Begin typing your search above and press return to search.
proflie-avatar
Login

ദൂർദർശൻ ചർച്ചകൾ ​ധ്രുവീകരണത്തിനോ?

ദൂർദർശൻ ചർച്ചകൾ ​ധ്രുവീകരണത്തിനോ?
cancel

ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ സ്ഥാപനമായ പ്രസാർഭാരതി ഒരു സ്വയംഭരണ സ്ഥാപനമാണെന്നാണ് വെപ്പ്. ആകാശവാണിയും (റേഡിയോ) ദൂർദർശനും (ടി.വി) അതിന് കീഴിലാണ്. സർക്കാറിന്റെ നിയന്ത്രണത്തിൽനിന്ന് മുക്തമായി, സ്വതന്ത്രവും വസ്തുനിഷ്ഠവുമായ വാർത്ത നൽകുക ഇവയുടെ സ്ഥാപന ലക്ഷ്യങ്ങളിൽപെടും. എന്നാൽ, ഒരിക്കലും ഇവ സ്വതന്ത്രമായിരുന്നിട്ടില്ല എന്നതാണ് വസ്തുത. അടിയന്തരാവസ്ഥക്കാലത്ത് എ.ഐ.ആറിനെ (ഓൾ ഇന്ത്യ റേഡിയോ –ആകാശവാണി) ഓൾ ഇന്ദിര റേഡിയോ എന്ന് വിമർശകർ വിളിച്ചിരുന്നു.ഇന്നത്തെ എൻ.ഡി.എ ഭരണത്തിൽ ഈ സ്ഥാപനങ്ങളുടെ പരിമിതമായ സ്വതന്ത്ര സ്വഭാവംപോലും ഇല്ലാതാകുന്നു എന്നാണ് മനസ്സിലാവുന്നത്. വാർത്തകളിൽ വമ്പിച്ച ഭരണപക്ഷ ചായ്‍വ്...

Your Subscription Supports Independent Journalism

View Plans

ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ സ്ഥാപനമായ പ്രസാർഭാരതി ഒരു സ്വയംഭരണ സ്ഥാപനമാണെന്നാണ് വെപ്പ്. ആകാശവാണിയും (റേഡിയോ) ദൂർദർശനും (ടി.വി) അതിന് കീഴിലാണ്. സർക്കാറിന്റെ നിയന്ത്രണത്തിൽനിന്ന് മുക്തമായി, സ്വതന്ത്രവും വസ്തുനിഷ്ഠവുമായ വാർത്ത നൽകുക ഇവയുടെ സ്ഥാപന ലക്ഷ്യങ്ങളിൽപെടും. എന്നാൽ, ഒരിക്കലും ഇവ സ്വതന്ത്രമായിരുന്നിട്ടില്ല എന്നതാണ് വസ്തുത. അടിയന്തരാവസ്ഥക്കാലത്ത് എ.ഐ.ആറിനെ (ഓൾ ഇന്ത്യ റേഡിയോ –ആകാശവാണി) ഓൾ ഇന്ദിര റേഡിയോ എന്ന് വിമർശകർ വിളിച്ചിരുന്നു.

ഇന്നത്തെ എൻ.ഡി.എ ഭരണത്തിൽ ഈ സ്ഥാപനങ്ങളുടെ പരിമിതമായ സ്വതന്ത്ര സ്വഭാവംപോലും ഇല്ലാതാകുന്നു എന്നാണ് മനസ്സിലാവുന്നത്. വാർത്തകളിൽ വമ്പിച്ച ഭരണപക്ഷ ചായ്‍വ് പ്രകടമാണ് ആകാശവാണിയിലും ദൂർദർശനിലും. എഫ്.എം സ്റ്റേഷനുകൾ പ്രാഥമികമായും പ്രാദേശിക ശ്രോതാക്കളെ ലക്ഷ്യവെച്ചുള്ളതാണെങ്കിലും ഇടക്കിടെ പ്രക്ഷേപണംചെയ്യുന്ന വാർത്താ ബുള്ളറ്റിനുകളിൽ, ഡൽഹിയിലെ അപ്രധാന സംഭവങ്ങൾ വരെ നിത്യ തലക്കെട്ടുകളിൽ വരുന്നു. പ്രാദേശിക വാർത്തകൾ പോലും പ്രധാനമന്ത്രിയുടെ പ്രസംഗവാർത്തകൊണ്ടല്ലാതെ തുടങ്ങുന്നത് വിരളം.

ദൂർദർശൻ ന്യൂസിന്റെ ലോഗോ കഴിഞ്ഞ ഏപ്രിലിൽ കാവിനിറമണിഞ്ഞതും വെറുതെയല്ല. ന്യൂസ് ലോൺഡ്രി ഒരു പഠനം നടത്തി. ദൂർദർശനിലെ പ്രൈംടൈം വാർത്താധിഷ്ഠിത ഷോ ആയ ‘ദോ ടുകി’ന്റെ കഴിഞ്ഞ 42 ലക്കങ്ങളാണ് പരിശോധിച്ചത്. രാത്രി ഒമ്പത് മണിക്കുള്ള ഈ പരിപാടിയുടെ അവതാരകൻ അശോക് ശ്രീവാസ്തവയാണ്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ടെലിവിഷൻ പതിപ്പാണതെന്ന് ഓരോ എപ്പിസോഡും തെളിയിക്കുന്നു.

ഭിന്നിപ്പുണ്ടാക്കാൻ പോന്ന പരാമർശങ്ങൾ, വൈകാരികമായ ചർച്ചകൾ തുടങ്ങിയവകൊണ്ട് രാവുകളെ മലീമസമാക്കുന്ന പരിപാടിയിൽ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളോ പൗരാവകാശങ്ങളോ സ്വാതന്ത്ര്യമോ ചർച്ച ചെയ്യപ്പെടാറില്ല. അഴിമതി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, വിലക്കയറ്റം, സ്‍ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗൗരവപ്പെട്ട പൊതുവിഷയങ്ങൾ ചർച്ചക്കെടുക്കുന്നില്ല.

തങ്ങൾ പരിശോധിച്ച 42 ‘ദോ ടുക്’ എപ്പിസോഡുകൾ അവയുടെ വിഷയമനുസരിച്ച് ന്യൂസ് ലോൺഡ്രി തരംതിരിച്ചു. പൊതുതാൽപര്യ വിഷയം, പ്രതിപക്ഷത്തെ എതിർക്കുന്നത്, വർഗീയ ധ്രുവീകരണ സ്വഭാവമുള്ളത്, കള്ള പ്രചാരണം, വ്യാജവിവരങ്ങൾ എന്നീ തലക്കെട്ടുകളിലാണ് അവർ എപ്പിസോഡുകൾ വർഗീകരിച്ചത്. അവരുടെ കണ്ടെത്തൽ: പരിപാടികളിൽ ഭൂരിഭാഗം (59.5 ശതമാനം) പ്രതിപക്ഷത്തിനെതിരായുള്ളതായിരുന്നു. 28.6 ശതമാനം കള്ളപ്രചാരണവും വ്യാജവിവരവുമാണ്. വർഗീയ ധ്രുവീകരണമെന്ന തലക്കെട്ടിൽപെടുത്താവുന്നതാണ് പരിപാടികളിൽ 7.1 ശതമാനം. 4.8 ശതമാനം മാത്രമാണ് (42ൽ രണ്ട് എപ്പിസോഡുകൾ) പൊതുതാൽപര്യവിഷയങ്ങൾ കൈകാര്യം ചെയ്തത്; അതാകട്ടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളായിട്ട്.

വർഗീയത നിറഞ്ഞ 7.1 ശതമാനം (മൂന്ന് എപ്പിസോഡുകൾ) വിഷമയമായിരുന്നു. ഒന്നിന് (ജൂലൈ 2) പശ്ചാത്തലം, പാർലമെന്റിൽ രാഹുൽ ഗാന്ധി ചെയ്ത പ്രസംഗത്തിലെ ഈ ഭാഗം: ‘‘യഥാർഥ ഹിന്ദുമതം ഭീതി വളർത്തലല്ല, വെറുപ്പും നുണയും പരത്തലല്ല.’’

പ്രതിപക്ഷം ഹിന്ദുക്കളെ അധിക്ഷേപിക്കുന്നു എന്ന വാദമുയർത്തിയ പരിപാടിയുടെ തലക്കെട്ടിലെ മുന്നറിയിപ്പ്: ‘‘ദേശ് ഭൂലേഗാ നഹീ’’ (രാജ്യം മറക്കില്ല).

സംവാദകർ നാലുപേർ. അതിൽ അശോക് യാദവ് (സമാജ്‍വാദി പാർട്ടി) രാഹുലിന്റെ പ്രസ്താവന വിശദീകരിക്കാൻ തുടങ്ങുമ്പോ​ഴേക്കും അവതാരകൻ ഇടപെട്ട് ദീർഘവിചാരണ നടത്തി. അസദുദ്ദീൻ ഉവൈസിയും അഖിലേഷ് യാദവും മുലായം സിങ് യാദവും ജിന്നയും ഭീകരരുമൊക്കെ മനസ്സിലാക്കിയ വിവിധതരം ഇസ്‍ലാമിനെപ്പറ്റി ചോദിക്കാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി. അശോക് യാദവ് സംസാരിക്കുമ്പോഴെ​ല്ലാം ശ്രീവാസ്തവ ഇത്തരം ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്നു.

‘ലവ് ജിഹാദാ’യിരുന്നു ജൂലൈ 31ലെ വിഷയം; ആഗസ്റ്റ് 15ന് ഏക സിവിൽ കോഡും. വിഷയങ്ങളുടെ സാധ്യതകൾ അശോക് ശ്രീവാസ്തവ നന്നായി ഉപയോഗിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ഏക സിവിൽ കോഡിനെപ്പറ്റി വാചാലനാകവെ ശ്രീവാസ്തവ ഇതുകൂടി പറഞ്ഞു: ‘‘മുസ്‍ലിം വ്യക്തിനിയമത്തിന്റെയും ശരീഅത്തിന്റെയും പേരിൽ, പ്രായമെത്താത്ത എത്രയോ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുകയാണ്.’’ ഈ ആരോപണത്തെപ്പറ്റി ന്യൂസ് ലോൺഡ്രി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ‘‘ഇന്ത്യാ സ്​പെൻഡ് എന്ന ഡേറ്റ വിശകലന സ്ഥാപനം 2016ൽ ചൂണ്ടിക്കാട്ടിയ പ്രകാരം, വസ്തുത മറിച്ചാണ്. സെൻസസ് വിവരങ്ങൾ നൽകുന്ന ആധികാരിക കണക്കനുസരിച്ച്, 10 വയസ്സ് തികയും മുമ്പേ വിവാഹം കഴിപ്പിച്ച ഒരു കോടി 20 ലക്ഷം പെൺകുട്ടികളിൽ 84 ശതമാനവും ഹിന്ദു കുടുംബങ്ങളിലുള്ളവരായിരുന്നു.’’

വ്യാജപ്രചാരണം, വർഗീയ വിദ്വേഷം പരത്തൽ, സ്പർധ വളർത്തൽ എന്നിവ നടത്തുന്നത് ഏതെങ്കിലും രഹസ്യ സംഘമല്ല; ഒരു മാധ്യമ സ്ഥാപനമാണ്. അതും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം. ഇത് പ്രസാർ ഭാരതിയുടെ തന്നെ ചട്ടങ്ങൾക്കെതിരാണ്. മതങ്ങളെയോ സമുദായങ്ങളെയോ ദുഷിക്കുന്ന ഉള്ളടക്കം പാടില്ലെന്ന് ചട്ടങ്ങൾ പറയുന്നു. മതവിഭാഗങ്ങളെ നിന്ദിക്കുന്നതോ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഒന്നുംതന്നെ പരിപാടികളിൽ ഉൾപ്പെടുത്തിക്കൂടാ. കുറ്റകരമായ വിദ്വേഷപ്രചാരണമടക്കം ദൂർദർശൻ ചർച്ചാ പരിപാടിയിലെ അപകടകരമായ ഉള്ളടക്കത്തിന്റെ വിശദവിവരം ന്യൂസ് ലോൺഡ്രി വെബ്സൈറ്റിലുണ്ട്.

യു.എസ് മാധ്യമങ്ങളിൽ സയണിസ്റ്റ് ചാരൻമാർ

മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുമ്പോഴും അമേരിക്ക അതിന്റെ സാമ്രാജ്യത്വ-വംശീയ താൽപര്യങ്ങൾക്ക് മാധ്യമങ്ങളെ ഉപകരണമാക്കാറുണ്ട്. എത്രയോ രാജ്യങ്ങളിൽ നിയമവിരുദ്ധമായി ഇട​െപടാൻ വിധേയ മാധ്യമങ്ങൾ സഹായിച്ചുപോന്നിട്ടുമുണ്ട്.

മാധ്യമപ്രവർത്തനത്തിന്റെ മൂന്നുതരം മുഖങ്ങൾ അമേരിക്കയിൽ ഇന്നുണ്ട്. ഒന്ന്, സ്വതന്ത്ര മാധ്യമങ്ങൾ. ഇവ ഏറെയും ഓൺലൈൻ വേദികളിലാണുള്ളത്. രണ്ട്, ‘സ്വതന്ത്ര’ വേഷമുള്ള, എന്നാൽ ഭരണകൂടത്തിന്റെ വംശീയ താൽപര്യങ്ങൾക്ക് ആവശ്യത്തിന് നിന്നുകൊടുക്കുന്ന, മുഖ്യധാരാ മാധ്യമങ്ങൾ. മൂന്ന്, മുഖ്യധാരാ മാധ്യമങ്ങളിലും ഏജൻസികളിലുമായി പ്രവർത്തിക്കുന്ന ചാരൻമാരടങ്ങുന്ന ഒരു അധോലോകം. യു.എസിലെ പ്രമുഖ മാധ്യമങ്ങളിലെ പ്രധാന പദവികളിലിരിക്കുന്ന പലരും, അവരുടെ കുടുംബാംഗങ്ങളും ഇസ്രായേലി സേനയുമായി ബന്ധമുള്ളവരാണ്. ഇക്കൂട്ടത്തിൽ ഈയിടെ പുറത്തുവന്ന ഒരു പേരാണ് ബറാക് റാവിദ്.

ആക്സിയോസ് എന്ന മാധ്യമസ്ഥാപനത്തിൽ റിപ്പോർട്ടറാണ് റാവിദ്. ഗസ്സ വംശഹത്യയുടെ വാർഷികത്തിന് നെതന്യാഹുവിന്റെ വിജയങ്ങൾ എണ്ണിപ്പറഞ്ഞ് ആഘോഷിച്ചിരുന്നു അദ്ദേഹം –യെമനിൽ ബോംബിട്ടു, ഹനിയ്യയെയും നസ്റുല്ലയെയും വധിച്ചു, ലബനാനിൽ ബോംബിട്ടു, ‘പേജർ’ ആക്രമണത്തിലൂടെ ലബനാനെ വിറപ്പിച്ചു എന്നിങ്ങനെ പോകുന്നു ‘നേട്ടങ്ങൾ’. കഴിഞ്ഞ ഏപ്രിലിൽ മാധ്യമ ലേഖകർക്കുള്ള പുരസ്കാരം വൈറ്റ് ഹൗസ് കൊടുത്തത് റാവിദിനാണ്.

‘‘മികച്ച വൈറ്റ് ഹൗസ് കവറേജിന്’’ ശരിക്കും അർഹരായവരെ ജഡ്ജിമാർ കണ്ടില്ല. അവർ കണ്ടത് റാവിദിന്റെ ‘‘ആഴവും മികവു’’മാണ്. വംശഹത്യക്ക് എല്ലാ പിന്തുണയും നൽകുന്ന പ്രസിഡന്റ് ബൈഡനെ, വെടിനിർത്തലിനു വേണ്ടി കഠിനമായി ശ്രമിക്കുന്ന മനുഷ്യസ്നേഹിയായി അവതരിപ്പിക്കുന്ന അനേകം റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ വകയായി ഉണ്ട്.

ഈ ‘‘മികച്ച ജേണലിസ്റ്റ്’’ യഥാർഥത്തിൽ ആരാണ്? ഒരു ഇസ്രായേലി ചാരൻ എന്നാണുത്തരം. ഇസ്രായേലി ചാരസംഘടനയായ ‘യൂനിറ്റ് 8200’ലായിരുന്നു അടുത്തകാലംവരെ ബറാക് റാവിദ് ജോലിചെയ്തിരുന്നത്. ലബനാനിലെ പേജർ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് ഈ ചാരസംഘടനയാണെന്ന് അലൻ മക്‍ലിയഡ് റിപ്പോർട്ട് ചെയ്യുന്നു. റാവിദിനു പുറമെ മറ്റു പലരും ഇസ്രായേലിന്റെ ചാരപ്പണിയിൽനിന്ന് നേരിട്ട് അമേരിക്കൻ മാധ്യമങ്ങളിലേക്ക് എത്തിയിട്ടുണ്ട്. സി.എൻ.എന്നിൽ കുറെക്കാലം മാധ്യമപ്രവർത്തകയായി പ്രവർത്തിച്ച് ഈയിടെ ഗൂഗ്ളിൽ സീനിയർ മീഡിയ സ്​പെഷലിസ്റ്റായി സ്ഥാനമേറ്റ ശഖർ പെലദും ഇസ്രായേലിന്റെ ‘യൂനിറ്റ് 8200’ൽ ജോലിചെയ്തിരുന്നു. ഇതേ യൂനിറ്റിലെ ജോലിയിൽനിന്ന് സി.എൻ.എന്നിലേക്ക് വന്ന മറ്റൊരു വനിതയാണ് തൽ ഹൈൻ റിഖ്.

ഹമാസ് വ്യാപകമായി ഇസ്രായേലി വനിതകളെ മാനഭംഗപ്പെടുത്തി എന്ന കെട്ടുകഥക്കുവേണ്ടി ന്യൂയോർക് ടൈംസ് നിയോഗിച്ച അനത് ഷ്വാർട്സിന് ജേണലിസത്തി​ൽ മുൻപരിചയമേ ഇല്ല; പരിചയമുള്ളത് ഇസ്രായേലി വ്യോമസേനയിലെ രഹസ്യാന്വേഷക എന്ന നിലക്കാണ്. ഇനിയുമുണ്ട് ഇത്തരം അര ഡസനോളം ഇസ്രായേലി ‘‘ചാരന്മാർ’’ അമേരിക്കൻ മാധ്യമങ്ങളിൽ. ചില പേരുകൾകൂടി അലൻ മക്‍ലിയഡിന്റെ ലേഖനത്തിൽ (Israeli Spies Writing America's News) വായിക്കാം (scheerpost.com നോക്കുക).


News Summary - weekly column media scan