'കരിമ്പ് ജ്യൂസ് കടയിൽ നിന്നും സ്പാനിഷ് ലാലിഗയിലേക്ക്'; ഇന്ത്യൻ ഫുട്ബാളിന്റെ യുവമുഖം ആഷിഖ് കുരുണിയൻ ജീവിതം പറയുന്നു
പ്രതീക്ഷിച്ചതിലുംമുമ്പേ ജീവിതാഭിലാഷം സഫലമാവുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ നീലക്കുപ്പായം സ്വപ്നംകണ്ടുറങ്ങി രാവിലെകളിൽ നേരത്തേ എഴുന്നേറ്റ് നാട്ടിലെ കുട്ടികൾക്കൊപ്പം കളിക്കാനോടിയിരുന്ന ചെറുപ്പകാലം. ഒരു 15 കൊല്ലം പിറകോട്ടു പോയാൽ, ഇന്നത്തെപ്പോലെ മാതാപിതാക്കൾ മക്കൾ ഫുട്ബാൾ താരങ്ങളാവണമെന്ന് അത്രകണ്ട് ആഗ്രഹിച്ചിരുന്നില്ലല്ലോ. പഠനത്തിനായിരുന്നു മുൻഗണന. പുസ്തകത്തേക്കാളധികം പന്തിനോട് ഇഷ്ടംവെക്കുന്നവരെ പിന്തിരിപ്പിക്കുന്നവരുമുണ്ടായിരുന്നു. മലപ്പുറത്തുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് ഫുട്ബാളെന്നാണ് പറയാറ്. ജില്ല ആസ്ഥാനത്തോട് ചേർന്ന് കടലുണ്ടിപ്പുഴയോരത്തെ പാണക്കാട് പട്ടർക്കടവാണ് എന്റെ ഗ്രാമം. നാട്ടിലും വീട്ടിലും ഫുട്ബാൾ കൾച്ചറുണ്ട്. അതിനാൽതന്നെ ഒരു കുട്ടിയെയും ആരും നിർബന്ധിച്ച് കളിപ്പിക്കേണ്ട കാര്യമേയില്ല. പിച്ചവെക്കാൻ തുടങ്ങുമ്പോൾതന്നെ കാലിലൊരു പ്ലാസ്റ്റിക് പന്തെങ്കിലും കാണും. തീർച്ചയായും എന്റെ വീട്ടുകാർ ഒരിക്കൽപോലും എന്നിലെ ഫുട്ബാളറെ നിരുത്സാഹപ്പെടുത്തിയില്ലെന്നു മാത്രമല്ല, അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തു.
പാണക്കാട് യു.പി സ്കൂളിൽ പഠിക്കുമ്പോൾ അത്ലറ്റിക്സിനോട് തോന്നിയ താൽപര്യമാണ് ഫുട്ബാളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് നിമിത്തമായത്. 100, 200 മീറ്ററുകളായിരുന്നു ഇഷ്ട ഇനം. കായികാധ്യാപകൻ 'ഓൺ യുവർ മാർക്ക്, ഗെറ്റ് സെറ്റ് ഗോ...' പറഞ്ഞ് വിസിലടിക്കാനൊരുങ്ങുമ്പോഴേക്കും ഞാനും കൂട്ടുകാരും ഓട്ടം തുടങ്ങും. മത്സരങ്ങളിൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ ഞാൻ ഫിനിഷ് ചെയ്യുന്നത് ശ്രദ്ധിച്ച റഫീഖ് സാറിന്റെയുള്ളിലെ ഫുട്ബാൾ നിരീക്ഷകൻ ഉണർന്നു. അദ്ദേഹം എന്നെ സ്കൂൾ ടീമിൽ വിങ്ങിൽ കളിപ്പിച്ചു. പന്തുമായി വേഗത്തിൽ ഓടാനായിരുന്നു നിർദേശം. എന്നിലെ ഫുട്ബാളറെ തിരിച്ചറിഞ്ഞ അദ്ദേഹംതന്നെ തുടർപരിശീലനം ഏർപ്പാടാക്കി.
ഇനി മറ്റൊരാളെക്കുറിച്ച് പറയാം. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയിൽ ജീവനക്കാരനും പ്രമുഖ താരവുമായിരുന്നു ഷാജിറുദ്ദീൻ കോപ്പിലാൻ എന്ന ഞങ്ങളുടെ ഷാജിർക്ക. മലപ്പുറം മേൽമുറി സ്വദേശി. ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് മടങ്ങുംമുമ്പേ അദ്ദേഹം ഒരു തീരുമാനമെടുത്തിരുന്നു. മലപ്പുറത്തെയും പരിസരത്തെയും ഫുട്ബാൾ താരങ്ങളെ കണ്ടെത്തി വളർത്തിക്കൊണ്ടുവരണം. ഫുട്ബാളിലൂടെ അവരുടെ കുടുംബങ്ങൾക്ക് ജീവിതമാർഗവുമൊരുക്കണം. 2003ൽ മലപ്പുറത്തെ കുട്ടികളെ കളി പഠിപ്പിക്കാൻ തുടങ്ങി. അന്ന് ആരിൽനിന്നും ഒരു പ്രതിഫലവും അദ്ദേഹം വാങ്ങിയിരുന്നില്ല. പലരുടെയും മികവ് കണ്ട് ഒന്നുറപ്പിച്ചു. കഠിനപരിശ്രമംകൊണ്ട് താൻ എത്തിയതിനേക്കാൾ എത്രയോ ഉയരത്തിൽ എത്താൻ പ്രാപ്തർ കൂട്ടത്തിലുണ്ട്. താൻ കളിച്ചുവളർന്ന മലപ്പുറം കോട്ടപ്പടി മൈതാനത്തുതന്നെയായിരുന്നു ഷാജിർക്കയുടെ ക്യാമ്പുകൾ. 2008ൽ എ.എഫ്.സി വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച വിഷൻ ഇന്ത്യ ക്യാമ്പ് കോട്ടപ്പടിയിലുമെത്തി.
റഫീഖ് സാറാണ് ഞങ്ങളോട് വിഷൻ ഇന്ത്യ ട്രയൽസിനെക്കുറിച്ച് പറഞ്ഞത്. പോകാൻ ഞങ്ങൾ നാലുപേർ റെഡിയായി. സാറിന് അന്നൊരു ഹീറോ ഹോണ്ട ബൈക്കാണ്. ഞങ്ങളെ നാലുപേരെയും പിറകിലിരുത്തി സാർ വണ്ടിയോടിച്ച് കോട്ടപ്പടിയിലേക്ക്. സെലക്ഷൻ കിട്ടി. സ്കൂളിന് പുറത്ത് ആദ്യമായൊരു ക്യാമ്പ്. അതായിരുന്നു എന്റെ ഔദ്യോഗിക തുടക്കം. 11 വയസ്സാണ് പ്രായം. മഷൂർ ശരീഫ്, ജിഷ്ണു ബാലകൃഷ്ണൻ, സഫ്വാൻ മേമന, ഷമീൽ തുടങ്ങിയവർ ഷാജിർക്കക്ക് കീഴിൽ പരിശീലിച്ചിരുന്നു. കൂട്ടത്തിൽ സീനിയറായ ഷമീലിന് പിന്നീട് ഇന്ത്യൻ ജൂനിയർ ടീമിലേക്ക് സെലക്ഷൻ കിട്ടി. ഞങ്ങളിൽപ്പെട്ടൊരാൾ ആദ്യമായി അന്താരാഷ്ട്ര ജഴ്സിയണിയുന്നതിന്റെ ത്രിൽ. മറ്റുള്ളവർക്കും അത് വലിയ പ്രചോദനമായി. നിലവിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനുവേണ്ടി ഐ.എസ്.എല്ലിൽ കളിക്കുന്ന മഷൂർ ഷരീഫ് ഒരു തവണ ഇന്ത്യൻ സീനിയർ ടീമിൽ ഇറങ്ങിയതും ജിഷ്ണു ബാലകൃഷ്ണൻ സന്തോഷ് ട്രോഫി ടീമിലും കേരള ബ്ലാസ്റ്റേഴ്സിലും ഗോകുലം എഫ്.സിയിലും ചെന്നൈ സിറ്റി എഫ്.സിയിലുമെത്തിയതും സഫ്വാൻ കേരളത്തിന്റെയും കേരള പൊലീസിന്റെയും താരമായതും സാന്ദർഭികമായി എടുത്തുപറയണമെന്ന് തോന്നുന്നു.
പാണക്കാട് ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസിൽ ചേർന്നു. ക്ലാസിന് പോവാൻ തുടങ്ങി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ അറിയിപ്പ് വരുന്നത്. അന്വേഷിച്ചപ്പോൾ, എട്ടാം ക്ലാസിലേക്ക് ജയിക്കുന്നവർക്കു മാത്രമാണ് പ്രവേശനമെന്ന മറുപടി കിട്ടി. ഞാൻ എട്ടാം ക്ലാസ് പകുതി പിന്നിട്ടിരുന്നതിനാൽ സ്വാഭാവികമായും അടുത്ത കൊല്ലം ഒമ്പതാം ക്ലാസുകാരനാവും. നിരാശയോടെ മടങ്ങുമ്പോൾ ഒരു ബുദ്ധി മനസ്സിലുദിച്ചു. ഒരു വർഷം നഷ്ടപ്പെടുത്തുക. ഇതിന് വീട്ടുകാരുടെ സമ്മതം കിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. സ്പോർട്സ് ഹോസ്റ്റലിൽ സെലക്ഷൻ കിട്ടിയെന്നും എട്ടാം ക്ലാസിൽ തോൽക്കേണ്ടതുണ്ടെന്നും ഉമ്മയെയും ഉപ്പയെയും സഹോദരങ്ങളെയും ബോധിപ്പിച്ചു. പാണക്കാട് സ്കൂളിൽ ക്ലാസ് തുടർന്നാൽ അവർ ഒമ്പതിലേക്ക് ജയിപ്പിക്കുമെന്ന് ഉറപ്പാണ്. അതോടെ സ്കൂളിൽ പോവാതായി. കുറച്ച് മാസങ്ങൾ വീട്ടിൽ വെറുതെയിരിക്കുന്ന കാര്യമോർത്തപ്പോൾ എന്തെങ്കിലും ചെറിയ ജോലി ചെയ്താലോയെന്ന് ആലോചിച്ചു. ബൂട്ടും മറ്റു സാമഗ്രികളും വാങ്ങാനും കാശ് വേണമല്ലോ. ഇതോടെ നാട്ടിലെ കരിമ്പ് ജ്യൂസ് കടയിൽ പോയി. ഏതാനും മാസം അവിടെ ജോലി ചെയ്തു.
* * * *
മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്കും സ്പോർട്സ് ഹോസ്റ്റലിലേക്കും അഡ്മിഷൻ കിട്ടി. ഫുട്ബാൾ മാത്രമായിരുന്നു ലക്ഷ്യം. മലപ്പുറം നഗരപരിസരത്താണ് സ്കൂളെങ്കിലും ഫുട്ബാൾ ടീമിലുള്ളവർ ഹോസ്റ്റലിൽ നിൽക്കണം. ബിനോയ് സി. ജെയിംസായിരുന്നു പരിശീലകൻ. നേരത്തേ പറഞ്ഞ ജിഷ്ണുവും സഫ് വാനുമൊക്കെ കൂടെയുണ്ട്. മൂന്നു കൊല്ലമാണ് ഹോസ്റ്റലിൽ നിന്നത്. 2013ലെ സുബ്രതോ കപ്പ് ഫൈനൽ മറക്കാനാവില്ല. ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ കേരളത്തിൽനിന്ന് ആദ്യമായൊരു ടീം കളിക്കുന്നു. എതിരാളികൾ വമ്പന്മാർ. യുക്രെയ്നിലെ ഡൈനാമോകീവ് എഫ്.സി. ഞങ്ങളുടെ ടീമായ എം.എസ്.പി സ്കൂൾ ജില്ലയെ പ്രതിനിധാനംചെയ്താണ് സംസ്ഥാനതലത്തിൽ ചാമ്പ്യന്മാരായത്. ഡൽഹിയിൽ കളിച്ചത് കേരളത്തിന്റെ ടീമായിട്ട്. ഫൈനലിലെത്തിയതോടെ എം.എസ്.പി ഇന്ത്യൻ ടീമായി. ആ മത്സരം വലിയ വാർത്തയായിരുന്നു. ലോകകപ്പിന്റെ ആവേശത്തിൽ മലപ്പുറത്തുകാർ ഡൽഹിയിലേക്ക് ഉറ്റുനോക്കി. രണ്ടിനെതിരെ അഞ്ചു ഗോളിന് പരാജയപ്പെട്ടെങ്കിലും ആദ്യമായി ഫൈനൽ കളിക്കാനായതിന്റെയും വിദേശ ടീമിനോട് മുട്ടാൻ കഴിഞ്ഞതിന്റെയും ത്രില്ലിലായിരുന്നു ഞങ്ങൾ. ജില്ല ജൂനിയർ ടീമിലും പിന്നെ സംസ്ഥാന ജൂനിയർ ടീമിലുമെത്തി. ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ ഇറങ്ങിയ കേരള ടീമിൽ ഞാനടക്കം രണ്ടോ മൂന്നോ പേർ എം.എസ്.പിയിൽനിന്നുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞതോടെ എം.എസ്.പിയിൽതന്നെ പ്ലസ് വൺ അഡ്മിഷൻ കിട്ടിയെങ്കിലും ഹോസ്റ്റൽ വാസം മതിയാക്കി. പുറത്തേക്ക് പോവാനായിരുന്നു തീരുമാനം. നാട്ടിൽ തുടർന്നാൽ സ്വപ്നങ്ങളൊക്കെ പാതിവഴിയിൽ അവസാനിക്കുമെന്ന് തോന്നി.
എം.എസ്.പിയിൽനിന്ന് ഞാൻ ചാടിപ്പോന്നുവെന്നതാണ് സത്യം. ആരുടെയും സമ്മതമുണ്ടായിരുന്നില്ല. വീട്ടുകാർ കൂടെ നിന്നതു മാത്രമാണ് ആശ്വാസം. നല്ല ടാലന്റുള്ള കുട്ടികൾ എം.എസ്.പിയിലുണ്ട്. പക്ഷേ, അവർക്കിടയിൽനിന്ന് എത്രപേർ ഇന്ത്യക്കുവേണ്ടി കളിച്ചു? ചാടിപ്പോന്ന ഞാനും പിന്നൊരു മഷൂർ ശരീഫും. ബാക്കിയുള്ളവർക്ക് എന്തു സംഭവിച്ചുവെന്ന് ചിന്തിക്കണം. ഒമ്പതിലും പത്തിലും പഠിക്കുമ്പോൾ എം.എസ്.പിയിലെ ഒരുപാട് കുട്ടികൾക്ക് പല അക്കാദമികളിൽനിന്നും ക്ലബുകളിൽനിന്നും ഓഫർ വരാറുണ്ട്. ഐ ലീഗ്, ഐ.എസ്.എൽ ക്ലബുകളുടെയൊെക്ക രണ്ടാം ഡിവിഷൻ ടീമുകളിലേക്ക് വിളിക്കും. ആരെയും വിടാറില്ല. പ്ലസ് ടു കഴിയുന്നതുവരെ പിടിച്ചുനിർത്തി എല്ലാ കളികൾക്കും ഇറക്കും. പ്ലസ് ടു കഴിഞ്ഞാൽ തുറന്നുവിടുകയാണ് രീതി. അപ്പോഴേക്കും 18 വയസ്സായിട്ടുണ്ടാവും. ആ പ്രായത്തിലുള്ളവരെ ഒരു പ്രഫഷനൽ ക്ലബിനും ആവശ്യമുണ്ടാവില്ല. അന്നുഞാൻ ചാടിയിരുന്നില്ലെയങ്കിൽ മറ്റുള്ളവരെപ്പോലെ ജോലിയും കൂലിയുമില്ലാതെ നടക്കുന്നുണ്ടാവും. ഗുരുത്വദോഷം പറയുകയാണെന്ന് കരുതരുത്. അവിടത്തെ കുറച്ച് താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിൽ കിട്ടിയിട്ട് ഞാൻ ചെന്ന് അവരുടെ കൈയും കാലും പിടിച്ചിട്ടുണ്ട്. വിട്ടില്ല. അവർ ബി ടീമുകളിൽ കളിച്ച് നന്നായി പെർഫോം ചെയ്താൽ രണ്ടു കൊല്ലത്തിനകം സീനിയർ ടീമിലെത്തും. ഇന്ത്യൻ ടീമിലും ഐ.എസ്.എല്ലിലുമൊക്കെ കാണാമായിരുന്നു എം.എസ്.പിയിലെ കുട്ടികളെ. എല്ലാ വർഷവും പ്ലസ് ടു കഴിഞ്ഞ് 30ലധികം കുട്ടികൾ എം.എസ്.പിയിൽനിന്ന് ഇറങ്ങുന്നുണ്ട്. രക്ഷപ്പെട്ടവർ പത്തിൽ താഴെ മാത്രം. രക്ഷപ്പെട്ടവരിൽ കൂടുതൽപേരുമാവട്ടെ ചാടിപ്പോന്നവരും. സ്പോർട്സ് ഹോസ്റ്റലിൽ തീറ്റിപ്പോറ്റുന്നത് മറ്റുള്ളവർക്ക് കളിക്കാൻ കൊടുക്കാനല്ലെന്നാണ് അധികൃതരുടെ ന്യായം.
2014ൽ ഝാർഖണ്ഡിൽ നടന്ന അണ്ടർ 19 ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ രണ്ടാം സ്ഥാനക്കാരാക്കുന്നതിൽ പങ്കുവഹിച്ചതോടെ അവിടത്തെ സെയിൽ അക്കാദമിയിൽ കിട്ടി. നാലുമാസമാണ് ഝാർഖണ്ഡിൽ നിന്നത്. 16 വയസ്സാണ് പ്രായം. നാട്ടിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ പ്രയാസവും ഒറ്റപ്പെടലും നല്ലവണ്ണം അനുഭവിച്ചിരുന്നു. എങ്ങനെയെങ്കിലും നാട്ടിലേക്ക് വരണമെന്ന് തോന്നി. അന്നൊരു വൈകുന്നേരം ഡൽഹിയിലെ ഗഡ്വാൾ എഫ്.സിയിൽനിന്നൊരു കാൾ. ക്ലബിന്റെ അണ്ടർ 19 ടീമിൽ ചേരാമോയെന്നാണ് ചോദ്യം. സമ്മതിച്ചു. അവർക്കുവേണ്ടി അണ്ടർ 19 ഐ ലീഗ് കളിച്ചു. 15 വയസ്സുള്ളപ്പോൾ മുതൽ പലയിടത്തും ഞാൻ കളിക്കാൻ ഒറ്റക്ക് ദൂരേക്ക് പോകുന്നതിലൊന്നും ഉമ്മാക്കും ഉപ്പാക്കും ആധിയില്ലായിരുന്നു. ട്രെയിനിൽ ഡൽഹിക്കു പോയതും തനിച്ചായിരുന്നു. ഗഡ്വാൾ എഫ്.സിയിൽ കളിച്ചത് വഴിത്തിരിവായി. വലിയ സ്വപ്നങ്ങളിലേക്ക് ഞാൻ പന്തുതട്ടാനിറങ്ങിയത് അവിടെനിന്നാണ്.
നാട്ടിൽ വരുമ്പോൾ ഞാൻ സെവൻസിന് പോവാറുണ്ട്. ബാബുക്ക എന്ന മാനേജർക്കു കീഴിലാണ് സെവൻസ് കളിച്ചിരുന്നത്. അരക്കുതാഴെ തളർന്നയാളായിട്ടും ഫുട്ബാളിനോട് മറ്റാരേക്കാളുമേറെ ആവേശമാണ്. രണ്ടുമൂന്ന് സെവൻസ് ക്ലബുകൾ അദ്ദേഹം കൊണ്ടുനടന്നിരുന്നു. ഡൽഹിയിൽനിന്ന് മടങ്ങവേ ഞാൻ ബാബുക്കയെ വിളിച്ചു. കുറച്ചു പൈസയുടെ ആവശ്യമുണ്ടെന്നും നാട്ടിലെത്തിയാൽ കളിക്കണമെന്നുമാണ് പറഞ്ഞത്. ടിക്കറ്റ് ബുക്ക് ചെയ്തോ എന്ന ചോദ്യത്തിന് അതേ എന്നും മറുപടി നൽകി. അഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യാനും തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് ബാബുക്ക ഫോൺ കട്ടാക്കി. ഞാൻ അദ്ദേഹത്തിന്റെ വിളിക്കു വേണ്ടി കാത്തിരുന്നു. ബാബുക്കയുടെ വിളിവന്നു. നാട്ടിലേക്കുള്ള ടിക്കറ്റ് കാൻസൽ ചെയ്യാനും പുണെയിൽ പോവാനുമായിരുന്നു ഉപദേശം. അനസ് എടത്തൊടിക പുണെ എഫ്.സിയുടെ ക്യാപ്റ്റനായി ഐ ലീഗിൽ തിളങ്ങിനിൽക്കുന്ന സമയമാണ്. അവർക്ക് നല്ലൊരു അക്കാദമിയുണ്ടെന്നും അനസുമായി സംസാരിച്ചിട്ടുണ്ടെന്നും അങ്ങോട്ട് പോവാനും ബാബുക്ക പറഞ്ഞു. ടിക്കറ്റ് മാറ്റിയെടുത്ത് നേരെ പുണെയിലേക്ക്. അനസിക്കയെ പരിചയപ്പെട്ടു. എല്ലാ സപ്പോർട്ടും നൽകി അദ്ദേഹം കൂടെ നിന്നു. അക്കാദമിയിൽ ട്രയൽസിൽ സെലക്ഷൻ കിട്ടി.
പുണെ എഫ്.സിയുടെ അണ്ടർ 19 ടീമിന്റെ സ്ട്രൈക്കറായിട്ടായിരുന്നു തുടക്കം. 2014-15 അണ്ടർ 19 ഐ ലീഗിൽ പുണെ എഫ്.സി രണ്ടാം സ്ഥാനത്തെത്തുമ്പോൾ ഞാനുണ്ടായിരുന്നു ടീമിൽ. പുണെയിലെ പ്രകടനത്തോടെ ഇന്ത്യയുടെ അണ്ടർ 18, 19 ടീമുകളിൽ എത്തി.
2015ലെ അണ്ടർ 18 ഫാം ഫ്രൻസ് ഏഷ്യ ചാമ്പ്യൻസ് ട്രോഫിയിലാണ് ആദ്യമായി ഇന്ത്യൻ ജഴ്സിയണിയുന്നത്. ഈ ടൂർണമെന്റിൽ ഗോളും നേടി. തുടർന്നാണ് അണ്ടർ 19 ഇന്ത്യൻ ക്യാമ്പിലേക്ക് വിളിക്കുന്നത്. ഇതേ വർഷം ഫലസ്തീനിൽ എ.എഫ്.സി അണ്ടർ 19 ചാമ്പ്യൻസ് ക്വാളിഫയേഴ്സിനുള്ള 23 അംഗ ദേശീയ ടീം പ്രഖ്യാപിച്ചപ്പോൾ ഫോർവേഡുകളിൽ എന്റെ പേരുമുണ്ടായിരുന്നു. 2016ൽ പുണെ എഫ്.സി ക്ലബ് പിരിച്ചുവിട്ടതോടെ അനസ്ക്ക (അനസ് എടത്തൊടിക) എന്നെ ഡൽഹിയിലേക്ക് വിളിച്ചു. അദ്ദേഹം അപ്പോൾ ഡൽഹി ഡൈനാമോസിൽ ഐ.എസ്.എൽ കളിക്കുന്നുണ്ടായിരുന്നു. ക്ലബുമായി എന്റെ കാര്യങ്ങൾ സംസാരിച്ചു. അങ്ങനെ ഞാൻ ഡൈനാമോസുമായി കരാറിലെത്തി. ഈ സമയത്താണ് പുണെ എഫ്.സിയുടെ അക്കാദമി 2014ൽ നിലവിൽ വന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്.സി പുണെ സിറ്റി ഏറ്റെടുക്കുന്നത്. അവർ എന്നെ വിളിച്ചു. അക്കാദമിയിൽ കരാർ ബാക്കിയുണ്ടെന്നും തിരിച്ചുവന്നില്ലെങ്കിൽ കേസ് കൊടുക്കുമെന്നും മുന്നറിയിപ്പ്. പുണെ സിറ്റിക്ക് എന്നെ വിടാൻ താൽപര്യമുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഞാൻ ഡൽഹിയിൽനിന്ന് പുണെയിലേക്കു മടങ്ങി എഫ്.സി പുണെ സിറ്റിയുടെ ഭാഗമായി.
* * * *
2016 ഒക്ടോബറിൽ മറ്റൊരു പ്രധാന സംഭവമുണ്ടായി. ഇന്ത്യൻ താരങ്ങൾക്ക് കിനാവ് കാണാവുന്നതിലും അപ്പുറത്തായിരുന്നു സ്പാനിഷ് ലാ ലിഗ. വമ്പൻ ക്ലബുകൾ ഏറ്റുമുട്ടുന്ന, മെസ്സിയും റൊണാൾഡോയുമൊക്കെ നിറഞ്ഞാടുന്ന ലാ ലിഗ!. സ്പാനിഷ് ക്ലബായ വിയ്യാ റയൽ എഫ്.സി പുണെ സിറ്റിയുമായുണ്ടാക്കിയ ധാരണപ്രകാരം ട്രയൽസ് കം െട്രയിനിങ്ങിന് അയക്കാൻ തീരുമാനിച്ചത് എന്നെയായിരുന്നു.
പുണെ സിറ്റിയുമായി രണ്ടു വർഷത്തെ കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു ഇത്. സ്വപ്നലോകത്തെത്തിയപോലെയായിരുന്നു. എന്റെ വരവ് സ്പാനിഷ് പത്രങ്ങളുടെ കായിക പേജുകളിൽ വലിയ വാർത്തയായതു കണ്ട് ഞാൻ അന്ധാളിച്ചു. ബാഴ്സലോണക്കെതിരായ വിയ്യ റയലിെന്റ സ്പാനിഷ് ലാ ലിഗ മത്സരം നേരിട്ടു കണ്ടു. മെസ്സി, നെയ്മർ, സുവാരസ് ഉൾപ്പെടെ പ്രിയ താരങ്ങൾ തൊട്ടടുത്ത്. വിയ്യ റയൽ താരങ്ങൾക്കൊപ്പമായിരുന്നു താമസവും ഭക്ഷണവും. അവരെ കൗതുകത്തോടെ നോക്കിയിരുന്നു. ഇന്നോളം കേട്ടിട്ടുപോലുമില്ലാത്ത ഭക്ഷണങ്ങളുടെ രുചിയറിഞ്ഞു. സ്പെയിനിലെയും ഇന്ത്യയിലെയും ഫുട്ബാൾ തീർത്തും വ്യത്യസ്തമാണ്. വേഗവും കടുപ്പമുള്ളതുമാണ് അവിടത്തെ കളി. ശാരീരികമായി ഇന്ത്യക്കാരേക്കാൾ കരുത്തർ.
അണ്ടർ 5 കാറ്റഗറി മുതൽ ടീമുകളുണ്ട് വിയ്യ റയലിന്. ഇതിനനുസരിച്ച് മൈതാനങ്ങളുടെയും പന്തുകളുടെയും വലുപ്പത്തിൽ വരെ വ്യത്യാസമുണ്ടാവും. വിയ്യ റയലിന് മാത്രം 16 സ്റ്റേഡിയങ്ങളുണ്ട്. ആഴ്ചയിൽ നാലു ദിവസവും കുട്ടികൾക്ക് പരിശീലനം. ശനിയാഴ്ചകളിൽ ഏതെങ്കിലും ടീമുമായി മത്സരവും. നമുക്ക് മാസത്തിലൊരു കളിപോലും ഇല്ലാത്ത അവസ്ഥ. മത്സരപരിചയം പ്രധാനമാണ്. വിയ്യ റയലിൽ ഇതര രാജ്യക്കാരുമുണ്ട്. രാത്രിയായിരുന്നു പരിശീലനം. വിയ്യാ റയലിെൻറയും സി.ഡി. റോദയുടെയും സി ടീമുകൾ കളത്തിലിറങ്ങി. വിയ്യ റയലിെൻറ ജഴ്സിയിലാണ് ഞാൻ എത്തിയതെങ്കിലും അവരുടെ മറ്റൊരു ടീമായ റോദക്കുവേണ്ടി കളിക്കാനായിരുന്നു നിർദേശം. സ്വന്തം ടീമാണ് എതിരാളികളെന്നൊന്നും നോക്കിയില്ല. എട്ടാം മിനിറ്റിൽതന്നെ സ്കോർ ചെയ്തു. 80 മിനിറ്റ് കളിക്കാൻ അവസരം ലഭിച്ചു. കളി വിയ്യ റയൽ സി ടീം രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ റോദക്ക് കഴിഞ്ഞു. ഇടക്ക് പുതിയൊരു നിയോഗമുണ്ടായി. നൈജീരിയൻ ക്ലബായ റിവേഴ്സ് യുനൈറ്റഡ് എഫ്.സിയുമായി നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ വിയ്യ റയൽ സി ടീമിനെ നയിച്ചത് ഞാനായിരുന്നു. മത്സരം 3-3ന് സമനിലയിൽ പിരിഞ്ഞു. മികച്ച പ്രകടനം നടത്താനായതിെൻറ ആത്മവിശ്വാസവും സന്തോഷവുമുണ്ടായിരുന്നു കളി കഴിഞ്ഞ് മടങ്ങുമ്പോൾ. ഓരോ ദിവസവും പുതിയ അനുഭവങ്ങളായിരുന്നു.
വിയ്യ റയൽ അക്കാദമിയിൽ സഹതാരങ്ങളെല്ലാം തദ്ദേശീയരാണ്. ഇവരെ സാക്ഷിയാക്കിയാണ് മാനേജ്മെന്റ് ക്യാപ്റ്റൻസി ടീമിലെ ഏക വിദേശ കളിക്കാരനെ ഏൽപിച്ചത്. മറ്റുള്ളവരെല്ലാം സംസാരിക്കുന്നത് സ്പാനിഷ് ഭാഷയാണ്. എന്നാൽ, ഫുട്ബാളെന്ന ആഗോള മാധ്യമത്തിന് ഭാഷ പ്രശ്നമേയല്ല. രണ്ടര മാസമായിരുന്നു പരിശീലനം. ഒരു വർഷംകൂടി തുടരാൻ അവസരം ലഭിച്ചെങ്കിലും 2017 ഫെബ്രുവരിയിൽ പരിക്ക് കാരണം മതിയാക്കി മടങ്ങുകയായിരുന്നു ഞാൻ.
* * * *
2017 ജൂലൈയിൽ പുണെ സിറ്റി ഞാനുമായുള്ള കരാർ പുതുക്കി ഐ.എസ്.എൽ ടീമിലെടുത്തു. ഡിസംബർ 10ന് ജാംഷഡ്പുരിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. 83ാം മിനിറ്റിൽ എമിലിയാനോ അൽഫാറോയെ പിൻവലിച്ച് എന്നെ ഇറക്കി. ആ മത്സരം ഞങ്ങളുടെ ടീം 1-0ത്തിന് ജയിച്ചു. ആദ്യ കൊല്ലമല്ലേ, നന്നായി കളിച്ചില്ലെങ്കിൽ ആരും ശ്രദ്ധിക്കില്ലെന്നും അടുത്ത കൊല്ലം ഒരു ഓപ്ഷൻ ഉണ്ടാവില്ലെന്നും മനസ്സിൽ തോന്നി. ജീവൻ കൊടുത്തു കളിക്കുകയെന്ന സിറ്റുവേഷൻ. അത്രക്കും ഓടിയിരുന്നു. നാലു തവണയാണ് മസിൽ ഇൻജുറി വന്നത്. പലപ്പോഴും കാര്യങ്ങൾ കൈവിടുമെന്ന് തോന്നി. ഡിസംബർ 30ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ കളിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എട്ടാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ വലയിൽ ഞാൻ പന്തെത്തിച്ചു. ഐ.എസ്.എല്ലിലെ ആദ്യ ഗോളിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. 5-0ത്തിനാണ് ഞങ്ങൾ ജയിച്ചത്. 2018-19ലും പുണെ സിറ്റിയിൽ തുടർന്നു. ഒക്ടോബർ മൂന്നിന് ഡൽഹി ഡൈനാമോസിനെതിരെ സീസണിൽ ആദ്യമായി ഞാനിറങ്ങി. നവംബർ ആറിന് ചെന്നൈയിൻ എഫ്.സിക്കെതിരായ കളിയുടെ ഒമ്പതാം മിനിറ്റിൽ ഗോളടിച്ചു. മത്സരം 2-4ന് തോറ്റത് നിരാശയുണ്ടാക്കി. 2019 ഫെബ്രുവരി 16നായിരുന്നു പുണെ സിറ്റി ജഴ്സിയിൽ എന്റെ അവസാന ഗോൾ. 4-1ന് ആ കളിയും ജയിച്ചു. പല മത്സരങ്ങളിലും ഹീറോ ഓഫ് ദ മാച്ചും എമർജിങ് പ്ലയറുമായത് വലിയ അംഗീകാരമായി കാണുന്നു.
* * * *
ഇന്ത്യയുടെ അണ്ടർ 18, 19 ടീമുകളിൽ കളിക്കുമ്പോൾ ഒരു നാൾ സീനിയർ ജഴ്സി എന്നെ തേടിവരുമെന്ന പ്രതീക്ഷ വന്നു. 2017-18ലെ എന്റെ ആദ്യ ഐ.എസ്.എൽ സീസണിലെ പെർഫോമൻസ് കണ്ടാവണം സീനിയർ ക്യാമ്പിലേക്ക് വിളിയെത്തി. 2018 ജൂൺ ഒന്നിന് തുടങ്ങുന്ന ചതുർരാഷ്ട്ര ഇന്റർകോണ്ടിനന്റൽ കപ്പിനായിരുന്നു ക്യാമ്പ്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ച 30 പേരിൽ കേരളത്തിൽനിന്ന് അനസ്ക്കയും ഞാനും. മിഡ്ഫീൽഡർമാരുടെ പട്ടികയിലായിരുന്നു എന്റെ പേര്. അനസ്ക്ക ഇന്ത്യൻ ടീമിലെ സ്ഥിരംസാന്നിധ്യമായി മാറിക്കഴിഞ്ഞിരുന്നു. ഞാനാണെങ്കിൽ ക്യാമ്പിലെത്തുന്നത് നടാടെ. വിളിവന്നപ്പോൾ ശരിക്കും ഷോക്കായി. അവിടെ എത്തിയപ്പോൾ ആകാംക്ഷയും സന്തോഷവും പേടിയുമെല്ലാം ചേർന്ന വികാരം. ഒരു തുടക്കക്കാരനു വേണ്ട എല്ലാ സപ്പോർട്ടും അനസ്ക്ക തന്നു. ക്യാമ്പിൽ പല ഭാഷക്കാർ, സംസ്ഥാനക്കാർ. പുണെയിൽ കളിച്ചതിനാൽ അപരിചിതത്വം ഇല്ല. എങ്കിലും ഇന്ത്യൻ ക്യാമ്പല്ലേ.
ടീമിൽ കയറാൻ കഴിയുമെന്ന് വിശ്വാസമില്ലായിരുന്നു. എങ്കിലും പോസിറ്റിവായി നിന്നു. ഇന്റർകോണ്ടിനന്റൽ കപ്പിനുള്ള ടീമിൽ കിട്ടി. ജൂൺ ഒന്നിന് ഇന്ത്യയുടെ ആദ്യ മത്സരം ചൈനീസ് തായ്പേയിക്കെതിരെ. സുനിൽ ബായിയുടെ (സുനിൽ ഛേത്രി) നേതൃത്വത്തിൽ ടീം ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിൽ. രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിൽ മൂന്നാം ഗോളും നേടിയതിന്റെ ത്രില്ലിൽ നിൽക്കെ സബ്സ്റ്റിറ്റ്യൂഷൻ അനൗൺസ്മെന്റ്. ഹോളിചരൻ നർസാരി ഔട്ട്, ആഷിഖ് കുരുണിയൻ ഇൻ. 50ാം മിനിറ്റിലാണ്. ഗാലറിയിൽനിന്നുയർന്ന കൈയടി ഇപ്പോഴും കാതുകളിൽ അലയടിക്കുന്നപോലെ. അനസ്ക്ക പ്ലേയിങ്ങിലുണ്ടായിരുന്നു. അദ്ദേഹം എന്നെ ഗ്രൗണ്ടിൽ സ്വീകരിച്ചു തോളിൽ കൈതട്ടി അഭിനന്ദിച്ചു. ന്യൂസിലൻഡിനെതിരെ ആദ്യ ഇലവനിൽതന്നെയുണ്ടായിരുന്നു. കിക്കോഫിന് മുമ്പ് മൂവർണപ്പതാക നോക്കി ദേശീയഗാനം ചൊല്ലുമ്പോൾ ശരിക്കും രോമം എഴുന്നേറ്റുനിന്നു. ജൂൺ 10ന് കെനിയക്കെതിരെയായിരുന്നു ഫൈനൽ. ഉദാന്ത സിങ്ങിന് സബ്സ്റ്റിറ്റ്യൂട്ടായി ഞാനിറങ്ങി. 2-0ത്തിന് ജയിച്ച് ഇന്ത്യ പ്രഥമ ഇന്റർകോണ്ടിനന്റൽ കപ്പിൽ മുത്തമിട്ടു. ആദ്യ ക്യാമ്പിൽനിന്ന് ടീമിൽ കിട്ടിയതിന്റെയും നാലു മത്സരങ്ങളിലും കളിക്കാനായതിന്റെയും കപ്പടിച്ചതിന്റെയും ത്രില്ലിലായിരുന്നു ഞാൻ.
2018ലെ സാഫ് ചാമ്പ്യൻഷിപ്പിന് ബംഗ്ലാദേശിൽ. ആദ്യ മത്സരം സെപ്റ്റംബർ അഞ്ചിന് ശ്രീലങ്കക്കെതിരെ. 35ാം മിനിറ്റിൽ ഇന്ത്യക്കുവേണ്ടി എന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോൾ പിറന്നു. ദേശീയ ജഴ്സിയെന്ന സ്വപ്നം പൂവണിഞ്ഞ് അധികം കഴിയുംമുമ്പേ ഗോളുമടിച്ചപ്പോൾ ആഹ്ലാദത്തിന്റെ അത്യുന്നതിയിലായിരുന്നു മനസ്സ്. ഞാനപ്പോൾ വന്നവഴികളെക്കുറിച്ചോർത്തു. കളി ഇന്ത്യ ജയിച്ചു. മാലദ്വീപിനെതിരെയായിരുന്നു ഫൈനൽ. 2-1 ജയത്തോടെ നമ്മുടെ ടീമിനുതന്നെ കിരീടം. യു.എ.ഇയിൽ നടന്ന 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് ഇന്ത്യ ക്വാളിഫൈ ചെയ്തിരുന്നു. മൂന്നു മത്സരങ്ങളിലും എനിക്ക് അവസരം കിട്ടി. ജനുവരി ആറിന് തായ്ലൻഡിനെതിരെ നടന്ന മത്സരത്തിൽ 4-1നായിരുന്നു ജയം. അരനൂറ്റാണ്ടിനിടെ ഏഷ്യൻ കപ്പിൽ രാജ്യം നേടുന്ന ആദ്യ വിജയത്തിന് സാക്ഷിയായി. ബഹ്റൈനെതിരായ ജീവന്മരണ പോരാട്ടത്തിൽ ഇന്ത്യ നേരിയ വ്യത്യാസത്തിൽ തോറ്റില്ലായിരുന്നെങ്കിൽ അടുത്ത റൗണ്ടിലെത്തുമായിരുന്നു. പിന്നാലെ ലോകകപ്പ് ക്വാളിഫയറിലും കളിച്ചു. ആ യാത്ര ഇൗയിടെ കൊൽക്കത്തയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാളിഫയറിലെത്തി നിൽക്കുന്നു. ഇടക്ക് പരിക്ക് കാരണം പുറത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. ഇന്ത്യ അടുത്ത എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണിപ്പോൾ.
നാഷനൽ ടീം കോച്ചുമാരെപ്പറ്റി പറയുമ്പോൾ, എനിക്ക് ആദ്യം അവസരം തന്നത് കോൺസ്റ്റൈന്റനാണ്. ഡിഫറന്റ് ടൈപ് ഫുട്ബാളാണ്. അത് ഞാനിഷ്ടപ്പെടുന്നു. സ്റ്റിമാക്കിനെപ്പറ്റിയും നല്ല അഭിപ്രായമാണ്. മികച്ച റിസൽട്ട് ഉണ്ടാക്കുന്നു. ഓരോ കളിക്കാരനെയും വ്യക്തിപരമായി മനസ്സിലാക്കി പെരുമാറുന്നയാളാണ്. പക്ഷേ, പരിശീലനത്തിൽ കർക്കശക്കാരൻ. എന്നാലും എന്തുകാര്യവും തുറന്നുപറയാം. കോച്ച് എന്നതിലുപരി നല്ലൊരു മനുഷ്യനാണ്.
* * * *
എഫ്.സി പുണെ സിറ്റി ക്ലബും അകാല ചരമത്തിലേക്ക് നീങ്ങി. സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഞങ്ങളുടെ വേതനം നിലച്ചു. ക്ലബ് ഇല്ലാതായി. ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സിയെന്ന പുതിയ ക്ലബ് വന്നു. ഞാൻ ബംഗളൂരുവിലേക്ക് പോന്നു. 2019 ആഗസ്റ്റിൽ ബംഗളൂരു എഫ്.സിയുമായി നാലു കൊല്ലത്തെ കരാർ. സുനിൽ ബായി (ഛേത്രി) ഇന്ത്യൻ ടീമിനു പുറമെ ബംഗളൂരുവിലും എന്റെ നായകനായി. പല കളിക്കാരെയും അടുത്ത് പരിചയമുള്ളവർ. വലിയ സംതൃപ്തി തോന്നി. ഇന്ത്യയിലെ ഒരു ഫുട്ബാളറുടെ ജന്മസാഫല്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചുകഴിഞ്ഞല്ലോ. 26 ഐ.എസ്.എൽ മത്സരങ്ങൾ. അതിലുപരി ആരും കൊതിക്കുന്ന ദേശീയ കുപ്പായത്തിൽ 12 മത്സരങ്ങൾ. ഇല്ലായ്മയുടെ പ്രയാസങ്ങൾ അനുഭവിച്ചിടത്തുനിന്ന് ജീവിതം കരകയറിവരവേയുണ്ടായ ശമ്പളപ്രശ്നങ്ങൾക്കിടയിൽ ഇക്കാര്യങ്ങൾ സന്തോഷം നൽകുന്നതായിരുന്നു.
ആ കൊല്ലം ഒക്ടോബറിൽ ബംഗളൂരുവിനുവേണ്ടി ആദ്യമായി ഐ.എസ്.എല്ലിലിറങ്ങി. ഇന്ത്യൻ ടീമിൽ സ്ട്രൈക്കറുടെ റോൾ പലപ്പോഴും കിട്ടിയിരുന്നെങ്കിലും ബംഗളൂരുവിൽ വിങ് ബാക്കായിരുന്നു. ടീം സെമിഫൈനലിലെത്തി. എ.ടി.കെ കൊൽക്കത്തയുമായായിരുന്നു സെമി. രണ്ടാം പാദ സെമിയിൽ ബംഗളൂരു ജഴ്സിയിൽ ആദ്യ ഗോൾ. ടീം പക്ഷേ, പുറത്തായത് വലിയ നിരാശയുണ്ടാക്കി. 2020ൽതന്നെ ബംഗളൂരുവിനു വേണ്ടി എ.എഫ്.സി കപ്പ് പ്രിലിമിനറി റൗണ്ടും. പാരോ എഫ്.സിക്കെതിരായ കളി ജയിച്ചത് വലിയ സംഭവമായിരുന്നു.
2020-21 സീസണിൽ ഓർക്കാനാഗ്രഹിക്കാത്ത ചില കാര്യങ്ങളുമുണ്ടായി. പരിക്ക് കായികതാരത്തിന്റെ കൂടപ്പിറപ്പാണെന്നാണ് പറയാറ്. 2020 ഡിസംബറിൽ ഒഡിഷ എഫ്.സിയുമായി നടന്ന മത്സരത്തിൽ എനിക്ക് നേരെ വന്ന ഫൗൾ മുഖത്ത് വലിയ ആഘാതമേൽപിച്ചു. ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്ക്. മൾട്ടിപ്ൾ ഫേഷ്യൽ ഫ്രാക്ചറാണെന്ന് ഡോക്ടർമാർ കണ്ടെത്തി. സർജറിയും പിന്നെ രണ്ടു മാസത്തെ വിശ്രമവും. ചില പരിക്കുകൾ നമ്മെ ശാരീരികമായി മാത്രമല്ല, മാനസികമായും വേദനിപ്പിക്കുമെന്ന് അനുഭവിച്ചറിഞ്ഞ നാളുകൾ. മുഖത്തെ എല്ലിന് മൂന്നുനാല് പൊട്ടലുണ്ടായിരുന്നു. ശരിയാവാൻ മാസങ്ങളെടുക്കുമെന്നും പ്രത്യേക മാസ് ധരിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. 2021 ഫെബ്രുവരിയിൽ ഫേസ് മാസ്കോടെയാണ് ഗ്രൗണ്ടിലേക്ക് തിരിച്ചുവന്നത്. മുംബൈ സിറ്റിക്കെതിരെ നടന്ന കളിയോടെ വീണ്ടും സജീവമായി. എ.എഫ്.സി കപ്പിൽ വീണ്ടും കളിച്ചു.
ഇക്കഴിഞ്ഞ 2021-22 സീസണിലും ബംഗളൂരുവിൽതന്നെ. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന കളിയിൽ ഗോളടിച്ചതിന്റെ ആഹ്ലാദത്തിൽ നിൽക്കെ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചത് സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി വന്നത് കണ്ടു. അതിെനയൊക്കെ അതിന്റെ വഴിക്ക് വിടുന്നു.
* * * *
മലപ്പുറം പട്ടർക്കടവിലെ കുരുണിയൻ അസൈനും ഖദീജയുമാണ് എന്റെ മാതാപിതാക്കൾ. കൂലിപ്പണിയെടുത്ത് അന്നന്നത്തെ വക കണ്ടെത്തുന്ന സാധാരണ കുടുംബത്തിലെ ഇളയ സന്തതിയാണ് ഞാൻ. രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്. എല്ലാവരും വിവാഹിതർ. പുതിയ വീട് എടുത്തത് പാണക്കാട് ഭാഗത്താണ്. 2020 സെപ്റ്റംബർ അഞ്ചിന് എനിക്ക് ജീവിതത്തിൽ കൂട്ടാവാൻ അസീല വന്നു. തിരൂർ കൽപകഞ്ചേരി പറവന്നൂർ സ്വദേശിനിയും കണ്ണൂരിൽ ബി.ഫാം വിദ്യാർഥിനിയുമാണ്. സ്കൂൾ അധ്യാപകനായ തെയ്യമ്പാട്ടിൽ സിറാജിന്റെയും സുരയ്യയുടെയും മകൾ. അസീലയെ മുമ്പ് പരിചയമുണ്ട്. ഇഷ്ടം തോന്നി. നല്ലൊരു കൂട്ടാവുമെന്ന് മനസ്സിലായപ്പോൾ ഔദ്യോഗികമായിത്തന്നെ അവരുടെ വീട്ടിൽച്ചെന്ന് കാര്യം പറഞ്ഞു. കോവിഡ് കാലമായതിനാൽ വിവാഹച്ചടങ്ങുകൾ വലിയ ആഘോഷമായി നടത്തിയില്ല.
മലപ്പുറത്ത് എ.കെ 22 ഫുട്ബാൾ അക്കാദമി തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും ഫുട്ബാളിൽ ഒന്നുരണ്ട് ആഗ്രഹങ്ങൾ സഫലമാവാതെ കിടന്നു. അതിലൊന്ന് വലിയ പാരമ്പര്യം പേറുന്ന കൊൽക്കത്തയിൽ കളിക്കുകയെന്നതായിരുന്നു. ബംഗളൂരു എഫ്.സിയിൽ കരാർ ബാക്കി നിൽക്കെ എ.ടി.കെ മോഹൻബഗാൻ ട്രാൻസ്ഫർ ഫീ നൽകി എന്നെ വാങ്ങി. മറിനേഴ്സിന്റെ ജഴ്സി ഞാൻ കൊതിച്ചതാണ്. അത് സ്വന്തമായി. സന്തോഷ് ട്രോഫിയാണ് മുൻ തലമുറകളെ പ്രഫഷനൽ ക്ലബിലും ഇന്ത്യൻ ടീമിലുമൊക്കെ എത്തിച്ചിരുന്നത്. ഞാനിതുവരെ ഒരു സംസ്ഥാനത്തിനുവേണ്ടിയും സന്തോഷ് ട്രോഫി കളിച്ചിട്ടില്ല. വയസ്സ് 25 ആയി. എന്റെ നാടായ മലപ്പുറത്താണ് കഴിഞ്ഞ സന്തോഷ് ട്രോഫി മത്സരങ്ങൾ നടന്നതും കേരളം ചാമ്പ്യന്മാരായതുമൊക്കെ. എന്തൊരു ക്രൗഡായിരുന്നു. കളിക്കാൻ പൂതി തോന്നി. സ്വാഭാവികം. കാണുന്ന സ്വപ്നങ്ങളെല്ലാം ഫലിച്ചാൽ കാലത്തിൻ കൽപനക്കെന്തു മൂല്യം എന്നാണല്ലോ.