Begin typing your search above and press return to search.
proflie-avatar
Login

രാഹുൽ ഗാന്ധി തുടങ്ങട്ടെ, ഒരു ‘ജൻ കീ ബാത്’

രാഹുൽ ഗാന്ധി തുടങ്ങട്ടെ, ഒരു ‘ജൻ കീ ബാത്’
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കീ ബാത്’ പ്രക്ഷേപണ പരിപാടി 111 എപ്പിസോഡ് കഴിഞ്ഞു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് മാസങ്ങൾക്കുള്ളിൽ തുടങ്ങിയതാണ് ഈ മാസാന്ത പ്രക്ഷേപണം. 2014 ഒക്ടോബർ 3ന് ആരംഭിച്ചശേഷം, തെരഞ്ഞെടുപ്പു വേളകളിലെ മാതൃകാ പെരുമാറ്റച്ചട്ട കാലങ്ങളിലാണ് ഇത് മുടങ്ങിയിട്ടുള്ളത്. ആകാശവാണിക്ക് പുറമെ ദൂർദർശനിലും (ഡി.ഡി നാഷനൽ, ഡി.ഡി ന്യൂസ്) സംപ്രേഷണമുണ്ട്. ഇന്റർനെറ്റ്, മൊബൈൽഫോൺ തുടങ്ങിയവ വഴിയും. സർക്കാറിന്റെ പിന്തുണയോടെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രക്ഷേപണ പരിപാടി ‘മൻ കീ ബാത്’ ആകണം. 2023 ഏപ്രിലിൽ ഐ.ഐ.എം റോതക്ക് ചെയ്ത സർവേയുടെ ഫലമനുസരിച്ച് 23 കോടി ഇന്ത്യക്കാർ ഇത് പതിവായി കേൾക്കാറുണ്ട്. ഇതിന്...

Your Subscription Supports Independent Journalism

View Plans

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കീ ബാത്’ പ്രക്ഷേപണ പരിപാടി 111 എപ്പിസോഡ് കഴിഞ്ഞു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് മാസങ്ങൾക്കുള്ളിൽ തുടങ്ങിയതാണ് ഈ മാസാന്ത പ്രക്ഷേപണം. 2014 ഒക്ടോബർ 3ന് ആരംഭിച്ചശേഷം, തെരഞ്ഞെടുപ്പു വേളകളിലെ മാതൃകാ പെരുമാറ്റച്ചട്ട കാലങ്ങളിലാണ് ഇത് മുടങ്ങിയിട്ടുള്ളത്. ആകാശവാണിക്ക് പുറമെ ദൂർദർശനിലും (ഡി.ഡി നാഷനൽ, ഡി.ഡി ന്യൂസ്) സംപ്രേഷണമുണ്ട്. ഇന്റർനെറ്റ്, മൊബൈൽഫോൺ തുടങ്ങിയവ വഴിയും.

സർക്കാറിന്റെ പിന്തുണയോടെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രക്ഷേപണ പരിപാടി ‘മൻ കീ ബാത്’ ആകണം. 2023 ഏപ്രിലിൽ ഐ.ഐ.എം റോതക്ക് ചെയ്ത സർവേയുടെ ഫലമനുസരിച്ച് 23 കോടി ഇന്ത്യക്കാർ ഇത് പതിവായി കേൾക്കാറുണ്ട്.

ഇതിന് ഒരു മറുവശമുള്ളത്, ഈ സ്ഥിരം ശ്രോതാക്കളിൽ 65 ശതമാനവും ‘ഹിന്ദിക്കാരാ’ണ് എന്നതാണ്. വിവിധ ഭാഷകളിൽ വിവർത്തനമുണ്ടെങ്കിലും അത് ശ്രവിക്കുന്നവർ താരതമ്യേന കുറവാണ് എന്നർഥം. തെക്കേ ഇന്ത്യൻ ഭാഷകളിൽ കേൾവിക്കാർ കുറവാണ്. ഇംഗ്ലീഷ് പരിഭാഷ കേൾക്കുന്നവർ 18 ശതമാനം. തമിഴിൽ രണ്ടുശതമാനം. മലയാളത്തിൽ അതിലും കുറവ്. 22 ഇന്ത്യൻ ഭാഷകളിലും 29 ‘ഉപഭാഷ’കളിലും ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, തിബത്തൻ, ബർമീസ്, ബലൂചി, അറബി, പഷ്തു, പേർഷ്യൻ, സ്വാഹിലി, ദാറി എന്നീ വിദേശ ഭാഷകളിലും വിവർത്തിത ഭാഷ്യങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. എഫ്.എം അടക്കം ആകാശവാണിയുടെ 500ലധികം സ്റ്റേഷനുകൾ പ്രഭാഷണവും വിവർത്തനവും പ്രക്ഷേപണംചെയ്യുന്നു. സംപ്രേഷണവും സ്ട്രീമിങ്ങും ഇതിന് പുറമെ.

ശ്രോതാക്കളുടെ എണ്ണം വർധിപ്പിക്കാൻ പരസ്യങ്ങളും ഔദ്യോഗിക അറിയിപ്പുകളും ഓൺലൈൻ ‘പ്രമോഷ’നുമെല്ലാം ഉണ്ട്. വലിയൊരു സർക്കാർ പദ്ധതിയുടെ ചിട്ടവട്ടങ്ങളും മുന്നൊരുക്കങ്ങളും ഈ പ്രതിമാസ പരിപാടിക്കുണ്ട് എന്ന് ചുരുക്കം. വിദ്യാർഥികളെയും മറ്റും ‘മൻ കീ ബാത്’ കേൾക്കാൻ നിർബന്ധിക്കുന്നതിന്റെ വാർത്തകൾ ഇടക്ക് വന്നിരുന്നു –സ്കൂളിൽ ആ പരിപാടി കേൾക്കാൻ എത്താതിരുന്നവർക്ക് നൂറു രൂപ പിഴയിട്ടതും (ഡറാഡൂണിലെ ഒരു സ്കൂൾ, 2023), നൂറാം ലക്കം കാണാതിരുന്ന 36 നഴ്സിങ് വിദ്യാർഥികളെ ഹോസ്റ്റലിൽ തടഞ്ഞിട്ടതും (ചണ്ഡിഗഢ്, 2023) മറ്റും.

നൂറാം എപ്പിസോഡ് ദേശീയാഘോഷമാക്കിയതും വിമർശനവിധേയമായിട്ടുണ്ട്. വിവിധ സർവേകളിലൂടെ അതിന്റെ ‘ജനപ്രിയത’ സ്ഥാപിക്കാൻ ശ്രമിച്ചു; തപാൽ സ്റ്റാമ്പിറക്കി; ഉപരാഷ്ട്രപതി സങ്കീർത്തന പുസ്തകം രചിച്ചു; മന്ത്രിസഭാംഗങ്ങൾ മുതൽ ഗവർണർമാരും എംബസി ഉദ്യോഗസ്ഥരുംവരെ പ്രചാരണപ്പടയായി; ചിത്രപ്രദർശനങ്ങൾ നടത്തി; സിനിമാ താരങ്ങളെ ഉൾപ്പെടുത്തി ദേശീയ കോൺക്ലേവ്, പത്രങ്ങളിൽ പ്രത്യേക ലേഖനങ്ങൾ, അങ്ങനെ പലതും.

പ്രധാന വിഷയങ്ങൾ ഒഴിവാക്കുന്നു

ഇത്രയേറെ സന്നാഹങ്ങളുണ്ടായിട്ടും രാജ്യത്തിന്റെ ഭദ്രതക്കും ക്ഷേമത്തിനും ‘മൻ കീ ബാത്’ നൽകിയ സംഭാവന ചെറുതാണ്. ഇതിന് പ്രധാന കാരണം, അതിൽ പ്രധാന വിഷയങ്ങൾ കടന്നുവരുന്നില്ല എന്നതുതന്നെ. പ്രധാന വിഷയങ്ങൾ തൊടാതെ വാർത്താ തലക്കെട്ട് പിടിക്കാനുള്ള ചേരുവകളാണ് അതിലുണ്ടാവുക –തത്ത്വപ്രഭാഷണം മുതൽ പ്രാദേശിക സംരംഭങ്ങളുടെയും വ്യക്തികളുടെയും വിജയകഥകൾ വരെ.

നീറുന്ന പ്രശ്നങ്ങളെപ്പറ്റി പറയാതിരിക്കാനുള്ള മറയാണ് ‘മൻ കീ ബാത്’ എന്ന് പറഞ്ഞാലും തെറ്റാവില്ല. 111ാം എപ്പിസോഡിൽ മോദി പാലക്കാട്ടെ കാർത്തുമ്പി കുടകളെപ്പറ്റിയും മരം നടീലിനെപ്പറ്റിയും ഒളിമ്പിക്സിനെപ്പറ്റിയും കശ്മീരിലെ പച്ചക്കറിയെപ്പറ്റിയും ആകാശവാണി സംസ്കൃത വാർത്തയെപ്പറ്റിയുമൊക്കെ പറഞ്ഞു. പക്ഷേ, കശ്മീരിലെ​യോ മണിപ്പൂരിലെയോ പ്രശ്നങ്ങളെപ്പറ്റി പറഞ്ഞില്ല. 24 ലക്ഷം വിദ്യാർഥികളെ ബാധിച്ച ‘നീറ്റ്’ പ്രശ്നത്തെപ്പറ്റി മിണ്ടിയില്ല. വിലക്കയറ്റത്തെപ്പറ്റിയോ തൊഴിലില്ലായ്മയെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ അദ്ദേഹം പറയാറില്ല.

ഇതൊക്കെയാണെങ്കിലും പ്രധാനമന്ത്രിയെ അനുമോദിക്കണം. ഇത്തരമൊരു ആശയവിനിമയ സാധ്യത തുറന്നതിന്.  ഒരുപക്ഷേ, ഇതിനേക്കാൾ ഫലപ്രദമായി ഈ സാധ്യത ഉപയോഗിക്കാൻ കഴിയും. പ്രത്യേകിച്ച്, ജനകീയ വിഷയങ്ങൾ ഉന്നയിക്കേണ്ട പാർലമെന്റിൽ പ്രതിപക്ഷത്തെ ഒതുക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ. അതിനാവശ്യം, പ്രധാനമന്ത്രിക്ക് ലഭ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രചാരവും പ്രതിപക്ഷത്തിനും ലഭ്യമാക്കുക എന്നതാണ്. തെരഞ്ഞെടുപ്പുകാല പ്രക്ഷേപണങ്ങളിൽ എല്ലാ അംഗീകൃത പാർട്ടികൾക്കും വിഹിതം കിട്ടാറുണ്ടല്ലോ. ‘മൻ കീ ബാതി’ന്റെ എല്ലാ ഔദ്യോഗിക സന്നാഹങ്ങളും പ്രതിപക്ഷത്തിനുകൂടി ലഭ്യമാകട്ടെ.

പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളെ എതിർക്കാനല്ല, അവയിൽ വിട്ടുപോകുന്ന ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും നൽകാം ഒരു പ്രതിമാസ പ്രഭാഷണ പരിപാടി.രാഹുൽ ഗാന്ധി തുടങ്ങട്ടെ, ഒരു ‘ജൻ കീ ബാത്’.

വംശീയ സംവാദങ്ങൾ

അമേരിക്കയിലെ ‘പ്രസിഡൻഷ്യൽ ഡിബേറ്റു’കൾ ഏറ്റവും വലിയ മാധ്യമസംഭവങ്ങൾ കൂടിയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിവുണ്ടവക്ക്്. സ്ഥാനാർഥികൾ, അല്ലെങ്കിൽ സ്ഥാനാർഥികളാകാൻ പോകുന്നവർ, തമ്മിൽ നേരിട്ട് വാദപ്രതിവാദം നടത്തുന്ന പരിപാടി. ഏതെങ്കിലും മാധ്യമസ്ഥാപനത്തിലെ അവതാരകർ മോഡറേറ്റർമാരാകും. നടത്തിപ്പ് ചട്ടങ്ങളെപ്പറ്റി മുൻകൂർ ധാരണയുണ്ടാക്കും.

ജൂൺ 27ന് ആദ്യ സംവാദം സി.എൻ.എൻ സ്റ്റുഡിയോയിൽ നടന്നു. സ്ഥാനാർഥികളാകാൻ സാധ്യതയുള്ള പ്രസിഡന്റ് ബൈഡനും മുൻ പ്രസിഡന്റ് ട്രംപുമാണ് ഏറ്റുമുട്ടിയത്. വലിയ മാധ്യമസംഭവമായി അത്. ടി.വി ചാനലുകളിൽ മാത്രം നാലു കോടി 79 ലക്ഷം പേർ പരസ്യങ്ങൾക്കായി രണ്ടു ഇടവേളകളടക്കം ഒന്നര മണിക്കൂറെടുത്ത ആ പരിപാടി വീക്ഷിച്ചു –സമൂഹമാധ്യമങ്ങളിലും സ്ട്രീമിങ് സർവിസിലും റേഡിയോയിലും മറ്റും വേറെ. സി.എൻ.എന്നിന്റെ മൂന്നു ചാനലുകൾക്കു പുറമെ 11 ഇതര യു.എസ് ചാനലുകളിലും വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക് ടൈംസ് എന്നിവയുടെ വെബ്സൈറ്റുകളിലും തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.

അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാകണം ഫലസ്തീൻ ഒരു ആഭ്യന്തര, തെരഞ്ഞെടുപ്പു വിഷയമാകുന്നത്. അതിനെപ്പറ്റി മത്സരാർഥികൾ തമ്മിൽ നടന്ന വാഗ്വാദം ഏതാണ്ട് ഇങ്ങനെ:

മോഡറേറ്റർ ഡാന ബാഷ് ഗസ്സയിലെ മാനുഷിക ദുരന്തത്തെപ്പറ്റി അഭിപ്രായം ചോദിക്കുന്നു.

ബൈഡൻ: ഇസ്രായേൽ യുദ്ധം നിർത്താൻ തയാറാണ്. ഹമാസാണ് വെടിനിർത്തലിന് തടസ്സം നിൽക്കുന്നത്.

ട്രംപ്: അല്ല. ഇസ്രായേലാണ് യുദ്ധം തുടരണമെന്ന് ശഠിക്കുന്നത്. ഇയാൾ (ബൈഡൻ) പറയുന്നപോലെയല്ല. ഇസ്രായേലിനാണ് യുദ്ധം വേണ്ടത്. അവരെ അതിനനുവദിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അവർ ആ പണി പൂർത്തിയാക്കട്ടെ. ഇയാൾക്ക് പക്ഷേ അതിഷ്ടമല്ല. ഇയാളൊരു ഫലസ്തീനിയെപ്പോലെയായിരിക്കുന്നു...

അസത്യവും വംശവെറിയും നിറഞ്ഞ വർത്തമാനങ്ങളാണ് രണ്ടുപേരും പറഞ്ഞത് (വെടിനിർത്താൻ തയാറല്ലെന്ന് പലകുറി പറഞ്ഞത് ഇസ്രായേൽ പ്രധാനമന്ത്രിയാണ്). മോഡറേറ്റർ കള്ളം തിരുത്തിയില്ലെന്നു മാത്രമല്ല, ഫലസ്തീൻ വിരുദ്ധ വംശീയത പ്രകടിപ്പിച്ച ട്രംപിനെ ​ചോദ്യംചെയ്തുമില്ല. ‘ഫലസ്തീൻ’ എന്നത് ശകാരപദമാക്കിയതിലെ വംശീയത, ‘‘ആ പണി പൂർത്തിയാക്കട്ടെ’’ എന്നതിലെ വംശഹത്യാ ആഹ്വാനം –ഇതിനെപ്പറ്റിയൊന്നും ഒരു കമന്റ് പോലും മോഡറേറ്റർമാരിൽനിന്നുണ്ടായില്ല.

ഈ പരസ്യമായ വംശീയത ഒരു പ്രസിഡൻഷ്യൽ സംവാദത്തിന്റെ ഭാഗമായതും അതിന് മുഖ്യധാര മാധ്യമങ്ങൾ സ്വീകാര്യത നൽകിയതും പടിഞ്ഞാറൻ ലോകം എത്രയേറെ വലത്തോട്ടുമാറിയെന്ന് കാണിക്കുന്നു. അവരുടെ ‘ജനാധിപത്യമൂല്യ’ങ്ങളും മാധ്യമനിലവാരവും കെട്ടുകഥയാവുകയാണ്.

മുമ്പ് നിഷ്പക്ഷത ഒരു മുഖംമൂടിയായെങ്കിലും ധരിച്ചിരുന്ന യു.എസ്-ബ്രിട്ടീഷ് മാധ്യമങ്ങൾ അടുത്തകാലത്ത് ആ നാട്യവും ഉപേക്ഷിക്കുകയാണ്. ഇസ്രായേലി സൈനികർ ആശുപത്രികൾക്കുമേൽ ബോംബിടാൻ ആലോചിക്കുമ്പോഴേക്കും ബി.ബി.സി ആശുപത്രികൾക്കടിയിൽ ടണലും അതിൽ ഹമാസും ഉണ്ടാകാമെന്ന സംവാദം സംഘടിപ്പിച്ച് സൗകര്യമൊരുക്കി. സി.എൻ.എൻ ജീവനക്കാരിൽ വലിയൊരു വിഭാഗം കഴിഞ്ഞ ഒക്ടോബറിൽ ആ ചാനലിന്റെ ഇസ്രായേലി ചായ്‍വിൽ പ്രതിഷേധിച്ച് പ്രകടനംവരെ നടത്തി.

ഹമാസ് ഇസ്രായേലി വനിതകളെ ആസൂത്രിതമായി പീഡിപ്പിച്ചു എന്ന സയണിസ്റ്റ് പ്രചാരണത്തിന് ബലംനൽകാൻ ന്യൂയോർക് ടൈംസ് ഇസ്രായേലി മുൻ സൈനികയെ അടക്കം മാധ്യമപ്രവർത്തകയെന്ന മട്ടിൽ ഇറക്കി റിപ്പോർട്ടുണ്ടാക്കിച്ചു. അതിൽ പറഞ്ഞ ഓരോ കാര്യവും തെളിവുസഹിതം ഖണ്ഡിച്ച് വിവിധ മാധ്യമ റിപ്പോർട്ടുകൾ പിന്നീട് ഇറങ്ങി –ദ​ ഗ്രേസോൺ, അൽജസീറ, ദ ഇന്റർസെപ്റ്റ്, യെസ് മാഗസിൻ, ഇലക്ട്രോണിക് ഇൻതിഫാദ തുടങ്ങിയവ ഫോറൻസിക് തെളിവുകൾ സഹിതം ഖണ്ഡിച്ചതോടെ ടൈംസ് നിശ്ശബ്ദമായി. പത്രം ആ കള്ളവാർത്ത പിൻവലിച്ച് മാന്യത പുലർത്തണമെന്ന് 60ൽപരം ജേണലിസം പ്രഫസർമാർ രംഗത്തുവരുന്ന അസാധാരണ സാഹചര്യം വരെ ഉണ്ടായി. പാശ്ചാത്യ മാധ്യമങ്ങൾ ഭാഷയിലൂടെ നിത്യേന നടത്തുന്ന വ്യാജപ്രചാരണം അനേക പേജ് വരുന്ന പഠനങ്ങൾക്കുള്ള വകയാണ്. ഏതാനും ഉദാഹരണങ്ങൾ പിന്നീട്.


News Summary - weekly column media scan