Begin typing your search above and press return to search.
proflie-avatar
Login

2024ന്റെ ചരമക്കോളത്തിൽ കുറെ മാധ്യമങ്ങളുടെ വിശ്വാസ്യതയുമുണ്ട്

2024ന്റെ ചരമക്കോളത്തിൽ കുറെ   മാധ്യമങ്ങളുടെ   വിശ്വാസ്യതയുമുണ്ട്
cancel

പാരമ്പര്യ മാധ്യമങ്ങളിൽ (‘ലെഗസി മീഡിയ’യിൽ) മഹാഭൂരിപക്ഷവും സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയ വർഷമാണ് 2024. ബി.ബി.സിയും ന്യൂയോർക് ടൈംസും മുതൽ ഇങ്ങ് ഇന്ത്യയിലെ വൻ മാധ്യമങ്ങൾവരെ തെറ്റായ ആഖ്യാനങ്ങൾക്ക് വാർത്തയുടെ സ്വീകാര്യത കൽപിച്ച നിരവധി ഉദാഹരണങ്ങൾ കണ്ട വർഷം. ഒപ്പം, സ്വതന്ത്ര അന്വേഷണങ്ങളും ധീരമായ റിപ്പോർട്ടിങ്ങും വഴി ഓൺലൈൻ-ബദൽ മാധ്യമങ്ങൾ വൻ വരവറിയിച്ച വർഷം. ലോകമെങ്ങും ചിരകാലമായി, വ്യവസ്ഥാപിതമായി, പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും ആസൂത്രിതമായി തകർക്കപ്പെട്ട വർഷമാണ് 2024. ഐക്യരാഷ്ട്ര സഭയും ലോക കോടതികളും മുതൽ ഇങ്ങ് ഇന്ത്യയിൽ സർക്കാർ സംവിധാനങ്ങളും ഭരണക്രമവും പാർലമെന്റും...

Your Subscription Supports Independent Journalism

View Plans

പാരമ്പര്യ മാധ്യമങ്ങളിൽ (‘ലെഗസി മീഡിയ’യിൽ) മഹാഭൂരിപക്ഷവും സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയ വർഷമാണ് 2024. ബി.ബി.സിയും ന്യൂയോർക് ടൈംസും മുതൽ ഇങ്ങ് ഇന്ത്യയിലെ വൻ മാധ്യമങ്ങൾവരെ തെറ്റായ ആഖ്യാനങ്ങൾക്ക് വാർത്തയുടെ സ്വീകാര്യത കൽപിച്ച നിരവധി ഉദാഹരണങ്ങൾ കണ്ട വർഷം. ഒപ്പം, സ്വതന്ത്ര അന്വേഷണങ്ങളും ധീരമായ റിപ്പോർട്ടിങ്ങും വഴി ഓൺലൈൻ-ബദൽ മാധ്യമങ്ങൾ വൻ വരവറിയിച്ച വർഷം.

ലോകമെങ്ങും ചിരകാലമായി, വ്യവസ്ഥാപിതമായി, പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും ആസൂത്രിതമായി തകർക്കപ്പെട്ട വർഷമാണ് 2024. ഐക്യരാഷ്ട്ര സഭയും ലോക കോടതികളും മുതൽ ഇങ്ങ് ഇന്ത്യയിൽ സർക്കാർ സംവിധാനങ്ങളും ഭരണക്രമവും പാർലമെന്റും ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമീഷനും ഇ.ഡിയും പൊലീസും ജനാധിപത്യവും എല്ലാം മുകളിൽനിന്ന് തകർച്ച നേരിടുമ്പോൾ അവയെ ജനപക്ഷത്തുനിന്ന് പ്രതിരോധിക്കേണ്ട മാധ്യമങ്ങൾ, ഈ ജീർണതയുടെ ഭാഗമാണ് തങ്ങളുമെന്ന് സ്വയം വെളിപ്പെടുത്തി.

അധികാരത്തോട് നേരുപറയുകയെന്ന ദൗത്യം മറന്ന്, അതിനോട് രാജിയായി, വ്യാപകമായി നിയമവാഴ്ച തകർക്കാനും ആസൂത്രിത അരാജകത്വത്തിലൂടെ ചൂഷകർക്ക് സംരക്ഷണം നൽകാനും മാധ്യമങ്ങൾ കൂടുതൽ ശക്തിയോടെ മത്സരിച്ചു.

പീഡിതർക്കും മർദിതർക്കും വേണ്ടി നിലകൊള്ളേണ്ട മാധ്യമങ്ങൾ അവരെ കൈയൊഴിഞ്ഞപ്പോൾ നീതിയുടെ പുതിയ ശബ്ദങ്ങൾ ആ ശൂന്യതയിലേക്ക് കടന്നുവന്ന വർഷമാണ് 2024. ജേണലിസമെന്ന ധർമത്തിനുവേണ്ടി ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരുടെ ജീവൻ ബലികൊടുക്കപ്പെട്ട വർഷം. സ്വയം വാർത്തയായ ധീര റിപ്പോർട്ടർമാരുടെ വർഷം. ലോകത്തിലെ ഏറ്റവും ശക്തരായ ഭരണകൂടങ്ങൾ വ്യാജ വാർത്തകളുടെ മൊത്തക്കച്ചവടക്കാരായപ്പോൾ ഇരകളായും ഇരകൾക്കൊപ്പംനിന്നും മാധ്യമപ്രവർത്തനത്തിൽ നിസ്തുല മാതൃക തീർത്തവരുടെ വർഷം.

ആഗോളതലത്തിൽ ഇസ്രായേൽ നിയമവാഴ്ചയുടെ അവസാന ലാഞ്ഛനയും നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അമേരിക്കയും കുറെ യൂറോപ്യൻ രാജ്യങ്ങളുമടങ്ങുന്ന അച്ചുതണ്ട് യു.എന്നിനെ നിഷ്ക്രിയമാക്കിക്കൊണ്ടിരിക്കുന്നു. രാജ്യാന്തര ഭീകരതയെ ‘ഇസ്രായേലിന്റെ സ്വയം പ്രതിരോധാവകാശ’മെന്ന വ്യാജോക്തികൊണ്ട് ന്യായീകരിക്കുന്നു. വംശഹത്യയെ കള്ളവാർത്തകൾ പരത്തി സാധൂകരിക്കുന്നു.

കുറെ ആധികാരിക റിപ്പോർട്ടുകൾ ഇങ്ങനെ: ഇസ്രായേൽ വംശഹത്യയാണ് നടത്തുന്നത് (ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, യു.എൻ സ്‌പെഷൽ റിപ്പോർട്ടറുടെ റിപ്പോർട്ട്, യു.എൻ വിദഗ്ധരുടെ റിപ്പോർട്ട്, ആംനസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട്, ‘ജനസൈഡ് പണ്ഡിതരു’ടെ റിപ്പോർട്ട്, ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ തുടർ റിപ്പോർട്ടുകളും അന്തിമ റിപ്പോർട്ടും); വംശീയ ഉന്മൂലനം വ്യക്തം (ഡോക്‌ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സിന്റെ റിപ്പോർട്ട്), ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയുടെ ലക്ഷണങ്ങൾ ഉൾക്കൊള്ളുന്നു, അത് നിർത്തണം (അന്താരാഷ്‌ട്ര നീതിന്യായ കോടതി –ഐ.സി.ജെ), ഇസ്രായേലി നേതാക്കളെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം (അന്താരാഷ്‌ട്ര ക്രിമിനൽ കോടതി), ഇസ്രായേലി അധിനിവേശം നിയമവിരുദ്ധമാണ്, ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് ആ രാജ്യം പിന്മാറണം (യു.എൻ പൊതുസഭ പ്രമേയങ്ങൾ)...

2024 ഡിസംബർ 10 വരെയുള്ള 14 മാസത്തിൽ ഇസ്രായേലി ഹിംസമൂലം ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടവർ 1,86,000 വരുമെന്നാണ് ദി ലാൻസെറ്റ് എന്ന ബ്രിട്ടീഷ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയ പഠനപ്രബന്ധം പറഞ്ഞത്. കൊല്ലപ്പെട്ടവരിൽ 60 മുതൽ 75 ശതമാനം വരെ സ്ത്രീകളും കുട്ടികളുമാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. അതേസമയം, അമേരിക്കയിലെ നാലു ചാനലുകൾ കഴിഞ്ഞ ഒരു വർഷം ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച 208 പ്രൈം ടൈം ചർച്ചകൾ പരിശോധിച്ചതിന്റെ ഫലം കഴിഞ്ഞയാഴ്ച പുറത്തുവന്നു.

എൻ.ബി.സി, എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ എന്നീ ചാനലുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള എപ്പിസോഡുകളാണ് ദ നേഷൻ മാഗസിൻ പഠിച്ചത്. അവയിൽ ഒരേയൊരു തവണമാത്രമാണ് ഫലസ്തീനി പ്രതിനിധി ഉണ്ടായിരുന്നത്. ഭാഷയിലും ആഖ്യാനത്തിലും ഭീകരമായ തോതിൽ ഇസ്രായേലി പക്ഷപാതിത്വം വ്യക്തമായിരുന്നു.

ലോകത്തിലെ ആദ്യത്തെ ‘‘ലൈവ്സ്ട്രീംഡ് വംശഹത്യ’യായ ഗസ്സ കുരുതിയെ ന്യായീകരിക്കാൻ ചിലർക്ക് കഴിയുന്നു എന്നത് ഞെട്ടിക്കുന്നു. അതിന് കൂട്ടുനിൽക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നു എന്നത് ലജ്ജിപ്പിക്കുന്നു.

ബി.ബി.സി, ന്യൂയോർക് ടൈംസ്, സി.എൻ.എൻ, വാഷിങ്ടൺ പോസ്റ്റ് എന്നിവയുടെ അധാർമികതക്ക് അനേകം ഉദാഹരണങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ഒട്ടനേകം മാധ്യമപ്രവർത്തകർ ഇത്തരം സ്ഥാപനങ്ങളിൽനിന്ന് രാജിവെച്ചു. ഇസ്രായേലിന്റെ ഹമാസ് വിരുദ്ധ വ്യാജവാർത്തകൾക്ക് പിന്തുണനൽകിയ ന്യൂയോർക് ടൈംസിന്റെ വ്യാജ റിപ്പോർട്ട് പൊളിഞ്ഞു, പക്ഷേ അവർ മാപ്പു പറഞ്ഞില്ല.

ഇസ്രായേലിനെ ലോക കോടതി കുറ്റവിചാരണ ചെയ്യരുതെന്ന് എഡിറ്റോറിയൽ എഴുതിയ വാഷിങ്ടൺ പോസ്റ്റ് അതുവഴി പത്രപ്രവർത്തനത്തിന്റെ ശവപ്പെട്ടിക്ക് മറ്റൊരു ആണി അടിച്ചു. (ഇവിടെ സൂചിപ്പിക്കുന്ന വസ്തുതകൾ മിക്കതും കഴിഞ്ഞ വർഷം ‘മീഡിയ സ്‌കാനി’ൽ വിവരിച്ചതാണ്.)

യു.എന്നിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ക്രെയ്ഗ് മുഖൈബർ, യു.എൻ സ്പെഷൽ റിപ്പോർട്ടർ ഫ്രാൻസസ്‌ക ആൽബനീസ് തുടങ്ങി പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്: റുവാണ്ടയിലെന്ന പോലെ ഫലസ്തീനിലും വംശഹത്യക്ക് പരസ്യ പിന്തുണയും പ്രോത്സാഹനവും നൽകിയ പാശ്ചാത്യ മാധ്യമങ്ങൾ ആ കുറ്റത്തിൽ പങ്കാളികളാണ്. റുവാണ്ടയിലെ മാധ്യമങ്ങളെ ശിക്ഷിച്ചപോലെ ഇവയെയും ശിക്ഷിക്കാൻ മതിയായ കാരണമുണ്ട്.

ഈ മാധ്യമങ്ങളുടെ തനിനിറം തുറന്നുകാട്ടാനും വാർത്തകളിൽ വസ്തുതകളുടെ സ്ഥാനം തിരിച്ചുപിടിക്കാനും തയാറായി കുറെ ഓൺലൈൻ മാധ്യമങ്ങൾ രംഗത്തെത്തി. ഡെമോക്രസി നൗ!, ദി ഇന്റർസെപ്റ്റ്, സെറ്റേയോ, യെസ്! മാഗസിൻ എന്നിവ ഇക്കൂട്ടത്തിൽ ചിലതാണ്. കുറെ യൂട്യൂബ് മാധ്യമങ്ങളും (റിച്ചഡ് മെഡ്ഹെഴ്സ്റ്റ്, അലൻ മക്ലിയഡ്, ക്രിസ് ഹെജസ്,…) ജേണലിസത്തിൽ പുതുപ്രതീക്ഷകൾ പകരുന്നു.

വിധേയരായി ഇന്ത്യൻ മാധ്യമങ്ങൾ

ഇന്ത്യൻ വാർത്താരംഗത്ത് ധ്രുവ് റാഠി, മുഹമ്മദ് സുബൈർ തുടങ്ങിയവർ കരുത്ത് തെളിയിച്ചു. ഒപ്പം, ഏതാനും ഓൺലൈൻ വാർത്ത പോർട്ടലുകളും. പൊതു തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന്റെ വീഴ്ചകൾ ദേശീയ മാധ്യമങ്ങൾ മറച്ചുവെച്ചപ്പോൾ വസ്തുതകൾ പുറത്തെടുത്ത് ജനാധിപത്യ സ്വാതന്ത്ര്യത്തിന് അർഥം നൽകാൻ ഇവർ പരിശ്രമിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രചാരണ പ്രധാനമാക്കുന്നതിൽ മോദിസർക്കാറിന് അകമഴിഞ്ഞ പിന്തുണയാണ് മാധ്യമങ്ങൾ നൽകിയത്. ബാബരി പള്ളി പൊളിച്ചപ്പോൾ അതിനെ ഇന്ത്യയുടെ നാണക്കേടായും കുറ്റവും കളങ്കവുമായും വിശേഷിപ്പിച്ച മാധ്യമങ്ങൾപോലും ആ സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ കാര്യത്തിൽ പത്രധർമം മറന്നു; പശ്ചാത്തല വിവരങ്ങൾ മറച്ചുവെച്ച് വലതുപക്ഷ രാഷ്ട്രീയ പ്രചാരണയന്ത്രത്തിന്റെ ഭാഗമായി. നിയമലംഘനത്തെ രാജ്യസ്നേഹമാക്കി അവതരിപ്പിക്കുന്നതിൽ ദേശീയ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്.

ഭരണരംഗത്തെ അരുതായ്കകൾ പുറത്തുകൊണ്ടുവന്നവരെ വേട്ടയാടുന്ന രീതി വ്യാപകമാവുകയാണ്. ജൂലിയൻ അസാൻജിനെ അമേരിക്ക ആജീവനാന്ത തടവിൽനിന്ന് ഒടുവിൽ ഒഴിവാക്കിയത് ജേണലിസം എന്ന ‘‘കുറ്റം’’ സമ്മതിച്ചശേഷമാണ്.

ഇന്ത്യയിൽ മാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാറുകൾ നിയമം ദുരുപയോഗപ്പെടുത്തുന്നു; ചിലപ്പോൾ നിയമം ലംഘിക്കുന്നു. കേരളത്തിൽ പി.എസ്.സി ചോദ്യങ്ങൾ ചോർന്ന വാർത്ത പുറത്തുവന്നപ്പോൾ ആ ചോദ്യ ചോർച്ചയെക്കാൾ അധികൃതരെ അലോസരപ്പെടുത്തുന്നത് വാർത്താചോർച്ചയാണ്. കേരള സർക്കാർ സ്വതന്ത്ര മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നു. മാധ്യമവേട്ടയുടെ കാര്യത്തിൽ വലതും ഇടതും (അങ്ങനെ ഒന്നുണ്ടോ? ഇടത് ഇന്ന് ശരിക്കും വലത്തല്ലേ?) ഒന്നാകുന്നു.

ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ നിയമ നിർമാണ സഭ, ജുഡീഷ്യറി, എക്സിക്യൂട്ടിവ് എന്നിവക്ക് പിഴക്കുമ്പോൾ തിരുത്തൽ ശക്തിയായി ‘നാലാം തൂൺ’ ആയ മാധ്യമങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോയ വർഷം മാധ്യമങ്ങൾക്ക് ഇടപെടാനുള്ള വക മറ്റു മൂന്നു വിഭാഗങ്ങളും വേണ്ടത്ര നൽകിയെങ്കിലും വളരെ കുറഞ്ഞ ഇടപെടലുകളേ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂ. ഇവിടെയും പ്രതീക്ഷ സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളിലാണ്.

ചങ്ങാത്ത മുതലാളിമാരും അവരുടെ സമൂഹമാധ്യമ വേദികളും, ചങ്ങാത്ത ജേണലിസ്റ്റുകളും അവരുടെ വിധേയ മാധ്യമങ്ങളും, പതിറ്റാണ്ടുകളായി വളർത്തിയെടുത്ത വിശ്വാസ്യത തൽക്കാല ലാഭത്തിനായി വിൽപനക്ക് വെച്ച അനേകം മുൻനിര ചാനലുകൾ –ഇവയെല്ലാം മറ്റൊരു കച്ചവട സംരംഭമാക്കി മാധ്യമരംഗത്തെ മാറ്റിയപ്പോൾ പുതിയ ഡിജിറ്റൽ മാധ്യമങ്ങൾ പതുക്കെപ്പതുക്കെ തരംഗം സൃഷ്ടിച്ചുതുടങ്ങുന്നു.

ഒരു ഉദാഹരണം: വോട്ടുയന്ത്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പ് കൃത്രിമം സാധ്യമാക്കുന്നു എന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ടുകൾ തയാറാക്കിയ പൂനം അഗർവാളിനും മറ്റു ജേണലിസ്റ്റുകൾക്കും മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം കിട്ടാറില്ല. ഓൺലൈൻ മീഡിയരംഗത്ത് അത്തരം ഉള്ളടക്കങ്ങളോടെ അനേകം റിപ്പോർട്ടുകൾ കാണാനാവും.

ജുഡീഷ്യറിയുടെ വീഴ്ചകളും ഭരണരംഗത്തെ ജീർണതയും വർഗീയതയുടെ തേരോട്ടവുമെല്ലാം ‘‘നോർമലൈസ്’’ ചെയ്യുന്ന തലത്തിലേക്ക് പാരമ്പര്യ മാധ്യമങ്ങൾ അധഃപതിക്കുമ്പോൾ ശരിയായ മാധ്യമധർമം നിർവഹിക്കാൻ തയാറാകുന്നത് കൂടുതലും ഓൺലൈൻ മാധ്യമങ്ങളാണ്. ദ ക്വിന്റ്, ദ വയർ, ദി സ്ക്രോൾ, ന്യൂസ് മിനിറ്റ്, ആർട്ടിക്കിൾ 14, റിപ്പോർട്ടേഴ്‌സ് കലക്ടിവ്, ന്യൂസ് ലോൺഡ്രി തുടങ്ങി ഒട്ടനേകം പോർട്ടലുകൾ വ്യാപക ശ്രദ്ധ നേടിവരുന്നുണ്ട്.

News Summary - weekly column media scan