കേരളം വേണ്ടവിധം സി. അച്യുതമേനോനെ അംഗീകരിച്ചിട്ടുേണ്ടാ?
അടിയന്തരാവസ്ഥയുടെ പേരിൽ, രാഷ്ട്രീയ ചരിത്രത്തിൽ പ്രതിനായക സ്ഥാനത്താണ് സി. അച്യുതമേനോനെ പലരും വിലയിരുത്തുന്നത്. കേരളം വേണ്ടവിധം സി. അച്യുതമേനോനെ അംഗീകരിച്ചിട്ടുേണ്ടാ?ചോദ്യം മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റേതാണ്. ‘‘നമ്മുടെ ജനപ്രതിനിധികൾ ഒരു വരേണ്യവർഗമായി തീർന്നിട്ടില്ലേ?’’ എന്ന് എൺപതുകളുടെ തുടക്കത്തിലാണ് അദ്ദേഹം ഉന്നയിച്ചത്. 1984 സെപ്റ്റംബറിൽ കൊടുങ്ങല്ലൂർ പൗരാവകാശ സമിതിക്കുവേണ്ടി ടി.എൻ. ജോയ് അവതാരിക എഴുതി അത് പിന്നീട് ഒരു കൊച്ചു ലഘുരേഖയായി പുറത്തിറങ്ങി. ജോയ് അയച്ചുതന്ന കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നു. 39 വർഷം പിന്നിട്ടിട്ടും ആ ചോദ്യം ഒരശരീരിയായി...
Your Subscription Supports Independent Journalism
View Plansഅടിയന്തരാവസ്ഥയുടെ പേരിൽ, രാഷ്ട്രീയ ചരിത്രത്തിൽ പ്രതിനായക സ്ഥാനത്താണ് സി. അച്യുതമേനോനെ പലരും വിലയിരുത്തുന്നത്. കേരളം വേണ്ടവിധം സി. അച്യുതമേനോനെ അംഗീകരിച്ചിട്ടുേണ്ടാ?
ചോദ്യം മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റേതാണ്. ‘‘നമ്മുടെ ജനപ്രതിനിധികൾ ഒരു വരേണ്യവർഗമായി തീർന്നിട്ടില്ലേ?’’ എന്ന് എൺപതുകളുടെ തുടക്കത്തിലാണ് അദ്ദേഹം ഉന്നയിച്ചത്.
1984 സെപ്റ്റംബറിൽ കൊടുങ്ങല്ലൂർ പൗരാവകാശ സമിതിക്കുവേണ്ടി ടി.എൻ. ജോയ് അവതാരിക എഴുതി അത് പിന്നീട് ഒരു കൊച്ചു ലഘുരേഖയായി പുറത്തിറങ്ങി. ജോയ് അയച്ചുതന്ന കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നു. 39 വർഷം പിന്നിട്ടിട്ടും ആ ചോദ്യം ഒരശരീരിയായി മുഴങ്ങുന്നത് കേൾക്കാതിരിക്കാനാവില്ല.
ഒറ്റത്തവണ ഏറ്റവും ദീർഘകാലം കേരളം ഭരിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് സി. അച്യുതമേനോൻ. രണ്ട് മന്ത്രിസഭകളിലായി 1969 മുതൽ 1977 വരെ അദ്ദേഹം കേരളം ഭരിച്ച കാലത്തിൽ അടിയന്തരാവസ്ഥയുടെ 20 മാസവും ഉൾപ്പെടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അടിയന്തരാവസ്ഥയിൽ കേരളം എങ്ങനെ കഴിഞ്ഞുകൂടി എന്നതിന്റെ ഒരു വസ്തുതാപഠനം സി.പി.ഐ നടത്തിയതായി കണ്ട ഓർമയില്ല. ഉണ്ടെങ്കിൽ പൊറുക്കണം. സി.പി.ഐ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ, അക്കാലത്തെ അച്യുതമേനോൻ ഭരണം എന്തായിരുന്നു എന്ന് പഠിച്ച് ഒരു പുസ്തകമായി ഭാവി തലമുറക്കായി സമാഹരിക്കേണ്ടത് സി.പി.ഐയുടെ കൂടി ഉത്തരവാദിത്തമായിരുന്നു. ഇപ്പോഴും ആ പാർട്ടി ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത് അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ ഭരണത്തിലിരുന്നു എന്നതിന്റെ പേരിലാണ്. അപ്പോൾ തിരുത്തിന്റെ പാഠപുസ്തകം സി.പി.ഐയുടെ കൈകളിൽ ഉണ്ടാകേണ്ടതായിരുന്നു.
സി.പി.ഐയെ വേട്ടയാടുന്നത് രാജന്റെ ഓർമതന്നെയാകും. ‘‘ഞാനിനി തന്റെ മകനെ അന്വേഷിച്ച് ഒരു തോർത്തും തോളത്തിട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷൻ കയറി ഇറങ്ങണോ?’’ എന്ന് രാജന്റെ അച്ഛനും സുഹൃത്തുമായ ഈച്ചരവാര്യരോട് പറഞ്ഞുപോയതിൽ സി. അച്യുതമേനോൻ തന്നോടുതന്നെ പൊറുത്തിരിക്കാൻ ഇടയില്ല. ‘‘അധികാരം ഒരു കമ്യൂണിസ്റ്റ് നേതാവിനുണ്ടാക്കിയ മാറ്റം അന്നത്തെ എന്നെ സംബന്ധിച്ചിടത്തോളം വിചിത്രവും അജ്ഞാതവുമായിരുന്നു’’ എന്ന ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകളി’ലെ വാക്കുകൾ അദ്ദേഹത്തെ വേട്ടയാടിയിരിക്കും.
1991 ആഗസ്റ്റ് 16ന് സി. അച്യുതമേനോൻ വിടപറഞ്ഞു. ബർലിൻ മതിൽ ഇല്ലാതായിട്ടുണ്ടപ്പോൾ. സോവിയറ്റ് യൂനിയൻ ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 32 വർഷം പിന്നിടുന്നു ആ വിടവാങ്ങലിന്. 64 വയസ്സിൽ അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങിയിട്ടുണ്ട്. ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഒരാത്മകഥ അദ്ദേഹം എഴുതിയില്ല. ഒരുപക്ഷേ രാജന്റെ മരണം തന്നെയാവാം ആ മൗനത്തിന്റെ അടിസ്ഥാനം. അത്തരമൊരു തുറന്നുപറച്ചിൽ സംഭവിക്കാതെ പോയത് ഒരു നഷ്ടംതന്നെയാണ്.
1984ൽ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് ഇല്ലാതായിട്ടില്ലെങ്കിലും ചിന്താപ്രതിസന്ധികളാൽ ദുർബലമായതുകൊണ്ടാണ് ടി.എൻ. ജോയ് കൊടുങ്ങല്ലൂർ പൗരാവകാശ സമിതിയുടെ പേരിൽ അച്യുതമേനോന്റെ ലഘുരേഖ പ്രസിദ്ധീകരിക്കുന്നത്. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാൻ ആയിരുന്നു അത്തരം ചിന്താപ്രയോഗ പദ്ധതികൾ. അച്യുതമേനോന്റെ ലഘുരേഖ പ്രസിദ്ധീകരിക്കുക എന്നത് അന്നത്തെ ജോയിയുടെ രാഷ്ട്രീയ തീരുമാനമായിരുന്നു. അക്കാര്യത്തെക്കുറിച്ച് ജോയിയുമായി നടത്തിയ ദീർഘസംവാദം ഞാനോർക്കുന്നു. വ്യക്തിപരമായി അച്യുതമേനോനോടുള്ള എന്റെ നിലപാട് തിരുത്തുന്നത് ആ സംവാദമാണ്.
‘‘ചന്ദൂ, അടിയന്തരാവസ്ഥ നിനക്ക് വെറുമൊരു കേട്ടനുഭവം മാത്രമാണ്. എനിക്കത് നേരനുഭവമാണ്. ഒരിക്കലും അണയാത്ത വെളിച്ചം നിറച്ച മുറിയിൽ മുഖമില്ലാത്ത പൊലീസുകാർ തല്ലിച്ചതച്ചിട്ട മുറിയിൽ കണ്ണടച്ചു കിടക്കുമ്പോൾ, കണ്ണു തുറക്കുന്നത് കൊടുങ്ങല്ലൂർ റൗണ്ടിലെ ബസ് സ്റ്റോപ്പിലേക്കാകണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ദൂരെ കേൾക്കുന്ന ശബ്ദങ്ങൾ െവച്ച് സമയം രാവിലെയോ രാത്രിയോ എന്ന് കണക്കാക്കി കണ്ണു തുറക്കുമ്പോൾ അത് ജയിൽവെളിച്ചത്തിലേക്ക് മാത്രമാണെന്നും രാവിലെയോ രാത്രിയോ അല്ലെന്നറിയുമ്പോൾ പൊടിഞ്ഞുപോകുന്ന ഈഗോയും ജയിലനുഭവമാണ്. ഇതൊക്കെ അച്യുതമേനോൻ ചെയ്യിച്ചതാണ് എന്ന് ഞാൻ കരുതുന്നേയില്ല. അതുപോലെത്തന്നെ രാജനെ കൊന്നതും അച്യുതമേനോനല്ല. അങ്ങനെ വിശ്വസിച്ച് നമുക്ക് ഇടതുപക്ഷത്തു നിന്ന് സൈദ്ധാന്തിക പ്രയോഗം നടത്താനുമാകില്ല.’’
അച്യുതമേനോനെ രാജൻ കേസിന്റെ വെളിച്ചത്തിൽ മാത്രം ചുരുക്കിക്കണ്ടിരുന്ന കാഴ്ചയെ തിരുത്തുകയായിരുന്നു ആ ഇടപെടലിലൂടെ ടി.എൻ. ജോയ് ചെയ്തത്. ജയിലിൽനിന്നും പുറത്തുവന്ന ജോയ് അച്യുതമേനോനുമായി നിരന്തരമായ രാഷ്ട്രീയ സംവാദം നടത്തിയിരുന്നു. ഒരുപക്ഷേ ‘വരേണ്യത’ ലഘുരേഖ ആ സംവാദങ്ങളുടെ തുടർച്ചയാകാം. അത് പ്രസിദ്ധീകരിക്കുന്നതിനുള്ള അനുവാദം നൽകുമ്പോൾ അതിൽ ഒരു തിരുത്തൽ വരുത്താനുള്ള സ്വാതന്ത്ര്യവും അച്യുതമേനോൻ ജോയിക്ക് നൽകുന്നുണ്ട്. അത് അവതാരികയിലുണ്ട്:
‘‘ഈ ലേഖനത്തിന്റെ പ്രസിദ്ധീകരണത്തിനായി ഞങ്ങളെഴുതിയ കത്തിന് അച്യുതമേനോൻ 2.8.1984ന് ഇങ്ങനെ പ്രതികരിച്ചു: ‘തലവെട്ടി രാഷ്ട്രീയം എന്ന പ്രയോഗം സ്വാഭിപ്രായമായിതന്നെ പ്രയോഗിച്ചതാണെങ്കിൽ കൂടി, നിങ്ങൾ നിർദേശിച്ച ഭേദഗതിക്ക് അതിന്റെ മൂർച്ച കിട്ടുകയില്ലെങ്കിലും, നിങ്ങൾ പറഞ്ഞപോലെ മാറ്റി പ്രസിദ്ധീകരിക്കുന്നതിന് വിരോധമില്ല.’ ഇതിന്റെ അടിസ്ഥാനത്തിൽ ‘തലവെട്ടി രാഷ്ട്രീയം’ എന്നത് ‘നിയമനിർമാണസഭകളിൽ വിശ്വാസമില്ലാത്ത സി.പി.ഐ എം.എൽ ഗ്രൂപ്പുകളുടെ രാഷ്ട്രീയം’ എന്നാക്കി തിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങളെടുക്കുന്നു.’’
ബാബരി മസ്ജിദിന്റെ പൊളിച്ചടുക്കലിനെ മുൻനിർത്തി എൻ.എസ്. മാധവൻ എഴുതിയ വിഖ്യാതമായ ‘തിരുത്ത്’ എന്ന കഥയിലെ പത്രാധിപർ ചുല്യാറ്റിന്റെ ഇടപെടൽപോലൊരു പ്രത്യയശാസ്ത്രപരമായ ഒരു തിരുത്താണ് ജോയ്, അച്യുതമേനോന്റെ ലേഖനത്തിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ നടത്തുന്നത്.
‘‘നിയമസഭയും പാർലമെന്റും തൊഴിലാളി വർഗത്തിന്റെ സമരമുഖമാകണമെന്ന പക്ഷക്കാരനാണ് സി. അച്യുത മേനോൻ. ജനപ്രതിനിധികളെപ്പറ്റിയുള്ള ഈ ലേഖനവും ആ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് എഴുതിയിട്ടുള്ളത്. ഇക്കാരണത്താലല്ല ഈ ലേഖനം പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തത്. കേരള മുഖ്യമന്ത്രി എന്നനിലയിലും, ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എന്ന നിലയിലുമുള്ള സ്വന്തം അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘നമ്മുടെ ജനപ്രതിനിധികൾ ഒരു വരേണ്യവർഗമായിത്തീരുന്നുവോ’ എന്ന് അദ്ദേഹം ചോദിക്കുന്നു –അത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഇതുവരെ നടന്നിട്ടില്ലാത്തതുകൊണ്ട് ഈ ലേഖനം അത്തരം ഗവേഷണ പ്രവർത്തനങ്ങൾക്കുകൂടി തുടക്കം കുറിക്കുമെന്നും ഞങ്ങൾ കരുതുന്നു. ഈ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത് നമ്മുടെ ജനപ്രതിനിധികൾ മറന്നുപോയോ എന്ന് അച്യുതമേനോൻ സൂചിപ്പിക്കുന്നു’’ –ജോയ് ആമുഖത്തിൽ ചൂണ്ടിക്കാട്ടുന്നത് ഇന്നും പ്രസക്തമാണ്.
‘‘1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ ആ മന്ത്രിസഭയുടെ പ്രവർത്തനം ദേശീയ സ്വാതന്ത്ര്യ സമരത്തിൽനിന്നുയിർകൊണ്ട പല നല്ല പാരമ്പര്യങ്ങളും നിലനിർത്തിയിരുന്നു. അന്ന് കമ്യൂണിസ്റ്റ് മന്ത്രിമാർ എല്ലാവരും മാസം മൂന്നൂറ്റമ്പത് രൂപമാത്രമാണ് ശമ്പളം പറ്റിക്കൊണ്ടിരുന്നത്. നിയമപ്രകാരം അഞ്ഞൂറു രൂപവരെ വാങ്ങിക്കാൻ വ്യവസ്ഥയുണ്ടായിട്ടുപോലും... അവിടെനിന്നൊക്കെ നാം എത്രയോ ദൂരം പോന്നു! എത്ര ദൂരം എന്നറിയണമെങ്കിൽ ഇപ്പോഴത്തെ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം, അലവൻസ് മുതലായവ ക്രമീകരിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ നോക്കിയാൽമാത്രം മതി. പ്രസ്തുത ബിൽ പാസാക്കിയെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ്-കമ്യൂണിസ്റ്റ്-ജനതാ-ലീഗ് എന്നു തുടങ്ങിയ വ്യത്യാസങ്ങളോ ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമോ ഇല്ലായിരുന്നുവെന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല’’ – സി. അച്യുതമേനോൻ ഓർക്കുന്നു.
‘‘നമ്മുടെ എം.എൽ.എമാരെയും എം.പിമാരെയും എല്ലാം പൊതുവെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണമാണ്. ആരോഗ്യം എന്താണെന്നു ചോദിച്ചാൽ അവർ ജനപ്രതിനിധികളോ ജനസേവകന്മാരോ ആകുന്നതിന് പകരം ജനങ്ങളുടെ മേൽ അധികാരം നടത്തുന്ന ഒരു പ്രത്യേക വർഗമായിത്തീർന്നുകൊണ്ടിരിക്കുന്നു’’ –അച്യുതമേനോൻ കൃത്യമായാണ് രോഗം ചൂണ്ടിക്കാട്ടിയത്. 1984ൽ ടി.എൻ. ജോയ് അത് വീണ്ടും പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ട് നാലു പതിറ്റാണ്ടാകുന്നു.
‘‘ചിലർ കൂടുതൽ തുല്യരാണ്’’ എന്ന് ജോർജ് ഓർവെൽ ചൂണ്ടിക്കാട്ടിയ കാലത്തെ വഹിക്കുന്നു ‘1984’. ഉണ്ടാകും എന്ന് അച്യുതമേനോൻ കരുതിയ തിരുത്തോ ടി.എൻ. ജോയ് കരുതിയ പഠനമോ ഉണ്ടായോ എന്ന ചോദ്യം ഇവിടെ കൂടുതൽ പ്രസക്തം.
അച്യുതമേനോന്റെ മുദ്ര പതിഞ്ഞ സ്ഥാപനങ്ങള്‍
1. കെ.എസ്.എഫ്.ഇ
2. കെ.എം.എം.എല്‍, ചവറ
3. സപ്ലൈകോ
4. ഔഷധി
5. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്
6. റീജനല്‍ കാന്‍സര്‍ സെന്റര്‍
7. സ്റ്റീല്‍ കോംപ്ലക്സ് ലിമിറ്റഡ്, കോഴിക്കോട്
8. കേരള അര്‍ബന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍
9. ബാംബൂ കോര്‍പറേഷന്‍
10. ഹൗസിങ് ബോര്‍ഡ്
11. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്
12. ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍, തിരുവനന്തപുരം
13. എസ്.എഫ്.സി.കെ പുനലൂര്‍
14. കെല്‍ട്രോണ്‍
15. കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോര്‍ എസ്.സി/എസ്.ടി
16. കേരള ലാന്‍ഡ് െഡവലപ്മെന്റ് കോര്‍പറേഷന്‍
17. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്
18. മീറ്റ് പ്രൊഡക്ട്സ് ഇന്ത്യ ലിമിറ്റഡ്
19. കാംകോ, ആലുവ
20. കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ്, കണ്ണൂര്‍
21. കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്
22. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്
23. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍
24. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍
25. സീതാറാം ടെക്സ്റ്റൈല്‍സ്, തൃശൂര്‍
26. കേരള സ്റ്റേറ്റ് ഫിഷറീസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍
27. കെല്‍ട്രോണ്‍ മാഗ്നറ്റിക് ലിമിറ്റഡ്
28. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍
29. കെല്‍ട്രോണ്‍ റെസിസ്റ്റേഴ്സ് ലിമിറ്റഡ്
30. ലൈവ് സ്റ്റോക് ഡെവലപ്മെന്റ് ബോര്‍ഡ്
31. ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍
32. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, പുനലൂര്‍
33. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്സ് ട്രേഡിങ് കോര്‍പറേഷന്‍
34. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്
35. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
36. കേരള കാര്‍ഷിക സര്‍വകലാശാല
37. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
38. കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്
39. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
40. സി.ഡി.എസ്
41. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്
42. റീജനല്‍ റിസര്‍ച് ലബോറട്ടറീസ്
43. കേരള സ്റ്റേറ്റ് ഫിലിം െഡവലപ്മെന്റ് കോര്‍പറേഷന്‍
44. ചിത്രാഞ്ജലി സ്റ്റുഡിയോ
45. ശ്രീചിത്ര മെഡിക്കല്‍ സെന്റർ
സി. അച്യുതമേനോൻ
കേരളത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും മുഖ്യമന്ത്രിയും സാഹിത്യകാരനുമായ ചേലാട്ട് അച്യുതമേനോൻ എന്ന സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് മഠത്തിൽ വീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ലോ കോളജില്‍നിന്ന് നിയമത്തില്‍ ബിരുദം നേടി. തൃശൂര്‍ കോടതിയില്‍ അൽപകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.
1942ല്‍ അദ്ദേഹം സി.പി.ഐയില്‍ അംഗമായി. 1943ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ നാലുവര്‍ഷത്തിലേറെ ഒളിവില്‍ കഴിയേണ്ടിവന്നു. 1952ല്‍ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957ലും 1960ലും 1970ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയിച്ചു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യമന്ത്രി ആയിരുന്നു. 1968ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969 നവംബര്‍ 1 മുതല്‍ 1970 ആഗസ്റ്റ് 1 വരെയും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെയും കേരള മുഖ്യമന്ത്രിയായിരുന്നു. നിയമസഭാംഗമല്ലാത്തൊരാളും രാജ്യസഭാംഗവുമായ ഒരാൾ കേരള മുഖ്യമന്ത്രിയാകുന്നത് സി. അച്യുതമേനോനാണ്.
‘സോവിയറ്റ് നാട്’, ‘കിസാന്‍ പാഠപുസ്തകം’, ‘കേരളം പ്രശ്‌നങ്ങളും സാധ്യതകളും’, ‘സ്മരണയുടെ ഏടുകള്‍’, ‘വായനയുടെ ഉതിര്‍മണികള്‍’, ‘ഉപന്യാസ മാലിക’, ‘പെരിസ്‌ട്രോയിക്കയും അതിന്റെ തുടര്‍ച്ചയും’, ‘മനുഷ്യന്‍ സ്വയം നിർമിക്കുന്നു’ (വിവര്‍ത്തനം), ‘എന്റെ ബാല്യകാല സ്മരണകള്‍’ (ആത്മകഥ) എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ‘എന്റെ ബാല്യകാല സ്മരണകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1978) സോവിയറ്റ് ലാൻഡ് നെഹ്റു അവാര്‍ഡും ലഭിച്ചു.
1957ലെ ആദ്യ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക തയാറാക്കാൻ നേതൃത്വം കൊടുത്തത് അച്യുതമേനോനായിരുന്നു. 1970ൽ ഭൂപരിഷ്‍കരണ നിയമം നടപ്പാക്കി –1971ൽ സ്വകാര്യ വനം ദേശവത്കരിച്ചു. 1972ൽ കേരള ഭൂപരിഷ്‍കരണ ഭേദഗതി ബിൽ, സ്വകാര്യ വനനിയമം പാസാക്കി.
തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് പ്രജകളിൽനിന്നും നെല്ലും അരിയും കൈപ്പറ്റിയിരുന്നത് 1976ൽ നിർത്തലാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി നിയമം മാറ്റപ്പെടുത്തി. പൊതു ആരോഗ്യമേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചു. മെഡിക്കൽ കോളജുകൾ, 500ലധികം വരുന്ന ഹെൽത്ത് സെന്ററുകൾ, കായൽ ദേശവത്കരണം, പൊതുവിദ്യാഭ്യാസ സമ്പ്രദായം, പൊതുവിതരണ മേഖല തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പാക്കി.
ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, കേരള കാർഷിക സർവകലാശാല, വന ഗവേഷണ കേന്ദ്രം, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സി.ഡബ്ല്യു.ആർ.ഡി.എം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആരംഭിച്ചത്. 1991 ആഗസ്റ്റ് 16ന് അന്തരിച്ചു.
(കടപ്പാട്: സി. അച്യുതമേനോൻ സ്മാരക സ്റ്റഡി സെന്റർ)
(തുടരും)