മാധ്യമസ്വാതന്ത്ര്യം: ഇസ്രായേൽ, ബ്രസീൽ, ഇന്ത്യ
ഭരണകൂടങ്ങൾ മാധ്യമങ്ങളെ ഭയക്കുന്നു. ഇതിന് ഇസ്രായേലിൽനിന്നും ഇന്ത്യയിൽനിന്നും വീണ്ടും ഉദാഹരണങ്ങൾ. അതേസമയം, കോർപറേറ്റ് മാധ്യമസ്ഥാപനങ്ങൾക്ക് കച്ചവടനഷ്ടത്തെയാണ് ഭയം എന്നതിന് ബ്രസീലിൽനിന്ന് ഉദാഹരണം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഇസ്രായേലി പട്ടാളം അൽജസീറ ഓഫിസ് റെയ്ഡ് ചെയ്തു. ആയുധങ്ങളുമായി ഒരുകൂട്ടം പട്ടാളക്കാർ അൽജസീറ ബ്യൂറോയിലേക്ക് കടന്നുകയറി, ഫോൺ, ലാപ്ടോപ്, കാമറ തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുത്തു. 45...
Your Subscription Supports Independent Journalism
View Plansഭരണകൂടങ്ങൾ മാധ്യമങ്ങളെ ഭയക്കുന്നു. ഇതിന് ഇസ്രായേലിൽനിന്നും ഇന്ത്യയിൽനിന്നും വീണ്ടും ഉദാഹരണങ്ങൾ. അതേസമയം, കോർപറേറ്റ് മാധ്യമസ്ഥാപനങ്ങൾക്ക് കച്ചവടനഷ്ടത്തെയാണ് ഭയം എന്നതിന് ബ്രസീലിൽനിന്ന് ഉദാഹരണം.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഇസ്രായേലി പട്ടാളം അൽജസീറ ഓഫിസ് റെയ്ഡ് ചെയ്തു. ആയുധങ്ങളുമായി ഒരുകൂട്ടം പട്ടാളക്കാർ അൽജസീറ ബ്യൂറോയിലേക്ക് കടന്നുകയറി, ഫോൺ, ലാപ്ടോപ്, കാമറ തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുത്തു. 45 ദിവസത്തേക്ക് പ്രവർത്തനവിലക്കിന്റെ ‘‘ഉത്തരവ്’’ ബ്യൂറോ മേധാവി വാലിദ് അൽ ഉമരിക്ക് കൈമാറി. പട്ടാളം ബ്യൂറോയിൽ കടക്കുമ്പോൾ ഒരു റിപ്പോർട്ടർ വാർത്ത വായിക്കുന്നുണ്ടായിരുന്നു. ചാനൽ അടക്കുകയാണെന്ന് പട്ടാളക്കാർ അറിയിച്ചു. ജീവനക്കാരെല്ലാം അവിടം വിട്ടുപോകണമെന്ന് കൽപിച്ചു.
പഴയ, ബ്രിട്ടീഷ് ഭരണകാലത്തെ നിയമം പറഞ്ഞാണ് ഇസ്രായേലി അധികൃതർ ചാനൽ പൂട്ടാൻ കൽപിച്ചത്. എന്നാൽ, 1993ലെ ഓസ്ലോ കരാർപ്രകാരം വെസ്റ്റ് ബാങ്ക് ഫലസ്തീൻ അതോറിറ്റിയുടെ ഭരണപ്രദേശമാണ്. അൽജസീറക്ക് രജിസ്ട്രേഷനും പ്രവർത്തനാനുമതിയും നൽകിയത് ഫലസ്തീൻ അതോറിറ്റിയാണ്. ഇസ്രായേലി പട്ടാളത്തിന്റെ ചെയ്തി ഏത് നിലക്കും നിയമവിരുദ്ധമാണ്.
അൽജസീറ ഭീകരപ്രവർത്തനത്തെ പിന്തുണക്കുന്നു എന്നാണ് ഇസ്രായേലിെന്റ ആരോപണം. അങ്ങനെ ‘‘സമാധാനപ്രിയരായ’’ പട്ടാളക്കാർ തോക്കുകളുമായി വരുന്നു; അൽജസീറ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തെല്ലാം കണ്ണീർവാതക ഷെല്ലുകൾ പൊട്ടിക്കുന്നു. എന്നിട്ട് കൂട്ടമായി ഓഫിസിലേക്ക് കടക്കുന്നു. സാധനങ്ങൾ പിടിച്ചെടുക്കുന്നു. അതെല്ലാം വാഹനങ്ങളിലിട്ട് കൊണ്ടുപോകുന്നു. പുറം ചുവരിൽ തൂക്കിയിരുന്ന ഷിരീൻ അബൂ ആഖിലയുടെ പടം ചീന്തിക്കളയുന്നു.
ഇസ്രായേലി പ്രദേശങ്ങളിൽ പ്രവർത്തിക്കരുതെന്ന് അൽജസീറയോട് സയണിസ്റ്റ് സർക്കാർ നിർദേശിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ഇസ്രായേലി പ്രദേശത്തിന് പുറത്തും ബലപ്രയോഗത്തിലൂടെ ചാനൽ നിർത്തിയിരിക്കുന്നു. ഉത്തര കൊറിയയിലോ ചൈനയിലോ ഇങ്ങനെയൊരു സംഭവം നടന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ കോലാഹലമുണ്ടാക്കും. പക്ഷേ, ഈ സംഭവത്തിൽ അവർ നല്ല സംയമനത്തിലാണ്. ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ പത്രങ്ങളും ഫോക്സ് ന്യൂസ്, സി.എൻ.എൻ, ബി.ബി.സി തുടങ്ങിയവയും ചാനൽ നിരോധനം റിപ്പോർട്ട് ചെയ്തു; ഇസ്രായേലിന്റെ ആരോപണവും അൽ ജസീറയുടെ നിഷേധവും ഉൾപ്പെടുത്തി. ഇസ്രായേലി ഭാഷ്യം അപ്പടി ഏറ്റെടുത്ത ഫോക്സ് ഒഴികെയുള്ളവർ മാധ്യമസ്വാതന്ത്ര്യത്തെ പറ്റിയും പരാമർശിച്ചു. എന്നാൽ, മാധ്യമസ്വാതന്ത്ര്യത്തിനെതിരെ അതിർത്തി കടന്നുള്ള ഈ ആക്രമണം ഉണ്ടാക്കേണ്ട ബഹളമോ എതിർപ്പോ മറ്റു മാധ്യമങ്ങളിൽനിന്ന് കാണാനായില്ല.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ), റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്), ഫലസ്തീൻ ജേണലിസ്റ്റ്സ് സിൻഡിക്കേറ്റ്, ആംനസ്റ്റി ഇന്റർനാഷനൽ തുടങ്ങിയവ ഇസ്രായേലി നടപടിയെ വിമർശിച്ചു. ഇസ്രായേലിന്റേത് ക്രിമിനൽ ചെയ്തിയാണെന്ന് അൽ ജസീറ പറഞ്ഞു. മറച്ചുവെക്കാൻ ധാരാളമുള്ള കുറ്റവാളി രാഷ്ട്രമാണ് ഇസ്രായേൽ എന്ന് പലരും അഭിപ്രായപ്പെട്ടു.
മസ്ക് വഴങ്ങുന്നു
ടെക് ഭീമൻമാരും ഭരണകൂടങ്ങളും തമ്മിൽ ഇടക്കിടെ വടംവലി ഉണ്ടാകാറുണ്ട് –ഭരണകർത്താക്കൾക്ക് ഇഷ്ടപ്പെടാത്ത കമന്റുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വരുമ്പോൾ പ്രത്യേകിച്ചും. ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയവയിലെ സർക്കാർ വിരുദ്ധ ഉള്ളടക്കം വിവിധ ഭരണകൂടങ്ങൾ പലകുറി നീക്കം ചെയ്യിച്ചിട്ടുണ്ട്. (ഇപ്രകാരമുള്ള സെൻസറിങ് ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.)
‘എക്സ്’ (മുമ്പ് ട്വിറ്റർ) എന്ന വേദി ഇലോൺ മസ്ക് വാങ്ങി സ്വന്തമാക്കിയതോടെ അദ്ദേഹം അതിന്റെ പേരും ലോഗോയും സ്വതന്ത്ര സ്വഭാവവും മാറ്റി. അപ്പോഴെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് തന്റെ കീഴിൽ ‘എക്സ്’ ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന ഇടമായിരിക്കും എന്നാണ്. പക്ഷേ, അങ്ങനെയല്ലെന്നതാണ് അനുഭവം. ഒരു ഭാഗത്ത് സയണിസ്റ്റ് പക്ഷത്തിനുവേണ്ടി ഉള്ളടക്കം സെൻസർ ചെയ്യുന്നു; ‘ജനസൈഡ്’, ‘സയണിസ്റ്റ് ഭീകരത’ തുടങ്ങിയ വാക്കുകൾക്ക് നിയന്ത്രണംവെക്കുന്നു. മറുഭാഗത്ത്, മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് തീവ്ര വലതുപക്ഷ, വർഗീയ പോസ്റ്റുകൾ അനുവദിക്കുന്നു.
ബ്രസീലിൽ സംഭവിച്ചത് അതാണ്. അവിടത്തെ ജനാധിപത്യത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തുവന്ന ചില ‘എക്സ്’ അക്കൗണ്ടുകൾ എടുത്തുമാറ്റണമെന്ന് അവിടത്തെ സുപ്രീംകോടതി കൽപിച്ചതോടെ മസ്ക് ഇടഞ്ഞു. മസ്ക് തന്റെ മാധ്യമ സ്വാതന്ത്ര്യവാദം പുറത്തെടുത്തു. ഉള്ളടക്കമോ അവയുടെ അക്കൗണ്ടുകളോ നീക്കംചെയ്യുന്ന പ്രശ്നമില്ലെന്ന് ശഠിച്ചു. കോടതിയെ വെല്ലുവിളിച്ചു. കോടതി കൽപന ആവർത്തിച്ചു –അനുസരിച്ചില്ലെങ്കിൽ ‘എക്സി’ന് ബ്രസീലിൽ വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.
മസ്ക് വഴങ്ങിയില്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ പോരാളിയായി ബ്രസീലിൽ അദ്ദേഹം സ്വയം അവതരിപ്പിച്ചു. ഭീഷണികൊണ്ടൊന്നും വഴങ്ങില്ലെന്നറിയിച്ചു. ഉള്ളടക്കം നീക്കം ചെയ്യണമെന്ന ആവശ്യം നിയമവിരുദ്ധമാണെന്ന് വാദിച്ചു. അതോടെ, കോടതി ‘എക്സി’ന് ബ്രസീലിൽ പ്രവർത്തനാനുമതി നിഷേധിച്ച് ഉത്തരവിട്ടു. കമ്പനിക്ക് പിഴയുമിട്ടു. ആ അടി മസ്കിന്റെ മർമത്താണ് കൊണ്ടത്. കാരണം, ബ്രസീൽ 20 കോടി ജനങ്ങളുള്ള രാജ്യമാണ്. രണ്ടു കോടി ആളുകളെങ്കിലും ‘എക്സി’ന്റെ ഉപയോക്താക്കളാണ്. ആ വമ്പിച്ച വിപണിയാണ് അവർക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ടത്.
ഉപയോക്താക്കൾ മറ്റ് സമൂഹമാധ്യമങ്ങളിലേക്ക് മാറി. ‘എക്സി’ൽ അക്കൗണ്ടുണ്ടായിരുന്നവർ ‘ബ്ലൂ സ്കൈ’, ‘ത്രഡ്സ്’ തുടങ്ങിയവയുടെ ഉപയോക്താക്കളായി. നിരോധം എത്ര നീളുന്നുവോ അത്രയും ഉപയോക്താക്കൾ ചോരുമെന്നും അവരെ ചൂണ്ടിക്കാട്ടി ശേഖരിക്കുന്ന പരസ്യങ്ങൾ നിലക്കുമെന്നും വരുമാനം ഇടിയുമെന്നും ബോധ്യമായതോടെ മൂന്നാഴ്ചക്കുശേഷം ഇലോൺ മസ്ക് പത്തിമടക്കി. കോടതിയെ അനുസരിച്ചുകൊള്ളാം എന്ന് ബോധിപ്പിച്ചു. പിഴ അടക്കാമെന്ന് സമ്മതിച്ചു. കോടതി ആവശ്യപ്പെട്ടപ്രകാരം ബ്രസീലിൽ ‘എക്സി’ന് ഔപചാരിക പ്രതിനിധിയെ നിയമിക്കുമെന്ന് അറിയിച്ചു. വരുമാനവും ലാഭവുമാണല്ലോ കോർപറേറ്റുകളുടെ അടിസ്ഥാന പ്രത്യയശാസ്ത്രം. തന്റെ മനോഗതിയനുസരിച്ച് ഉള്ളടക്കം അനുവദിക്കുകയോ വിലക്കുകയോ ചെയ്യുമെന്ന മസ്കിന്റെ അഹന്തക്ക് പ്രഹരമേറ്റെങ്കിലും, ഭരണകൂടത്തിന്റെ ഇഷ്ടത്തിന് മാധ്യമങ്ങൾ വഴങ്ങേണ്ടിവരുന്നതും നല്ല വാർത്തയല്ല.
ഇന്ത്യയിൽ സെൻസർ ശ്രമം
അധികാരികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുക മാധ്യമങ്ങളുടെ അവകാശം മാത്രമല്ല, കടമകൂടിയാണ്. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യൻ സർക്കാർ ഒരു വിദ്യ ഇറക്കി: ഫാക്ട് ചെക്കിങ് യൂനിറ്റ്. ഡിജിറ്റൽ, സമൂഹമാധ്യമ വേദികളിൽ വരുന്ന ‘‘വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ’’ ആയ ഉള്ളടക്കം പരിശോധിച്ച് അതിന് വിലക്കേർപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. 2023ൽ ഐ.ടി നിയമം ഭേദഗതി ചെയ്താണ്, സർക്കാർതന്നെ സർക്കാറിനെതിരായ വിമർശനങ്ങളുടെ ശരിതെറ്റുകൾ വിധിക്കുന്ന ഈ വിചിത്രവ്യവസ്ഥ കൊണ്ടുവന്നത്.
സർക്കാറിന് ഇഷ്ടപ്പെടാത്ത എന്തും (യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കവും ഫേസ്ബുക്ക്-എക്സ് ഉള്ളടക്കം അടക്കം) നീക്കംചെയ്യിക്കാൻ അധികാരം നൽകുന്ന ഈ ഭേദഗതി ബോംബെ ഹൈകോടതി റദ്ദാക്കിയിരിക്കുന്നു. ജസ്റ്റിസ് ജി.എസ്. പട്ടേൽ നിയമത്തിനെതിരായും ജസ്റ്റിസ് നീല ഗോഖലെ അനുകൂലമായും നിലകൊണ്ടപ്പോൾ ജസ്റ്റിസ് എ.എസ്. ചന്ദുർക്കറുടെ നിർണായക തീർപ്പോടെയാണ് നിയമം റദ്ദാക്കിയത്. അഭിപ്രായസ്വാതന്ത്ര്യം തടയാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ജുഡീഷ്യറിപോലും ലോല ഭൂരിപക്ഷത്തോടെയാണ് പ്രതിരോധിക്കുന്നതെന്നത് ഇതിലെ സന്തോഷം കുറക്കുന്നുണ്ട്.