Begin typing your search above and press return to search.
proflie-avatar
Login

ഈ വോട്ട് വിധേയമാധ്യമങ്ങൾക്കെതിരെയും

ഈ വോട്ട്   വിധേയമാധ്യമങ്ങൾക്കെതിരെയും
cancel

ജൂൺ 4. വൈകുന്നേരം നാലു മണി. ഇന്ത്യ ടുഡേ ചാനലിൽ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുകയാണ്. ഫലങ്ങൾ മിക്കവാറും എല്ലാം ആയിക്കൊണ്ടിരിക്കുന്നു. സ്റ്റുഡിയോയിൽ രജ്ദീപ് സർദേശായിയും രാഹുൽ കവലും മറ്റുമുണ്ട്. അതിഥിയായി പ്രദീപ് ഗുപ്തയും. പ്രദീപ് ഗുപ്ത കരയുകയാണ്. തൂവാലകൊണ്ട് കണ്ണീർ തുടക്കുന്നു. സർദേശായി അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നു: ‘‘സാരമില്ല. ചിലപ്പോൾ ശരിയാകും, ചിലപ്പോൾ തെറ്റിപ്പോകും. താങ്കൾക്കിത് ഒരു ആവേശമാണ്. പ്രേക്ഷകർ കാര്യം മനസ്സിലാക്കുകയാണ് വേണ്ടത്...’’ എന്തിനാണ് ഗുപ്ത കരയുന്നത്? ആക്സിസ്-മൈ ഇന്ത്യ എന്ന സർവേ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. സ്ഥാപനം ലോക്സഭ ഫലത്തെപ്പറ്റി എക്സിറ്റ് പോൾ നടത്തി...

Your Subscription Supports Independent Journalism

View Plans

ജൂൺ 4. വൈകുന്നേരം നാലു മണി. ഇന്ത്യ ടുഡേ ചാനലിൽ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുകയാണ്. ഫലങ്ങൾ മിക്കവാറും എല്ലാം ആയിക്കൊണ്ടിരിക്കുന്നു. സ്റ്റുഡിയോയിൽ രജ്ദീപ് സർദേശായിയും രാഹുൽ കവലും മറ്റുമുണ്ട്. അതിഥിയായി പ്രദീപ് ഗുപ്തയും.

പ്രദീപ് ഗുപ്ത കരയുകയാണ്. തൂവാലകൊണ്ട് കണ്ണീർ തുടക്കുന്നു. സർദേശായി അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നു: ‘‘സാരമില്ല. ചിലപ്പോൾ ശരിയാകും, ചിലപ്പോൾ തെറ്റിപ്പോകും. താങ്കൾക്കിത് ഒരു ആവേശമാണ്. പ്രേക്ഷകർ കാര്യം മനസ്സിലാക്കുകയാണ് വേണ്ടത്...’’

എന്തിനാണ് ഗുപ്ത കരയുന്നത്?

ആക്സിസ്-മൈ ഇന്ത്യ എന്ന സർവേ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. സ്ഥാപനം ലോക്സഭ ഫലത്തെപ്പറ്റി എക്സിറ്റ് പോൾ നടത്തി ഫലം പ്രവചിച്ചിരുന്നു. അത് അപ്പാടെ തെറ്റിപ്പോയതിന്റെ സങ്കടമാണ് ടി.വി സ്ക്രീനിൽ കരഞ്ഞുതീർക്കുന്നത്.

ഇതുപോലെ അനേകം സ്ഥാപനങ്ങൾ നടത്തിയ പ്രവചനം കേട്ട് ഓഹരിക്കമ്പോളം കുതിച്ചുയർന്നപ്പോൾ ഉടനെ ഇറങ്ങി നിക്ഷേപം നടത്തിയ കുറേ ആളുകളുണ്ട്. പ്രവചനം തെറ്റിയെന്ന് ഫലപ്രഖ്യാപനത്തോടെ മനസ്സിലായപ്പോൾ അവർ കരഞ്ഞത് ടി.വി സ്ക്രീനുകളിൽ കണ്ടിരിക്കില്ല. പ്രദീപ് ഗുപ്ത ഇപ്പോൾ കരയുന്നു; മുമ്പ് തന്റെ കമ്പനിയുടെ പ്രവചനം ശരിയായി പുലർന്നപ്പോൾ ടി.വി സ്റ്റുഡിയോയിൽ നൃത്തംചെയ്ത ചരിത്രവുമുണ്ട​േത്ര അദ്ദേഹത്തിന്.

ഗുപ്തയുടെ ആക്സിസ്-മൈ ഇന്ത്യക്ക് മാത്രമല്ല ഇത്തവണ പിഴച്ചത്. എൻ.ഡി.എ സഖ്യത്തിന് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചവരാണ് എല്ലാവരും. അതായത്, തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പരാജയം എക്സിറ്റ് പോളുകാരുടേതാണ്. എൻ.ഡി.എ മുന്നൂറ് സീറ്റുപോലും തൊട്ടില്ലല്ലോ.

‘ആക്സിസ്-മൈ ഇന്ത്യ’യെ ഇന്ത്യ ടുഡേ ഗ്രൂപ്പാണ് നിയോഗിച്ചത്. ‘മ ട്രീസ്’ (റിപ്പബ്ലിക് ടി.വി), പി. മാർക് (റിപ്പബ്ലിക് ഭാരത്), ‘ഡി -ഡൈനാമിക്സ്’ (ഇന്ത്യ ന്യൂസ്), ‘സി.എൻ.എക്സ്’ (ഇന്ത്യ ടി.വി), ‘ടുഡേയ്സ് ചാണക്യ’ (ന്യൂസ് 24), ‘ജൻ കീ ബാത്’, ‘ന്യൂസ് നേഷൻ’, ‘ന്യൂസ് 18 മെഗാ, എക്സിറ്റ് പോൾ’ തുടങ്ങി വേറെ സ്ഥാപനങ്ങളും എക്സിറ്റ് പോൾ നടത്തി.

ലോക്സഭയിലേക്കുള്ള 543 സീറ്റുകളുടെയും ഫലം പുറത്തുവന്നപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് 291 കിട്ടി; ‘ഇൻഡ്യ’ സഖ്യത്തിന് 234. ഈ യഥാർഥ ഫലവും വിവിധ പ്രവചനങ്ങളും തമ്മിലുള്ള അന്തരം നോക്കാം.

ആക്സിസ്-മൈ ഇന്ത്യ എൻ.ഡി.എക്ക് 401 സീറ്റ് വരെ പ്രവചിച്ചിരുന്നു. കിട്ടിയത് 291. കരയാതെങ്ങനെ? ഇൻഡ്യക്ക് അവർ പ്രവചിച്ചത് 166 സീറ്റ് വരെയാണ് (131 വരെ താഴാം). കിട്ടിയത് 234. കരഞ്ഞുപോകില്ലേ? മൊത്തം 543 സീറ്റ് ഉള്ളിടത്ത് നൂറു സീറ്റ് വീതം വ്യത്യാസം വന്നുവെങ്കിൽ അത് എന്തുതരം പ്രവചനമാണ്?

റിപ്പബ്ലിക് ടി.വിക്കുവേണ്ടി മ ട്രീസ് ചെയ്ത എക്സിറ്റ് പോൾ എൻ.ഡി.എക്ക് 368 സീറ്റ് വരെ പ്രവചിച്ചു. കിട്ടിയത് അതിലും 77 കുറവ്. ഇൻഡ്യക്ക് പരമാവധി 133 വരെ കിട്ടുമെന്നാണ് പറഞ്ഞത്. യഥാർഥത്തിൽ കിട്ടിയത് 101 കൂടുതൽ. കൗതുകകരമായ കാര്യം, റിപ്പബ്ലിക് ടി.വിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരതിനുവേണ്ടി പി. മാർക് നടത്തിയ പോളിൽ ഇൻഡ്യക്ക് കുറച്ചുകൂടി സീറ്റ് പ്രവചിച്ചിരുന്നു എന്നതാണ്; അവർ 154 പ്രവചിച്ചു (കിട്ടിയത് 234).

ആക്സിസ്-മൈ ഇന്ത്യയെപ്പോലെ എൻ.ഡി.എക്ക് വളരെയേറെയും ഇൻഡ്യക്ക് വളരെ കുറവും പ്രവചിച്ചവരാണ് ഇവരെല്ലാം: സി.എൻ.എക്സ് (എൻ.ഡി.എക്ക് 401 വരെ, ഇൻഡ്യക്ക് 139 വരെ); ന്യൂസ് നേഷൻ (378 വരെയും 169 വരെയും); ടുഡേയ്സ് ചാണക്യ (400ഉം 107ഉം); ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ (370 വരെയും 140 വരെയും); സി-വോട്ടർ (എ.ബി.പിക്കുവേണ്ടി 383 വരെയും 182 വരെയും); ഇ.ടി.ജി റിസർച് (ടൈംസ് നൗവിനുവേണ്ടി) (358ഉം 152ഉം); ദൈനിക് ഭാസ്കർ (350ഉം 201ഉം); ഡി-ഡൈനാമിക്സ് (ഇന്ത്യ ന്യൂസിനുവേണ്ടി (371ഉം125ഉം).

പത്തോ പതിനഞ്ചോ സീറ്റ് കൂടു​കയോ കുറയുകയോ ചെയ്യാം എന്നുപറഞ്ഞ ഏജൻസികൾ ഫലം വന്നപ്പോൾ 125ലേറെ വ്യത്യാസം വന്നതുകണ്ട് അമ്പരന്നു; കരഞ്ഞു.

​‘ഗോദി’ പോളുകൾ

എക്സിറ്റ് പോളിൽ ഇതൊ​െക്ക പതിവല്ലേ എന്ന് ചോദിക്കാം. പക്ഷേ സ്വാഭാവികമായ അബദ്ധമെന്ന് നിഷ്കളങ്കമായി പറയാൻ അനുവദിക്കാത്ത രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, വ്യതിയാനത്തിലെ വലുപ്പം. മറ്റൊന്ന്, പോളുകളിൽ കണ്ട പതിവില്ലാത്ത സമാനത. ഒന്നോ രണ്ടോ പോളുകളിലല്ല ഈ ഭീമമായ അന്തരം. പതിനൊന്ന് എക്സിറ്റ് പോളുകൾ പരിശോധിച്ചതിൽ ഒന്നുപോലും എൻ.ഡി.എക്ക് 300ൽ കുറവ് കാണിച്ചില്ല (ശരിക്ക് കിട്ടിയത് 291). ഒന്നുപോലും ഇൻഡ്യക്ക് 200 തികച്ച് കൊടുത്തില്ല (കിട്ടിയത് 234). വമ്പിച്ച അത്യുക്തിക്കും ന്യൂനോക്തിക്കുമൊപ്പം അമ്പരപ്പിക്കുന്ന സാമ്യവും ഒരു ഡസൻ അഭിപ്രായ സർവേകളിൽ കാണുന്നെങ്കിൽ അതിനർഥം എന്താകും? ഏതോ തലത്തിൽ ഗൂഢ ആസൂത്രണം സംശയിക്കാവുന്നതാണിത്.

ഒരു കാര്യം വ്യക്തമായിട്ടുണ്ട്. എക്സിറ്റ് പോളുകൾ ഫലത്തെപ്പറ്റി മാത്രമാണ് ചിന്തിച്ചത് –ആ ഫലത്തിലെത്തുന്ന മാർഗം കൃത്യമാകണമെന്ന നിർബന്ധം അവക്കുണ്ടായില്ല. സാംപ്ലിങ് എത്ര എന്ന് വ്യക്തമാക്കിയവർ കുറവ്. സാംപ്ലിങ്ങിലെ പ്രാതിനിധ്യ സ്വഭാവം ഉറപ്പുവരുത്തിയവർ അതിലും കുറവ്. സി- വോട്ടർ സ്ഥാപകൻ യശ്വന്ത് ദേശ് മുഖ് പറയുന്നു: ടി.വി ചാനലുകൾക്കുവേണ്ടി എത്രയും വേഗം സീറ്റുകൾ പ്രവചിക്കാനുള്ള തിടുക്കമാണ് ഇന്ന് കാണുന്നത്. വാസ്തവത്തിൽ എക്സിറ്റ് പോൾകൊണ്ട് സീറ്റുകളുടെ എണ്ണം പ്രവചിക്കാനാകില്ല. സ്ഥാനാർഥികൾക്ക് കിട്ടാൻ സാധ്യതയുള്ള വോട്ട് വിഹിതമേ അറിയാനാകൂ. ഇത് സീറ്റിലേക്ക് പരിവർത്തിപ്പിക്കുന്നതോടെ തെറ്റുസാധ്യത കൂടും.

വോട്ടുവിഹിതം ഏറക്കുറെ കൃത്യമായി അറിയണമെങ്കിൽപോലും ശാസ്ത്രീയ മാനങ്ങൾ ശരിയാകണം –സാംപ്ലിങ്ങും പ്രാതിനിധ്യവും അടക്കം. ഇതെല്ലാം സുതാര്യമായി വെളിപ്പെടുത്തുക എന്നതും എക്സിറ്റ് പോളുകളുടെ പ്രാഥമിക ബാധ്യതയാണ്. ഇത്തവണ അതൊന്നും ഉണ്ടായില്ല. സ്ക്രീനിൽ ‘‘ഫലം’’ ആദ്യം കാണിക്കാനുള്ള ധിറുതിയിൽ പരിഹാസ്യമായ തെറ്റുവരെ വരുന്നു. സീ ന്യൂസിൽ ഹരിയാനയിലെ തെരഞ്ഞെടുപ്പിന് എൻ.ഡി.എക്ക് 16-19 സീറ്റ് പതിച്ചുകൊടുത്തത് ഉദാഹരണം. അവിടെ ആകെ 10 പാർലമെന്റ് മണ്ഡലങ്ങളേ ഉള്ളൂ.

ഏത് അഭിപ്രായ സർവേയിലും വോട്ടർ പറയുന്നത് നേരാണോ എന്നറിയാൻ മാർഗമില്ല. വിവിധതരം പ്രാതിനിധ്യം ഉറപ്പുവരുത്താനാകില്ല. കർണാടകയിലെ ഈദിന എക്സിറ്റ് പോളുകളുടെ ദൗർബല്യം തുറന്നുകാട്ടുന്ന ചർച്ച പരിപാടി നടത്തിയത് യൂ ട്യൂബിൽ കാണാം. പോൾ നടത്തിയവരിൽ സാംപ്ൾ വലുപ്പം, വിശകലന രീതി, പ്രാതിനിധ്യ സ്വഭാവം തുടങ്ങിയവ വെളിപ്പെടുത്തിയത് ഒരേയൊരു ഏജൻസി (ആക്സിസ്-മൈ ഇന്ത്യ) ആണ്. ഒരുപാട് മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കേണ്ടിവന്നതായി അതിൽ കാണാം. വോട്ടർമാരിലെ ആൺ-പെൺ അനുപാതം 50ഉം 50ഉം ആയിട്ടാണ് ഫലത്തിൽ കാണിച്ചത്. യഥാർഥത്തിൽ സ്ത്രീവോട്ടർമാരെ വളരെ കുറച്ചേ കിട്ടിയുള്ളൂ. കിട്ടിയതുവെച്ച് 50 ശതമാനത്തിലേക്ക് ഊതിപ്പെരുപ്പിച്ചെന്നുമാത്രം.

രീതിശാസ്ത്രം വെളിപ്പെടുത്താത്ത മറ്റു ഏജൻസികൾ എന്തെല്ലാം തരത്തിൽ വെള്ളം ചേർത്തിരിക്കും! ഒട്ടും ശാസ്ത്രീയതയോ വിശ്വാസ്യതയോ ഇല്ലാത്ത ഈ പോളുകൾ വെച്ചാണ് ജൂൺ 3ന് സകല ചാനലുകളും അന്തിച്ചർച്ച നടത്തിയതെന്നുകൂടി ഓർക്കുക.

ഗുരുതരമായ ഒരുവശം ഇവിടെയുണ്ട്. വോട്ടിങ്ങിന് മുമ്പത്തെ സർവേ, വോട്ടിങ് ദിനത്തിലെ സർവേ, എക്സിറ്റ് സർവേ എന്നൊക്കെ പേരുകളിൽ നടത്തുന്നത് പ്രചാരണ പ്രധാനമാണ് എന്നതാണത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇവക്ക് കടിഞ്ഞാണിട്ടില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന മലിനീകരണം ഊഹിക്കാവുന്നതിലുമധികമാണ്.

പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നതിനുമുമ്പ് ഇറങ്ങിയ അഭിപ്രായ സർവേകൾ മോദിക്കും എൻ.ഡി.എക്കും ‘‘വാക്കോവർ’’ പ്രവചിച്ചിരുന്നു:

ഇത്തരം സർവേകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതാണ് ഇത്തവണ ഉണ്ടായ നല്ല ഫലം. എൻ.ഡി.എക്കുവേണ്ടി ഇൻഡ്യക്കെതിരെ, ‘‘ദേശീയ’’ ചാനലുകളെല്ലാം നിരന്നുനിന്ന് നടത്തിയ പ്രചണ്ഡമായ പ്രചാരണംകൂടി മറികടന്നുകൊണ്ടാണ് ജനങ്ങൾ ഇത്തവണ വിധിയെഴുതിയത്. ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നു. ഭരണത്തിൽ മാത്രമല്ല, മാധ്യമങ്ങളുടെ സമീപനത്തിലും. ഇനിയും അവക്കത് മനസ്സിലായില്ലെങ്കിൽ നഷ്ടം അവരുടേതുതന്നെയാകും. പ്രദീപ് ഗുപ്തയും എക്സിറ്റ് പോളുകാരും കരയണം. വിധേയമാധ്യമങ്ങളും. അവരെല്ലാം ഊതിപ്പെരുപ്പിച്ച നുണകൾ തകരുകയാണ്.


News Summary - weekly column media scan