Begin typing your search above and press return to search.
proflie-avatar
Login

ഒരേയൊരു ബി.ആർ.പി

ഒരേയൊരു ബി.ആർ.പി
cancel

‘‘മാധ്യമങ്ങൾ സമൂഹത്തിന്റെ കാവൽനായ്ക്കളാണെന്നാണ് വയ്പ്. അവർക്ക് കാവൽ ആര് എന്നൊരു ചോദ്യം ചിലപ്പോൾ ഉന്നയിക്കപ്പെടാറുണ്ട്. അതിന് ‘മാധ്യമ നിരൂപകർ’ എന്ന് സാമാന്യമായി ഉത്തരം നൽകാം. അവർ മാധ്യമങ്ങളുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത് സമൂഹത്തിന്റെ വിശാലമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാവണം. യാസീൻ അശ്റഫിന്റെ സമീപനം അത്തരത്തിലുള്ളതാണ്.’’ മാധ്യമം ആഴ്ചപ്പതിപ്പിൽ 1998 ഫെബ്രുവരി മുതൽ തുടങ്ങിയ ഈ പംക്തിയുടെ 2002 ഡിസംബർ വരെയുള്ള ലക്കങ്ങളിൽനിന്ന് തെരഞ്ഞെടുത്ത കുറിപ്പുകളടങ്ങിയ മീഡിയ സ്കാൻ: വാർത്താ മാധ്യമ വിശകലനക്കുറിപ്പുകൾ എന്ന പുസ്തകത്തിന് (ഫാറൂഖ് കോളജ് പബ്ലിക്കേഷൻസ് ഡിവിഷൻ, 2004) ബി.ആർ.പി. ഭാസ്കർ എഴുതിയ...

Your Subscription Supports Independent Journalism

View Plans

‘‘മാധ്യമങ്ങൾ സമൂഹത്തിന്റെ കാവൽനായ്ക്കളാണെന്നാണ് വയ്പ്. അവർക്ക് കാവൽ ആര് എന്നൊരു ചോദ്യം ചിലപ്പോൾ ഉന്നയിക്കപ്പെടാറുണ്ട്. അതിന് ‘മാധ്യമ നിരൂപകർ’ എന്ന് സാമാന്യമായി ഉത്തരം നൽകാം. അവർ മാധ്യമങ്ങളുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത് സമൂഹത്തിന്റെ വിശാലമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാവണം. യാസീൻ അശ്റഫിന്റെ സമീപനം അത്തരത്തിലുള്ളതാണ്.’’

മാധ്യമം ആഴ്ചപ്പതിപ്പിൽ 1998 ഫെബ്രുവരി മുതൽ തുടങ്ങിയ ഈ പംക്തിയുടെ 2002 ഡിസംബർ വരെയുള്ള ലക്കങ്ങളിൽനിന്ന് തെരഞ്ഞെടുത്ത കുറിപ്പുകളടങ്ങിയ മീഡിയ സ്കാൻ: വാർത്താ മാധ്യമ വിശകലനക്കുറിപ്പുകൾ എന്ന പുസ്തകത്തിന് (ഫാറൂഖ് കോളജ് പബ്ലിക്കേഷൻസ് ഡിവിഷൻ, 2004) ബി.ആർ.പി. ഭാസ്കർ എഴുതിയ പ്രൗഢമായ അവതാരിക അവസാനിച്ചത് അങ്ങനെയായിരുന്നു. അനൽപമായ ബഹുമതിയായി ആ വാക്കുകൾ. മാധ്യമ നിരൂപണത്തിന്റെ അടിസ്ഥാനങ്ങളും ആവശ്യകതയും നിരത്തിയ ആ അവതാരിക, സമർപ്പിത പ്രഫഷനലിസത്തോടെ മാധ്യമപ്രവർത്തനം നടത്തിയ ഒരാൾക്കു മാത്രം കഴിയുന്നതായിരുന്നു.

ആഴ്ചപ്പതിപ്പിൽ ഈ പംക്തി തുടങ്ങുമ്പോൾ മുൻ മാതൃകയായി ഉണ്ടായിരുന്നത് ഒരു ടെലിവിഷൻ പരിപാടിയായിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വാർത്താ ചാനൽ കൂടിയായ ഏഷ്യനെറ്റ് ന്യൂസിൽ ബി.ആർ.പിയും സക്കറിയയും മാറിമാറി അവതരിപ്പിച്ചിരുന്ന ‘പത്രവിശേഷം’ ആണത്.

ഇപ്പോൾ, ലോക്സഭ തെരഞ്ഞെടുപ്പു ഫലങ്ങൾ പ്രസിദ്ധപ്പെടുത്തിയ അതേ തീയതിയിലാണ്ബി .ആർ.പിയുടെ നിര്യാണവാർത്തയും പത്രങ്ങളിൽ വരുന്നത്. അതുകൊണ്ടുതന്നെ, സാധാരണനിലക്ക് മുൻപേജിൽ വരേണ്ടിയിരുന്ന ആ വിയോഗവാർത്ത പല പത്രങ്ങളിലും ഉൾപേജിലാണ് അച്ചടിച്ചത്. വ്യക്തിനിരപേക്ഷമായ പ്രഫഷനലിസത്തെ എന്നും മുറുകെ പിടിച്ച ബി.ആർ.പി ഈ രീതിയെ വിമർശിക്കുമായിരുന്നില്ല. എങ്കിൽപോലും, ജനാധിപത്യത്തിനുവേണ്ടി എന്നും ഉറക്കെ ശബ്ദിച്ച അദ്ദേഹം ആ ദിവസം പ്രത്യേകിച്ചും മുൻപേജിൽ ഇടം അർഹിച്ചിരുന്നു എന്നു പറയാൻ തോന്നുന്നു.

മീഡിയ സ്കാൻ പുസ്തകത്തിന് അവതാരികക്കായി അദ്ദേഹത്തെ സമീപിച്ചത് മുതൽ അദ്ദേഹത്തോട് ഒരു ആവശ്യം ഉന്നയിച്ചിരുന്നു –പത്രപ്രവർത്തന രംഗത്തെ അനുഭവങ്ങൾ രേഖപ്പെടുത്തി ആത്മകഥ എഴുതണമെന്ന്. എന്നാൽ, സ്വന്തത്തെപ്പറ്റി പറയാനുള്ള മടി കാരണം അദ്ദേഹം ഒഴിഞ്ഞുമാറി. പലരും നിരന്തരം നിർബന്ധിച്ചതിനുശേഷമാണ് ന്യൂസ് റൂം: ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ പരമ്പരയായി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധ​പ്പെടുത്താനായത്. തികഞ്ഞ മാധ്യമപ്രവർത്തന ശൈലിയിൽ എഴുതിയ ഒരു ആത്മകഥയാണത്.

ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ എന്ന ബി.ആർ.പി. ഭാസ്കർ ഹിന്ദു, സ്റ്റേറ്റ്സ്മൻ, പേട്രിയട്ട്, ഡെക്കാൻ ഹെറൾഡ്, ആന്ധ്രപ്രദേശ് ടൈംസ് തുടങ്ങിയ പത്രങ്ങളിലും വാർത്താ ഏജൻസിയായ യു.എൻ.ഐയിലും പ്രവർത്തിച്ചു. ഏഷ്യനെറ്റിന്റെ എഡിറ്റോറിയൽ ഉപദേഷ്ടാവായിരുന്നു. പൊതുവിഷയങ്ങളിലെന്നപോലെ മാധ്യമമൂല്യങ്ങളുടെ കാര്യത്തിലും ധാർമികതയിലൂന്നിയ നിലപാട് സ്വീകരിച്ച അദ്ദേഹത്തിന് അക്കാരണത്താൽ തന്നെ പലകുറി വിവിധ അധികൃതരുടെ എതിർപ്പ് നേരിടേണ്ടിയും വന്നു. 1980കളിൽ ജമ്മു-കശ്മീർ ഭരണകൂടത്തിന്റെ അനിഷ്ടം സമ്പാദിച്ച അദ്ദേഹത്തിനുനേരെ അവിടെ വധശ്രമം വരെ നടന്നു.

അച്ചടിപ്പത്രങ്ങളുടെ സമയപരിമിതി മറികടക്കാൻ ബി.ആർ.പി സഹായിച്ച സംഭവം തോമസ് ജേക്കബ് (മലയാള മനോരമ) അനുസ്മരിക്കുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് (1969) ഇന്ത്യൻ സമയം രാത്രി 1.47നാണ്. അത് നടന്നശേഷം വാർത്ത എഴുതി കമ്പോസ് ചെയ്യാൻ നേരമുണ്ടാകില്ല. അന്ന് യു.എൻ.ഐയിലായിരുന്ന ബി.ആർ.പി, വാർത്ത മുൻകൂട്ടി എഴുതി ഏജൻസി വഴി പത്രങ്ങൾക്ക് അയച്ചുകൊടുത്തു –ചന്ദ്രനിൽ ഇറങ്ങിയ വിവരം കിട്ടിയ ശേഷമേ അച്ചടിക്കാവൂ എന്ന നിബന്ധനയോടെ. ചരിത്രപ്രധാനമായ ആ സംഭവം പത്രവായനക്കാർക്ക് പിറ്റേന്നുതന്നെ വായിക്കാനായത് അങ്ങനെയാണ്.

എൻ.ഡി.ടി.വി അദാനിയുടെ കീഴിൽ വന്നതും അത് ആ ചാനലിന്റെ ഉള്ളടക്കത്തിലുണ്ടാക്കിയ മാറ്റവും ശ്രദ്ധിക്കുന്നവർ ഒരുപക്ഷേ, ബി.ആർ.പി ഒരുകാലത്ത് ഇത്തരം ‘മുതലാളിമാറ്റം’ അനുഭവിച്ച കഥ ഓർമയുണ്ടാകില്ല. ഏഷ്യനെറ്റിലായിരുന്നു അത്.

‘പത്രവിശേഷം’ പരിപാടിയിൽ സ്വാഭാവികമായും പത്രങ്ങളുടെ ഉള്ളടക്കവും നിലപാടുമെല്ലാം വിമർശിക്കപ്പെട്ടിരുന്നു. അന്ന് ഇതിനോട് ചില മുഖ്യധാരാ മാധ്യമങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. ടെലിവിഷൻ ചാനലുകളുടെ പരിപാടികൾ അച്ചടിച്ചിരുന്ന മാതൃഭൂമി, ഏക മലയാളം വാർത്താ ചാനലായിരുന്ന ഏഷ്യനെറ്റിന്റെ പരിപാടികൾ ഏറെക്കാലം അച്ചടിക്കാതെ മാറ്റിവെച്ചിരുന്നു.

അതിനിടെ ചാനലിന്റെ തലപ്പത്ത് മാറ്റമുണ്ടായി. ശശികുമാർ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. പകരം ഡോ. റെജി മേനോൻ വന്നു; അദ്ദേഹംതന്നെ ചീഫ് എഡിറ്ററായി. വ്യക്തിപരമായ കാര്യലാഭത്തിന് ചാനലിലെ സ്ഥാനം അദ്ദേഹം ഉപയോഗിച്ചതായി ബി.ആർ.പി മനസ്സിലാക്കി. മാത്രമല്ല, ‘പത്രവിശേഷം’ പരിപാടിയുടെ ഉള്ളടക്കം ചില പത്രങ്ങളുടെ സമ്മർദപ്രകാരം മാറ്റാനും ശ്രമിച്ചു (വിശദവിവരങ്ങൾ 2000 ജനുവരി 21ലെ മാധ്യമം ആഴ്ചപ്പതിപ്പ് കവർസ്റ്റോറിയിൽ). ബി.ആർ.പി ഏഷ്യനെറ്റ് ന്യൂസിലെ പദവി വിട്ടു; ‘പത്രവിശേഷം’ അവതരിപ്പിക്കുന്നത് നിർത്തി.

കീഴാളർ മാധ്യമശ്രദ്ധയിൽനിന്ന് അദൃശ്യരാക്കപ്പെട്ട കാലത്ത് അവർക്ക് ദൃശ്യതയും ശബ്ദവും നൽകി ബി.ആർ.പി -ചിലപ്പോൾ ഏകനായിത്തന്നെ. മുത്തങ്ങയിൽ ആദിവാസികൾ ആക്രമിക്കപ്പെട്ടപ്പോൾ അവർക്കുവേണ്ടി ശബ്ദിച്ചു. പ്ലാച്ചിമട, ചെങ്ങറ സമരങ്ങളിലും ആണവവിരുദ്ധ പ്രക്ഷോഭത്തിലും മറ്റും അദ്ദേഹം ഇരകളുടെ പക്ഷത്ത് നിലകൊണ്ടു. ദലിത് സംഘടനയായ ഡി.എച്ച്.ആർ.എമ്മിന്റെ പ്രവർത്തകർ പൊലീസ് നായാട്ടിനിരയായ ഘട്ടത്തിൽ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിഷ്ക്രിയത്വം പാലിച്ചപ്പോൾ പ്രതിഷേധങ്ങൾക്ക് കരുത്ത് പകർന്നത് ബി.ആർ.പി ആയിരുന്നു. ബി.ആർ.പിയുടെ നിര്യാണത്തോടെ ആ കരുത്തിനാണ് കുറവ് വരുന്നത്. ജനാധിപത്യപരമായ മാധ്യമ ഇടപെടലുകൾക്കും.

വാർത്താസമ്മേളനം റീപ്ലേ ചെയ്താൽ

അധികാരികൾ മാധ്യമങ്ങളോട് പുലർത്തുന്ന സമീപനം അവരുടെ ജനാധിപത്യ സ്വഭാവമെത്ര എന്ന് വ്യക്തമാക്കും. വാർത്താസമ്മേളനം നടത്താത്ത നരേന്ദ്ര മോദിയായാലും മാധ്യമങ്ങളോട് കയർക്കുന്ന പിണറായി വിജയനായാലും ജനാധിപത്യത്തോട് തങ്ങൾ പുലർത്തുന്ന സമീപനംകൂടിയാണ് അതുവഴി വെളിപ്പെടുത്തുന്നത്.

പുതിയ യൂനിയൻ മന്ത്രിസഭയിൽ അംഗമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിനെ പരസ്യമായി അപമാനിച്ചു. മന്ത്രിസ്ഥാനത്തേക്ക് നിയുക്തനായപ്പോൾ അദ്ദേഹത്തെ കാണാൻ ചെന്ന മലയാളി മാധ്യമപ്രവർത്തകരിലൊരാൾ ഉന്നയിച്ച ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.

‘‘എട്ടു വകുപ്പുകളിൽ ഇടപെടാൻ കഴിയുന്ന’’ സ്ഥാനം പ്രതീക്ഷിച്ച അദ്ദേഹത്തിന് സഹമന്ത്രി പദവി മാത്രം കിട്ടിയതിനെപ്പറ്റിയായിരുന്നു ചോദ്യം. അദ്ദേഹം പ്രകോപിതനായി.

മറുപടി പറയുന്നതിനിടെ, ചോദ്യകർത്താവ് പറയാത്ത ഒരു വാക്ക് (‘‘പോലും’’) അദ്ദേഹത്തിനുമേൽ ആരോപിച്ച സുരേഷ് ഗോപി അരിശത്തോടെ ചോദിച്ചു: ‘‘അതെന്താ ‘പോലും’?’’

എന്നിട്ടദ്ദേഹം ജേണലിസ്റ്റിന്റെ മൈക്ക് നോക്കി വായിച്ചുകൊണ്ട് പറഞ്ഞു: ‘‘മീഡിയ വൺ... വെരിഗുഡ്. കോൺസ്റ്റിറ്റ്യൂഷനെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്ന് നമുക്ക് നേരത്തേ അറിയാം.’’ (ഭരണഘടനക്കനുസൃതമായിട്ടാണ് മീഡിയവൺ പ്രവർത്തിച്ചിട്ടുള്ളതെന്ന് ഈയിടെ വിധിച്ചത് സുപ്രീംകോടതിയാണ്).

ജേണലിസ്റ്റ്-നിയുക്ത മന്ത്രി വാക്പയറ്റ് പദാനുപദം ഇങ്ങനെ:

ജേണലിസ്റ്റ്: ജോർജ് കുര്യനും കൂടിവന്നത് ഇരട്ടി സന്തോഷമായോ?

മന്ത്രി: കുറച്ച് ജോലി പങ്കുവെച്ച് കിട്ടുമല്ലോ. എളുപ്പമല്ലേ.

ജേ: എട്ടു വകുപ്പുകളെങ്കിലും ഇടപെടാൻ കഴിയുമെന്ന് പറഞ്ഞിരുന്നല്ലോ?

മ: എനിക്കറിയില്ല.

ജേ: സഹമന്ത്രിസ്ഥാനമാണല്ലോ കിട്ടിയത്.

മ: അതുപോലും വേണ്ട എന്നാണ് പറഞ്ഞത്. അതെന്താ ‘പോലും’? അതെങ്ങനെയാ നിങ്ങൾ ‘പോലും’ എന്ന് പറയുന്നത്? (മൈക്ക് നോക്കി) മീഡിയവൺ... മീഡിയ വൺ... വെരി ഗുഡ്... കോൺസ്റ്റിറ്റ്യൂഷനെ നിങ്ങൾ എത്രമാത്രം മതിക്കുന്നു എന്ന് നമുക്ക് നേരത്തേ അറിയാം. ഒന്നുകൂടി ഉറപ്പിച്ചു അത്. താങ്ക്്യൂ. താങ്ക്‍യൂ.

ജേ: വാട്ട്സ് റോങ്?

മ: വാട്ട്സ് റോങ്ങോ? എന്തോന്ന് ‘പോലും’?

ജേ: ഏത് ‘പോലും’ എന്നാണ് ഞാൻ ചോദിച്ചത്?

‘‘പോലും’’ എന്ന് താൻ പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ജേണലിസ്റ്റിനോട് സുരേഷ് ഗോപി വാർത്താസമ്മേളനത്തിൽനിന്ന് വിട്ടുപോകുമ്പോൾ ആവശ്യപ്പെടുന്നു: ‘‘നിങ്ങൾ ആദ്യം ചോദിച്ച ചോദ്യം ഒന്ന് റീപ്ലേ ചെയ്ത് കണ്ടോളൂ. ജനങ്ങൾക്ക് മനസ്സിലാവും.’’

റീപ്ലേ ചെയ്താൽ ജനങ്ങൾക്ക് മനസ്സിലാകുന്നതാണ് മുകളിൽ കൊടുത്തത്. മന്ത്രി തികഞ്ഞ മുൻവിധിയോടെ ഒരു വാർത്താമാധ്യമത്തെപ്പറ്റി വ്യാജം പറഞ്ഞതും അക്കൂട്ടത്തിലുണ്ട്.


News Summary - weekly column media scan