Begin typing your search above and press return to search.
proflie-avatar
Login

അക്രമികൾ, വംശവെറിയന്മാർ; എന്നാലും പാവം ഇരകൾ

അക്രമികൾ, വംശവെറിയന്മാർ;   എന്നാലും പാവം ഇരകൾ
cancel

അക്രമം കാട്ടുക, ഹിംസ പടർത്തുക എന്നിട്ട് ഞങ്ങൾ ഇരയാക്കപ്പെടുന്നു എന്ന് അവകാശപ്പെടുക –ഇസ്രായേലിന്റെ ഈ രീതി പൊതുമാധ്യമങ്ങൾ ജേണലിസമായി സ്വീകരിച്ചിരിക്കുന്നു. ആംസ്റ്റർഡാമിലെ ഒരു ഫുട്ബാൾ മത്സരത്തിലും അതുണ്ടായി. കളി കാര്യമായി. അന്യനാട്ടിൽ പോയി അക്രമം കാട്ടിയവരെ നാട്ടുകാർ ഒടുവിൽ കൈകാര്യംചെയ്തു.അതോടെ അക്രമി ഇരയായി. ആ സംഭവത്തെപ്പറ്റി ദീപികയിൽ വന്ന വാർത്ത നോക്കാം (‘ആംസ്റ്റർഡാമിൽ പലസ്തീൻ അനുകൂലികൾ യഹൂദരെ ആക്രമിച്ചു’, നവംബർ 9). ദീപിക: ഇസ്രായേലിലെ മക്കാബി ടെൽ അവീവ് ഫുട്​േബാൾ ക്ലബ്ബും നെതർലൻഡ്സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം. വസ്തുത: ‘‘മത്സരത്തിനുശേഷം’’...

Your Subscription Supports Independent Journalism

View Plans

അക്രമം കാട്ടുക, ഹിംസ പടർത്തുക എന്നിട്ട് ഞങ്ങൾ ഇരയാക്കപ്പെടുന്നു എന്ന് അവകാശപ്പെടുക –ഇസ്രായേലിന്റെ ഈ രീതി പൊതുമാധ്യമങ്ങൾ ജേണലിസമായി സ്വീകരിച്ചിരിക്കുന്നു. ആംസ്റ്റർഡാമിലെ ഒരു ഫുട്ബാൾ മത്സരത്തിലും അതുണ്ടായി. കളി കാര്യമായി. അന്യനാട്ടിൽ പോയി അക്രമം കാട്ടിയവരെ നാട്ടുകാർ ഒടുവിൽ കൈകാര്യംചെയ്തു.

അതോടെ അക്രമി ഇരയായി. ആ സംഭവത്തെപ്പറ്റി ദീപികയിൽ വന്ന വാർത്ത നോക്കാം (‘ആംസ്റ്റർഡാമിൽ പലസ്തീൻ അനുകൂലികൾ യഹൂദരെ ആക്രമിച്ചു’, നവംബർ 9).

ദീപിക: ഇസ്രായേലിലെ മക്കാബി ടെൽ അവീവ് ഫുട്​േബാൾ ക്ലബ്ബും നെതർലൻഡ്സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം.

വസ്തുത: ‘‘മത്സരത്തിനുശേഷം’’ അല്ല ‘‘സംഭവ’’ത്തിന്റെ തുടക്കം. (ഇതേ വാർത്തയിൽ കുറച്ചുകഴിഞ്ഞ് പത്രംതന്നെ അങ്ങനെ ‘‘റിപ്പോർട്ടുണ്ടെ’’ന്ന് ഒതുക്കിപ്പറഞ്ഞത് കാണാം: ‘‘മത്സരത്തിനു മുമ്പ് മക്കാബി ആരാധകരും പലസ്തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും പലസ്തീൻ പതാക കീറിയെന്നും അറബ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.’’)

സംഭവങ്ങളുടെ സമയക്രമം ഇങ്ങനെയായിരുന്നു: നവംബർ 7 വ്യാഴാഴ്ച രാത്രിയായിരുന്നു ഇസ്രായേലി ടീമും (മക്കാബി തെൽ അവീവ്) ഡച്ച് ടീമും (അയാക്സ്) തമ്മിലുള്ള മത്സരം.

വ്യാഴാഴ്ച രാത്രി നടക്കുന്ന മത്സരം ‘‘കാണാൻ’’ ഇസ്രായേലിൽനിന്ന് ധാരാളം ‘‘ആരാധകർ’’ ബുധനാഴ്ചതന്നെ കൂട്ടമായി ആംസ്റ്റർഡാമിലെത്തി.

ബുധനാഴ്ച രാത്രി അവർ മധ്യ ആംസ്റ്റർഡാമിൽ ഒത്തുകൂടി. അവരിൽപ്പെട്ട ആൾക്കൂട്ടങ്ങൾ (‘‘തെമ്മാടികൾ’’ –hooligans, thugs– എന്ന് നാട്ടുകാർ) തെരുവിലൂടെ ബഹളംവെച്ച് ചുറ്റിനടന്നു; ഭീഷണിസ്വരത്തിൽ മുദ്രാവാക്യങ്ങളുയർത്തി. ഡസൻകണക്കിന് ഇസ്രായേലികൾ തല മുഴുവൻ കറുപ്പ് തുണികൊണ്ട് മൂടി ‘‘ഫലസ്തീൻ തുലയട്ടെ’’ എന്ന് വിളിച്ചുപറഞ്ഞ് ചുറ്റിനടന്നു. റോകിൻ തെരുവിൽ ഒരു വീട്ടിന്റെ പുറംചുമരിൽ തൂക്കിയിട്ടിരുന്ന ഫലസ്തീൻ പതാക വലിച്ചുകീറി താഴെയിട്ടു, മറ്റിടങ്ങളിലും ഫലസ്തീൻ പതാകകൾ പറിച്ചെറിഞ്ഞു.

ഓർക്കുക– വിദേശത്തുനിന്നെത്തിയ ‘‘കാണികൾ’’ ആണ് നാട്ടുകാരുടെ സ്വത്ത് നശിപ്പിച്ച് കൊലവിളി നടത്തുന്നത്. ആരാണ് അക്രമികൾ? ആരാണ് സംരക്ഷിക്കപ്പെടേണ്ടവർ?

നാട്ടുകാരനും അറബ് വംശജനുമായ ഒരാളുടെ ടാക്സി കാറിന് കമ്പിപ്പാരകൊണ്ട് തെമ്മാടികൾ അടിച്ചപ്പോൾ മറ്റു ടാക്സിക്കാരും അവർക്കുനേരെ തിരിഞ്ഞു. പൊലീസ് എത്തി ആൾക്കൂട്ടത്തെ പിരിച്ചയക്കുകയായിരുന്നു.

സന്ദർഭം അടർത്തിമാറ്റുമ്പോൾ

ഇതെല്ലാം മത്സരത്തിനു മുമ്പ് നടന്നതാണ്. അത് മറച്ചുവെച്ച് മത്സരത്തിനുശേഷം പെട്ടെന്ന് ആംസ്റ്റർഡാമുകാർ ഇസ്രായേലികളെ ആക്രമിച്ചു എന്ന് പറയുമ്പോൾ, മറ്റു പലതിലുമെന്നപോലെ അക്രമിയെ ഇരയായി അവതരിപ്പിക്കാൻവേണ്ടി പശ്ചാത്തല സന്ദർഭം എടുത്തുകളയുകയാണ് ചെയ്യുന്നത്. ഫലസ്തീൻ വംശഹത്യയെ പ്രകീർത്തിക്കുന്ന ബാനറുകളും സ്റ്റിക്കറുകളും, ഡംസ്ക്വയറിൽ ‘‘ഫലസ്തീൻ... (അസഭ്യം)’’ എന്ന് ആർത്തുവിളിച്ച് പടക്കം പൊട്ടിച്ചതുമൊന്നും വാർത്തയിൽ കാണില്ല.

ദീപിക: മത്സരശേഷം ആംസ്റ്റർഡാം നഗരമധ്യത്തിൽ യഹൂദരെ അക്രമികൾ ഓടിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകൾ പുറത്തുവന്നു. അക്രമികൾ ഇ​േസ്രലി വിരുദ്ധത മുഴക്കുന്നതു വീഡിയോയിൽ വ്യക്തമാണെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വസ്തുത: ഇവിടെയും സന്ദർഭം അടർത്തിമാറ്റിയിരിക്കുന്നു. ‘‘മത്സരശേഷം’’ നടന്നത് മനസ്സിലാക്കാൻ, മത്സരവേളയിൽ നടന്ന കാര്യങ്ങൾകൂടി പറയണം. മത്സരം തുടങ്ങാൻ പോകുന്നു. സ്റ്റേഡിയത്തിലാകെ പിരിമുറുക്കമുണ്ട്. ഇസ്രായേലികൾ തലേന്ന് സൃഷ്ടിച്ച പ്രകോപനത്തിന്റെ കനലുകൾ. മത്സരം തുടങ്ങും മുമ്പ്, സ്​പെയിനിലെ പ്രളയത്തിൽ മരണപ്പെട്ടവർക്കായി ഒരു മിനിറ്റ് മൗനാചരണം ഉണ്ടായിരുന്നു. അപ്പോൾ സ്റ്റേഡിയത്തിലെ നിശ്ശബ്ദതയെ കീറിമുറിച്ച് ഇസ്രായേലികൾ ഒച്ചവെക്കുകയും വിസിൽ മുഴക്കുകയുമായിരുന്നു (ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യമാണ് സ്പെയിൻ).

ഇവിടെയും ഇസ്രായേലികൾ പ്രകോപനം തുടർന്നു. ‘‘പൊലീസ് സംരക്ഷണത്തിൽ മക്കാബി ടീം അനുകൂല തെമ്മാടികൾ അറബ് വിരുദ്ധ തെറികളും വംശഹത്യാ ഗാനവും മുഴക്കി’’ എന്ന് ക്ലാഷ് റിപ്പോർട്ട് വെബ്സൈറ്റ് പിന്നീട് റിപ്പോർട്ട് ചെയ്തു. മാത്രമല്ല ‘‘ഗസ്സയിൽ ഇനി സ്കൂളില്ലല്ലോ, എന്തെന്നാൽ അവിടെ കുട്ടികൾ ബാക്കിയില്ലല്ലോ’’ എന്ന് അവർ ഉറക്കെ പാടുകയുംചെയ്തു. മത്സരത്തിലുടനീളം ബഹളംവെച്ചു. സ്റ്റേഡിയം വിട്ടശേഷം തെരുവിലും പാട്ടും കൂത്തും തുടർന്നു (ഇസ്രായേൽ ടീം ആംസ്റ്റർഡാം ടീമിനോട് മറുപടിയില്ലാത്ത അഞ്ച് ഗോളിന് തോറ്റു).

മത്സരത്തിനുശേഷം നടന്ന സംഘർഷത്തിന്റെ പശ്ചാത്തലം ഇതൊക്കെയാണ്. ആംസ്റ്റർഡാമുകാർ ഇസ്രായേലികളെ തിരഞ്ഞുപിടിച്ച് ആ​ക്രമിച്ചതിന്റെ പശ്ചാത്തലം.

ഡച്ച് രാജാവും പ്രധാനമന്ത്രിയും രാഷ്ട്രീയക്കാരും ‘‘സെമിറ്റിക് വിരുദ്ധ അ​ക്രമങ്ങ’’ളെ അപലപിച്ചു; പലരും അതിനെ ‘‘പോഗ്രം’’, ‘‘ഹോളോകോസ്റ്റ്’’ (ജൂത വംശഹത്യ) എന്നുവരെ വിളിച്ചു. ഇസ്രായേലി നേതാക്കളും അത് ഏറ്റുപറഞ്ഞു. ഡച്ച് ടി.വി ചാനലുകൾ (മറ്റു പടിഞ്ഞാറൻ ചാനലുകളും) ഇസ്രായേലി ഭാഷ്യം മാത്രമാണ് കേൾപ്പിച്ചത്. എന്നാൽ, സാക്ഷികളായ നാട്ടുകാർക്ക് പറയാനുള്ളത് വേറെയായിരുന്നു. ആംസ്റ്റർഡാം കൗൺസിലറായ ജെയ്സി ഫൽ​ൈട്ടസൻ തുറന്നടിച്ചു, ഇസ്രായേലികളാണ് അക്രമം തുടങ്ങിവെച്ചതെന്ന്.

നാട്ടുകാരിയും ജൂതമതക്കാരിയുമായ കാതറീൻ ബോഗൻ ‘എക്സി’ൽ കുറിച്ചു: വീട്ടുകാർ വെച്ച കൊടികൾ കീറുക, വീടുകൾക്ക് കേടുണ്ടാക്കുക, തെരുവിലിറങ്ങി ‘‘അറബികൾക്ക് മരണ’’മെന്ന് അലറിവിളിക്കുക, ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ പരിഹസിച്ച് പാട്ടുപാടുക, ക്രൂരതയും അ​ക്രമവാസനയും പ്രകടിപ്പിച്ച് സ്ഥലവാസികൾക്ക് ശല്യമാവുക –ഇതൊക്കെ ചെയ്തതുകൊണ്ടാണ് തിരിച്ചടി ഉണ്ടായത്. ജൂതമതക്കാരിയായ എനിക്ക് എങ്ങും സുരക്ഷക്കുറവ് തോന്നാറില്ല. കാരണം ഞാൻ ഇതൊന്നും ചെയ്യാറില്ല.

ഇസ്രായേലിനോട് ചായ്‍വുള്ള ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിൽ ഇസ്രായേലികൾ നടത്തിയ അ​ക്രമങ്ങളുടെ നേർക്കാഴ്ചയും നേർവാർത്തയും റിപ്പോർട്ട് ചെയ്തു. പിന്നീട് അത് എഡിറ്റ് ചെയ്ത് മാറ്റി. മൂല റിപ്പോർട്ട് ഒഴിവാക്കി. ഇസ്രാ​യേലിനോട് ചായ്‍വ് പുലർത്തുന്ന ഡെയ്‍ലി മെയിൽ പത്രവും തുടക്കത്തിൽ വസ്തുത റിപ്പോർട്ട് ചെയ്തു: ‘‘ഇസ്രായേലി തെമ്മാടികൾ ഫലസ്തീൻ കൊടികൾ പിഴുതുമാറ്റി; ഫുട്ബാൾ മത്സരത്തലേന്ന് ടാക്സി ഡ്രൈവർമാർ ഇസ്രായേലി അ​ക്രമങ്ങളോട് പ്രതികരിച്ചു.’’

13 വയസ്സുള്ള ആംസ്റ്റർഡാമുകാരൻ സ്റ്റീൻ ബെൻഡർ തെരുവിലെ സംഭവങ്ങൾ നേരിട്ട് പകർത്തിയത് യൂട്യൂബിലും മറ്റും ലഭ്യമാണ്. ഇടക്ക് ഇസ്രായേലികൾ അയാളോട് ദൃശ്യം പകർത്തരുതെന്ന് ആവശ്യപ്പെടുന്നുമുണ്ട്. കാരണം വ്യക്തം: ഇസ്രായേലികളാണ് കുഴപ്പമുണ്ടാക്കുന്നത്.

നുണക്കഥകൾ

സംഭവങ്ങളെ വളച്ചൊടിക്കാൻ മുഖ്യധാരാ മാധ്യമങ്ങളടക്കം ശ്രമിച്ചത് ഫലംചെയ്തു എന്നാണ് മനസ്സിലാക്കേണ്ടത്. ഇടക്ക് ചിലത് പിടിക്കപ്പെട്ടു എന്നുമാത്രം. ഉദാഹരണത്തിന്, എയാൽ യക്കോബി എന്ന പേരിൽ ‘എക്സി’ൽ പോസ്റ്റ് ചെയ്ത ഒരു ദൃശ്യം പ്രമുഖ മാധ്യമങ്ങളടക്കം പകർത്തിയെടുത്തു. ‘‘മധ്യ പൗരസ്ത്യ ദേശക്കാരായ കുടിയേറ്റക്കാർ ആംസ്റ്റർഡാമിലെ തെരുവിൽ ജൂതരെ വേട്ടയാടുന്നു’’എന്ന് ദൃശ്യവിവരണം. എന്നാൽ, ആ വിഡിയോ എടുത്തത് ​ഐ. ആനറ്റ് എന്ന ഡച്ച് വനിതയാണ്. അവർ പ്രതികരിച്ചു: ‘‘ഈ വിഡിയോ ഞാൻ പകർത്തിയതാണ്. അതിലുള്ളത് മക്കാബി അനുകൂലികൾ ഒരു ഡച്ച് പൗരനെ അടിച്ച് അക്രമം തുടങ്ങിവെക്കുന്ന രംഗമാണ്.’’

സംഭവങ്ങളെ തലകുത്തി നിർത്തിയാണ് വൻ മാധ്യമങ്ങൾ വ​രെ വാർത്തയാക്കുന്നത് എന്നർഥം. അ​ക്രമം നടത്തിയ ഇസ്രായേലികളിൽ ഇസ്രായേലി സൈനികരുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. ഇസ്രായേലി രഹസ്യാന്വേഷക സംഘമായ മൊസാദ് അവർക്കൊപ്പം ആംസ്റ്റർഡാമിലേക്ക് പോകുന്നുവെന്ന വാർത്തയും ജറൂസലം പോസ്റ്റിൽ (നവംബർ 5) വന്നിരുന്നു.

ഫുട്ബാൾ ഗ്രൗണ്ടിലേക്ക് ഇസ്രായേൽ ബോംബെറിഞ്ഞ് കുരുതി നടത്തിയത് വിഷയമല്ലാതാകുമ്പോൾ ആംസ്റ്റർഡാമിൽ അ​ക്രമികൾക്ക് കിട്ടിയ തിരിച്ചടി ‘‘സെമിറ്റിക് വിരുദ്ധത’’യാകുന്നു. വംശഹത്യ ഗസ്സയിലും ലബനാനിലും തുടരുമ്പോഴാണ്, ഒരാൾപോലും കൊല്ലപ്പെട്ടിട്ടില്ലാത്ത പ്രതികരണ​ത്തെ ജൂതഹത്യയെന്ന് വിളിക്കുന്നത്. ഇസ്രായേലി പത്രമായ ഹആരറ്റ്സ് പോലും നവംബർ 10ന് എഡിറ്റോറിയൽ എഴുതി: ‘‘ഗസ്സയിൽ നെതന്യാഹു നടത്തുന്ന വംശീയ ഉന്മൂലനം ആർക്കും വ്യക്തമായി കാണാം.’’ പക്ഷേ, ലോകമാധ്യമങ്ങൾക്ക് ഇസ്രായേലാണ് ഇര.

News Summary - weekly column media scan