തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ്, നടക്കില്ലെന്ന് വിനയൻ; ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ നിന്ന് ദിലീപ് എങ്ങനെ പുറത്തായി? ആത്മകഥയിൽ കലൂർ ഡെന്നീസ്
മാധ്യമം ആഴ്ചപ്പതിപ്പിൽ കലൂർ ഡെന്നീസെഴുതുന്ന നിറഭേദങ്ങൾ എന്ന ആത്മകഥ വായിക്കാം
മലയാള സിനിമയിൽ അഭിനയരംഗേത്തക്ക് മകൻ ഡിനു ഡെന്നീസ് വന്നതിെൻറ അനുഭവങ്ങൾ. അവിചാരിതമായി സിനിമയിലേക്ക് നിർബന്ധിച്ച് െകാണ്ടുവന്ന സിനിമകൾ പരാജയങ്ങളായി മാറിയതിെൻറ കഥ കൂടി പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ നിറഭേദങ്ങൾ എന്ന പേരിൽ കലൂർ ഡെന്നീസ് എഴുതുന്ന ആത്മകഥയുടെ ഒരു ഭാഗം വായിക്കാം
നീണ്ട ഒരു ഇടവേളക്കു ശേഷം പി.കെ.ആർ പിള്ളച്ചേട്ടന് ഒരു സിനിമ ചെയ്യാനായി ആദ്യം പോയത് തന്നോട് സ്നേഹവും കടപ്പാടുമൊക്കെ ഉണ്ടെന്ന് ഉത്തമവിശ്വാസം തോന്നിയവരുടെ അടുത്തേക്കാണ്. എന്നാൽ അവരൊക്കെ ഓരോ ഒഴിവുകൾ പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഈ കഥകളൊക്കെ അന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുള്ളതാണെങ്കിലും പിള്ളച്ചേട്ടൻ ആരെയും കുറ്റപ്പെടുത്തി എന്നോടു ഒന്നും പറഞ്ഞിട്ടില്ല. ഉള്ളിൽ എന്തൊക്കെ അരുതായ്മകൾ ഉണ്ടെങ്കിലും അറിയാതെ ഒരു അനിഷ്ടവാക്ക് പോലും പുറത്തേക്ക് വരാതെ സൂക്ഷിക്കുവാൻ പിള്ളച്ചേട്ടൻ നന്നായി പാടുപെടുന്നതും ഞാൻ കണ്ടിട്ടുണ്ട്. മോഹൻലാലിനെ വെച്ച് തുടർച്ചയായി ഒത്തിരി ഹിറ്റുകൾ ഒരുക്കിയ വിജയലഹരിയിൽ കഴിയുമ്പോൾ ഓരോ സ്തുതിഗീതങ്ങളുമായി വന്നവരുടെയെല്ലാം താരമൂല്യമില്ലാത്ത ചിത്രങ്ങൾ ചെയ്തപ്പോഴുണ്ടായ കനത്ത പരാജയത്തിന് ശേഷം ഒരു തിരിച്ചുവരവിന് വേണ്ടിയുള്ള യാത്രയിലായിരുന്നു പിള്ളച്ചേട്ടൻ. കാർ കുറെ ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ ഞങ്ങൾ കോട്ടക്കലിൽ ചായ കുടിക്കാനിറങ്ങി. ഹോട്ടലിലെ എ.സി റൂമിലിരുന്നപ്പോൾ പിള്ളച്ചേട്ടൻ നന്നായിട്ടൊന്ന് തണുത്തു. പിന്നെ എന്നെ നോക്കി ചെറു ചിരിയോടെ ചോദിച്ചു:
"ഡെന്നീസ്... നമുക്ക് പറ്റിയ ഒരു സംവിധായകൻ ആരാണുള്ളത്?"
പിള്ളേച്ചട്ടൻ എങ്ങനെയുള്ള സംവിധായകനെയാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
"അത്ര ബജറ്റൊന്നുമാകാതെ നമ്മുടെ കൂടെ നിന്ന് ചെയ്യാൻ പറ്റുന്ന ആളായിരിക്കണം."
അപ്പോൾ പെട്ടെന്ന് എെൻറ മനസ്സിൽ വന്നത് സംവിധായകൻ വിനയനാണ്. വിനയൻ സിനിമാസങ്കൽപവുമായി എറണാകുളത്ത് താമസിക്കാൻ എത്തിയ കാലം മുതലുള്ള അടുപ്പമാണ് ഞങ്ങൾ തമ്മിൽ. കോമഡി സിനിമകൾ ചെയ്ത് നടന്നിരുന്ന കലാഭവൻ മണിയെ നായകനാക്കി 'വാസന്തിയും ലക്ഷമിയും', 'കരുമാടിക്കുട്ടനു'മൊക്കെ ചെയ്ത് വിനയൻ നന്നായി തിളങ്ങി നിൽക്കുകയുമാണ്.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ പിള്ളച്ചേട്ടനെയും കൂട്ടി വിനയനെ പോയി കണ്ടു. അവർ തമ്മിൽ അത്ര പരിചയമൊന്നുമില്ലെങ്കിലും ചിരപരിചിതരെ പോലെയാണ് ഇരുവരുടെയും സംസാരവും പെരുമാറ്റവും. തലേ ദിവസം രാത്രി തന്നെ ഞാൻ വിനയനെ വിളിച്ച് സിനിമ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നത് കൊണ്ട് ഒരാമുഖത്തിെൻറയും ആവശ്യം വന്നില്ല. പിള്ളച്ചേട്ടനു ഒന്ന് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ –"ദിലീപിനെ നായകനായി കിട്ടിയാൽ നന്നായിരുന്നു.", "ദിലീപിന് പറ്റിയ കഥ കിട്ടിയാൽ അവനെ അഭിനയിപ്പിക്കാം" -വിനയൻ പറഞ്ഞു.
അടുത്തയാഴ്ച വിനയെൻറ പുതിയ പടം തുടങ്ങുന്നതിെൻറ തിരക്കിലായിരുന്നതുകൊണ്ട് അധികം സമയമെടുക്കാതെ ഞങ്ങൾ അവിടെ നിന്നിറങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ വിനയെൻറ പുതിയ സിനിമ എറണാകുളത്ത് തുടങ്ങി. ഇതിനിടയിൽ വിനയൻ പിള്ളച്ചേട്ടെൻറ സിനിമയുടെ കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞിരുന്നു.
വിനയെൻറ ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സൗഹൃദ സന്ദർശനം പോലെ ദിലീപ് വിനയെൻറ ലൊക്കേഷനിൽ ചെന്നു. വിശേഷങ്ങൾ പറയുന്നതിനിടയിൽ പിള്ളച്ചേട്ടെൻറ സിനിമയുടെ തിരക്കഥ ആരാണ് എഴുതുന്നതെന്ന് ദിലീപ് ചോദിച്ചു. കലൂർ ഡെന്നീസാണെന്ന് വിനയൻ പറഞ്ഞപ്പോൾ ദിലീപ് കൂടെ കൊണ്ടു വന്നിരുന്ന തിരക്കഥാകൃത്തിനെ കൊണ്ട് എഴുതിക്കാമെന്ന് പറഞ്ഞു. അത് ഒരിക്കലും നടക്കില്ലെന്ന് വിനയൻ അപ്പോൾ തന്നെ പറയുകയും ചെയ്തു.
അന്നു രാത്രി തന്നെ ദിലീപ് പറഞ്ഞതൊക്കെ വിനയൻ എന്നെ വിളിച്ചറിയിച്ചിരുന്നു. സിനിമയിൽ ഇതിന് മുന്പും ഇങ്ങനെയൊക്കെ നടന്നിട്ടുള്ളതുകൊണ്ട് അത് കേട്ടിട്ടും ഞാൻ പ്രതികരിക്കാനൊന്നും പോയില്ല. അങ്ങിനെയാണ് ദിലീപിനെ മാറ്റി ജയസൂര്യ എന്ന പുതുമുഖ നായകനെ വെച്ച് പിള്ളച്ചേട്ടനു വേണ്ടി വിനയൻ 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' എന്ന സിനിമ ചെയ്യുന്നത് (ഇതേക്കുറിച്ചുള്ള കൂടുതൽ കഥകൾ പിന്നീട് പറയാം). ജയസൂര്യ നായകനായ ഊമപ്പെണ്ണ് വൻ വിജയമായി മാറി.
ഇനി എെൻറ മൂത്തമകൻ ഡിനു ഡെന്നീസ് നായകനായി അഭിനയിച്ച 'ഒറ്റനാണയം', 'എന്നിട്ടും' എന്നീ ചിത്രങ്ങളിലേക്ക് വരാം. 2003 ഏപ്രിലിലെ ഒരു ദിവസം വൈകുന്നേരം. സംവിധായകൻ ഭദ്രെൻറയും രാജീവ് അഞ്ചലിെൻറയും അസിസ്റ്റൻറായിരുന്ന സുരേഷ് കണ്ണൻ എന്നെ വിളിക്കുന്നു. എന്നെ ഒന്നുരണ്ട് പ്രാവശ്യം കണ്ടിട്ടുള്ള പരിചയത്തിെൻറ പേരിലുള്ള വിളിയാണ്.
"ഡെന്നിച്ചായാ, ഒരുഗ്രൻ പ്രൊഡ്യൂസർ സെറ്റപ്പ് വന്നിട്ടുണ്ട്. ദുബായിൽ ബിസിനസുള്ള ഒരാളാണ് കക്ഷി. നാളെ ഉച്ച കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരുന്നുണ്ട്."
"നീ കഴിഞ്ഞപ്രാവശ്യം കൊണ്ടു വന്ന പ്രൊഡ്യൂസർമാരെ പോലെയാണോടാ ഇതും.''
പെട്ടെന്നുള്ള എെൻറ ചോദ്യം കേട്ട് സുരേഷിന് ചെറിയൊരു അസ്ക്യത തോന്നിയെങ്കിലും അതൊന്നും കണക്കിലെടുക്കാതെ അവൻ വർധിതവീര്യനായി പറഞ്ഞു:
"ഹേയ്... ഇത് വൻ സെറ്റപ്പ് പാർട്ടിയാണ്. ഞാൻ വരുമ്പോൾ എല്ലാ ഡീറ്റയിൽസും പറയാം.''
പിന്നെ ഞാൻ അവെൻറ പ്രതീക്ഷകളെ തളർത്താൻ പോയില്ല. കുറെ നാളുകൾക്ക് മുന്പ് സുരേഷ് കൊണ്ടുവന്ന നിർമാതാക്കളുടെ കാര്യമോർത്തപ്പോഴാണ് ഞാനങ്ങനെ പറഞ്ഞത്.
എറണാകുളത്തെ മയൂര പാർക്ക് ഹോട്ടലിലാണ് സുരേഷും നിർമാതാക്കളായ റഫീഖും മാധവനും കൂടി അന്ന് വന്ന് റൂമെടുത്തത്. ഒരാഴ്ച മുന്പ് നടൻ ജയസൂര്യയെ പോയി കണ്ടു കഥ കേൾപ്പിച്ച് ഡേറ്റ് ഓക്കെയാക്കിയാണ് വന്നിരിക്കുന്നതെന്നാണ് അവർ പറഞ്ഞത്. കഥ കേട്ടപ്പോൾ ജയസൂര്യക്ക് പറ്റിയ വേഷമാണെന്ന് തോന്നി. 'ഊമപ്പെണിന് ഉരിയാടാപ്പയ്യനി'ലൂടെ തിളങ്ങിയ ജയസൂര്യയുടെ കരിയർഗ്രാഫ് ഉയർന്നുവരുന്ന സമയമായതുകൊണ്ട് ജയനെ കിട്ടിയത് നന്നായെന്ന് ഞാൻ പറയുകയും ചെയ്തു. ജയസൂര്യയുടെ നായികയായി നവ്യാ നായരെ അഭിനയിപ്പിക്കണമെന്നാണ് സുരേഷ് കണ്ണെൻറ ആഗ്രഹം.
രണ്ട് ദിവസത്തെ ഡിസ്കഷന് ശേഷം എനിക്ക് അഡ്വാൻസ് തന്നിട്ട് സ്ക്രിപ്റ്റ് എഴുതുവാനുള്ള മുറിയും ഏർപ്പാടാക്കി നിർമാതാക്കൾ നാട്ടിലേക്ക് മടങ്ങി. സുരേഷിന് മറ്റാരെയൊക്കെയോ കാണുവാനുള്ളതുകൊണ്ട് അവരോടൊപ്പം പോയില്ല.
റഫീഖിനെയും മാധവനെയും യാത്രയാക്കിയിട്ട് സുരേഷ് നേരെ എെൻറ മുറിയിലേക്കാണ് വന്നത്. സുരേഷ് ഒരു പേനയും പാഡും എടുത്ത് കൊണ്ടുവന്ന് ഓരോ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. സുരേഷ് ഇവിടെ ഇരുന്നാൽ എെൻറ എഴുത്ത് നടക്കില്ലെന്ന് തോന്നിയതുകൊണ്ട് ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞ് നാട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിൽ ചെന്നിട്ടും സുരേഷിന് ഇരിക്കപ്പൊറുതിയുണ്ടായില്ല. മരുന്ന് കഴിക്കുന്നതു പോലെ ദിവസത്തിൽ രണ്ട് നേരം വെച്ച് എന്നെ വിളിച്ചുകൊണ്ടിരിക്കും. ഞാൻ ഇനി വേറെ ഡിസ്കഷന് വേണ്ടി പോകുമോ എന്നുള്ള ഒരു സംശയം നേരത്തേ തന്നെ സുരേഷിെൻറ മനസ്സിൽ കയറിയിരുന്നു. സംവിധായകൻ ഹരികുമാർ ഒരു ദിവസം എന്നെ കാണാൻ വന്നതും പുതിയ സിനിമയുടെ ഡിസ്കഷന് വേണ്ടി രണ്ട് ദിവസം ഇരുന്നതുമൊക്കെ അറിയാമായിരുന്നതുകൊണ്ട് ഇനിയും ഹരികുമാർ വരുമോ എന്നുള്ള ടെൻഷൻ കൊണ്ടുള്ള അന്വേഷണമാണിതെന്ന് എനിക്ക് മനസ്സിലായി.
ഹരികുമാറിെൻറ പുതിയ സിനിമക്കു വേണ്ടി പോകാനുള്ളതുകൊണ്ട് ഒരാഴ്ചക്കുള്ളിൽ തന്നെ ഞാൻ സ്ക്രിപ്റ്റ് എഴുതി തീർത്തു. 'സ്ഫുടം' എന്ന് ചിത്രത്തിന് പേരുമിട്ടു. വൈകീട്ട് സുരേഷിനെ വിളിച്ച് നാളെ കഴിഞ്ഞ് ഇങ്ങോട്ട് വരാനും പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് സുരേഷും നിർമാ താക്കളും കൂടി എറണാകുളത്ത് എത്തിയിട്ട് എന്നെ വിളിച്ചു.
"ഞങ്ങൾ കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. ഈ വഴി തന്നെ ഞങ്ങൾ ജയസൂര്യയെ പോയി കണ്ട് അഡ്വാൻസും കൊടുത്ത് ഡേറ്റും ഓക്കെയാക്കിയിട്ട് മൂന്ന് മണിയോടെ അവിടെ എത്താം.''
സുരേഷാണ് വിളിച്ചു പറഞ്ഞത്. ഞാൻ ഉച്ചക്ക് വീട്ടിൽ പോയി ഊണ് കഴിക്കാനിരുന്നതാണ്. ഇനി പോയിട്ട് വരാൻ സമയമില്ല. ഞാൻ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച് ചെറുതായിട്ട് ഒന്നു മയങ്ങിക്കൊണ്ടിരിക്കുേമ്പാഴാണ് കാളിങ് ബെൽ ശബ്ദം കേട്ടത്. ഞാൻ എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നപ്പോൾ വെയിലുകൊണ്ട് വാടിയ മുഖവുമായി അവർ മുറിയിലേക്ക് കയറി. മൂവരുടെയും മുഖത്ത് വല്ലാത്ത മ്ലാനത നിഴൽവിരിച്ചിരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
"എന്തായി ജയസൂര്യയെ കാണാൻ പോയിട്ട്?"
"ജയസൂര്യയുടെ ഡേറ്റ് കിട്ടിയില്ല.'' അൽപം നിരാശയും ദേഷ്യവും കലർന്ന റഫീഖിെൻറ വാക്കുകൾ കേട്ടപ്പോൾ ഞാൻ കാരണം തിരക്കി.
സുരേഷാണ് ജയസൂര്യയുടെ ഡേറ്റ് കിട്ടാത്തതിെൻറ കാരണം വിശദീകരിച്ചത്. ആദ്യം എന്നെ കാണുവാൻ വരുന്നതിന് മുന്പ്് തന്നെ സുരേഷും നിർമാതാക്കളും കൂടി ജയസൂര്യയെ പോയി കണ്ട് കഥ കേൾപ്പിക്കുകയും ജയന് കഥ ഇഷ്ടപ്പെടുകയും രണ്ടാഴ്ച കഴിഞ്ഞ് വന്ന് അഡ്വാൻസ് കൊടുക്കാമെന്നും പറഞ്ഞ് പോയിട്ട് ഒന്നര മാസം കഴിഞ്ഞ് ചെന്ന് ഡേറ്റ് ചോദിച്ചതിലുള്ള പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
"നിങ്ങൾ പറഞ്ഞ സമയത്ത് കൊണ്ട് പോയി കൊടുക്കാതെ വല്ലപ്പോഴും അഡ്വാൻസുമായി ചെന്നാൽ എങ്ങനെയാണ് ഡേറ്റ് കിട്ടുന്നത്. ഒന്നര മാസമായിട്ട് നിങ്ങളെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സ്ഥിതിക്ക് ആ ഡേറ്റ് വേറെ ആർക്കെങ്കിലും കൊടുത്തത്തിൽ ജയനെ തെറ്റ് പറയാനാവില്ല. നിങ്ങൾ ഈ സിനിമ എടുത്തില്ലെങ്കിൽ ജയെൻറ കോൾ ഷീറ്റ് വെറുതെ പോവില്ലെ? ങാ...ഇനി അതൊന്നും നോക്കാതെ പിണക്കവും പരിഭവവുമൊക്കെ മാറ്റിവെച്ചു നാളെ തന്നെ ജയനെ പോയി കണ്ട് ഏറ്റവും അടുത്തൊരു ഡേറ്റ് തരാൻ പറയൂ.''
ഞാൻ ഒരു സമരസത്തിെൻറ വഴി തുറന്നപ്പോൾ മാധവൻ പറഞ്ഞു:
"ഇനി രണ്ട് മൂന്ന് പടം കഴിഞ്ഞിട്ടേ കോൾഷീറ്റ് തരാൻ പറ്റൂന്നാ ജയസൂര്യ പറയുന്നത്. അതും വിശ്വസിച്ച് പിന്നെ ചെല്ലുമ്പോൾ അപ്പോഴും ഇങ്ങനെ എന്തെങ്കിലും കാരണം നിരത്തിയാൽ നമ്മൾ എന്ത് ചെയ്യും? പിന്നേയും തെക്ക് വടക്ക് നടക്കണോ? പെട്ടെന്നുള്ള മാധവെൻറ ചോദ്യത്തിന് എനിക്കൊരു ഉത്തരമുണ്ടായില്ല. മാധവെൻറ തുടർന്നു ള്ള സംസാരത്തിൽ ജയസൂര്യയെ വെച്ചു പടം ചെയ്യാൻ താൽപര്യമില്ലെന്ന് എനിക്കു തോന്നി. ഞാൻ അതിെൻറ കാരണങ്ങൾ തേടി പോകാനും പോയില്ല.
ജയസൂര്യയെ കിട്ടാത്തതിൽ ഏറ്റവും വിഷമം സുരേഷ് കണ്ണനായിരുന്നു. ഇനി ആരെ വെച്ചു പടം എടുക്കും? വല്ലാത്ത ഒരു വാശിപോലെ അവർ പല യുവനായകന്മാരെയും തേടി പോയെങ്കിലും ഒന്നും ശരിയായി വന്നില്ല. അവസാനം എല്ലാവരും കൂടിയിരുന്ന് ആലോചിച്ച് തൽക്കാലത്തേക്ക് പടം നീട്ടി വെക്കാൻ തീരുമാനിച്ചു.
പിന്നെ ഒന്ന് രണ്ട് മാസത്തേക്ക് ആരുടേയും ഒരു വിവരവും വിളിയുമൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കുേമ്പാഴാണ് ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് ഒരു മുന്നറിയിപ്പുമില്ലാതെ സുരേഷ് കണ്ണൻ വീട്ടിൽ കയറി വരുന്നത്. ഒരു ആമുഖവുമില്ലാതെ വളരെ പ്രസന്നവദനനായിട്ടുള്ള ഒരു രംഗപ്രവേശം.
"ഡെന്നിച്ചായാ നമ്മുടെ 'സ്ഫുടം' വീണ്ടും സ്ഫുടം ചെയ്തെടുക്കുവാൻ പോകുന്നു. നല്ലൊരു നായകനെ നമുക്ക് കിട്ടിയിട്ടുണ്ട്. പേര് ഡിനു. നമ്മുടെ കഥാപാത്രത്തിനിണങ്ങുന്ന രൂപം. നല്ല ഉയരം. കാണാനും കൊള്ളാം. ഈയിടെ ഒരു ഫങ്ഷനിൽവെച്ചാണ് ഞാൻ ആളെ ആദ്യമായി കാണുന്നത്. ഇനി നവ്യാ നായരെക്കൂടി കിട്ടിയാൽ എപ്പോൾ വേണമെങ്കിലും നമ്മുടെ പടം തുടങ്ങാം.''
ഒറ്റശ്വാസത്തിൽ അവൻ പറയുന്നത് കേട്ടപ്പോൾ ശരിക്കും ശ്വാസം മുട്ടിയത് എനിക്കാണ്. എെൻറ മൂത്തമകൻ ഡിനുവിനെക്കുറിച്ചാണ് അവന് വളരെ നാടകീയമായി ഫലിതരൂപേണ എെൻറ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
"ഡിനുവിന് സിനിമയിൽ അഭിനയിക്കാൻ താൽപര്യമൊക്കെയുണ്ട്. മെയിൻ സ്ട്രീമിലുള്ള നല്ലൊരു സംവിധായകെൻറ ചിത്രത്തിൽ നായകനാകണമെന്നുള്ള മോഹവുമായി നടക്കുകയാണവൻ. അതുകൊണ്ട് ഈ പടത്തിലേക്ക് വരുമെന്നു തോന്നുന്നില്ല."
ഞാൻ പറഞ്ഞത് കേട്ടപ്പോൾ സുരേഷിെൻറ മുഖത്തെ ഊർജം പെട്ടെന്ന് തന്നെ ചോർന്നു പോയി.
"ഡെന്നിച്ചായൻ അങ്ങനെ പറയരുത്. ഇപ്പോൾ ഈ സിനിമ നടന്നില്ലെങ്കിൽ പിന്നെ ഇത് നടക്കില്ല. എെൻറ അവസ്ഥയൊക്കെ ഞാൻ തുറന്ന് പറഞ്ഞിട്ടുള്ളതല്ലേ? ഡെന്നിച്ചായൻ എങ്ങനെയെങ്കിലും ഡിനുവിനെ പറഞ്ഞ് സമ്മതിപ്പിക്കണം.''
സുരേഷിെൻറ ജീവിതാവസ്ഥയും ബുദ്ധിമുട്ടുകളുമൊക്കെ നന്നായിട്ടറിയാവുന്നതുകൊണ്ട് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ അപ്പോൾ തന്നെ ഡിനുവിനെ വിളിച്ചുവരുത്തി സുരേഷിെൻറ മുന്നിൽ വെച്ചു തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ഡിനു സുരേഷിനെ നോക്കി. സുരേഷിെൻറ ദീനമായ മുഖം കണ്ടപ്പോൾ ഡിനു മൗനം സമ്മതംപോലെ തലയനക്കി. ഇനി അടുത്തതായി കാണേണ്ടത് നവ്യാ നായരെയാണ്. നവ്യയെ കാണാൻ പോകുമ്പോൾ ആ കുട്ടിയുമായി അടുപ്പമുള്ള ആരെയെങ്കിലും കൂട്ടി പോകുന്നതാണ് നല്ലത്. അതിന് പറ്റിയ ഒരാളെയും ഞാൻ പറഞ്ഞു കൊടുത്തു. മേക്കപ്പ് മാൻ പട്ടണം റഷീദ്. ഞാൻ അപ്പോൾ തന്നെ പട്ടണത്തെ വിളിച്ച് ഏർപ്പാടാക്കി കൊടുക്കുകയും ചെയ്തു.
അടുത്ത ദിവസം തന്നെ പട്ടണം റഷീദുമായി ഹരിപ്പാട് നവ്യാനായരുടെ വീട്ടിൽചെന്ന് സുരേഷ് കഥ പറഞ്ഞു കേൾപ്പിച്ചു. നവ്യക്ക് കഥ വളരെ ഇഷ്ടമായി. ആ കുട്ടിയുടെ ഫീച്ചേഴ്സിന് പറ്റിയ വളരെ സ്വാഭാവികതയുള്ള ഒരു കഥാപാത്രമാണ്. പട്ടണത്തിെൻറ താൽപര്യ പ്രകാരം ഒരാഴ്ച കഴിഞ്ഞ് നവ്യയെയും ഡിനുവിനെയും വെച്ച് ഒരു ഫോട്ടോ സെഷനും നടത്തുകയുണ്ടായി. എല്ലാ സിനിമാക്കാരെയും അഭ്യുദയകാംക്ഷികളെയും വിളിച്ച് വിപുലമായ രീതിയിൽ 'സ്ഫുട'ത്തിെൻറ പൂജ എറണാകുളത്ത് വെച്ച് നടത്താനും തീരുമാനിച്ച് അവർ അന്ന് തന്നെ നാട്ടിലേക്ക് പോയി.
ഒരാഴ്ച കഴിഞ്ഞിട്ടും ആരുടേയും ഒരു വിവരവുമില്ല. ഞാൻ സുരേഷിനെ ഫോണിൽ വിളിച്ചു. ഫോണെടുക്കുന്നില്ല. അടുത്തത് റഫീഖിനെയാണ് വിളിച്ചത്. അതിനും പ്രതികരണമുണ്ടായില്ല. ഇവർക്ക് എന്തു പറ്റി. മനസ്സിൽ പല സംശയങ്ങളും നിഴൽ വിരിക്കുവാൻ തുടങ്ങി.
ഞാൻ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. പാർട്ട്ണേഴ്സിൽ ഒരാൾക്ക് പെട്ടെന്നൊരു സാമ്പത്തിക തകർച്ചയുണ്ടായിരിക്കുന്നതുകൊണ്ട് പടം നടക്കില്ല. ആകെ തകർന്നു പോയത് സുരേഷ് കണ്ണനാണ്. പാവം ഈ സിനിമക്ക് വേണ്ടി ഒത്തിരി ഓടിയതാണവൻ.
ആ സുരേഷ് കണ്ണനാണ് കുറെ ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ എന്നെ വിളിച്ച് ദുബായിലുള്ള ഉഗ്രൻ സെറ്റപ്പ് പാർട്ടി വന്നിരിക്കുന്നതെന്ന് പറയുന്നത്. സുരേഷിെൻറ മാനസികാവസ്ഥ നന്നായിട്ടറിയാവുന്നതുകൊണ്ടാണ് ഞാൻ അവനോട് വരാന് പറഞ്ഞത്.
അങ്ങനെ പറഞ്ഞത് പോലെ തന്നെ പിറ്റേന്ന് രാവിലെ പത്തുമണിയോടെ സുരേഷ് കണ്ണൻ ഹൈവേ ഗാർഡനിലെ എെൻറ മുറിയിലെത്തി. 'സ്ഫുടം' നടക്കാതെ പോയതിെൻറ പാഠം ഉൾക്കൊണ്ടു വേണം ദുബായിക്കാരെൻറ സിനിമ ചെയ്യാനിറങ്ങാനെന്ന് ഞാൻ വളരെ കർശനമായി തന്നെ താക്കീത് നൽകിയിരുന്നതുകൊണ്ട് സുരേഷ് വന്നപാടെ തന്നെ നിർമാതാവിനെക്കുറിച്ചുള്ള ഏകദേശമൊരു ചിത്രം വരച്ചിട്ടു.
"പ്രൊഡ്യൂസറുടെ പേര് ബാലു. ദുബായിൽ ബിസിനസ് ചെയ്യുന്നു. എെൻറ അടുത്ത സുഹൃത്താണ് ബാലു സാറിനെ എനിക്കു കണക്ട് ചെയ്തു തന്നത്. അവർ റിലേറ്റീവ്സുമാണ്. ബാലു സാറിെൻറ കൈയിൽ ഒരു സിനിമ പിടിക്കാനുള്ള പൈസയൊക്കെ ഉണ്ടെന്നും ആൾ വളരെ ജെനുവിനാണെന്നുമൊക്കെ പറഞ്ഞ് ഗുഡ് സർട്ടിഫിക്കറ്റ് തന്നത്. ഈ റിലേറ്റീവാണ് സ്ഫുടം മുടങ്ങി പോയതിെൻറ നിരാശയിൽ നടന്നിരുന്ന എന്നോടുള്ള സിംപതിയിൽനിന്നാണ് ഈ പ്രോജക്ട് തരപ്പെടുത്തിത്തിന്നത്. അത് മാത്രമല്ല ബാലു സാർ ഡെന്നിച്ചായെൻറ നാട്ടുകാരനും കൂടിയാണ്. കലൂരാണ് അദ്ദേഹം താമസിക്കുന്നത്.''
ഒരു കമൻററി പറയുന്നതുപോലെ ഒരേ ശീലിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ ദുബായിൽ ബിസിനസുള്ള ബാലു ആരാണെന്ന ചിന്തയിലായിരുന്നു ഞാൻ. ഇങ്ങനെ ഒരാളെ പരിചയമുള്ളതായി എെൻറ ഓർമയുടെ പരിസരത്ത് പോലും വന്നില്ല. ഏതായാലും ബാലുവിെൻറ രേഖാചിത്രം മോശമാവാൻ വഴിയില്ല എന്നെനിക്ക് തോന്നി.
"ഏതായാലും നിെൻറ ഭാഗ്യം തെളിഞ്ഞെന്നാണ് തോന്നുന്നത്. രണ്ടു പ്രാവശ്യം മുടങ്ങിയ സ്ഫുടത്തിന് മൂന്നാം ജന്മം ഉണ്ടാകുവാൻ പോകുന്നു. പിന്നെ സ്ഫുടത്തിെൻറ സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കഴിഞ്ഞത് കൊണ്ട് എനിക്ക് ഫ്രീയായിട്ട് നടക്കാം.''
ഞാൻ സ്വയം ആശ്വാസം കൊള്ളുന്നത് കണ്ടപ്പോൾ സുരേഷ് പറഞ്ഞു:
"സ്ഫുടമല്ല ബാലു സാറിന് വേണ്ടത്. പുള്ളിയുടെ കൈയിൽ ഒരു കഥയുണ്ട്. അത് സിനിമയാക്കണമെന്നാണ് പറയുന്നത്.''
"കക്ഷി കഥയും എഴുതുമോ? എങ്ങനെയുണ്ട് കഥ?"
"കുഴപ്പമില്ല. പക്ഷേ ഭിക്ഷക്കാരുടെ കഥയാണ്."
"ഭിക്ഷക്കാരുടെ കഥയോ?" ഞാൻ അത്ഭുതം കൂറി.
"ബാലു സാറിെൻറ ഒരു അനുഭവ കഥയാണ്. ഭിക്ഷക്കാരുടെ ജീവിതം പറയുന്ന ഒരു റിയൽ സ്റ്റോറിയാണെന്നാണ് അദ്ദേഹം പറയുന്നത്."
"ഇയാൾ സിനിമയെടുത്ത് മനഃപൂർവം പൈസ കളയണമെന്നും പറഞ്ഞിറങ്ങിറങ്ങിയിരിക്കുകയാണോ? വളരെ വർഷങ്ങൾക്ക് മുന്പ് പ്രഗല്ഭ സംവിധായകനായ രാമു കാര്യാട്ട് ഭിക്ഷക്കാരുടെ കഥ പറയുന്ന 'ഏഴുരാത്രികൾ' എടുത്തിട്ട് നല്ല പാട്ടുകൾ ഉണ്ടായിട്ടുകൂടി എട്ട് നിലയിൽ പൊട്ടിയതാ. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള സിനിമകൾ ആരെങ്കിലും എടുക്കുമോടാ... ങാ... ബാലു എന്നെ വിളിക്കുമ്പോൾ കഥ വേറെ നോക്കാമെന്ന് ഞാൻ പറയാം.''
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ സുരേഷിെൻറ മുഖം പെട്ടെന്ന് മങ്ങി.
"ഇപ്പോൾ കഥയുടെ കാര്യമൊന്നും പറയാൻ നിൽക്കണ്ട ഡെന്നിച്ചായാ...എനിക്ക് താമസിക്കാനും ഡിസ്കഷനും വേണ്ടി കാക്കനാട്ടിൽ ഒരു ഫ്ലാറ്റ് വരെ പറഞ്ഞു വെച്ചിരിക്കുകയാണ്. ഡെന്നിച്ചായനുള്ള അഡ്വാൻസ് തരാനും ഏർപ്പാടാക്കിയിട്ടുണ്ട്. ബാലു സാർ വന്നിട്ട് കഥയുടെ കാര്യം നമുക്ക് പതുക്കെ അവതരിപ്പിക്കാം.
ഞാൻ ബാലുവിനോട് കഥ മാറ്റണമെന്ന് പറഞ്ഞാൽ ഈ സിനിമ വേണ്ടെന്ന് വെച്ചാലോ എന്ന ഭയമായിരുന്നു സുരേഷിന്. അതുകൊണ്ട് ബാലു എന്നെ വിളിച്ച് സംസാരിച്ചപ്പോൾ ഞാൻ കഥയെക്കുറിച്ച് ചെറുതായിട്ടൊന്ന് സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അതിന് ബാലു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
"ഡെന്നിസ് സാർ നൂറിൽപരം സിനിമകൾക്ക് തിരക്കഥ എഴുതിയ ആളല്ലെ? എെൻറ അനുഭവകഥക്ക് ഡെന്നിസ് സാർ വിചാരിച്ചാൽ നല്ലൊരു തിരക്കഥ ഉണ്ടാക്കുവാൻ പറ്റും.''
ഇങ്ങനെ പറയുന്ന ആളോട് ഞാൻ എന്താണ് പറയുക? ഞാൻ ചെകുത്താനും കടലിനുമിടയിൽപെട്ട അവസ്ഥയിലായി. കഥയിൽ കാതലായ മാറ്റം എന്തെങ്കിലും വരുത്താൻ പറ്റുമോയെന്ന് ഞാൻ ഒത്തിരി ഇരുന്ന് ആലോചിച്ചെങ്കിലും പിച്ചക്കാരുടെ വേരുകൾ പറിച്ചു മാറ്റുന്നത് ബാലു വന്നിട്ട് ഒരു തീരുമാനത്തിലെത്തിയിട്ടാകാമെന്ന് കരുതി സീൻ ഓർഡർ എഴുതുന്ന ബുക്ക് അടച്ചു പൂട്ടി ഒന്നും എഴുതാതെ ഒരാഴ്ചയോളം ഇരുന്നു.
ബാലു ദുബായിൽനിന്നു വന്ന അന്ന് തന്നെ കാക്കനാട്ടെ ഫ്ലാറ്റിൽ വന്നു. ഞങ്ങൾ ഡിസ്കഷനിലേക്ക് കടന്നപ്പോൾ ബാലു വളരെ മിതത്വത്തോടെയാണ് തെൻറ കഥയുടെ ആധികാരികതയിലേക്ക് കടന്നത്. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ യാചകരുടെ കഥയുടെ പോരായ്മകളെക്കുറിച്ചും കച്ചവടമാന്ദ്യത്തെക്കുറിച്ചും, പ്രേക്ഷകരുടെ മാറ്റത്തെക്കുറിച്ചുമൊക്കെ വിശദമായ ഒരു സ്റ്റഡിക്ലാസ്തന്നെ നടത്തിനോക്കിയെങ്കിലും ബാലു തെൻറ സബ്ജക്ടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ഞങ്ങൾ പറയാവുന്നതിലപ്പുറം പറഞ്ഞു നോക്കിയെങ്കിലും ബാലുവിന് ഒരു മാറ്റവുമില്ലെന്ന് ബോധ്യമായപ്പോൾ ആ ചാപ്റ്റർ അവിടെ വെച്ചു ഞാൻ ക്ലോസ് ചെയ്യുകയായിരുന്നു. പിന്നെ ഞാൻ സമയം കളഞ്ഞില്ല. രണ്ടാഴ്ചകൊണ്ട് ഞാൻ തിരക്കഥ തീർത്തു കൊടുത്തു. ചിത്രത്തിന് 'ഒറ്റനാണയം' എന്ന് പേരുമിട്ടു.
പിന്നെ എല്ലാ കാര്യങ്ങളും പെട്ടെന്നാണ് നീങ്ങിയത്. ജയസൂര്യയും പ്രിയാമണിയുമായിരുന്നു നായികാനായകന്മാരായി ബാലു മനസ്സിൽ തീരുമാനിച്ചിരുന്നത്. ജയസൂര്യയുടെ ഡേറ്റ് ആരോ വാങ്ങി കൊടുക്കാമെന്ന് ബാലുവിനോട് പറഞ്ഞതുകൊണ്ട് മറ്റുള്ള ആർട്ടിസ്റ്റുകളെയൊക്കെ ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തു.
ഒരാഴ്ച കഴിഞ്ഞാണ് ജയസൂര്യയുടെ ഡേറ്റ് കിട്ടാനില്ലെന്നറിഞ്ഞത്. ഉടനെ തന്നെ മറ്റു നായകന്മാരെ തേടി പോയെങ്കിലും വികലാംഗനായ നായകെൻറ വേഷം ചെയ്യാന് ആരും തയാറായില്ല. ലക്ഷങ്ങൾ ഇതിനകം മുടക്കിക്കഴിഞ്ഞു പറഞ്ഞ സമയത്ത് ഷൂട്ടിങ് തുടങ്ങിയില്ലെങ്കിൽ എല്ലാവരുടെയും ഡേറ്റും പോകും പണവും നഷ്ടമാകും. ഉടനെതന്നെ എല്ലാവരുംകൂടി എെൻറ മകന് ഡിനുവിെൻറ അടുത്തേക്കാണ് വന്നത്. വികലാംഗനായ ഭിക്ഷക്കാരെൻറവേഷം ഡിനുവും ചെയ്യില്ലെന്ന് തീർത്തുപറഞ്ഞു. അവസാനം ബാലുവിെൻറയും സുരേഷ് കണ്ണെൻറയും പരിദേവനങ്ങൾ കേട്ടപ്പോൾ ഞാൻ ഡിനുവിനെ വല്ലാതെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു.
കളമശ്ശേരിയിൽ യാചക കോളനി സെറ്റിട്ടാണ് ഷൂട്ടിങ് നടത്തിയത്. പടം റിലീസായപ്പോൾ ഞാൻ പറഞ്ഞതുപോലെ തന്നെ വന്നു ഭവിച്ചു. പടം ദയനീയമായി പരാജയപ്പെട്ടു. ബാലു അതുകൊണ്ടൊന്നും തളർന്നില്ല. ബാലു തെൻറ അനുഭവകഥ തിരശ്ശീലയിൽ കാണാൻ കഴിഞ്ഞതിലുള്ള ആത്മനിർവൃതിയിലായിരുന്നു. ഇങ്ങനെ ഒരു പടത്തിൽ അഭിനയിക്കാൻ പോയിട്ട് ചീത്തപ്പേര് ഉണ്ടായതിൽ മകൻ എന്നെ വല്ലാതെ കുറ്റപ്പെടുത്തുകയും ചെയ്തു..
ഈ സമയത്ത് തന്നെ ഡിനുവിന് 'എന്നിട്ടും' എന്നൊരു സിനിമ കൂടി ഉണ്ടായിരുന്നു. ഭദ്രെൻറ അസോസിയേറ്റായ രഞ്ജിത് ലാലായിരുന്നു സംവിധായകൻ. ഡോ. രാജേന്ദ്ര ബാബുവിേൻറതായിരുന്നു സ്ക്രിപ്റ്റ്. കനികയായിരുന്നു നായിക. ജാസി ഗിഫ്റ്റിെൻറ മനോഹരമായ നാലു പാട്ടുകൾകൊണ്ട് സമ്പന്നമായ 'എന്നിട്ടും' കൂടി പരാജയമായപ്പോൾ ഡിനുവിെൻറ അഭിനയ സാധ്യതക്കാണ് നഷ്ടമുണ്ടായത്.