'ഭയത്തിന്റെ കമ്പിളി പുതച്ചാൽ സ്വതന്ത്രരാവില്ല'; ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്നു
മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
‘‘സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല.ഇങ്ങിനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാറിനെ പിന്തുണക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്’’ -ചീഫ് ജസ്റ്റിസ് പുറത്തിറക്കിയ വിധിയിൽ പറയുന്നു. മീഡിയവൺ നിരോധിച്ച പശ്ചാത്തലത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനം വായിക്കാം.
ഭയം കോടയാണ്. അറിയാതെ അത് നമ്മെ ആവരണംചെയ്യും. ഭയപ്പെടുത്താതെ ഭയപ്പെടുത്തും. ഭയപ്പെടുന്നത് മറ്റാരോ ആണെന്നു തോന്നും. പക്ഷേ, നമ്മളറിയാതെ നമ്മൾതന്നെയാണ് ഭയപ്പെടുന്നത്. ഒടുവിൽ ഭയം നമ്മെ സമ്പൂർണമായും ഗ്രസിക്കുന്നു. ട്രംപ് ഭരണകാലത്തെക്കുറിച്ച് ബോബ് വുഡ്വേഡ് എഴുതിയ പുസ്തകത്തിന്റെ പേര് FEAR എന്നായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്ത്യയിൽ എഴുതാവുന്ന പുസ്തകത്തിനും നൽകാവുന്ന പേരാണ് ഫിയർ. ആദ്യം വെളിച്ചം നൽകുന്ന മിന്നലായി, പിന്നെ ഭയപ്പെടുത്തുന്ന ഇടിയായി അതെത്തും. മീഡിയവൺ ഭരണകൂടത്തിന്റെ പരീക്ഷണമായിരുന്നു. ഭയപ്പെടുത്താൻ കഴിഞ്ഞാൽ പിന്നെ ഭയം വൈറസായി വ്യാപിക്കും. അതിതീവ്രവ്യാപനശേഷിയുള്ള വൈറസാണ് ഭയം.
ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥയിൽനിന്ന് ദൃഷ്ടാന്തങ്ങൾ സ്വീകരിക്കാൻ കഴിയാത്തവിധം സമാനതയില്ലാത്ത ജനാധിപത്യവിരുദ്ധതയാണ് മീഡിയവൺ ചാനൽനിരോധനത്തിലൂടെ കേന്ദ്രസർക്കാർ പ്രകടിപ്പിച്ചത്. ബ്യൂറോക്രാറ്റിക് നിശ്വാസത്തിൽ വിളക്കണയുന്ന ദുരവസ്ഥ മീഡിയവണിന് ഇതാദ്യമായിരുന്നില്ല. 2020ൽ ഏഷ്യാനെറ്റിെനാപ്പം നിശ്ചിതസമയത്തേക്കുള്ള സസ്പെൻഷനായിരുന്നുവെങ്കിൽ ഇന്ന് അനിശ്ചിതകാല നിരോധനത്തിലേക്കാണ് കാരണം പറയാതെയുള്ള വിലക്ക് എത്തിയിരിക്കുന്നത്. തുറന്ന കോടതിയിൽ മുദ്രെവച്ച കവറിൽ ബെഞ്ചിലെത്തിക്കുന്ന വിവരങ്ങൾ ന്യായാധിപന്റെ ചെവിയിൽ പറയുന്ന അടക്കംപറച്ചിലാണ്. അനുഛേദം 226 അനുസരിച്ച് റിട്ട് അധികാരത്തോടെ പ്രവർത്തിക്കുന്ന കോടതി സർക്കാറുമായുള്ള സ്വകാര്യസംവാദത്തിന്റെ വേദിയാകരുത്. സർക്കാറിനെ തിരുത്താനുള്ള സവിശേഷമായ അധികാരമാണ് ജുഡീഷ്യൽ റിവ്യൂ. അത് പ്രയോഗിക്കുന്ന കോടതിയിൽ സർക്കാർ പ്രതിരോധത്തിലാകണം. അതിനു പകരം ഹരജിക്കാരനെ കേൾവിക്കപ്പുറമിരുത്തി സർക്കാറിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് നൽകപ്പെടുന്ന ഉത്തരവുകൾ സ്വാഭാവിക നീതിയുടെ ലംഘനവും വിശ്വാസ്യതയില്ലാത്ത പാഴ് വേലയും ആയി മാറുന്നു.
പത്തു വർഷം പ്രവർത്തിച്ച ചാനലിന്റെ ലൈസൻസ് പുതുക്കാതിരുന്നത് ആഭ്യന്തര മന്ത്രാലയത്തിെന്റ നിലപാടിനെ അടിസ്ഥാനമാക്കിയാണ്. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച പ്രശ്നമാണ് മീഡിയവണിനു പ്രതിബന്ധമായത്. രാജ്യസുരക്ഷിതത്വത്തിനു ഹാനികരമായ പ്രവൃത്തി എന്തെന്നോ മീഡിയവണിെന്റ തുടർന്നുള്ള നിലനിൽപ് രാജ്യസുരക്ഷിതത്വത്തിനു ഹാനികരമാകുന്നതെങ്ങനെയെന്നോ ലൈസൻസ് പുതുക്കേണ്ട പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സംസാരിക്കുന്നതിനും ആശയപ്രകാശനത്തിനുമുള്ള പൗരന്റെ സ്വാതന്ത്ര്യം വിലപ്പെട്ട മൗലികാവകാശമായി ഭരണഘടനയുടെ അനുഛേദം 19(1)(എ) പ്രഖ്യാപിക്കുന്നു. അനുഛേദം 19(2) പ്രകാരം ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്കു വിധേയമാണ്. നിയന്ത്രണത്തിന് ആധാരമാക്കാവുന്ന നിരവധി കാരണങ്ങളിലൊന്നാണ് രാഷ്ട്രത്തിെ ന്റ സുരക്ഷിതത്വം. നിർമിക്കപ്പെടുന്ന നിയമം മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.
ഭരണഘടനയുടെ ഉൗഷ്മാവിൽ നിയമം ഒരുക്കിക്കൊടുത്ത ഇടങ്ങളിലല്ല ടെലിവിഷന്റെ പ്രജനനം നടന്നത്. സാങ്കേതികവിദ്യയുടെ അപ്രതിരോധ്യമായ തള്ളലിൽ അതങ്ങനെയങ്ങ് സംഭവിച്ചു. 1995ൽ നിർമിക്കപ്പെട്ട കേബിൾ ടെലിവിഷൻ നെറ്റ്‍വർക് (നിയന്ത്രണ) നിയമം മാത്രമാണ് ചാനലുകളെ നിയന്ത്രിക്കുന്നതിന് പ്രത്യേകമായുള്ളത്. നടപടിക്രമം സംബന്ധിച്ചും അടിസ്ഥാനതത്ത്വങ്ങൾ സംബന്ധിച്ചും പൂർണമായ ന്യായത അവകാശപ്പെടാവുന്നതല്ല പ്രസ്തുത നിയമം. ഉദ്യോഗസ്ഥർക്ക് നിർബാധം വ്യാഖ്യാനിച്ചു പ്രയോഗിക്കാൻ കഴിയുമെന്നതും നിയമപരമായ പരിഹാരസംവിധാനമില്ലെന്നതും നിയമത്തിന്റെ ന്യൂനതയാണ്. ഉദ്യോഗസ്ഥരുടേത് ചോദ്യം ചെയ്യാൻ കഴിയാത്ത അവസാനവാക്കാകുന്നത് ഭരണഘടനക്ക് സ്വീകാര്യമല്ലാത്ത അവസ്ഥയാണ്.
ശാസിക്കുന്നതിനും നേർവഴി നടത്തുന്നതിനും വ്യക്തികൾക്കെന്നപോലെ മാധ്യമങ്ങൾക്കും മെന്ററെ ആവശ്യമുണ്ട്. പത്രങ്ങൾക്ക് അപ്രകാരം ലഭിച്ച വഴികാട്ടിയാണ് പ്രസ് കൗൺസിൽ. പത്രങ്ങൾ താൽപര്യത്തോടെ സ്വീകരിച്ച സംവിധാനമായിരുന്നില്ല അത്. പ്രസ് കമീഷന്റെ ശിപാർശയുണ്ടായി ഒരു ദശകം വേണ്ടിവന്നു ആദ്യത്തെ പ്രസ് കൗൺസിൽ രൂപവത്കൃതമാകുന്നതിന്. ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്േട്രാണിക് മാധ്യമങ്ങളുടെ കാലത്തെ അവസ്ഥ പഠിക്കുന്നതിന് ഒരു മീഡിയ കമീഷൻ ഉണ്ടാകണമെന്ന് ലോക്സഭയിൽ ഞാൻ ആവശ്യപ്പെട്ടതാണ്. മന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷി അതിനോടു ക്രിയാത്മകമായി പ്രതികരിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. നാഷനൽ േബ്രാഡ്കാസ്റ്റേഴ്സ് അസോസിയേഷൻ സ്വന്തംനിലയിൽ രൂപവത്കരിച്ച ന്യൂസ് േബ്രാഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റി മാത്രമാണ് സ്വാർജിതമായ ശിക്ഷണാധികാരത്തോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ടെലിവിഷനു ബാധകമായ ഒരു സെൽഫ് റെഗുലേറ്ററി അതോറിറ്റിയെക്കുറിച്ച് പാർലമെന്റ് ചിന്തിക്കേണ്ടതായ സമയമാണിത്.
ടെലിവിഷനുവേണ്ടി ആരും സംസാരിക്കാനില്ലാത്ത അവസ്ഥയിൽ അനഭിമതമായി ശബ്ദിക്കുന്ന ചാനലുകളെ എവ്വിധവും കൈകാര്യം ചെയ്യാമെന്ന വൈരനിര്യാതനബുദ്ധിയാണ് മീഡിയവണിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രകടിപ്പിച്ചത്. സ്വാഭാവികനീതിയെന്നത് ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ ഒഴിവാക്കാനാവാത്ത തത്ത്വമാണ്. നടപടിക്കുമുമ്പ് വിശദീകരണത്തിനുള്ള അവസരം എന്ന് ലളിതമായി സ്വാഭാവിക നീതിയെ വ്യാഖ്യാനിക്കാം. ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെടുന്നതിനുമുമ്പ് ആദത്തിനും ഹവ്വക്കും വിശദീകരണത്തിനുള്ള അവസരം ദൈവം നൽകി. എന്താണ് തങ്ങളുടെ തെറ്റെന്ന് അവർക്ക് ബോധ്യമായി. വെയ്ഡിന്റെ സിദ്ധമായ അഡ്മിനിസ്േട്രറ്റിവ് ലോ ആരംഭിക്കുന്നത് സ്വാഭാവികനീതിയുടെ ഈ പ്രാരംഭപാഠത്തോടെയാണ്. ഈ പുസ്തകത്തെക്കുറിച്ച് ജസ്റ്റിസ് നഗരേഷിെന്റ വിധിന്യായത്തിൽ പരാമർശമുണ്ട്. പുസ്തകത്തിെന്റ ആദ്യപേജ് അദ്ദേഹം വിട്ടുപോകാനിടയില്ല.
കുറ്റാരോപണത്തിനും വിചാരണക്കും ശേഷമാണ് സോക്രട്ടീസിനുനേരേ വിഷചഷകം നീട്ടപ്പെട്ടത്. സ്വതന്ത്രചിന്തയിലൂടെ യുവാക്കൾക്ക് അപഭ്രംശമുണ്ടാക്കുന്നുവെന്ന കുറ്റമാണ് ആതൻസിലെ തത്ത്വജ്ഞാനിയുടെമേൽ ചുമത്തപ്പെട്ടത്. ഈ മനുഷ്യനെതിരെ എന്താരോപണമാണ് നിങ്ങൾ കൊണ്ടുവരുന്നത് എന്ന ചോദ്യം തടവുകാരനായി യേശു മുന്നിലെത്തുമ്പോൾ പീലാത്തോസ് ചോദിക്കുന്നുണ്ട്. യേശുവിനെ തറച്ച കുരിശിനു മുകളിൽ വധശിക്ഷക്ക് കാരണമായ കുറ്റമെന്തെന്ന് മൂന്നു ഭാഷകളിൽ എഴുതിയിരുന്നു. മീഡിയവണിനെതിരായ ആരോപണമെന്തെന്ന് രഹസ്യത്തിൽ മനസ്സിലാക്കിയ ഹൈകോടതിയിലെ ന്യായാധിപൻ സംഭ്രമത്തോടെ നടപടി ശരിവച്ചു. വധശിക്ഷക്ക് വിധിക്കപ്പെടുന്നയാൾക്കും കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിൽ വിചാരണയെ നേരിടുന്നതിനുള്ള അവകാശമുണ്ട്. താൻ മരിക്കുന്നത് എന്തിനെന്ന് അയാൾ അറിയണം. വിളക്കുകൾ അണയ്ക്കുമ്പോൾ അതെന്തിനെന്ന് ചാനൽ പ്രവർത്തകരും േപ്രക്ഷകരും അറിയണം. അത് സ്വാഭാവിക നീതിയെ അടിസ്ഥാനമാക്കിയുള്ള അവകാശമാകുന്നു. ഈ അവകാശത്തെ മാനിച്ചില്ലെന്ന കാരണത്താൽ ജസ്റ്റിസ് നഗരേഷിെന്റ വിധി അസ്വീകാര്യമായിരുന്നു.
രാജ്യസുരക്ഷയുടെ പേരിൽ ഭരണഘടനാവിരുദ്ധമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അപരിമിതമായ അധികാരം ഭരണകൂടത്തിനു വകെവച്ചുകൊടുക്കുന്നതാണ് വിമർശിക്കപ്പെടുന്ന വിധി. അനുേഛദം 19(1)(എ) നൽകുന്ന സ്വാതന്ത്ര്യത്തിനുമേൽ രാഷ്ട്രത്തിെന്റ സുരക്ഷിതത്വം ഉൾപ്പെടെ പത്തു കാരണങ്ങളാൽ ന്യായമായ നിയന്ത്രണം നിയമനിർമാണത്തിലൂടെ ഏർപ്പെടുത്താമെന്ന് അനുഛേദം 19(2) പറയുന്നു. നിയമത്തിന്റെ സാധുതയും ന്യായതയും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തവും അധികാരവും ജുഡീഷ്യറിക്കുള്ളതാണ്. നിയമനിർമാണസഭ നൽകുന്നതും കോടതി അംഗീകരിക്കുന്നതുമായ അധികാരത്തിനപ്പുറം ഭരണകൂടത്തിന് ഒരു അധികാരവുമില്ല. അടിസ്ഥാനപരമായ ഈ തത്ത്വത്തിന്റെ പൂർണവും അപകടകരവുമായ നിരാസമാണ് ജസ്റ്റിസ് നഗരേഷ് നടത്തിയത്. ജീവിക്കുന്നതിനുള്ള പൗരന്റെ അവകാശം ഭരണകൂടത്തിെന്റ ദയക്ക് വിധേയമാണെന്ന അടിയന്തരാവസ്ഥയിലെ ജുഡീഷ്യൽ സമീപനത്തോടു ചേർന്നുനിൽക്കുന്നതാണ് ഈ വിഷയത്തിൽ ജസ്റ്റിസ് നഗരേഷിെന്റ നിലപാട്. ഭരണഘടനക്ക് ബദലായി മനുസ്മൃതിയെ കാണുന്നയാളാണ് ജസ്റ്റിസ് നഗരേഷ്.
ഭരണകൂടത്തിന്റെ ചുമതലയായി രാഷ്ട്രരക്ഷയെ കാണുന്നതിന് അദ്ദേഹം അത്രിസംഹിതയിലെ ശ്ലോകം ഉദ്ധരിച്ചത് കേവലമായ കൗതുകംകൊണ്ടു മാത്രമാവില്ല. പഴമയിലേക്കുള്ള നോട്ടം അപരാധമല്ല. പക്ഷേ ആ തത്രപ്പാടിൽ ഭരണഘടനയിൽ അധിഷ്ഠിതമായ റിപ്പബ്ലിക്കിന്റെ അടിസ്ഥാനതത്ത്വങ്ങൾ അദ്ദേഹം അവഗണിക്കാൻ പാടില്ലായിരുന്നു. ഭരണഘടനയുടെ വെളിച്ചത്തിലാണ് രാഷ്ട്രരക്ഷ ഉൾപ്പെടെ എല്ലാം വായിക്കപ്പെടേണ്ടത്.
ദേശാഭിമാനംപോലെതന്നെ ദുരുപയോഗം ചെയ്യപ്പെടുന്ന പദമാണ് രാഷ്ട്രരക്ഷ. കൃത്യമായ നിർവചനമില്ലാത്തതും എതിർശബ്ദങ്ങളെയും നിലപാടുകളെയും അമർച്ചചെയ്യാൻ പര്യാപ്തവുമായ സംജ്ഞയാണത്. ജുഡീഷ്യൽ റിവ്യൂ എന്ന തടസ്സം മറികടന്ന് നിർബാധം കുതിക്കുന്നതിനുള്ള ഫ്രീ പാസല്ല രാഷ്ട്രരക്ഷയെന്ന ലേബലെന്ന് പെഗസസ് കേസിൽ സുപ്രീംകോടതി നൽകിയ മുന്നറിയിപ്പ് ജസ്റ്റിസ് നഗരേഷിന്റെ ശ്രദ്ധയിലുണ്ടെങ്കിലും അത് അദ്ദേഹം അവഗണിച്ചു. വ്യക്തിയുടെ സ്വകാര്യതയും രാഷ്ട്രത്തിശന്റ സുരക്ഷയും വേറിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രരക്ഷയുടെ മുന്നിൽ നിസ്സഹായത നടിച്ചുകൊണ്ട് അദ്ദേഹം എക്സിക്യൂട്ടിവിെന്റ ദുരുപദിഷ്ടമായ നടപടിയെ ന്യായീകരിച്ചു. രാഷ്ട്രരക്ഷക്ക് അനിവാര്യമാണ് മാധ്യമസ്വാതന്ത്ര്യമെന്ന് മസാചൂസറ്റ്സ് ഭരണഘടനയുടെ ഫ്രീ പ്രസ് ക്ലോസിന് ആമുഖമായി ജോൺ ആഡംസ് പറഞ്ഞിട്ടുള്ളത് അദ്ദേഹം ഓർത്തില്ല.
അധികാരത്തിന്റെ പരിമിതിയും അധികാരദുർവിനിയോഗത്തിനെതിരെയുള്ള പ്രതിരോധവുമാണ് നിയമം. അനുഛേദ നിയമം എന്ന പദം കാണാം. നിയമംവഴി സ്ഥാപിതമായ നടപടിക്രമം അനുസരിച്ചല്ലാതെ ആരുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടുള്ളതല്ലെന്ന് അനുേഛദം 21 പറയുന്നു. അധികാരത്തിനു മേലുള്ള പരിമിതിയാണിത്. പത്രത്തിന്റെ പ്രസിദ്ധീകരണമോ ചാനലിന്റെ സംേപ്രഷണമോ തടയാം. പക്ഷേ, അതിന് നിയമത്തിന്റെ പിൻബലമുണ്ടാകണം. അനുമതിയില്ലാതെ സംേപ്രഷണം പാടില്ലെന്ന് ചട്ടം പറയുന്നു. ആരോപണവും വിശദീകരണവും ഇല്ലാതെ രാഷ്ട്രരക്ഷയെന്ന അവ്യക്തമായ ന്യായം മുൻനിർത്തി ലൈസൻസ് നിഷേധിക്കുന്നു. ഗുരുതര പ്രത്യാഘാതമുളവാക്കുന്ന തീരുമാനം ഏതോ സെക്രട്ടറി വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുമ്പോൾ ചോദ്യങ്ങൾ പാടില്ലെന്ന നിയമം നിയമത്തിെന്റ എല്ലാ സാമാന്യതത്ത്വങ്ങൾക്കും വിരുദ്ധമാണ്. തെറ്റായ നിയമം അസാധുവാക്കുന്നതിന് അധികാരമുള്ള സ്ഥാപനമാണ് ഹൈകോടതി. റിട്ട് അധികാരത്തിന്റെ വിനിയോഗത്തിൽ സുപ്രീംകോടതിക്കുള്ളതിനെക്കാൾ വിപുലമായ അധികാരം ഹൈകോടതികൾക്കുണ്ട്. അതൊന്നും പ്രയോഗിച്ചില്ലെങ്കിലും സ്വാഭാവിക നീതിയുടെ സാമാന്യതത്ത്വങ്ങൾ ലംഘിക്കപ്പെട്ടപ്പോൾ ഇടപെടുന്നതിനുള്ള ആർജവം ഹൈകോടതി കാണിക്കണമായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് രണ്ടു ദിവസത്തെ സാവകാശം മീഡിയവൺ ചോദിച്ചു. രണ്ടു നിമിഷംപോലും നൽകാനാവില്ലെന്ന് തനിക്ക് സ്വകാര്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജി പറഞ്ഞു. ജഡ്ജിയെ സംഭ്രമത്തിലാക്കിയ പ്രവർത്തനം ചാനലിന്റെ ഭാഗത്തുനിന്നുണ്ടായത് അറിഞ്ഞ ഉടൻ നടപടി ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന േചാദ്യം ഉണ്ടാകുന്നു. ഐ.പി.സി 124 എ ഉൾപ്പെടെയുള്ള ഭീകരവകുപ്പുകൾ ഭരണകൂടത്തിന്റെ ആവനാഴിയിൽ പ്രയോഗക്ഷമമായി ഉണ്ടായിരുന്നുവേല്ലാ. ജഡ്ജിക്കുണ്ടായ വേവലാതി അന്ന് ഭരണകൂടത്തിനുണ്ടായില്ല. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ എത്തുംവരെ അവർ കാത്തിരുന്നു. അപ്പോൾ അത്രമാത്രമാണ് കുറ്റത്തിന്റെ ഗൗരവം.
ഏറ്റവും വലിയ ജനാധിപത്യമെന്നാണ് നമ്മൾ സ്വയം മേനിനടിക്കുന്നത്. കാനേഷുമാരിയെ അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണത്. ലണ്ടനിലെ ഇക്കോണമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ് 167 രാജ്യങ്ങളിലെ ജനാധിപത്യത്തിെന്റ അവസ്ഥ പരിശോധിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ച സ്ഥാനം 53 ആണ്. നോർവേയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും സന്തുഷ്ടമായ രാജ്യവും നോർവേയാണ്. മാധ്യമസ്വാതന്ത്ര്യത്തിെന്റ സൂചികയിലും നോർവേ ഒന്നാം സ്ഥാനത്താണ്. സ്വാതന്ത്ര്യമാണ് സന്തുഷ്ടിക്ക് കാരണമാകുന്നത്. ഭയത്തിന്റെ േകാടക്കമ്പളം വലിച്ചെറിഞ്ഞ് മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യം േശ്രഷ്ഠമാകും. അപ്പോൾ രാഷ്ട്രരക്ഷ സുസ്ഥിരമാകും. ഭയപ്പെടുത്തുന്നവർക്കെതിരെ കൂട്ടായ പ്രതിരോധം സൃഷ്ടിക്കുന്നത് അതിന്റെ ആദ്യപടിയാണ്.