നേരു നോട്ടത്തിൽ തെളിയുന്ന പൊള്ളുകൾ
ഒരു മന്ത്രിയുടെ പാർലമെന്റ് പ്രസ്താവനകൾ. ഒരു പത്രം അതിന്മേൽ നടത്തിയ വസ്തുതാപരിശോധന. അതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ അവകാശ ലംഘന പ്രമേയം. പുതിയകാലത്ത് മാധ്യമങ്ങൾ നടത്തേണ്ട ഇടപെടലിനെപ്പറ്റിയുള്ള സൂചനകൂടിയാണ് യൂനിയൻ ആഭ്യന്തര മന്ത്രിക്കെതിരെ കോൺഗ്രസ് പാർട്ടി, രാജ്യസഭ അധ്യക്ഷന് സമർപ്പിച്ച അവകാശ ലംഘന പരാതി. തെറ്റായ വിവരം നൽകി സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം.മന്ത്രി പറഞ്ഞത് തെറ്റാണെന്ന് ഫാക്ട് ചെക്കിലൂടെ തെളിയിച്ച ഹിന്ദു പത്രത്തെ ഉദ്ധരിച്ചാണ് പ്രമേയം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെപ്പറ്റി പറയുമ്പോഴാണ് അമിത് ഷാ കേരള സർക്കാറിനെ കുറ്റപ്പെടുത്താൻ പാകത്തിൽ വ്യാജ വിവരം നൽകിയത്....
Your Subscription Supports Independent Journalism
View Plansഒരു മന്ത്രിയുടെ പാർലമെന്റ് പ്രസ്താവനകൾ. ഒരു പത്രം അതിന്മേൽ നടത്തിയ വസ്തുതാപരിശോധന. അതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ അവകാശ ലംഘന പ്രമേയം. പുതിയകാലത്ത് മാധ്യമങ്ങൾ നടത്തേണ്ട ഇടപെടലിനെപ്പറ്റിയുള്ള സൂചനകൂടിയാണ് യൂനിയൻ ആഭ്യന്തര മന്ത്രിക്കെതിരെ കോൺഗ്രസ് പാർട്ടി, രാജ്യസഭ അധ്യക്ഷന് സമർപ്പിച്ച അവകാശ ലംഘന പരാതി. തെറ്റായ വിവരം നൽകി സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം.
മന്ത്രി പറഞ്ഞത് തെറ്റാണെന്ന് ഫാക്ട് ചെക്കിലൂടെ തെളിയിച്ച ഹിന്ദു പത്രത്തെ ഉദ്ധരിച്ചാണ് പ്രമേയം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെപ്പറ്റി പറയുമ്പോഴാണ് അമിത് ഷാ കേരള സർക്കാറിനെ കുറ്റപ്പെടുത്താൻ പാകത്തിൽ വ്യാജ വിവരം നൽകിയത്. യൂനിയൻ സർക്കാർ ഉരുൾപൊട്ടൽ സാധ്യതയെപ്പറ്റി മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാർ ജനങ്ങളെ ഒഴിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഉരുൾപൊട്ടലിനു ശേഷമാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഉരുൾപൊട്ടൽ മുന്നറിയിപ്പ് തന്നത്.
ഹിന്ദുവിൽ (ആഗസ്റ്റ് 2) അവരുടെ ചെന്നൈ ബ്യൂറോ നടത്തിയ വസ്തുതാ പരിശോധനയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഉരുൾപൊട്ടലുണ്ടായത് ജൂലൈ 30ന് പുലർച്ചെയാണ്. പിറ്റേന്നാണ് പാർലമെന്റിൽ അമിത് ഷായുടെ പ്രസ്താവന. ആ പ്രസ്താവനയിലെ നെല്ലും പതിരും പരിശോധിച്ച ഹിന്ദു ഫാക്ട് ചെക്കിലെ പ്രസക്ത വിവരങ്ങൾ താഴെ:
അമിത് ഷാ ലോക്സഭയിൽ പറഞ്ഞത്: കേരളത്തിൽ പതിവിൽ കവിഞ്ഞ മഴ പടിഞ്ഞാറൻ കടലോരത്ത് പെയ്യുമെന്ന് ജൂലൈ 18ന് മുന്നറിയിപ്പ് കൊടുത്തു.
മുന്നറിയിപ്പ് നൽകുക ഐ.എം.ഡിയാണല്ലോ. അവരുടെ ജൂലൈ 18ലെ വാർത്താകുറിപ്പിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘‘കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലടക്കം ജൂലൈ 19ന് രാവിലെ 11.30 വരെ മിന്നൽപ്രളയത്തിന് സാധ്യത.’’ ഈ പ്രവചനത്തിൽ ഗൗരവപ്പെട്ട ഒരു സാധ്യതയെപ്പറ്റിയും ഇല്ല. ഉരുൾപൊട്ടലിനെപ്പറ്റിയും ഇല്ല. ഇത് ഒരു ദിവസത്തേക്കുള്ള ഹ്രസ്വകാല പ്രവചനം.
അതു മാത്രമല്ല. ജൂലൈ 18നു തന്നെ ഐ.എം.ഡി രണ്ടാഴ്ചക്കാലത്തേക്കുള്ള ദീർഘകാല മുന്നറിയിപ്പുകൂടി പ്രസിദ്ധപ്പെടുത്തിയിരുന്നു. ജൂലൈ 18-31 ദിവസങ്ങളിലേക്കുള്ള ഈ മുന്നറിയിപ്പിലാണ് ഉരുൾപൊട്ടലിനെപ്പറ്റി വിവരം ഉണ്ടാവേണ്ടിയിരുന്നത് –കാരണം ഉരുൾപൊട്ടിയത് 30ന് പുലർച്ചെയാണല്ലോ. പക്ഷേ, അത്തരം ഒരു വിവരവും ഉണ്ടായിരുന്നില്ല. ആ ദീർഘകാല പ്രവചനത്തിൽ കേരളത്തെപ്പറ്റി ഒന്നുംതന്നെ ഇല്ലായിരുന്നു. അമിത് ഷാ അടുത്തതായി പറഞ്ഞത്: ‘‘ജൂലൈ 18ലെ മുന്നറിയിപ്പ് 23ന് പരിഷ്‍കരിച്ചു; പതിവിൽ കവിഞ്ഞ മഴ എന്നതിനു പകരം അതിശക്തമായ മഴ എന്നാക്കി.’’
എന്തായിരുന്നു ജൂലൈ 23ലെ മുന്നറിയിപ്പിന്റെ ശരിയായ രൂപം? ‘‘ജൂലൈ 25ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ (very heavy) മഴ.’’ (നടപടി ആവശ്യമുള്ളത് എന്നർഥം) മാത്രമല്ല, ‘‘ജൂലൈ 23-27 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട/ ഏതാനും സ്ഥലങ്ങളിൽ ശക്തമായ (heavy) മഴ.’’ ഒപ്പം, 25ലേക്ക് ഓറഞ്ച് (നടപടി) ജാഗ്രതയും 23, 24, 26, 27 ദിവസങ്ങളിലേക്ക് മഞ്ഞ (‘‘കരുതൽ’’) ജാഗ്രതയും. ആപത് സൂചന ഒന്നും ഇതിലുമില്ല.
അമിത് ഷായുടെ പ്രസ്താവനയിൽ അടുത്തത്: ‘‘ജൂലൈ 25ന് മുന്നറിയിപ്പ് കൂടുതൽ കൃത്യമാക്കി, ‘ശക്തമോ അതിശക്തമോ’ ആയ മഴ എന്നാക്കി.’’
ജൂലൈ 25ലെ മുന്നറിയിപ്പിൽ ഇങ്ങനെയാണ് പറഞ്ഞത്: ‘‘വരുന്ന അഞ്ചു ദിവസം കേരളത്തിലും മാഹിയിലുമടക്കം അങ്ങിങ്ങോ വ്യാപകമായോ ദുർബലമോ മിതമോ ആയ മഴയും ഇടിമിന്നലും ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. ജൂലൈ 25-29 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് വളരെ സാധ്യതയുണ്ട്.’’ ഈ ദിനങ്ങളിലേക്ക് കേരളത്തിന് മഞ്ഞ ജാഗ്രതയാണ് നൽകിയത്.
ഉരുൾപൊട്ടിയ ജൂലൈ 30 അടങ്ങുന്ന ദിവസങ്ങളിലേക്കുള്ള ദീർഘകാല മുന്നറിയിപ്പും 25ന് ഇറങ്ങി: ജൂലൈ 25 മുതൽ ആഗസ്റ്റ് 7 വരെയുള്ള കാലത്തേക്ക് പ്രവചിച്ചത് ‘‘അങ്ങിങ്ങോ സാമാന്യം വ്യാപകമോ ആയ, ദുർബലമോ മിതമോ ആയ മഴയും ഇടിമിന്നലും... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും’’ ആയിരുന്നു.
ജൂലൈ 29ന് ഐ.എം.ഡി വാർത്താകുറിപ്പ് അതേ ദിവസത്തേക്ക് (29) ‘‘ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴ’’ക്കുള്ള ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു.
ജൂലൈ 30ലേക്കുള്ള ചുവപ്പു ജാഗ്രത പുറപ്പെടുവിച്ചത് അതേ ദിവസമായിരുന്നു –അതും ഉച്ചക്ക് 1.10ന്; ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്കു ശേഷം.
ഐ.എം.ഡിയുടെ പുണെ കേന്ദ്രം ജൂലൈ 23ന് ഇറക്കിയ മുന്നറിയിപ്പ്, 30ന് വയനാട്ടിൽ 15 മില്ലി മീറ്റർ മഴ പ്രവചിച്ചു. ആശങ്കപ്പെടേണ്ട അളവല്ല 15 മി.മീ. തിരുവനന്തപുരത്തെ ഐ.എം.ഡി കേന്ദ്രം ജൂലൈ 25ന് ഒരു കുറിപ്പ് ഇറക്കി –ആഗസ്റ്റ് 1 വരേക്കുള്ളത്. അതിൽ മുന്നറിയിപ്പ് ഒന്നുമില്ലായിരുന്നു.
ഇനി, രാജ്യസഭയിൽ അമിത് ഷാ പറഞ്ഞത്: ജൂലൈ 26ന് കേരളത്തിന് നൽകിയ മുന്നറിയിപ്പിൽ 20 സെന്റിമീറ്ററിലധികം വരുന്ന മഴയുണ്ടാകും, ഉരുൾപൊട്ടലിന് സാധ്യതയുണ്ട് എന്നൊക്കെ വ്യക്തമാക്കിയിരുന്നുവത്രെ. പക്ഷേ അന്നത്തെ ഐ.എം.ഡി വാർത്താകുറിപ്പിൽ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഗൗരവം ഒട്ടുമില്ലാത്ത മഞ്ഞ ജാഗ്രതയാണ് കാണിച്ചിരുന്നത്.
ലോക്സഭയിൽ മറ്റൊരു അവാസ്തവംകൂടി അമിത് ഷാ പറഞ്ഞതായി ഹിന്ദു ചൂണ്ടിക്കാട്ടുന്നു. ‘‘2014ന് മുമ്പ്’’ (അതായത്, മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ്) ‘‘ദുരന്തങ്ങളോടുള്ള പ്രതികരണം ഒരൊറ്റ കാര്യത്തിൽ ഒതുങ്ങിയിരുന്നു –ദുരിതാശ്വാസവും പുനരധിവാസവും.’’
ഹിന്ദു എഴുതുന്നു: ‘‘ഇത് തെറ്റാണ്. 2012ലാണ് ഇന്ത്യ ദേശീയ മൺസൂൺ മിഷൻ (എം.എം) തുടങ്ങിയത്. ‘‘ഇന്ത്യയുടെ മൺസൂൺ പ്രവചനങ്ങൾ മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം.’’ 2017ൽ ഈ ദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.
രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ വസ്തുത പരിശോധന ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു. പ്രധാനപ്പെട്ട ഒരു മന്ത്രി ലോക്സഭയിലും രാജ്യസഭയിലും അസത്യം പറഞ്ഞു എന്നത് ചെറിയ വാർത്തയല്ലല്ലോ.
സെൻസർഷിപ് ഡിജിറ്റലിലേക്കും
എൻ.ഡി.എ സർക്കാറിന്റെ ആലയിൽ പുതിയൊരു ആയുധം രൂപംകൊള്ളുന്നുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമം വരുന്നു. സർക്കാറിനെതിരെ ഒന്നും യൂട്യൂബിലോ ഫേസ്ബുക്കിലോ എക്സിലോ മറ്റ് സമൂഹമാധ്യമങ്ങളിലോ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലോ പറയാൻ പറ്റാതിരിക്കുക. അതിനുവേണ്ടിയാണ് പുതിയ ബ്രോഡ്കാസ്റ്റ് ബിൽ രൂപകൽപന ചെയ്തിരിക്കുന്നത്. രവീഷ് കുമാറുമാരെയും മുഹമ്മദ് സുബൈറുമാരെയും ധ്രുവ് റാഠിമാരെയും നിലക്കുനിർത്തണമ ല്ലോ. ഡിജിറ്റൽ മീഡിയയിലൂടെ വർഗീയ വിദ്വേഷ പോസ്റ്റുകൾക്ക് നിലവിലുള്ള നിയമപ്രകാരം എടുക്കാവുന്ന നടപടിപോലും എടുക്കാത്ത സർക്കാറാണ് ‘‘ഡിജിറ്റൽ ബ്രോഡ് കാസ്റ്റർ’’മാരെയും ഓൺലൈൻ ‘‘പ്രഫഷനലുകളെ’’യും ഓൺലൈൻ മാധ്യമങ്ങളിലെ ‘‘വ്യവസ്ഥാപിത പ്രവർത്തനങ്ങളെ’’യും ഉന്നമിടുന്നത്. ബില്ലിലെ ഇപ്പറഞ്ഞ പദങ്ങൾ അവ്യക്ത നിർവചനങ്ങളാൽ എങ്ങനെയും വലിച്ചുനീട്ടാവുന്ന പരുവത്തിലാണ് സൗകര്യപൂർവം വെച്ചിരിക്കുന്നത്.
അറിഞ്ഞിടത്തോളം (ബില്ലിന്റെ പുതിയ ഡ്രാഫ്റ്റ് ചില കൂട്ടരെ മാത്രമേ കാണിച്ചിട്ടുള്ളൂ) ഓൺലൈൻ/സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പോസ്റ്റ് ചെയ്യുന്നവരെയും അവ ഷെയർ ചെയ്യുന്നവരെയുമെല്ലാം ‘‘മെരുക്കാ’’നുള്ള വക പുതിയ നിയമത്തിലുണ്ട്. ഏതു സമയവും സർക്കാറിന്റെ ആളുകൾക്ക് വന്ന് ഉപകരണങ്ങളടക്കം പിടിച്ചെടുക്കാം, എന്തു പോസ്റ്റും നീക്കംചെയ്യിക്കാം, നിരോധിക്കാം, പിഴ ചുമത്താം, ബന്ധപ്പെട്ടവരെ തടവിലിടാം.
ആനുകാലിക സംഭവങ്ങളെപ്പറ്റി പറയാനോ പ്രതികരിക്കാനോ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യേണ്ടിവരും. ‘‘നിയമം’’ അനുസരിപ്പിക്കാൻ പിന്നെ എളുപ്പമായി. പക്ഷേ, അടിയന്തരാവസ്ഥക്ക് നാം എതിരാകുന്നു! അതിനെതിരെ നാം ദിനാചരണം തുടങ്ങും. രാജ്യത്തിനകത്ത് ഇനി ആരും രാഷ്ട്രീയം പറയരുത്, ചിന്തിക്കരുത്. ‘‘വായടക്കൂ പണിയെടുക്കൂ’’ എന്ന് അടിയന്തരാവസ്ഥക്കാലത്ത് പറഞ്ഞിരുന്നു. നാം അത് പറയില്ല. നടപ്പിലാക്കും.