അങ്കഗണിതമല്ല നീതിന്യായം
അടുത്തകാലത്ത് കോടതിയിൽനിന്നുണ്ടായ പല വിധികളും ജനഹിതത്തിന് എതിരാണ്. പലപ്പോഴും ഹിന്ദുത്വവാദികളുടെ വാദങ്ങളെ അംഗീകരിക്കുകയാണ് ചെയ്തത്. ബാബരി മസ്ജിദ് കേസിലടക്കമുള്ള വിധികൾക്കെതിരെ പലതരം വിമർശനമുയർന്നു. ഈ പശ്ചാത്തലത്തിൽ നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ പ്രവണതകളെപ്പറ്റി എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
അങ്കഗണിതമല്ല
നീതിന്യായംരുപതുകൊല്ലം മുമ്പ് ഗുജറാത്തിൽ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. ഇഹ്സാൻ ജാഫരി കൊല്ലപ്പെട്ടില്ല. ഗുൽബർഗ സൊസൈറ്റിയിൽ നടന്നതായി പ്രചരിപ്പിക്കപ്പെട്ടത് മിത്ത്. ഒക്കെയും ടീസ്റ്റ എന്ന പെമ്പ്രന്നോരും രണ്ടു പൊലീസുകാരും കൃത്രിമമായി പടച്ചുണ്ടാക്കിയ വെർച്വൽ റിയാലിറ്റി. ആ കെണിയിൽ വീഴാതെ നോക്കിയാൽ നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചിട്ടുപോലുമില്ലെന്നു കാണാം. 19 കൊല്ലം കോടതി കയറിയിറങ്ങിയ സാകിയ ജാഫരിക്ക് വയസ്സ് 84 കഴിഞ്ഞെന്നതും ഒരു തോന്നൽമാത്രം. രാജ്യത്തെ പരമോന്നത കോടതി ഒടുവിൽ നൽകിയിരിക്കുന്ന തീർപ്പ് ഇങ്ങനെയൊരു യാഥാർഥ്യ വായനയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ദോഷം പറയരുതല്ലോ, വിധിന്യായം തീർത്തും കാലികമാണ്, രണ്ടു പ്രകാരേണ. ഒന്ന്, ഇന്ന് രാജ്യത്ത് പ്രാമാണ്യമുള്ള രാഷ്ട്രീയാഖ്യാനത്തിന് അനുരൂപമായ നൈയാമിക ശരി. എതിർവാ ഉയർത്തുന്നവരുടെ കിടപ്പാടത്തിന് മാത്രമായി സംവരണം ചെയ്തിട്ടുള്ളതല്ല ബുൾഡോസർ രാജ്, ഗ്രാഹ്യത്തിനും ധാരണകൾക്കും വേണ്ടിക്കൂടിയുള്ളതാണ്. അതായത്, കാര്യങ്ങൾ എങ്ങനെ ഗ്രഹിച്ചോളണം, ധരിച്ചോളണം എന്ന് ഭരണകൂടത്തിന്റെ മൂന്നു വ്യവസ്ഥാപിത തൂണുകളും ഏറക്കുറെ ഒരേവിധം കൽപിച്ചുതരുന്നു. രണ്ട്, പൗരാവലി പൊതുവിൽ അകപ്പെട്ടിരിക്കുന്ന ആ സമ്മോഹന സായൂജ്യക്കെണി -എന്തും ഏതും പ്രതീതി യാഥാർഥ്യമായി വിരൽത്തുമ്പിൽ വിരിഞ്ഞുകിട്ടുന്ന ഡിജിറ്റൽ വഴി. രണ്ടു വഴിക്കും നമ്മുടെ സത്യാനന്തരകാലത്തിന് യഥോചിതം ചേരുന്ന വിധികൽപന.
വാദപ്രതിവാദങ്ങളും നിയമപുസ്തകത്തിന്റെ വകുപ്പും മുറയുമൊക്കെ നിൽക്കട്ടെ. ലേശമൊന്ന് പഴഞ്ചനാകാം- 'സത്യാനന്തരപൂർവ' ജീവി. അങ്ങനെയൊരു പിന്തിരിപ്പൻ നിലയിൽ ഉദിക്കുന്ന ഒരു പ്രാഥമിക ചോദ്യമുണ്ട്. സ്വതന്ത്രേന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ നിർബാധം അരങ്ങേറുമ്പോൾ ഗുജറാത്തിന് ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നോ? ഉണ്ടെന്നാണെങ്കിൽ അന്നേരം ടിയാൻ എന്തെടുക്കുകയായിരുന്നു? പരമസരളമായ ആ ജനായത്ത ചോദ്യം കോടതി ചോദിച്ചില്ല. പകരം, നിയമത്തിന്റെ ലോഗ്ബുക്കും സർക്കാറിന്റെ പ്രോട്ടോകോളുമൊക്കെ നാരിഴകീറി പരിശോധിച്ചു. അതിസാങ്കേതികത്വത്തിന്റെ അൽഗോരിതത്തിൽ സിരാമഥനം നടത്തി. ഇഹ്സാന്റെ എസ്.ഒ.എസ് മാത്രം മുഖ്യമന്ത്രിക്ക് എങ്ങനെ മിസ്ഡ്-കോളായി എന്ന് കണ്ടുപിടിച്ചുകളഞ്ഞു. നീതിന്യായത്തിന്റെ യുറീക്ക മുഹൂർത്തം! ഇതു കേട്ടാലുടൻ വരും, കോടതിക്കകത്തുനിന്നും പുറത്തുനിന്നും നിയമവിജ്ഞതയുടെ പ്രക്രിയാ ന്യായം: കേസിന്റെ പ്രമേയം അതായിരുന്നില്ലേ എന്ന്. അതു മാത്രമായിരുന്നില്ലേ എന്ന്.
ശരിയാണ്, പക്ഷേ, ആ ശരിക്കുള്ളിൽ മറവുചെയ്യപ്പെട്ട മറ്റൊരു ശരിയുണ്ട്. ഗ്രന്ഥയുക്തിയെയും സാങ്കേതിക ന്യായത്തെയും ചാരി രക്ഷപ്പെടുന്ന ഇപ്പറഞ്ഞ വിജ്ഞതയുടെ സ്ഥിരം തന്ത്രമാണ് ഈ മറവുകർമത്തിലുള്ളത്. ഫലമോ? നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നു, നീതി വഴിയാധാരമാകുന്നു.
സാകിയ നിരന്തരം ഉയർത്തിയത് തന്റെ ഭർത്താവിന്റെ ഘാതകർ ആരെന്ന അപസർപ്പക ചോദ്യമല്ല. ഒരു സംസ്ഥാനത്ത് നടപ്പാക്കിയ സംഘടിതഹത്യയുടെ ആത്യന്തിക ഉത്തരവാദി അവിടത്തെ ഭരണകൂടമായിരുന്നില്ലേ എന്ന ജനാധിപത്യപരമായ മൗലിക ചോദ്യമാണ്. അതിന്റെ ലാക്ഷണിക സൂചനയായി തനിക്ക് തൊട്ടറിവുള്ള ഗുൽബർഗ സംഭവത്തെ ആധാരമാക്കി. ജീവരക്ഷ യാചിച്ച് തന്നിലേക്ക് ഓടിക്കൂടിയ നിരാലംബരായ ഒരുകൂട്ടം മനുഷ്യർക്കുവേണ്ടി ഒരു മുൻ ജനപ്രതിനിധി എന്തുചെയ്യുമോ അതേ ഇഹ്സാനും ചെയ്തുള്ളൂ- ഭരണാധിപനെ ഫോണിൽ വിളിച്ച് രക്ഷ യാചിക്കുക. കാൾ കിട്ടിയില്ല, ഒരു മീറ്റിങ്ങിലായിരുന്നു ഇത്യാദി മൊബൈൽ ഫോണുള്ള ഏതൊരാളും ഇക്കാലത്ത് പറയാറുള്ള സ്ഥിരം ഒഴികഴിവാണ്. കാൾ അനാലിസിസും ആലിബി വെരിഫിക്കേഷനുമല്ല ജാഫരിയുടെ കേസ് ജുഷീഡ്യറിയിൽനിന്ന് ആവശ്യപ്പെട്ടത്. അതൊക്കെ കുറ്റാന്വേഷകരുടെ സാദാ പണിയാണ്. ക്രിമിനൽ കേസിന്റെ അത്തരം സാങ്കേതികതക്കപ്പുറമാണ് ആധുനിക ജൂറിസ് പ്രൂഡൻസിന്റെ കണ്ണ്. ആ ദൃഷ്ടിയുടെ ശ്രദ്ധയാണ് ഈ കേസ് ക്ഷണിച്ചത്. അത് മനസ്സിലാക്കുന്നപക്ഷം കോടതിക്ക് മുന്നിലെ ശരിയായ ചോദ്യം കാൾഹിസ്റ്ററിയുടെ അങ്കഗണിതമല്ല. ജനാധിപത്യത്തിൽ ജനതയെ രക്ഷിക്കാൻ അവരുടെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതാണ്. അത്തരം കാതലായ ചോദ്യങ്ങളിലേക്ക് ഓരോ പ്രമേയത്തിന്റെയും നൈതികമാനം വിപുലപ്പെടുത്തുക എന്നതുകൂടിയാണ് ഉന്നത ജുഡീഷ്യറിയുടെ കർത്തവ്യം. അഥവാ അങ്ങനെയാണ് ജനാധിപത്യത്തിലെ നീതിന്യായ വിവക്ഷ. നമുക്കിടയിൽതന്നെ പ്രശസ്തമായ ഒരുദാഹരണം ഓർമിക്കാം.
കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ േകസ്. കാണാതായ മകനുവേണ്ടി മുട്ടിയ വാതിലുകളെല്ലാം അടഞ്ഞപ്പോൾ പ്രഫ. ഈച്ചരവാര്യർ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യുന്നു. രാജനെ അറസ്റ്റ് ചെയ്തിട്ടേയില്ലെന്ന് സർക്കാർ. അന്യായത്തടങ്കലിലാക്കി എന്ന് ഹരജിക്കാരൻ. ഹേബിയസ് കോർപസ് കേസുകളിൽ സർക്കാറിന്റെ/പൊലീസിന്റെ സത്യവാങ്മൂലം സ്വീകരിച്ച് കേസ് തീർപ്പാക്കി വിടുകയാണ് പതിവ്. എന്നാൽ, ജ. സുബ്രഹ്മണ്യൻ പോറ്റിയും ജ. വി. ഖാലിദും ചേർന്ന ഡിവിഷൻ ബെഞ്ച് ആ പതിവു തെറ്റിക്കുന്നു, തെളിവെടുപ്പ് നടത്താൻ നിശ്ചയിക്കുന്നു. പല നിയമജ്ഞശിരസ്സുകളും പിറുപിറുത്തു- കോടതി തെളിവെടുപ്പ് നടത്തുകയോ? സർക്കാർ ഉടനെ അടവെടുത്തു: ജുഡീഷ്യൽ അന്വേഷണം നടത്താമെന്ന്. കോടതി വഴങ്ങിയില്ല; തെളിവെടുപ്പുമായി മുന്നോട്ടുപോയി. ഒടുവിൽ രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി തെളിഞ്ഞു. ആളെ ഹാജരാക്കാൻ ഉത്തരവിടുന്നു. വെട്ടിലായ സർക്കാർ കീഴടങ്ങുകയായി- രാജനെ കസ്റ്റഡിയിലെടുത്തിരുന്നെന്നും കക്കയം ക്യാമ്പിലെ മർദനത്തിൽ മരിച്ചെന്നും സമ്മതിക്കുന്നു. ശിഷ്ടസംഭവ വികാസങ്ങൾ ചരിത്രം.
ഇവിടെ, ഹേബിയസ് കോർപസിന്റെ സാങ്കേതികപ്പതിപ്പിൽ കോടതി തൃപ്തിപ്പെട്ടിരുന്നെങ്കിലോ? നിയമം പാലിച്ചില്ലെന്ന് ആരും കോടതിയെ കുറ്റം പറയില്ലായിരുന്നു. എന്നാൽ, രാജ്യത്തുതന്നെ ആദ്യമായി ആ കീഴ് വഴക്കം തെറ്റിച്ച് പുതിയ വഴക്കം സൃഷ്ടിക്കുകയാണ് വിവേകശാലികളായ രണ്ട് ന്യായാധിപന്മാർ ചെയ്തത്. സർക്കാർ പറഞ്ഞ ജുഡീഷ്യൽ അന്വേഷണത്തിന് അവർ വഴങ്ങിയിരുന്നെങ്കിലോ? മറ്റൊരു പ്രഹസന സങ്കേതം വഴി സത്യം മറവുചെയ്യപ്പെടുമായിരുന്നു. അപ്പോഴും നീതിപീഠത്തെ ആരും കുറ്റപ്പെടുത്തുമായിരുന്നില്ല. ചുരുക്കിയാൽ, സാധാരണഗതിയിൽ ന്യായാസനങ്ങൾ അനുവർത്തിക്കാറുള്ള സാമാന്യവഴികൾ വിട്ട് നിയമപുസ്തകത്തിന്റെയും പ്രക്രിയാതാരിപ്പുകളുടെയും അപ്പുറം പോകാൻ രണ്ട് ന്യായാധിപന്മാർ കാട്ടിയ വിവേകമാണ് ഇവിടെ സത്യം പുറത്തുകൊണ്ടുവന്നതും നീതി നടപ്പാക്കിയതും. നിയമവ്യവസ്ഥയും ഭരണഘടനയും ജനങ്ങൾക്ക് വേണ്ടിയാണെന്ന തികഞ്ഞ ജനായത്ത നിലപാടിലൂടെ, തങ്ങൾക്ക് മുന്നിലെത്തുന്ന വ്യവഹാരങ്ങളെ സമീപിക്കുന്നിടത്താണ് ഇവ്വിധം അർഥവത്തായ നീതിനിർവഹണം സംഭവിക്കുക. വാസ്തവത്തിൽ അതുതന്നെയല്ലേ നിയമവ്യവസ്ഥയുടെയും ഭരണഘടനയുടെയും വിവക്ഷയും?
ചോദ്യം, ജുഡീഷ്യറിയുടെ കൈകാര്യക്കാർക്ക് അത്തരം സമീപന നിലവാരമുണ്ടോ എന്നതാണ്. മഹാരാഷ്ട്രയിലെ നടപ്പു സ്ഥിതിവിശേഷം നോക്കുക. തന്റെ സ്വന്തം പാർട്ടിയിലെ സാമാജികരെ അടർത്തിമാറ്റി കേന്ദ്ര ഭരണകക്ഷി സംസ്ഥാനഭരണം കവരാൻ പച്ചയായ കുതിരക്കച്ചവടം നടത്തിയപ്പോൾ മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിക്കുന്നു. കേന്ദ്ര കങ്കാണി മാത്രമായ ഗവർണർ സഭയിൽ ഭൂരിപക്ഷ ടെസ്റ്റ് നടത്താൻ കൽപിച്ചതിനെതിരെയാണ് മുഖ്യമന്ത്രിയുടെ ഹരജി. കോടതി പതിവുപോലെ ഗവർണറെ ശരിവെക്കുന്നു, ആദ്യം ഫ്ലോർടെസ്റ്റ് നടത്തുക, ബാക്കിയൊക്കെ പിന്നീട്. കേട്ടാൽ വല്ല കുഴപ്പവുമുണ്ടോ? സാങ്കേതികാർഥത്തിൽ കൃത്യം, കീഴ്വഴക്കത്തിന് സുപ്രീംകോടതിയുടെ തന്നെ മുൻകാല വിധികൾ സുലഭവും.
ഒരു നിമിഷം... നൈതികതയുടെ അർഥമൂലം സാങ്കേതികത്വവും കീഴ്വഴക്കവുമാണോ? എങ്കിൽ, അപ്പീൽ കോടതികൾ ആവശ്യമില്ല. പുസ്തകത്തിലുള്ള നിയമവും കീഴ്വഴക്കത്തിലെ വ്യവസ്ഥകളും വെച്ച് തർക്കം തീർക്കാൻ കീഴ് കോടതികൾ ധാരാളം മതി. ഇവിടെ പ്രശ്നം, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹരജിക്ക് ആധാരമായ ചുറ്റുവട്ട കാരണം എന്തെന്നതാണ്. ആ കാരണം അവ്യാജമാണോ? ജനായത്ത ഭരണത്തിന് അനുരൂപമാണോ? ജനേച്ഛ പരിഗണിച്ചുണ്ടായതാണോ? അതോ, വ്യക്തികളുടെയോ രാഷ്ട്രീയകക്ഷികളുടെയോ സ്ഥാപിത താൽപര്യപ്രകാരം ഇപ്പറഞ്ഞതിനെയെല്ലാം അട്ടിമറിക്കുന്നതാണോ? അതൊക്കെയാണ് കേവല സാങ്കേതികത്വത്തിനപ്പുറത്തെ അർഥം ഉന്നയിക്കുന്ന ചോദ്യങ്ങൾ. ഈ അർഥത്തിലേക്ക് കോടതി കടക്കുന്നതേയില്ല. ലെജിസ്ലേറ്റിവിന്റെ തലത്തിൽ കൈകടത്താതിരിക്കുക എന്ന ഭരണഘടനാപരമായ നൈതികത പാലിക്കുകയാണ് ജുഡീഷ്യറി എന്നുപറയാം. എന്നാൽ, അങ്ങനെ കൈകടത്തേണ്ട നൈതികബാധ്യതയും അതിനുണ്ടെന്ന യാഥാർഥ്യം ഇവിടെ ഭംഗിയായി വിഗണിക്കുന്നു. ലെജിസ്ലേറ്റിവിനെ ഭരണഘടനാമൂല്യങ്ങളുടെ പരിസരത്തുനിന്ന് രാഷ്ട്രീയ താൽപര്യങ്ങളാൽ അതിന്റെ സാമാജികർ തന്നെ വ്യതിചലിപ്പിക്കുമ്പോൾ കോടതിയല്ലാതെ മറ്റേതു സ്ഥാപനമാണ് ഇടപെടേണ്ടത്? സഭാചട്ടങ്ങളുടെ ലംഘനമുണ്ടായോ എന്ന കേവല നോട്ടമല്ല ഇത്തരം സവിശേഷ സന്ദർഭങ്ങളിൽ ഉന്നത നീതിപീഠം നടത്തേണ്ടത്. ഏതു സഭയായാലും ഏതു സ്വയംഭരണ സ്ഥാപനമായാലും അതു പുലരേണ്ടത് ഭരണഘടനാമൂല്യങ്ങൾക്ക് കീഴിലാണ്. ലിഖിതമായ സാങ്കേതികത്വങ്ങളും അലിഖിതമായ പഴുതുകളുമുണ്ടെന്നുവെച്ച് ടി മൂല്യവിവക്ഷയെ ഹനിക്കുന്ന പ്രവൃത്തികളുണ്ടായാൽ ഇടപെടേണ്ട ഉത്തരവാദിത്തം രണ്ടു കൂട്ടർക്കാണ്. ഒന്ന്, പൗരാവലി. രണ്ട്, ഉന്നത നീതിപീഠം. പൗരാവലിക്ക് ഇടപെടാൻ ഒരു പ്ലാറ്റ്ഫോമേയുള്ളൂ -തെരഞ്ഞെടുപ്പ്. അതിനുമുമ്പുള്ള ഇടപെടൽ പ്രക്ഷോഭവും കലാപവുമാകാം. നിയമസഭയിലെ ജനായത്തവിരുദ്ധതക്ക് എതിരെ ജനം പ്രക്ഷോഭത്തിനിറങ്ങിയാൽ അതിനെ ഇപ്പറയുന്ന കോടതിതന്നെ നിയമവിരുദ്ധതയായല്ലേ കാണുക? ക്രമസമാധാനത്തിന്റെ ഭദ്രവാളു കാട്ടി ഒതുക്കുകയും ചെയ്യും. മാത്രമല്ല, പ്രക്ഷോഭം നടത്തുക മുഖ്യമായും രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലാവും. സ്വാഭാവികമായും അതിന് രണ്ടു ചേരികളുണ്ടാവും. ആ വഴിക്ക് സഭാതല പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല. അപ്പോൾപിന്നെ ഇടപെടാനുള്ളത് കോടതിയാണ്.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുന്നണിഭരണം വന്നതുതന്നെ തെരഞ്ഞെടുപ്പിലെ ജനേച്ഛ മാനിച്ചല്ല. അവിടെത്തുടങ്ങുന്നു, ജനായത്തവിരുദ്ധതയുടെ കുത്സിത ചലനം. ബി.ജെ.പി-ശിവസേനാ സഖ്യം വോട്ടുചോദിച്ചത് മോദിയുടെയും ബാൽ താക്കറെയുടെയും പേരിലാണ്. അങ്ങനെ അവർക്ക് ഭരണഭൂരിപക്ഷം കിട്ടി. എന്നാൽ, മുഖ്യമന്ത്രിപദം രണ്ടര കൊല്ലം വീതം പങ്കിടുന്നതിനെ ചൊല്ലി രണ്ടു കക്ഷികളും ഇടഞ്ഞു. തുടർന്ന് എൻ.സി.പി-കോൺഗ്രസ് സഖ്യത്തോട് ചേർന്ന് ശിവസേന സർക്കാറുണ്ടാക്കുന്നു. അതിനെതിരെ ബി.ജെ.പി ചില കുതന്ത്രങ്ങൾ പയറ്റിയെങ്കിലും വിജയിക്കുന്നില്ല. ഇവിടെ അടിസ്ഥാനപരമായി ജനത വോട്ട് ചെയ്തത് ബി.ജെ.പി-സേനാ സഖ്യത്തിനാണെന്ന് പറയാം. അതിന് എതിരായ നിലപാടാണ് വോട്ടിനുശേഷം ബി.ജെ.പി ഒഴികെയുള്ള കക്ഷികളെല്ലാം സ്വീകരിച്ചത്. ഇതിനോട് പ്രതികരിക്കാൻ ജനതക്ക് അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. അല്ലാതെ ജനസമ്മതി പിൻവലിക്കാൻ ഇടക്കാലത്ത് സംവിധാനമില്ലല്ലോ- അങ്ങനെയൊരു വ്യവസ്ഥയുണ്ടാവണമെന്ന് ദീർഘകാലമായി പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും.
ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടാവുന്നതുതന്നെ ആദ്യത്തെ ജനാധിപത്യവിരുദ്ധ ലെജിസ്ലേറ്റിവ് അറേഞ്ച്മെന്റിൽനിന്നാണ്. അതിന്റെ യുക്തിസഹമായ വിത്താണ് ശിവസേനയെ പിളർത്തി ഭരണം പിടിച്ച ബി.ജെ.പിയുടെ കുതന്ത്രം. നേരുപറഞ്ഞാൽ, മഹാരാഷ്ട്രയിലെ അധികാര രാഷ്ട്രീയക്കാരെ ചാക്കിലാക്കാൻ പ്രായേണ എളുപ്പമാണ്. രാഷ്ട്രീയം കേരളത്തിൽ ചിലർക്ക് ഉപജീവനമാർഗവും ചിലർക്ക് ബിസിനസുമാണെങ്കിൽ അവിടെയത് വ്യവസായമാണ്. കോർപറേറ്റുകളെ വെല്ലുന്ന ആസ്തിയും മൂലധന നീക്കുപോക്കുമാണ് മറാത്താ രാഷ്ട്രീയക്കാർക്ക് പൊതുവേയുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവറും ബാർ ടെൻഡറുമൊക്കെയായി ജീവിതമുന്തിയ ഏക് നാഥ് ഷിൻഡെക്ക് 20 കൊല്ലത്തിനുള്ളിൽ 10,000 കോടിയുടെ സമ്പത്തുണ്ടായത് ചവാൻമാരെയും പവാർമാരെയും താക്കറെമാരെയും അപേക്ഷിച്ച് ചെറിയകാര്യം മാത്രം. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഇമ്മാതിരി പണച്ചാക്കുകളെ പിടിക്കുന്നതും ചെറിയകാര്യം. ഭരണം മറിക്കുക അല്ലെങ്കിൽ അഴിയെണ്ണുക എന്ന ചോയ്സിൽ ഷിൻഡെ സ്വാഭാവികമായും മറ്റുള്ളവർ തെരഞ്ഞെടുക്കുന്നതുതന്നെ തെരഞ്ഞെടുത്തു. ശിവസേനാ എം.എൽ.എമാരെ പിടിക്കാൻ ഷിൻഡെയുടെ ചാക്ക് ധാരാളം. ഓർക്കുക, മഹാരാഷ്ട്രയിലെ ജനത തെരഞ്ഞെടുത്ത സ്വന്തം പ്രതിനിധികളെ അവരിൽനിന്ന് 2000 കിലോമീറ്റർ ദൂരത്താണ് ഒളിപ്പിച്ചത്. സാർഥകമായ ഈ ദൂരത്തിൽനിന്നാണ് ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ നീക്കുപോക്കിന്റെ പ്രത്യക്ഷ തെളിവ് പിറക്കുന്നത്. സ്വാഭാവികമായും പ്രമേയത്തിന്റെ മർമം തൊടാൻ ഒറ്റച്ചോദ്യം മതിയായിരുന്നു, കോടതിക്ക്: മഹാരാഷ്ട്രയിലെ 40 എം.എൽ.എമാർ എന്തിന് ഗുവാഹതിയിൽ ഒളിച്ചിരിക്കുന്നു? എന്നാൽ, ജഡ്ജിയുടെ ശിരസ്സിൽ അത് ഉദിക്കുന്നില്ല. അയാൾ നിയമവും ചട്ടവും കീഴ്വഴക്കവും നോക്കുന്നു, അതിൻപ്രകാരം വിധിക്കുന്നു. വിധിയുടെ പിറ്റേന്നുതന്നെ കുതിരക്കച്ചവടവും കാലുമാറ്റവും അതിന്റെ ഉദ്ദിഷ്ടഫലപ്രാപ്തിയിലെത്തുന്നു. ഭരണഘടനയുടെ കൽപിത സ്പിരിറ്റ് ആവിയാകുന്നു.
ഇമ്മാതിരി ജനാധിപത്യ വിരുദ്ധതയുടെ നിർബാധമായ ഉത്സവലഹരിയിലാണ് ഇന്ത്യ, കഴിഞ്ഞ ആറുകൊല്ലമായി. അരുണാചൽ പ്രദേശിൽ ആരംഭിച്ച അട്ടിമറിവിക്രിയ ഗോവയിൽ, കർണാടകയിൽ, മധ്യപ്രദേശിൽ. അതങ്ങനെ എവിടെയും സംഭവിക്കാവുന്ന സാധാരണത്വം ആർജിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് വഴിയെ ഒരൊറ്റ എം.എൽ.എയെ പോലും സൃഷ്ടിക്കാൻ കഴിയാതിരുന്ന മണിപ്പൂരിൽ ഇന്ന് ബി.ജെ.പിയാണ് നിയമസഭയിലെ മുഖ്യ പ്രതിപക്ഷം. ജനങ്ങൾ തെരഞ്ഞെടുക്കാതെ തന്നെ ജനപ്രതിനിധികളെ നിർമിച്ചെടുക്കുന്ന രാഷ്ട്രീയ ഭീകരതയിലേക്ക് കാര്യങ്ങൾ മുതിരുമ്പോൾ നിയമവും സഭാചട്ടങ്ങളും പറഞ്ഞ് ചാരുകസേര മാന്യത നടിക്കാൻ ഒരു ജുഡീഷ്യറി എന്തിന്? ഭരണഘടനാമൂല്യങ്ങളും വ്യവസ്ഥകളും മാത്രമല്ല, ജനതയെത്തന്നെ വഴിപോക്കരാക്കിക്കൊണ്ട് കേന്ദ്രം ഭരിക്കുന്ന കക്ഷി കൂസലന്യേ നടത്തിവരുന്ന ഈ ജനായത്ത ധ്വംസനത്തിന് ജുഡീഷ്യറി ആ കർമംകൊണ്ട് ചൂട്ടുപിടിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് മഹാരാഷ്ട്ര. അത് നീതിന്യായ പരാജയത്തിന്റെ പ്രമുഖമായ ഒരു കാലികമുഖം.
മറ്റൊരു മുഖം കുറെക്കൂടി നിത്യസാധാരണത്വമുള്ളതാണ്. ജനാധിപത്യം പുലർത്തേണ്ടത് നിയമനീതി വഴി മാത്രമല്ലെന്നും സാമൂഹികനീതി വഴി കൂടിയാണെന്നും എല്ലാവരും സമ്മതിക്കും. എന്നാൽ, ജുഡീഷ്യറി ഈ ഉത്തരവാദിത്തം -സാമൂഹികനീതിയുടെ- എത്ര കണ്ട് പാലിക്കുന്നുണ്ട്? കോടതി മുമ്പാകെ എത്തുന്ന/അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ നിർവഹിക്കപ്പെടുന്നതിനെ നീതിന്യായമെന്നല്ല വിളിക്കേണ്ടത്, നിയമന്യായമെന്നാണ്. നിലവിലെ നിയമങ്ങളും വ്യവസ്ഥകളും കുറുകെ വെട്ടി നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കുമ്പോൾ പരാതിപ്പെടാതെ തന്നെ ഇടപെടേണ്ട ബാധ്യത കോടതിക്കുണ്ട്. നിയമത്തിലെ പഴുതുകളടക്കാൻ മാത്രമല്ല, പുതിയ വെല്ലുവിളികൾ നേരിടാൻ വേണ്ട പരിഷ്കരണങ്ങൾ കൊണ്ടുവരാനും കോടതിക്ക് സാധിക്കും. ബോധപൂർവമായ അപഭ്രംശങ്ങൾ പുതിയ കീഴ്വഴക്കങ്ങളാകുമ്പോൾ ഫൗൾ വിളിച്ച് കളി മുടക്കാനും. ഇത് ജനാധിപത്യത്തിന്റെ അട്ടിമറി വേളകളിൽ മാത്രമല്ല, സംവേദനസൂക്ഷ്മത ആവശ്യപ്പെടുന്ന സാമൂഹിക പ്രമേയങ്ങളിലും അനിവാര്യമാണ്. പരിഷ്കരിക്കപ്പെടുന്ന നീതിസങ്കൽപങ്ങളിൽ അവശ്യം വേണ്ട സെൻസിറ്റിവിറ്റി കോടതികൾക്കുതന്നെ ഇല്ലാതെ പോവുന്ന ഗുരുതരാവസ്ഥ ഇന്ന് പരക്കെ കാണാം. മികച്ച ഉദാഹരണം സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ കേസുകൾ. കാക്കിയേക്കാൾ സംവേദനത്വം കുറഞ്ഞ കറുത്ത കുപ്പായങ്ങളെയാണ് മിക്ക ബലാത്സംഗ കേസുകളിലും കോടതിമുറികളിൽ കാണുന്നത്. 2011ൽ നിയമം ഭേദഗതി ചെയ്ത കാര്യം അറിഞ്ഞ ലക്ഷണംപോലുമില്ല, പല ന്യായാസനങ്ങളുടെയും പ്രായോഗിക വിചാരിപ്പിൽ. നമുക്കിടയിൽനിന്നുതന്നെ അതിന്റെ രണ്ടു സജീവ സാക്ഷ്യങ്ങൾ ഉദാഹരിക്കട്ടെ.
ഒന്ന്, വിജയ്ബാബു എന്ന സിനിമാക്കാരന്റെ ബലാത്സംഗ കേസ്. കേസ് രജിസ്റ്റർ ചെയ്തപാടെ പ്രതി വിദേശത്തേക്ക് മുങ്ങുന്നു. അവിടെനിന്ന് സമൂഹമാധ്യമം മുഖേന പരാതിക്കാരിയായ സ്ത്രീയുടെ പേര് വിളിച്ചുപറയുന്നു. സ്വയം ഇരയായി പ്രഖ്യാപിക്കുന്നു. അതും കഴിഞ്ഞ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നു. ജാമ്യനിഷേധത്തിന്റെ പ്രാഥമിക ഉദ്ദേശ്യംതന്നെ പ്രതികൾ മുങ്ങാതിരിക്കാനും കേസിൽ ബന്ധപ്പെട്ടവരെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമുള്ള മുൻകരുതലാണ്. ഈ പ്രതി ഇപ്പറഞ്ഞതത്രയും കൂസലന്യേ കാറ്റിൽ പറത്തുന്നു. വിദേശത്തിരുന്ന്, ഒരു മുങ്ങിയ പ്രതിക്ക് എങ്ങനെ മുൻകൂർ ജാമ്യം തേടാനാവും? സാങ്കേതികാർഥത്തിൽപോലും കോടതി ആ ചോദ്യമുന്നയിക്കുന്നില്ല. പകരം, കേരളത്തിൽ വന്നാലേ ഹരജി പരിഗണിക്കൂ എന്ന 'ശാഠ്യം' പ്രകടിപ്പിക്കുന്നു. ഇന്നുവരാം, നാളെയെത്തി, മറ്റന്നാൾ വന്നു എന്നിങ്ങനെ പ്രതി പലകുറി ഹൈകോടതിയെ കുരങ്ങുകളിപ്പിച്ചു. യാത്രാ ടിക്കറ്റ് കാണിച്ചാലേ വിശ്വസിക്കൂ എന്നായി ഗതികെട്ട കോടതി. ടിക്കറ്റ് കാണിച്ചപ്പോൾ പ്രതി വന്നാലും അറസ്റ്റ് പാടില്ലെന്നായി നീതിപീഠം. അങ്ങനെ ഹൈകോടതിയെ ബന്ദിയാക്കി അറസ്റ്റ് തടഞ്ഞ പ്രതി ഹാജരാവുന്നു. അനന്തരം പ്രതിയുടെ സുഖസൗകര്യാർഥം പകൽനേര ചോദ്യംചെയ്യൽ. അതിനിടെ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്യുന്നു. ജാമ്യനിഷേധത്തിനുള്ള പച്ചയായ പ്രവൃത്തികൾ നിരന്തരം കാട്ടിയ പ്രതിക്കാണ് കേസന്വേഷകർക്ക് വിലങ്ങിട്ട് ഈ ദയാദാക്ഷിണ്യങ്ങളെന്നോർക്കണം. പ്രതിയുടെ മാനിപ്പുലേഷന് ഹൈകോടതി ഇരയായി എന്ന് നീതിസാരം.
കോടതിക്കുള്ള ഇതിലും കേമമായ കൊഞ്ഞനംകുത്തും കബളിപ്പിക്കലുമാണ് മറ്റൊരു സിനിമാ നടൻ, ദിലീപിന്റെ കോടതി വ്യവഹാരങ്ങൾ. ക്വട്ടേഷൻ ബലാത്സംഗം അന്വേഷിച്ച പൊലീസുകാരെ വകവരുത്താൻ പ്ലാനിട്ടെന്ന പുതിയ കേസിൽ ഈ കുപ്രസിദ്ധ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ. ആയതിന്റെ വ്യവഹാരം നാടിന് പകർന്ന നീതിന്യായാനുഭവം തങ്കലിപിയിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. മുൻകൂർ ജാമ്യം പരിഗണിക്കുന്ന വേളയിൽതന്നെ പ്രതിയെ മൂന്നു പകൽ ചോദ്യംചെയ്യാനുള്ള അനുമതി കൊടുക്കുന്നു. എന്നുവെച്ചാൽ മുമ്പത്തെ ഉദാഹരണത്തിലേതുമാതിരി പ്രതിക്ക് സൗകര്യപ്രദമായി കാലത്തുവരാം, വൈകീട്ട് മടങ്ങാം. പ്രതി സഹകരിക്കുന്നില്ലെന്ന അന്വേഷകരുടെ ആവലാതി കോടതി ഗൗനിക്കുന്നില്ല. തൊണ്ടിയായ ഫോണുകൾ ചോദിച്ചിട്ട് കൊടുക്കില്ലെന്ന് പ്രതി. ദയവായി ഒന്നു കൊടുത്തേക്കൂ എന്ന് പ്രതിയോട് കെഞ്ചുന്ന കോടതി. തൊണ്ടി കൈമാറ്റത്തിന്മേൽ പ്രതിയുടെ വിലപേശൽ കോടതിയോട്. നീതിപീഠത്തിന്റെ യാചനാപർവത്തിനൊടുവിൽ തൊണ്ടി ബോംബെക്ക് പോകുന്നു, തിരിച്ചുവരുന്നു, തെളിവുകൾ തേച്ചുമായ്ക്കുന്നു, വക്കീലന്മാർ പ്രതിയേക്കാൾ വലിയ കള്ളപ്പുള്ളികളാവുന്നു... എന്നുവേണ്ട സർവത്ര അലമ്പാക്കിയെടുത്ത ബാലിശമായ വ്യവഹാരത്തിനൊടുവിൽ പ്രതിക്ക് മുൻകൂർ ജാമ്യവും. ഇവിടെ, ഹൈകോടതിയെ ഒരു ബലാത്സംഗ കേസ്- പ്രതി നിസ്സാരമായി ഇസ്പേഡാക്കിയെടുത്തെന്ന് സകലർക്കും മനസ്സിലായി, കോടതിക്കൊഴികെ. ഒന്നുകിൽ കോടതി പ്രതിഭാഗം ചേർന്നു, അല്ലെങ്കിൽ ദയാദാക്ഷിണ്യത്തിന്റെ ഫറവോനായി. രണ്ടായാലും സ്ത്രീകൾക്കെതിരായ അക്രമം എന്ന നീതിന്യായ പ്രമേയത്തിൽ പാടേ സ്പർശബോധമറ്റ മനോനിലയാണ് വെളിവാക്കപ്പെട്ടത്. 2011ൽ കാർക്കശ്യമേറിയ പുതിയ നിയമം ഈ വിഷയത്തിൽ കൊണ്ടുവരാനുള്ള കാരണങ്ങളിൽ ഒന്നുതന്നെ ന്യായാസനങ്ങളുടെ ഈ മനോനിലയാണ്. നിയമത്തെ അതിന്റെ ആത്മസത്തയിൽ ഉൾക്കൊള്ളാത്ത ഒന്നാംപ്രതി ഉന്നത ജുഡീഷ്യറിയാവുമ്പോൾ കീഴ് കോടതികളെ പഴിക്കാനാവുമോ?
ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തും ചരിത്രം സൃഷ്ടിച്ച കേസിലെ വിചാരണ കോടതി അതിലും കേമമായ ചരിത്രമാണ് സൃഷ്ടിക്കുന്നത്. പ്രോസിക്യൂഷനെ വിചാരണ ചെയ്ത് കൂടക്കൂടെ ശിക്ഷിക്കുന്ന നീതിന്യായാതിസാരമാണ് അവിടെ.
('കാമറക്കുള്ളി'ലായതിനാൽ നേരിൽ കണ്ടാസ്വദിക്കാനുള്ള ഭാഗ്യം പൗരാവലിക്കില്ലാതെ പോയി). അതുകൊണ്ടെന്താ, ഭേദ്യമേറ്റ് രണ്ട് പ്രോസിക്യൂട്ടർമാർ പണി കളഞ്ഞോടി, മൂന്നാമൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു. ഈ ജഡ്ജിയെ മാറ്റിത്തരണമെന്ന് പ്രോസിക്യൂഷൻ മാത്രമല്ല, ബലാത്സംഗത്തിന് ഇരയായ സ്ത്രീവരെ ആവശ്യപ്പെട്ടിട്ടും മേൽക്കോടതികൾ ഗൗനിച്ചില്ല. ഇത്രകണ്ട് പരസ്യമായ അവിശ്വാസം ഉയർന്നുവന്നാൽ കേവല നീതിബോധമുള്ളവർ സ്വയം ഒഴിഞ്ഞുപോകും: എന്നാലിവിടെ അതും പ്രതീക്ഷിക്കേണ്ട എന്ന ഉറപ്പാണ് കോടതി തരുന്നത്. ഒരു വിചാരണയെ ഇത്രകണ്ട് മലീമസമാക്കിയ ചരിത്രവും അഭൂതപൂർവമാണ്. പരാതികൾ പലവുരു ലഭിച്ചിട്ടും ഇടപെടാതെ ഒഴിഞ്ഞുനിൽക്കുകയാണ് മേൽക്കോടതികൾ- നീതിനിർവഹണത്തിൽ ഇടപെടാതിരിക്കുക എന്ന സാമ്പ്രദായിക മര്യാദയുടെ അഥവാ കീഴ്വഴക്കത്തിന്റെ പേരിൽ. ആദ്യം പറഞ്ഞ നിയമസഭകളിലെ അട്ടിമറിയിലെന്നപോലെ കീഴ് കോടതിയിലും എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നൽ കീഴ്വഴക്കത്തിന്റെ സാങ്കേതികന്യായത്താൽ ഉന്നത നീതിപീഠങ്ങൾ അവഗണിക്കുന്നു. എന്നാൽ, ഈ നിലപാടിനെ ആയുധമാക്കി കീഴ് കോടതി സ്വന്തം വ്യവഹാരശൈലി നിരങ്കുശം തുടരുമ്പോൾ, മുമ്പുപറഞ്ഞ രണ്ട് ജാമ്യക്കേസുകളിലെയും പോലെ മേൽക്കോടതി ഭംഗിയായി ഇരയാക്കപ്പെടുകയാണ്.
കോടതികൾക്ക് ഒരു കാര്യത്തിലും പരമാധികാരമൊന്നുമില്ല. ഒരു വിചാരണയും വാദിക്കോ പ്രതിക്കോ വേണ്ടിയല്ല, വ്യവഹാരത്തിൽ ഉൾപ്പെട്ട കേന്ദ്രപ്രമേയത്തിലെ നീതിക്കുവേണ്ടിയാണ്. അങ്ങനെയാണ് ആധുനിക നീതിന്യായ സങ്കൽപംതന്നെ. എന്നുവെച്ചാൽ സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ വ്യാപകമായ ഒരു രാജ്യത്ത്, അതിന് തടയിടാൻ നിയമം കടുപ്പിച്ചിരിക്കെ, സാമ്പ്രദായിക ശീലങ്ങളിലും അതിലും പ്രാകൃതമായ മനോമുറകളിലും നീതിപീഠങ്ങളിലിരിക്കുന്നവർ പെരുമാറുമ്പോൾ കോടതി പ്രതിഭാഗം ചേരുക പോലുമല്ല, കുറ്റകൃത്യത്തിന്റെ പക്ഷം ചേരുകയാണ്.
ജനാധിപത്യത്തിന്റെ അട്ടിമറികളിലൂടെ അധികാര രാഷ്ട്രീയം തഴക്കുകയും ലൈംഗിക കുറ്റകൃത്യങ്ങളുടെ ലളിതവത്കരണങ്ങളിലൂടെ കോടതിവ്യവഹാരങ്ങൾ സ്ത്രീജനതയെ അരക്ഷിതരാക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ ജുഡീഷ്യറി ഒരു പുനഃപരിശോധന ആവശ്യപ്പെടുകയാണ്. കാര്യഗൗരവമുള്ള പൗരാവലിക്കു മുന്നിൽ ഒരു പുനർവിചാരണ കാരണം നീതിന്യായം കേവലം തീർപ്പുകൽപിക്കലല്ല. നീതി കണ്ടെത്തൽ പോലുമല്ല. ആത്യന്തികമായി അത് ജനതയെ ശാക്തീകരിക്കലാണ്. ഉന്നത ന്യായാസനം ഉച്ചരിക്കുന്നത്- വിചാരണയിലാവട്ടെ, വിധിന്യായത്തിലാവട്ടെ, റിട്ട് ഹരജിയിലോ അപ്പീലിലോ ആവട്ടെ- പൗരനെ സ്വാധീനിക്കുന്ന നാദമാണ്. ഉച്ചരിക്കപ്പെടുന്ന കേസിന്റെ സാങ്കേതികതക്കപ്പുറം അത് സമൂഹത്തിന് പകരുന്ന ഒരു സന്ദേശമുണ്ട്- മനുഷ്യജീവിതത്തെ ഇതാ ഞങ്ങൾ ചേർത്തുപിടിക്കുന്നു എന്ന്. വ്യക്തികളെയും സമൂഹത്തെയും അവർ അകപ്പെട്ട പ്രതിസന്ധികളുടെ ത്രാസത്തിൽനിന്ന് വിമോചിപ്പിക്കുന്ന രാഷ്ട്രീയകർമമാണത്. അതിന് രാഷ്ട്രീയാർഥത്തിലുള്ള ദൃശ്യപരതയില്ലെങ്കിലും അതൊട്ടും അപ്രധാനമല്ല. ജനാധിപത്യത്തിൽ പൗരാവലിയുടെ അജണ്ട സ്ഥാപിക്കുന്ന രാഷ്ട്രീയധർമംതന്നെയാണത്, ജനതയെ നിരപേക്ഷയായി ശാക്തീകരിക്കൽ, രാഷ്ട്രീയമണ്ഡലത്തിൽ അജണ്ടകൾ വിഭാഗീയമാണ്- ചില പൊതു അജണ്ടകളുണ്ടാകാമെങ്കിലും. ന്യായാസനത്തിലാണ് വിഭാഗീയതകൾക്കപ്പുറത്തെ പൊതു അജണ്ട പ്രവർത്തനക്ഷമമാവുക. മാറുന്ന ലോകത്തിന്റെ ചക്രവാളത്തിൽ പൗരജീവിതത്തെ വിപുലപ്പെടുത്തലാണതിന്റെ ലക്ഷ്യം. പുതിയ വഴികളും പുതിയ അർഥങ്ങളും ഉരുത്തിരിക്കാൻ മാറ്റത്തോട് നീതിപുരസരം ആനുരൂപ്യമൊരുക്കൽ. ഓരോ വിധിന്യായത്തിലും നാം ജീവിക്കുന്ന ലോകത്തെയും കാലത്തെയും കുറിച്ച ചുവരെഴുത്തുകൾ വായിച്ചെടുക്കാനാവും; ആവണം. എല്ലായ്പോഴും അത്രക്കൊന്നും ഉയർന്നില്ലെങ്കിലും കോടതികൾക്ക് കുറഞ്ഞപക്ഷം ജീവിതത്തിന്റെയും കാലത്തിന്റെയും ചുവരെഴുത്തുകൾക്ക് നേരെ കണ്ണടക്കാതിരിക്കാം. അതൊരു കേവലമര്യാദയാണ്- നീതിപീഠവും ഈ സമൂഹത്തിന്റെ ഉൽപന്നവും ഉപഭോക്താവുമാണെന്ന വിനയാന്വിതമായ തിരിച്ചറിവിന്റെ. അതില്ലാത്തതിന്റെ ചേതമാണ് കാൾഹിസ്റ്ററിയുടെ ചെലവിൽ വംശഹത്യയുടെ ചോരനേര് എഴുതിത്തള്ളുന്നത്; ചട്ടസാങ്കേതികത്വത്തിന്റെ ചെലവിൽ ജനാധിപത്യ ധ്വംസനങ്ങൾക്ക് നേരെ കണ്ണടക്കുന്നത്.