വാർത്താ ഉറവിടങ്ങളെ ഉന്നമിടുന്ന ‘ജനാധിപത്യ’ ഫാഷിസം

സ്വതന്ത്ര മാധ്യമപ്രവർത്തനം മിക്ക സർക്കാറുകൾക്കും തലവേദന സൃഷ്ടിക്കാറുണ്ട്. ജനാധിപത്യമെന്ന പേര് നെറ്റിയിലൊട്ടിച്ച് നടക്കുന്ന രാജ്യങ്ങളിൽപോലും മാധ്യമപ്രവർത്തകരെ ഒതുക്കാനാണ് സർക്കാറുകൾക്ക് താൽപര്യം. അമേരിക്ക ഇറാഖിൽ നടത്തിയ യുദ്ധക്കുറ്റങ്ങളടക്കം പുറത്തുകൊണ്ടുവന്ന ജൂലിയൻ അസാൻജിനെ വേട്ടയാടുന്ന കാര്യത്തിൽ യു.എസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് സർക്കാറുകൾക്ക് ഒരേ ആവേശമാണ് കണ്ടത്. അവിടെ ഭരണകൂട താൽപര്യത്തിനെതിരെ മാധ്യമ പ്രവർത്തനമേ ഇല്ല എന്ന് ഗസ്സ തെളിയിച്ചതാണ്. ഇങ്ങ് കേരളത്തിൽ, ഇടതുപക്ഷമെന്ന മുദ്ര സ്വയമണിയുന്ന സംസ്ഥാന അധികാരികളും മാധ്യമ സ്വാതന്ത്ര്യമനുവദിക്കും –തങ്ങൾക്ക്...
Your Subscription Supports Independent Journalism
View Plansസ്വതന്ത്ര മാധ്യമപ്രവർത്തനം മിക്ക സർക്കാറുകൾക്കും തലവേദന സൃഷ്ടിക്കാറുണ്ട്. ജനാധിപത്യമെന്ന പേര് നെറ്റിയിലൊട്ടിച്ച് നടക്കുന്ന രാജ്യങ്ങളിൽപോലും മാധ്യമപ്രവർത്തകരെ ഒതുക്കാനാണ് സർക്കാറുകൾക്ക് താൽപര്യം. അമേരിക്ക ഇറാഖിൽ നടത്തിയ യുദ്ധക്കുറ്റങ്ങളടക്കം പുറത്തുകൊണ്ടുവന്ന ജൂലിയൻ അസാൻജിനെ വേട്ടയാടുന്ന കാര്യത്തിൽ യു.എസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് സർക്കാറുകൾക്ക് ഒരേ ആവേശമാണ് കണ്ടത്. അവിടെ ഭരണകൂട താൽപര്യത്തിനെതിരെ മാധ്യമ പ്രവർത്തനമേ ഇല്ല എന്ന് ഗസ്സ തെളിയിച്ചതാണ്.
ഇങ്ങ് കേരളത്തിൽ, ഇടതുപക്ഷമെന്ന മുദ്ര സ്വയമണിയുന്ന സംസ്ഥാന അധികാരികളും മാധ്യമ സ്വാതന്ത്ര്യമനുവദിക്കും –തങ്ങൾക്ക് പരിക്കുണ്ടാക്കുന്നതല്ലെങ്കിൽ. തങ്ങളെ അലോസരപ്പെടുത്തുന്നതായാൽ ഒതുക്കാൻ ശ്രമിക്കും. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ നിർണായക വിവരങ്ങൾ ‘ഡാർക് വെബി’ൽ വിൽപനക്ക് വെച്ചതു സംബന്ധിച്ച ഒരു റിപ്പോർട്ടിന്റെ പേരിൽ മാധ്യമം പത്രത്തിനും ലേഖകൻ അനിരു അശോകനുമെതിരെ പൊലീസ് നടപടിയുണ്ടായത് ഓർക്കുക. ഉറവിടം വെളിപ്പെടുത്താനും മൊബൈൽ ഫോൺ പരിശോധനക്ക് ഹാജരാക്കാനും ആവശ്യപ്പെടുന്ന വിചിത്ര നടപടി വരെ അധികൃതർ കൈക്കൊണ്ടു. പത്രത്തിന്റെ അപേക്ഷയിൽ ഹൈകോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.
ഒരു ഭാഗത്ത് ഭരണകൂടം വേട്ടയാടുമ്പോൾ മറ്റൊരു ഭാഗത്തുനിന്നുകൂടി മാധ്യമപ്രവർത്തകർ ഭീഷണി നേരിടുന്നുണ്ട്: തങ്ങൾക്കെതിരായ വാർത്തകൾക്ക് തടയിടാനും അവയുടെ പേരിൽ പകപോക്കാനും മുതിരുന്ന അഴിമതിക്കാരും കോർപറേറ്റ് ലോബികളും തീവ്ര ഇടത്-വലത് രാഷ്ട്രീയക്കാരും തീവ്രവാദികളുമൊക്കെ അത്തരം വേട്ടക്കാരിൽപെടും.
യഥാർഥമെങ്കിലും തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്ത റിപ്പോർട്ട് ചെയ്തതിന് ജേണലിസ്റ്റുകളെ ഉന്നമിടുന്ന കാര്യത്തിൽ ഇവരെല്ലാം ഒരേ തൂവൽപക്ഷികളാണ്. ഛത്തിസ്ഗഢിലെ ഫ്രീലാൻസറും യൂ ട്യൂബറുമായ മുകേഷ് ചന്ദ്രാകറെ പുതുവർഷ നാളിൽ കൊന്നുകളഞ്ഞതാരെന്ന് അന്വേഷണം നടക്കുകയാണ്. അഴിമതിയെപ്പറ്റി അദ്ദേഹം പുറത്തുവിട്ട റിപ്പോർട്ടിന്റെ പേരിൽ ചിലരദ്ദേഹത്തെ നോട്ടമിട്ടിരുന്നു. കരാറുകാർ കൊലക്കു പിന്നിലുണ്ടെന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത്.
റോഡ് നിർമാണത്തിലെ അഴിമതിസാധ്യത തുറന്നുകാട്ടിക്കൊണ്ട് ഡിസംബർ 25ന് എൻ.ഡി.ടി.വിയിൽ മുകേഷ് നൽകിയ റിപ്പോർട്ടിനു പിന്നാലെ ഛത്തിസ്ഗഢ് സർക്കാർ കരാറുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരു കരാറുകാരന്റെ വീട്ടു പരിസരത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നാണ് മുകേഷിന്റെ മൃതദേഹം കണ്ടെടുത്തത്. കശ്മീരുകാർക്ക് എല്ലാവരെയും ഭയക്കേണ്ട സ്ഥിതിയാണ്. അവർക്ക് ഒരേസമയം സർക്കാറിനെയും തീവ്രവാദികളെയും പേടിക്കണം.
ദ ഹിന്ദുവിൽ മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുന്ന ഒരു പംക്തിയുണ്ട്: ‘നോട്ട്ബുക്ക്’. അതിൽ (ജനുവരി 10) പത്രത്തിന്റെ കശ്മീർ ലേഖകനായ പീർസാദ ആശിഖ് തങ്ങളുടേതു മാത്രമായ ഈ ദുരവസ്ഥ അനാവരണംചെയ്യുന്നു.
1990കളിൽ സായുധ കലാപം മൂർധന്യത്തിലായിരുന്നപ്പോൾ പത്രക്കാർക്ക് തീവ്രവാദികളുടെ ഭീഷണി നേരിടേണ്ടിവന്നിരുന്നു. അത് മറികടക്കാൻ തന്ത്രങ്ങൾ നെയ്തു. തെരുവുകളിൽ അക്രമം പടർന്ന 2008നു ശേഷമുള്ള വർഷങ്ങളിലും യാഥാർഥ്യം അതേപടി റിപ്പോർട്ട് ചെയ്യാൻ കുറച്ചധികം അധ്വാനിക്കേണ്ടിവന്നു.
എന്നാൽ, ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞ 2019നുശേഷം പ്രതിരോധമില്ലാത്ത വിധം പ്രയാസത്തിലായി മാധ്യമപ്രവർത്തകർ. വസ്തുത റിപ്പോർട്ട് ചെയ്യാനാവാത്ത സ്ഥിതി. നിയന്ത്രണം, സെൻസറിങ്, ഭീതി എന്നിവക്കു മുന്നിൽ അവർ നിസ്സഹായരായി. ഭരണകൂടം ഓരോ നിയന്ത്രണങ്ങൾ കൊണ്ടുവരും. ദിവസംതോറും നിയന്ത്രണത്തിന്റെ ചുവപ്പുവര മാറ്റിമാറ്റി വരച്ചുകൊണ്ടിരിക്കും. ഏറ്റുമുട്ടലുകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നത് അധികൃതർ വിലക്കി.
തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ സമീപസ്ഥലങ്ങളിൽ ചെല്ലാൻ മുമ്പുണ്ടായിരുന്ന അനുമതി പിൻവലിച്ചു. ഔദ്യോഗികമായി പുറത്തുവിടുന്ന വിവരങ്ങൾ മാത്രമായി വാർത്ത. അല്ലാത്തത് റിപ്പോർട്ട് ചെയ്താൽ ആ റിപ്പോർട്ടറെ പിന്നെ ഔദ്യോഗിക ചടങ്ങുകളിലേക്ക് ക്ഷണിക്കില്ല; ഔദ്യോഗിക സന്ദർശനങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം നൽകില്ല. ഇങ്ങനെ, സർക്കാർ പറയുന്നത് വാർത്തയാക്കുക മാത്രമായി ജേണലിസ്റ്റുകളുടെ ജോലി.
ലേഖകൻ 2019 സെപ്റ്റംബറിലെ ഒരനുഭവം ഓർക്കുന്നു. തടങ്കലിലുള്ള പ്രതിഷേധകരുടെയും നേതാക്കളുടെയും മൊത്തം കണക്ക് ചോദിച്ചവരോട് കശ്മീർ പൊലീസ് പറഞ്ഞത് തങ്ങളുടെ പക്കൽ അത്തരം കണക്ക് ഇല്ലെന്നായിരുന്നു. അവർ ഇതുപറഞ്ഞ അതേ സമയത്താണ് പൊലീസിന്റെ പക്കലുള്ള കണക്ക് പീർസാദ റിപ്പോർട്ട് ചെയ്യുന്നത്.
പൊലീസ് അദ്ദേഹത്തെ വിളിപ്പിച്ചു. എന്നിട്ട്, കണക്ക് അദ്ദേഹത്തിന് ആരാണ് കൈമാറിയതെന്ന് പറഞ്ഞുകൊടുക്കാനാവശ്യപ്പെട്ടു. ഉറവിടം വെളിപ്പെടുത്തണമെന്ന്. കടുത്ത മാധ്യമനിയന്ത്രണമുള്ള കശ്മീരിൽ പൊലീസ് പയറ്റുന്ന ഇതേ മുറ ഇങ്ങ് കേരളത്തിലെ പൊലീസും പയറ്റിനോക്കുന്നു എന്നുകൂടി ഓർക്കാം.
പീർസാദ പറയുന്നു: ‘‘എനിക്ക് വിവരം കൈമാറി്യ ഉറവിടങ്ങളെ ലക്ഷ്യമിട്ട നടപടി ഭീതിദമായിരുന്നു.’’ വാർത്ത കിട്ടുന്ന വാതിലുകൾ അടക്കാനുള്ള ശ്രമമാണല്ലോ അത്. ‘‘ഞാൻ ചെല്ലുന്ന ഓഫിസുകളിലെല്ലാം എന്റെ ഉറവിടങ്ങളെ തേടി പരിശോധനകൾ നടന്നു. അവരെ തുടർച്ചയായി നിരീക്ഷണത്തിലാക്കി. എനിക്ക് ആരെയും ബന്ധപ്പെടാനാവാത്ത സ്ഥിതി വന്നു. മിക്കയാളുകളും എന്റെ ഫോൺവിളി എടുക്കാതായി. എന്നെ കാണാൻ വിസമ്മതിച്ചു.’’ അനേകം ജേണലിസ്റ്റുകളുടെ ലാപ്ടോപ്പുകളും ഫോണുകളും ഇപ്പോഴും സുരക്ഷാ സൈനികരുടെ കസ്റ്റഡിയിലാണ്.
നേരു പറയണമെന്ന് നിർബന്ധമുള്ള മാധ്യമപ്രവർത്തകർക്ക് ഭരണകൂടം എന്നും ശത്രുവാണ്. നിക്ഷിപ്ത താൽപര്യക്കാരും. അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും; കശ്മീരിലോ കേരളത്തിലോ ആയാലും.
വാർത്തുവെച്ച വാർത്തകൾ
ഡിസംബർ 20ന് ജർമനിയിലെ മഗ്ഡിബർഗ് പട്ടണത്തിൽ ക്രിസ്മസ് മാർക്കറ്റിലെ തിരക്കിലേക്ക് ഒരാൾ കാർ ഓടിച്ചുകയറ്റി. ആറുപേർ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് അമേരിക്കയിലെ ന്യൂ ഓർലീൻസിൽ തിരക്കേറിയ തെരുവിലേക്ക് ട്രക്ക് ഓടിച്ച് മറ്റൊരാൾ 15 പേരെ കൊന്നു. അതേദിവസം അമേരിക്കയിലെ തന്നെ ലാസ് വേഗസ് നഗരത്തിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടലിൽ കാർ പൊട്ടിത്തെറിച്ച്, അതിലുണ്ടായിരുന്ന ചാവേർ കൊല്ലപ്പെട്ടു.
മൂന്നു ഭീകരാക്രമണങ്ങൾ. ജർമനിയിൽ ഭീകരവൃത്തി ചെയ്തത് താലിബ് അബ്ദുൽ മുഹ്സിൻ. ന്യൂ ഓർലീൻസിൽ ശംസുദ്ദീൻ ജബ്ബാർ; അയാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലാസ് വേഗസിലെ ചാവേറിന്റെ പേര് മാത്യു ലിവൽസ് െബർഗർ.
മഗ്ഡി ബർഗിൽ ക്രിസ്മസ് ആഘോഷക്കാരെ കൂട്ടക്കൊല ചെയ്ത താലിബ് അബ്ദുൽ മുഹ്സിൻ സൗദി അറേബ്യയിലാണ് ജനിച്ചത്. വിവരം കേട്ട ഉടനെ യു.എസ് മാധ്യമങ്ങൾ പതിവ് ആക്ഷേപങ്ങളുമായി ഇറങ്ങി. വാൾസ്ട്രീറ്റ് ജേണൽ ഡാനിയൽ പൈപ്പ്സിനെക്കൊണ്ട് ലേഖനമെഴുതിച്ചു. അറിയപ്പെടുന്ന ഇസ്‍ലാം വിരോധിയാണ് പൈപ്പ്സ്. ‘‘ജിഹാദികൾ ക്രിസ്മസിനും അവധി ദിനങ്ങൾക്കുമെതിരെ യുദ്ധം ചെയ്യുന്നതെന്തുകൊണ്ട്?’’ എന്ന് ലേഖന തലക്കെട്ട്. ‘‘ഇസ്‍ലാം അനുവദിക്കാത്ത ആഘോഷങ്ങളെ അവർ വെറുക്കുന്നു; ക്രിസ്മസിനെ അല്ലാഹുവിനെതിരായ കുറ്റമായി കാണുന്നു’’ എന്ന് ഉപശീർഷകത്തിൽ മറുപടി. ലേഖനം മുഴുവൻ ഇതേ സ്വരം.
ഇതേ മട്ടിലൊരു ലേഖനം ന്യൂയോർക് പോസ്റ്റ് ഡഗ്ലസ് മറേയെക്കൊണ്ട് എഴുതിച്ചു. പൈപ്പ്സിന്റെ ബ്രിട്ടീഷ് പതിപ്പാണ് മറേ. ഇങ്ങനെ മാധ്യമ പ്രതികരണങ്ങൾ ചൂട് പിടിക്കുമ്പോഴാണ് യഥാർഥ വസ്തുതകൾ പുറത്തുവരുന്നത്: താലിബ് മുസ്‍ലിമല്ല. ഇസ്‍ലാമിനോടും മുസ്‍ലിംകളോടുമുള്ള ശത്രുത പരസ്യമായി പ്രകടിപ്പിച്ചയാളാണ്. തീർന്നില്ല. അയാളെ ചൂണ്ടി വിമർശനമുയർത്തിയ പൈപ്പ്സിന്റെയും മറേയുടെയും അതേ രാഷ്ട്രീയ വീക്ഷണങ്ങൾ കൊണ്ടു നടക്കുന്നയാളുമാണ്.
ഇത് മുൻകൂട്ടി അറിയാവുന്ന വേറെ മാധ്യമങ്ങൾ താലിബിന് മാനസിക അസ്വാസ്ഥ്യമുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു. ആ വശം എടുത്തുകാട്ടിയ സി.ബി.എസ് ചാനൽപോലുള്ളവ, പക്ഷേ, താലിബിന്റെ തീവ്ര വലത് വർഗീയതയും മതവിരോധവും പരാമർശിച്ചില്ല. മഗ്ഡിബർഗും താലിബും അങ്ങനെ മാധ്യമനോട്ടത്തിൽനിന്ന് പുറത്തായപ്പോഴാണ് ന്യൂ ഓർലീൻസ്, ലാസ് വേഗസ് അക്രമങ്ങൾ നടക്കുന്നത്.
ഒന്നിലെ പ്രതി (കൊല്ലപ്പെട്ട) ശംസുദ്ദീൻ ജബ്ബാർ ‘ഐസിസ്’ എന്ന ഭീകര സംഘടനയോട് കൂറു പ്രഖ്യാപിച്ചിരുന്നയാളാണ്. അറബി പേരുണ്ടെങ്കിലും ഇസ്‍ലാം പണ്ഡിതർ തള്ളിപ്പറഞ്ഞ ‘ഐസിസ്’, പ്രവർത്തന ചരിത്രംകൊണ്ട് ഇസ്രായേലിനോട് ചായ്‍വ് പ്രകടിപ്പിച്ചിട്ടുള്ള ഗൂഢ സംഘമാണ്. മറ്റേ സംഭവത്തിലെ പ്രതിയായ മാത്യു ലിവൽസ് ബെർഗറാകട്ടെ കടുത്ത ട്രംപ് ഭക്തനും.
പടിഞ്ഞാറൻ മാധ്യമങ്ങൾ പ്രതീക്ഷിച്ച സമീപനംതന്നെ സ്വീകരിച്ചു. അവർ ജബ്ബാറിന്റെ ‘ഇസ്‍ലാം വിശ്വാസം’ നന്നായി പൊലിപ്പിച്ചു; എന്നാൽ, ലിവൽസ് െബർഗറുടെ രാഷ്ട്രീയ നിലപാടിനെപ്പറ്റി മൗനം പാലിച്ചു. ‘‘സൈന്യവും മുൻ സൈനികരും വാഷിങ്ടൺ ഡി.സിയിലേക്ക് മാർച്ച് ചെയ്ത് ഡ്രെമോക്രാറ്റ് സർക്കാറിനെ പുറത്താക്കാൻ എന്റെ ഈ പ്രവൃത്തി പ്രചോദനമാകട്ടെ’’ എന്നുവരെ പറഞ്ഞുവെച്ച ഈ ട്രംപ് അനുകൂലിയുടെ ചെയ്തി ‘‘രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല’’ എന്ന് തലക്കെട്ടിലെഴുതാനുള്ള ‘‘ചങ്കൂറ്റം’’ കാട്ടി ന്യൂസ് വീക് (കൂടുതൽ വിവരങ്ങൾ fair.org, common dreams.org തുടങ്ങിയ വെബ്സൈറ്റുകളിലുണ്ട്).