Begin typing your search above and press return to search.
proflie-avatar
Login

ബലൂൺ ജേണലിസം: ഗോദി മീഡിയക്ക് തുണയുണ്ട്

ബലൂൺ ജേണലിസം:   ഗോദി മീഡിയക്ക് തുണയുണ്ട്
cancel

ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ സ്വരം കേൾപ്പിച്ചില്ല; എന്നാൽ പ്രധാനമന്ത്രിയുടെ നിസ്സാര ട്വീറ്റുകൾപോലും പൊലിപ്പിച്ചു. പ്രതിപക്ഷത്തിനെതിരെ ലഭ്യമാകുന്ന എന്തും വാർത്തയാക്കി; എന്നാൽ ജീവശാസ്ത്രപരമായി ജനിച്ച സാധാരണ മനുഷ്യനല്ല താൻ എന്ന മോദിയുടെ പ്രസ്താവന നയപ്രഖ്യാപനത്തിന്റെ പവിത്രതയോടെ റിലേ ചെയ്തു. ഇങ്ങനെ പരസ്യമായി മോദിസർക്കാറിന്റെ പി.ആർ ഏജൻസിയായി വർത്തിച്ചവരാണ് മിക്ക ദേശീയ മാധ്യമങ്ങളും. ചാനലുകൾ മാത്രമല്ല, അച്ചടിമാധ്യമങ്ങളും. വിമർശനബുദ്ധി ഇല്ലാത്ത ഉച്ചഭാഷിണികൾ. ഇന്ത്യ ടുഡേ വാരികയുടെ കഴിഞ്ഞ ഒരു വർഷത്തെ ലക്കങ്ങൾ (2023 ജൂൺ 12 മുതൽ 2024 ജൂൺ 10 വരെയുള്ളവ) പരിശോധിച്ചതിന്റെ ഫലം ന്യൂസ്...

Your Subscription Supports Independent Journalism

View Plans

ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ സ്വരം കേൾപ്പിച്ചില്ല; എന്നാൽ പ്രധാനമന്ത്രിയുടെ നിസ്സാര ട്വീറ്റുകൾപോലും പൊലിപ്പിച്ചു. പ്രതിപക്ഷത്തിനെതിരെ ലഭ്യമാകുന്ന എന്തും വാർത്തയാക്കി; എന്നാൽ ജീവശാസ്ത്രപരമായി ജനിച്ച സാധാരണ മനുഷ്യനല്ല താൻ എന്ന മോദിയുടെ പ്രസ്താവന നയപ്രഖ്യാപനത്തിന്റെ പവിത്രതയോടെ റിലേ ചെയ്തു. ഇങ്ങനെ പരസ്യമായി മോദിസർക്കാറിന്റെ പി.ആർ ഏജൻസിയായി വർത്തിച്ചവരാണ് മിക്ക ദേശീയ മാധ്യമങ്ങളും. ചാനലുകൾ മാത്രമല്ല, അച്ചടിമാധ്യമങ്ങളും. വിമർശനബുദ്ധി ഇല്ലാത്ത ഉച്ചഭാഷിണികൾ.

ഇന്ത്യ ടുഡേ വാരികയുടെ കഴിഞ്ഞ ഒരു വർഷത്തെ ലക്കങ്ങൾ (2023 ജൂൺ 12 മുതൽ 2024 ജൂൺ 10 വരെയുള്ളവ) പരിശോധിച്ചതിന്റെ ഫലം ന്യൂസ് ലോൺഡ്രി പുറത്തുവിട്ടിട്ടുണ്ട്. ആ 53 ലക്കങ്ങളിൽ ‘ഇൻഡ്യ’ സഖ്യത്തെപ്പറ്റി ഏഴ് കവർസ്റ്റോറി ചെയ്തതിൽ രണ്ടെണ്ണം മാത്രമാണ് തെരഞ്ഞെടുപ്പിനുമുമ്പ് വന്നത്. ബാക്കി അഞ്ചെണ്ണം തെരഞ്ഞെടുപ്പ് സീസണിൽ (പക്ഷഭേദം തോന്നിക്കാതിരിക്കാൻ) ചെയ്തതാണ്. മറുവശത്ത്, മോദി ഒമ്പതു തവണ കവർസ്റ്റോറിയായി. എല്ലാം പുകഴ്ത്തുന്നവ. ഈ കവർ സ്റ്റോറികൾക്കൊപ്പം ചേർത്ത ചീഫ് എഡിറ്റർ അരുൺ പുരിയുടെ കുറിപ്പുകൾ മോദി ഭക്തിയുടെ മാതൃകകളായിരുന്നു. തെരഞ്ഞെടുപ്പുവേള വരെയുള്ള ലക്കങ്ങളിൽ വാരിക മോദിസർക്കാറിന്റെ ‘‘ഗംഭീര’’ നേട്ടങ്ങളെപ്പറ്റി എഴുതി. പരിഷ്കർത്താവ്, പാവങ്ങളുടെ മിശിഹാ, വിശ്വഗുരു തുടങ്ങിയ പട്ടങ്ങൾകൊണ്ട് മോദിയെ വാഴ്ത്തി. 1992ൽ ബാബരി മസ്ജിദ് കർസേവകർ തകർത്തപ്പോൾ ‘രാജ്യത്തിന്റെ നാണക്കേട്’ എന്ന കവർസ്റ്റോറി ചെയ്ത ഇന്ത്യ ടുഡേ, ഇക്കൊല്ലം ആ സ്ഥലത്ത് രാമക്ഷേത്രം ഉദ്ഘാടനംചെയ്ത മോദിയെ പ്രത്യേക പതിപ്പിന്റെ കവറിൽ ആഘോഷിച്ചു.

അത്രതന്നെ ഗോദി മീഡിയ പദവി നേടിയിട്ടില്ലാത്ത മാധ്യമങ്ങളും മോദിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തി​ന്റെ അപ്രധാന പ്രസ്താവനകൾവരെ ഒന്നാംപേജിൽ മുഖ്യവാർത്തയായി ചേർക്കാറുള്ള ഹിന്ദു ഉദാഹരണം. ആ പത്രം പൊതുവെ പുലർത്തുന്ന സൂക്ഷ്മത മോദിയുടെ കാര്യത്തിൽ ഉപേക്ഷിക്കുന്നപോലെ.

തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ലാതെ ബി.ജെ.പി കൂട്ടുകക്ഷി സർക്കാറിന് ശ്രമം നടത്തിക്കൊണ്ടിരിക്കെ എൻ.ഡി.എ സഖ്യം നേതാവായി നരേന്ദ്ര മോദിയെ അംഗീകരിച്ചു. ഈ നീക്കം കൗതുകകരമായ ചില രാഷ്ട്രീയ കൗശലങ്ങൾ ഉൾക്കൊണ്ടിരുന്നു. പ്രധാനമായും, മുഖ്യകക്ഷിയായ ബി.ജെ.പിയുടെ എം.പിമാർ യോഗം ചേരുകയോ നേതാവിനെ തെരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് മുമ്പാണ് എൻ.ഡി.എ സഖ്യത്തിന്റെ നേതാവ് വാഴിക്കപ്പെട്ടത് എന്നതുതന്നെ. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ചേർന്നാലും മറ്റൊരു നേതാവിനെ അവർക്ക് തെരഞ്ഞെടുക്കാനാകില്ല എന്ന് വാദിക്കാമെങ്കിലും, പാർലമെന്ററി പാർട്ടി നേതാവിനെ ഔപചാരികമായി അംഗീകരിക്കൽ നിയമപരമായ ആവശ്യമാണ്.

സാധാരണ, അതത് പാർട്ടികൾ സ്വന്തം നേതാക്കളെ നിശ്ചയിച്ചതിന് ശേഷമാണ് മുന്നണി നേതൃത്വത്തെ തീരുമാനിക്കുക. എന്നാൽ, ഇവിടെ മോദി അൽപം തിടുക്കം കൂട്ടി –ഇൻഡ്യ സഖ്യം അവസരം പാർത്ത് അപ്പുറത്തുണ്ടല്ലോ. നടപടിക്രമത്തിലെ ഈ വ്യതിയാനവും മോദിയുടെ ധിറുതിയും വാർത്തയാക്കാമായിരുന്നു. പക്ഷേ ഹിന്ദു (ജൂൺ 6) ലീഡ് വാർത്ത അതെല്ലാം അവഗണിച്ചുള്ളതായിരുന്നു. ‘എൻ.ഡി.എ മോദിയെ നേതാവായി തെരഞ്ഞെടുത്തു’ (NDA elects Modi as its leader) എന്ന് തലക്കെട്ട്. ഉപതലക്കെട്ടിൽ ഇങ്ങനെ: ‘ജൂൺ 7ന് എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം ചേരും.’ ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടിയല്ലാതെ, മുന്നണിയുടെ പാർലമെന്ററി പാർട്ടി എന്നൊന്ന് നിയമത്തിലില്ല. നിയമപരമായി നടക്കേണ്ട യോഗം നടക്കും മുമ്പേ മോദിയെ നേതാവായി നിശ്ചയിച്ചതിലെ അനൗചിത്യം മുഴച്ചുനിന്നെങ്കിലും മാധ്യമങ്ങൾ അത് ചൂണ്ടിക്കാട്ടിയില്ല.

ജി7 എന്ന അവാർത്ത; മോദി സന്ദർശനം എന്ന വാർത്ത

സംഭവങ്ങളുടെ പ്രാധാന്യമാണ് അവയിലുൾപ്പെട്ട വ്യക്തികൾക്ക് വാർത്താപ്രാമുഖ്യം പകരുന്നത്. എന്നാൽ, സംഭവത്തേക്കാൾ വ്യക്തിയെ വാർത്താ കേന്ദ്രമാക്കുന്ന രീതി മോദി അടക്കമുള്ളവർ അവലംബിക്കുമ്പോൾ മാധ്യമങ്ങൾ അവർക്ക് വഴങ്ങുന്നതായി കാണുന്നു. 2022-23ൽ ജി 20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഇന്ത്യക്കായിരുന്നു. സ്വാഭാവികമായും പ്രധാനമന്ത്രി എന്നനിലക്ക് മോദി ആ വർഷം ജി 20 അധ്യക്ഷപദവി വഹിച്ചു.

അംഗരാജ്യങ്ങൾക്കിടയിൽ ഊഴമിട്ട് മാറിവരുന്നതാണ് അധ്യക്ഷപദവി. അങ്ങനെ ഇന്ത്യക്ക് ലഭിച്ചതായിട്ടും അത് ഒരു വർഷത്തെ പി.ആർ ആഘോഷമാക്കി മോദി മാറ്റി. ജി 20നെക്കാൾ വലിയ ന​രേന്ദ്ര മോദി പരസ്യബോർഡുകളിലും സർക്കാർ പ്രസാധനങ്ങളിലും കാണപ്പെട്ടു.

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആ സർട്ടിഫിക്കറ്റ് കൊടുക്കണം. ഇങ്ങനെ സാക്ഷ്യപത്രം സ്വീകരിക്കുന്നത് വാർത്താ പ്രാധാന്യമില്ലാത്ത, യാന്ത്രികമായ, നടപടിക്രമമാണ്. എന്നാൽ, ഇന്ന് അതും വലിയ ഫോട്ടോ ഓപ് സംഭവമാകുന്നു; മീഡിയ ഇവന്റ് ആകുന്നു. പ്രധാനമന്ത്രിയായി മോദിയെ നിയമിച്ച് രാഷ്ട്രപതി കത്ത് നൽകിയപ്പോഴും മോദി അതുമായി സ്വന്തം ഫോട്ടോ എടുപ്പിച്ച് സംഭവം കൊണ്ടാടി. സംഭവത്തേക്കാൾ വലുതാകാൻ നേതാക്കൾ ശ്രമിക്കുമ്പോൾ മാധ്യമങ്ങൾ എന്തുചെയ്യണം?

നേതാക്കളുടെ വഴിക്ക് പോകാൻ പലരും തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുവിൽ ജൂൺ 15ന് വന്ന ലീഡ് വാർത്ത ഇതിന്റെ മാതൃകയാണ്. ‘ഇന്ത്യയിലെ തെരഞ്ഞെടുപ്പു ഫലം ജനാധിപത്യ ലോകത്തിന്റെ വിജയം: പ്രധാനമന്ത്രി’ (India's poll results victory for democratic world: PM) എന്നാണ് ആ തലക്കെട്ട്.

ഒരു ലീഡ് വാർത്തയാകാൻ എന്ത് വാർത്താമൂല്യമാണ് ഈ വെറും പ്രസ്താവനക്കുള്ളത്? (ആ പ്രസ്താവനപോലും വലിയ അബദ്ധം ഉൾക്കൊള്ളുന്നു. ജനാധിപത്യ ലോകത്തിന്റെ വിജയമായി മോദി ഉയർത്തിക്കാട്ടിയത് ഇന്ത്യൻ തെരഞ്ഞെടുപ്പിനെയല്ല, തെരഞ്ഞെടുപ്പുഫലത്തെയാണ്. നിലവിലെ സർക്കാറിനെ ബാലറ്റ് വഴി പുറത്താക്കിയിരുന്നെങ്കിൽ അത് ജനാധിപത്യത്തിന്റെ വിജയമാകില്ലെന്നല്ലേ ഇതിനർഥം?)

വ്യക്തിയെ പൊലിപ്പിക്കാൻ സംഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന രീതിയുടെ മികച്ച ഉദാഹരണമാണ് മോദിയുടെ ജി 7 യോഗ പങ്കാളിത്തം. ആ കൂട്ടായ്മയും ഇന്ത്യയുമായി ​േചർച്ചയില്ല എന്നതിരിക്കട്ടെ. അതിൽ ഇന്ത്യ അംഗമേയല്ല; അമേരിക്ക അടക്കമുള്ളവരുടെ താൽപര്യം നടപ്പാക്കാനുള്ള വേദിയാണത്. അതിനുവേണ്ടി ഒരുപാട് ഇതര രാജ്യങ്ങളെ നിരീക്ഷകർ (ക്ഷണിതാക്കൾ) ആക്കിയിട്ടുണ്ടവർ –അക്കൂട്ടത്തിലൊന്നാണ് ഇന്ത്യയും. തീരുമാനങ്ങളിൽ ക്ഷണിതാക്കൾക്ക് പങ്കില്ല. മിക്ക നിരീക്ഷക രാജ്യങ്ങളും പൊതുവെ ഉച്ചകോടിക്ക് പോകാറില്ല.

ഇന്ത്യയോടുള്ള താൽപര്യം ഇന്ത്യൻ പ്രധാനമന്ത്രിയോട് ജി 7 രാജ്യങ്ങൾക്കില്ല എന്ന നിരീക്ഷണം വിദേശ മാധ്യമങ്ങളിൽ കാണാം. ജപ്പാൻ ടൈംസ് പത്രം (ജപ്പാൻ ജി 7 അംഗമാണ്) മോദിയുടെ സാന്നിധ്യത്തെ കളിയാക്കിക്കൊണ്ട് ഒരു ലേഖനം (ജൂൺ 16) പ്രസിദ്ധപ്പെടുത്തി. ‘‘... കിട്ടിയ അവസരം ഇന്ത്യൻ നേതാവ് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്ന് മോദി, തന്റെ സർക്കാർ വിദേശങ്ങളിൽ ആളെ വിട്ട് കൊലപാതകം ചെയ്യിക്കുന്നുണ്ടെന്ന് ആരോപിച്ച രണ്ടു രാജ്യങ്ങളുടെ (കാനഡ, യു.എസ്) നേതാക്കളുമായും കൂടിക്കണ്ടു.’’

പല നേതാക്കളും ഇന്ത്യൻ പ്രധാനമന്ത്രിയെ അവഗണിച്ചതായി റിപ്പോർട്ടുകളുണ്ട്. സന്ദർശനത്തിനായി ഇറ്റലിയിലെത്തിയപ്പോൾ, സ്വീകരിക്കാൻ ആളില്ലാതെ അദ്ദേഹമവിടെ കാത്തുനിൽക്കേണ്ടി (ഒടുവിൽ ഇരിക്കേണ്ടിയും) വന്നുവെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. (ദക്ഷിണാഫ്രിക്കയിൽ ചെന്നപ്പോൾ, സ്വീകരിക്കാൻ അവിടത്തെ ഉപരാഷ്ട്രപതി എത്തണമെന്ന് ശഠിച്ച് മോദി വിമാനത്തിൽതന്നെ ഇരുന്നു എന്നത് കഴിഞ്ഞ കൊല്ലത്തെ വാർത്ത.)

ജി 7 ഉച്ചകോടിക്കൊടുവിൽ ഇറക്കിയ പ്രഖ്യാപനത്തിലും ഇന്ത്യക്ക് പങ്ക് ഒന്നുമില്ല. ‘‘ജനാധിപത്യ രാജ്യങ്ങളിലെ വിദേശ ഇടപെടലുകളെ’’പ്പറ്റി അതിൽ പ്രകടിപ്പിച്ച ആശങ്കയുടെ മുന ഇന്ത്യക്കു നേരെയാണെന്ന് നിരീക്ഷകർ കരുതുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വ്യക്തമാകുന്നത് മോദിയുടെ ഇറ്റലി സന്ദർശനം ഇന്ത്യക്ക് ഒരു നേട്ടവുമുണ്ടാക്കിയില്ല എന്നാണ്. അതേസമയം അദ്ദേഹം അത് സ്വന്തം പ്രതിച്ഛായക്കും രാഷ്ട്രീയത്തിനും ഉപയോഗിച്ചു. അവിടെ വെച്ച് മാർപാപ്പയെ കണ്ടതും ആ ഫോട്ടോ ഇങ്ങ് ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും അങ്ങനെയാണ്.

അതുകൊണ്ടാണ് ഹിന്ദുവിന്റെ ആ ലീഡ് തിര​െഞ്ഞടുപ്പ് ചോദ്യം ചെയ്യപ്പെടുന്നത്. ടെലിഗ്രാഫിൽ (ജൂൺ 16) മുകുൾ കേശവൻ എഴുതിയപോലെ, ജി 7ൽ മോദി സംബന്ധി​ക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ആ അപ്രസക്ത ഉച്ചകോടി ഉപയോഗിച്ച് സ്വന്തം ഇമേജ് വളർത്താൻ പ്രധാനമന്ത്രി നടത്തിയ പി.ആർ ശ്രമത്തിന് പത്രം ഇരയായി. ഹിന്ദു ഒരു ഉദാഹരണം മാത്രമാണ്. രാഷ്ട്രീയത്തിൽ വ്യക്തികളെ പൊലിപ്പിക്കുന്ന മാധ്യമശീലം മോദി കാലഘട്ടത്തിൽ ഒന്നുകൂടി ശക്തിപ്പെടുന്നു എന്നതിന്റെ ഉദാഹരണം. ബലൂണുകളെ അങ്ങനെ കാണണം. അല്ലാതെ ജേണലിസം തന്നെ ബലൂൺ കളിയാകരുത്.


News Summary - weekly column media scan