അർണബ് ബി.ജെ.പിയെ വിമർശിക്കുന്നു
അർണബ് ഗോസ്വാമി ശരിക്കും അമ്പരപ്പിച്ചു. ബിൽകീസ് ബാനു കേസിൽ, കൂട്ടമാനഭംഗം മുതൽ കൂട്ടക്കൊല വരെ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കോടതി ശിക്ഷിച്ച 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചു. വെറും കുറ്റമായിരുന്നില്ല അവരുടേത്. അഞ്ചുമാസം ഗർഭിണിയാണെന്നറിഞ്ഞിട്ടും നിസ്സഹായയായ യുവതിയെ കടന്നാക്രമിച്ച് ജീവച്ഛവമാക്കി. അവരുടെ അഞ്ചുവയസ്സുള്ള മകളെ തട്ടിപ്പറിച്ച്, തല പാറക്കടിച്ച് കൊന്നു. അവരുടെ കുടുംബാംഗങ്ങളെ കൂട്ടമാനഭംഗം ചെയ്തു; കൂട്ടക്കൊല ചെയ്തു.
കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇവരെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് ചട്ടവിരുദ്ധമായാണ് എന്ന് പലരും ചൂണ്ടിക്കാട്ടി. രാജ്യത്തെ നീതി നടത്തിപ്പിനാകെ നാണക്കേടായി ആ 'സ്വാതന്ത്യ'സമ്മാനം.
തീർന്നില്ല. ജയിലിൽനിന്ന് പുറത്തുവന്ന കുറ്റവാളികൾക്ക് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സ്വീകരണം നൽകി. അതും പോരാഞ്ഞ്, ഈ കുറ്റവാളികൾ ബ്രാഹ്മണരും നല്ല സംസ്കാരമുള്ളവരുമാണെന്ന് ഗോധ്രയിലെ ബി.ജെ.പി എം.എൽ.എ റൗൽജി മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിനോട് പറഞ്ഞു. കുറ്റവാളികളെ മോചിപ്പിക്കാൻ ശിപാർശചെയ്ത സമിതിയിലെ അംഗംകൂടിയാണ് ഈ എം.എൽ.എ.
മനസ്സാക്ഷിയുള്ള മനുഷ്യരെയും മാധ്യമങ്ങളെയും ഞെട്ടിക്കേണ്ട സംഭവം. ഇതിനെപ്പറ്റി ലേഖനങ്ങളും മുഖപ്രസംഗങ്ങളും ധാരാളം എഴുതപ്പെടുമെന്നും ഗുജറാത്ത് സർക്കാർ ആ വിമർശനത്തിൽ പുളയുമെന്നും കരുതിയവർക്ക് തെറ്റി. കുറെ ഇംഗ്ലീഷ് പത്രങ്ങൾ വിമർശന ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ചിലത് മുഖപ്രസംഗമെഴുതി. മലയാള പത്രങ്ങളിൽ രണ്ടോ മൂന്നോ മാത്രമാണ് ലേഖനമോ മുഖപ്രസംഗമോ പ്രസിദ്ധപ്പെടുത്തിയത്. ഏത് നിസ്സാര കാര്യത്തിലും കോലാഹല സംവാദം സംഘടിപ്പിക്കുന്ന 'ദേശീയ' ചാനലുകൾ മിക്കതും മൗനികളായി.
ഈ പശ്ചാത്തലത്തിലാണ്, കുറ്റവാളികളെ വിട്ടയച്ചതിന്റെ രണ്ടാംദിവസംതന്നെ അതേപ്പറ്റി ചർച്ച സംഘടിപ്പിച്ചുകൊണ്ട് അർണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വിയും അമ്പരപ്പിച്ചുകളഞ്ഞത്.
ചർച്ച സംഘടിപ്പിച്ചെന്ന് മാത്രമല്ല, കുറ്റവാളികളെ വിട്ടയച്ചതിനെയും അവർക്ക് സ്വീകരണം നൽകിയതിനെയും അവരെ ബ്രാഹ്മണമുദ്രകൊണ്ട് ന്യായീകരിച്ചതിനെയും രൂക്ഷമായി എതിർക്കുകയായിരുന്നു അർണബ്. ഒരുഘട്ടത്തിൽ (പതിവിന് വിരുദ്ധമായിത്തന്നെ) അദ്ദേഹം ബിൽകീസ് മുസ്ലിമായതുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നുവരെ പറഞ്ഞു.
പിന്നീട്, സെപ്റ്റംബർ നാലിന് ഫേസ്ബുക്കിൽ പ്രചരിച്ച ഒരു വിഡിയോയിലും (റിപ്പബ്ലിക്കിലെ 'അർണബ്സ് ലീഡ്') അദ്ദേഹം നിലപാട് വ്യക്തമാക്കുന്നുണ്ട്. ''കൂട്ടബലാത്സംഗ കുറ്റവാളികളെ വിട്ടയച്ചത് ധാർമികമായി തെറ്റ് മാത്രമല്ല, നീതി എന്ന സങ്കൽപത്തെതന്നെ അത് പിച്ചിച്ചീന്തുന്നു. പത്തുകൊല്ലം മുമ്പ് നിർഭയക്കുവേണ്ടി ഒരുമിച്ചുനിന്ന ഒരു രാജ്യത്ത് ഇപ്പോൾ അധികപേരും മൗനികളായിപ്പോയതു കണ്ട് ഞാൻ ഞെട്ടുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കണ്ണുനട്ടുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നതും ഭയാനകംതന്നെ. കുറ്റവാളികൾക്ക് നൽകിയ സ്വീകരണവും ആദരവും ഹീനമാണ്. ഏതാനും വർഷം മുമ്പ് ഝാർഖണ്ഡിൽ ജാമ്യത്തിലിറങ്ങിയ കൊലയാളികളെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ജയന്ത് സിൻഹ മാലയിട്ട് ആദരിച്ച നടപടിപോലെ അപലപനീയം...''
പലരും – കേന്ദ്രമന്ത്രിസഭയിലെ വാചാലരായ വനിത മന്ത്രിമാർ മുതൽ വൻകിട ചാനലുകൾ വരെ – മിണ്ടാതെ നിന്നപ്പോഴാണ് അർണബ് ഗോസ്വാമി ഈ നിലപാട് പരസ്യമാക്കിയത്. അതുകൊണ്ട്, അദ്ദേഹത്തെ അറിയുന്നവർ ചോദിച്ചു, ഇതെന്തുപറ്റി എന്ന്.
അമ്പരപ്പ് അവിടെ തീരുന്നില്ല. കർണാടകയിലെ ചിത്രദുർഗയിൽ മഠാധിപതി ശിവമൂർത്തിയടക്കം അഞ്ചുപേർ പീഡിപ്പിച്ചെന്ന് രണ്ട് പെൺകുട്ടികൾ പരാതിപ്പെട്ടപ്പോൾ തുടക്കത്തിൽ അധികൃതർ ഒരു നടപടിയുമെടുത്തില്ല. ആ ഘട്ടത്തിൽ റിപ്പബ്ലിക് ടി.വി തുടർച്ചയായി ഇരകളുടെ പ്രതിഷേധത്തോടൊപ്പം നിന്നു. പോക്സോ ചുമത്തി പൊലീസ് കുറ്റാരോപിതനായ മഠാധിപതിയെ അറസ്റ്റ് ചെയ്തശേഷം ആശുപത്രിയിൽ സുഖവാസത്തിന് വിട്ടത് വിവാദമായതോടെ കോടതി മഠാധിപതിയെ വിളിച്ചുവരുത്തി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതെല്ലാം തങ്ങളുടെ ഇടപെടലിന്റെ ഫലമാണെന്ന് റിപ്പബ്ലിക് ടി.വി പറയുന്നു.
ഏകപക്ഷീയ നിലപാടുകൾ
മുമ്പ് താൻ മൗനം പാലിച്ചുവന്ന ചില വിഷയങ്ങളിലെങ്കിലും അർണബ് ഗോസ്വാമി മൗനം വെടിയുന്നു എന്നാണ് മനസ്സിലാകുന്നത്. ഇത് അദ്ദേഹത്തിൽനിന്ന് ജനങ്ങൾ പരിചയിച്ച രീതിയല്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും അർണബ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വർഗീയ ജേണലിസത്തിന്റെയും മുൻനിര നേതാവായാണ് കാണപ്പെട്ടിട്ടുള്ളത്. മറ്റു ചാനലുകളിലെ നവിക കുമാർ, രാഹുൽ ശിവശങ്കർ, ആനന്ദ് നരസിംഹൻ തുടങ്ങിയവർ അർണബിന്റെ വർഗീയ വിചാരണ പകർത്താൻ ശ്രമിക്കുന്നവരാണ്.
പൗരത്വ പ്രക്ഷോഭകാലത്ത് ജാമിഅ മില്ലിയ്യയിൽ തീക്ഷ്ണസമരം നടന്നപ്പോൾ അതിനെ രാജ്യദ്രോഹമെന്നമട്ടിൽ ചിത്രീകരിക്കാൻ അധികൃതർക്ക് ശക്തമായ പിന്തുണയാണ് അർണബിൽനിന്ന് ലഭിച്ചത്. ഇടക്ക് ഒരാൾ പ്രക്ഷോഭകർക്കിടയിൽനിന്ന് തോക്കുചൂണ്ടി വെടിയുതിർത്തപ്പോൾ ജാമിഅ വിദ്യാർഥികൾ അക്രമാസക്തരായതിന്റെ തെളിവായി റിപ്പബ്ലിക് അടക്കം അത് എടുത്തുകാട്ടി. എന്നാൽ, അക്രമി പ്രക്ഷോഭകർക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചുവന്ന വർഗീയവാദിയാണെന്നും ജാമിഅ വിദ്യാർഥിയോ മുസ്ലിമോ അല്ലെന്നും വ്യക്തമായപ്പോൾ അർണബ് പറഞ്ഞു: അക്രമി പുറത്തുനിന്ന് വന്നയാളായിരിക്കാം; പക്ഷേ, സമരക്കാരുടെ പ്രകോപനമാണ് അയാളെ വരുത്തിയത്.
വഴിതടയൽ സമരത്തിന് ആഹ്വാനംചെയ്തതിന് അർണബ് ശർജീൽ ഇമാമിന് രാജ്യദ്രോഹിപ്പട്ടം നൽകി. ശർജീലിനെ പരസ്യമായി വെടിവെച്ചുകൊല്ലണമെന്നു പറഞ്ഞ ബി.ജെ.പി എം.എൽ.എയെപ്പറ്റിയോ ''രാജ്യദ്രോഹികളെ'' വെടിവെച്ചുകൊല്ലാൻ ആഹ്വാനംചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെപ്പറ്റിയോ അർണബ് മിണ്ടിയില്ല.
ഉമർ ഖാലിദ് അടക്കമുള്ള പൗരത്വ സമരക്കാർക്ക് 'ടുക്ഡേ ടുക്ഡേ ഗാങ്' (അലവലാതികൾ) എന്ന പേരിട്ടത് അർണബാണ്.
അരുന്ധതി റോയിയും ഡൽഹി ജുമാമസ്ജിദും കോൺഗ്രസുമടക്കം, ബി.ജെ.പി വിമർശകരായ അനേകം പേർക്കെതിരെ വർഗീയ വ്യാജങ്ങൾ പ്രചരിപ്പിച്ചയാളാണ് അർണബ്. കാരവനിൽ 2020ൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടനുസരിച്ച് റിപ്പബ്ലിക് ടി.വിയിലെ ചർച്ചകൾ മോദി ഭരണകൂടത്തെയും ബി.ജെ.പിയുടെ ആശയങ്ങളെയും നിസ്സന്ദേഹം പിന്തുണച്ചുവരുന്നവയാണ്.
അർണബിന്റെ ഈ നിലപാടിൽ മാറ്റം വന്നോ? ''മുസ്ലിം പ്രീണനം'' ഏതായാലും അദ്ദേഹത്തിന്റെ ചിന്തയിൽ ഇപ്പോഴുമില്ല. ശിവമൂർത്തിക്കെതിരെ വാർത്തകൾ ചെയ്യുമ്പോഴും അസമിലെയും യു.പിയിലെയും ''അനധികൃത മദ്റസകൾ''ക്കെതിരായ നടപടികളെ പൂർണമായി പിന്തുണക്കുന്ന ചർച്ചകളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
അർണബിന് തന്റെ വിശ്വാസ്യതാ തകർച്ചെയപ്പറ്റി വേവലാതി തുടങ്ങിയതാകുമോ കാരണം? പലകുറി അദ്ദേഹത്തിന്റെ വ്യാജങ്ങൾ ഫാക്ട് ചെക്കർമാർ പിടികൂടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രീതികൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. 2019 മാർച്ചിൽ ഗോസ്വാമിയുടെ അന്തിച്ചർച്ചക്കെത്തിയ മുസ്ലിമിനെ ''ഭാരത് മാതാ കീ ജയ്'' വിളിച്ച് ദേശഭക്തി തെളിയിക്കാൻ നിർബന്ധിച്ച സംഭവത്തിൽ സ്വതന്ത്ര മേൽനോട്ട സമിതിയായ എൻ.ബി.എസ്.എ നടപടിയെടുത്തിരുന്നു. ചാനലിൽ ക്ഷമാപണം ചെയ്യണമെന്ന നിർദേശം പക്ഷേ, അദ്ദേഹം അനുസരിച്ചില്ല.
വിശ്വാസ്യതയുടെ പ്രശ്നം അർണബ് നേരിടുന്നുണ്ട്. അത് പക്ഷേ ഒന്നുരണ്ട് കാര്യങ്ങളിൽ ''വലതുപക്ഷ'' കുറ്റവാളികളെ വിമർശിച്ചതുകൊണ്ടുമാത്രം വീണ്ടെടുക്കാനാകുമോ? അടിസ്ഥാന നിലപാടുകളിൽ അദ്ദേഹം മാറ്റംവരുത്തിയെങ്കിൽ അതിന് ഇപ്പോൾ കണ്ട തെളിവുകൾ പോരാ.
കാരണം എന്താണെന്ന് അറിയാൻ (ഇപ്പോഴത്തെ മാറ്റം ഒറ്റപ്പെട്ടതല്ലെന്ന് തെളിയാനും) ഇനിയും കാത്തിരിക്കേണ്ടിവരും. ഒരു കാരണമായി പറയാവുന്നത്, സാമ്പത്തിക പരിഗണനകളാവാം. ഏകപക്ഷീയവും വർഗീയവുമായ നിലപാട് ചാനലിന്റെ വരുമാനത്തെയും വിപണനത്തെയും ബാധിക്കുന്നു എന്ന് തെളിയിക്കുന്ന കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും ചില സൂചനകൾ ഉണ്ട്.
തങ്ങളുടെ പ്രതിച്ഛായയെക്കൂടി വർഗീയ, സങ്കുചിത പരിപാടികൾ മോശമായി ബാധിക്കുന്നതായി പല പരസ്യദാതാക്കളും കരുതുന്നുണ്ട്. അമേരിക്കയിൽ വൻലാഭം നേടിയിരുന്ന ബ്രെയ്റ്റ്ബാർട്ട് എന്ന വെബ്സൈറ്റ് വർഗീയ, വംശീയ, സ്ത്രീവിരുദ്ധ പ്രചാരണങ്ങൾക്ക് പേരെടുത്തതോടെ അതിൽ പരസ്യം ചെയ്തുവന്ന കുറെ കമ്പനികൾ പിൻവാങ്ങി. 2017ൽ നാലായിരത്തോളം കമ്പനികൾ പരസ്യം നിർത്താൻ വെബ്സൈറ്റിന്റെ ഉള്ളടക്കം കാരണമായി. റിപ്പബ്ലിക് ടി.വി അടക്കമുള്ള വർഗീയ ചാനലുകൾക്ക് പരസ്യം നൽകാൻ പല കമ്പനികളും മടിക്കുന്നു.
വർഗീയ ഉള്ളടക്കത്തെപ്പറ്റി കമ്പനികൾക്ക് വിവരം നൽകുന്ന 'ബ്ലഡ്ലസ്റ്റ്' എന്ന പരമ്പര ന്യൂസ് ലോൺഡ്രി ചെയ്തിരുന്നു.
പരസ്യദാതാക്കളുടെ പിന്മാറ്റമാണോ കാരണമെന്നൊന്നും പറയാറായില്ല. ഒന്നുമാത്രം പറയാം – കുറ്റവാളികളെ വിട്ടയച്ചതിനെ എതിർക്കുന്ന അർണബ് പഴയതിൽനിന്ന് അത്രയെങ്കിലും വ്യത്യസ്തനാണ്.
l