Begin typing your search above and press return to search.
proflie-avatar
Login

അദൃശ്യഘാതകർ നൃത്തംവെക്കുന്ന ‘ശവ’സംസ്കാരം

അദൃശ്യഘാതകർ നൃത്തംവെക്കുന്ന ‘ശവ’സംസ്കാരം
cancel

‘‘ആ പുസ്തകം എനിക്കൊരു കടംവീട്ടലായിരുന്നു. അദൃശ്യഘാതകർ നൃത്തംെവച്ച ‘ശവ’സംസ്കാരത്തിനൊപ്പം നിശ്ശബ്ദനായി ജീവിച്ച കാലങ്ങൾക്ക് ഞാൻ നൽകേണ്ട നഷ്ടപരിഹാരം’’ ^മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമായ ലേഖക​ന്റെ ഒാർമ / അനുഭവമെഴുത്ത്​ തുടരുന്നു.അടിയന്തരാവസ്ഥക്കു ശേഷമുള്ള ആദ്യത്തെ കാമ്പസ് തലമുറക്ക് കടമ്മനിട്ടയും സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും കെ.ജി.എസുമായിരുന്നു കവികൾ. ഇടശ്ശേരിയും ആറ്റൂരും കക്കാടും അയ്യപ്പപ്പണിക്കരും മറ്റൊരു ധാരയിൽ പ്രിയപ്പെട്ടവരായുണ്ട്. കോവിലനും എം. സുകുമാരനും യു.പി. ജയരാജും പട്ടത്തുവിള കരുണാകരനുമൊക്കെയായിരുന്നു പ്രിയ കഥാകൃത്തുക്കൾ.കവിയൂർ...

Your Subscription Supports Independent Journalism

View Plans
‘‘ആ പുസ്തകം എനിക്കൊരു കടംവീട്ടലായിരുന്നു. അദൃശ്യഘാതകർ നൃത്തംെവച്ച ‘ശവ’സംസ്കാരത്തിനൊപ്പം നിശ്ശബ്ദനായി ജീവിച്ച കാലങ്ങൾക്ക് ഞാൻ നൽകേണ്ട നഷ്ടപരിഹാരം’’ ^മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമായ ലേഖക​ന്റെ ഒാർമ / അനുഭവമെഴുത്ത്​ തുടരുന്നു.

അടിയന്തരാവസ്ഥക്കു ശേഷമുള്ള ആദ്യത്തെ കാമ്പസ് തലമുറക്ക് കടമ്മനിട്ടയും സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും കെ.ജി.എസുമായിരുന്നു കവികൾ. ഇടശ്ശേരിയും ആറ്റൂരും കക്കാടും അയ്യപ്പപ്പണിക്കരും മറ്റൊരു ധാരയിൽ പ്രിയപ്പെട്ടവരായുണ്ട്. കോവിലനും എം. സുകുമാരനും യു.പി. ജയരാജും പട്ടത്തുവിള കരുണാകരനുമൊക്കെയായിരുന്നു പ്രിയ കഥാകൃത്തുക്കൾ.

കവിയൂർ ബാലന്റെ നേതൃത്വത്തിലുള്ള ‘ബൂർഷ്വാ ലിബറലുകളുടെ’ ടീം രാജി​െവച്ചൊഴിഞ്ഞശേഷം സിവിക് ചന്ദ്രന്റെ നേതൃത്വത്തിലുള്ള മറ്റൊരു ടീമാണ് പാർട്ടി പിന്തുണയോടെ ജനകീയ സാംസ്കാരിക വേദിയുടെ ചുമതലയേറ്റത്. 1981 നവംബറിൽ തൃശൂരിൽ െവച്ചു നടന്ന വിപ്ലവ വിദ്യാർഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ, വേദിയിൽ നടന്നതിന്റെ മറ്റൊരു തുടർച്ചയായിരുന്നു നടന്നത്. പാർട്ടി നേതൃത്വത്തിൽ ഉന്മൂലന സമരപാത അംഗീകരിക്കാത്ത ‘ബൂർഷ്വാ ലിബറലുകളെ’ ഭൂരിപക്ഷ തീരുമാനപ്രകാരംതന്നെ പുറത്താക്കി. ആർ.ഇ.സിയിലെ എം.ടെക് വിദ്യാർഥിയായിരുന്ന ഹരിദാസായിരുന്നു സെക്രട്ടറി. എന്നാൽ, ഹരിദാസും ടീമും രാജിെവച്ച ഒഴിവിൽ പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കാൻപോലും സമ്മേളനം കഷ്ടപ്പെട്ടു. പിന്നീട് പഴയ കമ്മിറ്റിയിലെ കുറച്ചുപേരെ പുതിയതിലും തൽക്കാലത്തേക്ക് നിലനിർത്തി ഒരിടക്കാല സമിതി ഉണ്ടാക്കിയാണ് സമ്മേളനം അവസാനിച്ചത്.

ഇ.വി. ഈച്ചരവാര്യരുടെ കൈയൊപ്പ് പതിഞ്ഞ ‘ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’

ഇ.വി. ഈച്ചരവാര്യരുടെ കൈയൊപ്പ് പതിഞ്ഞ ‘ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’

ഒരു തോറ്റ പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ തളർച്ചയിൽ തലതാഴ്ത്തി നിൽക്കുമ്പോഴാണ് സമാപന വേദിയിൽ രാജന്റെ ഓർമക്ക് സമർപ്പിച്ച് സച്ചിദാനന്ദൻ ‘നീതിയുടെ വൃക്ഷം’ എന്ന കവിത അവതരിപ്പിക്കുന്നത്. തോൽവിയുടെ പാതാളത്തിൽനിന്നും ഒരു തുമ്പ് നീട്ടിയ പ്രത്യാശയുടെ കൈപിടിച്ചു കയറ്റലായിരുന്നു അത്. ‘‘നീ മരിച്ചതിന് അവർക്ക് തെളിവുകളില്ല, പക്ഷേ നീ ജീവിച്ചിരുന്നതിന് ഞങ്ങൾക്ക് തെളിവുകളുണ്ട്’’ എന്ന് പാടി പ്രത്യയശാസ്ത്ര യുദ്ധത്തിൽ തോറ്റവരുടെ പേരുകൾ എണ്ണിപ്പറഞ്ഞപ്പോൾ അതൊരു അഭിവാദ്യംചെയ്യലായി വ്യാഖ്യാനിക്കപ്പെട്ടു. ടി.എൻ. ജോയിയും സേതുവും പൊതുസമ്മേളന വേദിക്ക് പുറത്ത് പരാജിതരെ സമാശ്വസിപ്പിക്കാനുണ്ടായിരുന്നതിനും അർഥങ്ങൾ കൽപിക്കപ്പെട്ടു.

കവിയൂർ ബാലൻ സെക്രട്ടറിയായ ജനകീയ സാംസ്കാരിക വേദിയും ഹരിദാസ് സെക്രട്ടറിയായ വിപ്ലവ വിദ്യാർഥി സംഘടനയും ഇല്ലാതായെങ്കിലും ആ ധാരകൾക്ക് ഒപ്പം നിന്ന വിത്തുകൾ പിന്നെയും പാതാളത്തിൽനിന്നും പല സ്വരങ്ങൾ കേൾപ്പിച്ച് പൊട്ടിമുളച്ചു.

രാജന്റെ കൊലയാളികളെ കോടതി വെറുതെവിട്ട സാഹചര്യത്തിലാണ് സച്ചിദാനന്ദൻ ‘നീതിയുടെ വൃക്ഷം’ എഴുതുന്നത്. നവംബർ സമ്മേളനം കഴിഞ്ഞ് ഡിസംബറിലാണ് കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിക്കുന്നത്. പക്ഷേ, വ്യക്തിപരമായി അതൊരു ഒരായുഷ്കാല ബാധ്യത കൂടിയായിരുന്നു. പിന്നെ ഓരോ മാർച്ച് 2ന് രാജന്റെ ഓർമദിനം എത്തുമ്പോഴും നേടാനാവാതെ പോയ നീതി ഒരു കുറ്റബോധമായി ഹൃദയത്തിൽ അടിഞ്ഞുകൂടി.

‘മരിച്ചാലും ഞങ്ങൾ മറക്കുകില്ല’ എന്ന കവിതയുടെ അടയാളപ്പെടുത്തലിലൂടെ അത് എക്കാലവും ഓർമയിൽ കൊണ്ടു നടക്കാനായി വിധിക്കപ്പെടുകയും ചെയ്തു. മറവിയുടെ ഓരോ കോണിലും ആ കവിത ഒരു ചോദ്യചിഹ്നമായി ഓർമപ്പെടുത്തിക്കൊണ്ടേയിരുന്നു: ‘‘മറക്കരുതേ’’ എന്ന നിലവിളിയായി. രാജനെ ഓർക്കുക എന്നാൽ ദുരധികാരങ്ങൾ ​െവച്ചുനീട്ടുന്ന ഇരുട്ടിൽ മുങ്ങാതിരിക്കുക എന്നുതന്നെയായിരുന്നു.

മാർച്ച് 2 വാസ്തവത്തിൽ രാജന്റെ കൊലപാതക ദിനമാണ്. അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട ഈച്ചരവാര്യരുടെ മകന്റെ ഓർമദിവസം എന്നത് അതിന്റെ മൃദുഭാഷ്യം മാത്രം. കൊലപാതകികൾക്കൊപ്പം നിശ്ശബ്ദരായി ജീവിക്കേണ്ടിവരുന്ന സംസ്കാരമാണ് നമ്മുടേത്. രാജനെ കൊന്ന് കുഴിച്ചുമൂടിയവരും അതറിയുന്നവരും എവിടെയെന്നറിയാതെ നമ്മുടെ സംസ്കാരത്തിൽ പതിയിരിപ്പുണ്ട് എന്ന അറിവ് ഭീകരമാണ്. നിശ്ശബ്ദമായ ഒരു ‘ശവ’സംസ്കാരത്തിന്റെ ഭാഗമായിരിക്കൽതന്നെയാണ് ഈ ജീവിതം.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ച സച്ചിദാനന്ദന്റെ ‘നീതിയുടെ വൃക്ഷം’

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ച സച്ചിദാനന്ദന്റെ ‘നീതിയുടെ വൃക്ഷം’

ചിന്താശൂന്യതകൊണ്ട് നാം അതിനെ അതിജീവിക്കുന്നു എന്നു മാത്രം. ‘‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’’ എന്ന് പണ്ട് ചിന്ത രവീന്ദ്രൻ ചൂണ്ടിക്കാട്ടിയതുപോലെ. അധികാരങ്ങൾക്ക് വളമായി മാറും എല്ലാ നിശ്ശബ്ദതകളും.

‘‘പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടുംനിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

ഞാന്‍ വാതിലടക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരുകാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ’’ (ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍നിന്ന്).

വർഗീസിന്റെ മരണത്തിന് സാക്ഷി പറയാൻ ഒരു രാമചന്ദ്രൻ നായർ ഉണ്ടായതുപോലെ രാജന്റെ മരണത്തിന് സാക്ഷി പറയാൻ ഒരു വെളിച്ചപ്പാട് ഇല്ലാതെ പോയി എന്നത് മറക്കാനാവില്ല. എല്ലാവരും അധികാരത്താൽ നിശ്ശബ്ദരാക്കപ്പെട്ടു എന്ന് കരുതാനാകുമോ? അത്ര ഭയാനകമോ ഈ നിശ്ശബ്ദതയുടെ ഗൂഢാലോചന? ഈ നീണ്ട തോൽവികൾക്ക് മേലാണ് നീതിയുടെ വൃക്ഷങ്ങൾ ഇന്നും കാത്തിരിപ്പ് തുടരുന്നത്.

ഈച്ചരവാര്യർ ഉന്നയിച്ച ചോദ്യങ്ങൾ അടിയന്തരാവസ്ഥയിൽ മാത്രമല്ല, ദുരധികാരങ്ങൾക്ക് ഇരയായി അദൃശ്യരാകുന്ന എല്ലാ മക്കൾക്കും വേണ്ടിയുള്ള വേദനയുടെ ലാവയാണത്. അതിന്നും കാത്തിരിക്കുകയാണ്: രാജനെ ചുട്ടുകരിച്ച് കക്കയത്തെ ഉരക്കുഴിയിൽ തള്ളിയതാണെങ്കിൽ അതാരൊക്കെ ചേർന്നാണ് എന്ന ചോദ്യത്തിനുള്ള ഉത്തരവും കാത്ത്. അപരിഹാര്യമായ കാത്തിരിപ്പിന്റെ മുഴക്കമാണത് കേൾപ്പിക്കുന്നത്.

മകനുവേണ്ടി ഓർമയുടെ സ്മാരകം നിർമിച്ച ആ അച്ഛനെ തൃശൂരിലെ വീട്ടിൽ ചെന്നു കണ്ട് ഞാനും ദീദിയും മുക്തയും കാൽ തൊട്ടു വന്ദിച്ചിട്ടുണ്ട്. അതൊരു മാപ്പപേക്ഷയായിരുന്നു. ജീവിച്ചിരിക്കെ ആ മനുഷ്യന്റെ ചോദ്യത്തിന് ഒരുത്തരവും കണ്ടെത്തി കൊടുക്കാതെ പോയതിനുള്ള മാപ്പപേക്ഷ. മടങ്ങുമ്പോൾ തന്റെ പുസ്തകത്തിന്റെ ഒരു കോപ്പി ഈച്ചരവാര്യർ ഒപ്പിട്ട് മുക്തക്ക് നൽകി. ഞങ്ങൾ പൊയ്ക്കഴിഞ്ഞാലും ‘‘മറക്കരുത്’’ എന്ന ഓർമപ്പെടുത്തലായി.

രാജന്റെ കൊലപാതക വാർത്തയുമായി പുറത്തിറക്കിയ പത്രം 

രാജന്റെ കൊലപാതക വാർത്തയുമായി പുറത്തിറക്കിയ പത്രം 

പതിറ്റാണ്ടുകൾ പിന്നിട്ട് ‘പാതാളക്കരണ്ടി’ എഴുതാനിരുന്നപ്പോൾ അതിന്റെ അടിയൊഴുക്കായി വന്ന വേദനകളിലൊന്ന് രാജന്റെ ഓർമയായിരുന്നു. യാത്ര പറയുമ്പോൾ ജനാലക്കരികിൽ കാത്തിരിപ്പിന്റെ നിശ്ചലരൂപമായിരുന്ന ഈച്ചരവാര്യരുടെ മുഖമായിരുന്നു. എഴുതിത്തീർന്ന പുസ്തകത്തിന്റെ അവതാരിക എന്തായിരിക്കും എന്നാലോചിച്ചപ്പോൾ ഒന്നേ മനസ്സിലേക്ക് വന്നുള്ളൂ: മറക്കരുത് എന്ന് വിധിച്ച കവിത: ‘നീതിയുടെ വൃക്ഷം’.

കവിയോട് എഴുതി ചോദിച്ചു, എഴുതേണ്ടതില്ലാത്ത ഒസ്യത്തിന്റെ അവകാശിയായി ‘നീതിയുടെ വൃക്ഷം’ അവതാരികയായി എടുത്തോട്ടെ എന്ന്. ‘‘ശ്മശാനമായി മാറിയ ദില്ലിയുടെ അശാന്തമായ മഞ്ഞുകാറ്റിൽ’’ തത്സമയം മറുപടി വന്നു: ‘‘സന്തോഷം’’ എന്ന്. കോവിഡായിരുന്നു ലോകത്തപ്പോൾ. ഒരുപക്ഷേ സച്ചിദാനന്ദൻ വായിക്കാതെ അവതാരിക എഴുതിയ ഏക പുസ്തകമാവും അത്. ആ പുസ്തകം എനിക്കൊരു കടം വീട്ടലായിരുന്നു. അദൃശ്യഘാതകർ നൃത്തം ​െവച്ച ‘ശവ’സംസ്കാരത്തിനൊപ്പം നിശ്ശബ്ദനായി ജീവിച്ച കാലങ്ങൾക്ക് ഞാൻ നൽകേണ്ട നഷ്ടപരിഹാരം.

 (തുടരും)


News Summary - premchand column kalantharam