സാഹസികനായ ഭാഗ്യാന്വേഷി


കണ്ണൂർ സ്വദേശിയായ ഡോ. കമാൽ എച്ച്. മുഹമ്മദ് വിശ്രമമില്ലാത്ത പോരാളിയാണ്. ‘Daring Prince: Truth Revealed’ എന്ന ആത്മകഥയിലൂടെ ചിലർക്കെങ്കിലും പരിചിതനാണ് അദ്ദേഹം. േഡാ. കമാലിന്റെ ജീവിതവഴികളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ഇന്ത്യയിലെ ഏറ്റവും വലിയ ധനാഢ്യനുമായിരുന്ന ധീരുഭായ് അംബാനിയുടെയും കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി കമാല്‍ മുഹമ്മദിന്റെയും ജീവിതങ്ങളെ തലമുറഭേദമില്ലാതെ ചുറ്റിപ്പിണഞ്ഞ അദൃശ്യമായൊരു സ്‌നേഹപാശത്തില്‍നിന്നുവേണം കൗതുകം നിറഞ്ഞ ഈ കഥയുടെ ചുരുള്‍ നിവര്‍ത്താന്‍. ദക്ഷിണ യമന്റെ തലസ്ഥാനമായിരുന്ന ഏദനിലെ ഒരു പെട്രോള്‍...
Your Subscription Supports Independent Journalism
View Plansകണ്ണൂർ സ്വദേശിയായ ഡോ. കമാൽ എച്ച്. മുഹമ്മദ് വിശ്രമമില്ലാത്ത പോരാളിയാണ്. ‘Daring Prince: Truth Revealed’ എന്ന ആത്മകഥയിലൂടെ ചിലർക്കെങ്കിലും പരിചിതനാണ് അദ്ദേഹം. േഡാ. കമാലിന്റെ ജീവിതവഴികളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ഇന്ത്യയിലെ ഏറ്റവും വലിയ ധനാഢ്യനുമായിരുന്ന ധീരുഭായ് അംബാനിയുടെയും കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി കമാല്‍ മുഹമ്മദിന്റെയും ജീവിതങ്ങളെ തലമുറഭേദമില്ലാതെ ചുറ്റിപ്പിണഞ്ഞ അദൃശ്യമായൊരു സ്‌നേഹപാശത്തില്‍നിന്നുവേണം കൗതുകം നിറഞ്ഞ ഈ കഥയുടെ ചുരുള്‍ നിവര്‍ത്താന്‍.
ദക്ഷിണ യമന്റെ തലസ്ഥാനമായിരുന്ന ഏദനിലെ ഒരു പെട്രോള്‍ ബങ്ക് ജീവനക്കാരനായി അതിജീവനമാരംഭിച്ച് അതിസമ്പന്നതയുടെ മഹാകാശങ്ങള്‍ കീഴടക്കിയ ധീരുഭായ് അംബാനിയുടെ ക്ലേശപൂര്‍ണമായ കൗമാരകാലത്ത് അദ്ദേഹത്തിന് എല്ലാ ദിവസവും രണ്ടു നേരം ചായയും പലഹാരവും ഒപ്പം മനസ്സ് നിറയെ സ്‌നേഹവും വിളമ്പിയിരുന്ന ഏദനിലെ ചായക്കടക്കാരനായ യമന്‍ പൗരന്‍ നഷ്ഹര്‍ അലിയുടെ ഇളയമകള്‍ ലൈലയാണ് കമാല്‍ മുഹമ്മദിന്റെ ജീവിതസഖി. എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് പെരിയാറിന്റെ കരയില്‍ ഭര്‍ത്താവ് കമാലിനോടും മക്കളോടുമൊപ്പം താമസിക്കുന്ന ലൈലക്ക് കുഞ്ഞുന്നാളില്‍ ബാപ്പ പറഞ്ഞുകേട്ട ഏദനിലെ ചില കഥകള്‍ മാത്രമേ ഓര്‍മയിലുള്ളൂ. അംബാനിയെക്കുറിച്ച് പലപ്പോഴും ബാപ്പ ആവേശത്തോടെ പലതും പറഞ്ഞിരുന്നുവെങ്കിലും അവയില്‍ പലതും മനസ്സില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു. പക്ഷേ, ബാപ്പയും ബന്ധുക്കളും പലപ്പോഴും ഇന്ത്യയുടെയും യമന്റെയും സൗഹൃദകഥകള്‍ അയവിറക്കിയിരുന്നതായി മൂത്ത സഹോദരനും അമ്മാവനും പിന്നീട് പറഞ്ഞ് കേട്ടിട്ടുണ്ട്. ആ കഥകളിലത്രയും അംബാനി കുടുംബവും നിറഞ്ഞുനിന്നിരുന്നു.
അവയില്‍ ചിലതൊക്കെ ലൈലക്ക് ഓർത്തെടുക്കാനാവും. ഈ അമ്മാവന്‍ പക്ഷേ, ലൈലയുടെ ഇന്ത്യന്‍ പ്രണയകഥക്ക് എതിര് നിന്നു. കമാല്‍ മുഹമ്മദ് എന്ന ഈ വിദേശി കാമുകന് ലൈലയെ യമനില്‍ വെച്ച് കല്യാണം കഴിക്കാന്‍ ഏറെ തടസ്സങ്ങളുണ്ടാക്കിയത് ഈ അമ്മാവനായിരുന്നുവത്രേ. ലൈലക്ക് എട്ടുവയസ്സുള്ളപ്പോള്‍ ബാപ്പ മരിച്ചു. കുടുംബം പിന്നീട് ഉത്തര യമനിലെ സൻആയിലേക്ക് മാറി. അവിടെ അധ്യാപികയായിരുന്ന ലൈലക്ക് ഇണയായി, തുണയായി വന്ന മലയാളിയായ കമാല്‍ മുഹമ്മദിന്റെ നിക്കാഹ് യമനില്‍വെച്ചുതന്നെ നടന്നു. അത്രയൊന്നും ആയാസരഹിതമായിരുന്നില്ല കമാലിന്റെ ജീവിതം. കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ബാല്യയൗവനങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. ലൈലയെ കൂട്ടിയപ്പോള്‍ ജീവിതം ഏറക്കുറെ സേഫ് ആയെന്ന് കമാല്‍. തന്റെ ജീവിതകഥ ലൈലയുടെയും കുടുംബത്തിന്റെയും ആമുഖമില്ലാതെ പൂര്‍ണമാവുകയുമില്ല –ഇദ്ദേഹം പറയുന്നു.
എട്ടാം ക്ലാസ് മുതല്‍ കമാലിനെ (പൂര്‍വനാമം കമല്‍ജിത്ത്) കടുത്ത ഏകാന്തത വേട്ടയാടി. അച്ഛനമ്മമാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും വീട്ടിലെ കടുത്ത ചിട്ടയും അച്ചടക്കവും നിരന്തരമായ ശാസനകളും ആ ബാലനെ ഒറ്റപ്പെടലിന്റെ ആധിയിലേക്ക് തള്ളി. നല്ല കൂട്ടുകാരെയൊന്നും കിട്ടിയില്ല. താഴെ ചൊവ്വയിലെയും കണ്ണൂരിലെയും സാമൂഹികവിരുദ്ധരുടെ കൂട്ടുകെട്ടിലാണ് കമല്‍ജിത്ത് ചെന്നുപെട്ടത്. തൊട്ടടുത്ത കോളനിയിലെ താമസക്കാരുമായുള്ള ചങ്ങാത്തം അനാശാസ്യ ബന്ധങ്ങളിലേക്ക് എടുത്തെറിഞ്ഞു. പതിനഞ്ചാം വയസ്സ് തൊട്ടുള്ള ഈ കൂട്ടുകെട്ട് കമലിന്റെ കാഴ്ചപ്പാടില്‍ ഇരുള്‍ നിറച്ചു. വഴിപിഴച്ച വീട്ടുവേലക്കാരിയുടെ പ്രലോഭനത്തില്‍ മയങ്ങി പുകവലിയും മദ്യപാനവും ശീലിച്ചു. അച്ഛന്റെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി. അച്ഛനുമായി വഴക്കുണ്ടായി.
പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ താമസിപ്പിക്കില്ലെന്ന് അച്ഛന്റെ അന്ത്യശാസന. 1980 മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റു. കൈയിലെ ചെറിയൊരു സ്വര്‍ണമോതിരം 119 രൂപക്ക് വിറ്റു. വീട്ടിലാരുമറിയാതെ ബാംഗ്ലൂരിലേക്കുള്ള ബസില്‍ കയറി. ബസില്‍നിന്നു പരിചയപ്പെട്ട കാസര്‍കോട്ടുകാരന്‍ കമാലിനെ എത്തിച്ചത് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു റസ്റ്റാറന്റില്‍. അവിടെ വെയ്റ്ററായി ജീവിതമാരംഭിച്ചു. ഭക്ഷണവും താമസവും പുറമെ മൂന്നു രൂപ ദിവസക്കൂലിയും. നല്ല തിരക്കുള്ള റസ്റ്റാറന്റ്. ജോലി കഠിനമായിരുന്നു. രണ്ടു മാസത്തിനു ശേഷം അവിടം വിട്ട് ഒരു ഹോട്ടലിലെത്തി. കാബറെയൊക്കെയുള്ള ഹോട്ടലാണ്. അവിടെ ചെറിയൊരു ജോലി. ഒരു രാത്രിയില്‍ ഹോട്ടല്‍ റിസപ്ഷനില്‍ തന്നെ തേടിയെത്തിയ അച്ഛന്‍.
കണ്ട പാടെ കെട്ടിപ്പിടിച്ച് കരഞ്ഞു. നാട്ടിലേക്ക് തിരികെ കൊണ്ടുപോയി. പഠനം തുടര്‍ന്നെങ്കിലും മുഴുമിച്ചില്ല. പാരലല്‍ കോളജില്‍ കുറച്ചുകാലം പോയി. പിന്നെയത് വിട്ടു. വീട്ടിലറിയാതെ കണ്ണൂരിലെത്തി ഒരു ബീഡിക്കമ്പനിയില്‍ ചേര്‍ന്നു. ഇലവെട്ടലും ബീഡിതെറുപ്പും പഠിച്ചു. ബീഡിക്കമ്പനിയിലെ രാഷ്ട്രീയംപറച്ചില്‍ ആസ്വദിച്ചു. പിന്നീട് ഓട്ടോൈഡ്രവറായി, മദ്യഷാപ്പ് ജീവനക്കാരനായി. കൗമാരം കടക്കും മുമ്പേ പല വേഷങ്ങളും കെട്ടി ജീവിതസമരത്തിലേര്‍പ്പെട്ടു. ബാംഗ്ലൂര്‍-മൈസൂര്‍ യാത്രക്കിടെ റോഡപകടത്തില്‍പെട്ട് മാസങ്ങളോളം ആശുപത്രിയിലായി.
മുമ്പൊരിക്കല്‍ കണ്ണൂര്‍ ചൊവ്വയിലെത്തിയ ഒരു കൈനോട്ടക്കാരന്‍ കമലിന്റെ ഫലം പറഞ്ഞിരുന്നതിങ്ങനെ: നിന്റെ പഠനം മുടങ്ങും. വാഹനം അപകടത്തില്‍പെടും. ആരോഗ്യപ്രശ്നമു ണ്ടാകും. പക്ഷേ ജോലിയില്‍ തിളങ്ങും. ബഹുമതിയും അംഗീകാരവും തേടി വരും. ഫലം പറച്ചിലുകാരന്റെ പ്രവചനം പക്ഷേ തെറ്റിയില്ല.
പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റപ്പോള്‍ നാടുവിടുകയും ജീവിതത്തിലെ വെല്ലുവിളികളോട് ധീരമായി പൊരുതുകയും ചെയ്ത അന്നത്തെ ബാലന്‍ ഇന്നിപ്പോള്‍ മുംബൈ കോകിലാ ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിന്റെ ഇന്റര്‍നാഷനല്‍ ബിസിനസ് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു. ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. മുംബൈ അന്ധേരിയിലെയും മൊറീഷ്യസിലെ പോര്‍ട്ട് ലൂയിസിലെയും ഓഫിസുകളിലിരുന്ന് ലോകത്തിലെ വിവിധ മെഡിക്കല്‍ കമ്പനി മേധാവികളുമായി ഇടപെടുന്നു. ഇതിനെല്ലാം പുറമെ ഇംഗ്ലീഷില്‍ തന്റെ ജീവിതകഥയുമെഴുതിയിരിക്കുന്നു –‘ഡെയറിങ് പ്രിൻസ്’. ‘ധീരനായ രാജകുമാരന്‍’ എന്ന പേരില്‍ ഈയിടെ ഈ പുസ്തകം മലയാളത്തിലും വന്നു. ഒലീവാണ് പ്രസാധകര്‍.

കുടിലില്‍നിന്ന് കൊട്ടാരത്തിലെത്തിയ ‘ധീരനായ രാജകുമാരന്റെ’ ആത്മകഥനമാണ് ഈ പുസ്തകം. വ്യക്തിപരമായ എല്ലാ സംഭവങ്ങളുടെയും തുറന്നെഴുത്താണ് ഈ ആത്മകഥ. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മലമ്പുഴയില്‍വെച്ച് കമല്‍ ഈ ലേഖകനോട് പറഞ്ഞു: ആ കൈനോട്ടക്കാരന്‍ പറഞ്ഞതെല്ലാം ഫലിച്ചു. ഞാന്‍ പിന്നീട് പലതവണ അയാളെ അന്വേഷിച്ച് കണ്ണൂരില്‍ അലഞ്ഞുവെങ്കിലും കാണാനായില്ല.
ബാംഗ്ലൂര്‍ സിറ്റിയിലെ ഹോട്ടല്‍ ജീവനക്കാരനായ ആ ഇരുപതുകാരന്‍ കള്ളക്കടത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചതും ഇക്കാലത്താണ്. ഹോട്ടലിലെത്തിയ ഗെസ്റ്റാണ് തന്റെ കാറിന്റെ ടയര്‍ മാറ്റാനും പുതിയ ടയര്‍ വാങ്ങിക്കൊണ്ടു വരാനും കമലിനെയേല്‍പിച്ചത്. പുതിയ ടയര്‍ വാങ്ങിക്കൊണ്ടു വന്ന കമലിന് കൈ നിറയെ പ്രതിഫലം കിട്ടി. അവിശ്വാസത്തോടെ കമല്‍ നോക്കിയിരിക്കെ, ഹോട്ടലിലെ സഹപ്രവര്‍ത്തകനാണ് പറഞ്ഞത് ടയറിനകത്ത് നിറയെ കള്ളക്കടത്ത് സ്വര്‍ണമായിരുന്നുവെന്ന്.
ഏതായാലും ആ ജോലി പിന്നീട് തുടര്‍ന്നില്ല. എവിടെയും ഉറച്ചുനില്‍ക്കാത്ത പ്രകൃതമായതുകൊണ്ട് കമല്‍ കര്‍ണാടക വിട്ട് തമിഴ്‌നാട്ടിലെത്തി. അവിടെ ചെറിയൊരു ഫാക്ടറിയില്‍ മാനേജരായി. ഇതിനിടെ ശബരിമല തീര്‍ഥാടനത്തിനിടെയാണ് ആരോ സന്ദേശമയച്ചത് –കമലിന്റെ അച്ഛന്‍ മരിച്ചു. അന്ത്യകര്‍മം കഴിഞ്ഞ് വീണ്ടും ബാംഗ്ലൂരിലേക്കാണ് മടങ്ങിയത്. തമിഴ്‌നാട്ടിലേക്ക് പോയില്ല. ആ യാത്രയില്‍ പരിചയപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. അടുപ്പം രജിസ്റ്റര്‍ വിവാഹത്തിലെത്തിച്ചു. ആ ബന്ധത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഭാഗ്യാന്വേഷികള്‍ കടല്‍കടക്കുന്ന എണ്‍പതുകളുടെ ആരംഭം. കമലിന് ഒരു സുഹൃത്ത് യു.എ.ഇയിലേക്കുള്ള വിസ അയച്ചുകൊടുത്തു. ദുബൈയിലെത്തിയ ആഴ്ചയില്‍തന്നെ ഇറാന്‍ വംശജനായ ഒരു യു.എ.ഇ പൗരന്റെ കാറ്ററിങ് കമ്പനിയില്‍ ജോലി കിട്ടി. മാസങ്ങളോളം അവിടെ തുടര്‍ന്നുവെങ്കിലും ഈജിപ്തുകാരനായ അക്കൗണ്ടന്റ് ശമ്പളം പിടിച്ചുവെച്ചു. കമ്പനിയുടമയുടെ സമ്മതത്തോടെയാവണമിത്. മറ്റ് തൊഴിലാളികളുടെ സ്ഥിതിയും ഇതു തന്നെ. അവരോടൊപ്പം ചേര്‍ന്ന് കമല്‍ കമ്പനിയുടമയുമായി ശമ്പളപ്രശ്‌നത്തെച്ചൊല്ലി ഉടക്കി. കമ്പനിയുടമ പ്രതികാരത്തോടെ പെരുമാറാന്‍ തുടങ്ങി. അതുവരെ ചെയ്ത ജോലിക്ക് പ്രതിഫലമൊന്നും കിട്ടിയതുമില്ല. ലേബര്‍ കോടതിയില്‍ പോകാനുള്ള കമലിന്റെയും സഹപ്രവര്‍ത്തകരുടെയും തീരുമാനമറിഞ്ഞ കമ്പനിയുടമ കള്ളക്കേസുണ്ടാക്കി. വന്‍തുകയുടെ ധനാപഹരണവും ഒപ്പം കമ്പനിയുടമക്കെതിരായ ആക്രമണവുമായിരുന്നു കമലിനെതിരെ ചുമത്തിയ കുറ്റം. വിവിധ രാജ്യക്കാരായ ചില ജീവനക്കാരും പ്രതിപ്പട്ടികയിലുണ്ടായിരുന്നുവെങ്കിലും ഇവരുടെ നേതാവ് എന്ന നിലയില്‍ കമലിനെയാണ് കുടുക്കിയത്. കമ്പനിയിലെ കശപിശ വര്‍ധിക്കുന്നതിനിടെ, കമല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തീര്‍ത്തും അവിചാരിതമായ ആഘാതമായിമാറി ദുബൈയിലെ ജയില്‍വാസം. പ്രതിസന്ധികളില്‍ തളരാതിരുന്ന കമലിന്റെ ആത്മധൈര്യം ഇതോടെ കുറേശ്ശയായി ചോരുകയായിരുന്നുവെങ്കിലും ഒപ്പം ജോലി ചെയ്തിരുന്നവര്‍ പകര്‍ന്ന വിശ്വാസം മാനസികമായ കരുത്ത് വര്‍ധിപ്പിച്ചു.
റിമാന്‍ഡ് കാലാവധിയുള്‍പ്പെടെ നാല്‍പത്തൊന്ന് മാസത്തെ യു.എ.ഇയിലെ തടവറജീവിതം കമലിന്റെ ജീവിതത്തെ അടിമുടി മാറ്റി. ഫിലിപ്പീനോ സഹപ്രവര്‍ത്തക ആഴ്ചയിലൊരിക്കല്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയതും ഇഷ്ടഭക്ഷണവും സിഗരറ്റും രഹസ്യമായി കൊണ്ടുവന്നതും ആശ്വാസമായി. ഇതിനകം ജയിലറുമായി കമല്‍ സൗഹൃദത്തിലായിക്കഴിഞ്ഞിരുന്നു. അറബി പഠിക്കുകയും സഹതടവുകാരുമായി അടുപ്പത്തിലാവുകയുംചെയ്തു. അഫ്ഗാന്‍, ഇറാന്‍ എന്നീ രാജ്യക്കാരായ മയക്കുമരുന്ന് കടത്തുകാരുള്‍പ്പെടെയുള്ള തടവുകാരൊക്കെ കൂട്ടുകാരായി.
സ്‌നേഹമുള്ള ജയിലര്‍, സദുപദേശത്തോടെ നീട്ടിയ വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയുടെ മനസ്സിരുത്തിയുള്ള പാരായണം കമലിന്റെ ജീവിതത്തില്‍ വെളിച്ചം പരത്തി. പുതിയൊരു മനുഷ്യനാവുകയായിരുന്നു കമല്‍. ഇസ്‌ലാം മതം സ്വീകരിക്കണമെന്ന ആശയം അവിടെനിന്നു തുടങ്ങുകയായിരുന്നു. ഈ തീരുമാനം ജയിലറെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രേരണയില്‍, 1996 ഒടുവില്‍ കമല്‍ജിത്ത് രാജാറാം എന്ന പ്രവാസി മലയാളി കമാല്‍ ഹസന്‍ മുഹമ്മദ് എന്ന പേര് സ്വീകരിച്ച് മുസ്‍ലിമായിത്തീരുകയുംചെയ്തു.
കൃത്രിമമായി ചമച്ച വണ്ടിച്ചെക്ക് കേസും മറ്റു വ്യാജ ക്രിമിനല്‍ കേസുമുള്‍പ്പെടെയുള്ള ചാര്‍ജുകളത്രയും പതിനെട്ടു മാസത്തെ റിമാന്‍ഡുള്‍പ്പെടെയുള്ള മൊത്തം മൂന്നര കൊല്ലത്തെ തടവുശിക്ഷ അനുഭവിച്ച ശേഷം റദ്ദ് ചെയ്ത മേല്‍ക്കോടതി വിധിയില്‍ സന്തോഷിച്ച കമാലിനെ സംബന്ധിച്ചിടത്തോളം ആത്മപീഡയുടെ വലിയൊരു കാലയളവിനാണ് അന്ത്യമായിത്തീര്‍ന്നത്. അപ്പോഴേക്കും പക്ഷേ മനസ്സ് എന്തിനും പാകപ്പെട്ടുകഴിഞ്ഞിരുന്നുവെന്നും തന്നെ കുടുക്കിയവര്‍ തന്നെ ജയിലിലിലേക്ക് പോകുന്നതിന് താന്‍ സാക്ഷിയായിയെന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും കമാല്‍ പറയുന്നു.
തന്റെ കേസ് തള്ളിയ ദിവസം തന്നെയാണ് തനിക്ക് ജയില്‍ ശിക്ഷ വാങ്ങിത്തന്ന കമ്പനിയുടമയും അക്കൗണ്ടന്റും മറ്റ് രണ്ട് സാമ്പത്തിക കുറ്റങ്ങളില്‍ക്കൂടി പ്രതി ചേര്‍ക്കപ്പെട്ട് കമാല്‍ കിടന്ന അതേ ജയിലിന്റെ ഇടനാഴിയിലൂടെ കൈയാമംവെച്ച് നടന്നുപോകുന്നത് കമാലിന് കാണാനായത്. കമ്പനിയുടമ തന്നെക്കണ്ട് പൊട്ടിക്കരഞ്ഞതും മാപ്പപേക്ഷിച്ചതും മറക്കാനാവില്ല. ജയിലില്‍നിന്ന് ലഭിച്ച ലഘുഭക്ഷണവും ശീതളപാനീയവും അയാള്‍ക്ക് നല്‍കി തന്നോട് പ്രതികാരംചെയ്തതിന് മധുരമായി പ്രത്യുപകാരംചെയ്യുക കൂടി ചെയ്തതോടെ കണ്ടുനിന്ന ജയിലര്‍മാരുള്‍പ്പെടെയുള്ളവര്‍ പലരും അത്ഭുതം കൂറി. രണ്ട് ഭാര്യമാരുടെയും പതിനെട്ട് മക്കളുടെയും സംരക്ഷണം ചുമലില്‍ വഹിക്കുന്ന ആ യു.എ.ഇ പൗരന്റെ മുഖം ഇപ്പോഴും കമാലിന്റെ മനസ്സിലുണ്ട്.
ജയില്‍ മോചിതനായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തിയ കമാല്‍ ശരീഅത്ത് കോടതിയിലെ രേഖകളും മറ്റും ഹാജരാക്കി തന്റെ പുതിയ പേരിലുള്ള പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി. ജയിലറില്‍നിന്ന് കടമായി വാങ്ങിയ കുറച്ച് പണം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. അതിനിടെ കുറച്ചുകാലം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു. യു.എ.ഇയോട് യാത്ര പറയാനായി എന്ന തോന്നല്‍ ശക്തമായി. നാലു വര്‍ഷം നാട്ടിലെന്ത് നടന്നുവെന്നതൊന്നും കമാലിനറിയില്ലായിരുന്നു. തന്റെ മതംമാറ്റം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ഉത്കണ്ഠയുമുണ്ട്. തീരുമാനമെടുക്കാനാവാതെ കുഴങ്ങിയപ്പോഴാണ് യമനിലേക്കുള്ള ഓഫര്‍ വരുന്നത്.
ഒരു പത്രപരസ്യം വഴിയായിരുന്നു അത്. തലസ്ഥാനമായ സൻആയിലെ ഇന്ത്യന്‍ ബീവറേജസ് കമ്പനിയില്‍ തരക്കേടില്ലാത്ത ജോലി കിട്ടി കമാല്‍ സൻആയിലേക്ക് പോയി. ജയില്‍വാസത്തിലൂടെ അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പഠിച്ചത് യമനില്‍ അനുഗ്രഹമായി മാറി. യമനി ബദു ഗോത്രക്കാര്‍ക്കിടയില്‍ ഏക ഇന്ത്യക്കാരനെന്ന സ്‌നേഹാദരംകൂടി കമാലിന് കിട്ടി. ഇന്ത്യക്കാരെ ഇഷ്ടപ്പെടുന്ന യമനികളുടെ വാരാന്ത്യ വിരുന്നുകളിലൊക്കെ കമാല്‍ ക്ഷണിക്കപ്പെട്ടു. തോക്ക് കൈയിലേന്തിയാണ് യമനി പൗരന്‍മാര്‍ സാധാരണ നടക്കാറുള്ളത്. ഒരു നിറതോക്ക് അവര്‍ കമാലിനും നല്‍കി. സുരക്ഷക്കിരിക്കട്ടെ എന്ന് അവരിലെ നേതാവ് പറഞ്ഞു. ലൈല എന്ന യമനി വനിത കമാലിന്റെ മനസ്സ് അപഹരിച്ചതും ഇക്കാലത്താണ്. സത്യത്തില്‍ ഒരു വിവാഹ പരസ്യത്തിലൂടെയാണ് അധ്യാപികയായ അവരുമായി അടുക്കുന്നതും പ്രണയത്തിലാകുന്നതും.

ധീരുഭായ് അംബാനിയുമായുള്ള ലൈലയുടെ പിതാവിന്റെ അടുപ്പവും ഏദനില്‍നിന്ന് അവരുടെ കുടുംബം പിന്നീട് സൻആയിലേക്ക് പറിച്ചുനടുന്നതുമെല്ലാം അങ്ങനെയാണ് കമാല്‍ അറിയുന്നത്. ഇന്ത്യക്കാരന്‍ എന്ന സ്‌നേഹഭരിതമായ പരിഗണന കമാലിന് വേണ്ടുവോളം കിട്ടിയത് യമനില്‍നിന്നാണ്. എങ്കിലും െലെലയുമായുള്ള പ്രണയം സാഫല്യത്തിലെത്താന്‍ ചില കടമ്പകളൊക്കെ കടക്കേണ്ടിവരുകയും ചെയ്തു.
കമാല്‍ മേല്‍നോട്ടം വഹിച്ച, ഇന്ത്യക്കാരന്‍ പങ്കാളിയായ കമ്പനി ഇരുപത് മാസംകൊണ്ട് 120 ശതമാനം വരെ ലാഭമുണ്ടാക്കിയതോടെ കമാലിന് വലിയ പദവി ലഭിച്ചു. പാരിസില്‍നിന്ന് ഫ്രഞ്ച് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ബഹുമതി കമ്പനിക്ക് വേണ്ടി കമാല്‍ ഏറ്റുവാങ്ങി.
ലൈലയുമായുള്ള വിവാഹത്തിന് ഒരു അമ്മാവനൊഴികെ മറ്റുള്ളവരെല്ലാം പിന്തുണച്ചു. ഈ അമ്മാവനാകട്ടെ, പ്രാദേശികമായി അല്‍പം സ്വാധീനമുള്ള ഗോത്രകുടുംബവുമായി അടുപ്പമുള്ള വ്യക്തിയുമായിരുന്നു. അതുകൊണ്ടു തന്നെ എതിര്‍പ്പ് സംഘടിതമായി മാറുന്നുവെന്ന ഭീതി കമാലിനെ പിന്തുടര്‍ന്നു. എങ്കിലും നികാഹ് നടത്തി. മധുവിധുക്കാലത്താണ് യമനിലെ ആഭ്യന്തരകലാപങ്ങള്‍ ശക്തമാവുന്നത്. 2013ല്‍ ഹൂതി വിമതരുടെ പോര്‍വിളി പൗരജീവിതത്തെ ചകിതമാക്കി. ഹൂതി മേഖലകളില്‍ മിസൈലുകളും യുദ്ധവിമാനങ്ങളും ഇരമ്പി. 2015 മാര്‍ച്ച് 26ന് ‘അന്‍സാര്‍ അല്ലാഹ്’ എന്ന വിമതപോരാളികളുടെ ഗ്രൂപ് യമന്‍ സൈന്യവുമായി സായുധ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു.
നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സൻആയിലെ ഒരു കഫേയിലിരിക്കെ ഹൂതി ആക്രമണത്തില്‍ കമാലിന്റെ കാല്‍ച്ചുവട്ടിലൂടെ ബുള്ളറ്റ് മൂളിപ്പറന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് കമാല്‍ നടുക്കുന്ന ആ ഓര്‍മകള്‍ പങ്കിടുന്നു. മുറിവേറ്റ യമനി ഭടന്‍മാര്‍ക്കും വിദേശികളുള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്കും ആവശ്യമായ വൈദ്യസഹായം എത്തിക്കുന്നതില്‍ കമാലും കൂട്ടുകാരും യത്‌നിച്ചു. ഏറക്കുറെ മുഴുവന്‍ വിദേശികളും നാട് വിട്ടു. ചെങ്കടലില്‍ യാത്രക്കപ്പലുകള്‍ക്ക് നേരെയും ആക്രമണ പരമ്പരകളുണ്ടായി.

ഇന്ത്യക്കാര്‍ക്കും യമനില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു. കമാലും കൂട്ടുകാരും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യമനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. ‘ഓപറേഷന്‍ റാഹത്ത്’ എന്ന പേരിലുള്ള യമന്‍ പ്രവാസി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ അന്നത്തെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്കൊപ്പം കമാലും സുഹൃത്തുക്കളുമുണ്ടായിരുന്നു. അവസാന ഇന്ത്യന്‍ സംഘവും യമന്‍ വിട്ടുവെന്നറിഞ്ഞതിനു ശേഷമാണ് എംബസി ഇടപെടലോടെ ലൈലയുടെ ഇന്ത്യന്‍ വിസ തരപ്പെടുത്തി സൈനിക വിമാനത്തില്‍ ഇരുവരും മുംബൈ വഴി കേരളത്തിലേക്കെത്തിയത്.
എല്ലാം നഷ്ടപ്പെട്ട് യമനില്‍നിന്ന് സൗദിയിലെ ജിദ്ദ വഴി മടങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് കമാല്‍ ഓര്‍ക്കുന്നു. 2015 ഏപ്രില്‍ 14ന് കമാലും കുടുംബവും മുംബൈയിലിറങ്ങി. അന്ന് ഉച്ചക്കു ശേഷം കൊച്ചിയിലെത്തി. വൈറ്റിലയിലെ റസ്‌റ്റാറന്റില്‍നിന്ന് വിഷുസദ്യയുണ്ടു. ലൈലയുമായി കണ്ണൂരില്‍. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. സങ്കടവും കണ്ണീര്‍പ്പെയ്ത്തും. നീയെവിടെയാണെങ്കിലും നന്നായി കണ്ടല്ലോയെന്ന് അമ്മയുടെയും ബന്ധുക്കളുടെയും സ്‌നേഹനിശ്വാസങ്ങള്‍. അച്ഛന്റെ വേര്‍പാട് കമാലിന്റെ ജീവിതത്തില്‍ ശൂന്യത നിറച്ചു.
പിറ്റേ ആഴ്ച ഉത്തരേന്ത്യന്‍ യാത്രക്കായി വീണ്ടും മുംബൈയില്‍. കോകിലാ ബെന്‍ ധീരുഭായ് ആശുപത്രിയിലെ പുതിയ അസൈന്‍മെന്റ്. കേരളത്തിലെ താമസത്തിനായി നേര്യമംഗലം തിരഞ്ഞെടുത്തത് മൂന്നാറിന്റെ പ്രകൃതിഭംഗി ആസ്വദിച്ചു മതിവരാത്തതിനാലെന്ന് കമാലും ലൈലയും. കമാല്‍ മിക്കവാറും യാത്രകളിലായിരിക്കും. ഇതിനകം നിരവധി വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക പര്യടനങ്ങള്‍. പാലിയേറ്റിവ് രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍. വിവിധ മേഖലകളില്‍ ലഭിച്ച പുരസ്‌കാരങ്ങളുടെ തിളക്കം. 2024 മാര്‍ച്ച് 23ന് കമാലിന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ –ഡെയറിങ് പ്രിന്‍സ്– ഗ്രന്ഥകാരനും ആത്മീയ പ്രഭാഷകനും കമാലിന്റെ സഹപാഠിയുമായ ഡോ. മോഹന്‍ജി കൊച്ചിയില്‍ പ്രകാശനം ചെയ്തു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് 60 വയസ്സ് പൂര്‍ത്തിയായ കമാല്‍ ഹസന്‍ മുഹമ്മദ് എന്ന കമാലിനെ അടുപ്പക്കാര്‍ ‘മോട്ടി’ എന്നാണ് വിളിക്കുന്നത്. ലൈലയും മൂന്നു മക്കളുമൊത്തുള്ള കമാലിന്റെ ജീവിതയാത്ര തുടരുന്നു. ആ യാത്ര സംഭവബഹുലമായ ഒരു പ്രവാസജീവിതത്തിന്റെ നിറമുള്ള അധ്യായം കൂടിയാണ് - അംബാനി കുടുംബത്തിന്റെ ശീതളഛായയേറ്റ് ജീവകാരുണ്യ രംഗങ്ങളില്‍ നിരവധി സേവനപഥങ്ങള്‍ വെട്ടിത്തുറന്നുള്ള ആ സ്‌നേഹയാത്രകള്‍ തുടരുന്നു.