ആഗോള മാധ്യമ മേഖലയിലൊരു ജനകീയ വിപ്ലവം
ഗസ്സ വംശഹത്യ അനേകം സ്ഥാപനങ്ങളുടെ പരാജയംകൂടി വിളിച്ചോതുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ, ലോക കോടതി സംവിധാനങ്ങളുടെ, ഐക്യരാഷ്ട്ര സഭയുടെ, നിയമവാഴ്ചയുടെ, അമേരിക്കൻ ‘ലിബറൽ ജനാധിപത്യ’ത്തിന്റെ, വിവിധ രാജ്യങ്ങളുടെ, ആഗോള മാധ്യമങ്ങളുടെ എല്ലാം പരാജയം. എന്നാൽ, മാധ്യമരംഗത്തെ ആർജവമുള്ള കുറെ സ്ഥാപനങ്ങളെയും വ്യക്തികളെയുംകൂടി അത് അടയാളപ്പെടുത്തുന്നുണ്ട്. സമഗ്ര റിപ്പോർട്ടിങ്, വസ്തുനിഷ്ഠ അവലോകനങ്ങൾ, ജനപക്ഷ നിലപാടുകൾ, അന്വേഷണാത്മക മാധ്യമപ്രവർത്തനം, ആഴമുള്ള അഭിമുഖങ്ങൾ തുടങ്ങിയവക്ക് പുരസ്കാരമുണ്ടെങ്കിൽ അത് നൽകേണ്ടത് അൽജസീറക്കാവും.കഴിഞ്ഞ ആഴ്ചകളിൽ അൽജസീറയുടെ റിപ്പോർട്ടർ ഇസ്മാഈൽ അൽഗൂൽ, കാമറാമാൻ റാമി അൽ...
Your Subscription Supports Independent Journalism
View Plansഗസ്സ വംശഹത്യ അനേകം സ്ഥാപനങ്ങളുടെ പരാജയംകൂടി വിളിച്ചോതുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ, ലോക കോടതി സംവിധാനങ്ങളുടെ, ഐക്യരാഷ്ട്ര സഭയുടെ, നിയമവാഴ്ചയുടെ, അമേരിക്കൻ ‘ലിബറൽ ജനാധിപത്യ’ത്തിന്റെ, വിവിധ രാജ്യങ്ങളുടെ, ആഗോള മാധ്യമങ്ങളുടെ എല്ലാം പരാജയം. എന്നാൽ, മാധ്യമരംഗത്തെ ആർജവമുള്ള കുറെ സ്ഥാപനങ്ങളെയും വ്യക്തികളെയുംകൂടി അത് അടയാളപ്പെടുത്തുന്നുണ്ട്. സമഗ്ര റിപ്പോർട്ടിങ്, വസ്തുനിഷ്ഠ അവലോകനങ്ങൾ, ജനപക്ഷ നിലപാടുകൾ, അന്വേഷണാത്മക മാധ്യമപ്രവർത്തനം, ആഴമുള്ള അഭിമുഖങ്ങൾ തുടങ്ങിയവക്ക് പുരസ്കാരമുണ്ടെങ്കിൽ അത് നൽകേണ്ടത് അൽജസീറക്കാവും.
കഴിഞ്ഞ ആഴ്ചകളിൽ അൽജസീറയുടെ റിപ്പോർട്ടർ ഇസ്മാഈൽ അൽഗൂൽ, കാമറാമാൻ റാമി അൽ രീഫി എന്നിവരെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. കാമറാമാൻ സാമിർ അബൂദഖ്ഖക്ക് മറ്റൊരു ഇസ്രായേലി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു; പിന്നീട് മരിച്ചു. ഇസ്മാഈൽ അബൂ ഉമറും അഹ്മദ് മത്താറും ഖാൻ യൂനിസിൽ വാർത്ത റിപ്പോർട്ട് ചെയ്യവെ കൊല്ലപ്പെട്ടു. ഇസ്രായേലി ബോംബിങ്ങിനു തൊട്ടുമുമ്പ് ഇസ്മാഈൽ പറഞ്ഞു: ‘‘ഞങ്ങൾ ഗസ്സയിൽനിന്ന് വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടേ ഇരിക്കും –ലോകം മുഴുവൻ കേൾക്കുംവരെ.’’
മരണമുഖത്തുനിന്നുള്ള മാധ്യമപ്രവർത്തനം. അൽജസീറ മാനേജിങ് എഡിറ്റർ മുഹമ്മദ് മുഅവ്വദ് ഉറപ്പിച്ച് പറഞ്ഞു: ‘‘ഞങ്ങൾ ഇവിടം വിട്ടുപോകില്ല, കാരണം ഞങ്ങൾ സ്ഥലംവിട്ടാൽ വേറെ ആരാണ് റിപ്പോർട്ട് ചെയ്യുക?’’
പാശ്ചാത്യ മാധ്യമങ്ങൾ മുഴുവൻ ഇസ്രായേലി ഭാഷ്യം മാത്രം റിപ്പോർട്ട് ചെയ്യുകയും ഫലസ്തീന്റെ ശബ്ദം കേൾപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ നേരു പറയാൻ ആഗോള മുഖ്യധാരാ മാധ്യമങ്ങളിൽ ഒരു അൽജസീറയേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.
കഴിഞ്ഞ ഒരു വർഷം ഇസ്രായേൽ കൊന്ന 128 ജേണലിസ്റ്റുകളിൽ (സി.പി.ജെ കണക്ക്) കുറെ പേർ അൽജസീറ പ്രവർത്തകരാണ്. ചാനലിന്റെ ഓഫിസ് കെട്ടിടങ്ങൾ തകർക്കപ്പെട്ടു, ഇസ്രായേലിന് സാധിക്കുവോളം നിരോധനമേർപ്പെടുത്തി, ഉപകരണങ്ങൾ കേടുവരുത്തി, ഇന്റർനെറ്റ് ബന്ധം തകരാറിലാക്കി... ചെയ്യാവുന്നതിന്റെ പരമാവധി ഇസ്രായേൽ ചെയ്തുനോക്കി. പക്ഷേ, അൽജസീറ റിപ്പോർട്ടർമാർ നിശ്ശബ്ദരായില്ല.
ഗസ്സ വംശഹത്യയുടെ ചരിത്രമെഴുതുമ്പോൾ അവരുടെ ആർജവം സ്മരിക്കാതിരിക്കാൻ സാധിക്കില്ല. തുർക്കിയ ചാനലായ ടി.ആർ.ടി വേൾഡ്, ഇറാൻ വാർത്താ ശൃംഖലയായ പ്രസ് ടി.വി, റഷ്യയിൽനിന്നുള്ള ആർ.ടി ചാനൽ തുടങ്ങിയവയാണ് ഇസ്രായേൽ പക്ഷപാതിത്വമില്ലാതെ ഫലസ്തീൻ വാർത്തകൾ റിപ്പോർട്ടു ചെയ്തുവന്നിട്ടുള്ളത്. എല്ലാം പാശ്ചാത്യേതര മാധ്യമങ്ങൾ.
അതേസമയം, ബി.ബി.സി, സി.എൻ.എൻ, ഫോക്സ് ന്യൂസ്, സ്കൈ ന്യൂസ്, ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങി പ്രമുഖ പടിഞ്ഞാറൻ മാധ്യമങ്ങളെല്ലാം ഇസ്രായേലിനോടുള്ള ദാസ്യത്തിൽ മത്സരിക്കുന്നതാണ് കാണുന്നത്. അവയുടെ റിപ്പോർട്ടിങ്ങിലെ ചായ്‍വിന് (ഉള്ളടക്കത്തിലും ഭാഷയിലുമുള്ള സയണിസ്റ്റ് വിധേയത്വത്തിന്) അനേകം ഉദാഹരണങ്ങൾ കഴിഞ്ഞ ഒരു വർഷം കണ്ടു. റിപ്പോർട്ടുകൾ വളച്ചൊടിച്ചു എന്നുമാത്രമല്ല, വ്യാജ വാർത്തകൾ നിർമിക്കുന്നതിലും സത്യവിരുദ്ധമായ ആഖ്യാനങ്ങൾ കെട്ടിച്ചമക്കുന്നതിലും അവ നിരന്തരം ഏർപ്പെട്ടതിന്റെ തെളിവുകൾ ലഭ്യമാണ്.
ബദൽ മാധ്യമങ്ങൾ
മുഖ്യധാരാ പാരമ്പര്യ മാധ്യമങ്ങൾ സ്വധർമം കൈവിട്ട ശൂന്യതയിലേക്ക് ഒട്ടനേകം ഓൺലൈൻ മാധ്യമങ്ങൾ ധൈര്യപൂർവം കടന്നുവന്നു. ഡെമോക്രസി നൗ!, ഇലക്ട്രോണിക് ഇൻതിഫാദ, മോൺഡോ വെയ്സ്, ദ ഇന്റർസെപ്റ്റ്, യെസ്!, ദ ഗ്രേസോൺ, മിഡിലീസ്റ്റ് ഐ, ആന്റിവാർ, ഇഫ് അമേരിക്കൻസ് ന്യൂ, ഡബ്ൾ ഡൗൺ ന്യൂസ്, ഡ്രോപ് സൈറ്റ് ന്യൂസ്, സെറ്റേയോ തുടങ്ങി അസംഖ്യം ഓൺലൈൻ പോർട്ടലുകളും ചാനലുകളുമാണ് ഇസ്രായേലി പ്രോപഗണ്ടക്കപ്പുറം കടന്ന് സത്യം ലോകത്തെ അറിയിക്കാൻ മുന്നോട്ടുവന്നത്.
അൽജസീറ പോലെ ഈ മാധ്യമങ്ങളും മറ്റു സ്വതന്ത്ര മാധ്യമ പ്രവർത്തകരും പലതരം അടിച്ചമർത്തലുകൾ നേരിടുന്നുണ്ട്. ബ്രിട്ടീഷ് ജേണലിസ്റ്റായ റിച്ചഡ് മെഡ്ഹേഴ്സ്റ്റ്, നയതന്ത്ര-യുദ്ധകാര്യങ്ങളിൽ വിദഗ്ധനും അറബിയും ഇംഗ്ലീഷുമടക്കം പല ഭാഷകളിൽ പ്രവീണനുമാണ്. ഫലസ്തീനു വേണ്ടിയും ഇസ്രായേലിന്റെ അന്യായങ്ങൾക്കെതിരെയും കാര്യകാരണ സഹിതം ശബ്ദിക്കുന്ന അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ വാർത്താചാനലുകളുണ്ട്. എന്നാൽ, എക്സ്, യൂട്യൂബ്, ഫേസ്ബുക്ക് മുതലായവയിൽ പലതരം നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നു. അപ്പോൾ റംബ്ൾ എന്ന മറ്റൊരു വേദിയിലും ചാനൽ തുടങ്ങി. വൈകാതെ അദ്ദേഹത്തെ കേസിൽ കുടുക്കി ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്തു. ഇപ്പോൾ ജാമ്യത്തിലാണ്. ജാമ്യവ്യവസ്ഥകളിൽ ഒന്ന്, വിവാദ വിഷയങ്ങളിൽ പോസ്റ്റുകൾ അരുത് എന്നതാണ്.
അലൻ മക്‍ലിയഡ്, മാക്സ് ബ്ലൂ മന്താൾ, ജാക്സൺ ഹിങ്ക്ൾ, ക്രിസ് ഹെജസ്, ഏയ്മി ഗുഡ്മൻ, കേറ്റ്ലിൻ ജോൺസ്റ്റൻ, മെഹ്ദി ഹസൻ, അസൽ റാദ് തുടങ്ങി അനേകം ഇംഗ്ലീഷ് ജേണലിസ്റ്റുകൾ ഫലസ്തീൻപക്ഷം കേൾപ്പിക്കാൻ തയാറായി രംഗത്തുണ്ട്. പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കക്കാരൻ ക്രിസ്ഹെജസ് മുമ്പ് ന്യൂയോർക് ടൈംസിലും ക്രിസ്ത്യൻ സയൻസ് മോണിറ്ററിലും മറ്റും പ്രവർത്തിച്ചിരുന്നു. ക്രൈസ്തവ മതപണ്ഡിതനാണ്; യുദ്ധവിരുദ്ധ ആക്ടിവിസ്റ്റും. വിവിധ യൂനിവേഴ്സിറ്റികളിൽ അധ്യാപകനായിട്ടുണ്ട്. ഇപ്പോൾ പാരമ്പര്യ മാധ്യമങ്ങൾ വിട്ട് ‘ദ ക്രിസ് ഹെജസ് റിപ്പോർട്ട്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ചാനൽ നടത്തുന്നു.
വിവിധ ഇംഗ്ലീഷ് മുഖ്യധാരാ മാധ്യമങ്ങളിൽ ചർച്ചയും ലേഖനങ്ങളുമായി എത്താറുള്ള ഗ്രന്ഥകാരി ഡോ. അസൽ റാദ് സമൂഹമാധ്യമങ്ങളിലൂടെ പാശ്ചാത്യ പത്രങ്ങളുടെ കാപട്യം തുറന്നുകാട്ടുന്നു. ‘ഹെഡ്ലൈൻ എഡിറ്റിങ്’ എന്ന് വിളിക്കാവുന്ന, പത്ര തലക്കെട്ടുകൾക്ക് തിരുത്ത് നിർദേശിക്കുന്ന അവരുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ആർ.ടി, അൽജസീറ ചാനലുകളിൽ അതേപ്പറ്റി അവർ പരിപാടി ചെയ്തിട്ടുമുണ്ട്.
സ്വന്തം വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും ഇസ്രായേലിനെ രൂക്ഷമായി എതിർക്കുന്ന ആസ്ട്രേലിയൻ ജേണലിസ്റ്റ് കേറ്റ്ലിൻ ജോൺസ്റ്റൻ ചിത്രകാരിയും കവിയും കൂടിയാണ് –അവയെല്ലാം തന്റെ സാമ്രാജ്യത്വവിരുദ്ധ ജേണലിസത്തിൽ ഉപയോഗിക്കുന്നു. ഗസ്സ വംശഹത്യ ചില വസ്തുതകൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. പൊതുവെ ഭരണകൂടങ്ങളും ഭരണാധികാരികളും ഇസ്രായേലിനെ പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂലിക്കുമ്പോൾ ആ രാജ്യങ്ങളിലെ തന്നെ ജനസമൂഹങ്ങൾ ഏറെയും ഇസ്രായേലിനെ എതിർക്കുന്നു എന്നതാണ് ഒന്ന്. അതേപോലെ, മാധ്യമരംഗത്ത്, മിക്ക പടിഞ്ഞാറൻ പാരമ്പര്യ മാധ്യമങ്ങളും ഇസ്രായേലിന്റെ ഉച്ചഭാഷിണിയാകുമ്പോൾ സമാന്തര-ഓൺലൈൻ മാധ്യമങ്ങളും ജേണലിസ്റ്റുകളും ഫലസ്തീന്റെ ശബ്ദം കേൾപ്പിക്കുന്നു.