Begin typing your search above and press return to search.
proflie-avatar
Login

എന്ത് മറയ്ക്കാനായിരുന്നു ആ മെക്-7 വിവാദം?

എന്ത് മറയ്ക്കാനായിരുന്നു   ആ മെക്-7 വിവാദം?
cancel

ഒരു മാധ്യമനിരൂപകൻ എഴുതിയിട്ടുണ്ട്: മാധ്യമങ്ങൾ നിസ്സാര കാര്യങ്ങൾ വല്ലാതെ പെരുപ്പിച്ചു കാട്ടുന്നുവെങ്കിൽ, അവർ എന്താണ് അതുവഴി മറച്ചുവെക്കുന്നത് എന്നന്വേഷിക്കുക. അവാർത്തകൾ (non-news) വാർത്തകളാക്കിക്കൊണ്ട് ജനശ്രദ്ധ മാറ്റുന്ന പബ്ലിക് റിലേഷൻസ് (പി.ആർ) തന്ത്രം വിരളമല്ല. രാഷ്ട്രീയക്കാരും ചങ്ങാത്ത മാധ്യമങ്ങളും ചേർന്നു നടത്തുന്ന സൂത്രമാണത്. 1997ൽ ഇറങ്ങിയ ‘വാഗ് ദ ഡോഗ്’ (Wag the Dog) എന്ന ആക്ഷേപഹാസ്യ സിനിമ ഒരമേരിക്കൻ പ്രസിഡന്റിനുവേണ്ടി അദ്ദേഹത്തിന്റെ പി.ആർ സംഘം നടത്തിയ ശ്രദ്ധമാറ്റൽ ശ്രമങ്ങൾ ചിത്രീകരിക്കുന്നു.പ്രസിഡന്റിന്റെ അസാന്മാർഗിക പ്രവൃത്തികൾ പുറത്തുവന്നത് വോട്ടെടുപ്പിന്റെ രണ്ടാഴ്ച മുമ്പ്. പാർട്ടി...

Your Subscription Supports Independent Journalism

View Plans

ഒരു മാധ്യമനിരൂപകൻ എഴുതിയിട്ടുണ്ട്: മാധ്യമങ്ങൾ നിസ്സാര കാര്യങ്ങൾ വല്ലാതെ പെരുപ്പിച്ചു കാട്ടുന്നുവെങ്കിൽ, അവർ എന്താണ് അതുവഴി മറച്ചുവെക്കുന്നത് എന്നന്വേഷിക്കുക. അവാർത്തകൾ (non-news) വാർത്തകളാക്കിക്കൊണ്ട് ജനശ്രദ്ധ മാറ്റുന്ന പബ്ലിക് റിലേഷൻസ് (പി.ആർ) തന്ത്രം വിരളമല്ല. രാഷ്ട്രീയക്കാരും ചങ്ങാത്ത മാധ്യമങ്ങളും ചേർന്നു നടത്തുന്ന സൂത്രമാണത്. 1997ൽ ഇറങ്ങിയ ‘വാഗ് ദ ഡോഗ്’ (Wag the Dog) എന്ന ആക്ഷേപഹാസ്യ സിനിമ ഒരമേരിക്കൻ പ്രസിഡന്റിനുവേണ്ടി അദ്ദേഹത്തിന്റെ പി.ആർ സംഘം നടത്തിയ ശ്രദ്ധമാറ്റൽ ശ്രമങ്ങൾ ചിത്രീകരിക്കുന്നു.

പ്രസിഡന്റിന്റെ അസാന്മാർഗിക പ്രവൃത്തികൾ പുറത്തുവന്നത് വോട്ടെടുപ്പിന്റെ രണ്ടാഴ്ച മുമ്പ്. പാർട്ടി അടിയന്തരമായി പി.ആർ വിദഗ്ധനെ നിയോഗിക്കുന്നു. അയാൾ ഒരു സാങ്കൽപിക യുദ്ധം വാർത്തയായി നിർമിച്ചെടുക്കുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇത് കഥയാണെങ്കിലും, മാധ്യമങ്ങളെ ഉപയോഗിച്ച് വിമർശനങ്ങളെ വഴിതിരിച്ചുവിടുന്ന രീതി യഥാർഥമാണ്.

ഈ സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞാണ് പ്രസിഡന്റ് ബിൽ ക്ലിന്റനും വൈറ്റ് ഹൗസ് ജീവനക്കാരി മോണിക്ക ലെവിൻസ്കിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വിവരം പുറത്തുവരുന്നത്. അത് വാർത്തയായി വരുമ്പോഴേക്കും തൊട്ടുപിന്നാലെ ക്ലിന്റൻ ഭരണകൂടം സുഡാനിലെ അൽശിഫ ഔഷധനിർമാണ ശാലക്ക് ബോംബിട്ട് ബദൽ വാർത്ത സൃഷ്ടിച്ചു. ഇത് 1998 ആഗസ്റ്റിൽ. ആ വർഷം ഡിസംബറിൽ ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതിന്റെ വാർത്തകൾ വന്നു തുടങ്ങുമ്പോഴാണ് അമേരിക്ക ഇറാഖിൽ ബോംബാക്രമണം തുടങ്ങി മറു വാർത്തയുണ്ടാക്കുന്നത്.

കൂടുതൽ വലിയ വാർത്തയുണ്ടാക്കിക്കൊണ്ടാണ് ഹിതകരമല്ലാത്ത വാർത്തകളിൽനിന്ന് ജനശ്രദ്ധ മാറ്റാൻ ഇവിടെ ഭരണകൂടം ശ്രമിച്ചത്. മറ്റൊരു രീതി, ഇല്ലാ വിഷയങ്ങളെപ്പറ്റി (non-issues) ഇല്ലാ വാർത്തകൾ (non-news) ഉണ്ടാക്കി ഇറക്കുകയാണ്. അതിന്റെ ഒരു ഉദാഹരണം ഈയിടെ കേരളത്തിൽ കണ്ടു: ഭരണകക്ഷി നേതാവ് തുടക്കമിട്ട ‘മെക് -7’ വിവാദമാണത്. ഒരു വ്യായാമ കൂട്ടായ്മയെപ്പറ്റി, പഴയ ‘ലവ്ജിഹാദ്’ മാതൃകയിലുള്ള വാർത്തകളും അന്തിച്ചർച്ചകളും തുടങ്ങിവെച്ച സന്ദർഭം മറ്റൊരു ചോദ്യമുയർത്തുന്നു: യഥാർഥ അനുഭവസ്ഥരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു പാർട്ടി നേതാവ് അഭ്യൂഹം പരത്തിയതെന്തിന്? എന്ത് വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊന്ന് നിർമിച്ച് ഭരണപക്ഷം ജനങ്ങൾക്ക് ആഹരിക്കാൻ കൊടുത്തത്?

യഥാർഥ വാർത്ത അതാവും –എന്തിൽനിന്നൊക്കെ ജനശ്രദ്ധ മാറണമെന്നാണ് ഭരണപക്ഷം ആഗ്രഹിക്കുന്നത്? ഏതായാലും സി.പി.എം നേതാവ് പി. മോഹനൻ തുടങ്ങിവെച്ചത് പൊലീസ് അന്വേഷണത്തിലേക്കും ഐ.ബി-സ്​പെഷൽ ബ്രാഞ്ച് അന്വേഷണങ്ങളിലേക്കും എത്തി എന്നാണ് തുടർവിശേഷം. എങ്കിൽ, എന്തൊക്കെയാവും അന്വേഷണങ്ങളിൽനിന്ന് മോചിതമായ വിഷയങ്ങൾ?

യഥാർഥ വാർത്ത നിസ്സാരമാക്കുന്നതിങ്ങനെ

ഏത് മാനദണ്ഡമനുസരിച്ചും ആഗോളമാധ്യമങ്ങളിൽ വൻ വാർത്തയാകേണ്ടതായിരുന്ന ഒന്ന് പലരും അറിഞ്ഞുപോലുമില്ല. ആംനസ്റ്റി ഇന്റർനാഷനൽ ഡിസംബർ 5ന് ഇറക്കിയ റിപ്പോർട്ട് അതിന്റെ പതിവ് പത്ര റിലീസുകളിൽനിന്ന് വ്യത്യസ്തമായിരുന്നു. സാധാരണ വിവിധ സ്ഥലങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ ലോക സമൂഹത്തിനു മുമ്പാകെ മുന്നറിയിപ്പുകളും ഓർമപ്പെടുത്തലുകളും സമർപ്പിക്കാറുണ്ട്. പക്ഷേ, ഇത് കൂടുതൽ ആഴവും ഗൗരവവുമുള്ള പഠനറിപ്പോർട്ടാണ്.

‘‘മനുഷ്യരല്ലെന്ന് തോന്നി​പ്പോകും: ഗസ്സയിൽ ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യ’’ (You Feel Like You Are Subhuman: Israel's Genocide Against Palestinians in Gaza) എന്ന തലക്കെട്ടിലുള്ള ആംനസ്റ്റി റിപ്പോർട്ട് അനേകം മാസങ്ങൾ നീണ്ട നിഷ്കൃഷ്ടമായ ഗവേഷണത്തിന്റെ ഫലമാണ്. സുദീർഘമായ ഇന്റർവ്യൂകളും മൊഴികളും, ‘‘ദൃശ്യ-ഡിജിറ്റൽ തെളിവുകളു’’ടെ സൂക്ഷ്മമായ പരിശോധന, ഉപഗ്രഹ ദൃശ്യങ്ങളുടെ വിശകലനം, ഇസ്രായേലി സർക്കാറിലെയും സൈന്യത്തിലെയും ഉന്നതരുടെ രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകളുടെ വിശദ പരിശോധന തുടങ്ങിയവ ആധാരമാക്കിയുള്ളതാണ് റിപ്പോർട്ട്.

1948ലെ ജനസൈഡ് കൺവെൻഷൻ പ്രകാരം നിരോധിക്കപ്പെട്ട അഞ്ച് കുറ്റകൃത്യങ്ങളിൽ മൂന്നെണ്ണമെങ്കിലും ഇസ്രായേലി സൈന്യം നടത്തി എന്നതിന്റെ സംശയരഹിതമായ തെളിവുകളാണ് ആംനസ്റ്റി നൽകുന്നത്. സിവിലിയൻമാരെ വിവേചനരഹിതമായി കൂട്ടക്കൊല ചെയ്യൽ, ഗുരുതരമായ ശാരീരിക-മാനസിക പീഡനമേൽപിക്കൽ, ഉന്മൂലനം ലക്ഷ്യമിട്ട് ഫലസ്തീൻകാർക്കുമേൽ കഠിനാവസ്ഥകൾ അടിച്ചേൽപ്പിക്കൽ എന്നിവയാണ് തീർച്ചപ്പെട്ട കുറ്റങ്ങൾ.

മാസങ്ങളായി ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് തങ്ങളുടെ അന്വേഷണം തെളിയിച്ചതായി ആംനസ്റ്റി ഇന്റർനാഷനലിന്റെ സെക്രട്ടറി ജനറൽ ആഗ്നിസ് കാലമാർഡ് ചൂണ്ടിക്കാട്ടി. അനേകം മുന്നറിയിപ്പുകൾ ഇസ്രായേൽ അവഗണിച്ചു. ലോക നീതിന്യായ കോടതിയുടെ (ഐ.സി.ജെ) നിർദേശങ്ങൾ അവഗണിച്ചു.

ഇസ്രായേൽ അധിനിവേശവും അപാർതൈറ്റും നിയമവിരുദ്ധ സൈനിക സാന്നിധ്യവും വർഷങ്ങളായി നിലനിൽക്കുന്നുണ്ട്; ഇപ്പോൾ നടക്കുന്നത് വംശഹത്യ തന്നെയാണ് –ആംനസ്റ്റി പറയുന്നു. ഇസ്രായേലിന്റെ വാദങ്ങൾ വസ്തുതാപരമോ നിയമപരമായി നിലനിൽക്കുന്നതോ അല്ല.

ഇസ്രായേൽ പലപ്പോഴായി തങ്ങളുടെ ചെയ്തികൾ ന്യായീകരിക്കാറുണ്ടെങ്കിലും അതെല്ലാം നിയമദൃഷ്ട്യാ അസ്വീകാര്യമാണ്. ഇപ്പോഴത്തെ ആംനസ്റ്റി റിപ്പോർട്ടും അവർ തള്ളിയിട്ടുണ്ട്. എന്നാൽ, ആംനസ്റ്റി നിരത്തുന്ന തെളിവുകളിൽ നിയമപരമായി അനിഷേധ്യമായവ ഉണ്ട്. ഇസ്രായേലി നേതാക്കളുടെ നൂറിലധികം പ്രസ്താവനകൾ തന്നെ വംശഹത്യ അവർ ലക്ഷ്യമിടുന്നു എന്നതിന് മതിയായ തെളിവാണ്. യുദ്ധകാര്യങ്ങളിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഉന്നതരുടേതാണ് ആ പ്രസ്താവനകളിൽ 22 എണ്ണം. അവയിൽ സൂചിപ്പിച്ച വംശഹത്യ കൃത്യങ്ങൾ അതേപടി സൈന്യം നടപ്പാക്കിയതിനും തെളിവുണ്ട്.

സമഗ്രമായ ഈ റിപ്പോർട്ട് പല വാർത്തകളുടെ കൂട്ടത്തിൽ ഒന്നായിട്ടാണ് മാധ്യമങ്ങളിൽ വന്നത്. സുവ്യക്തമായ വംശഹത്യ തടയുന്നതിൽ ലോകരാഷ്ട്രങ്ങൾ പരാജയപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിൽ പറയാത്ത മറ്റൊന്നുണ്ട്: ചരിത്രത്തിലെ ആദ്യത്തെ ‘‘ലൈവ് സ്ട്രീംഡ് ജനസൈഡി’’ന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിൽ മാധ്യമങ്ങളും പരാജയപ്പെട്ടു. ഇപ്പോൾ തെളിവുസഹിതം ആംനസ്റ്റി അതൊരു 296 പേജ് റിപ്പോർട്ടിൽ എടുത്തുകാണിച്ചിട്ടും ഉൾപ്പേജിലെ മാമൂൽ വാർത്ത മാത്രമായി അത് ഒതുങ്ങി.

മുമ്പുവന്ന റിപ്പോർട്ടുകളും ആരോപണങ്ങളും ശരിവെക്കുന്നതാണ് ആംനസ്റ്റിയുടേത്. ഇസ്രായേൽ നിയമവിരുദ്ധ അധിനിവേശവും അപാർതൈറ്റുമാണ് നടപ്പാക്കുന്നതെന്ന് ഐ.സി.ജെക്കു മുമ്പാകെ കേസുണ്ട്. ദക്ഷിണാ​ഫ്രിക്കയുടെ നിയമജ്ഞസംഘം തെളിവുകൾ ഹാജരാക്കിയിട്ടുമുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ഇസ്രായേലി നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുണ്ട്. ഫലസ്തീനിൽ നടക്കുന്നത് വംശഹത്യയാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ കമീഷണർ വ്യക്തമാക്കിയതാണ്.

ഇതിനെല്ലാം പുറമെ, ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ നിരത്തുകയാണ് ആംനസ്റ്റി. മാധ്യമങ്ങൾക്ക് അത് അവഗണിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് ന്യൂയോർക് ടൈംസ് അതിന് എട്ടാം പേജിൽ അൽപം ഇടം കൊടുത്തു. അതിൽ തന്നെ പകുതിയോളം ഭാഗം ഇസ്രായേലിന്റെ എതിർവാദത്തിന് കൊടുത്തു. അതിന്റെ ഓൺലൈൻ പതിപ്പിൽനിന്ന് ആനംസ്റ്റി റിപ്പോർട്ടിന്റെ വാർത്ത രണ്ടാം ദിവസം അപ്രത്യക്ഷമായി. അപ്പോഴും ഇറാൻ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെപ്പറ്റിയുള്ള ആംനസ്റ്റിയുടെ മാസങ്ങൾ പഴക്കമുള്ള റിപ്പോർട്ടുകൾ ടൈംസിന്റെ ഓൺലൈൻ പേജുകളിൽ തുടരുന്നുണ്ട്.

അറിയാതെ സംഭവിച്ചു പോകുന്നതല്ല ഇത്. ഇസ്രായേലിൽ ജനിച്ച ഒരു പണ്ഡിതനുണ്ട്. വംശഹത്യ എന്ന വിഷയം ആഴത്തിൽ പഠിച്ചയാൾ. ഒമർ ബാർട്ടോവ് എന്ന ഈ വിദഗ്ധൻ ഇപ്പോൾ ബ്രൗൺ യൂനിവേഴ്സിറ്റി പ്രഫസറാണ്. ഈ വിഷയത്തിൽ 10 ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇസ്രായേലിനെതിരെ വംശഹത്യ ആരോപണമുയർന്നപ്പോൾ ബാർട്ടോവ് അത് നിരാകരിച്ചിരുന്നു.

അന്ന് ന്യൂയോർക് ടൈംസ് അദ്ദേഹത്തെ കണ്ട് അത് വാർത്തയാക്കാൻ മറന്നില്ല. ഈ വർഷം തുടക്കമായപ്പോഴേക്കും ബാർട്ടോവ് അഭിപ്രായം മാറ്റി. ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെ എന്ന് ബോധ്യമായി. പക്ഷേ, ഇന്നുവരെ, ആംനസ്റ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽപോലും, അദ്ദേഹത്തെ കണ്ട് അഭിപ്രായം തേടാൻ ടൈംസിന് തോന്നിയിട്ടില്ല. ന്യൂയോർക് ടൈംസും ആംനസ്റ്റി റിപ്പോർട്ടും ഒരു ഉദാഹരണം മാത്രമാണ്. എല്ലാവരുടെയും കൺമുന്നിൽ നടക്കുന്ന വംശഹത്യയും മറ്റു രാജ്യങ്ങളിലേക്കു കൂടി ഇസ്രായേൽ വ്യാപിപ്പിച്ച യുദ്ധക്കുറ്റങ്ങളും എത്ര അനായാസമാണ് അദൃശ്യമാക്കപ്പെടുന്നതെന്നതിന്റെ ഉദാഹരണം.


News Summary - weekly column media scan