Begin typing your search above and press return to search.
proflie-avatar
Login

കള്ളങ്ങളുടെ മൂന്നാം ഗോപുരവും തകർന്നു

കള്ളങ്ങളുടെ മൂന്നാം ഗോപുരവും   തകർന്നു
cancel

ഒടുവിൽ ആ നുണയും പൊളിഞ്ഞു. 2023 ഒക്ടോബർ 7ന് ഗസ്സയിൽനിന്ന് ഹമാസ് പോരാളികൾ ഇസ്രായേലികൾ താമസിക്കുന്ന പ്രദേശത്തേക്ക് കടന്ന് ആക്രമണം നടത്തി. കഴിയുന്നത്ര ഇസ്രായേലി പട്ടാളക്കാരെ ബന്ദികളാക്കി പിടിക്കുകയായിരുന്നു ലക്ഷ്യം: ഇസ്രാ​യേൽ വർഷങ്ങളായി തടവിലാക്കിയിട്ടുള്ള ഫലസ്തീൻ സിവിലിയന്മാരെ (കുട്ടികൾ അടക്കം) വിടുവിക്കാനുള്ള വിലപേശൽ തന്ത്രം. ഹമാസ് ആക്രമണം നടത്തുന്ന സമയത്ത് ആ പ്രദേശത്ത് ഒരു സംഗീതപരിപാടിയും ഉണ്ടായിരുന്നു. അവിടെനിന്നും മറ്റുമായി സിവിലിയന്മാരടക്കം കുറെ പേരെ ബന്ദികളാക്കി. അതിനിടക്ക് നടന്ന വെടിവെപ്പിൽ കുറെയാളുകൾ –സിവിലിയന്മാരുൾപ്പെടെ– കൊല്ലപ്പെട്ടു. ഈ ആക്രമണം ന്യായമാക്കിയാണ്...

Your Subscription Supports Independent Journalism

View Plans

ഒടുവിൽ ആ നുണയും പൊളിഞ്ഞു.

2023 ഒക്ടോബർ 7ന് ഗസ്സയിൽനിന്ന് ഹമാസ് പോരാളികൾ ഇസ്രായേലികൾ താമസിക്കുന്ന പ്രദേശത്തേക്ക് കടന്ന് ആക്രമണം നടത്തി. കഴിയുന്നത്ര ഇസ്രായേലി പട്ടാളക്കാരെ ബന്ദികളാക്കി പിടിക്കുകയായിരുന്നു ലക്ഷ്യം: ഇസ്രാ​യേൽ വർഷങ്ങളായി തടവിലാക്കിയിട്ടുള്ള ഫലസ്തീൻ സിവിലിയന്മാരെ (കുട്ടികൾ അടക്കം) വിടുവിക്കാനുള്ള വിലപേശൽ തന്ത്രം.

ഹമാസ് ആക്രമണം നടത്തുന്ന സമയത്ത് ആ പ്രദേശത്ത് ഒരു സംഗീതപരിപാടിയും ഉണ്ടായിരുന്നു. അവിടെനിന്നും മറ്റുമായി സിവിലിയന്മാരടക്കം കുറെ പേരെ ബന്ദികളാക്കി. അതിനിടക്ക് നടന്ന വെടിവെപ്പിൽ കുറെയാളുകൾ –സിവിലിയന്മാരുൾപ്പെടെ– കൊല്ലപ്പെട്ടു.

ഈ ആക്രമണം ന്യായമാക്കിയാണ് ഇസ്രായേൽ ഫലസ്തീനികളെ വംശഹത്യ ചെയ്യാൻ തുടങ്ങിയത്.ഒക്ടോബർ 7ന് മുമ്പും ഇസ്രായേലിന്റെ ക്രൂരതകൾക്കിരയാണ് ഗസ്സ. പക്ഷേ, ഒക്ടോബർ 7ന് ഹമാസ് ചെയ്തു എന്ന് അവർ പ്രചരിപ്പിച്ച കഥകൾ അനേകം പേരെ ഹമാസിന് എതിരാക്കി. ആ കഥകൾ ഒന്നൊന്നായി പൊളിയുകയാണ്. മൂന്നു വൻ നുണകളെങ്കിലും ഇപ്പോൾ തകർന്നിരിക്കുന്നു.

ആദ്യം തകർന്നത് ‘‘തലയറുക്കപ്പെട്ട കുഞ്ഞുങ്ങൾ’’ എന്ന കള്ളമാണ്.

ഹമാസ് 40ഓളം ശിശുക്കളെയും കുട്ടികളെയും തലയറുത്ത് കൊന്നു എന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഇസ്രായേലി വാർത്താചാനലായ ഐ 24 ആണ്. റിപ്പോർട്ടർ നികോൾ സെഡക്സ് നേരിട്ട് കണ്ട മട്ടിലായിരുന്നു അവതരണം. ആ റിപ്പോർട്ട് ന്യൂയോർക് പോസ്റ്റ്, ഇൻഡിപെൻഡന്റ്, ഡെയ്‍ലി ടെലിഗ്രാഫ്, ദ സൺ തുടങ്ങിയ മാധ്യമങ്ങളടക്കം ഏറ്റുപിടിച്ചു.

ഒരു ഇരയുടെപോലും പടമോ പേരോ ഇല്ലാത്തതിൽ ചിലർ സംശയമുന്നയിച്ചു. റിപ്പോർട്ടർ നികോളിനോട് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, താൻ നേരിട്ട് ഒന്നും കണ്ടിട്ടില്ല, ഒരു ഇസ്രായേലി സൈനിക കമാൻഡർ പറഞ്ഞതാണെന്ന്. അയാൾ തന്നെയും സൈനികർ പറഞ്ഞതു കേട്ടതാണ്.

അപ്പോഴാണ് ‘അന ദോലു’ വാർത്ത ഏജൻസി ഒരു വിവരംകൂടി പുറത്തുവിടുന്നത്: ഇങ്ങനെയൊരു സംഭവത്തെപ്പറ്റി ഇസ്രായേലി സേനക്ക് വിവരമില്ല.

വലിയ വാർത്തയായി പ്രചരിപ്പിച്ചത് വാർത്തയേ അല്ലെന്ന് തോന്നിത്തുടങ്ങിയ നേരത്ത് സി.എൻ.എൻ പുതിയ ‘വിവര’വുമായി എത്തി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് ‘തലയറുക്കൽ’ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നു. അതിന്റെ തുടർച്ചയെന്നോണം യു.എസ് പ്രസിഡന്റ് ജോ ബൈഡൻതന്നെ പരസ്യമായി പറഞ്ഞു: ‘‘ഹമാസിന്റെ ക്രൂരത നടുക്കുന്നതാണ്... കുട്ടികളുടെ തലയറുക്കുക... ഞാൻ അതിന്റെ ഫോട്ടോ കണ്ടു...’’ ഇസ്രായേൽ വക്താവ് ഇത് സ്കൈ ന്യൂസിനോടും സ്ഥിരീകരിച്ചു.

പോരേ? ഇസ്രായേലി പ്രധാനമന്ത്രിയുടെ വക്താവും അമേരിക്കൻ പ്രസിഡന്റ് തന്നെയും വാർത്ത സ്ഥിരീകരിച്ചിരിക്കെ ഇനിയെന്തിന് സംശയിക്കണം? ഒരുപാട് (പാശ്ചാത്യ) മാധ്യമങ്ങൾ വാർത്ത ആവർത്തിച്ചു.

പക്ഷേ, അതിനും ആയുസ്സ് കുറവായിരുന്നു. ഇസ്രായേലി വക്താവിന് കിട്ടിയത് ആധികാരിക വിവരമല്ലായിരുന്നു. മുമ്പ് ഐ 24 റിപ്പോർട്ടിൽ പരാമർശിച്ച കമാൻഡറെ ഉദ്ധരിക്കുകയായിരുന്നു അവരും. യു.എസ് പ്രസിഡന്റ് ‘തലയറുക്കൽ ഫോട്ടോകൾ’ കണ്ടിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കി.

ഇസ്രായേൽ സൈന്യം തന്നെ ‘സ്ഥിരീകരണ’ത്തിൽനിന്ന് പിൻവാങ്ങി. ഇത്തരം ചർച്ചകൾ കൊല്ലപ്പെട്ടവരോടുള്ള അനാദരവാകും എന്നായി വാദം. ഫോട്ടോകൾ എടുക്കാത്തത് അതുകൊണ്ടാണത്രെ. എങ്കിൽ ‘തലയറുക്കപ്പെട്ട’വരുടെ പേരെങ്കിലും? ഇ​ല്ല! ഒടുവിൽ, ഒക്ടോബർ 7ന് കൊല്ലപ്പെട്ട ഇസ്രായേലികളുടെ പട്ടിക അധികൃതർ പുറത്തുവിട്ടപ്പോൾ അതിൽ ഒരേയൊരു കുഞ്ഞിന്റെ പേരു മാത്രം. ആ മരണംപോലും ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിവെപ്പിൽ സംഭവിച്ചത്.

ഹാനിബൽ നയം

രണ്ടാമത്തെ മഹാ വാർത്തയായിരുന്നു, ഹമാസ് ഇസ്രായേലി സ്ത്രീകളെ ആസൂത്രിതമായി പീഡിപ്പിച്ചു എന്നത്. വംശഹത്യക്കനുകൂലമായി ലോകവികാരമുയർത്താൻ ഇതും കാരണമായി. ഇസ്രായേലിന്റെ ആരോപണമായിരുന്നു ‘ആസൂത്രിത കൂട്ട ബലാത്സംഗം’. പെട്ടെന്ന് അത് സ്ഥിരീകരിക്കപ്പെട്ട വാർത്തയായി ഉയർത്തപ്പെട്ടു. ഇതിന് കാരണം ന്യൂയോർക് ടൈംസ് മൂന്ന് റിപ്പോർട്ടർമാരെ അന്വേഷണത്തിന് നിയോഗിച്ചതും അവർ ആരോപണം സ്ഥിരീകരിച്ചതുമാണ്.

ടൈംസിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയത് മിച്ചം. കാരണം അവർ നിയോഗിച്ച അന്വേഷക സംഘത്തിലെ ഒരു വനിത ഇസ്രായേലി മുൻ സൈനികയായിരുന്നു –ജേണലിസത്തിൽ ഒരു പരിചയവും അവർക്കില്ല. മാത്രമല്ല, ടൈംസ് റിപ്പോർട്ടിലെ ഓരോ വിശദാംശവും തെളിവ് സഹിതം ഖണ്ഡിക്കുന്ന അരഡസൻ റിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തി. ഇതിനെപ്പറ്റി ‘മീഡിയ സ്കാനി’ൽ മുമ്പ് വിസ്തരിച്ച് എഴുതിയിരുന്നു.

അൽപംകൂടി വൈകിയാണെങ്കിലും ഹമാസിനെതിരായ മറ്റൊരു പ്രചാരണംകൂടി ഇപ്പോൾ തകർന്നിരിക്കുന്നു –ഒക്ടോബർ 7ന് ഹമാസ് 1200ലധികം ഇസ്രായേലികളെ കരുതിക്കൂട്ടി വധിച്ചു എന്ന വാർത്ത. അന്ന് കൊല്ലപ്പെട്ടവരിൽ കുറെ പേർ ഇസ്രായേലി സൈനികരായിരുന്നു. പരസ്പരമുള്ള വെടിവെപ്പിൽ കുറെ സിവിലിയന്മാരും കൊല്ലപ്പെട്ടു. അതേസമയം, സൈനിക കേന്ദ്രങ്ങളെ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹമാസ് അവകാശപ്പെട്ടു. ഈ വാദത്തെ ഖണ്ഡിക്കാൻ മാധ്യമങ്ങൾ ഉയർത്തിയ വാദം അനേകം ഇസ്രായേലി സിവിലിയന്മാരുടെ മരണമാണ്.

ഇസ്രായേലി സിവിലിയന്മാരെയും സൈനികരെയും ഇസ്രായേലി പട്ടാളക്കാർതന്നെ കൊന്നു എന്ന് പല നിരീക്ഷകരും അന്നുമുതൽ അവകാശപ്പെട്ടുവരുന്നുണ്ട്. അതിന് അവർ പറയുന്ന ന്യായം ഇസ്രായേൽ സൈന്യം അംഗീകരിച്ചിട്ടുള്ള ഒരു നയമാണ്. ‘ഹാനിബൽ പ്രമാണം’ എന്നറിയപ്പെടുന്ന ആ നയമനുസരിച്ച്, സ്വന്തം ആളുകൾ (സൈനികരും അസൈനികരും) ശത്രുവിന്റെ കൈയിലകപ്പെടുമെന്നും അവരെ വെച്ച് ശത്രു വിലപേശാൻ സാധ്യതയുണ്ടെന്നും തോന്നിയാൽ ആ സ്വന്തക്കാരെ കൊല്ലാൻ സൈനിക നേതൃത്വത്തിന് തീരുമാനിക്കാം.

ഈ വാദത്തിന് ഉപഗ്രഹ ചിത്രങ്ങൾ ചിലർ തെളിവായി എടുത്തുകാട്ടി. എന്നാൽ, ഇത് വെറും ഇസ്രായേൽ വിരുദ്ധ പ്രചാരണം മാത്രമായിട്ടാണ് മിക്ക മാധ്യമങ്ങളും ചിത്രീകരിച്ചത്. ഇപ്പോൾ ഇസ്രായേലി പത്രമായ ഹആരറ്റ്സ് രേഖകൾ സഹിതം പറയുന്നു, ഇസ്രായേലി സൈന്യം ഒക​്ടോബർ 7ന് ‘ഹാനിബൽ’ നയം നടപ്പാക്കി എന്ന്. ‘‘സൈനികരെ ഹമാസ് തടവുകാരായി പിടിക്കുന്നത് തടയാൻ ഒക്ടോബർ 7ന് ഐ.ഡി.എഫ് (ഇസ്രായേലി സേന) ഹാനിബൽ നയം നടപ്പാക്കിയത്രെ.’’ (ജൂലൈ 7ലെ ഹആരറ്റ്സ്)

ഹആരറ്റ്സ് പത്രത്തിന്റെ (ജൂലൈ 7) മുൻപേജ്

ഹആരറ്റ്സ് പത്രത്തിന്റെ (ജൂലൈ 7) മുൻപേജ്

 

മറനീക്കി പുറത്തു വരുന്നു സത്യം

സൈനികരേഖകളും സൈനികരുടെ മൊഴികളുമടങ്ങുന്നതാണ് പത്രത്തിന്റെ ഈ അന്വേഷണ റിപ്പോർട്ട്. ഹമാസ് അതിക്രമിച്ചെത്തിയ സ്ഥലങ്ങളിൽ മൂന്നിടത്ത് ഈ തന്ത്രം നടപ്പാക്കി. ആ ദിവസം കാലത്ത് ഏഴു മുതൽ രാത്രി ഒമ്പതുവരെ പലതവണ സൈനിക നേതൃത്വം അതുസംബന്ധിച്ച ഉത്തരവ് നൽകി: ‘‘ഒരൊറ്റ വാഹനംപോലും ഗസ്സയിലേക്ക് മടങ്ങരുത്.’’ ഇസ്രായേലി തടവുകാർ അടങ്ങുന്ന വാഹനങ്ങളടക്കം നശിപ്പിക്കണം എന്നുതന്നെ അർഥം. വാഹനങ്ങൾ മാത്രമല്ല, ഹമാസ് സാന്നിധ്യമുള്ള വീടുകൾ വരെ ബോംബിട്ടു.

പടിഞ്ഞാറൻ ഭരണകൂടങ്ങളും മാധ്യമങ്ങളും നിർമിച്ചെടുത്ത കെട്ടുകഥയാണ് ഇവിടെ തകരുന്നത്. ഒക്ടോബർ 7ന് ഇസ്രായേലികളെ കഴിയുന്നത്ര ബന്ദികളാക്കുകയായിരുന്നു ഹമാസിന്റെ ഉദ്ദേശ്യം. നാശനഷ്ടങ്ങളും മരണവും ഇത്ര കൂടിയത് ഇസ്രായേലിന്റെ തന്നെ സൈനികനയം മൂലമാണ്.

കഴിഞ്ഞമാസംപോലും അമേരിക്കൻ ഭരണകൂടം ഇസ്രായേലി വാദം ആവർത്തിച്ചിരുന്നു. വിദേശകാര്യ വക്താവ് മാത്യു മിലറോട് സാം ഹുസൈനി എന്ന പത്രപ്രവർത്തകൻ ചോദിച്ചു: ഹാനിബൽ പ്രമാണം എന്നൊന്നിനെപ്പറ്റി കേൾക്കുന്നുണ്ടല്ലോ, ഇസ്രായേലാണ് സ്വന്തം ആളുകളെ കൊന്നത് എന്ന്...മിലർ നിന്നനിൽപിൽ അത് തള്ളിക്കൊണ്ട് പറഞ്ഞു: ഹാനിബൽ പ്രമാണം എന്നൊന്ന് ഞാൻ കേട്ടിട്ടില്ല.

ഇപ്പോൾ അന്വേഷണത്തിനു ശേഷം ഇസ്രായേലി ചെയ്തി സ്ഥിരീകരിക്കുന്ന ഹആരറ്റ്സ് പത്രംപോലും തുടക്കത്തിൽ അതിനെ പുച്ഛിച്ചിരുന്നു. ഇസ്രായേൽ സൈന്യം തന്നെ ഇസ്രായേലി വീടുകളിലേക്ക് വെടിയുതിർക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ നവംബറിൽ പുറത്തുവന്നപ്പോൾ, ഇത് ‘ഹാനിബൽ ഡോക്ട്രിൻ’ പ്രയോഗിച്ചതാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ദ ഗ്രേസോൺ എഡിറ്റർ മാക്സ് ബ്ലൂമന്താൾ കുറിപ്പെഴുതിയപ്പോൾ ഹആരറ്റ്സ് അദ്ദേഹത്തെ വ്യാജ പ്രചാരകനെന്ന് ആക്ഷേപിച്ചിരുന്നു. പതിവുപോലെ കള്ളങ്ങൾ പൊളിയുന്നു; പതിവുപോലെ, ദുഷ്ടലക്ഷ്യങ്ങൾ നടപ്പായശേഷം.

News Summary - weekly column media scan