എം.ഡി എന്ന എം.ടി
എം.ടി. വാസുദേവൻ നായരെക്കുറിച്ച് കഥാകൃത്തുകൂടിയായ ലേഖിക എഴുതുന്നു: ‘‘എന്റെ വായനയുടെയും ഭാഷയുടെയും വികാരത്തിന്റെയും വേരുകളിൽ തീർച്ചയായും സേതുവും അപ്പുണ്ണിയും വേലായുധേട്ടനും കുട്ട്യേടത്തിയും ഉണ്ണിയും സുമിത്രയും വിമലയും ഉണ്ട്.’കരിമ്പനകളുടെ പശ്ചാത്തലത്തിൽ കാറ്റുപിടിച്ചു കടന്നുപോകുന്ന ഒ.വി. വിജയനും നിളയുടെ തീരത്തു നിൽക്കുന്ന...
Your Subscription Supports Independent Journalism
View Plansഎം.ടി. വാസുദേവൻ നായരെക്കുറിച്ച് കഥാകൃത്തുകൂടിയായ ലേഖിക എഴുതുന്നു: ‘‘എന്റെ വായനയുടെയും ഭാഷയുടെയും വികാരത്തിന്റെയും വേരുകളിൽ തീർച്ചയായും സേതുവും അപ്പുണ്ണിയും വേലായുധേട്ടനും കുട്ട്യേടത്തിയും ഉണ്ണിയും സുമിത്രയും വിമലയും ഉണ്ട്.’
കരിമ്പനകളുടെ പശ്ചാത്തലത്തിൽ കാറ്റുപിടിച്ചു കടന്നുപോകുന്ന ഒ.വി. വിജയനും നിളയുടെ തീരത്തു നിൽക്കുന്ന എം.ടിയും ഗ്രാമഫോൺ തൊട്ട് മാങ്കോസ്റ്റിൻ മരത്തണലിൽ കഷണ്ടി തടവിയിരിക്കുന്ന ബഷീറും കണ്ണൂരിലെ ജയിലും കടലും കോട്ടയും തൊട്ട് പൂച്ചക്കുട്ടികളെ പിടിച്ചു പുലിയായി നിൽക്കുന്ന പത്മനാഭനും അരയിൽ താക്കോൽക്കൂട്ടവുമായി, വലിയ വട്ടപ്പൊട്ടുമായി രാജ്ഞിയെപ്പോലെ ഇരിക്കുന്ന മാധവിക്കുട്ടിയും വാ പിളർന്ന് ചിരിച്ച് തിരുവില്വാമലയിലപ്പൻ വി.കെ.എന്നും –ഇതിഹാസ സമാനമായ ജീവിതക്കാഴ്ചയായി മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു – എന്തൊരഭിമാനമാണ് ഇവരെ ഓർക്കുമ്പോൾ!
തെക്കോട്ടുള്ളവർ എം.ടിയെ ‘എം.ഡി’ എന്നു പറയുന്നതു കേൾക്കാം. സർവകലാശാല ഉത്തരക്കടലാസുകളിലും കാണാം, ഈ പിഴവ്. സാഹിത്യത്തിലും വേണ്ടിടത്ത് ഉറച്ചുനിന്ന് ബുദ്ധിപൂർവം നിലപാടുകളെടുത്ത് കേരളത്തിന്റെ സാംസ്കാരികലോകത്ത് ഉറച്ച കരുത്തായി വിജയമായി നിന്ന 90 പിന്നിട്ട ആ മാനേജ്മെന്റ് വൈദഗ്ധ്യം കൂടി ചേരുമ്പോൾ തെക്കുള്ളവർ പറയുമ്പോലെ എം.ടി ഒരു എം.ഡിയുംകൂടിയാണ്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരാൾ എന്ന് എം.ടിയെക്കുറിച്ച് പലരും പലതവണ പറഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. മലയാള ഭാഷയുടെ ആചാര്യനായ തുഞ്ചത്തെഴുത്തച്ഛന് ഉചിതമായ ഒരു സ്മാരകം തീർക്കാനും അത് ഭംഗിയായി നിലനിർത്തി പോരാനും ഇന്നും സാധിക്കുന്നത് എം.ടിയുടെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. എം.ടി തൊട്ടതൊന്നും തിളങ്ങാതിരുന്നില്ല. അത് സിനിമയായാലും സാഹിത്യമായാലും സ്മാരകമായാലും പ്രസംഗമായാലും ഓർമയായാലും.
വള്ളുവനാടൻ ഭാഷയും ഓപ്പോളും ഉണ്ണിയും ഏട്ടനും ഗോവിന്ദമ്മാമയും ഒക്കെ കേരളത്തിന്റെ മനസ്സിനെയും ഗദ്യത്തെയും ഉഴുതുമറിക്കുകയും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും അച്ചായന്മാർപോലും ശ്രീധരമ്മാമ എന്നും ഉണ്ണ്യേട്ടൻ എന്നും ചെറ്യമ്മ എന്നും ഏടത്തു എന്നും പറയാൻ തുടങ്ങുന്നിടത്താണ് ഭാഷയിലെ എം.ടി വിപ്ലവം. എം.ടി ഗദ്യത്തിലെ ചങ്ങമ്പുഴ ആകുന്നതുമങ്ങനെയാകണം.
അകളങ്കമായ, ദാരിദ്ര്യത്തിന്റെ ഞെരുക്കത്തിലുള്ള കുട്ടിക്കാലം, പോരാട്ടങ്ങളുടെയും പിടിച്ചടക്കലുകളുടെയും പാപങ്ങളുടെയും യൗവനം, ഒടുവിൽ ജീവിതത്തിന്റെ നിരർഥകത തിരിച്ചറിഞ്ഞ് നിരാശപ്പെട്ടുള്ള മടക്കം, ജയവും തോൽവിയും ഒന്നുമില്ലെന്നറിഞ്ഞുകൊണ്ടു പൂർത്തിയാകുന്ന ജീവിതവൃത്തം – ഇതാണ് എം.ടിയുടെ ജീവിതക്കാഴ്ച എന്നു തോന്നിയിട്ടുണ്ട്. കല്ലു നാട്ടി കാറ്റു മറച്ച പെരുന്തച്ചനാണെങ്കിലും വടക്കൻപാട്ട് ചരിത്രം കീഴ്മേൽ മറിച്ച മച്ചുനൻ ചന്തുവാണെങ്കിലും.
എം.ടിയുടെ ഒരു വരി എന്നെ സദാ ഭരിക്കാറുണ്ട്. അത് സാഹിത്യത്തിലെയല്ല. സിനിമയിലെയാണ്. ആരോടെങ്കിലും സഹതാപമോ അനുതാപമോ തോന്നുമ്പോൾ സ്വയം നിയന്ത്രിക്കാൻ ആ വാചകമാണ് ഞാനെടുത്ത് പെരുമാറാറ്. ‘സുകൃതം’ സിനിമയിൽ മരണാസന്നനായ പത്രപ്രവർത്തകൻ പറയുന്നുണ്ട് , “സഹതാപമെന്നത് എനിക്കിത് വന്നില്ലല്ലോ എന്ന സന്തോഷത്തിന്റെ സ്വകാര്യപ്രകടനമാണ്’’ എന്ന്.
സിനിമാ തിരക്കഥകളിൽ നിളയുടെ ഓളങ്ങൾ എങ്ങനെ സ്പന്ദിക്കുന്നു എന്നുവരെ കുറിച്ചുെവച്ച് സംവിധായകന്റെ ജോലി എളുപ്പമാക്കുന്ന ആ സിദ്ധിയിൽ വിസ്മയം തോന്നിയിട്ടുണ്ട്. പത്രാധിപജോലിയുടെ ആവർത്തനങ്ങളിലാണ് അദ്ദേഹം ഇത്രകണ്ട് ജീവിതവൈവിധ്യങ്ങളിലൂടെ കടന്നുപോയത്. ട്യൂട്ടോറിയൽ അധ്യാപകൻ മുതൽ മെഡിക്കൽ ഷോപ് ഉടമ വരെ വൈവിധ്യങ്ങളുടെ കടൽ കടന്നുവന്നയാൾ.
എം.ടി ആത്മകഥയിലും വ്യത്യസ്തനാണ്. സമ്പൂർണ ആത്മകഥ എഴുതിയില്ല. അപൂർവസുന്ദര ഓർമകൾ മാത്രം കുറിച്ചു. രമണൻ അയൽ ഗ്രാമത്തിൽ പോയി വാങ്ങിക്കൊണ്ടുവന്ന് പകർത്തിയെടുത്തു സൂക്ഷിച്ച ‘രമണീയമായ ഒരു കാല’ത്തെക്കുറിച്ച്, ‘ണ’ എന്ന അക്ഷരത്തിൽ ശ്ലോകമറിയാതെ ഉഴറി നിന്നപ്പോൾ അക്കിത്തം നിമിഷനേരംകൊണ്ട് ശ്ലോകം രചിച്ചു കൊടുത്തത്, എം.ടിയെ കാണാൻ വരുമ്പോൾ എം.ടിയുടെ വീടിന് ഉമ്മറത്തുനിന്ന് മാമ്പൂ ഇറുത്തു കൊണ്ടുവന്ന് സമ്മാനിക്കുന്ന മഹാകവി പിയെക്കുറിച്ച്, ആർക്കും എപ്പോഴും അഭിമുഖത്തിനു വഴങ്ങുന്ന ബഷീർ നീയെന്താണ് എന്നെ കാണാൻ വരാത്തത് എന്നു ചോദിക്കുമ്പോൾ – ബേപ്പൂരിലേക്കുള്ള ബസിൽ മുഴുവൻ അഭിമുഖകാരന്മാരല്ലേ എന്നു പരിഭവിക്കുന്ന എം.ടി, എം.ബി. ശ്രീനിവാസന്റെ ജീനിയസായ മകൻ ലഹരിക്ക് അടിമയാകുന്നത്... അങ്ങനെ കുറെ ചിത്രങ്ങൾ എം.ടി ഉള്ളിൽ വരഞ്ഞിട്ടുണ്ട്.
എം.ടിയുടെ ചെറുപ്പത്തെ ശക്തമായി സ്വാധീനിച്ച കോഴിക്കോട്ടെ കോലായ വായനാസംഘത്തിൽ പട്ടത്തുവിള മുതൽ അരവിന്ദൻ വരെയുള്ളവർ ഉണ്ടായിരുന്നു. പരസ്പരം സർഗാത്മക തേജസ്സു പകർന്ന സംഘം. അരവിന്ദനെപ്പോലെ എം.ടിയെപ്പോലെ സംസാരിക്കാൻ മടിയുള്ളവർ എന്തായിരിക്കാം പരസ്പരം പറഞ്ഞത്? ഇസഡോറ ഡങ്കൻ പുസ്തകം വായനക്കു തന്നത് കോഴിക്കോട്ടെ ഒരു മരക്കച്ചവടക്കാരൻ ആയിരുന്നുവെന്ന് എൻ.പി. മുഹമ്മദ് പറഞ്ഞതു വായിച്ചിട്ടുണ്ട്. ആ വായനഭ്രാന്തിന്റെ സമന്വയ സ്നേഹമാകാം എൻ.പിയുമായി കൂട്ടുചേർന്ന് നോവലെഴുതാൻ പ്രേരകശക്തിയായത്.
മധ്യവയസ്സിലേക്ക് എത്തിയപ്പോൾ എം.ടിയുടെ കഥകളേക്കാളും നോവലുകളേക്കാളും ഞാൻ പേർത്തും പേർത്തും വായിക്കുന്നത് ഓർമകളും പ്രസംഗങ്ങളുമാണ്. പ്രത്യേകിച്ചും ശിഹാബ് തങ്ങൾ മരിച്ചപ്പോൾ. ബാബരി മസ്ജിദ് തകർന്നപ്പോൾ കേരള സമൂഹത്തെ മതേതരമായ വേരുകളിലേക്ക് തങ്ങൾ ചേർത്തുകെട്ടിയത് എങ്ങനെ എന്നു പറയാൻ ലോകത്തെ അധികാര വർഗത്തിന്റെ കഥ മുഴുവൻ എം.ടി പറയുന്നുണ്ട്. ഹിറ്റ്ലർ മുതൽ തുഗ്ലക്ക് വരെ – മണ്ടൻമാരെന്നും ഭ്രാന്തൻമാരെന്നുമൊക്കെ ചരിത്രം ന്യായം കൊടുത്തവരുടെ ക്രൂരതകൾ അനാവരണംചെയ്ത മികച്ച രാഷ്ട്രീയപ്രസംഗം കേരളത്തിലെ സർവകലാശാലകൾ പാഠപുസ്തകത്തിൽ ചേർക്കേണ്ടതാണ്. അത്രയും പ്രസക്തവും മനോഹരവുമാണത്.
എങ്കിലും എന്റെ വായനയുടെയും ഭാഷയുടെയും വികാരത്തിന്റെയും വേരുകളിൽ തീർച്ചയായും സേതുവും അപ്പുണ്ണിയും വേലായുധേട്ടനും കുട്ട്യേടത്തിയും ഉണ്ണിയും സുമിത്രയും വിമലയും ഉണ്ട്.
എങ്കിലും നിസ്സഹായതയും ആത്മനിന്ദയും രണ്ടു ചെരുപ്പുകളിട്ട് വിധിയുടെ പെരുമഴയത്തു നടക്കാനിറങ്ങുന്ന ‘പെരുമഴയുടെ പിറ്റേന്നി’ലെ ചിത്രകാരനായ അച്ഛനോടും ‘ഇടവഴിയിലെ പൂച്ച, മിണ്ടാപ്പൂച്ച’യിലെ അമ്മയോടും ഒരേ സ്നേഹമാണ്. രണ്ടു പേരും സ്വയം വിചാരണത്തടവുകാരാണ്. തന്റെ മുൻ ജീവിതപങ്കാളിയെ അങ്ങേയറ്റം സ്നേഹാദരങ്ങളോടെ ഓർക്കുന്ന, മുംൈബയിലെ കുടുസ്സുമുറി ഫ്ലാറ്റിൽ ഞെരുങ്ങുന്ന ആ അച്ഛനെ ഓർക്കുമ്പോൾ ഇപ്പോഴും ഒരു സങ്കടമഴ പെയ്യും.
കോളജ് കാലത്തെ മിണ്ടാപ്പൂച്ചക്ക് പ്രണയത്തിൽ പിഴക്കുമ്പോൾ നഗരവീഥിയിലൂടെ മകളുടെ വിവാഹദിനം അന്യയെപ്പോലെ അലഞ്ഞുനടക്കാൻ വിധിക്കപ്പെട്ട അമ്മയുടെ ധർമസങ്കടം എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മനുഷ്യനു മനസ്സിലാകും. കാരണം, മനുഷ്യന്റെ ധർമസങ്കടങ്ങൾ എന്നും ഒരുപോലെയാണല്ലോ.