ആപത്കരമായി ജീവിച്ച രാഷ്ട്രീയ മനുഷ്യന്
ഫെബ്രുവരി 11ന് വിടവാങ്ങിയ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജോൺ കെ. എരുമേലിയെ ഒാർക്കുകയാണ് അടുത്ത പരിചയക്കാരനായ ലേഖകൻ.എഴുത്തുകാരനും യുക്തിചിന്തകനുമായ ജോണ്‍ കെ. എരുമേലി വിടവാങ്ങിയതോടെ, എഴുപതുകളിലെ പ്രക്ഷുബ്ധമായ സാഹചര്യത്തിലും അടിയന്തരാവസ്ഥക്കാലത്തും തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയജീവിതത്തിനാണ് വിരാമമാകുന്നത്. കോട്ടയം ജില്ലയിലെ പാമ്പാടി, വെള്ളൂരിലാണ് ജോണ്‍ കെ. എരുമേലി...
Your Subscription Supports Independent Journalism
View Plansഫെബ്രുവരി 11ന് വിടവാങ്ങിയ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജോൺ കെ. എരുമേലിയെ ഒാർക്കുകയാണ് അടുത്ത പരിചയക്കാരനായ ലേഖകൻ.
എഴുത്തുകാരനും യുക്തിചിന്തകനുമായ ജോണ്‍ കെ. എരുമേലി വിടവാങ്ങിയതോടെ, എഴുപതുകളിലെ പ്രക്ഷുബ്ധമായ സാഹചര്യത്തിലും അടിയന്തരാവസ്ഥക്കാലത്തും തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയജീവിതത്തിനാണ് വിരാമമാകുന്നത്.
കോട്ടയം ജില്ലയിലെ പാമ്പാടി, വെള്ളൂരിലാണ് ജോണ്‍ കെ. എരുമേലി ജനിച്ചത്. പരേതരായ കാവുംപാടം വീട്ടില്‍ കെ.ജെ. തോമസ്-സാറാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി. പാമ്പാടി, എരുമേലി എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയത്ത് സി.എം.എസ് കോളജില്‍ പ്രീ യൂനിവേഴ്സിറ്റിക്കു പഠിക്കുന്ന കാലത്ത് യുക്തിവാദി സംഘവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തനം തുടങ്ങി. എഴുത്തിലേക്ക് കടന്നതും ഇതേ കാലത്താണ്. ഈ സമയത്ത് യുക്തിവാദിയായ ഇടമറുകുമായി പരിചയപ്പെട്ടു. ഈ ബന്ധം തുടര്‍ന്ന് നിലനിര്‍ത്തുകയും യുക്തിവാദി സംഘത്തിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിച്ചു. ‘ഈസ്റ്റര്‍ ഒരു വഞ്ചനാദിനം’ എന്ന ലഘുലേഖ പ്രചരിപ്പിച്ചതിനും എരുമേലി പേട്ടതുള്ളലിനോടനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിലും നിരവധി എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്. ഇടമറുകിന്റെ പത്രാധിപത്യത്തില്‍ അക്കാലത്ത് പുറത്തിറങ്ങിയ യുക്തിവാദ മാസിക ‘തേരാളി’യില്‍ പേട്ടതുള്ളലുമായി ബന്ധപ്പെട്ട് ‘ഗരുഡന് ഡയറി’ എന്നൊരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടത് ഇടമറുക് എഴുതിയ ‘ശബരിമലയും പരുന്തുപറക്കലും മകരവിളക്കും’ എന്ന പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തു.
1972ല്‍ തപാല്‍ വകുപ്പില്‍ ഇ.ഡി (എക്സ്ട്രാ ഡിപ്പാർട്മെന്റ്) ജീവനക്കാരനായി ജോലി ലഭിച്ചു. അക്കാലത്ത് പമ്പാവാലിയില്‍ ഒരു പോസ്റ്റ്മാസ്റ്ററെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിലും റെയില്‍വേ തൊഴിലാളികളുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് തപാല്‍ ജീവനക്കാരുടെ സംഘടനയായ എന്‍.എഫ്.പി.ടി.ഇ നടത്തിയ സമരങ്ങളിലും സജീവമായി പങ്കെടുത്തു.
മതവിശ്വാസവുമായി ബന്ധപ്പെട്ട നിലപാടുമൂലം വീട്ടുകാരുമായി എതിര്‍പ്പുണ്ടാകുകയും തുടര്‍ന്ന് വീട്ടില്‍നിന്നു മാറി എരുമേലിയില്‍ താമസം തുടരുകയും ചെയ്തു. ഇക്കാലത്ത് സൗഹൃദത്തിലായ അമ്മിണിക്കുട്ടിയെ ജീവിതപങ്കാളിയാക്കി. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. നക്സല്‍ബാരിയുടെ രാഷ്ട്രീയ അലകള്‍ കേരളത്തിലും മുളച്ചത് ഈ കാലഘട്ടത്തിലാണ്. വിനോദ്മിശ്രയുമായി ബന്ധപ്പെട്ട് വി.എസ്. നാരായണന് എന്നയാളെ പരിചയപ്പെട്ടു. അങ്ങനെ സി.പി.ഐ (എം.എല്‍) ലിബറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പിന്നീട് പാര്‍ട്ടി നിർദേശപ്രകാരം ജോലി രാജിവെച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും പ്രാരബ്ധങ്ങളിലൂടെയും കടന്നുപോയ സമയമായിരുന്നു അക്കാലത്തേതെന്ന് അദ്ദേഹം മുമ്പു വന്ന അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാലത്ത് മുഖ്യമായും തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ചെറുകിട റബര്‍ എസ്റ്റേറ്റുകളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ഒരു തൊഴിലാളി യൂനിയന്‍ സ്ഥാപിച്ചുകൊണ്ട് ചില സമരങ്ങള്‍ നടത്തപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, കടപ്ര മേഖലകളില്‍ ഭൂരഹിതരായ തൊഴിലാളികളുടെ കിടപ്പാട ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു.
എരുമേലി മുക്കടയില്‍ ഹാരിസണ്‍ എസ്റ്റേറ്റ് ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂസമര മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരങ്ങള്‍ക്കും ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സത്യഗ്രഹ സമരങ്ങള്‍ക്കും സമരസമിതി എക്സിക്യൂട്ടിവ് അംഗം എന്ന നിലയില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. 1988ല്‍ ബിഹാറില്‍ നടന്ന ലിബറേഷന്റെ നാലാം പാര്‍ട്ടി കോണ്‍ഗ്രസ് (രഹസ്യ കോണ്‍ഗ്രസ്) മുതല്‍ പ്രതിനിധിയായി പങ്കെടുത്തുവന്നിരുന്നു. 11ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അേദ്ദഹം വിടപറഞ്ഞത്. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളായ ‘ജനകീയ ശബ്ദം’, ‘എം.എല്‍ സന്ദേശം’ എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. കൊച്ചിയില്‍ നടന്ന ജിം (ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ്) വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ പോയി. ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ യാത്രക്കൊപ്പം നിന്ന സവിശേഷ വ്യക്തിത്വമാണ് ജീവിതപങ്കാളിക്കുള്ളത്. എഴുത്തുകാരനായ രാജേഷ് കെ. എരുമേലി, മുകേഷ് എന്നിവര്‍ മക്കളാണ്.
മരണാനന്തരം ശരീരം വൈദ്യപഠനത്തിന് നല്‍കണമെന്ന താൽപര്യം ഉണ്ടായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് സാധിച്ചില്ല. എന്നാല്‍ മതരഹിതമായി, ആചാരാനുഷ്ഠാനങ്ങളും ആര്‍ഭാടങ്ങളും പൂര്‍ണമായി ഒഴിവാക്കി അദ്ദേഹത്തിന്റെ താൽപര്യപ്രകാരം മൃതദേഹം സംസ്കരിച്ചു.
വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും അടിത്തട്ടിന്റെ ജീവിതത്തെ തിരിച്ചറിഞ്ഞ വ്യക്തിയെന്നനിലയിലും ജോണ്‍ കെ. എരുമേലിയുടെ വേര്‍പാട് വലിയ നഷ്ടമാണ്. അദ്ദേഹം ആദ്യകാലം മുതല്‍ എഴുതിയിട്ടുള്ള എല്ലാ രചനകളും ലഭ്യമല്ലെങ്കിലും കഥകളും കവിതയും പഠനവുമായി നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പൗരമൃഗങ്ങള്’ (കഥകള്‍), ‘അയ്യന്‍കാളി കേരള ചരിത്രനിർമിതിയില്‍’ (പഠനം), ‘മതവും മാര്‍ക്സിസവും’ (പഠനം), ‘നക്സല്‍ബാരി’ (രാഷ്ട്രീയ ചരിത്രപഠനം), ‘ചാരുമജുംദാര്‍’ (എഡിറ്റര്‍), ‘കാൾ മാര്‍ക്സ്’, ‘എംഗല്‍സ്’, ‘ഹോചിമിന്‍’ (ജീവചരിത്രങ്ങള്‍), ‘വസന്തം വീണ്ടും വരാതിരിക്കില്ല’ (കവിതകള്‍), ‘പാലക്കാട് ജങ്ഷന് നിങ്ങളെ സ്വാഗതം ചെയ്യുന്നു’ (കഥകള്‍), ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: ചരിത്രപരമായ വായന’ (പഠനം), ‘മാര്‍ക്സിസവും മാറുന്ന ലോകവും’ (ലേഖനങ്ങള്‍), ‘അംബേദ്കറും ജാതി ഉന്മൂലനവും’ (പഠനം), ‘തീപക്ഷികളുടെ കോളനി’ (നോവല്‍) തുടങ്ങിയവ പ്രധാന കൃതികളാണ്. ‘വന്നവഴി’ എന്ന ആത്മകഥ പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.
വിപ്ലവ പ്രവര്‍ത്തനങ്ങളിലും അതിന് അനുകൂലമായ ഇടപെടലുകളിലും മുഴുകിയിരിക്കുന്ന വ്യക്തി നമ്മുടെ സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ട ഒരു തുരുത്തല്ല. നിർദിഷ്ടമായ ഒരു കുടുംബത്തില്‍നിന്നും കടന്നുവരുന്നവര്‍ എന്ന നിലയിലും സവിശേഷമായ സാമൂഹിക-സാമ്പത്തിക ചുറ്റുപാടിലും സാംസ്കാരിക പശ്ചാത്തലത്തില്നിന്നുമുള്ള വ്യക്തിയെന്ന തനിമ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും. ഇത്തരം പിന്നാമ്പുറങ്ങളുടെ തനതു പ്രത്യേകതകള്‍ ഉണ്ടായിരിക്കുമ്പോഴും അവയുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനവും മുദ്രയും വഹിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വ്യക്തി എന്ന സവിശേഷ ഘടകമായാണ് ഒരാള്‍ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തെ അഭിമുഖീകരിക്കുന്നത്.
അതി സാങ്കേതികതയിലൂന്നിയ അധികാര ക്രമത്തിന്റെയും കൊടിയ മത്സരാഭിമുഖ്യത്തിന്റെയും കാലമാണിത്. വംശീയതയും ജാതി-മത വെറിയും അപരഹിംസയും (മർദിതര്‍ക്കു നേരെയുള്ള) ആഘോഷമാക്കുന്ന മനോഘടനയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും വേരുറപ്പിച്ചിട്ടുള്ള സമൂഹമാണ് നമ്മുടേത്. ഇങ്ങനെയുള്ള സന്ദര്‍ഭവുമായി കൂടി ചേര്ത്തുനിര്ത്തിവേണം ജോണ്‍ കെ. എരുമേലിയെപ്പോലുള്ളവരുടെ ജീവിതത്തെയും ജീവിതരീതിയെയും വിലയിരുത്താന്‍. അതാകട്ടെ ജനാധിപത്യപരവും സോഷ്യലിസ്റ്റ് ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ച അതിന്റെ വൈകാരിക-വൈചാരിത തലങ്ങളെ ഉള്ളില്‍ക്കൊണ്ടു നടന്ന ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിന്റെയും കാഴ്ചപ്പാടിന്റെയും മാതൃകയാണ്.