Begin typing your search above and press return to search.
proflie-avatar
Login

സെൻസർഷിപ് സമൂഹമാധ്യമങ്ങളിലാണ് കൂടുതൽ

സെൻസർഷിപ് സമൂഹമാധ്യമങ്ങളിലാണ് കൂടുതൽ
cancel

ഡിജിറ്റൽ മഹാമാരി എന്നാണ് ടെക് വിദഗ്ധർ അതിന് പേരിട്ടത്. മൈക്രോസോഫ്റ്റ് വിൻഡോസ് പെട്ടെന്ന് പണിമുടക്കിയപ്പോൾ വിമാനയാത്രയടക്കം യാത്രാസംവിധാനങ്ങളും സാമ്പത്തിക ഇടപാടുകളും ആരോഗ്യ സംവിധാനങ്ങളും വ്യാപാര കേന്ദ്രങ്ങളും മറ്റനേകം മേഖലകളും നിശ്ചലമായി. വിൻഡോസ് കോർപറേഷന്റെ സ്വദേശമായ അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും. ഒരു സ്വകാര്യ കമ്പനിയുടെ പ്രവർത്തനത്തിനിടെ വന്ന ഒരു തകരാറ് ഭൂമിയിലാകെ വിവിധ മേഖലകളെ ബാധിച്ചത് വലിയൊരു പാഠം ഉൾക്കൊള്ളുന്നു. ഒരൊറ്റ കമ്പനിയെ, അതിന്റെ ഉൽപന്നത്തെ, അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്ന പാഠം.ഈ ആശ്രിതത്വം കാരണം പണിമുടങ്ങിയവരിൽ ചില ആഗോള മാധ്യമസ്ഥാപനങ്ങളുമുണ്ട്....

Your Subscription Supports Independent Journalism

View Plans

ഡിജിറ്റൽ മഹാമാരി എന്നാണ് ടെക് വിദഗ്ധർ അതിന് പേരിട്ടത്. മൈക്രോസോഫ്റ്റ് വിൻഡോസ് പെട്ടെന്ന് പണിമുടക്കിയപ്പോൾ വിമാനയാത്രയടക്കം യാത്രാസംവിധാനങ്ങളും സാമ്പത്തിക ഇടപാടുകളും ആരോഗ്യ സംവിധാനങ്ങളും വ്യാപാര കേന്ദ്രങ്ങളും മറ്റനേകം മേഖലകളും നിശ്ചലമായി. വിൻഡോസ് കോർപറേഷന്റെ സ്വദേശമായ അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും.

ഒരു സ്വകാര്യ കമ്പനിയുടെ പ്രവർത്തനത്തിനിടെ വന്ന ഒരു തകരാറ് ഭൂമിയിലാകെ വിവിധ മേഖലകളെ ബാധിച്ചത് വലിയൊരു പാഠം ഉൾക്കൊള്ളുന്നു. ഒരൊറ്റ കമ്പനിയെ, അതിന്റെ ഉൽപന്നത്തെ, അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്ന പാഠം.ഈ ആശ്രിതത്വം കാരണം പണിമുടങ്ങിയവരിൽ ചില ആഗോള മാധ്യമസ്ഥാപനങ്ങളുമുണ്ട്. ആസ്ട്രേലിയയിലെ എ.ബി.സി, സ്കൈ ന്യൂസ് എന്നീ ടി.വി-റേഡിയോ ചാനലുകൾ കുറേനേരം നിലച്ചു. ബ്രിട്ടനിലെ സ്കൈ ന്യൂസും ഒരുമണിക്കൂർനേരം സംപ്രേഷണം മുടങ്ങി. അമേരിക്കയിലെ ഏതാനും ടി.വി സ്റ്റേഷനുകൾക്ക് കുറേനേരം പ്രാദേശിക വാർത്താ സംപ്രേഷണത്തിൽ തടസ്സം നേരിട്ടു. അനേകം മാധ്യമസ്ഥാപനങ്ങളിൽ റിപ്പോർട്ടിങ്ങിനും എഡിറ്റിങ്ങിനും മറ്റും പ്രയാസം നേരിട്ടു.

മറ്റ് മേഖലകളെപ്പോലെ മാധ്യമലോകവും അനുഭവിച്ചത് അധികാര കേന്ദ്രീകരണത്തിന്റെ ദുഷ്ഫലമാണ്. മാധ്യമങ്ങളെയടക്കം നിയന്ത്രിക്കാൻ ബാഹ്യശക്തികൾക്ക് സാധിക്കും എന്നതിന്റെ സൂചന. വിൻഡോസ് പ്രശ്നത്തിൽ യാദൃച്ഛികമായ സാ​ങ്കേതികത്തകരാറാണ് കാരണക്കാരൻ. എന്നാൽ, കരുതിക്കൂട്ടിത്തന്നെ മാധ്യമങ്ങളെയും അവയുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കാൻ ഡിജിറ്റൽ സാ​ങ്കേതികവിദ്യക്ക് കഴിയുന്നു എന്നത് ഇതിലും വലിയ അപകടമാണ്.

ഗസ്സയിൽ നടത്തുന്ന വംശഹത്യക്ക് അനുകൂലമായി ലോകാഭിപ്രായം രൂപപ്പെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നത് രണ്ടു രീതിയിലാണ്. ഒന്ന്, വ്യാജ കഥകൾ പ്രചരിപ്പിക്കുക. രണ്ട്, ശരിയായ വസ്തുതകൾ ലോകം അറിയാതിരിക്കാൻ യഥാർഥ വാർത്തകൾ സെൻസർ ചെയ്യുക.സെൻസർഷിപ്പിന് സമൂഹമാധ്യമങ്ങളെയും ആപ്പുകളെയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എക്സ്, ഫേസ്ബുക്ക്, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഇസ്രായേലിനെതിരായ പോസ്റ്റുകൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന്റെ അനേകം ഉദാഹരണങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേൽ സർക്കാർ ഇതിനുവേണ്ടി ആസൂത്രിതമായി സമ്മർദം ചെലുത്തിവരുന്നുണ്ട്. സയണിസ്റ്റ് സർക്കാറുമായി ഉറ്റബന്ധമുള്ള ഒരു ടെക് കമ്പനിയാണ് സൈബർവെൽ. ഒക്ടോബർ 7ന് ശേഷം ഹമാസിനെതിരെ പലതരം കള്ളക്കഥകൾ വ്യാപിച്ചിരുന്നു. ഇതെല്ലാം ഇസ്രായേലിന് വംശഹത്യക്കുള്ള ഊർജവും പൊതുസമ്മതിയും നൽകാൻ പോന്നവയായിരുന്നു.

ഹമാസ് ഇസ്രായേലി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു, കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു, ആസൂത്രിതമായി കൂട്ട മാനഭംഗം ചെയ്തു എന്നീ വ്യാജങ്ങൾ ഓരോന്നും തെറ്റാണെന്ന് തെളിഞ്ഞതാണ്. ‘മീഡിയ സ്കാനി’ൽ ഇവ വിശദീകരിച്ചിരുന്നു.

വ്യാജ കഥകൾ തുറന്നുകാട്ടപ്പെടുന്നമുറക്ക് അത് വാർത്തയാകേണ്ടതായിരുന്നു. എന്നാൽ, മുഖ്യധാര മാധ്യമങ്ങൾ കള്ളങ്ങൾ പരത്തിയ ആവേശമൊന്നും അവ തിരുത്തുന്ന കാര്യത്തിൽ കാണിച്ചില്ല. ഇത്തരം സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളാണ് നേരറിയാനും അറിയിക്കാനുമുള്ള വഴി. ഇവിടെയാണ് ‘സൈബർവെല്ലി’നെപ്പോലെയുള്ള സംരംഭങ്ങളെ ഇസ്രായേൽ ഉപയോഗപ്പെടുത്തുന്നത്.

തന്ത്രം ലളിതം: സെമിറ്റിക് വിരുദ്ധ പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യുമെന്ന് ആദ്യം സമ്മതിപ്പിക്കുക. ഇത് എളുപ്പമായിരുന്നു. ‘മെറ്റ’ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് എന്നിവയുടെ ഉടമ കമ്പനി), ‘എക്സ്’ (ട്വിറ്റർ), ടിക് ടോക് തുടങ്ങിയ കമ്പനികൾക്കൊന്നും അതിൽ എതിർപ്പുണ്ടായില്ല. ഉണ്ടാകേണ്ടതുമില്ല. സെമിറ്റിക് വിരുദ്ധ ഉള്ളടക്കം പോലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കവും കറുത്തവർക്കെതിരായ ഉള്ളടക്കവുമെല്ലാം എടുത്തുകളയേണ്ടതുതന്നെയാണ് –സെമിറ്റിക് വിരുദ്ധതയുടെ കാര്യത്തിൽ മാത്രമേ ഇസ്രായേലിന് പിടിവാശിയുള്ളൂ എങ്കിലും.

ഇനിയാണ് തന്ത്രത്തിന്റെ മർമപ്രധാനമായ രണ്ടാംഘട്ടം വരുന്നത്. ഇസ്രായേലി സർക്കാറിനും സയണിസ്റ്റുകൾക്കും ഇഷ്ടപ്പെടാത്തതെല്ലാം ‘സെമിറ്റിക് വിരുദ്ധ’മെന്ന് മുദ്രകുത്തലാണത്. മെറ്റ, എക്സ്, ടിക് ടോക് കമ്പനികൾക്ക് അതിലും എതിർപ്പുണ്ടായില്ല. ഇത് ഇന്നത്തെ സമൂഹമാധ്യമ കുത്തകകൾ എത്രത്തോളം ഇസ്രായേലിന് വിധേയപ്പെട്ടു എന്ന് തെളിയിക്കുന്നു. പാരമ്പര്യ മാധ്യമരംഗത്തെന്നപോലെ ഡിജിറ്റൽ മാധ്യമരംഗത്തും ഏകപക്ഷീയമായ വാർത്തകളും ആഖ്യാനങ്ങളും പരക്കാൻ ഇത് ഇടവരുത്തിയിരിക്കുന്നു.

അങ്ങനെ, ഇസ്രായേൽ ചെയ്തതായി തെളിഞ്ഞ കുറ്റങ്ങളെപ്പറ്റി പറയുന്നത് ‘സെമിറ്റിക് വിരുദ്ധ’മായി മുദ്രയടിക്കപ്പെടുന്നു; എടുത്തുമാറ്റപ്പെടുന്നു. ഒപ്പം, ഹമാസിനെതിരായ കള്ളങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഹമാസ് 40ലധികം കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു എന്ന വ്യാജമുണ്ടല്ലോ. പ്രസിഡന്റ് ജോ ബൈഡനടക്കം ഏറ്റുപിടിച്ച കള്ളം. ആ കഥ അപ്പടി വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞതാണ്. ഹമാസിന്റെ ആക്രമണത്തിൽ ഒരേയൊരു കുഞ്ഞ് (പത്തുമാസം പ്രായമുണ്ടായിരുന്ന മിലാ കോഹൻ) മാത്രമാണ് കൊല്ലപ്പെട്ടത്. അതുതന്നെ ഹമാസും ഇസ്രായേൽ സേനയും തമ്മിലുണ്ടായ വെടിവെപ്പിൽ സംഭവിച്ചതാണ്.

പക്ഷേ, ഈ കെട്ടുകഥ കള്ളമാണെന്ന് പറയുന്നതുപോലും സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യപ്പെടാം. തലയറുക്കൽ സംഭവത്തെപ്പറ്റി സംശയം ഉന്നയിക്കുന്ന ഏതു പോസ്റ്റും നീക്കം ചെയ്യണമെന്ന് കമ്പനികളോട് ഇക്കൊല്ലം ജനുവരിയിൽ ‘സൈബർവെൽ’ ആവശ്യപ്പെട്ടു.

‘‘പുഴ മുതൽ കടൽ വരെയും ഫലസ്തീൻ സ്വതന്ത്രമാകും’’ എന്ന പ്രസിദ്ധമായ വാക്യത്തെ ‘സൈബർവെൽ’ വിദ്വേഷ പ്രചാരണമെന്ന ഗണത്തിൽപെടുത്തി; അതും നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയതായി ലീ ഫാങ്, ജാക് പൗൾസൺ എന്നീ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 7ന് ഹമാസ് ആസൂത്രിത കൂട്ട ബലാത്സംഗം നടത്തി എന്ന വാർത്തയും തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പക്ഷേ, അത് തെറ്റെന്ന് തെളിഞ്ഞതായി പറയുന്നതും സെമിറ്റിക് വിരുദ്ധമാകാം! ഏതായാലും സമൂഹ മാധ്യമങ്ങൾക്ക് ‘സൈബർവെൽ’ കൊടുത്ത നിർദേശം അത് നീക്കംചെയ്യാനാണ്. ‘ടിക് ടോക്’ ആ നിർദേശം അംഗീകരിച്ചതായി അവർതന്നെ ജൂൺ 17ന് പരസ്യപ്പെടുത്തുകയുംചെയ്തു. ‘ഹാദി നസ്റല്ലാഹ്’ എന്ന അക്കൗണ്ടിന്റെ ഒരു പോസ്റ്റ് ‘‘അക്രമത്തിന് പ്രോത്സാഹനം നൽകി’’ എന്നുപറഞ്ഞ് നീക്കം ചെയ്തുകൊണ്ടായിരുന്നു പ്രഖ്യാപനം.

തെളിയിക്കപ്പെട്ട മറ്റൊരു വസ്തുതയാണ്, ഒക്ടോബർ 7ന് ഇസ്രായേലിൽ ആയിരത്തിലേറെ സിവിലിയന്മാരെ കൊന്നതിൽ വലിയ പങ്ക് ഇസ്രായേലിനുതന്നെയാണെന്നത്. ഇസ്രായേലി സേന ‘ഹാനിബൽ പ്രമാണം’ നടപ്പാക്കിയെന്ന് അവർതന്നെ ഏറ്റുപറഞ്ഞതുമാണ്. പക്ഷേ, അക്കാര്യം പറയുന്നതും ‘‘സെമിറ്റിക് വിരുദ്ധവും നീക്കം ചെയ്യേണ്ടതു’’മാണെന്ന് സൈബർവെൽ നിർദേശിച്ചു; അതനുസരിക്കുന്നതായി ടിക് ടോക് അറിയിച്ചു.

ഭീകരർ എങ്ങനെ ഇരകളായി ലോകത്തിന് മുമ്പാകെ നിൽക്കുന്നു എന്നും ഇരകളെങ്ങനെ ഭീകരരാകുന്നു എന്നും വ്യക്തമാക്കുന്നതാണ് സയണിസ്റ്റ് പക്ഷത്തിന്റെ സമ്മർദം കാരണം നടക്കുന്ന സമൂഹമാധ്യമ സെൻസർഷിപ്.

യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണത്തിന് ഇരയായ അനേകം മാധ്യമപ്രവർത്തകരിലൊരാളാണ് ബ്രിട്ടീഷ് ജേണലിസ്റ്റ് റിച്ചഡ് മെഡ്ഹേഴ്സ്റ്റ്. മിഡിലീസ്റ്റ്, യൂറോപ്, യുദ്ധകാര്യങ്ങൾ, കൊളോണിയലിസം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മേഖലകൾ. ഡിജിറ്റൽ രംഗത്താണ് മാധ്യമപ്രവർത്തനം. ഇസ്രായേലി വംശഹത്യയെപ്പറ്റിയും അത് മറച്ചുവെക്കാനുള്ള സയണിസ്റ്റ് തന്ത്രങ്ങളെപ്പറ്റിയും അദ്ദേഹം ധാരാളം വിശദ റിപ്പോർട്ടുകൾ നൽകാറുണ്ട്. സൈനികമായും രാഷ്ട്രീയമായും ഇസ്രായേൽ ഹമാസിനോട് തോറ്റുകഴിഞ്ഞു എന്നദ്ദേഹം വാദിക്കുന്നു.

യൂട്യൂബാണ് അദ്ദേഹത്തിന്റെ പ്രധാന വേദി. എന്നാൽ, ഇസ്രായേലിനെ വിമർശിച്ചുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ ചാനലിന് വരുമാനവിലക്ക് സ്ഥിരമായി ഏർപ്പെടുത്തിയതായി യൂട്യൂബ് അറിയിച്ചു. ലക്ഷക്കണക്കിന് അനുഗാമികളുള്ളതായിരുന്നു ചാനൽ. അദ്ദേഹം കീഴടങ്ങാൻ തയാറായില്ല. വരുമാനമില്ലാതെതന്നെ യൂട്യൂബ് ചാനൽ നടത്തുന്നതിനൊപ്പം, വരുമാനത്തിനുവേണ്ടി ക്രൗഡ് ഫണ്ടിങ് മാതൃകയിൽ ‘റംബ്ൾ’ എന്ന മറ്റൊരു ഡിജിറ്റൽ വേദിയിൽകൂടി ചാനൽ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം.

സമൂഹമാധ്യമമെന്ന വാർത്താ മാധ്യമം

ചില മേഖലകളിൽ യൂട്യൂബ് വാർത്തകൾ സെൻസർ ചെയ്യുന്നു എന്ന വസ്തുത നിലനിൽക്കെ, ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിൽ അത് വൻതോതിൽ സ്വാധീനം ചെലുത്തിയതായി ഒരു വിശകലന പഠനത്തിൽ കാണുന്നു.

തെരഞ്ഞെടുപ്പിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിച്ച വാർത്ത ഉറവിടങ്ങളിൽ യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ ഉയർന്നുനിൽക്കുന്നു. അവ പ്രചാരണത്തിൽ പാരമ്പര്യ മാധ്യമങ്ങൾക്കൊപ്പം എത്തിയതായാണ് ഡേറ്റ ആക്ഷൻ ലാബ് ഫോർ എമർജിങ് സൊസൈറ്റീസ് എന്ന സ്ഥാപനത്തിന്റെ കണ്ടെത്തൽ.

543 ലോക്സഭ മണ്ഡലങ്ങളുള്ളതിൽ 421 മണ്ഡലങ്ങളിൽ നടത്തിയ സർവേ ആണ് കണ്ടെത്തലിന് അടിസ്ഥാനം. 15,000ത്തോളം വീടുകൾ സർവേയിൽ പ​ങ്കെടുത്തു. സർവേ ഫലങ്ങൾ ഹിന്ദുസ്താൻ ടൈംസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പത്രങ്ങൾ, വാർത്താ ചാനലുകൾ എന്നീ പാരമ്പര്യ മാധ്യമങ്ങളെയാണ് 34.4 ശതമാനം ആളുകൾ വാർത്തകൾക്ക് ആശ്രയിക്കുന്നത്. അതേസമയം 33.6 ശതമാനം പേർക്ക് വാർത്ത കിട്ടുന്നത് യൂട്യൂബിൽനിന്നത്രെ.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെ വാർത്തക്കായി ആശ്രയിക്കുന്നത് 23.5 ശതമാനം പേരാണ്. 8.5 ശതമാനം പേർ വാട്സ്ആപ്, ടെലിഗ്രാം എന്നിവ വാർത്തക്കായി നോക്കുന്നു. വാർത്ത മേഖലയിൽ ഫേസ്ബുക്ക് പിറകോട്ടടിക്കുന്ന മുറക്ക് യൂട്യൂബ് മുന്നേറുന്നതായി റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു.


News Summary - weekly column media scan