോ മുസ്‍ലിം എന്നോ പറഞ്ഞില്ലല്ലോ. ഹിന്ദു-മുസ്‍ലിം വർത്തമാനം പറഞ്ഞാൽപിന്നെ ഞാൻ പൊതുപ്രവർത്തനത്തിന് പറ്റാത്തവനാകും.

മോദി ഇങ്ങനെ പറഞ്ഞതോടെ ഫാക്ട് ചെക്കർമാർ അദ്ദേഹത്തിന്റെ പ്രസംഗം പരിശോധിച്ചു. അദ്ദേഹം മുസ്‍ലിം എന്നുതന്നെ ഒന്നിലേറെ തവണ പറഞ്ഞിരുന്നു. ‘നുഴഞ്ഞുകയറ്റക്കാർ’, ‘കുട്ടികൾ ഏറെയുള്ളവർ’ എന്നിവ മുസ്‍ലിംകളെ ഉദ്ദേശിച്ചാണെന്നും പ്രസംഗത്തിൽ വ്യക്തമായിരുന്നു.

ബൻസ്‍വാര പ്രസംഗത്തിനു മുമ്പ് ഝാർഖണ്ഡിലെ ഛത്രയിൽ ചെയ്ത പ്രസംഗത്തിലും, അടുത്തയാഴ്ച ​മധോപൂരിൽ ചെയ്ത പ്രസംഗത്തിലുമെല്ലാം വർഗീയ പരാമർശങ്ങൾ മോദി നടത്തി. ഇതിനിടയിലാണ് ന്യൂസ് 18 അഭിമുഖത്തിലൂടെ എല്ലാം നിഷേധിച്ചത്. നിഷേധത്തിന് കാരണം പലതാകാം. ബി.ജെ.പിയുടെ സഖ്യകക്ഷികൾ എതിർപ്പുമായി വന്നത്, വോട്ടിങ് ശതമാനത്തിലെ ഇടിവിൽ ബി.ജെ.പി വിരുദ്ധത ഉണ്ടോ എന്ന ശങ്ക, ഇലക്ഷൻ കമീഷന് ന്യായീകരിക്കാനുള്ള വക എന്നിവ അവയിൽ ചിലതാണ് (പി. രാമൻ, ദ വയർ).

ഒരുപക്ഷേ ഇതിനേക്കാൾ പ്രസക്തമായ മറ്റൊരു കാരണമുണ്ടെന്നും വരാം. അഭിമുഖങ്ങളിലൂടെ പൊതുസ്വീകാര്യനായ വ്യക്തിയായി ഉയർത്തിക്കാട്ടുകയും ഒപ്പം പ്രസംഗങ്ങളിലൂടെ ബി.ജെ.പി അണികൾക്കും ഐ.ടി സെല്ലിനും പ്രചാരണത്തിന് വക നൽകുകയുമാകാം ലക്ഷ്യം. ഇതിന് സമാന്തരമായി, അഭിമുഖങ്ങൾ വഴി ഉദാരനും വിശാലഹൃദയനുമായി മോദി സ്വയം അവതരിപ്പിക്കുന്നു. അങ്ങനെ കിട്ടുന്ന വോട്ടുകൾക്കും വരാനുള്ള വഴി തുറന്നുവെക്കണമല്ലോ. ഒരു കാര്യം വ്യക്തം. അമേരിക്കയിൽ ബൈഡൻ കള്ളം പറയുന്നത് ഓർമക്കുറവുകൊണ്ടാണെങ്കിൽ, മോദി കരുതിക്കൂട്ടിയാണ് കള്ളം പറയുന്നത്.

അഭിമുഖങ്ങൾ, അഭിനയങ്ങൾ

ഒരു പ്രധാനമന്ത്രി തന്റെ നിലവാരം ഇത്ര വ്യക്തമാക്കിയിട്ടും വൻകിട മാധ്യമങ്ങൾ അദ്ദേഹത്തിന് ആവശ്യമായ പ്രചാരണം നടത്തിക്കൊടുക്കുകയാണ് ചെയ്യുന്നത് –പ്രത്യേകിച്ച് ‘ദേശീയ’ ചാനലുകൾ. വസ്തുതാ പരിശോധന വഴി ഓൺലൈൻ മാധ്യമങ്ങൾ കള്ളം തുറന്നുകാട്ടുന്നുണ്ടാവാം. പക്ഷേ, വടക്കേ ഇന്ത്യയിലെ സാധാരണക്കാർക്ക് കിട്ടുന്നത് വാട്സ്ആപ്പും വാർത്താ ചാനലുകളും വഴിവരുന്ന കള്ളപ്രചാരണം മാത്രമാണ്.

നരേന്ദ്ര മോദി വാർത്തസമ്മേളനത്തെ അഭിമുഖീകരിക്കാറില്ലെന്നത് ലോകമാധ്യമങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നുവെച്ച് അദ്ദേഹത്തെ അദൃശ്യനാക്കാനൊന്നും കഴിയില്ല. മറ്റ് ഏതു രാഷ്ട്രീയ നേതാവിനേക്കാളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ആകാശവാണി, ദൂർദർശൻ വാർത്തകളിലും പരിപാടികളിലും മോദിക്ക് കിട്ടുന്ന പ്രാമുഖ്യം വ്യക്തമാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ ആഘോഷിക്കുന്ന ഒരു ‘സൈന്യം’ തന്നെ ഉണ്ടല്ലോ.

വാർത്തസമ്മേളനങ്ങൾ ഇല്ലാത്തതിന് പരിഹാരമെന്നോണമാകാം അഭിമുഖങ്ങൾ പരമ്പരയായി ഇറങ്ങുന്നത്. മറ്റു പലതിലുമെന്നപോലെ ഇതിലും തെരഞ്ഞെടുപ്പ് കമീഷന്റെ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം മോദി നേരിടുന്നില്ല. അഭിമുഖങ്ങളിലൂടെ വിഭാഗീയമുദ്ര മായ്ക്കാൻ ശ്രമിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. വ്യക്തിപൂജ വളർത്തുകകൂടിയാണ്. സാധാരണക്കാരനല്ലാത്ത മനുഷ്യൻ, മനുഷ്യനുമപ്പുറം അമാനുഷൻ എന്ന പ്രതിച്ഛായക്ക് പുറമെ, മനുഷ്യജന്മമേ അല്ലാത്ത ഈശ്വരനിയോഗം വരെ ആയി സ്വയം അവതരിക്കാൻ അദ്ദേഹത്തിന് സഹായകമാകുന്നത് വിധേയമാധ്യമങ്ങളിലൂടെ പ്രസരിപ്പിക്കുന്ന ‘അഭിമുഖ’ങ്ങളാണ്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ മോദി നൽകിയ അഭിമുഖങ്ങൾ ഒരു സർവകാല റെക്കോഡാകാം. നാൽപതിലേറെ ഇതിനകം ആയിക്കഴിഞ്ഞു. ഈ ‘ഗോദി മീഡിയ ഇന്റർവ്യൂ’കൾ തന്നെ വിസ്തരിച്ചുള്ള പഠനത്തിന് വിഷയമാക്കാവുന്നതാണ്.

ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മോദി-റൂബിക ലിയാഖത്ത് ഇന്റർവ്യൂ തന്നെ. വ്യക്തമായി താൻ പറഞ്ഞ വർഗീയത (വിഡിയോ അടക്കമുള്ള രേഖകളിൽ വെളിപ്പെട്ടുകിടക്കുന്ന വർഗീയത) ഒരു മടിയുമില്ലാതെ നിഷേധിച്ച ചങ്കൂറ്റം അദ്ദേഹത്തെക്കുറിച്ച് മാത്രമല്ല നമുക്ക് പറഞ്ഞുതരുന്നത്. ആ കള്ളം അംഗീകരിച്ച്, ഉപചോദ്യങ്ങൾപോലും ഒഴിവാക്കിയ റൂബികയുടെയും ന്യൂസ് 18 ചാനലിന്റെയും വിധേയത്വത്തെപ്പറ്റി മാത്രവുമല്ല; ഇന്ത്യയിലെ മാധ്യമ മേഖലയെപ്പറ്റി, മോദി ഭക്തരെപ്പറ്റി, ഇന്ത്യൻ ജനതയെപ്പറ്റിയൊക്കെ അത് ചില ധാരണകൾ നൽകുന്നുണ്ട്. കൗണ്ടർ കറന്റ്സിൽ രാകേഷ് ശുക്ല ഒരു ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് ഈ വശം വ്യക്തമാക്കുന്നു: ‘‘രാജാ ബോലാ രാത് ഹേ/ മന്ത്രി ബോലാ രാത് ഹേ/ സെൻട്രി ബോലാ രാത് ഹേ/ യേ സുബഹ് സുബഹ് സുബഹ് കീ ബാത് ഹേ’’ (രാജാവ് പറഞ്ഞു, രാത്രിയാണെന്ന്. മന്ത്രി പറഞ്ഞു, രാത്രിയാണെന്ന്. പാറാവുകാരൻ പറഞ്ഞു, രാത്രിയാണെന്ന്. ഇത് നടന്നത് രാവിലെയും.)

താൻ മനുഷ്യജന്മമല്ല എന്നുവരെ മോദി പറഞ്ഞിട്ടും പ്രതിപക്ഷത്തുനിന്ന് ചില എതിർശബ്ദങ്ങൾ വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. അമേരിക്കയിലെപ്പോലെ നേതാവിന്റെ മാനസികാരോഗ്യം ചർച്ചയായില്ല. മോദി ഒരു അവതാരമാണെന്ന് വിശ്വസിക്കുന്നവർക്ക് അദ്ദേഹം തന്നെ അതിന് കാരണം കൊടുത്തു; അതിന് എൻ.ഡി. ടി.വി ചാനൽ നിന്നുകൊടുത്തു. ന്യൂ ഇന്ത്യൻ എന്ന പേരിലൊരു ചാനലുണ്ടെന്ന് പലരും അറിയുന്നത് മോദി അഭിമുഖത്തോടെയാണ്. (അഭിമുഖത്തിന്റെ തുടക്കം: ‘താങ്കൾ ശിവഭക്തനാണോ?’)

മോദിയെ അഭിമുഖംചെയ്ത മറ്റു ചാനലുകളിൽ ഡി.ഡി ന്യൂസ് (‘വികസിത ഭാരതം എന്റെ ലക്ഷം’: മോദി), എൻ.ഡി.ടി.വി (‘തുടർന്നും ഭരിക്കാനല്ല ഞാൻ സർക്കാറിനെ നയിക്കുന്നത്; രാജ്യത്തെ നിർമിക്കാനാണ്’), സ്റ്റേറ്റ്സ്മൻ, സലാം ഇന്ത്യ, ന്യൂ ഇന്ത്യൻ, ഇന്ത്യ ടുഡേ എന്നിവ ഉൾപ്പെടും.

പ്രസംഗങ്ങളിലെ വിഷയം രാഷ്ട്രീയ എതിരാളികളും ന്യൂനപക്ഷങ്ങളും; അഭിമുഖങ്ങളിലെ വിഷയം മോദി മാത്രം –ഇതാണ് ശൈലി. പൊയ്‍വാക്കുകൾകൊണ്ടുണ്ടാക്കിയ ബലൂണുകളാണ് എല്ലാം. സത്യത്തിന്റെ നേർത്ത സൂചിമുന മതി പൊട്ടാൻ. പക്ഷേ, നമ്മുടെ വൻകിട മാധ്യമങ്ങൾക്ക് ആ സൂചി നഷ്ടപ്പെട്ടിരിക്കുന്നു.


News Summary - weekly column media scan