ദ വയർ: കെണിയിൽ പെട്ടതോ പെടുത്തിയതോ?
ദ വയർ-മെറ്റ തർക്കം മാധ്യമപ്രവർത്തന രംഗത്തെ ചതിക്കുഴികൾ ഒരിക്കൽകൂടി വെളിപ്പെടുത്തി. മാത്രമല്ല, മാധ്യമപ്രവർത്തനത്തിലെ പതിവ് പരിശോധനകൾക്കപ്പുറം ആഴത്തിലുള്ള സാങ്കേതിക ജ്ഞാനംകൂടി പുതുകാല വസ്തുതാപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും വ്യക്തമായി.
'മെറ്റ' കമ്പനിക്കും ഇൻസ്റ്റഗ്രാമിനും എതിരായി ഉയർത്തിയ ആരോപണത്തിൽനിന്ന് ദ വയർ ഓൺലൈൻ മാധ്യമം പിന്മാറി (മീഡിയസ്കാൻ, ഒക്ടോബർ 24-31). തങ്ങളെ ആരോ പറ്റിച്ചതാണെന്ന് ദ വയർ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ ഏതൊക്കെ പോസ്റ്റ് വരണമെന്നും ഏതൊക്കെ വരരുതെന്നും തീരുമാനിക്കാൻ രാഷ്ട്രീയക്കാരടക്കമുള്ള ചില ബാഹ്യവ്യക്തികൾക്ക് കമ്പനി അധികാരം നൽകുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം; അതിനായി 'എക്സ്-ചെക്ക്' എന്ന പദവി ചിലർക്ക് കമ്പനി നൽകുന്നുണ്ടെന്നും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഒരു പോസ്റ്റ് എടുത്തുമാറ്റാൻ ബി.ജെ.പി ഐ.ടി സെല്ലിന്റെ തലവനായ അമിത് മാളവ്യ ആവശ്യപ്പെട്ടിരുന്നതായി ദ വയറിലെ അന്വേഷകസംഘം കണ്ടെത്തിയിരുന്നു.
ആവശ്യമായ പരിശോധനയും അന്വേഷണവും നടത്താത്തതല്ല ദ വയറിന് പിണഞ്ഞ അമളി. ആദ്യം 'മെറ്റ' വക്താവ് ആൻഡി സ്റ്റോണിന് അവർ ഒരു ഇ-മെയിൽ സന്ദേശമയച്ചു; മറുപടിയിൽ സ്റ്റോൺ ദ വയറിന്റെ ആരോപണം ശരിവെച്ചു. പിന്നെ, ഇൻസ്റ്റഗ്രാമിലെ ആഭ്യന്തര സന്ദേശങ്ങളെന്ന നിലക്ക് ചില ഇ-മെയിലുകളുടെ സ്ക്രീൻഷോട്ട് ദ വയർ പുറത്തുവിട്ടു. ഇതെല്ലാം വ്യാജമാണെന്ന് 'മെറ്റ' പറഞ്ഞപ്പോൾ രണ്ട് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുകയും വ്യാജമല്ലെന്ന സാക്ഷ്യപത്രം വാങ്ങുകയും ചെയ്തു.
പക്ഷേ, പിന്നീടാണ് ചില കെണികൾകൂടി വെളിപ്പെടുന്നത്. ആൻഡി സ്റ്റോണിന്റേതെന്ന് ദ വയർ പറഞ്ഞ മെയിലും ആഭ്യന്തര മെയിലുകളും യഥാർഥമല്ല. അപ്പോൾ, അവ യഥാർഥമാണെന്ന് രണ്ട് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയതോ?
രണ്ടുപേരും തീർത്തുപറഞ്ഞു, തങ്ങൾ അങ്ങനെയൊരു പരിശോധന നടത്തുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന്. കനിഷ്ക് കരൺ എന്ന വിദഗ്ധനെ ദ വയറിലെ ദേവേഷ്കുമാർ ബന്ധപ്പെട്ടിരുന്നു; പക്ഷേ, അദ്ദേഹം പരിശോധിക്കാൻ വിസമ്മതിച്ചു. ഉജ്വൽകുമാർ എന്ന (മൈ ക്രോസോഫ്റ്റിലെ) മറ്റേ വിദഗ്ധനാകട്ടെ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞില്ലത്രെ.
ഇപ്പോൾ സംശയം ദ വയറിലെ റിപ്പോർട്ടർതന്നെയായ ദേവേഷ്കുമാറിനെപ്പറ്റിയാണ്. അദ്ദേഹത്തിനെതിരെ പോർട്ടൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതായാലും 'മെറ്റ'ക്കെതിരെ ദ വയർ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്ന് തെളിഞ്ഞു. 'എക്സ്ചെക്ക്' പദവി നൽകിക്കൊണ്ട് ബാഹ്യവ്യക്തികൾക്ക് ഉള്ളടക്കം നിർണയിക്കാനുള്ള അധികാരമൊന്നും തങ്ങൾ നൽകിയിട്ടില്ലെന്ന് 'മെറ്റ' വ്യക്തമാക്കിയിട്ടുമുണ്ട്.
തനിക്കെതിരെ വ്യാജം പ്രചരിപ്പിച്ചതിന് അമിത് മാളവ്യ വാർത്താ പോർട്ടലിനെതിരെ കേസ് കൊടുത്തിരിക്കുകയാണിപ്പോൾ. ഭരണകൂടം ഇതൊരവസരമായി കാണുന്നു എന്നാണ് സൂചന.
എന്നാൽ 'മെറ്റ'യുടെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പലപ്പോഴായി ഭരണപക്ഷ ചായ്വ് കാട്ടി എന്ന വസ്തുത ഇപ്പോഴും നിലനിൽക്കുന്നു. അക്കാര്യം വിവിധ മാധ്യമറിപ്പോർട്ടുകൾ മുമ്പേ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേപോലെ, യോഗി ആദിത്യനാഥിനെതിരായ പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കം ചെയ്തതിലെ യുക്തിരാഹിത്യവും നിലനിൽക്കുന്നു. ആദിത്യനാഥിന്റെ പ്രതിരൂപമുണ്ടാക്കി ഒരാൾ പൂജിക്കുന്നതായി കാണിക്കുന്ന വിഡിയോയെ പരിഹസിക്കുന്നതായിരുന്നു എടുത്തുകളഞ്ഞ പോസ്റ്റ്. ഇൻസ്റ്റഗ്രാം അത് നീക്കിയതാകട്ടെ അതിൽ നഗ്നതയും അശ്ലീലവും ഉണ്ടെന്നാരോപിച്ചും. തീർത്തും അടിസ്ഥാനരഹിതമാണല്ലോ ഈ ന്യായം.
ദ വയർ-മെറ്റ തർക്കം മാധ്യമപ്രവത്തന രംഗത്തെ ചതിക്കുഴികൾ ഒരിക്കൽകൂടി വെളിപ്പെടുത്തി. മാത്രമല്ല, മാധ്യമപ്രവർത്തനത്തിലെ പതിവ് പരിശോധനകൾക്കപ്പുറം ആഴത്തിലുള്ള സാങ്കേതികജ്ഞാനം കൂടി പുതുകാല വസ്തുതാപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും വ്യക്തമായി. പരിശോധിക്കാത്തതല്ല, സാങ്കേതിക വിവരത്തിന്റെ കുറവാണ് ദ വയറിനെ കുഴിയിൽ ചാടിച്ചത്.
മറ്റൊന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. ഒരു റിപ്പോർട്ട് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടാൽ എന്തൊക്കെ ചെയ്യണമെന്നതിന്റെ നല്ല മാതൃക ദ വയർ കാണിച്ചുതന്നു എന്നതാണത്. ആദ്യം റിപ്പോർട്ട് മരവിപ്പിച്ചു; പിന്നെ സ്വതന്ത്ര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോൾ അത് സമ്മതിച്ച് വാർത്ത പിൻവലിച്ചു; ഖേദം പ്രകടിപ്പിച്ചു. ഇത്തരം പിഴവ് ആവർത്തിക്കാതിരിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കുകയാണെന്നറിയിച്ചു. വിശദമായ പഠനങ്ങൾക്കുശേഷം തുടർനടപടികളുണ്ടാകുമെന്നും പ്രഖ്യാപിച്ചു. തെറ്റ് തുറന്നു സമ്മതിക്കുക എന്ന സംസ്കാരം, അതിനുള്ള ധൈര്യം ഇന്ന് ഒട്ടും നിസ്സാരമായി കാണേണ്ടതല്ല.
പക്ഷേ, മാളവ്യയുടെ പരാതിയിൽ പൊലീസ് അതിവേഗം നടപടിയെടുത്തു തുടങ്ങിയിരിക്കുന്നു. മാധ്യമപ്രവർത്തനത്തിനിടെ സംഭവിച്ചുപോയ മനപ്പൂർവമല്ലാത്ത അബദ്ധത്തിന്റെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ ഭീഷണിയാണ്.
തെളിയും മുമ്പേ കുറ്റവാളികൾ
ഒരുകാലത്ത് ദിവസങ്ങളോളം തലക്കെട്ടുകളിൽ പ്രകമ്പനം സൃഷ്ടിച്ച ചില വാർത്തകൾ വർഷങ്ങൾക്കുശേഷം അടിസ്ഥാനമില്ലാത്തതാണെന്ന് വെളിപ്പെടാം. അത്തരം സന്ദർഭങ്ങളിൽ, പഴയ വാർത്തകളുടെ പൊലിമ 'തിരുത്ത്' വാർത്തകൾക്ക് ഉണ്ടാകണമെന്നില്ല.
ചിലരെ കുറ്റവാളികളായി മുദ്രകുത്തുന്നതാകാം ആദ്യവട്ട വാർത്തകൾ. കുറ്റാരോപിതരായിട്ടല്ല, കുറ്റവാളികളായിത്തന്നെയാവും മാധ്യമങ്ങൾ അവരെ അവതരിപ്പിക്കുക. പിൽക്കാലത്ത് അവർ കുറ്റവാളികളല്ലെന്ന് സ്ഥാപിക്കപ്പെടുമ്പോഴാകട്ടെ അവ ചെറിയ വാർത്തകളായി ചുരുങ്ങും. 'കുറ്റവാളികൾ' നിരപരാധികളായിരുന്നു എന്ന വിവരം സമൂഹം അറിയാതെ പോകും.
2017ൽ ജനങ്ങളെ സാമുദായിക വിദ്വേഷത്തിലേക്ക് തള്ളിവിട്ട വാർത്തയായിരുന്നു കർണാടകയിൽ പരേഷ് മെസ്ത എന്ന യുവാവിന്റെ മരണം. അന്ന് കർണാടക ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. യുവാവിന്റെ മരണം ബി.ജെ.പി നന്നായി ഉപയോഗിച്ചു.
കായലിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ട ഹിന്ദു യുവാവിനെ മുസ്ലിം സംഘം കൊന്നതാണെന്ന് ഉഡുപ്പി-ചിക്കമഗളൂരു എം.പി ശോഭ കറന്ദ്ലാജ ആരോപിച്ചു; കൊന്നു എന്നു മാത്രമല്ല, അത് ചെയ്തത് ക്രൂരമായിട്ടാണ് എന്നും. 'ജിഹാദികൾ' അയാളെ വെട്ടിനുറുക്കി, തിളച്ച എണ്ണയിലിട്ടു എന്നെല്ലാം. മറ്റൊരു ബി.ജെ.പി എം.പി പറഞ്ഞത്, യുവാവിന്റെ ദേഹത്ത് പച്ചകുത്തിയിരുന്ന ശിവാജിയുടെ ചിത്രം എടുത്തുകളയാൻ കൊലയാളികൾ ചർമം പറിച്ചുകളഞ്ഞു എന്നാണ്.
വർഗീയവികാരവും രോഷവും ആളിക്കത്തിക്കാൻ ഇത് മതിയായിരുന്നു. ആവശ്യമായ പ്രചാരണം കന്നട മാധ്യമങ്ങൾ ഏറ്റെടുത്തു. പരേഷ് എങ്ങനെ കൊല്ലപ്പെട്ടു എന്നതിന്റെ വർണനകൾ ധാരാളം വന്നു. എണ്ണയിലിട്ടു, മർദിച്ചു, തലപൊട്ടിച്ചു എന്നെല്ലാം.
ജഡം പരിശോധിച്ച മണിപ്പാൽ കസ്തൂർബ ഹോസ്പിറ്റലിലെ ഫോറൻസിക് വിദഗ്ധൻ അന്നേ ആരോപണങ്ങളെല്ലാം തള്ളിയിരുന്നു. ഓരോ സംശയത്തിനും മറുപടി നൽകുകയും പരേഷ് മർദിക്കപ്പെടുകയോ തിളച്ച എണ്ണ ദേഹത്ത് തട്ടുകയോ ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തിരുന്നു.
പക്ഷേ, ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസരിച്ച വാർത്തകൾ വാർന്നുവീണു. ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ തടയാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് കഴിയുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
2018 മേയിൽ നടന്ന തെരഞ്ഞെുപ്പിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടാൻ ഈ പ്രചാരണങ്ങൾ വലിയൊരളവോളം കാരണമായി.
ഏതായാലും കഴിഞ്ഞമാസം നാലിന് സി.ബി.ഐ അവരുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരേഷ് മെസ്ത മുങ്ങിമരിച്ചതാണെന്നും അക്രമത്തിനിരയായതിന്റെ ഒരു ലക്ഷണവുമില്ലെന്നും അവർ വ്യക്തമാക്കി.
സംഭവം നടന്ന ഉടൻ പൊലീസ് പറഞ്ഞത് സി.ബി.ഐയും സ്ഥിരീകരിച്ചു എന്നർഥം. പക്ഷേ, അന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ച വർഗീയവിഷം ബാക്കിയായിരിക്കുന്നു.
മറ്റൊരു വാർത്ത, സ്ഫോടകവസ്തുക്കൾ കൈവശംവെച്ച കേസിൽ എൻ.ഐ.എ കോടതി തടിയന്റവിട നസീറിനെയും കുറ്റമുക്തനാക്കിയതാണ്. വിവിധ ഭീകരവാദ കേസുകളിൽ കുറ്റാരോപിതനും ചിലതിൽ ശിക്ഷിക്കപ്പെട്ടയാളുമാണ് നസീർ. എന്നാൽ, 2009ൽ ചാർജ് ചെയ്ത ഈ കേസിന് ഒരു തെളിവുപോലുമില്ലെന്ന് പറഞ്ഞാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. ഒരുനിലക്കും കുറ്റാരോപിതരുമായി ബന്ധപ്പെടുത്താനാവാത്ത ആരോപണങ്ങളുടെ പേരിൽ ഇനിയും കോടതിയുടെ സമയം പാഴാക്കിക്കൂടെന്നുകൂടി പ്രത്യേക ജഡ്ജി നിരീക്ഷിച്ചു.
നസീറിനെയും മറ്റും കിട്ടിയ അവസരങ്ങളിലെല്ലാം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന മാധ്യമങ്ങളിൽ ഈ കുറ്റമുക്തി വാർത്തക്ക് ഏറെയൊന്നും ഇടം കിട്ടിയില്ല. ഓൺലൈൻ മാധ്യമങ്ങളാണ് അക്കാര്യത്തിൽ ഭേദം.