Begin typing your search above and press return to search.
proflie-avatar
Login

മലയാള പത്രങ്ങൾക്ക് തെക്കോട്ട് ചരിവ്?

മലയാള പത്രങ്ങൾക്ക് തെക്കോട്ട് ചരിവ്?
cancel

മലയാള മാധ്യമങ്ങൾക്ക് മലബാറിനോട് മമത കുറവാണോ? കഴിഞ്ഞ ആഴ്ചകളിൽ കേരളീയർക്ക് പ്രധാനമെന്ന് പറയേണ്ട രണ്ട് വാർത്താസംഭവങ്ങൾ ഉണ്ടായി. ഒന്ന് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം, രണ്ട് കോഴിക്കോടിന്റെ സാഹിത്യനഗര പദവി.കേരളത്തിൽ ഏറ്റവും കൂടുതൽ പത്രങ്ങൾക്ക് ആസ്ഥാനമായ നഗരമാണ് കോഴിക്കോട്. മാതൃഭൂമി, ചന്ദ്രിക, മാധ്യമം, സിറാജ്, സുപ്രഭാതം, മലയാള മനോരമ, ദീപിക, കേരള കൗമുദി, മംഗളം, ദേശാഭിമാനി, ജനയുഗം, വീക്ഷണം, ജന്മഭൂമി എന്നീ പത്രങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണം കോഴിക്കോട്ടുനിന്നാണ്. പക്ഷേ, മൊത്തം മലയാള പത്രങ്ങളുടെ പൊതു ഉള്ളടക്കത്തിൽ തെക്കോട്ട് ചായ്‍വുള്ളതുപോലെ തോന്നുന്നു. പഠനം നടത്തിയാൽ കൃത്യമായ ചിത്രം കിട്ടും....

Your Subscription Supports Independent Journalism

View Plans

മലയാള മാധ്യമങ്ങൾക്ക് മലബാറിനോട് മമത കുറവാണോ? കഴിഞ്ഞ ആഴ്ചകളിൽ കേരളീയർക്ക് പ്രധാനമെന്ന് പറയേണ്ട രണ്ട് വാർത്താസംഭവങ്ങൾ ഉണ്ടായി. ഒന്ന് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം, രണ്ട് കോഴിക്കോടിന്റെ സാഹിത്യനഗര പദവി.

കേരളത്തിൽ ഏറ്റവും കൂടുതൽ പത്രങ്ങൾക്ക് ആസ്ഥാനമായ നഗരമാണ് കോഴിക്കോട്. മാതൃഭൂമി, ചന്ദ്രിക, മാധ്യമം, സിറാജ്, സുപ്രഭാതം, മലയാള മനോരമ, ദീപിക, കേരള കൗമുദി, മംഗളം, ദേശാഭിമാനി, ജനയുഗം, വീക്ഷണം, ജന്മഭൂമി എന്നീ പത്രങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണം കോഴിക്കോട്ടുനിന്നാണ്. പക്ഷേ, മൊത്തം മലയാള പത്രങ്ങളുടെ പൊതു ഉള്ളടക്കത്തിൽ തെക്കോട്ട് ചായ്‍വുള്ളതുപോലെ തോന്നുന്നു. പഠനം നടത്തിയാൽ കൃത്യമായ ചിത്രം കിട്ടും. ഭരണപരമായ വാർത്തകളുടെയും അറിയിപ്പുകളുടെയും മറ്റു ഉള്ളടക്കത്തിന്റെയും പ്രധാന ഉറവിടം തെക്കേയറ്റത്തുള്ള തലസ്ഥാനമാണ് എന്നത് ഒരു കാരണമാവാം.

എങ്കിലും പത്രങ്ങൾക്ക് മിക്ക ജില്ലകളിലും യൂനിറ്റുണ്ട്. പ്രധാന നഗരങ്ങളിൽ ബ്യൂറോകളുണ്ട്. പ്രാദേശിക ലേഖകരുണ്ട്. കേരളത്തിലെ മുഴുവൻ വായനക്കാർക്കും കേരളത്തിന്റെ വിവിധ മേഖലകളിലെ മുഖ്യ വിഷയങ്ങൾ നൽകാതിരിക്കാൻ പത്രങ്ങൾക്ക് ന്യായങ്ങളില്ല. പ്ലസ് വൺ കോഴ്സുകളിലേക്കുള്ള മൂന്ന് അലോട്ട്മെന്റുകൾ നടന്നതോടെ മലബാറിലെ സീറ്റ് ദൗർലഭ്യത്തിന്റെ കണക്കുകൾ വ്യക്തമായി –മന്ത്രി എത്രതന്നെ മറിച്ചുപറഞ്ഞാലും. ഈ ദിവസങ്ങളിലാണ് ദേശീയതലത്തിൽ ‘നീറ്റ്’ പ്രവേശനപരീക്ഷ വാർത്തയാകുന്നത്. ഒന്ന് സംസ്ഥാന വിഷയം, മറ്റേത് ദേശീയ വിഷയം. എങ്കിലും ഇവ ബാധിക്കുന്ന ഓരോ വിദ്യാർഥിക്കും അത് വലിയ വിഷയമാണ്.

മലയാള പത്രങ്ങൾ ‘നീറ്റ്’ പരീക്ഷാ തട്ടിപ്പിന് നൽകിയ പ്രാധാന്യത്തിന്റെ പകുതിപോലും മലബാർ വിദ്യാർഥികളുടെ സങ്കടത്തിന് നൽകിയില്ല. ഒന്ന്, അഴിമതിയെങ്കിൽ മറ്റേത് വിവേചനം. രണ്ടും വിദ്യാർഥികളെ ബാധിക്കുന്നത് ഒരേപോലെ. മലയാള പത്രങ്ങളുടെ ജൂൺ 20 മുതൽ 23 വരെയുള്ള മുൻപേജുകൾ പരിശോധിച്ചതിൽ അന്തരം വ്യക്തമായി. മലബാറിന് പുറത്തുള്ള സ്ഥലങ്ങൾ ആസ്ഥാനമായുള്ള പത്രങ്ങളിൽ (അവയുടെ മലബാർ ജില്ല എഡിഷനുകളിൽപോലും) പ്ലസ് വൺ പ്രവേശനം പ്രതിസന്ധി മുൻപേജിൽ ഇടംപിടിച്ചില്ല. അതേസമയം, ‘നീറ്റ്’ മിക്കവാറും ലീഡ് വാർത്തയായിരുന്നു.

കോഴിക്കോടിന് യുനെസ്കോ നൽകിയ ലോക സാഹിത്യനഗര പദവിയുടെ പ്രഖ്യാപനത്തിലും ഈ അവഗണന വ്യക്തം. മാതൃഭൂമി അതിന് നല്ല കവറേജ് നൽകി –എഡിറ്റോറിയലടക്കം. കോഴിക്കോട് ആസ്ഥാനമായ പത്രങ്ങളും ഭേദപ്പെട്ട പ്രാമുഖ്യം അതിന് നൽകി. എന്നാൽ ‘തെക്കൻ’ പത്രങ്ങളിൽ പലതിലും ഒരു ഉൾപേജ് വാർത്തയാണ് കണ്ടത്. മലബാർ എഡിഷനുകളുടെ പ്രാദേശിക പേജിൽ അനുബന്ധ വാർത്തകളും. ആഘോഷഛായ ഒന്നിലുമില്ല. എം.ടി. വാസുദേവൻ നായരും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പ​ങ്കെടുക്കാതിരുന്നതിലെ വിവാദംകൊണ്ട് അൽപം പ്രാധാന്യം സാന്ദർഭികമായി കിട്ടി.

കോഴിക്കോടൻ ഹൽവ മുറിക്കേണ്ടിയിരുന്നിടത്ത് ഭീമൻ കേക്ക് മുറിച്ചാണ് സംഘാടകർ സാഹിത്യമധുരം രുചിച്ചുനോക്കിയതെങ്കിലും ആ വിശാലത പത്രങ്ങളുടെ കവറേജിൽ കണ്ടില്ല. 1989ൽ കോട്ടയത്തെ സമ്പൂർണ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചപ്പോൾ അത് കേരളത്തിന്റെ മൊത്തം നേട്ടമായി പത്രങ്ങൾ ആഘോഷിച്ചതോർക്കുന്നു. ഇന്ന് കോഴിക്കോടിന് കിട്ടിയത് അതിലും വലുതാണ്. ഇന്ത്യയിലെ ഒരേയൊരു സാഹിത്യനഗരം. പക്ഷേ, പത്രങ്ങൾക്ക് അത് കേരളത്തിന്റെ അഭിമാനമായി തോന്നിയില്ല –ഒരു കോഴിക്കോടൻ തെരുവുവിശേഷം മാത്രം.

അബദ്ധമല്ല, യുദ്ധക്കുറ്റമാണ്

‘‘ഇസ്രായേലി സൈന്യം പരിക്കേറ്റ ഫലസ്തീൻകാരനെ ജീപ്പിന്റെ മുൻവശത്ത് കെട്ടിയിട്ടു’’ –സി.എൻ.എൻ. ‘‘ഇസ്രായേലി സൈന്യം മുറിവേറ്റ ഫലസ്തീൻകാരനെ ജീപ്പിനോട് ചേർത്ത് കെട്ടി’’ –ബി.ബി.സി. ‘‘... റെയ്ഡിനിടയിൽ ജീപ്പിനോട് ചേർത്തുകെട്ടി’’ –റോയിട്ടേഴ്സ്. ‘‘... സൈനിക ജീപ്പിന്റെ മുൻവശത്ത് ചേർത്ത് കെട്ടി’’ –ഗാർഡിയൻ. ‘‘...പരിക്കേറ്റ ഫലസ്തീൻകാരനെ ജീപ്പിനോട് ചേർത്ത് കെട്ടി’’ –സ്കൈ ന്യൂസ്.

ജൂൺ 23ന് ഫലസ്തീനിലെ വെസ്റ്റ്ബാങ്കിൽ ഉണ്ടായ ഒരു സംഭവത്തിന്റെ റിപ്പോർട്ടുകളാണിത്. എല്ലാം പാശ്ചാത്യമാധ്യമങ്ങൾ.

ഈ തലക്കെട്ടുകൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഒരേ കാര്യം ഒരേപോലെ അവ പറയുന്നു എന്നതല്ല ആ പ്രത്യേകത. മറിച്ച്, അവ എല്ലാം ഒരുപോലെ ഒരു സുപ്രധാന വിവരം മറച്ചുപിടിക്കുന്നു എന്നതാണ്.

വെസ്റ്റ് ബാങ്കിൽ (ഗസ്സയിലല്ല) ഇസ്രായേലിന് സൈനിക റെയ്ഡ് നടത്താനുള്ള വ്യാജന്യായം പോലുമില്ല –അവിടം ഹമാസിന്റെ സാന്നിധ്യമില്ല.

എന്നിട്ടും അവർ (പതിവുപോലെ) സൈന്യത്തെ ഇറക്കി അതിക്രമം നടത്തി. ഫലസ്തീന്റെ ഭാഗത്തുനിന്ന് പ്രതിരോധ ശ്രമങ്ങളുണ്ടായി. ഇസ്രായേലി സൈന്യത്തിനുനേരെ വെടിവെപ്പും നടന്നു.

ഇസ്രായേലി ആക്രമണത്തിൽ ഒരു ഫലസ്തീൻകാരന് പരിക്കേറ്റു. മുജാഹിദ് അബാദി എന്ന ഫലസ്തീൻ പൗരൻ മുറിവേറ്റ് രണ്ടു മണിക്കൂർ തെരുവിൽ ചോരവാർന്ന് കിടന്നു. പിന്നെ ഇസ്രായേലിന്റെ സൈനികജീപ്പ് അടുത്തെത്തി. പട്ടാളക്കാർ ഇറങ്ങി, മുറിവേറ്റ മുജാഹിദിനെ പിന്നെയും മർദിച്ചു. ഒടുവിൽ അദ്ദേഹത്തെ തൂക്കിയെടുത്ത് ജീപ്പിന്റെ മുൻവശത്തേക്ക് എറിഞ്ഞു. എന്നിട്ട് അവിടെ അദ്ദേഹത്തെ ബന്ധിച്ചു.

മുറിവേറ്റ ആ മനുഷ്യനെ പൊള്ളുന്ന ജീപ്പിന്റെ മുൻഭാഗത്ത് ബന്ധിച്ചുകൊണ്ട് അവർ ഓടിച്ചു. പിന്നീട് റെഡ്ക്രസന്റിനെ ഏൽപിച്ചു. സൈനികനല്ലാത്ത ഒരു സാധാരണ പൗരനെ വെടിവെച്ചത് ഒരു കുറ്റം. അയാളെ തുടർന്ന് മർദിച്ചത് മറ്റൊരു കുറ്റം. ജീപ്പിൽ കെട്ടിയത് മറ്റൊന്ന്. അധിനിവിഷ്ട പ്രദേശത്തെ പൗരന്മാരുടെ സുരക്ഷ അധിനിവേശകരുടെ ബാധ്യതയായതിനാൽ കുറ്റം കൂടുതൽ ഗുരുതരമാകുന്നു. എന്നാൽ, ഇതിൽ ലോക കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യാവുന്ന മറ്റൊരു ഗുരുതര കുറ്റം കൂടിയുണ്ട്: ആളുകളെ ‘മനുഷ്യ കവച’മാക്കുക എന്നത്. വ്യക്തമായ യുദ്ധക്കുറ്റം. യു.എൻ പ്രതിനിധി ഫ്രാൻസസ്ക ആൽബനീസ് അങ്ങനെത്തന്നെ തുറന്നടിക്കുകയും ചെയ്തു. യുദ്ധക്കുറ്റമായതുകൊണ്ട് തന്നെയാവണം, ഇപ്പറഞ്ഞ ദൃശ്യം അൽജസീറ പുറത്തുവിട്ട് മണിക്കൂറുകൾക്കകം ഇസ്രായേൽ കുറ്റസമ്മതം നടത്തിയത്. ‘‘ഇസ്രായേലി സൈനികചട്ടങ്ങളുടെ ലംഘന’’മാണിതെന്നും അന്വേഷിക്കുമെന്നും ഇസ്രായേലി സർക്കാർ പറഞ്ഞു –യുദ്ധക്കുറ്റത്തിൽനിന്ന് ഒഴിവാകാനുള്ള തന്ത്രം.

വാർത്തയുടെ കേന്ദ്രബിന്ദു ഇതാണെന്ന്, റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് അറിയാത്തതുകൊണ്ടാവില്ല. പ​േക്ഷ, വാർത്തകൾക്ക് പടിഞ്ഞാറൻ മാധ്യമങ്ങൾ പുതിയ ഭാഷയും ശൈലിയും കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇസ്രായേലിനെ കുറ്റപ്പെടുത്താതെ എങ്ങനെ തലക്കെട്ടെഴുതാമെന്ന തുടർപാഠങ്ങളാണ് അവ നൽകിക്കൊണ്ടിരിക്കുന്നത്.

കൂട്ടത്തിൽ പറയട്ടെ, പടിഞ്ഞാറുനിന്നുള്ള റിപ്പോർട്ടുകൾ അതേപടി വിവർത്തനംചെയ്ത് ചേർക്കുന്ന പല മലയാള പത്രങ്ങളിലും മനുഷ്യകവചമെന്ന വിവരം ഇല്ല.

‘‘പലസ്തീനിയെ ജീപ്പിൽ കെട്ടിയിട്ടു; അന്വേഷണവുമായി ഇസ്രേലി സേന’’ എന്ന് ദീപിക വാർത്ത. സമാനമാണ് മറ്റു ചില പത്രങ്ങളിലെ തലക്കെട്ടും. ദേശാഭിമാനി, മംഗളം, സിറാജ്, സുപ്രഭാതം, മാധ്യമം എന്നിവ മാത്രമാണ് തലക്കെട്ടിൽ ‘മനുഷ്യകവച’മെന്ന വാക്ക് ചേർത്തത്.

എപ്പോഴും ‘തിരിച്ചടി’ക്കുന്നവർ

ഭാഷയിലൂടെ അധിനിവേശ ഹിംസ എങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്. മുകളിൽ പറഞ്ഞ ചില വാർത്തകളിൽ ഇത് വ്യക്തമാണ്. ദീപിക റിപ്പോർട്ടിന്റെ ഉറവിടംതന്നെ ഇസ്രായേലി സേനയാണ്. മനുഷ്യകവചമാക്കിയ നടപടി അത് ചെയ്ത സൈനികരുടെ തെറ്റ് എന്ന മട്ടിലാണ് അവതരണം. എന്നാൽ, ഇസ്രായേലി സൈന്യത്തിന്റെ നയമാണതെന്ന് ചരിത്രം നോക്കിയാലറിയാം. വിഷയം ആഴത്തിൽ പഠിച്ച ആന്റണി ലൂവൻസ്റ്റൈൻ അൽ ജസീറയോട് ഇത് വിശദമായി പറയുന്നുണ്ട്.

പക്ഷേ, ​ഏതോ വഴിവിട്ട പട്ടാളക്കാരന്റെ അബദ്ധമെന്നനിലക്ക് ജനീൻ സംഭവത്തെ ഇസ്രായേലി സേനയോട് ചേർന്ന് അവതരിപ്പിക്കുന്ന ദീപിക വാർത്തയുടെ അവസാന ഖണ്ഡിക ഇങ്ങനെ: ‘‘ജനിനിൽ നടത്തിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെ ഇ​േസ്രലി സേനയ്ക്കു നേർക്കു വെടിവയ്പുണ്ടായെന്നാണ് അറിയിപ്പ്. ഇ​േസ്രലി സേനയുടെ പ്രത്യാക്രമണത്തിലാണ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾക്കു പരിക്കേറ്റത്...’’

അധിനിവേശ സേന, നാട്ടുകാരുടെ നേരെ നടത്തുന്ന നായാട്ടിനെയാണ് ‘‘തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ’’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. ചെറുത്തുനിൽപിനായി തിരിച്ച് വെടിവെച്ചാൽ അത് ‘‘തീവ്രവാദ’’മാകും. ഇസ്രായേൽ അധിനിവിഷ്ട ജനതക്കുനേരെ ചെയ്യുന്നതെല്ലാം ‘‘പ്രത്യാക്രമണം’’ മാത്രം. വാസ്തവമെന്താണ്? അധിനിവിഷ്ട ഭൂമിയാണിത് എന്നത് മാത്രം മതി ആരാണ് അതിക്രമകാരി എന്നറിയാൻ. സായുധ ചെറുത്തുനിൽപ് അന്താരാഷ്ട്ര നിയമം അനുവദിക്കുന്നുണ്ട്. മറിച്ച്, അധിനിവിഷ്ട ഭൂമിയിലുള്ളവരെ തട്ടിക്കൊണ്ടുപോകാനും പരിക്കേൽപിക്കാനും അധിനിവേശ സേനക്ക് അവകാശമില്ല. കുറ്റവാളിയും ഇരയും വ്യക്തമാണ്. പക്ഷേ ആ വാർത്ത വായിച്ചുനോക്കൂ: അവർ പരസ്പരം സ്ഥാനം മാറുന്ന ഇന്ദ്രജാലം കാണാം.


News Summary - weekly column media scan