വാഷിങ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ: ഊർന്നുവീണ മുഖംമൂടി
‘മുഖ്യധാര’യിലെ പാരമ്പര്യ മാധ്യമങ്ങൾ ഭരണകൂട താൽപര്യങ്ങൾക്കൊപ്പം; സമാന്തര-ഓൺലൈൻ മാധ്യമങ്ങൾ ജനപക്ഷത്ത് –ഇങ്ങനെയൊരു പോർനിര രൂപപ്പെട്ടിട്ടുണ്ടല്ലോ.ഇസ്രായേലുമായി ബന്ധപ്പെട്ടാണ് ഈ വിന്യാസം പ്രകടമായത്. ഒരു ഉദാഹരണം, ന്യൂയോർക് ടൈംസിന്റെ ‘അന്വേഷണ റിപ്പോർട്ടി’ന് അര ഡസനോളം ഓൺലൈൻ മാധ്യമങ്ങളും അൽജസീറയും സ്വന്തമായി സ്വതന്ത്ര അന്വേഷണങ്ങളിലൂടെ വിശദമായ ഖണ്ഡനങ്ങൾ അവതരിപ്പിച്ച സംഭവമാണ്. ജേണലിസ്റ്റല്ല, ഇസ്രായേലി സൈന്യത്തിൽ ജോലി ചെയ്തിരുന്ന, സയണിസ്റ്റ് വംശീയത തന്റെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ തുറന്നു പ്രകാശിപ്പിച്ചിരുന്ന, ഒരു വനിതയായിരുന്നു മുഖ്യ ‘‘റിപ്പോർട്ടർ’’. ആ റിപ്പോർട്ടിലെ...
Your Subscription Supports Independent Journalism
View Plans‘മുഖ്യധാര’യിലെ പാരമ്പര്യ മാധ്യമങ്ങൾ ഭരണകൂട താൽപര്യങ്ങൾക്കൊപ്പം; സമാന്തര-ഓൺലൈൻ മാധ്യമങ്ങൾ ജനപക്ഷത്ത് –ഇങ്ങനെയൊരു പോർനിര രൂപപ്പെട്ടിട്ടുണ്ടല്ലോ.
ഇസ്രായേലുമായി ബന്ധപ്പെട്ടാണ് ഈ വിന്യാസം പ്രകടമായത്. ഒരു ഉദാഹരണം, ന്യൂയോർക് ടൈംസിന്റെ ‘അന്വേഷണ റിപ്പോർട്ടി’ന് അര ഡസനോളം ഓൺലൈൻ മാധ്യമങ്ങളും അൽജസീറയും സ്വന്തമായി സ്വതന്ത്ര അന്വേഷണങ്ങളിലൂടെ വിശദമായ ഖണ്ഡനങ്ങൾ അവതരിപ്പിച്ച സംഭവമാണ്. ജേണലിസ്റ്റല്ല, ഇസ്രായേലി സൈന്യത്തിൽ ജോലി ചെയ്തിരുന്ന, സയണിസ്റ്റ് വംശീയത തന്റെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ തുറന്നു പ്രകാശിപ്പിച്ചിരുന്ന, ഒരു വനിതയായിരുന്നു മുഖ്യ ‘‘റിപ്പോർട്ടർ’’. ആ റിപ്പോർട്ടിലെ തെറ്റുകൾ തെളിവുനിരത്തിക്കൊണ്ട് ഇലക്ട്രോണിക് ഇൻതിഫാദ, ദ ഇന്റർസെപ്റ്റ്, യെസ്! മാഗസിൻ, മോൺഡോവെയ്സ് തുടങ്ങിയവ പൊളിച്ചുകാട്ടി.
‘മുഖ്യധാര’യുടെ അസത്യപ്രചാരണം ഓൺലൈൻ മാധ്യമങ്ങൾ പൊളിച്ചുകാട്ടിയ മറ്റൊരു സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. വിഷയം ഇക്കുറിയും ഇസ്രായേൽതന്നെ.
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) രണ്ട് ഇസ്രായേലി നേതാക്കൾക്കും ഒരു ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയതിനെപ്പറ്റി വാഷിങ്ടൺ പോസ്റ്റ് എഴുതിയ എഡിറ്റോറിയൽ ഒരുപാട് വായനക്കാരെ അമ്പരപ്പിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമാണ് വാറന്റുള്ളത്. പോസ്റ്റിലെ എഡിറ്റോറിയൽ അതിനെ തുറന്നെതിർക്കുന്നു. ഈ നിലപാടിലെ വൈരുധ്യങ്ങളും കാപട്യവും പുറത്തുകൊണ്ടുവരുന്ന പഠനങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവഹിച്ചുതുടങ്ങിയിട്ടുണ്ട്.
മാധ്യമനിരീക്ഷക വെബ്സൈറ്റായ ‘ഫെയർ’ (fair.org), സൗതാഫ്രിക്കൻ ടൈംസ്, സെറ്റേയോ (Zeteo), +972 മാഗസിൻ (972 mag.com) കൗണ്ടർപഞ്ച് തുടങ്ങിയ വിവിധ പോർട്ടലുകൾക്കു പുറമെ, അന്താരാഷ്ട്ര നിയമസ്ഥാപനങ്ങളിലും സർവകലാശാലകളിലും പ്രവർത്തിക്കുന്ന വ്യക്തികളും പ്രതികരണവുമായി രംഗത്തെത്തി. വാഷിങ്ടൺ പോസ്റ്റിൽ വായനക്കാരുടെ കത്തുകളിലും ആഗോള പ്രശസ്ത നിയമജ്ഞരുടേതടക്കം അഭിപ്രായങ്ങളുണ്ട്. കടുത്ത ഇസ്രായേൽ പക്ഷപാതികളൊഴിച്ച് ആരും പോസ്റ്റിനെ അനുകൂലിക്കുന്നില്ല.
പോസ്റ്റ് എഡിറ്റോറിയലിലെ ചില പ്രധാന വാദങ്ങളും ഏതാനും പ്രതികരണങ്ങളും താഴെ:
1. പോസ്റ്റ്: ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണ്; അതിന് സ്വതന്ത്ര ജുഡീഷ്യറി ഉണ്ട്. അത്തരമൊരു രാജ്യത്തെ നേതാക്കളെ ഏകാധിപത്യ-സ്വേച്ഛാധിപത്യ രാജ്യങ്ങളിലെ കൊലയാളികൾക്കൊപ്പം ചേർത്തുവെക്കുകയാണ് ഐ.സി.സി.
പ്രതികരണങ്ങൾ: ജനാധിപത്യക്രമമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്നവർ യുദ്ധക്കുറ്റം ചെയ്യില്ലെന്നാണോ? ഹിറ്റ്ലറടക്കമുള്ളവർ ‘ജനാധിപത്യപര’മായി അധികാരത്തിലെത്തിയവരാണ്. 13 മാസമായി ‘ജനാധിപത്യ’ ഇസ്രായേൽ, ആശുപത്രികളും അഭയാർഥി ക്യാമ്പുകളും സ്കൂളുകളും ബോംബിട്ട് തകർക്കുന്നു; കുട്ടികളെ അടക്കം കൊല്ലുന്നു. ഏകാധിപതികളുടെ കൂട്ടക്കൊലയും ഇതുമായി എന്ത് വ്യത്യാസം?
2. പോസ്റ്റ്: ഇസ്രായേലിന് സ്വതന്ത്ര ജുഡീഷ്യറിയുണ്ട്. യുദ്ധക്കുറ്റ ആരോപണങ്ങളന്വേഷിക്കാനും ഉണ്ടെങ്കിൽ ശിക്ഷിക്കാനും സംവിധാനങ്ങളുണ്ട്. അതുകൊണ്ട് ഐ.സി.സി പോലൊരു ബാഹ്യ സംവിധാനത്തിന്റെ ഇടപെടൽ ആവശ്യമില്ല.
പ്രതികരണം: ആഭ്യന്തര സംവിധാനങ്ങളുണ്ടോ ഇല്ലേ എന്നതനുസരിച്ചാണ് ഐ.സി.സി ഇടപെടേണ്ടത് എന്ന് അത് സ്ഥാപിച്ച റോം സ്റ്റാറ്റ്യൂട്ടിൽ പറയുന്നേയില്ല. ഇനി, ഇസ്രായേലിനുണ്ടെന്ന് പറയുന്ന സംവിധാനങ്ങളുടെ അവസ്ഥയെന്താണ്? അവിടത്തെ ജുഡീഷ്യറിയോ മിലിട്ടറി കമീഷനോ പാർലമെന്ററി കമീഷനോ ഫലപ്രദമായി ഇടപെട്ടതിന് ഒരു തെളിവുപോലുമില്ല.
ഫലസ്തീൻ ഭൂമിയിൽ ഇസ്രായേലിന്റെ നിയമവിരുദ്ധ സൈനിക അധിനിവേശത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തുലക്ഷം കുടിയേറ്റ കേന്ദ്രങ്ങളിലെത്തിനിൽക്കുന്നു കൈയേറ്റം. 2000 മുതൽ 2023 ഒക്ടോബർ വരെ മാത്രം ആയിരക്കണക്കിന് ഫലസ്തീൻകാരെ കൊന്നു. കുട്ടികൾ മാത്രം 2200ലേറെ വരും. ഒരു സംഭവത്തിൽപോലും ഇസ്രായേലി ‘സംവിധാന’ങ്ങളിൽനിന്ന് ശരിയായ നടപടിയോ ശിക്ഷയോ ഉണ്ടായില്ല.
ഇസ്രായേലി ‘നീതിന്യായം’!
ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയുടെ കാര്യം മാത്രം നോക്കുക. കാറിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കൊപ്പം ഒറ്റക്കിരിക്കെ സഹായത്തിനായി കരഞ്ഞ അവളെയും രക്ഷിക്കാൻ ചെന്ന ആംബുലൻസിലുള്ളവരെയും ഇസ്രായേൽ സൈനികർ വെടിവെച്ചുകൊന്നു. ഒരു നടപടിയുമുണ്ടായില്ല.
മറ്റനേകം സംഭവങ്ങളിലും നടപടി വന്നില്ല. പേരിന് ചെറു കുറ്റങ്ങൾ ചാർത്തി 15 പട്ടാളക്കാർക്ക് നിസ്സാര ശിക്ഷ ചുമത്തി. സിവിലിയന്മാരെ കൊന്നതിനോ തടവുകാരെ പീഡിപ്പിച്ചു കൊന്നതിനോ ഒറ്റ കേസുമില്ല. ഫലസ്തീനി തടവുകാരെ പീഡിപ്പിച്ച എട്ടു പട്ടാളക്കാരെ അറസ്റ്റുചെയ്തതായി പോസ്റ്റ് എടുത്തുപറയുന്നുണ്ട്. എന്നാൽ, അവർ പറയാത്ത ഒരനുബന്ധം അതിനുണ്ട്: അറസ്റ്റിൽ പ്രതിഷേധിച്ച് ഇസ്രായേലി എം.പിമാരും (രണ്ട് മന്ത്രിമാരും) ജനക്കൂട്ടവും പ്രക്ഷോഭം നടത്തിയപ്പോൾ ചിലരെ വിട്ടയച്ചു. മറ്റുള്ളവർക്കെതിരെ ശിക്ഷ ഉണ്ടായതായി അറിവില്ല.
3. പോസ്റ്റ്: ഇസ്രായേലിൽ ശക്തമായ നീതിന്യായ സംവിധാനങ്ങൾ മാത്രമല്ല, തിരുത്തൽ ശക്തിയായി സ്വതന്ത്ര മാധ്യമങ്ങളുമുണ്ട്.
പ്രതികരണം: മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. ഏക സ്വതന്ത്ര പത്രമായ ഹആരറ്റ്സിനെതിരെ ‘‘ഉപരോധം’’ (പരസ്യങ്ങളോ മറ്റ് സർക്കാർ സഹായങ്ങളോ നൽകാതിരിക്കുന്നതടക്കം) ഏർപ്പെടുത്തിയിരിക്കുന്നു. ഇസ്രായേലി അധീനതയിലുള്ള ഫലസ്തീൻ പ്രദേശങ്ങളിലേക്ക് മാധ്യമങ്ങളെ അനുവദിക്കുന്നില്ല. ഇതിനകം 150നും 190നുമിടക്ക് മാധ്യമപ്രവർത്തകരെ വധിച്ചുകഴിഞ്ഞു. സെൻസർഷിപ് ഉൗർജിതമാണ്. കഴിഞ്ഞ വർഷം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ/ലേഖനങ്ങളിൽ 2703 എണ്ണം വെട്ടിത്തിരുത്തിയാണ് പ്രസിദ്ധീകരിക്കാനനുവദിച്ചത്; 613 എണ്ണം പാടേ വിലക്കി. വിധേയ മാധ്യമങ്ങളാണ് ഇസ്രായേലിൽ ‘‘സ്വതന്ത്ര’’ വിഹാരം നടത്തുന്നത്.
‘‘മാധ്യമ സ്വാതന്ത്ര്യ’’ത്തിന്റെ കഥകൾതന്നെ നീണ്ടതാണ്. അതു കാണിച്ച് ഐ.സി.സി ഇടപെടൽ അനാവശ്യമെന്ന് വാദിക്കുന്ന പോസ്റ്റ് എഡിറ്റോറിയലിൽ ഗസ്സയിൽ ഇസ്രായേൽ അടിച്ചേൽപിക്കുന്ന പട്ടിണിയെപ്പറ്റി ഒറ്റ സൂചനപോലുമില്ല. അത് അമേരിക്കൻ പത്രത്തിന് അതിന്റെ മുതലാളി ജെഫ് ബേസോസ് അനുവദിച്ച ‘‘സ്വാതന്ത്ര്യം’’!
ഹമാസിനെ കുറ്റപ്പെടുത്തിയും ഇസ്രായേലി സൈന്യത്തെ കുറ്റമുക്തരാക്കിയും വെടിനിർത്തൽ നിർദേശങ്ങൾ ‘‘ഹമാസ് നിരാകരിച്ച’’തായും ഗസ്സയിലേക്ക് സഹായമെത്തിക്കാൻ ‘‘ഹമാസ് തടസ്സം സൃഷ്ടിച്ച’’തായും ഐ.സി.സി ഇസ്രായേലിനെതിരെ വിവേചനം പുലർത്തുന്നതായും മറ്റും മറ്റും പിന്നെയും വാദങ്ങൾ പോസ്റ്റ് നിരത്തുന്നുണ്ട്; എല്ലാം പ്രചാരണ പ്രധാനം, അവാസ്തവം.
വാഷിങ്ടൺ പോസ്റ്റിന്റെ രക്തത്തിലുള്ള വംശീയതയും വിവേചനവും ബോധ്യപ്പെടുത്തുന്ന അനേകം പരാമർശങ്ങൾ എഡിറ്റോറിയലിൽനിന്ന് ഓരോ വരിയിലും കണ്ടെത്താനാവും. തലക്കെട്ടുതന്നെ വംശീയത പ്രകടമാക്കുന്നു. ‘ഇസ്രായേലിനെ നീതിക്കു മുമ്പാകെ നിർത്താനുള്ള വേദി ഐ.സി.സിയല്ല’ എന്നാണ് തലക്കെട്ട്. ഉപതലക്കെട്ടായി ഇങ്ങനെയും: ‘റഷ്യയിലും സുഡാനിലും മ്യാന്മറിലും യുദ്ധക്കുറ്റങ്ങൾ തീർക്കാനാണ് ഐ.സി.സിയെ ആവശ്യമുള്ളത്. ഇസ്രായേലിനെ ഉന്നമിടുന്നത് അതിന് തടസ്സമാവുകയേ ഉള്ളൂ.’
പത്രം പച്ചക്ക് തന്നെ പറയുകയാണ്, വെള്ളക്കാരെയും അേമരിക്കാ വിരുദ്ധരെയും നിലക്കുനിർത്തുക മാത്രമാണ് ലോക കോടതിയുടെ ജോലിയെന്ന്. വിമർശകർ ചൂണ്ടിക്കാട്ടിയപോലെ, പലരും പറയാൻ മടിച്ച വംശവെറി തുറന്നുപറഞ്ഞ ഈ സത്യസന്ധതക്ക് നന്ദി. ഈ ഒരൊറ്റ എഡിറ്റോറിയൽ പടിഞ്ഞാറൻ മാധ്യമങ്ങളുടെ പ്രകടനപത്രികകൂടിയായി എണ്ണാം.
വി.ടി. രാജശേഖർ
കഴിഞ്ഞ ലക്കത്തിലെ ‘വി.ടി.ആർ: ദലിത് ശബ്ദം നിലക്കുന്നില്ല’ എന്ന കുറിപ്പിനെപ്പറ്റി ടി.ഐ. ലാലുവിന്റെ പ്രതികരണം: ‘‘വി.ടി. രാജശേഖറിന്റെ ‘ദലിത് വോയ്സ്’ ഒരു ഏകവചനമായിരുന്നില്ല. ശരിക്കും ബഹുവചനമായിരുന്നു. വായനക്കാരുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കാൻ ഏറെ ഇടം മാറ്റിവെച്ചിരുന്ന ഒരു സവിശേഷ മാധ്യമമായിരുന്നു ‘ദലിത് വോയ്സ്’ (എന്റെ കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്). പൊതുവെ അച്ചടി ദിനപത്രങ്ങൾ വായനക്കാരുടെ പ്രതികരണങ്ങൾക്ക് കാര്യമായ ഇടം അനുവദിക്കാത്ത ഒരു കെട്ട കാലമാണിന്ന്. അവർ തീർച്ചയായും വി.ടി. രാജശേഖറിനെ മാതൃകയാക്കേണ്ടതാണ്.
സവർണ ജാതിയിൽപെട്ടവർ പേരിനൊപ്പം ജാതിവാൽ ചേർത്തു ഞെളിയുന്ന ദുഷ്പ്രവണത പ്രചാരത്തിലുണ്ടല്ലോ. ഇതിനെതിരെ വി.ടി. രാജശേഖർ ഒരു പ്രത്യേക രീതിയിലാണ് തിരിച്ചടിച്ചിരുന്നത്. ‘ദലിത് വോയ്സി’ൽ വൻകിട തട്ടിപ്പുകൾ, അഴിമതികൾ മുതലായവയുമായി ബന്ധപ്പെട്ട കുറിപ്പുകളും മറ്റും പ്രസിദ്ധീകരിക്കുമ്പോൾ അതിൽ ഉൾപ്പെട്ട കാട്ടുകള്ളന്മാരുടെ പേരിനൊപ്പം അവരുടെ ജാതിപ്പേര് വലയത്തിൽ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഉദാഹരണത്തിന് ഷർദ് മേത്ത (ഗുജറാത്തി ജെയ്ൻ). ദലിത് ശബ്ദം നിലക്കാതിരിക്കാനുള്ള ഊർജിത ശ്രമങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്.’’