ചിത്രം അവ്യക്തം; ചാപ്പ തയാർ
മാധ്യമങ്ങൾക്ക് മുൻകൂട്ടി കാണാൻ അവസരം നൽകാതെ പെട്ടെന്ന് പൊട്ടിവീണ വാർത്തയായിരുന്നു സിറിയയിലെ ഭരണമാറ്റം. എന്നിട്ടും ഡിസംബർ 1ലെ വാർത്തകൾക്ക് വ്യക്തതക്കുറവില്ല. ‘‘അസദ് വീണു’’ (മാധ്യമം, സിറാജ്, മാതൃഭൂമി), ‘‘സിറിയയിൽ അട്ടിമറി’’ (ചന്ദ്രിക, മലയാള മനോരമ), ‘‘സിറിയ പിടിച്ച് വിമതർ’’ (കേരള കൗമുദി, സുപ്രഭാതം, മംഗളം) തുടങ്ങി സമാനമായ തലക്കെട്ടുകൾ. ‘‘അസദ് ഭരണം വീണു’’ (ജനയുഗം) പോലുള്ള മറ്റുതലക്കെട്ടുകളും ഏറെ വ്യത്യസ്തമല്ല. കൂട്ടത്തിൽ വിചിത്രമായ ശീർഷകം ദീപികയുടേതാണ്: ‘‘സിറിയ നിലംപൊത്തി.’’ എന്താണ് അതിന്റെ അർഥമെന്ന് മനസ്സിലായിട്ടില്ല. ‘‘സിറിയ എന്നാൽ അസദ്, അസദ് എന്നാൽ സിറിയ’’ എന്ന സ്വേച്ഛാധിപത്യ മന്ത്രം...
Your Subscription Supports Independent Journalism
View Plansമാധ്യമങ്ങൾക്ക് മുൻകൂട്ടി കാണാൻ അവസരം നൽകാതെ പെട്ടെന്ന് പൊട്ടിവീണ വാർത്തയായിരുന്നു സിറിയയിലെ ഭരണമാറ്റം. എന്നിട്ടും ഡിസംബർ 1ലെ വാർത്തകൾക്ക് വ്യക്തതക്കുറവില്ല. ‘‘അസദ് വീണു’’ (മാധ്യമം, സിറാജ്, മാതൃഭൂമി), ‘‘സിറിയയിൽ അട്ടിമറി’’ (ചന്ദ്രിക, മലയാള മനോരമ), ‘‘സിറിയ പിടിച്ച് വിമതർ’’ (കേരള കൗമുദി, സുപ്രഭാതം, മംഗളം) തുടങ്ങി സമാനമായ തലക്കെട്ടുകൾ.
‘‘അസദ് ഭരണം വീണു’’ (ജനയുഗം) പോലുള്ള മറ്റുതലക്കെട്ടുകളും ഏറെ വ്യത്യസ്തമല്ല. കൂട്ടത്തിൽ വിചിത്രമായ ശീർഷകം ദീപികയുടേതാണ്: ‘‘സിറിയ നിലംപൊത്തി.’’ എന്താണ് അതിന്റെ അർഥമെന്ന് മനസ്സിലായിട്ടില്ല. ‘‘സിറിയ എന്നാൽ അസദ്, അസദ് എന്നാൽ സിറിയ’’ എന്ന സ്വേച്ഛാധിപത്യ മന്ത്രം അതേപടി അംഗീകരിച്ചതാവാം.
റിപ്പോർട്ടുകളിലെ സാമ്യങ്ങൾക്കെല്ലാമിടക്ക് ചില വാക്കുകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ഭരണം പിടിച്ച പക്ഷത്തെ ‘‘വിമതർ’’ എന്നാണ് ഒട്ടെല്ലാ പത്രങ്ങളും വിേശഷിപ്പിച്ചത്. അനൗദ്യോഗികം, ജനകീയ മുഖ്യധാരയിൽനിന്ന് വേറിട്ടുനിൽക്കുന്നത് തുടങ്ങിയ ധ്വനികൾ ആ വാക്കിനുണ്ട്. അതുകൊണ്ടുതന്നെ നീക്കം ചെയ്യപ്പെട്ട അസദ് ഭരണകൂടത്തിന്റെ കാഴ്ചപ്പാടാണ് ആ പദം ഉൾക്കൊള്ളുന്നത്. മാധ്യമം ‘‘പ്രതിപക്ഷ’’മെന്ന വാക്ക് ഉപയോഗിച്ചു.
എന്നാൽ, തീവ്ര കാഴ്ചപ്പാട് പ്രതിഫലിപ്പിച്ചത് ദേശാഭിമാനിയുടെ പദപ്രയോഗമാണ്. പുതിയ ഭരണപക്ഷത്തെ ‘‘ഭീകരർ’’ എന്ന് ആവർത്തിച്ച് വിശേഷിപ്പിക്കുന്നുണ്ട് ആ പത്രം. കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തോട് ഭരണശൈലിയിലും റഷ്യയോട് അന്താരാഷ്ട്ര ബന്ധങ്ങളിലും ബശ്ശാറുൽ അസദ് പുലർത്തിയ അടുപ്പം അതിൽ നിഴലിക്കുന്നു. അതേ കാഴ്ചപ്പാട് പാശ്ചാത്യ സാമ്രാജ്യത്വങ്ങളും വാർത്ത ഏജൻസികളും മുമ്പ് പുലർത്തിയിരുന്നു.
സങ്കീർണമാണ് സിറിയ ഇപ്പോൾ കടന്നുപോകുന്ന അനുഭവങ്ങൾ. വസ്തുതകളെക്കാൾ പ്രോപഗൻഡയും മുൻവിധിയും റിപ്പോർട്ടുകളിൽ മുഴച്ചുനിൽക്കുന്നു. ഒപ്പം, കുറേ രാജ്യങ്ങളുടെ ഇരട്ടത്താപ്പും. സിറിയയിൽ ഭരണമേറ്റെടുത്ത ഹയാത് തഹ്‍രീർ അൽശാം (എച്ച്.ടി.എസ്) അമേരിക്കയുടെ ഭീകരപ്പട്ടികയിലുണ്ട് കുറച്ചു വർഷങ്ങളായിട്ട്. അവരതിനെ ആ പട്ടികയിൽനിന്ന് നീക്കം ചെയ്യാനാലോചിക്കുന്നു. എച്ച്.ടി.എസിന് പക്ഷേ, ഭീകരപ്പട്ടം നഷ്ടപ്പെടുന്നല്ലോ എന്ന ആധി വേണ്ടതില്ല. അത് നൽകാൻ ദേശാഭിമാനി അടക്കം തയാറായി നിൽപുണ്ടല്ലോ.
അന്താരാഷ്ട്ര പ്രതിസന്ധികൾ എത്ര കൂടുതൽ സങ്കീർണമാകുന്നോ അത്ര തീവ്രതയിൽ മാധ്യമങ്ങൾ താൽപര്യങ്ങളുടെ ദല്ലാളുമാരാകുന്നു. ഗസ്സയിലായാലും ഈജിപ്തിലായാലും അഫ്ഗാനിസ്താനിലായാലും ബംഗ്ലാദേശിലായാലും ഇപ്പോൾ സിറിയയിലായാലും, ജനകീയ പങ്കാളിത്തമുള്ള എത്ര ഭരണമാറ്റങ്ങളാണ് ‘‘അന്താരാഷ്ട്ര’’ മാധ്യമങ്ങൾക്ക് ‘‘ഭീകരരു’’ടെ ഭരണമായി തോന്നിയിട്ടുള്ളത്! ചില ‘‘നിറങ്ങൾ’’ മാത്രം ഭീകരമാകും. അസദിന്റെ ഭീകരത ഒരിക്കലും ഭീകരതയായി കാണാത്തവർക്ക്, പുതിയ ഭരണം എങ്ങനെ എന്ന് അറിയും മുമ്പ് അതിന് ഭീകരമുദ്ര അണിയിക്കാൻ കഴിയുന്നു. നേരെന്ത്, നുണയെന്ത് എന്ന് വ്യക്തമല്ലാത്തപ്പോഴും ചാപ്പകുത്തലാണ് മാധ്യമങ്ങൾക്ക് പ്രിയം.
എച്ച്.ടി.എസ് എന്തുതരക്കാരാണെന്ന് പ്രവചിക്കുക സാധ്യമല്ല. ചിലർ കരുതുന്നത്, സദ്ദാമിനെയും ഖദ്ദാഫിയെയും വഴിയിലുപേക്ഷിച്ച് അട്ടിമറിച്ച അമേരിക്ക അതേ ശൈലി അസദിനോടും പയറ്റി എന്നാണ്. അല്ല, സിറിയയിൽ വർഷങ്ങളായി ഉരുത്തിരിയുന്ന ജനകീയ വിപ്ലവം അതിന്റെ സാക്ഷാത്കാരസമയം കണ്ടെത്തിയതാണെന്ന് മറ്റൊരു കൂട്ടർ. എച്ച്.ടി.എസ് നേതൃത്വം പഴയ അൽഖാഇദ-ഐ.എസ് ബന്ധം വർഷങ്ങൾക്കു മുമ്പേ കൈയൊഴിഞ്ഞതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണമാണ് ലക്ഷ്യമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
ആർക്കും മുതലെടുക്കാൻ പാകത്തിൽ അവ്യക്തവും സങ്കീർണവുമാണ് സിറിയയിലെ ഇപ്പോഴത്തെ സ്ഥിതി. അസദിനെ തോൽപിക്കാൻ തങ്ങളാണ് േവദിയൊരുക്കിയതെന്ന് ഇസ്രായേലിനു വരെ അവകാശപ്പെടാൻ തോന്നിയിട്ടുണ്ട്. മറുപുറത്ത് റഷ്യയുടെ പുടിൻ കുറച്ചുമുമ്പാണ് അസദിനെ പ്രതിപക്ഷ സേനയിൽനിന്ന് രക്ഷിക്കാൻ വ്യോമാക്രമണം നടത്തിയത്. എന്നിട്ടും ഏഴുമാസം തികയും മുമ്പ് ശരവേഗത്തിൽ പ്രതിപക്ഷസേന അസദിനെ മറിച്ചിട്ടു. അന്ന്, ഡിസംബർ 8ന് റഷ്യൻ ചാനലുകളുടെ പ്രധാന വാർത്താബുള്ളറ്റിനുകളിൽപോലും സിറിയ എന്ന പേരില്ലായിരുന്നു (rferl.org). പിറ്റേന്നത്തെ പത്രങ്ങളിലും ഭരണമാറ്റത്തിലേക്കു നയിച്ച പ്രതിപക്ഷ മുന്നേറ്റത്തിന്റെ വിശദാംശങ്ങളില്ലായിരുന്നു.
രണ്ടാം ദിവസം റഷ്യയുടെ ഔദ്യോഗിക പ്രതികരണത്തിൽ എച്ച്.ടി.എസിന് ‘‘ഭീകരർ’’ എന്ന വിശേഷണം ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു. ‘‘സിറിയയുടെ സായുധ പ്രതിപക്ഷ’’മെന്നാണ് റഷ്യൻ വാർത്ത ഏജൻസികളായ ‘ടാസും’ ‘റിയ നോവോസ്തി’യും പുതിയ നേതൃത്വത്തെ വിശേഷിപ്പിച്ചത്.
ബശ്ശാറുൽ അസദ് മാത്രമല്ല, മാധ്യമങ്ങളുടെ പ്രിയപ്പെട്ട ഭീകരമുദ്രയും അട്ടിമറിക്കപ്പെടുകയാണ്.
ന്യൂസ് 18: മോദി ഭക്തിയുടെ പങ്കപ്പാടുകൾ
വൻകിട മാധ്യമങ്ങൾ ഭരണപക്ഷത്തിനുവേണ്ടി എത്രത്തോളം തരംതാഴുന്നുണ്ട്? കാരവൻ മാസികയുടെ ഡിസംബർ ലക്കം കവർസ്റ്റോറി അത്തരമൊരു ഇന്ത്യൻ മാധ്യമ സ്ഥാപനത്തെപ്പറ്റിയാണ് –‘ന്യൂസ് 18’ ശൃംഖലയെപ്പറ്റി.
2019ൽ ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുകയും ഭരണഘടനയുടെ 370ാം വകുപ്പ് ഏകപക്ഷീയമായി എടുത്തുകളയുകയും ചെയ്ത മോദി സർക്കാറിന്റെ നടപടി മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചക്ക് വഴിവെച്ചപ്പോൾ ‘ന്യൂസ് 18’ ചാനലുകൾ പരമാവധി സർക്കാർ നടപടിയെ ന്യായീകരിക്കുകയായിരുന്നു. മോദി സർക്കാറിനെ വിമർശിക്കാൻ അവതാരകർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നല്ല, വാർത്തകളിൽ വിമർശനസ്വരത്തിന്റെ ലാഞ്ഛന പോലും അനുവദിക്കപ്പെട്ടില്ല.
സർക്കാറിനെതിരെ എന്തെങ്കിലും വന്നുപോകാതിരിക്കാൻ വലിയ സന്നാഹംതന്നെ ഉണ്ടായിരുന്നു. പ്രൈം ടൈം വാർത്തകളിൽ (രാവിലെ 8 മുതൽ 10വരെ, വൈകുന്നേരം 5 മുതൽ 7 വരെ, രാത്രി 8 മുതൽ 10 വരെ) സൂക്ഷ്മമായി വിലയിരുത്താൻ ഒരു സംഘത്തെ ചുമതലപ്പെടുത്തി. ഓരോ അവതാരകന്റെയും ഓരോ വാക്കും അളന്നും തൂക്കിയും നോക്കി, എവിടെയെങ്കിലും വിമർശനസ്വരം ചെറുതായിപ്പോലും വന്നുപോകുന്നുവോ എന്ന് പരിശോധിക്കും; വന്നാൽ നടപടിയുണ്ടാകും.
അതേ, വാർത്താമാധ്യമങ്ങളിൽ വസ്തുതാ പരിശോധനക്കല്ല പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നത്. സത്യം വാർത്തയിലേക്ക് കടക്കുന്നതു തടയാൻ പടയെ നിയോഗിക്കുകയാണ്.
കാരവൻ പ്രസിദ്ധപ്പെടുത്തിയ സുദീർഘമായ അന്വേഷണ റിപ്പോർട്ടിൽ ലേഖകൻ സാഗർ വേറെയും രസകരമായ ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനി ‘നെറ്റ്‍വർക് 18’ സ്വന്തമാക്കിയശേഷമാണ് മോദിക്കുവേണ്ടി അതിസൂക്ഷ്മത ശീലമാക്കുന്നത്. ഈ മാധ്യമ ശൃംഖലയുടെ എഡിറ്റോറിയൽ ശേഷി മുഴുവൻ ഏതാനും ചിലരിൽ കേന്ദ്രീകരിക്കപ്പെട്ടുവത്രെ. ആ ചെറു സംഘത്തിനു മുമ്പാകെ രണ്ടേ രണ്ട് ലക്ഷ്യം: റിലയൻസ് ബിസിനസിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക; മോദിയുടെയും അദ്ദേഹത്തിന്റെ സർക്കാറിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുക.
റിലയൻസ് കമ്പനി അതിന്റെ മാധ്യമപ്രവർത്തകർക്ക് നല്ല ശമ്പളവും ആനുകൂല്യങ്ങളും നൽകാറുള്ളതായി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നുവെന്ന് സാഗർ. പക്ഷേ, ‘ചട്ടങ്ങൾ’ അനുസരിച്ചില്ലെങ്കിൽ കമ്പനി അവരെ വേട്ടയാടും.
‘ചട്ടങ്ങളി’ൽ പ്രധാനം, ബി.ജെ.പിയെയും മോദിയെയും അലോസരപ്പെടുത്താതിരിക്കുക എന്നതുതന്നെ. റിലയൻസിന്റെ ഉടമസ്ഥതയിലായി ഒരു വർഷത്തിനകം ആ മാധ്യമശൃംഖല നേരിട്ട ഒരു ധർമസങ്കടത്തെപ്പറ്റി കാരവൻ ലേഖനം വർണിക്കുന്നുണ്ട്. 2015 നവംബറിലാണ് സംഭവം.
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാന തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് ജയിച്ചേ തീരൂ എന്ന അവസ്ഥ. അതിനുവേണ്ടി വമ്പിച്ചതോതിൽ ചെലവു ചെയ്തുകൊണ്ടായിരുന്നു പ്രചാരണം. 600ലധികം റാലികൾ നടത്തി. 30 എണ്ണത്തിന് പ്രധാനമന്ത്രി മോദിതന്നെ നേതൃത്വം നൽകി. എതിർകക്ഷികളായി കോൺഗ്രസും ജെ.ഡി.യുവും ആർ.ജെ.ഡിയും അടങ്ങുന്ന യു.പി.എ സഖ്യം. നെറ്റ്‍വർക് 18 അടക്കം അനേകം മാധ്യമങ്ങൾ ബി.ജെ.പിയും എൽ.ജെ.പിയുമടങ്ങുന്ന എൻ.ഡി.എ സഖ്യത്തിനുവേണ്ടി വാർത്തകൾ സ്പിൻ ചെയ്തുകൊണ്ടിരുന്നു.
ഉദ്വേഗമുറ്റിയ തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തിന്റെ അവസാനത്തോടെ വിവിധ മാധ്യമങ്ങൾ അഭിപ്രായ വോട്ടെടുപ്പുകൾ നടത്തി. എക്സിറ്റ് പോളിന് വൻ തുക മുടക്കി വൻകിട ഏജൻസികളെ ഏർപ്പാട് ചെയ്തു. ന്യൂസ് 18 ചാനലുകൾക്കുവേണ്ടി ‘ആക്സിസ് മൈ ഇന്ത്യ’ എന്ന ഏജൻസി എക്സിറ്റ് പോൾ നടത്തി. എ.ബി.പിക്കു വേണ്ടി നീൽസൻ, ഇന്ത്യടുഡേക്കു വേണ്ടി സിസെറോ, എൻ.ഡി.ടി.വിക്കു വേണ്ടി ഹൻസ, ന്യൂസ് 24നു വേണ്ടി ടുഡേയ്സ് ചാണക്യ തുടങ്ങി എട്ട് എക്സിറ്റ് പോളുകൾ. ഈ എട്ടിൽ മഹാഘട് ബന്ധൻ (യു.പി.എ) സഖ്യം ജയിക്കുമെന്ന് പ്രവചിച്ചവരുണ്ട്; എൻ.ഡി.എ ജയിക്കുമെന്ന് പറഞ്ഞവരും. ആക്സിസ് മാത്രം എൻ.ഡി.എക്ക് വൻ പരാജയം പ്രവചിച്ചു.
ന്യൂസ് 18ന്റെ തലപ്പത്തുള്ളവർ അങ്കലാപ്പിലായി. മൊത്തം 243 സീറ്റിൽ യു.പി.എക്ക് 176 സീറ്റാണ് ആക്സിസ് പ്രവചിച്ചിരിക്കുന്നത്. മറ്റാരും ഇത്ര വലിയ തകർച്ച മോദിപക്ഷത്തിന് പ്രവചിച്ചിട്ടില്ല. എല്ലാവരും അവരവരുടെ എക്സിറ്റ്പോൾ ഫലം പുറത്തുവിടുമ്പോൾ ന്യൂസ് 18 അധികൃതർ എന്തുചെയ്യണമെന്ന ചർച്ചയിലായിരുന്നു. മണ്ഡലങ്ങളിൽനിന്ന് കിട്ടുന്ന യഥാർഥ റിപ്പോർട്ടുകളിലും മോദിപക്ഷത്തിന് തോൽവി എന്ന സൂചനയാണുള്ളത്. സി.എൻ.എൻ ന്യൂസ് 18ന്റെ പ്രശ്നവും അതായിരുന്നു.
മോദിയുടെ കനത്ത തോൽവി യഥാർഥമായേക്കും. അത് പ്രവചിക്കുന്നത് തങ്ങളാകും. എക്സിറ്റ്പോളിൽ മറ്റെല്ലാ മാധ്യമങ്ങളെയും തങ്ങൾ തോൽപിച്ചേക്കും എന്ന സന്തോഷമല്ല, മോദിക്കെതിരായ സത്യപ്രവചനം തങ്ങൾ നടത്തേണ്ടിവരുന്നു എന്നതാണ് അവരെ വിഷമിപ്പിച്ചത്.
വാർത്താശൃംഖലയുടെ എക്സിക്യൂട്ടിവ് എഡിറ്ററും ഫസ്റ്റ്പോസ്റ്റ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളുടെയും ചാനലുകളുെടയും എഡിറ്റർമാരും കൂടിയിരുന്ന് ചർച്ചചെയ്തു. ഈ പ്രവചനം കൊടുക്കണോ?
വേണ്ട എന്നായിരുന്നു തീരുമാനം. അവരത് മുക്കി. വോട്ടെണ്ണൽ തീർന്നപ്പോൾ ആക്സിസിന്റെ പ്രവചനം ഏതാണ്ട് കൃത്യം. മറ്റെല്ലാവർക്കും പല അളവിൽ തെറ്റി. റിപ്പോർട്ട് ചെയ്യുന്ന കാര്യം സത്യമായിപ്പോകുമല്ലോ എന്ന ന്യൂസ് 18ന്റെ വേവലാതി, ചങ്ങാത്ത മുതലാളിത്തത്തിന്റെയും ചങ്ങാത്ത േജണലിസത്തിന്റെയും കാലത്തെ പ്രത്യേകതയാണ്.
ഒരു മുൻ എഡിറ്റർ സാഗറിനോട് പറഞ്ഞത്രെ: റിലയൻസ് മാധ്യമസ്ഥാപനത്തെ സ്വന്തമാക്കിയത്, ഒരു വിഷപ്പാമ്പിനെ വാങ്ങുംപോലെയാണ്. വാങ്ങും, വിഷപ്പല്ല് ഊരിയെടുക്കും, എന്നിട്ടതിനെ മൂലയിലെറിയും. മാധ്യമങ്ങളെ മാധ്യമങ്ങളാക്കിയത് മൂർച്ചയുള്ള പല്ലുകളാണ്. അവ തട്ടിക്കൊഴിക്കുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്.