മനു ഭാകർ മുമ്പേ വാർത്തയിലുണ്ട്
വായനക്കാർ എന്തറിയണം, എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കുക മിക്കവാറും വാർത്ത ഏജൻസികളും റിപ്പോർട്ടർമാരുമായിരുന്നു –സമൂഹമാധ്യമങ്ങൾ എത്തുന്നതുവരെ. രണ്ട് റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘പാരമ്പര്യ മാധ്യമങ്ങൾ’ വിട്ടുപോകുന്നതും ഓൺലൈൻ മാധ്യമങ്ങൾ ഓർത്തെടുക്കുന്നതുമായ അനേകം വിവരങ്ങളുടെ കൂട്ടത്തിൽ രണ്ടെണ്ണം. ഒന്ന് പാരിസ് ഒളിമ്പിക്സിലേത്; മറ്റൊന്ന് അമേരിക്കൻ കോൺഗ്രസിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ചെയ്ത പ്രസംഗവുമായി ബന്ധപ്പെട്ടത്. പാരിസിൽ ഇന്ത്യ നേടിയ ആദ്യ മെഡൽ നന്നായി ആഘോഷിക്കപ്പെട്ടു. ജൂലൈ 29ലെ പത്രങ്ങൾ, മനുഭാകർ എന്ന ഷൂട്ടിങ് താരം നേടിയ വെങ്കലം ഒന്നാംപേജിലെ...
Your Subscription Supports Independent Journalism
View Plansവായനക്കാർ എന്തറിയണം, എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കുക മിക്കവാറും വാർത്ത ഏജൻസികളും റിപ്പോർട്ടർമാരുമായിരുന്നു –സമൂഹമാധ്യമങ്ങൾ എത്തുന്നതുവരെ.
രണ്ട് റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘പാരമ്പര്യ മാധ്യമങ്ങൾ’ വിട്ടുപോകുന്നതും ഓൺലൈൻ മാധ്യമങ്ങൾ ഓർത്തെടുക്കുന്നതുമായ അനേകം വിവരങ്ങളുടെ കൂട്ടത്തിൽ രണ്ടെണ്ണം. ഒന്ന് പാരിസ് ഒളിമ്പിക്സിലേത്; മറ്റൊന്ന് അമേരിക്കൻ കോൺഗ്രസിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ചെയ്ത പ്രസംഗവുമായി ബന്ധപ്പെട്ടത്.
പാരിസിൽ ഇന്ത്യ നേടിയ ആദ്യ മെഡൽ നന്നായി ആഘോഷിക്കപ്പെട്ടു. ജൂലൈ 29ലെ പത്രങ്ങൾ, മനുഭാകർ എന്ന ഷൂട്ടിങ് താരം നേടിയ വെങ്കലം ഒന്നാംപേജിലെ പ്രധാന വാർത്തയാക്കി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് മനു മൂന്നാംസ്ഥാനം നേടിയത്. തലക്കെട്ടുകൾ ആവേശകരമായിരുന്നു: ‘പൊന്നുപോലെ വെങ്കലം’ (മാതൃഭൂമി), ‘ജനഗണ മനു’ (മാധ്യമം), ‘ചരിത്രമെഴുതി ലേഡി ബുള്ളറ്റ്’ (കേരള കൗമുദി), ‘മനം നിറച്ച് മനു’ (ചന്ദ്രിക), ‘മനം നിറച്ച് മനു’ (ജന്മഭൂമി), ‘മനോഹരം മനു’ (സിറാജ്), ‘വീരാംഗന’ (ദേശാഭിമാനി), ‘വെടിവെച്ചിട്ടു, വെങ്കലം’ (വീക്ഷണം), ‘വെങ്കല മധുരം’ (ജനയുഗം), ‘വെങ്കലശോഭ’ (ദീപിക), ‘ഒരു നിറ പുഞ്ചിരി’ (മലയാള മനോരമ)...
മിക്ക പത്രങ്ങളും മനുവിനെപ്പറ്റി പ്രത്യേകം അനുബന്ധ വാർത്ത ചെയ്തു. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അനുമോദന സന്ദേശങ്ങൾ എടുത്തുപറഞ്ഞു. ടോക്യോ ഒളിമ്പിക്സിലെ നിർഭാഗ്യത്തിനുശേഷം മത്സരരംഗത്തേക്ക് നടത്തിയ വിജയകരമായ തിരിച്ചുവരവിനെപ്പറ്റി വിസ്തരിച്ചു. ഭഗവദ് ഗീതയുടെ സന്ദേശംതന്നെ നയിച്ചതായി മനു പറഞ്ഞത് ചൂണ്ടിക്കാട്ടി. കോച്ചിനോട് പിണങ്ങിയതും പിന്നീട് ഇണങ്ങിയതും വിവരിച്ചു. 2018 മുതലുള്ള മനു ഭാകറുടെ സ്പോർട്സ് നാഴികക്കല്ലുകൾ എണ്ണമിട്ട് പറഞ്ഞവരുണ്ട്.
പക്ഷേ, എടുത്തുപറയേണ്ടിയിരുന്ന ഒന്ന് ഏതാണ്ടെല്ലാവരും വിട്ടുപോയി: ഇന്ത്യൻ സ്പോർട്സ് രംഗത്തിനും സ്ത്രീ സുരക്ഷക്കും ലിംഗനീതിക്കുമൊക്കെ കളങ്കമായിത്തീർന്ന ഒരു സംഭവത്തോട് മനു ഭാകർ പ്രതികരിച്ച രീതി.
2023 ജനുവരിയിൽ ഇന്ത്യൻ ഗുസ്തി താരങ്ങൾ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ ആരോപണമുന്നയിച്ചതും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പരസ്യമായി സമരംചെയ്തതുമാണ് സംഭവം.
അന്ന് ക്രിക്കറ്റിലെയും മറ്റും വലിയ താരങ്ങൾ മൗനം പാലിച്ചപ്പോൾ പ്രതിഷേധത്തോട് ഐക്യപ്പെട്ടവരിലായിരുന്നു മനു. ‘ട്വിറ്ററി’ൽ അവൾ കുറിച്ചു: ‘‘എന്റെ സഹ അത്‍ലിറ്റുകളുടെ (ഗുസ്തിക്കാരുടെ) അവസ്ഥ കണ്ട് വേദന തോന്നുന്നു. മെഡലുകൾ നേടി പലകുറി രാജ്യത്തിന് അഭിമാനമായവർ. ഇപ്പോൾ അവരിതാ നീതിതേടി റോട്ടിലിരിക്കുന്നു. എന്റെ ഈ സഹ അത്‍ലിറ്റുകൾക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു; അവരുടെ പരാതിയിന്മേൽ നടപടി വേണമെന്നഭ്യർഥിക്കുന്നു’’ (2023 ഏപ്രിൽ 29).
മനു ഭാകറുടെ വ്യക്തിവിശേഷങ്ങളിൽ ഉൾപ്പെടേണ്ടതല്ലേ ഈ നീതിബോധം? മനു ഗുസ്തിതാരങ്ങളുടെ നാടായ ഹരിയാനയിൽനിന്നാണ് വരുന്നതെന്ന് ഓർത്തെടുത്തവർപോലും സഹതാരങ്ങൾക്കായി അവൾ സ്വീകരിച്ച ധീരമായ നിലപാടിനെപ്പറ്റി ഓർത്തില്ല.
പാരമ്പര്യ മാധ്യമങ്ങൾ ഇങ്ങനെ ‘‘മാന്യമായ’’ വാർത്ത ചെയ്തപ്പോൾ മനുവിന്റെ മനുഷ്യത്വപരമായ നിലപാട് അറിയിച്ചത് സമൂഹമാധ്യമങ്ങളാണ് –ചില പാരമ്പര്യ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളും.
വംശഹത്യക്കായി കുറേ കള്ളങ്ങൾ
റിപ്പോർട്ടിൽ വരേണ്ടതും വരേണ്ടാത്തതുമായ ഉള്ളടക്കം ആരാണ് തീരുമാനിക്കുന്നത്? ചില കാര്യങ്ങൾ എഴുതരുതെന്ന് അലിഖിതമായ ചട്ടമുണ്ടോ?
ഉദാഹരണത്തിന്, രാഷ്ട്രനേതാക്കളുടെ പ്രസ്താവനകൾ ചോദ്യംചെയ്യാതെ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്. എന്നാൽ, ഇത് മുതലെടുത്ത് വ്യാജവാർത്ത നിർമിക്കാനും പ്രചരിപ്പിക്കാനും നേതാക്കൾ തയാറാകുമ്പോൾ റിപ്പോർട്ടർക്ക് അധിക ചുമതല വരുന്നു –അയാൾ റിപ്പോർട്ട് ചെയ്താൽ പോരാ, വസ്തുത പരിശോധകൻ എന്ന ജോലികൂടി ചെയ്യണം.
നേതാവ് പറയുന്ന കള്ളങ്ങൾ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ജോലി എന്നുവന്നാൽ അതോടെ മാധ്യമപ്രവർത്തനം അതല്ലാതാകും. അത് നേതാക്കളുടെ ഉച്ചഭാഷിണി മാത്രമാകും.
‘‘അധികൃത നുണ’’കൾ ചോദ്യംചെയ്യാതെ പ്രചരിപ്പിച്ച മാധ്യമങ്ങൾ ഇറാഖിലെയും അഫ്ഗാനിസ്താനിലെയും മറ്റും പടിഞ്ഞാറൻ അധിനിവേശങ്ങൾക്ക് വഴിതുറന്ന ചരിത്രം മറക്കാറായിട്ടില്ല. ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യക്കും മാധ്യമങ്ങളുടെ ഈ നിശ്ശബ്ദ പിന്തുണയുണ്ട്. ജൂലൈ 24ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കൻ പാർലമെന്റായ കോൺഗ്രസിൽ പ്രസംഗിച്ചു. അതിന്റെ റിപ്പോർട്ട് എല്ലാ പത്രങ്ങളിലും 25ന് വന്നിരുന്നു.
അനേകം പേർ ആ പരിപാടി ബഹിഷ്കരിച്ച വിവരം റിപ്പോർട്ടുകളിലുണ്ട്. നെതന്യാഹുവിനെതിരെ ഉണ്ടായ പ്രതിഷേധത്തിന്റെ വ്യത്യസ്ത രൂപങ്ങളെപ്പറ്റിയുമുണ്ട്. സന്നിഹിതരായവർ കൂടക്കൂടെ എഴുന്നേറ്റുനിന്ന് കൈയടിച്ച വിവരമുണ്ട്. പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞ കാര്യങ്ങളെപ്പറ്റിയുമുണ്ട് –ചിലർ വിസ്തരിച്ചും ചിലർ ചുരുക്കിയും അവ റിപ്പോർട്ട് ചെയ്തു.
പക്ഷേ, അവയിൽ ഒന്നുപോലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നേരോ നുണയോ എന്ന് നോക്കിയില്ല. ഒരു വംശഹത്യയുടെ ന്യായങ്ങളെന്ന നിലക്ക് ആ അവകാശവാദങ്ങൾ പരിശോധിച്ച് വായനക്കാരെ അറിയിക്കേണ്ട ചുമതല മാധ്യമങ്ങൾക്കുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ മാത്രം കഥയല്ല ഇത്. നുണ എപ്പോൾ തുറന്നുകാട്ടണം, എപ്പോൾ മറച്ചുവെക്കണം എന്ന് അറിയുന്നവരാണ് പ്രമുഖ മാധ്യമങ്ങളും വാർത്ത ഏജൻസികളും.
ഇറാഖിലും മറ്റും കള്ളങ്ങൾ ആവർത്തിക്കുകയും പ്രചരിപ്പിക്കുകയുംചെയ്ത ന്യൂയോർക് ടൈംസും മറ്റും പിന്നീട് ചില തെറ്റുകൾ ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തി. എന്നാൽ, ഹമാസിനെപ്പറ്റി ഇസ്രായേൽ പ്രചരിപ്പിച്ച കള്ളങ്ങൾ അതേപടി ആവർത്തിക്കുന്നതിനോ വ്യാജ ‘ഇൻവെസ്റ്റിഗേഷൻ’ നടത്തി അവ സ്ഥാപിക്കുന്നതിനോ ടൈംസിന് പഴയ അനുഭവം തടസ്സമാകുന്നില്ല.
പക്ഷേ, സ്വന്തം നിക്ഷിപ്ത താൽപര്യങ്ങൾക്ക് നുണ തുറന്നുകാട്ടാനൊട്ട് മടിയുമില്ല. യു.എസ് രാഷ്ട്രീയത്തിൽ ഡോണൾഡ് ട്രംപിനെ ടൈംസ് എതിർത്തിരുന്നു; എന്നിട്ടും 2016ൽ ട്രംപ് ജയിച്ചു. ട്രംപിന്റെ ഭരണകാലത്ത് ഉടനീളം അദ്ദേഹത്തിന്റെ കള്ളങ്ങളുടെ എണ്ണമെടുക്കാൻ പ്രത്യേക സംവിധാനംതന്നെ ടൈംസ് ഏർപ്പെടുത്തി. 2017 ജനുവരി മുതൽ ട്രംപ് പറഞ്ഞ നുണകളുടെ ദൈനംദിന കണക്ക് കലണ്ടർ രൂപത്തിൽ പ്രസിദ്ധപ്പെടുത്തി. ആ നുണകളുടെ സമാഹാരം പുറത്തുവിട്ടു Trump's Lies എന്ന തലക്കെട്ടിൽ. ഇക്കുറി ബൈഡനുമായി നടന്ന സംവാദത്തിലും ട്രംപ് പറഞ്ഞ നുണകൾ എണ്ണിയെണ്ണി പറഞ്ഞു. (ബൈഡന്റെ നുണകൾ ടൈംസിന് പ്രശ്നമായിട്ടില്ല.)
നെതന്യാഹുവിന്റെ പ്രസംഗം മുഴുവൻ നുണയായിട്ടും അതൊന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. ഹമാസ് കുട്ടികളുടെ തലയറുത്തു, ചുട്ടുകൊന്നു, കൂട്ട പീഡനം നടത്തി തുടങ്ങിയ, ഇസ്രായേലി സൈന്യവും പത്രങ്ങളും വരെ തെറ്റെന്ന് പറഞ്ഞ, നുണകൾ അടക്കം ആവർത്തിച്ച് നെതന്യാഹു സദസ്സിന്റെ കൈയടി നേടി. മാധ്യമങ്ങൾ ആ കൈയടി റിപ്പോർട്ട് ചെയ്തു; നുണകളെപ്പറ്റി മിണ്ടിയില്ല.
മിണ്ടിയവരുണ്ട്. ഒറ്റപ്പെട്ട ചിലർ. ഏറെയും ഓൺലൈൻ മാധ്യമങ്ങൾ. ഗാർഡിയൻ പത്രം നെതന്യാഹുവിന്റെ പ്രസംഗം ‘ഫാക്ട് ചെക്’ ചെയ്ത് പ്രത്യേക ലേഖനം പ്രസിദ്ധപ്പെടുത്തി. റൂത്ത് മൈക്കൽസന്റെ ലേഖനം പ്രധാനപ്പെട്ട മൂന്നു അസത്യങ്ങൾ പൊളിച്ചുകാട്ടുന്നു. അൽജസീറ, ദ ഇന്റർസെപ്റ്റ്, ന്യൂ അറബ് മുതലായവ അടക്കം, പടിഞ്ഞാറൻ മുഖ്യധാരാ മാധ്യമങ്ങളിൽ കാണാത്ത പ്രധാന വിവരങ്ങൾ നൽകിയിട്ടുണ്ട്. പക്ഷേ, പാരമ്പര്യ മാധ്യമങ്ങളിൽ നെതന്യാഹുവിനെ സത്യസന്ധനായി അവതരിപ്പിച്ചത് തിരുത്തപ്പെട്ടില്ല.
തലക്കെട്ടിലെ പ്രതി
തലക്കെട്ട് വാർത്തയിലേക്കുള്ള കവാടമാണ്. പക്ഷേ, ചില തലക്കെട്ടുകൾ വഴിതെറ്റിക്കും. ഈ തലക്കെട്ട് നോക്കുക: ‘‘വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു.’’
പ്രതി ഐ.എ.എസുകാരനോ അതോ ഭാര്യയോ? ഐ.എ.എസുകാരൻ എന്ന് മനസ്സിലാക്കുന്നവരെ കുറ്റം പറയാനാകില്ല. അപ്പോൾ വാർത്ത, ഐ.എ.എസുകാരനായ ഭർത്താവ് കേസിൽ പ്രതിയായപ്പോൾ ഭാര്യ അപമാന ഭാരത്താൽ ആത്മഹത്യചെയ്തു എന്നാകും. അങ്ങനെ മനസ്സിലാക്കിയ വായനക്കാരൻ കരീം ലാല, വാർത്ത വായിച്ചപ്പോഴാണ് കാര്യം തിരിച്ചാണെന്ന് അറിയുന്നത് (വാർത്ത സുപ്രഭാതത്തിൽനിന്ന് –ജൂലൈ 24).
ഭാര്യയാണ് തട്ടിക്കൊണ്ടുപോകൽ കേസിൽ ഉൾപ്പെട്ടത്. ഐ.എ.എസുകാരനായ ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന അവർ ഗുണ്ടാനേതാവുമായി ചേർന്നാണത്രെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വിവാഹമോചന നടപടികൾ പൂർത്തിയാകാത്തതുകൊണ്ടു മാത്രമാണ് ഐ.എ.എസുകാരൻ വാർത്താ തലക്കെട്ടിലെത്തിയത്. പാവം.