മരങ്ങൾ മറയുന്ന വഴികൾ
കോഴിേക്കാടിന്റെ സാംസ്കാരിക ലോകത്ത് പലതരം ഇടപെടലുകൾ നടത്തിയവരിൽ ഒരാളാണ് പൊറ്റങ്ങാടി ഭാസ്കരൻ. എഴുത്തിന്റെ ചരിത്രത്തിൽനിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായ, വല്യച്ഛൻകൂടിയായ അദ്ദേഹത്തെ ഒാർക്കുകയാണ് ലേഖകൻ.മരം എന്നാൽ എല്ലാം മരിക്കുന്നത് എന്നർഥമുണ്ട് എന്ന് പണ്ട് എവിടെയോ വായിച്ചത് ഓർക്കുന്നു. കുട്ടിക്കാലത്ത് കണ്ടു വളർന്ന മരങ്ങളൊന്നും ഇന്നില്ല. കോഴിക്കോട് പടിഞ്ഞാറെ...
Your Subscription Supports Independent Journalism
View Plansകോഴിേക്കാടിന്റെ സാംസ്കാരിക ലോകത്ത് പലതരം ഇടപെടലുകൾ നടത്തിയവരിൽ ഒരാളാണ് പൊറ്റങ്ങാടി ഭാസ്കരൻ. എഴുത്തിന്റെ ചരിത്രത്തിൽനിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായ, വല്യച്ഛൻകൂടിയായ അദ്ദേഹത്തെ ഒാർക്കുകയാണ് ലേഖകൻ.
മരം എന്നാൽ എല്ലാം മരിക്കുന്നത് എന്നർഥമുണ്ട് എന്ന് പണ്ട് എവിടെയോ വായിച്ചത് ഓർക്കുന്നു. കുട്ടിക്കാലത്ത് കണ്ടു വളർന്ന മരങ്ങളൊന്നും ഇന്നില്ല. കോഴിക്കോട് പടിഞ്ഞാറെ നടക്കാവിലെ അച്ഛന്റെയും തിരുവണ്ണൂരിലെ അമ്മയുടെയും വീടുകൾ പലതരം മരങ്ങൾക്കിടയിലായിരുന്നു. ഇന്ന് കണ്ടുകിട്ടാത്ത മുരിക്ക്, ഇലഞ്ഞി, ചേര്, നാഗമല്ലി, ബിലാത്തി മാങ്ങ, കോമാങ്ങ, ശീമക്കൊന്ന, ആത്തച്ചക്ക, പേരക്ക, ചതുരനെല്ലി, മഹാഗണി... അങ്ങനെ എത്രയോ മരങ്ങൾ. പക്ഷികളെ കണ്ടു പഠിച്ചത് ആ മരങ്ങളിൽനിന്നാണ്. നാകമോഹപ്പക്ഷികൾ (paradise fly catcher) സ്ഥിരമായി എത്തിയിരുന്ന കാലമുണ്ടായിരുന്നു. ചിതലകളും മൈനകളും കടവാതിലുകളുമൊക്കെ സ്ഥിരമായിരുന്നു. മഴ തോർന്നാലും മരങ്ങൾ പെയ്തിരുന്ന കുട്ടിക്കാലത്തെ ആ മരങ്ങൾ ഓരോന്നായി ഓരോരോകാലത്ത് വെട്ടിമുറിച്ചു പോയി. ഒപ്പം പക്ഷികളും അപ്രത്യക്ഷരായി. ഒപ്പം കാരണവന്മാരുടെ ഒരു നിരതന്നെ അവർക്കൊപ്പം അശരീരികളായി. പരലോകത്തിന്റെ പക്ഷി എന്നു പേരുകേട്ട കാക്കകൾ മാത്രം ബാക്കിയായി.
കുട്ടിക്കാലത്തിന്റെ വികൃതികളിൽനിന്നും ചെവിക്ക് നുള്ളിപ്പിടിച്ച് വായനയുടെ വഴിയിലേക്ക് പിടിച്ചിരുത്തിയത് വല്യച്ഛനായിരുന്നു. പൊറ്റങ്ങാടി ഭാസ്കരൻ. വല്യച്ഛന്റെ ഇടുങ്ങിയ വായനാമുറിക്ക് മുകളിൽ ഓട്ടുമ്പുറത്തേക്ക് ചാഞ്ഞു പടർന്നു പന്തലിച്ചു കിടക്കുന്ന വീട്ടുമുറ്റത്തെ പേരക്കമരത്തിൽ പറ്റിപ്പിടിച്ചു കയറിയായിരുന്നു അന്ന് ലോകം കാണാറ്. ഒരവധിക്കാലത്ത് വല്യച്ഛന്റെ നീണ്ട ഉച്ചമയക്കം മുറിച്ചതിന് തത്സമയംതന്നെ കടുത്ത ശകാരവും അതിന്റെ തുടർച്ചയായി അനങ്ങിപ്പോകാതിരിക്കാനുള്ള ശിക്ഷയും കിട്ടി. മാർക്ക് ട്വൈന്റെ ‘അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ’ എന്ന പുസ്തകമെടുത്ത് കൈയിൽ പിടിപ്പിച്ച് വല്യച്ഛന്റെ ലൈബ്രറിക്ക് പുറത്തുള്ള തുറന്ന വരാന്തയിലായിരുന്നു അനങ്ങാതെ ഇരുത്തിയത്.
വായിക്കുന്നതായി അഭിനയിക്കുന്നത് തടയാൻ, വായിച്ചു എന്നുറപ്പുവരുത്താൻ വായിച്ച ഭാഗങ്ങളിൽനിന്നും എഴുന്നേറ്റ് പോകുമ്പോൾ ചോദ്യം ചോദിക്കുമെന്നതും ശിക്ഷയുടെ ഭാഗമായി വല്യച്ഛൻ ഉത്തരവിട്ടു. അച്ഛനുപോലും മുന്നിൽ വന്ന് തലയുയർത്തി സംസാരിക്കാൻ പേടിയുള്ള കർക്കശക്കാരനായ അദ്ദേഹത്തിന്റെ ശാസനകൾ ആരും ധിക്കരിച്ചിരുന്നില്ല.
ഉറക്കം കഴിഞ്ഞ് വല്യച്ഛൻ പുറത്തെത്തി വായിച്ച ഭാഗങ്ങളിൽനിന്നുള്ള ചോദ്യത്തിന്റെ ഉത്തരം കേട്ട് തൃപ്തിവന്ന ശേഷം മാത്രമേ ഇരുത്തിയിടത്തുനിന്നും എണീറ്റുപോകാൻ അനുവദിച്ചിരുന്നുള്ളൂ. വല്യച്ഛന്റെ ഉച്ചമയക്കം അങ്ങനെ നിശ്ശബ്ദമായ വായനയുടെ നേരമായി.
വായിച്ച പുസ്തകങ്ങൾ മറക്കാതിരിക്കാൻ ചോദിക്കാനിടയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നത് അതൊരു ശീലമാക്കി. ജീവിതത്തിലെ പലതും മറന്നുപോകുമ്പോഴും വായിച്ച പുസ്തകം മറക്കാതിരിക്കാൻ വല്യച്ഛന്റെ ഈ ശിക്ഷണം കാരണമായി.
പുസ്തകങ്ങൾ അടുക്കിെവച്ച മനോഹരമായ ഒരു കാഴ്ചബംഗ്ലാവായിരുന്നു വല്യച്ഛന്റെ ലൈബ്രറി. കാരൂർ, തകഴി, എസ്.കെ. പൊെറ്റക്കാട്ട്, എൻ.പി. മുഹമ്മദ്, എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, കാമ്യൂ, മാർക്ക് ട്വൈൻ, ഷേക്സ്പിയർ, ടോൾസ്റ്റോയ്, ഗൊഗോൾ, ദസ്തയേവ്സ്കി, ബർണാഡ് ഷാ, കാൾ മാർക്സ്... അങ്ങനെ എത്രയോ പേർ. അവിടെ പിച്ചവെക്കാൻ തന്ന അനുവാദം ആ അത്ഭുതലോകത്തേക്കുള്ള പ്രവേശനമായിരുന്നു.
എൻ.പി. മുഹമ്മദും ആർ. രാമചന്ദ്രനും എം. ഗോവിന്ദനുമൊക്കെയടങ്ങുന്ന ഒരു സുഹൃദ് സംഘത്തിലെ അംഗമായിരുന്നു വല്യച്ഛൻ. ആ പേരുകളൊക്കെ ആരായിരുന്നു എന്ന് വളരെ മുതിർന്നപ്പോഴാണ് മനസ്സിലായത്. വല്യച്ഛനും അച്ഛനും പണിയെടുത്തിരുന്നത് വൈ.എം.സി.എ ക്രോസ് റോഡിലുള്ള കോഓപറേറ്റിവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിയിൽ ആയിരുന്നു. കേരളത്തിൽ സഹകരണ മേഖലയിൽ ആദ്യമായി വീടുണ്ടാക്കാൻ ലോൺ അനുവദിക്കാൻ തുടങ്ങിയ ആ സ്ഥാപനം ഇന്ന് 75 വയസ്സ് പിന്നിട്ടു. സ്വാതന്ത്ര്യസമര സേനാനികളും കോഴിക്കോട് നഗരത്തിലെ അന്നത്തെ പ്രധാന കോൺഗ്രസ് പ്രവർത്തകരും ഖദർധാരികളുമായ പി. കുമാരൻ, മമ്മുസാഹിബ്, അച്ഛൻ പൊറ്റങ്ങാടി ചന്തു, കെ.ടി. രാഘവൻ വക്കീൽ തുടങ്ങിയവരൊക്കെ ആ സഹകരണസംഘം സ്ഥാപിക്കാൻ മുൻകൈയെടുത്ത പ്രവർത്തകരായിരുന്നു. മുനിസിപ്പാലിറ്റിയിലെ ഉദ്യോഗം രാജിവെച്ചാണ് വല്യച്ഛൻ പിന്നീട് സൊസൈറ്റിയുടെ സെക്രട്ടറിയാകുന്നത്.
പടിഞ്ഞാറെ നടക്കാവിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയ കുടുംബമായിരുന്നു പൊറ്റങ്ങാടി. അവിടെ പൊറ്റങ്ങാടി രാഘവൻ, ഭാസ്കരൻ, ചന്തു എന്നീ സഹോദരന്മാരും അവരുടെ പാപ്പനായ പൊറ്റങ്ങാടി രാരിച്ചനുമാണ് ചേളന്നൂരിൽനിന്നും കോഴിക്കോട്ടെത്തി പടിഞ്ഞാറെ നടക്കാവിൽ ജീവിതം കരുപ്പിടിപ്പിച്ചത്. രാരിച്ചൻ ബ്രിട്ടീഷ് പട്ടാളത്തിൽ മേജർ സുബേദാർ ആയിരുന്നതുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായില്ല. എന്നാൽ, പട്ടാളത്തിൽനിന്നും വിരമിച്ചെത്തി ജാതിയുടെ ഉന്മൂലനം ലക്ഷ്യമിട്ട ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി കുടുംബത്തെ മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. പൊറ്റങ്ങാടി രാഘവൻ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറച്ചു കാലംകൂടി കോൺഗ്രസ് രാഷ്ട്രീയം തുടരുകയും മുനിസിപ്പൽ കൗൺസിലറാവുകയും ചെയ്തു. ഭാസ്കരൻ ഒരു ബുദ്ധിജീവിയുടെ റോളാണ് ഏറ്റെടുത്തത്. അച്ഛൻ, ചന്തുവാകട്ടെ കോൺഗ്രസ് പിളർപ്പ് വരെ രാഷ്ട്രീയത്തിൽ നിന്നു. പിന്നെ ചായ്വ് മൊറാർജി ദേശായിയോടും സംഘടനാ കോൺഗ്രസിനോടുമായിരുന്നെങ്കിലും സജീവ രാഷ്ട്രീയം വിട്ടു. 1957 വരെ കാലത്ത് കോഴിക്കോട് ടൗൺ കോൺഗ്രസ് പ്രസിഡന്റ് പി. കുമാരനും സെക്രട്ടറി പി. ചന്തുവുമായിരുന്നു. സജീവ രാഷ്ട്രീയം വിട്ടശേഷം പിന്നീട് വീട്ടിൽ രാഷ്ടീയം തിരിച്ചുവന്നത് അടിയന്തരാവസ്ഥക്കുശേഷം മൊറാർജി ദേശായി ജനതാ പാർട്ടിയുടെ തലപ്പത്തേക്ക് വന്നപ്പോഴാണ്. മൊറാർജിയായിരുന്നു അച്ഛന്റെ അവസാനത്തെ ഹീറോ. പ്രധാനമന്ത്രിപദവും അധികാരവും ഒക്കെ വിട്ട് മുംബൈയിലെ വീട്ടിൽ താമസമാക്കിയ കാലത്ത് മൊറാർജിയെ കാണാനായി മാത്രം അച്ഛൻ അവിടെ പോയത് ഓർമയുണ്ട്. പടിഞ്ഞാറെ നടക്കാവിൽ പൊറ്റങ്ങാടി കുടുംബത്തിന്റെ സ്മാരകമായി മൂത്ത വല്യച്ഛൻ പൊറ്റങ്ങാടി രാഘവൻ റോഡാണ് ബാക്കിനിൽക്കുന്നത്. പഴയ നടക്കാവ് ഇന്നില്ല. അടിമുടി അത് മാറിക്കഴിഞ്ഞു.
അച്ഛന്റെയും വല്യച്ഛന്മാരുടെയും രാഷ്ട്രീയ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എൻ.പി. മുഹമ്മദിന്റെ ബാപ്പയും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ.പി. അബു സാഹിബ്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഉറ്റ സഹപ്രവർത്തകനായിരുന്ന അബു സാഹിബ് മുഴുനീള ഖദർധാരിയായിരുന്നു. മെലിഞ്ഞുണങ്ങിയ, പുഞ്ചിരിയും ആർദ്രതയും ഒരിക്കലും കൈവിടാത്ത അബൂക്കയുടെ വീട്ടിലേക്കുള്ള വരവ് മറക്കാനാവാത്ത ഒരു ബാല്യകാല സ്മരണയാണ്. അബൂക്കയുടെ മകൻ എന്ന പരിഗണനയായിരുന്നു വല്യച്ഛന് എൻ.പി. മുഹമ്മദിനോട് ഉണ്ടായിരുന്നത്. വല്യച്ഛൻ സൊസൈറ്റി സെക്രട്ടറിയായിരുന്ന കാലത്ത് എൻ.പി അവിടെ അക്കൗണ്ടന്റായിരുന്നു . ആ സൗഹൃദമാണ് എൻ.പിയുടെ വിഖ്യാതമായ ‘മരം’ ‘ഡ്രിഫ്റ്റ് വുഡ്’ എന്ന പേരിൽ ഭാഷാന്തരം നടത്തുവാൻ വല്യച്ഛന് പ്രേരണയായത്.
ഇംഗ്ലീഷിലെ വലിയ പ്രസാധകരായ പെൻഗ്വിൻ വല്യച്ഛൻ പരിഭാഷപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുന്നു എന്നത് കുടുംബത്തിൽ വലിയ ആവേശമുണർത്തിയ വാർത്തയായിരുന്നു. എന്നാൽ, അച്ചടിച്ച പുസ്തകം കൈയിൽ കിട്ടിയപ്പോൾ എല്ലാവർക്കും നിരാശയായിരുന്നു ഫലം. ഉൾപേജിൽ ഒരറ്റത്ത് ചെറിയ അക്ഷരങ്ങളിൽ പി. ഭാസ്കരൻ എന്ന് അച്ചടിച്ചത് മാത്രമായിരുന്നു അതിന് വല്യച്ഛന് കിട്ടിയ ഏക പ്രതിഫലം. ആ പേര് കണ്ടുപിടിക്കാൻപോലും പ്രയാസമായിരുന്നു. എൻ.പിയുടെ ‘മര’ത്തിന്റെ ഉൾക്കാമ്പ് ചൂഴ്ന്നെടുത്ത് നടത്തിയ പരിഭാഷയാണ് ‘ഡ്രിഫ്റ്റ് വുഡ്’ എന്ന പ്രയോഗംതന്നെ. അത് പിൽക്കാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓർമിച്ചതായി ഞാൻ ഒരിക്കലും കണ്ടിട്ടേയില്ല. എൻ.പി. മുഹമ്മദ് പോലും.
തൊഴിൽ അവസാനിച്ചിട്ട് വേണം ജീവിതം തുടങ്ങാൻ എന്നു നിശ്ചയിച്ച വല്യച്ഛൻ ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച ശേഷമാണ് ഒരു നോവലിന്റെ പണിപ്പുരയിലേക്ക് കടക്കുന്നത്. വല്യച്ഛന്റെ മക്കളായ ചേച്ചിമാർ (ബേബി, റാണി) പറഞ്ഞാണ് ഞങ്ങൾ കുട്ടികൾ അതറിഞ്ഞത്. അടച്ചുപൂട്ടിയ കൊച്ചു എഴുത്തുമുറിയിലേക്കുള്ള വല്യച്ഛന്റെ പിൻവാങ്ങൽ നോവൽ എഴുത്തിന്റെ ലോകത്തേക്കായിരുന്നു. പിന്നെയത് നാല് ഭാഗങ്ങളാക്കി തുന്നിക്കൂട്ടി കൈയെഴുത്തുപ്രതി ആത്മമിത്രമായ എം. ഗോവിന്ദന്റെ വായനക്കായി മദിരാശിയിലേക്ക് അയച്ചു. കാർഡ് ബോർഡിന്റെ പുറംചട്ടയുള്ള നാലു ഭാഗങ്ങൾ മദിരാശി യാത്ര കഴിഞ്ഞ് എം. ഗോവിന്ദന്റെ നല്ല സർട്ടിഫിക്കറ്റുമായി തിരിച്ചെത്തിയത് ഓർമയുണ്ട്. വീട്ടിൽ അത് സന്തോഷം വിതറി: ‘ഒരു എഴുത്തുകാരൻ പിറക്കാൻ പോകുന്നു’ എന്ന സന്തോഷം. സമയത്തിന്റെ ഖനിയിൽ പതിയിരിക്കുന്ന അനന്തസാധ്യതകൾ എന്തായിരുന്നു എന്ന് ആർക്കുമറിയില്ലായിരുന്നു. നോവൽ അച്ചടിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുമ്പോഴാണ് ഹൃദയാഘാതം അപ്രതീക്ഷിതമായി കയറിവന്ന് വല്യച്ഛനെ കൂട്ടിക്കൊണ്ടുപോകുന്നത്. 1975 ജൂൺ 10നായിരുന്നു അത്. അച്ഛൻ നിലത്തിരുന്ന് കരയുന്നത് ഞങ്ങൾ മക്കൾ ആദ്യമായി കാണുന്നത് അപ്പോഴാണ്. അച്ഛന് വല്യച്ഛൻ എന്നാൽ അച്ഛൻതന്നെയായിരുന്നു. അസാധാരണമായ ഒരു ആത്മബന്ധമായിരുന്നു അത്. രാജ്യം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ മുനമ്പിലായിരുന്നു അപ്പോൾ. തൊട്ടുപിറകെ അടിയന്തരാവസ്ഥ വന്നപ്പോൾ അത് ഞങ്ങളുടെ വീടുകളെയും നിശ്ശബ്ദമാക്കി. സജീവ കോൺഗ്രസ് രാഷ്ട്രീയം വിട്ട് വർഷങ്ങളായിരുന്നെങ്കിലും ഇന്ദിര ഗാന്ധി വിരുദ്ധപക്ഷത്തോടുള്ള ചായ്വുകൊണ്ട് അച്ഛനെ തേടിയും പൊലീസുകാർ വന്നേക്കുമോ എന്ന് ഭയപ്പാടുണ്ടായിരുന്നു.
മരണത്തിന്റെ ആഘാതത്തിൽ കുടുംബം മറ്റൊന്നും ഓർത്തതുമില്ല. നോവൽ ആരുടെ ഓർമയിലും തെളിഞ്ഞില്ല. പിന്നെ വർഷങ്ങൾ കഴിഞ്ഞ് വേദനയുടെ തീയൊന്ന് അണഞ്ഞപ്പോൾ ആ നോവൽ എവിടെ എന്ന ആലോചന കുടുംബത്തിലുണ്ടായിരുന്നു എങ്കിലും അച്ചടി പരിഗണനക്കായി വല്യച്ഛനത് ആരെ, എവിടെ ഏൽപിച്ചു എന്ന് ആർക്കും ഒരറിവുമില്ലായിരുന്നു.
‘മാതൃഭൂമി’യുടെ ആദ്യകാല ഓഹരി ഉടമകൂടിയായ വല്യച്ഛൻ ആ ബന്ധം വെച്ച് അത് അവിടെ ആരെയെങ്കിലും ഏൽപിച്ചിരിക്കാമെന്ന ഒരു സാധ്യതയായിരുന്നു കൂടുതൽ. ‘മാതൃഭൂമി’ പത്രത്തിൽ പണ്ട് വല്യച്ഛൻ ചില സാമ്പത്തിക ലേഖനങ്ങൾ എഴുതിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ, മരണാനന്തരം ആരും അത് തിരിച്ചുകൊണ്ടുത്തന്നതുമില്ല. അതെങ്ങോട്ട് അപ്രത്യക്ഷമായിക്കാണും എന്ന ഓർമപോലും പതുക്കെ എല്ലാവരുടെയും മറവിയായി. പൊറ്റങ്ങാടി ഭാസ്കരൻ എന്ന പേര് എഴുത്തിന്റെ ചരിത്രത്തിൽനിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. അതുപോലെ എത്രയോ വല്യച്ഛന്മാരും അച്ഛന്മാരുമൊക്കെ എഴുത്തിന് വളമായിട്ടുള്ളതാണ് അച്ചടിയുടെ ചരിത്രം എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
വർഷങ്ങൾക്കുശേഷം, എൺപതുകളുടെ രണ്ടാം പാതിയിൽ, ‘മാതൃഭൂമി’യിൽ ഒരു എഡിറ്റോറിയൽ ജീവനക്കാരനായി എത്തിയപ്പോൾ അവിടെ ഏറ്റവും അമ്പരപ്പോടെ കണ്ട കാര്യങ്ങളിലൊന്ന് ചവറ്റുകൊട്ടകളാണ്. സ്വീകരിക്കപ്പെടാത്ത, തിരഞ്ഞെടുക്കപ്പെടാത്ത, തിരിച്ചയക്കാൻ സ്റ്റാമ്പും കവറും ഒപ്പം വെക്കാത്ത രചനകൾ ‘വേസ്റ്റ്’ ഡിപ്പാർട്മെന്റിലേക്ക് മുതൽക്കൂട്ടുന്ന ചവറ്റുകൊട്ടകൾ!
പരമരസികനായ ഒരു സേതു ഏട്ടനായിരുന്നു കുറേക്കാലം വേസ്റ്റ് ഡിപ്പാർട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന സൂപ്രവൈസർ. തിരസ്കരിക്കപ്പെടുന്ന രചനകളടക്കമുള്ള വേസ്റ്റ്കടലാസുകൾ ഒന്നിച്ച് കെട്ടിവെച്ച് കുറേക്കാലം കഴിയുമ്പോൾ ടെൻഡർ വിളിച്ച് വിൽക്കുകയാണ് പതിവ്. അത് കൂട്ടമായി ലോറിയിൽ കടത്തിക്കൊണ്ടുപോകുന്നത് ഒരു കാഴ്ചയാണ്. മിക്കവാറും പൾപ്പ് ഉണ്ടാക്കുന്ന കമ്പനികളാണ് അതെടുക്കുക.
‘‘അതിൽ നല്ല കഥകളും കവിതകളും ഒക്കെ ഉണ്ടാവില്ലേ സേതു ഏട്ടാ’’ എന്ന് ചോദിച്ചിട്ടുണ്ട് ഒരിക്കൽ.
‘‘പിന്നെ ഉണ്ടാകാതെ. നിങ്ങളെപ്പോലുള്ളവർ വായിച്ചു നോക്കാതെ കൊട്ടയിലിടുന്ന എത്രയെണ്ണം. എനിക്കിതൊന്നും വായിച്ചു നോക്കാൻ സമയമില്ല. വായിച്ചാൽ മനസ്സിലാവുകയുമില്ല. അതെന്റെ പണിയുമല്ല. എന്റെ പണി ഇത് സൂക്ഷിച്ച് കൂട്ടിെവച്ച് വിൽക്കൽ മാത്രമാണ്..!’’
ഉപേക്ഷിക്കപ്പെട്ട കവിതകളും കഥകളും നോവലുകളുംകൊണ്ടുണ്ടാക്കിയ പൾപ്പുകളിൽ വല്യച്ഛന്റെ ബൃഹദ് നോവലും കാലത്തിൽ അലിഞ്ഞുചേർന്നിരിക്കാം. അങ്ങനെ വായിക്കപ്പെടാതെ പോയ മൗനങ്ങൾകൊണ്ടുകൂടിയാണല്ലോ നാം സംസ്കാരത്തിന്റെ ബാബേൽ ഗോപുരങ്ങൾ കെട്ടിപ്പൊക്കുന്നത്.
‘പാതാളക്കരണ്ടി’യുടെ എഴുത്തുമായി ഓർമയുടെ കിണറ്റിങ്കരയിൽ നങ്കൂരമിട്ട് കാത്തിരുന്ന കാലത്ത് വല്യച്ഛൻ ഒരു തണുത്ത കാറ്റായി വീശി, ‘മരിക്കാത്ത നക്ഷത്രങ്ങളി’ൽ ഞാൻ വല്യച്ഛനെ ഓർത്തില്ലല്ലോ എന്ന് അപ്പോൾ ഖേദത്തോടെ ഓർത്തു.
എം. ഗോവിന്ദൻ എന്നത് ഒരു കാലഘട്ടത്തിന്റെ പേരായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും വല്യച്ഛൻ ലോകം വിട്ട് എത്രയോ കഴിഞ്ഞിരുന്നു. ആർ. രാമചന്ദ്രൻ മാഷിന്റെ ‘പിന്നെ’ എന്ന കവിതാസമാഹാരം പഠിക്കുമ്പോൾ വല്യച്ഛനെ ഓർക്കുമായിരുന്നു, ‘‘ഒന്നുമില്ലൊന്നുമില്ല, മീതെ പകയ്ക്കുമംബരം മാത്രം കീഴെ കരളുറഞ്ഞേ പോകും പാരിടം മാത്രം’’ എന്ന വരികൾ ഒരിക്കലും മറന്നില്ല. ജീവിതം പഠിപ്പിച്ച ഗുരുക്കന്മാരിൽ ഒരാളായ കവിയും ചിത്രകാരനുമായ പോൾ കല്ലാനോട് മാഷാണ് ‘പിന്നെ’ പഠിച്ച കാലത്ത് ആർ. രാമചന്ദ്രൻ മാഷെ കാണാൻ കൂട്ടിക്കൊണ്ടുപോയത്. തളിയിലെ കൊച്ചുവീട്ടിൽ വല്യച്ഛന്റെ ബന്ധം പറഞ്ഞപ്പോൾ മാഷ് നിശ്ശബ്ദമായിരുന്നു ധ്യാനിച്ചു. അതൊരു അനുഗ്രഹമായിരുന്നു.
പിന്നെ വർഷങ്ങൾക്കു ശേഷം ദീദിയുടെ പ്രിയപ്പെട്ട അധ്യാപകനായും എം.എഫിൽ ഗൈഡായും ആർ. രാമചന്ദ്രൻ മാഷിന്റെ അനിയൻ ആർ. വിശ്വനാഥൻ മാഷെ കണ്ടുമുട്ടിയപ്പോൾ അത് കാലത്തിന്റെ കാണാതുടർച്ചകളെ കാണുന്നതുപോലെയായിരുന്നു. ആഴത്തിലുള്ള ചിന്തയുടെയും മായം കലരാത്ത കവിതയുടെയും ഏകാന്ത സൗന്ദര്യമായിരുന്നു ആർ. വിശ്വനാഥൻ മാഷ്. മരണത്തിന് ഏതാനും ദിവസം മുമ്പ് മാഷെ വഴിയിൽ െവച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ പങ്കുവെച്ചത് മരണദർശനമായിരുന്നു. തൊട്ടടുത്ത ദിവസം മിംസ് ആശുപത്രിയിൽ മരണവുമായി മല്ലടിക്കുന്ന മാഷെയാണ് കാണുന്നത്. ജീവൻ നിലനിർത്താനാകാത്ത തന്റെ ശരീരത്തെ വെന്റിലേറ്ററിൽ തളച്ചിട്ട് അത് നീട്ടിക്കൊണ്ടുപോകരുത് എന്ന മാഷിന്റെ നിലപാട് മാനിച്ച് എല്ലാവരും പുറത്ത് കാത്തുനിന്നു. എഴുത്തിന്റെ കമ്പോളത്തോട് പുറംതിരിഞ്ഞുനിന്ന വലിയ മനുഷ്യരായിരുന്നു ആർ. രാമചന്ദ്രൻ മാഷും ആർ. വിശ്വനാഥൻ മാഷും.
ഓർമയിൽ പഴയ ചില ചുവരെഴുത്തുകൾ മായാതെ നിൽക്കുന്നു എന്നത് ഓർമയുടെ അടയാളമല്ല. അത് കൂട്ടമറവികൾ മായ്ക്കാൻ മറന്ന ചുവരുകൾ മാത്രം. ചില മരങ്ങൾ വിസ്മയമായി ബാക്കിനിൽക്കുന്നുണ്ട്. ചില തണലുകളും. ഛായാപടങ്ങൾ കാലത്തിൽ കൊത്തിവെക്കുന്നത് അങ്ങനെയും ചില മരങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഓർമയുടെ അടയാളങ്ങൾ മാത്രം. ശ്വാസം നിലക്കുമ്പോഴല്ല, ജീവിച്ചിരിക്കുമ്പോൾതന്നെ ഓർമ നഷ്ടപ്പെടുന്നതാണ് ശരിക്കുള്ള മരണം.
(തുടരും)