വി.ടി.ആർ: ‘ദലിത് ശബ്ദം’ നിലക്കുന്നില്ല
2016ൽ ‘‘എന്റെ ജന്മമാണ് എനിക്കു പറ്റിയ മാരകമായ അത്യാഹിതം’’ എന്ന് മരണക്കുറിപ്പെഴുതി ആത്മഹത്യചെയ്ത ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി രോഹിത് വെമുല ജാതിമേൽക്കോയ്മയുടെ അസംഖ്യം ഇരകളിലൊരാളാണ്. ദലിത് ആക്ടിവിസ്റ്റും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകനുമായിരുന്ന രോഹിതിനെയും മറ്റു നാലു സഹപാഠികളെയും യൂനിവേഴ്സിറ്റി അധികൃതർ ഹോസ്റ്റലിൽനിന്ന് പുറത്താക്കിയത് ജാതി വിവേചനത്തിന്റെ തുടർച്ചയായിട്ടായിരുന്നു. വിവേചനം താങ്ങാനാകാതെ അയാൾ ജീവൻ വെടിഞ്ഞു. സംഭവത്തിൽ പ്രതിഷേധിക്കാൻ യൂനിവേഴ്സിറ്റിയിൽ ദലിത് ആക്ടിവിസ്റ്റുകളും അനുഭാവികളും ഒത്തുചേർന്നു. പലരെയും പൊലീസ്...
Your Subscription Supports Independent Journalism
View Plans2016ൽ ‘‘എന്റെ ജന്മമാണ് എനിക്കു പറ്റിയ മാരകമായ അത്യാഹിതം’’ എന്ന് മരണക്കുറിപ്പെഴുതി ആത്മഹത്യചെയ്ത ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി രോഹിത് വെമുല ജാതിമേൽക്കോയ്മയുടെ അസംഖ്യം ഇരകളിലൊരാളാണ്. ദലിത് ആക്ടിവിസ്റ്റും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകനുമായിരുന്ന രോഹിതിനെയും മറ്റു നാലു സഹപാഠികളെയും യൂനിവേഴ്സിറ്റി അധികൃതർ ഹോസ്റ്റലിൽനിന്ന് പുറത്താക്കിയത് ജാതി വിവേചനത്തിന്റെ തുടർച്ചയായിട്ടായിരുന്നു. വിവേചനം താങ്ങാനാകാതെ അയാൾ ജീവൻ വെടിഞ്ഞു.
സംഭവത്തിൽ പ്രതിഷേധിക്കാൻ യൂനിവേഴ്സിറ്റിയിൽ ദലിത് ആക്ടിവിസ്റ്റുകളും അനുഭാവികളും ഒത്തുചേർന്നു. പലരെയും പൊലീസ് കാമ്പസിലേക്ക് കടത്തിവിട്ടില്ല. പ്രവേശനം നിഷേധിക്കപ്പെട്ടവരിൽ, എൺപതു കഴിഞ്ഞ ഒരു വയോധികനുമുണ്ടായിരുന്നു. അദ്ദേഹം മടങ്ങിപ്പോകാൻ വിസമ്മതിച്ചു. ഗേറ്റിനു മുന്നിൽ മണിക്കൂറുകളോളം നിന്ന് പ്രതിഷേധിച്ചു.
വി.ടി. രാജശേഖറായിരുന്നു സ്ഥാപനവത്കൃത ജാതീയതയോട് 84ാം വയസ്സിലും ആവുന്നത്ര വീര്യത്തോടെ അന്ന് പോരാടിയത്. വാസ്തവത്തിൽ ആയുസ്സ് മുഴുവൻ ആ പോരാട്ടത്തിന് നീക്കിവെച്ചു വി.ടി.ആർ. അതിനദ്ദേഹം ആയുധമാക്കിയതോ എഴുത്തിനെയും; പ്രത്യേകിച്ച് ജേണലിസത്തെ.
ദലിത് വോയ്സ് എന്ന പാക്ഷികം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട മഹാ ഭൂരിപക്ഷത്തിന്റെ ശബ്ദം കേൾപ്പിക്കാൻ യത്നിച്ച വി.ടി.ആർ നവംബർ 20ന് 92ാം വയസ്സിൽ അന്തരിച്ചു. പ്രായത്തിന്റെ അവശതകൾ കാരണം മാധ്യമ പ്രവർത്തനം കുറച്ചുമുമ്പ് നിർത്തിയെങ്കിലും ചിന്തകളും സാന്നിധ്യവുംകൊണ്ട് ദലിത് ശാക്തീകരണ ശ്രമങ്ങൾ അദ്ദേഹം തുടർന്നു.
ദലിത് കുടുംബത്തിലല്ല വി.ടി.ആർ ജനിച്ചത്; കന്നട ഷെട്ടി സമുദായക്കാരനായിരുന്ന അദ്ദേഹത്തിന്റെ സാമൂഹിക ബോധം ശക്തിപ്പെട്ടത് യുവ ജേണലിസ്റ്റ് എന്ന നിലയിൽ പ്രവർത്തിച്ച സമയത്താവണം. 27ാം വയസ്സിൽ, ബംഗളൂരു ആസ്ഥാനമായുള്ള ഡെക്കാൻ ഹെറൾഡ് പത്രത്തിൽ ചേർന്നു. പിന്നീട് അവിടം വിട്ട് ഇന്ത്യൻ എക്സ്പ്രസിൽ എത്തി. എക്സ്പ്രസിൽ പ്രവർത്തിച്ച 25ഓളം വർഷങ്ങൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് വ്യക്തതയും മൂർച്ചയും നൽകി. ജീവിത യാഥാർഥ്യങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്യേണ്ടിവരുമ്പോൾ, ഇന്ത്യയുടെ ഏറ്റവും പ്രധാന പ്രശ്നമായി അദ്ദേഹം കണ്ടെത്തിയത് ജാതീയതയും അതിന് കരുത്തുപകരുന്ന ബ്രാഹ്മണാധീശത്വവും സംഘ് പരിവാർ രാഷ്ട്രീയവുമാണ്. അങ്ങനെ, ഇവക്കെതിരെയുള്ള സമരമായി വി.ടി.ആറിന്റെ ജേണലിസവും ജീവിതവും രൂപപ്പെട്ടു. (ബി.ജെ.പിയെ അദ്ദേഹം വിളിച്ചിരുന്നത് ബ്രാഹ്മണ ജാതി പാർട്ടി എന്നാണ്).
എക്സ്പ്രസിൽ പ്രവർത്തിച്ച രണ്ടരപ്പതിറ്റാണ്ടിൽ അദ്ദേഹത്തിന്റെ ദലിത് പക്ഷ നിലപാടും മൂർച്ചയും തീവ്രതയുമുള്ള ഭാഷയും അനേകം പേരെ ശത്രുക്കളാക്കി. ഇന്ത്യൻ എക്സ്പ്രസ് മേധാവികളിലും അവ അസ്വസ്ഥത സൃഷ്ടിച്ചു. ക്ലാരിയൺ മാഗസിനിൽ വിദ്യാഭൂഷൺ റാവത്ത് എഴുതിയ അനുസ്മരണക്കുറിപ്പിൽ, താൻ എങ്ങനെ എക്സ്പ്രസ് വിടാൻ ഇടയായി എന്ന് വി.ടി.ആർ സൂചിപ്പിച്ചതായി പറയുന്നുണ്ട്.
ലിബിയയിൽ മുഅമ്മർ ഖദ്ദാഫി കറുപ്പുവർഗക്കാരുടെ ലോകസമ്മേളനം സംഘടിപ്പിച്ചപ്പോൾ വി.ടി.ആർ അതിൽ പങ്കെടുത്തിരുന്നു. സംസാരിക്കാൻ കിട്ടിയ മൂന്നു മിനിറ്റിൽ അദ്ദേഹം ഇന്ത്യയിലെ ജാതീയതയെപ്പറ്റി രൂക്ഷമായ ഭാഷയിൽ പരാമർശിച്ചു. ചെറുപ്രസംഗം കഴിഞ്ഞപ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു. എന്നാൽ, പ്രസംഗം മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഒരു ഇന്ത്യക്കാരൻ വി.ടി.ആറിനെ കാണാൻ ഹോട്ടൽ മുറിയിലെത്തി. പി.ടി.ഐ ചീഫ് റിപ്പോർട്ടറായിരുന്നു അത്. ‘‘ഇന്ത്യയെ വിദേശത്തുവെച്ച് ഇങ്ങനെ വിമർശിക്കാമോ’’ എന്ന് അയാൾ ചോദിച്ചു. ഇന്ത്യയെയല്ല ഇന്ത്യയിലെ ജാതീയതയെയാണ് വിമർശിച്ചതെന്നൊന്നും വിശദീകരിക്കാതെ വി.ടി.ആർ തിരിച്ചടിച്ചു: ‘‘രാജ്യത്തെ എന്നല്ല ദൈവത്തെയും ഇത്തരം ബൗദ്ധിക ചർച്ചയിൽ വിമർശിക്കാം. എനിക്ക് ബോധ്യപ്പെട്ടത് ഞാൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് റിപ്പോർട്ടറാണ് ഞാൻ.’’ ആ സംഭവത്തിനുശേഷം എക്സ്പ്രസിൽ തുടരുക പ്രയാസമായത്രെ. ഒരു ഘട്ടത്തിൽ അവരദ്ദേഹത്തെ പിരിച്ചുവിട്ടു; എന്നാൽ, അദ്ദേഹം കോടതിയെ സമീപിച്ചു; കേസ് ജയിക്കുകയുംചെയ്തു.
ദലിത് വോയ്സ് -മൂന്നു പതിറ്റാണ്ടിന്റെ പോരാട്ടം
തന്റെ ആശയങ്ങൾ ആവിഷ്‍കരിക്കുന്നതിന് സ്വന്തമായൊരു പ്രസിദ്ധീകരണം വേണമെന്ന് തോന്നിയതോടെ അദ്ദേഹം എക്സ്പ്രസ് വിട്ടു. 1981ൽ ദലിത് വോയ്സ് സ്ഥാപിക്കുന്നത് അങ്ങനെയാണ്.എഴുത്തുകാരൻ മുൽക് രാജ് ആനന്ദ് അനേകം വർഷങ്ങൾക്കു മുമ്പ്, 1935ൽ ‘തൊട്ടുകൂടാത്തവൻ’ (Untouchable) എന്ന നോവലിലൂടെ ജാതീയതയുടെയും അയിത്തത്തിന്റെയും ഭീകരത വർണിച്ചിരുന്നു. വി.ടി.ആർ പുതിയ സംരംഭം തുടങ്ങുന്നതറിഞ്ഞ അദ്ദേഹം തുറന്ന പിന്തുണ നൽകി.
മാഗസിന്റെ പേര് അദ്ദേഹം നിർദേശിച്ചതാണത്രെ. (ഇതേ മുൽക് രാജ് ആനന്ദുമായി അദ്ദേഹം പിന്നീട് പിണങ്ങി. 1980കളിലെ സിഖ് വിഘടനവാദം, ഓപറേഷൻ ബ്ലൂസ്റ്റാർ എന്നിവക്കു പിന്നാലെ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ വി.ടി.ആർ നിലകൊണ്ടത് ഭിന്ദ്രൻ വാലയുടെ പക്ഷത്തായിരുന്നു. മുൽക് രാജാകട്ടെ കടുത്ത ഇന്ദിരാ പക്ഷക്കാരനും).
പൊതു മാധ്യമങ്ങൾ പറയാൻ മടിച്ച കാര്യങ്ങൾ ദലിത് വോയ്സ് ശക്തമായി സമൂഹത്തോട് വിളിച്ചുപറഞ്ഞു. ‘ടാഡ’ അടക്കമുള്ള കേസുകളും മറ്റു നടപടികളും വി.ടി.ആറിനെതിരെ വന്നു. ഒന്നിലധികം തവണ അറസ്റ്റിലായി ജയിലിലടക്കപ്പെട്ടു. മറ്റൊരു പ്രത്യാഘാതവുമുണ്ടായി: ഇന്ത്യൻ എക്സ്പ്രസിലാകുമ്പോൾ അദ്ദേഹത്തിന്റെ രചനകൾ വായിച്ച് അഭിപ്രായമറിയിച്ച ധാരാളം പേരുണ്ടായിരുന്നു; ദലിത് വോയ്സിലായതോടെ മേൽജാതിക്കാരും മധ്യ വർഗക്കാരുമായ വായനക്കാരെ നഷ്ടപ്പെട്ടു. അത്ര ശക്തമാണ് മാധ്യമ മേഖലയിലെ ജാതീയത എന്നാണ് വി.ടിആർ ചൂണ്ടിക്കാട്ടിയത്. ശബ്ദം നിഷേധിക്കപ്പെട്ടവർ അത് കണ്ടെത്താൻ ശ്രമിച്ചാലും അവരെ കേൾക്കാൻ മേൽജാതിക്കാർ തയാറല്ല.
വി.ടി.ആറിനെ പലരും അകറ്റിനിർത്താൻ ഒരു കാരണം അദ്ദേഹത്തിന്റെ അറുത്തുമുറിച്ചുള്ള ശൈലിയും കർക്കശ നിലപാടുമാകാം. എന്നാൽ, മനുഷ്യത്വം തന്നെ നഷ്ടപ്പെട്ട ഒരു സമൂഹത്തോട് എങ്ങനെ മാന്യമായ ഭാഷയിൽ സംവദിക്കാനാവും എന്ന് അദ്ദേഹം ചിന്തിച്ചു. മുപ്പതിലധികം പുസ്തകങ്ങളിൽ അദ്ദേഹം ജാതിയെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും മത-രാഷ്ട്രീയ- സാമ്പത്തിക കാര്യങ്ങളെപ്പറ്റിയും ആഴത്തിൽ എഴുതി. ‘ജാതി: ദേശത്തിനുള്ളിലെ ദേശം’ (Caste: A Nation Within a Nation) അന്താരാഷ്ട്ര ശ്രദ്ധയും പുരസ്കാരവും നേടി. ‘ദലിതർ: ഇന്ത്യയിലെ കറുത്ത അയിത്ത ജാതിക്കാർ’, ‘ഹിന്ദു ഇന്ത്യയിൽ മാർക്സ് മരിച്ചതെങ്ങനെ’ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളിൽപെടും.
വരേണ്യ അധീശത്വത്തിനെതിരെ
സംവരണം, അധികാര പങ്കാളിത്തം, ജാതിവിരുദ്ധ പോരാട്ടം തുടങ്ങിയവയിലൂടെയാണ് ദലിതർക്ക് നീതി ലഭ്യമാവുക എന്ന് വി.ടി. രാജശേഖർ വിശ്വസിച്ചു. മുസ്‍ലിം-ദലിത് ഐക്യത്തിനായി അദ്ദേഹം നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്തു. സയണിസവും ഹിന്ദുത്വവും ലോക സമാധാനത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ‘‘ഇന്ത്യയിലെ ജൂതന്മാരാണ് ബ്രാഹ്മണർ’’ എന്നാണ് ദലിത് വോയ്സ് പറഞ്ഞുകൊണ്ടിരുന്നത്. സെപ്റ്റംബർ 11ലെ ഭീകരാക്രമണം സയണിസ്റ്റുകളുടെ ഉപജാപമായിരുന്നെന്ന് അദ്ദേഹം വിശ്വസിച്ചു.
ജേണലിസത്തെ ആക്ടിവിസമാക്കിയവരിൽ ഒരാളാണ് വി.ടി.ആർ. ദലിത് വോയ്സ് വർഷങ്ങളോളം അധഃസ്ഥി തരുടെ നാവായി പുറത്തിറങ്ങിയെന്നു മാത്രമല്ല, വരിക്കാരുമായും എഴുത്തുകാരുമായും ആഴത്തിൽ ബന്ധം നിലനിർത്തുകയുംചെയ്തു. ഓരോ ലക്കവും കൃത്യമായി ഇറങ്ങും. പലരും കരുതിയത് ദലിത് വോയ്സ് ഓഫിസിൽ ധാരാളം ജീവനക്കാരും ജേണലിസ്റ്റുകളും ഉണ്ടെന്നായിരുന്നു. എന്നാൽ, നേരിട്ട് ചെന്നവർ പിന്നീട് പറഞ്ഞത് അതൊരു ഒറ്റയാൾ സ്ഥാപനമാണ് എന്നാണ്. വി.ടി.ആർ തന്നെ പത്രാധിപരും സബ് എഡിറ്ററും ഓഫിസ് ജീവനക്കാരനും.
ദലിത്പക്ഷ സംഘാടനത്തിന്റെ ഒരു ഉപകരണമാക്കാൻ വി.ടി.ആറിന്റെ ഒരു ശൈലി സഹായകമായി. ദലിത് വോയ്സിന്റെ ശ്രദ്ധേയമായ പംക്തിയായിരുന്നു വായനക്കാരുടെ എഴുത്തുകൾ (‘റീഡേഴ്സ് കോളം’). കാര്യമാത്രപ്രസക്തമായ പ്രതികരണങ്ങളും നിരീക്ഷണങ്ങളും അതിനെ ധന്യമാക്കിയെന്നതു മാത്രമല്ല പ്രയോജനം. കത്തെഴുതിയവരുടെ പേരും ബന്ധപ്പെടാവുന്ന ഫോൺ നമ്പറും ഒപ്പമുണ്ടാകും. മാഗസിൻ കോളങ്ങൾക്കു പുറത്തും സംവാദങ്ങൾ നടക്കാൻ ഇത് വഴിതുറന്നു. എഴുത്തുകാരും ആക്ടിവിസ്റ്റുകളും പരസ്പരം നേരിട്ട് ബന്ധപ്പെട്ടത് ദലിത് സംഘാടനം എളുപ്പമാക്കി. അനേകം വായനക്കാർ എഴുത്തുകാരെ നേരിട്ട് വിളിക്കും. എഴുത്തുകാരുടെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും ലേഖനത്തോടൊപ്പം ചേർക്കുന്നത് പിന്നീട് വ്യാപകമായെങ്കിലും ദലിത് വോയ്സ് തുടങ്ങിയപ്പോൾ അത് പുതുമയായിരുന്നു.
പ്രായാധിക്യം ബാധിച്ചു തുടങ്ങിയപ്പോൾ വി.ടി.ആറിന് സജീവ പ്രവർത്തനം സാധ്യമല്ലാതായി. ബംഗളൂരുവിൽനിന്ന് താമസം മംഗളൂരുവിലേക്ക് മാറ്റുകയുംചെയ്തു. പുതിയ സ്ഥലത്തെ അച്ചടിശാലക്കുനേരെ തീവ്ര ഹിന്ദുത്വ ഭീഷണി ഉയർന്നുതുടങ്ങി. ഒടുവിൽ പ്രസാധനം നിലച്ചു.
2011ൽ അച്ചടിപ്പതിപ്പും വെബ് സൈറ്റും നിർത്തി. അതിനുശേഷവും ആവുന്നത്ര അദ്ദേഹം ദലിത് ആക്ടിവിസത്തോടൊപ്പം നിന്നു: രോഹിത് വെമുലയോടുള്ള ഐക്യദാർഢ്യം ഓർക്കുക –80 കഴിഞ്ഞിട്ടും ഗേറ്റിനു പുറത്ത് മണിക്കൂറുകൾ നീണ്ട നിൽപ്. ഇക്കൊല്ലം ഒരു സംഘം ആളുകൾ ചേർന്ന് ദലിത് വോയ്സിന്റെ എല്ലാ ലക്കങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി. ഇതെല്ലാമടങ്ങുന്ന ആർക്കൈവ്സ് dalitvoice.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് പുനരാരംഭിച്ച് മാസങ്ങൾക്കുള്ളിലാണ് വോണ്ടിബെട്ടു തിമ്മപ്പ രാജശേഖർ ഷെട്ടി എന്ന വി.ടി. രാജശേഖർ വിട പറഞ്ഞത് –‘ദലിത് ശബ്ദം’ നിലക്കുന്നില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട്.