'ഓർമയുടെ വിശാല സാമ്രാജ്യം'; നൊബേൽ സമ്മാന ജേതാവ് ആനി എർനോയുടെ എഴുത്തുലോകം
സ്വതഃസിദ്ധമായ സ്ഥൈര്യത്തോടെയും പാടവത്തോടെയും ഓർമകളുടെ ഉറച്ച പടലങ്ങളെ ആഖ്യാനത്തിൽ വിന്യസിക്കുന്ന ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർനോവിനാണ് 2022ലെ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ചത്. ആഴത്തിലുള്ള വേരുകളെയും വിയോഗങ്ങളെയും ഓർമകളിലൂടെ അനാവരണംചെയ്ത എഴുത്തിനെ സ്വീഡിഷ് അക്കാദമിയും അംഗീകരിക്കുകയാണ്. 1974ലാണ് ആനി എർനോയുടെ ആദ്യ നോവലായ 'Cleaned...
Your Subscription Supports Independent Journalism
View Plansസ്വതഃസിദ്ധമായ സ്ഥൈര്യത്തോടെയും പാടവത്തോടെയും ഓർമകളുടെ ഉറച്ച പടലങ്ങളെ ആഖ്യാനത്തിൽ വിന്യസിക്കുന്ന ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർനോവിനാണ് 2022ലെ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ചത്. ആഴത്തിലുള്ള വേരുകളെയും വിയോഗങ്ങളെയും ഓർമകളിലൂടെ അനാവരണംചെയ്ത എഴുത്തിനെ സ്വീഡിഷ് അക്കാദമിയും അംഗീകരിക്കുകയാണ്. 1974ലാണ് ആനി എർനോയുടെ ആദ്യ നോവലായ 'Cleaned Out' പ്രസിദ്ധീകരിക്കപ്പെട്ടത്. അച്ഛനെ കുറിച്ചുള്ള ആഖ്യാനമായ 'A Man's Place' എന്ന നോവലിലൂടെ ആനി എർനോ ശ്രദ്ധേയയാവുകയായിരുന്നു. ഓർമയുടെ ശിലകളാൽ പടുത്തുയർത്തിയ ആത്മകഥാപരമായ സ്തൂപങ്ങളാണ് എർനോയുടെ നോവലുകൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ, കഴിഞ്ഞ കാലത്തെയും പൊയ്പ്പോയ സന്ദർഭങ്ങളെയും യഥാതഥമായ തരത്തിൽ പുനരവതരിപ്പിക്കുന്നവയാണ് എർനോയുടെ സാഹിത്യസൃഷ്ടികൾ. എഴുത്തിലൂടെ ദുഃഖങ്ങളെ ശമിപ്പിക്കാൻ സാധിച്ചു എന്ന് എർനോക്ക് തോന്നിയിട്ടില്ല. എങ്കിലും, അതിതീവ്രമായ ഉള്ളുരുക്കങ്ങളെ വാക്കുകളിലൂടെ ആവിഷ്കരിക്കാനായി അവർ വീണ്ടും ജീവിതത്തെ എഴുതി. ആത്മനിഷ്ഠമാവുമ്പോഴും അക്കാലത്തെ ചരിത്രസംഭവങ്ങളെ സ്പർശിച്ചുകൊണ്ടാണ് ആഖ്യാനങ്ങളെ എർനോ മുന്നോട്ടു നയിക്കുന്നത് എന്നത് പ്രത്യേകം എടുത്തുപറയണം. ചരിത്രത്തെ സ്ത്രീസഹജമായ തരത്തിൽ വീക്ഷിക്കുന്ന എർനോ താൻ അനുഭവിച്ച കാര്യങ്ങളെ മാറിനിന്നുകൊണ്ട് അപഗ്രഥിക്കാനാണ് ശ്രമിക്കുന്നത്. എങ്ങനെ സംഭവിച്ചു എന്നതിനെക്കാൾ എന്തുകൊണ്ട് സംഭവിച്ചു എന്ന സമീപനത്തിനാണ് അവർ ഊന്നൽ നൽകിയിരിക്കുന്നത് എന്ന് സാരം. അത്യന്തം അസ്വസ്ഥഭരിതവും സന്ദേഹങ്ങൾ നിറഞ്ഞതുമായ ലോകത്തെ സ്ത്രീയുടെ കാഴ്ചപ്പാടിൽ എർനോ നോക്കിക്കാണുകയാണ്. ചരിത്രത്തിലെ തീയതികളുമായി നോവലിലെ സംഭവങ്ങളെ ചേർത്തുവെക്കാനുള്ള താൽപര്യം എർനോ പ്രകടമാക്കുന്നു. ഒരുകാലത്തു സാർത്രും അസ്തിത്വവാദവും അവരെ ആകർഷിച്ചു. സ്ത്രീവാദ പ്രസ്ഥാനത്തിൽ എന്നും അവർ ഉറച്ചുനിൽക്കുകയും ചെയ്തു. എഴുത്തിനെ ഒരു രാഷ്ട്രീയകർമമായി അവരോധിച്ച അവർ ലോകത്തിന്റെ ചരിത്രവും സാമൂഹികവും സാമ്പത്തികവുമായ ഇഴകളിൽ ബദ്ധശ്രദ്ധയാവുകയും ചെയ്തു. യുദ്ധം, സംഘർഷം, സ്ഥാനചലനം എന്നിവയൊക്കെ ആഖ്യാനങ്ങളിൽ സ്വാഭാവികമായി കയറിവരുന്നുണ്ട്. എന്നാൽ, ഈ അവധാനത വ്യക്തിഗത സംഭവങ്ങളുടെ അടുക്കിവെക്കലിൽ ഉണ്ടാകാഞ്ഞത് ഫിക്ഷന്റെ ഒഴുക്കിനെ സഹായിച്ചതായി കരുതാം. ആത്മകഥയുടെ രേഖീയവ്യാഖ്യാനങ്ങളിൽനിന്ന് വിടുതൽ തേടി സർഗാത്മകതയുടെ ഗഹനതലങ്ങൾ പ്രാപ്തമാകാൻ ഈ ശൈലി തുണയായി. ഭൂതകാലത്തിന്റെ വ്യത്യസ്തമായ അടരുകൾ മടക്കിക്കൊണ്ടുവരാനായി വിവിധ തലത്തിലുള്ള ഒത്തുമാറ്റവും സങ്കലനവും പരീക്ഷിക്കുന്ന എർനോയെ സംബന്ധിച്ചിടത്തോളം മനുഷ്യാസ്തിത്വത്തിന്റെ ഈടുവെപ്പുകൾ ഓർമയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. വർത്തമാനകാലത്തെ ഭൂതകാലത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിലൂടെ ആനന്ദം പുനഃസ്ഥാപിക്കപ്പെടുമെന്നും അവർ വിചാരിച്ചു. ഡയറിക്കുറിപ്പുകളിൽ വിവരിച്ച ജീവിതത്തെ നോവലുകളുടെ രൂപത്തിൽ ലോകത്തിനു മുന്നിലെത്തിക്കുകയാണ് ഈ എഴുത്തുകാരി. ഇങ്ങനെയുള്ള കുറിപ്പുകളിലൂടെ വികാരതീവ്രമായ അന്തരീക്ഷത്തെ അനുഭവിപ്പിക്കുന്ന എർനോ ബന്ധങ്ങളുടെ കെട്ടുറപ്പില്ലാതാകുന്നതിന്റെ സങ്കടമാണ് പറഞ്ഞുവെക്കുന്നത്. ആഖ്യാനത്തിൽ സ്വന്തം ജീവിതത്തെ പിന്തുടരുമ്പോഴും കാലം ഓർമകളെ പരിചരിക്കുന്ന വിധത്തെ കുറിച്ച് അവർ ആലോചിച്ചിരുന്നു. അച്ഛനും അമ്മയും ജീവിതത്തിലെ പുരുഷന്മാരും കഥാപാത്രങ്ങളായി പരിണമിക്കുമ്പോൾ, അവരുടെ ഗതിവിഗതികളെയും ആശങ്കകളെയും വേദനകളെയും സ്വാർഥതയെയും അടയാളപ്പെടുത്തുന്നത് എർനോയിലെ മകളോ കാമുകിയോ അല്ല, മറിച്ച് എഴുത്തുകാരിയാണ്. അങ്ങനെ വരുമ്പോൾ വൈകാരികതീവ്രത പ്രായോഗികപരിഹാരങ്ങൾക്ക് വഴിമാറി കൊടുക്കുന്നു. കഥാപാത്രങ്ങളുടെ വ്യവഹാരങ്ങളെയും കഥാഗതിയിലെ കോളിളക്കങ്ങളെയും ശ്രദ്ധാപൂർവം നിയന്ത്രിക്കാനുതകുന്ന ഉപകരണങ്ങൾ 'പുനഃജീവിത'ത്തിൽ എഴുത്തുകാരിക്ക് കരഗതമാവുകയാണ്. ഇത് സാധൂകരിക്കാൻ എർനോ പറഞ്ഞ ഈ വാക്കുകൾക്ക് സാധിക്കുന്നു. ''ഞാൻ എന്റെ അമ്മയെക്കുറിച്ച് എഴുതുന്നു, കാരണം അവരെ ലോകത്തിലേക്ക് കൊണ്ടുവരാനുള്ള എന്റെ ഊഴമാണ് അതിലൂടെ സഫലമാവുന്നത്.'' ഉറ്റവരെയും പ്രിയപ്പെട്ടവരെയും ഉറ്റുനോക്കിക്കൊണ്ട് ഉരുവംകൊള്ളിച്ച വാക്കിന്റെ വാസ്തുവിദ്യക്ക് നൈസർഗികമായ ലോകവീക്ഷണമുണ്ടാവുകയാണ്. എഴുത്തിലൂടെയുള്ള ജീവിതത്തിന്റെ പുനർനിർമാണത്തിനും മതിഭ്രമത്തിനും ഇടയിലുള്ള നേരിയ രേഖ ഓർമക്കും ഭ്രാന്തിനും മധ്യേയുള്ള അന്തരമായി എർനോ നിരീക്ഷിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഈ ധാരണതന്നെയാവണം അവരുടെ എഴുത്തിനെ വേറിട്ടുനിർത്തുന്ന ഘടകം. 2008ൽ ഫ്രാൻസിൽ പുറത്തിറങ്ങിയ 'The Years' ആണ് എർനോയുടെ കേൾവികേട്ട പുസ്തകം. 1940 മുതൽ 2006 വരെയുള്ള സ്വജീവിതത്തിലെ സംഭവവികാസങ്ങളെ അവതരിപ്പിക്കുന്ന പുസ്തകത്തിൽ ചെറുപ്പവും ജോലിയും ബന്ധങ്ങളും വിവാഹമോചനവുമെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തെ തുടർന്നുള്ള ലോകത്തിന്റെ അവസ്ഥയും ഫ്രഞ്ച് സമൂഹത്തിന്റെ നിലപാടുകളുമൊക്കെ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ ഉടുത്തുകെട്ടുകളില്ലാതെ ജീവിതത്തെ നേർകാഴ്ചയാക്കുകയാണ് എർനോ.
ഓർമയുടെ കുത്തൊഴുക്കിലും ഗർത്തങ്ങളിലുമായി വ്യാപരിക്കുന്ന എഴുത്തുലോകമാണ് എർനോയുടേത്. ഓർമയുടെ അധ്യായങ്ങളായി ലോകത്തെ മാറ്റുകയും അതിനെ വാക്കുകളായി നിശ്ചിതപ്പെടുത്തുന്ന ഇടമാക്കി രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് ഭാഷ എന്നതാണ് എർനോയുടെ കാഴ്ചപ്പാട്. എങ്കിലും, വാക്കുകൾ സങ്കോചമില്ലാതെ ഉപയോഗിക്കാൻ പറ്റാത്ത ചില സാഹചര്യങ്ങളെ എഴുത്തുകാരി ഓർത്തെടുക്കുന്നു. ''എനിക്ക് ഒരു വികാരാധീനമായ പ്രണയമുണ്ടെന്ന് പറഞ്ഞാൽ എന്നെയും വിചിത്രവ്യക്തിയായി കണക്കാക്കുമെന്ന് ഞാൻ ഭയപ്പെട്ടു'' എന്ന് 'Simple Passion' എന്ന നോവലിലെ ആഖ്യാതാവായ നായിക ആത്മഗതം ചെയ്യുന്നുണ്ട്. അതിഗാഢമായ അനുരാഗത്തിന്റെ തീവ്രത എങ്ങനെയാണ് തളരുന്നത് എന്ന ആലോചന അവർ നടത്തുന്നു. നിഗൂഢമായ ആശ്ലേഷങ്ങൾക്കും സ്പർശങ്ങൾക്കും മേലെയുള്ള പ്രണയത്തിന്റെ അടരുകൾ അവർ ഈ നോവലിൽ തൊട്ടറിയുകയാണ്. ഓർമയെ ദീപ്തമാക്കാൻ പ്രണയം ഒരു ഉപാധിയായിത്തീരുകയും ചെയ്യുന്നു എന്ന് നോവലിൽ വ്യക്തമാകുന്നു. പ്രണയവും രതിയും സ്വകാര്യമായ വിനിമയങ്ങളാണെന്നിരിക്കെ അതിനെ പറ്റി ഏറ്റവും ഒടുവിൽ മാത്രമേ മക്കളോടും മാതാപിതാക്കളോടും പറയാൻ അവർ ആഗ്രഹിക്കുന്നുള്ളൂ. എങ്കിലും, അമ്മയുടെ നിശ്ശബ്ദത സ്വീകരിക്കാൻ മക്കൾക്കാവില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. വിവേകത്തിന്റെയും വികാരത്തിന്റെയും സാമ്രാജ്യം ഓർമകളാൽ നിർമിക്കുന്ന നോവലിലെ നായിക എർനോതന്നെയാണ്. പൂർവകാല കാമുകൻ മൂലമുണ്ടായ മുറിവുകളെ മറവിയിലാഴ്ത്താൻ ആഖ്യാതാവിനു കഴിയുന്നില്ല. എങ്കിലും അവ മറച്ചുവെച്ചുകൊണ്ട് ജീവിതം മുന്നോട്ടുനീക്കാൻ അവർ യത്നിക്കുന്നു. ഇത്തരത്തിൽ എർനോയുടെ എഴുത്തിന്റെ സ്വത്വം എന്താണെന്ന അന്വേഷണം നമ്മെ എത്തിക്കുന്നത് ജീവിതത്തെ കുറിച്ചുള്ള സ്വയം പ്രഖ്യാപനങ്ങളിലും സാക്ഷ്യപത്രങ്ങളിലും വിമർശനാത്മക വ്യാഖ്യാനങ്ങളിലുമാണ്. നോവലിലെ ആഖ്യാതാവായ എഴുത്തുകാരി ഇന്ന് പ്രണയത്തെ കുറിച്ചും പ്രണയനഷ്ടത്തെ കുറിച്ചും ചിന്തിക്കുന്നു. കാമുകന്റെ പ്രണയചേഷ്ടകൾ തൃഷ്ണയെ അടക്കാനുള്ള ചെയ്തികൾ മാത്രമായി അവശേഷിക്കുന്നതാണ് എന്ന് അവർക്ക് ബോധ്യപ്പെടുകയാണ്. പുരുഷന്റെയും സ്ത്രീയുടെയും പ്രണയത്തിന്റെ ഭാവതലങ്ങളും ആസക്തികളും തമ്മിലുള്ള വൈരുധ്യവും അവർക്ക് വ്യക്തമാകുന്നു. പ്രണയം സൃഷ്ടിക്കപ്പെടുന്നതിന്റെ തൃപ്തി/ നിരാസം എന്ന ദ്വന്ദ്വംകൊണ്ട് പ്രണയത്തെ വ്യവച്ഛേദിക്കുന്ന നോവലിസ്റ്റിനെയാണ് 'Simple Passion' എന്ന നോവലിൽ പ്രകടമാകുന്നത്. ഒരു പ്രണയബന്ധത്തിന്റെ അവസാനം മാത്രമേ ഈ 'സത്യം' അനാവൃതമാവുകയുള്ളൂ. പ്രണയം മൊട്ടിടുന്ന സമയത്തെ അപരിചിതനായ കാമുകൻ കാലം കഴിയുന്തോറും പൂർണമായ വിധത്തിലുള്ള അപരിചിതനായിത്തീരുകയാണ്. സിമോൺ ദ ബൊവയും അമേരിക്കക്കാരനായ നെൽസൺ ആൽഗ്രേനും ആയുള്ള ബന്ധത്തോട് സാദൃശപ്പെടുത്തി ഈ കൃതിയിലെ നായികയായ എർനോയും കിഴക്കേ യൂറോപ്പുകാരനായ കാമുകനുമായുള്ള പ്രണയത്തെ പറ്റി സംസാരിക്കാറുണ്ട്. കാമുകന്റെ ഓർമകൾ മഥിക്കുന്ന നായികക്ക് ഭൂതകാലം സന്തോഷപ്രദമായിരുന്നു. ഇന്നലെകളിലേക്ക് തുറന്നുവെച്ച ജാലകങ്ങളായി ഇന്നിനെ കാണാൻ അവർ അതിയായി ആഗ്രഹിച്ചു. സ്വകാര്യമായ ഓർമകൾ സാമൂഹികധാരയുമായി ഇടപെടുമ്പോൾ സംജാതമാവുന്ന അനുഭവങ്ങൾ പരസ്പര വിച്ഛേദരേഖകള് പോലെയായി പരിണമിക്കുന്നു എന്നാണ് എർനോയുടെ വാദം. യുദ്ധം, രാജ്യത്തെ അന്തച്ഛിദ്രങ്ങൾ എന്നിവ മനുഷ്യരിൽ വൈകാരികമായ ചായ്വുകൾ രൂപവത്കരിക്കുന്നതിനെ സംബന്ധിച്ചും അവർക്ക് ബോധ്യമുണ്ട്. പൊതുവെ പ്രത്യക്ഷമാകുന്ന എർനോയുടെ ആഖ്യാനരീതിയുടെ ധാര ഇത്തരം മേഖലകൾക്ക് സ്ഥാനം കൊടുക്കുന്നു. എങ്കിലും, വ്യക്തിപരമായ സ്മൃതിചിത്രങ്ങളെ രാഷ്ട്രത്തിന്റെ ഭാഗധേയവുമായി കൂട്ടിവായിക്കാനുള്ള ഉദ്യമമായി ഈ വിധമുള്ള എഴുത്തിനെ കാണാം. ഒറ്റനോട്ടത്തിൽ വൈയക്തികമായ കുറിപ്പുകളുടെ സമാഹാരമെന്നു വിധിയെഴുതുന്നതിനു മുന്നേ സാമൂഹികവും മാനുഷികവുമായ ശ്രേണികളുടെ കണ്ണികളാൽ ബന്ധിതമാണ് എർനോയുടെ ആഖ്യാനങ്ങളെന്ന വിലയിരുത്തൽ നടത്തേണ്ടതാണ്.
ഫ്രാൻസും അൽജീരിയയുമായുള്ള യുദ്ധകാലം (1954-1962) എർനോ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുണ്ട്. പരമ്പരാഗതമായ മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്ന അന്നത്തെ സമൂഹം സ്ത്രീകളുടെ ലോകത്തെ ഇടുങ്ങിയതാക്കിത്തീർത്തു. സ്ത്രീകളുടെ ആന്തരികവ്യഥകളെ സംബോധനചെയ്യേണ്ടതുണ്ട് എന്ന് പൊതുലോകം കരുതിയില്ല. സ്ത്രീത്വത്തിന്റെ മഹത്ത്വവും പ്രസക്തിയും തിരിച്ചറിയാൻ കഴിയാതിരുന്ന അക്കാലത്താണ് എർനോ അവിചാരിതമായി സിമോൺ ദ ബൊവയെ വായിക്കുന്നത്. ജീവിതത്തെയും ലോകത്തെയും കാണുന്ന രീതി അതോടുകൂടി മറ്റൊരു ദിശയിൽ സഞ്ചരിച്ചുതുടങ്ങി എന്ന് പറയാം. സ്ത്രീകളുടെ പരിതാപകരമായ ചുറ്റുപാടുകളെ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ ഭയപ്പെടുത്തുന്നതും ആശങ്കകൾ ജനിപ്പിക്കുന്നതുമായിരുന്നു എന്ന് എർനോ എഴുതിയിട്ടുണ്ട്. അത് കൂടാതെ ബൊവയുടെ നിരീക്ഷണങ്ങൾ വിമോചനസ്വഭാവം പുലർത്തുന്നതും എർനോക്ക് സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മാർഗമൊരുക്കുന്നതുമായിരുന്നു. ആത്മകഥാനിഷ്ഠമാവുമ്പോഴും ലോകത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കാൻ അവർ നിതാന്തജാഗ്രത പാലിക്കുന്നുണ്ട്. സ്റ്റാലിന്റെ മരണവും ഹോളണ്ടിലെ പ്രളയവും 1953ൽ ഫ്രാൻസിൽ നടന്ന തീവണ്ടി സമരവും ബർലിൻ മതിലിന്റെ പതനവും സോവിയറ്റ് യൂനിയന്റെ തകർച്ചയും എല്ലാം 'The Years' എന്ന കൃതിയിൽ സൂചിപ്പിക്കപ്പെടുന്നു. എഴുത്തിന്റെ മറ്റൊരു പ്രത്യേകതയായി കാണാവുന്നത് ആത്മപരമാണെങ്കിലും ഒരകലം പാലിച്ചുകൊണ്ട് ആഖ്യാതാവിന്റെ സ്ഥാനം (Position) കഥാഗാത്രത്തിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്.
പുരുഷന്മാരുമായുള്ള വ്യവഹാരങ്ങൾ ആത്യന്തികമായി മാനസിക പിരിമുറുക്കത്തിൽ കലാശിക്കുന്നു എന്നതുകൊണ്ട് കൂടിയാവണം പുരുഷന്മാരെ സൗന്ദര്യാത്മകമായി അപഗ്രഥിക്കാനും ചിത്രീകരിക്കാനും പുരുഷന്മാർക്കേ സാധിക്കുകയുള്ളൂവെന്ന് എർനോ പറയുന്നത്. ഇത്തരം തുറന്നെഴുത്തിന് എർനോക്ക് ഒരു മടിയുമില്ല. എഴുതുന്നതിനും വായിക്കപ്പെടുന്നതിനും തമ്മിലുള്ള സമയദൈർഘ്യം കാരണം സ്ഫോടനാത്മകവും സ്തോഭജനകവുമായ വസ്തുതകളെ വായനക്കാർ എങ്ങനെയാണ് വായിക്കുക എന്നത് ഉടൻ തിരിച്ചറിയാനില്ല എന്നതാണ് എർനോയുടെ ചിന്താഗതി. എഴുത്ത് നീട്ടിക്കൊണ്ടുപോകുക എന്നത് താൻ അനുഭവിച്ച വ്യഥയെ വായനക്കാരിലേക്ക് എത്തിക്കുന്നത് വൈകിപ്പിക്കാൻ വേണ്ടിയാണ് എർനോ ചെയ്യുന്നത്. ജീവിതത്തിലെ ചില സന്ദിഗ്ധഘട്ടങ്ങളുടെ തീക്ഷ്ണതയെ കാലം മായ്ക്കുന്നില്ല. ഇത് ബോധ്യപ്പെടുത്താനാവണം തന്റെ ഗർഭച്ഛിദ്രത്തെ കുറിച്ച് വിശദമായി 'Happening' എന്ന നോവലിൽ എർനോ ചിത്രീകരിച്ചത്. ഗർഭച്ഛിദ്രത്തിനായി സ്വയം ഒരുമ്പെടുന്ന രംഗം അവർ ഓർക്കുന്നു. നാം പ്രതീക്ഷിക്കാത്ത വിധത്തിലാണ് അവർ ഭ്രൂണത്തെ അലസിപ്പിച്ചത് എന്നത് പറയാതെ വയ്യ. ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമപരമായി നിരോധിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ഗർഭാവസ്ഥയെ പേടിസ്വപ്നമായി കണ്ടിരുന്ന എർനോ എന്നാൽ, അതിനെ കുറിച്ചും ഗർഭച്ഛിദ്രത്തെ കുറിച്ചും താൻ എഴുതിയ പുസ്തകം പുസ്തകശാലകളിൽ തരംഗം സൃഷ്ടിക്കുന്നതിനെ പറ്റി സ്വപ്നം കാണുന്നുണ്ട്. ഈ വിഷയത്തിൽ പുസ്തകം എഴുതാൻ അവരെ പ്രേരിപ്പിച്ചത് ഈ സ്വപ്നം കൂടിയാണ്. ഇരുപതു വർഷത്തിനുശേഷം ആ സംഭവം നടന്ന സ്ഥലം അവർ വീണ്ടും സന്ദർശിക്കുന്നു. പ്രണയത്തെയും സ്നേഹത്തെയും ശരീരവും രതിയുമായി കൂട്ടിച്ചേർത്തു കണ്ടിരുന്ന കാമുകന്റെ മനോഭാവത്തിന് വില നൽകേണ്ടിവന്ന എർനോ പിൽക്കാലത്ത് ശരീരത്തിന്റെ സങ്കീർണവിനിമയങ്ങളെ നിർമമമായി വിശകലനം ചെയ്യുകയാണ്.
യാഥാർഥ്യം/ അപരത്വം എന്ന ദ്വന്ദ്വത്തിന്റെ സാധ്യതയെ സർഗാത്മകമായി വിശകലനം നടത്തുകയാണ് 'A Girl's Story' എന്ന കൃതിയിൽ. കൗമാരത്തിൽ നടന്ന ശാരീരികബന്ധം എഴുത്തുകാരിയുടെ സ്വത്വത്തിൽ പിളർപ്പുണ്ടാക്കാൻ ഉതകുന്ന ഒന്നാക്കി ചുറ്റുമുള്ളവർ മാറ്റിത്തീർക്കുന്നു. ഫ്രാൻസിന്റെ വടക്കുഭാഗത്ത് ഒരു ക്യാമ്പിൽ ജീവിച്ചിരുന്ന പതിനെട്ടുവയസ്സുകാരിയായ എഴുത്തുകാരി H എന്ന പ്രായത്തിൽ മുതിർന്ന ഒരാളിൽ അനുരക്തയാവുന്നു. അതേത്തുടർന്നുണ്ടായ ലൈംഗികബന്ധം എർനോയുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ആഖ്യാനമാണിത്. സ്വന്തം വ്യക്തിത്വത്തെ പ്രകാശിപ്പിക്കാതെ പെൺകുട്ടി എന്ന ബിംബത്തിലൂടെ ആഖ്യാനത്തെ പരിചയപ്പെടുത്തുന്ന എഴുത്തുകാരി ഫിക്ഷന്റെ ആടയാഭരണങ്ങളെ ആത്മകഥയിലേക്ക് സന്നിവേശിപ്പിക്കുകയാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ധാരണയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരി 'ഞാൻ' എന്ന വാക്കിനെക്കാൾ 'Girl' എന്ന പദത്തിനാണ് പ്രാധാന്യംകൊടുക്കുന്നത്.
Getting Lost എന്ന കൃതിയിൽ തന്നെക്കാൾ പ്രായം കുറഞ്ഞ റഷ്യക്കാരനായ കാമുകനെ കുറിച്ചുള്ള ജീവിതത്തിന്റെ സങ്കീർണതകൾ വിവരിച്ചിരിക്കുന്നു. സ്റ്റാലിനെ ആരാധിച്ചിരുന്ന, പുറമേക്കെങ്കിലും ഗോർബച്ചേവിനെയും പെരിസ്ട്രോയിക്കയെയും അംഗീകരിച്ചിരുന്ന കാമുകനെ കുറിച്ചുള്ള വിചാരങ്ങളിൽ അടിസ്ഥാനപ്പെടുത്തിയാണ് ഈ പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്. 1988ലെ പ്രണയത്തെയും പ്രണയമുഹൂർത്തങ്ങളെയും ഹൃദയത്തിലേക്ക് ആവാഹിക്കാൻ പതിനൊന്നു വർഷങ്ങൾ കഴിഞ്ഞ് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് എർനോ യാത്രചെയ്യുകയാണ്. പ്രണയവും വിലാപവും ഒരേതരത്തിൽ ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നു. കാമുകന്റെ ഹൃദയം കീഴടക്കാൻ അയാളുടെ ഭാഷവരെ പഠിക്കാൻ അവർ തയാറായിരുന്നു. പ്രണയാതുരയായ കാമുകിക്ക് പക്ഷേ അർഹിക്കുന്ന നീതി ലഭിച്ചില്ല. മറ്റൊരു കുടുംബമുള്ള കാമുകന്റെ മുന്നിൽ എഴുത്തുകാരിയായും വിദേശിയായും വേശ്യയായും സർവസ്വതന്ത്രയായ സ്ത്രീയായും അവർ പല ഭാവത്തിലും വേഷത്തിലും നിറഞ്ഞാടി. സാന്ത്വനമേകാനോ അത് പ്രദർശിപ്പിക്കാനോ ത്രാണിയില്ലാത്ത ഒരു സ്ത്രീയായാണ് അവർ സ്വയം അടയാളപ്പെടുത്തുന്നത്. ''സ്വാതന്ത്ര്യം എന്നെ അഭിനിവേശത്തിലേക്ക് ആകർഷിക്കുന്നു'' എന്ന നായികയുടെ പ്രഖ്യാപനം സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഷയെക്കാൾ രതിയുടെ പൊരുത്തത്തിലും അടക്കംപറച്ചിലുകളെക്കാൾ ആസക്തിയുടെ ശീൽക്കാരങ്ങളിലും അവർ പരസ്പരം തേടുകയായിരുന്നു. സ്ത്രീകളുടെ മുലകൾക്കിടയിൽ ഒറ്റച്ചില്ലു കണ്ണട നഷ്ടപ്പെട്ട എഴുത്തുകാരനായ എമിലി സോളയെ ഓർത്തുകൊണ്ട് കാണാതായ കോൺടാക്ട് ലെൻസ് കാമുകന്റെ ലിംഗത്തിൽനിന്ന് കണ്ടുപിടിക്കുന്ന നായികയെയാണ് എർനോ വിവരിക്കുന്നത്. രതിയിൽ ഉണ്മ തേടിയ ഒരു ബന്ധമായിരുന്നുവെങ്കിലും നായികക്ക് കാമുകനുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുന്നു. ഈ ഘട്ടത്തിൽ മാർഷൽ പ്രൂസ്റ്റിന്റെ അഭിവാഞ്ഛയെ സംബന്ധിച്ച ആശയം എർനോ ഉദ്ധരിക്കുന്നുണ്ട്. അതുപ്രകാരം ഒരു ഇച്ഛ നമുക്ക് കൂടുതൽ ആകർഷകമായി തോന്നുന്നുവെങ്കിൽ, കൂടുതൽ ആത്മവിശ്വാസത്തോടെ അതിനെ നാം ആശ്രയിക്കുന്നു. എന്നാൽ, നമ്മുടെ ചുറ്റുവട്ടത്തിനു പുറത്ത് ഒരു യാഥാർഥ്യം പ്രസ്തുത അഭിലാഷത്തോട് പൊരുത്തപ്പെടുന്നുണ്ട് എന്ന് അറിയുമ്പോൾ, നമുക്ക് അത് സാക്ഷാത്കരിക്കാൻ കഴിഞ്ഞെന്നുവരില്ല. ആഗ്രഹനഷ്ടത്തെ എർനോ ന്യായീകരിക്കുന്നത് ഈ നിയമം മുൻനിർത്തിയാണ്. മാലകളായി കോർത്തെടുത്ത ഓർമകളുടെ കൂമ്പാരമാണ് 'Getting Lost' എന്ന ആഖ്യാനം. 'Simple Passion', 'A Woman's Story', 'Happening' എന്നീ കൃതികളുടെ തുടർച്ചയും സൂചനകളും 'Getting Lost'ൽ കാണാം. ഓർമകളുടെ ഈടുവെപ്പുകളിൽ അങ്ങേയറ്റം ശ്രദ്ധചെലുത്തിയ എഴുത്തുകാരിക്ക് മറവിയുടെ വിളുമ്പുകളിൽ പതിയിരിക്കുന്ന വെല്ലുവിളികൾ ഏറ്റവും നന്നായി അറിയാം. അമ്മക്ക് ഓർമ ഇല്ലാതാവുന്നതിന്റെ വൈഷമ്യങ്ങൾ എർനോ 'I Remain in Darkness' എന്ന കൃതിയിൽ അനുഭാവപൂർവം പകർത്തിയിരിക്കുന്നു.
പ്രൂസ്റ്റിലൂടെ സുപരിചിതമായ ആത്മകഥാഖ്യാനത്തിനു സമകാലത്തും കാൾ ഓവ് നോസ്ഗാർഡിനെ പോലെയുള്ള പിൻതലമുറക്കാറുണ്ട്. ആനി എർനോ ഇത്തരത്തിലുള്ള എഴുത്തുവഴിയിലെ ശക്തമായ സാന്നിധ്യമാണ്. മറവിയാൽ മൂടപ്പെടാതെ അവശേഷിക്കുന്ന ഓർമപ്പൊട്ടുകളെ വെളിപ്പെടുത്തുകയും വിചിന്തനം ചെയ്യുകയുമാണ് എർനോ. ഇച്ഛക്കും ഇച്ഛാഭംഗത്തിനും വികാരശൂന്യതക്കും പ്രതീക്ഷക്കും ഇടയിലെവിടെയോ ജീവിതത്തിന്റെ അർഥതലങ്ങളെ പരിശോധിക്കുന്ന എഴുത്തുകാരിയാണ് അവർ. ''എനിക്ക് സ്നേഹം മാത്രം മതി; മറ്റൊന്നും എനിക്കാവശ്യമില്ല'' എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് സുഖ-ദുഃഖ സമ്മിശ്രമായ ഓർമകളെ ആഘോഷിക്കുകയാണ് ഈ എഴുത്തുകാരി. ജീവിതത്തിന്റെ തുടർച്ചകളെയും ഇടർച്ചകളെയും ഓർമയുടെ ആൽബത്തിൽനിന്ന് വ്യക്തതയോടെ പുനരാവിഷ്കരിക്കുന്ന യജ്ഞമാണ് എർനോക്ക് സാഹിത്യം. ''എനിക്ക് ഒരു കെട്ടുകഥയായി ജീവിക്കണം'' എന്ന വാശി പ്രകടിപ്പിക്കുന്ന എർനോയുടെ പുസ്തകങ്ങളിലെ പരുക്കൻ പ്രതലങ്ങൾ സ്പഷ്ടമാക്കുന്നത് ഏകാന്തവും നിറംകെട്ടതുമായ ഒരു ലോകത്തെയാണ്. സ്വജീവിതത്തിലെ അനുഭവങ്ങളെ പുനഃസൃഷ്ടിക്കുന്ന വേളയിൽ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്ന തിക്തതകളിലേക്ക് കണ്ണുതുറന്നുവെച്ചിരിക്കുന്ന എഴുത്തുകാരിയാണ് എർനോ. ആഭ്യന്തരയുദ്ധത്തെ തുടർന്നുള്ള കലുഷതകളും കൊസോവോ അഭയാർഥികളുടെ പലായനപർവവും ഒക്കെ പരാമർശിക്കുന്ന ആഖ്യാനങ്ങൾ ജീവിതത്തിന്റെ നാനാവശങ്ങളെയും പ്രതിനിധാനംചെയ്യുന്നു. ഗർഭച്ഛിദ്രത്തിനായി ഒരുങ്ങുമ്പോഴാണ് കെന്നഡി വധിക്കപ്പെട്ടതെന്ന പരാമർശം ഇതിന്റെ ഒരുദാഹരണമാണ്.
എഴുത്തിന്റെ മൂലധനമായി ഓർമ നിലനിൽക്കുന്നു. ഓർത്തെടുക്കുന്ന ജീവിതത്തിലെ ഉണ്മയുടെ തെളിച്ചമാണ് ആഖ്യാനങ്ങൾക്ക് കരുത്തേകുന്ന ജൈവികാംശം. അരനൂറ്റാണ്ടിന് അടുത്തുനിൽക്കുന്ന എഴുത്തുജീവിതത്തിലൂടെ ഓർമയുടെ സ്വതന്ത്രരാഷ്ട്രങ്ങൾ നിർമിക്കുകയും അവിടെ ഉത്തരവാദിത്തമുള്ള പൗരയായി ജീവിക്കുകയും ചെയ്യുകയാണ് ആനി എർനോ. ഓർമകളിൽ ലയിച്ചുചേർന്നു, വരുംകാല ലോകത്തിന്റെ ഓർമയായി എന്നെന്നും ജീവിക്കുക എന്നതാകണം എർനോയുടെ അഭീഷ്ടം.