അടിമുടി പൊളിറ്റിക്കൽ
ഡിസംബർ 25ന് വിടവാങ്ങിയ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും കാർട്ടൂണിസ്റ്റുമായ കെ.പി. ശശിയെ അനുസ്മരിക്കുന്നു. നിരാശനാകാതെ ഫാഷിസത്തിനെതിരായ പ്രതിരോധം കെട്ടിപ്പടുക്കുന്നതില്‍ അടിമുടി പൊളിറ്റിക്കലായ കെ.പി. ശശി മുന്നിൽനിന്നുവെന്ന് സുഹൃത്തുകൂടിയായ ലേഖകൻ എഴുതുന്നു.അടിമുടി പൊളിറ്റിക്കലായ ഒരു മനുഷ്യന്. അതായിരുന്നു കെ.പി. ശശി. ആ പൊളിറ്റിക്സാകട്ടെ എന്നും അധികാരത്തിന് എതിര്‍വശത്തും. വൈലോപ്പിള്ളി പറഞ്ഞപോലെ ആരു ഭരിച്ചാലും സൗവർണ...
Your Subscription Supports Independent Journalism
View Plansഡിസംബർ 25ന് വിടവാങ്ങിയ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും കാർട്ടൂണിസ്റ്റുമായ കെ.പി. ശശിയെ അനുസ്മരിക്കുന്നു. നിരാശനാകാതെ ഫാഷിസത്തിനെതിരായ പ്രതിരോധം കെട്ടിപ്പടുക്കുന്നതില്‍ അടിമുടി പൊളിറ്റിക്കലായ കെ.പി. ശശി മുന്നിൽനിന്നുവെന്ന് സുഹൃത്തുകൂടിയായ ലേഖകൻ എഴുതുന്നു.
അടിമുടി പൊളിറ്റിക്കലായ ഒരു മനുഷ്യന്. അതായിരുന്നു കെ.പി. ശശി. ആ പൊളിറ്റിക്സാകട്ടെ എന്നും അധികാരത്തിന് എതിര്‍വശത്തും. വൈലോപ്പിള്ളി പറഞ്ഞപോലെ ആരു ഭരിച്ചാലും സൗവർണ പ്രതിപക്ഷം. മുപ്പതോളം ഡോക്യുമെന്ററികള്‍ സംവിധാനംചെയ്ത ശശി കാര്‍ട്ടൂണിസ്റ്റായിരുന്നു, ഗായകനായിരുന്നു, എഴുത്തുകാരനായിരുന്നു, മാധ്യമപ്രവര്‍ത്തകനായിരുന്നു... ഇതെല്ലാമായിരുന്നപ്പോഴും ഒന്നാമതായി താനൊരു ആക്ടിവിസ്റ്റാണെന്നായിരുന്നു ശശി സ്വയം വിശേഷിപ്പിക്കാറുള്ളത്. ബാക്കിയെല്ലാം തന്റെ പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്റെ ഭാഗം മാത്രം. ആ ആക്ടിവിസമാകട്ടെ പാര്‍ശ്വവത്കരിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്കുള്ള ഊർജവും.
പിതാവിന്റെ പേരില്‍ അറിയപ്പെടാനോ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നേടാനോ ഒരിക്കലും ശ്രമിക്കാത്ത ഒരാളായിരുന്നു ശശി. എന്നാല്‍, ശശിയെ സ്മരിക്കുമ്പോള്‍ ആ പിതാവിനെ ഓർമിക്കാതിരിക്കാന്‍ കഴിയില്ല. ഒരേസമയം രാഷ്ട്രീയ പ്രവര്‍ത്തകനും ഐക്യകേരളം കണ്ട വിരലിലെണ്ണാവുന്ന ജൈവ ബുദ്ധിജീവികളില്‍ ഒന്നാമനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരന്‍. ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോയി, 18 വയസ്സാവാത്തതിനാല്‍ നിരാശനായി മടങ്ങിയ കൗമാരക്കാരന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആദ്യ അംഗമായ മലയാളി. ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ ആദ്യമായി തർജമ ചെയ്തു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കു മുന്നെ ‘പാട്ടബാക്കി’ എന്ന നാടകം. പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്ത്തകനായിരിക്കുമ്പോള്തന്നെ മനുഷ്യന്, ഭാരതീയ ചിന്ത, ഇന്ത്യന്‍ ഫിലോസഫി തുടങ്ങി നാൽപതില്പരം കനപ്പെട്ട ഗ്രന്ഥങ്ങള്‍. കേരള മാർക്സ് എന്ന അപരനാമം. ഇതൊക്കെയാണെങ്കിലും പാര്‍ട്ടിക്കകത്ത് അദ്ദേഹം നടത്തിയ കുതറലുകളായിരുന്നു ഏറെ പ്രസക്തം. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ജനാധിപത്യത്തിനു സ്ഥാനമില്ലെന്ന് അന്നേ അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍, അന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടി വിടുക ചിന്തിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അതിനാല്‍ തന്നെ എന്നും പാര്‍ട്ടിക്കുള്ളിലെ കലഹക്കാരനായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതൃത്വമാകട്ടെ എന്തിനെയാണ് അദ്ദേഹം എതിര്‍ക്കുന്നത്, അവ ജനങ്ങളുടെ മുന്നില്‍ ന്യായീകരിക്കാന്‍ ദാമോദരനെതന്നെ ഏൽപിക്കുമായിരുന്നു. വിമോചനസമരകാലത്ത് താന്‍ ശക്തമായി എതിര്‍ത്ത കൊല്ലം ചന്ദനത്തോപ്പിലെ വെടിവെപ്പിനെ ന്യായീകരിക്കാന്‍ തന്നെത്തന്നെ ഏൽപിച്ചതിനെ കുറിച്ച് താരിഖ് അലി നടത്തിയ പ്രശസ്തമായ ഇന്റർവ്യൂവില്‍ ദാമോദരന്‍ വിശദീകരിക്കുന്നുണ്ടല്ലോ. ചൈനയില്‍ പോയി ചൗ ഇന്‍ ലായെയും റഷ്യയില്‍ പോയി ക്രൂഷ്ചേവിനെയും വിമര്‍ശിക്കാനുള്ള ചങ്കൂറ്റവും ദാമോദരനുണ്ടായിരുന്നു. ഇതൊക്കെ മൂലമാകാം ഒരുതവണ രാജ്യസഭാംഗമാക്കി എന്നതൊഴികെ കാര്യമായ പദവികളൊന്നും പാര്‍ട്ടി അദ്ദേഹത്തിനു നല്‍കിയതുമില്ല.
ദാമോദരന്‍ പാര്‍ട്ടിക്കകത്തു നടത്തിയ കുതറലുകളുടെ തുടര്‍ച്ചയായിരുന്നു ശശി പിന്നീട് സമൂഹത്തില്‍ നടത്തിയത്. ജെ.എന്‍.യുവില്‍ പഠിക്കുമ്പോള്‍തന്നെ അവിടത്തെ ഇറാനിയന്‍ വിദ്യാർഥികള്‍ നേരിടുന്ന വിവേചനത്തിനെതിരെ പ്രതികരിച്ചു. പഠനം പൂര്‍ത്തിയാക്കാതെ മുംബൈയിലെത്തി ഫ്രീ പ്രസ് ജേണലില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. ആ ജോലി തുടര്‍ന്നെങ്കില്‍ ഒരുപക്ഷേ രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ പൊളിറ്റിക്കല്‍ കാര്ട്ടൂണിസ്റ്റാകുമായിരുന്നു. എന്നാല്‍, അങ്ങനെ ഒരിടത്തു കുത്തിയിരുന്നു ജോലിചെയ്യാന്‍ കഴിയുന്ന വ്യക്തിയായിരുന്നില്ല ശശി. മുംബൈയില്‍ ഡോക്യുമെന്ററി ഫിലിം മേക്കറും ആക്ടിവിസ്റ്റുമായ ആനന്ദ് പട്വർധന്റെ സിനിമകള്‍ കാണാനും അദ്ദേഹത്തെ പരിചയപ്പെടാനുമായത് തീര്‍ച്ചയായും വഴിത്തിരിവായി. സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിക്കാനായിട്ടായിരുന്നു അന്ന് പ്രധാനമായും ഡോക്യുമെന്ററികള്‍ നിർമിച്ചിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ജനകീയ പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെടുന്ന ഡോക്യുമെന്ററികള്ക്കായിരുന്നു പട്വർധനും കൂട്ടരും തുടക്കമിട്ടത്. അതില്‍നിന്നു പ്രചോദിതനായി ശശി ആദ്യം ചെയ്ത ഡോക്യുമെന്ററി ദൂരദര്‍ശനുവേണ്ടിയായിരുന്നു. അതാകട്ടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്. ഔദ്യോഗിക സംവിധാനത്തിനുവേണ്ടിയുള്ള ആദ്യത്തെയും അവസാനത്തേതുമായ ഫിലിമായിരുന്നു അത്.
പിന്നീടാണ് ശശിയുടെ ശരിക്കുള്ള ജീവിതയാത്ര ആരംഭിക്കുന്നത്. കാമറയുമായി രാജ്യത്തെ ജനകീയ സമരവേദികളിലെല്ലാം ശശി ഓടിയെത്തി. കേവലം സിനിമയെടുക്കാന്‍ മാത്രമായിരുന്നില്ല. അവരിലൊരാളായി, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്, ആ പോരാട്ടത്തിന്റെ സന്ദേശങ്ങള്‍ രാജ്യമെങ്ങും എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ശശിയുടേത്. അന്നാകട്ടെ സിനിമയെടുത്താല്‍ അത് എളുപ്പത്തില്‍ ജനങ്ങളിലെത്തുകയില്ല. പ്രൊജക്ടറും സ്ക്രീനുമായി, അല്ലെങ്കില്‍ കാസറ്റും വി.സി.ആറും ടി.വിയുമായി അവര്‍ രാജ്യമാകെ യാത്രചെയ്തു. സിനിമകള്‍ ജനങ്ങളെ കാണിച്ചു. അവയിലുന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. സിനിമക്കാരനെന്നതിലുപരി തികഞ്ഞ ഒരു ആക്ടിവിസ്റ്റായി ശശി മാറുകയായിരുന്നു. കൂടെ സമാനമായി ചിന്തിക്കുന്ന നിരവധി പേരും. കേരളത്തില്‍നിന്നുതന്നെ അന്തരിച്ച ശരത് ചന്ദ്രനും സതീഷും. പിന്നെ ബാബുരാജ്, സന്തോഷ്, മുസ്തഫ തുടങ്ങി നിരവധിപേര്‍ വേറെയും. അതുപോലെ മിക്ക സംസ്ഥാനങ്ങളിലും ശശിക്ക് സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അവരെല്ലാം ഒറ്റക്കും സിനിമകള്‍ നിർമിച്ചു. കൂട്ടായും നിർമിച്ചു. കൂട്ടായി ജനങ്ങളിലെത്തിച്ചു.
ആദ്യകാലത്തെ ശശിയുടെ ശ്രദ്ധേയമായ ഫിലിം നർമദ പോരാട്ടത്തെ പ്രമേയമാക്കിയ ‘എ വാലി റഫ്യൂസസ് ടു ഡൈ’ ആയിരുന്നു. നർമദയിലെ പോരാളികള്‍ക്കൊപ്പം താമസിച്ച് അവരിലൊരാളായി തന്നെയാണ് ശശി ആ സിനിമ നിർമിച്ചത്. രാജ്യമെങ്ങും യാത്രചെയ്ത് ആ സിനിമ പ്രദര്‍ശിപ്പിച്ചു. രാജ്യത്തിന്റെ പല ഭാഗത്തുനിന്നു മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തുനിന്നുപോലും നിരവധിപേര്‍ നർമദാ തീരത്തെത്താനും അവരില്‍ പലരും സമരത്തിന്റെ ഭാഗമാകാനും ഈ സിനിമ കാരണമായി. ശശിയുടെ മരണശേഷം മേധാപട്കര്‍ തന്നെ ഇക്കാര്യം അനുസ്മരിക്കുന്നു. പ്ലാച്ചിമട സമരത്തെ കുറിച്ച് പിന്നീട് ശരത് ചന്ദ്രന് ചെയ്ത ഡോക്യുമെന്ററിയെ പോലെതന്നെ. അങ്ങനെയാണ് ഡോക്യുമെന്ററികള്‍ ജനകീയശബ്ദമാകുന്നത്.
പ്രധാനമായും മൂന്നു വിഷയങ്ങളുമായി ബന്ധപ്പെട്ട സിനിമകളാണ് ശശി നിർമിച്ചതെന്നു കാണാം. ലിംഗനീതി, വികസനവും പരിസ്ഥിതിയും, സംഘ്പരിവാര്‍ ഭീകരത എന്നിവയാണ് അവ. വിഷയമെന്തായാലും കൃത്യമായും പാര്‍ശ്വവത്കൃതരുടെ പക്ഷം എന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഡോക്യുമെന്ററികളുടെ തമ്പുരാനെന്നു ശശിയെ വിളിക്കാമെങ്കിലും ചില ഫീച്ചര്‍ ഫിലിമുകളും മ്യൂസിക് ആല്‍ബങ്ങളും ശശി ചെയ്തിട്ടുണ്ട്. അപ്പോഴും അവയും പാര്‍ശ്വവത്കൃതരുടെ പ്രശ്നങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഏറ്റവും പ്രശസ്തം ശശിക്ക് പുരസ്കാരം നേടിക്കൊടുത്ത ‘ഇലയും മുള്ളും’ എന്ന ആദ്യകാല സിനിമതന്നെ. മുകളില്‍ സൂചിപ്പിച്ച ലിംഗനീതി എന്ന വിഭാഗത്തില്‍പെടുത്താവുന്ന ഒന്നാണത്. പ്രബുദ്ധമെന്ന് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന അതിരൂക്ഷമായ വിവേചനമാണ് ഈ ഫിലിമിന്റെ പ്രമേയം. ഫീച്ചര്‍ ഫിലിമാണെങ്കിലും ഈ സിനിമയും ശശിയും കൂട്ടരും നിരന്തരമായ യാത്രചെയ്ത് ജനങ്ങളിലെത്തിച്ചു. സത്യത്തില്‍ ഈ സിനിമയുടെയും അകക്കാമ്പിന് ഡോക്യുമെന്ററി സ്വഭാവം ഉണ്ടായിരുന്നു. ‘Ek Chingari ki Khoj Mein’ എന്ന 1997ലെ ഫിലിം സ്ത്രീധന സമ്പ്രദായത്തിനെതിരായ ഒന്നാണ്. വ്യവസ്ഥിതിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സ്ത്രീയിലൂടെയും അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സ്ത്രീയിലൂടെയുമാണ് ഈ വിഷയം ശശി ചിത്രീകരിച്ചത്. ആഗോളതലത്തിലെ സ്ത്രീകളുടെ നെറ്റ് വര്‍ക്ക് നൊേബല്‍ സമ്മാനത്തിനു നിർദേശിച്ച 1000 സ്ത്രീകളില്‍, ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങള്‍ക്കൊപ്പം പോരാടുന്ന ചില സ്ത്രീകളെ പരിചയപ്പെടുത്തുന്ന ‘Redefining Peace- Women Lead the Way’ പോലുള്ള സിനിമകളും ലിംഗനീതി എന്ന വിഭാഗത്തില്‍പെടുത്താവുന്നതാണ്.
ഏറെക്കാലം ജനവിരുദ്ധവും പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ വികസനനയങ്ങളായിരുന്നു ശശിയുടെ ഡോക്യുമെന്ററികളുടെ പ്രധാന പ്രമേയം. ‘A valley refuses to die’യെ കൂടാതെ ‘Indian Rare Earths Ltd’മായി ബന്ധപ്പെട്ട് ആണവോർജത്തിന്റെ ആഘാതങ്ങളെ പ്രമേയമാക്കിയ‘ Living in Fear’, കൊക്കിനെയും പെലിക്കന്‍ പക്ഷികളെയും മറ്റും പരമ്പരാഗതമായി സംരക്ഷിക്കുന്ന, കർണാടകയിലെ കൊക്രെബെല്ലൂര്‍ ഗ്രാമവാസികളെ കുറിച്ചുള്ള ‘The Wings of Kokkrebellur’, ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരകളുടെ ശബ്ദങ്ങള്‍ ചിത്രീകരിച്ച ‘Voices from a Disaster’, ബോക്സൈറ്റ് ഖനനത്തിന്റെ ഇരകളായ കാശിപൂരിലെ ആദിവാസികളുടെ ദുരന്തങ്ങളും പോരാട്ടവും ചിത്രീകരിച്ച ‘Development at Gunpoint’, കുടിവെള്ളത്തിന്റെ സ്വകാര്യവത്കരണത്തെ പ്രമേയമാക്കിയ ‘The Source of Life for Sale’, പേരില്‍ നിന്നുതന്നെ പ്രമേയം വ്യക്തമാകുന്ന ‘The Time After Tsunami’, സൂനാമി ഇരകളുടെ തീരാത്ത ദുരിതങ്ങള്‍ ചിത്രീകരിക്കുന്ന ‘If It Rains Again’, ‘Tsunami Rehabilitation: An Unfinished Business’, തീരവും തീരത്തിന്റെ യഥാർഥ അവകാശികളായ മത്സ്യത്തൊഴിലാളികളും നേരിടുന്ന അവസാനിക്കാത്ത ദുരന്തങ്ങളുടെ നേര്‍സാക്ഷ്യം ‘Resisting Coastal Invasion’, കാലാവസ്ഥാ വ്യതിയാനം തീരത്തും തീരവാസികളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ‘A Climate Call from the Coast’, മത്സ്യത്തൊഴിലാളികളുടെ തന്നെ പോരാട്ടങ്ങളെ പ്രമേയമാക്കിയ ‘We Who Make History And the Angry Arabian Sea’, കെമിക്കല്‍ ഫാക്ടറി സൃഷ്ടിക്കുന്ന പരിസ്ഥിതിനാശത്തിനെതിരെ പോരാടുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ കഥ പറയുന്ന നിശ്ശബ്ദ ചിത്രം ‘Shh…Silence Please’ തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍ വരും.
വിശാലമായ അർഥത്തില്‍ വികസനത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തന്നെ പറയാവുന്ന വേറെയും ഡോക്യുമെന്ററികള്‍ ശശി ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഇറാൻ അധിനിവേശകാലത്ത് ചെയ്ത ‘America America’, രാജ്യമെമ്പാടും നടപ്പാക്കുന്ന വികസന നയങ്ങള്‍ ആദിവാസികളടക്കമുള്ള തദ്ദേശീയ ജനവിഭാഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പ്രമേയമാക്കിയ ‘Gaon Chhodab Nahin’ എന്നീ മ്യൂസിക് ആല്‍ബങ്ങള്‍ ഏറെ ആഘോഷിക്കപ്പെട്ടവയാണ്. നിരോധിക്കപ്പെട്ട മരുന്നുകളടക്കം വ്യാപകമായി വില്‍ക്കുന്ന മരുന്നു വ്യവസായത്തിന്റെ പ്രത്യാഘാതങ്ങള്‍ തുറന്നുകാട്ടുന്ന ‘In the Name of Medicine’, എയ്ഡ്സ് ബാധിതര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച ‘Ek Alag Mausam’, ആഗോളീകരണ നയങ്ങള്‍ എങ്ങനെയാണ് ഇന്ത്യയിലെ തേയില മേഖലയെയും തൊഴിലാളികളെയും ബാധിച്ചതെന്നു വ്യക്തമാക്കുന്ന ‘Like Leaves in a Storm’ എന്നിവയൊക്കെ ഈ വിഭാഗത്തില്‍തന്നെ വരും. ആധുനികകാല ജീവിതത്തിന്റെ പുതിയ തലങ്ങള്‍ ചിത്രീകരിക്കുന്ന ശശിയുടെ ലഘുചിത്രം ‘Appukkuttan in Time Runs’ ദൂരദര്ശന് 35 തവണയാണ് സംപ്രേഷണം ചെയ്തത്.
ദാമോദരന്റെ മകനെന്ന പ്രിവിലേജ് ഒരിടത്തും ശശി ഉപയോഗിക്കാറില്ല എന്നു പറഞ്ഞല്ലോ. എന്നാല്‍, കഴിഞ്ഞ വര്‍ഷം അതിനും ശശി തയാറായി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തോട് സി.പി.ഐയുടെ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശശിയടക്കം സി.പി.ഐയുടെ ഒട്ടും കറപുരളാത്ത ജീവിതം നയിച്ച നേതാക്കളുടെ മക്കള്‍ കാനം രാജേന്ദ്രന് കത്തെഴുതിയപ്പോഴായിരുന്നു അത്. ആ പ്രിവിലേജ് ശശിയടക്കമുള്ളവര്‍ ഉപയോഗിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു എന്നർഥം. അതു ഫലമുണ്ടാക്കിയോ എന്നതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മുമ്പൊരിക്കല്‍ ശശി, തന്റെ പിതാവിനെ നിര്‍ബന്ധിച്ച് അടുത്തിരുത്തി ‘A Valley Refuses to Die’ എന്ന സിനിമ കാണിച്ചുകൊടുത്ത് ഏറെ നേരം പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായി മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകന് രാമന്‍കുട്ടി അനുസ്മരിച്ചല്ലോ.
ശശിയുടെ മൂന്നാമത്തെ പ്രധാന പ്രമേയം സംഘ്പരിവാര്‍ അജണ്ടകളെ തുറന്നുകാണിക്കുക എന്നതു തന്നെ. അവസാനത്തെ കുറെയേറെ വര്‍ഷങ്ങളില്‍ ശശി സംസാരിച്ചിട്ടുള്ളതിന്റെ 90 ശതമാനവും ഹിന്ദുത്വ ഫാഷിസത്തിനെതിരായിരുന്നു. രാഷ്ട്രീയമല്ലാതെ ജീവിതത്തില്‍ കാര്യമായി സംസാരിക്കാത്ത ഈ മനുഷ്യന് അവസാനകാലം മുഴുവന്‍ സംഘ്പരിവാര്‍ തേരോട്ടം തടയുന്നതിനെ കുറിച്ച് ചിന്തിച്ചു, കാണുന്നവരോടെല്ലാം സംസാരിച്ചു. ശശിയുടെ ബാംഗ്ലൂരിലെ കൊച്ചുതാവളത്തില് പോകുന്നവരോടെല്ലാം ശശി സംസാരിച്ചുകൊണ്ടേയിരിക്കും. കൂടെയുള്ളവര്‍ ഉറങ്ങിയോ എന്നുപോലും ശ്രദ്ധിക്കാതെ സംസാരം നീളും. ബോറടിക്കുന്നു എന്നു തോന്നിയാല്‍ ചിലപ്പോള്‍ ഓടക്കുഴല്‍ വായിച്ചു കേള്‍പ്പിക്കും. രാവിലെ എണീക്കുമ്പോഴും സംസാരം തുടര്‍ന്നുകൊണ്ടേയിരിക്കും. നിരവധി സംഘടനകളുടെ ഭാരവാഹികളുമായി ശശി ബന്ധപ്പെട്ടു. നിരവധി സാമൂഹികപ്രവര്‍ത്തകരെ കണ്ടു. അവരെയെല്ലാം ഏകീകരിച്ച് നിരവധി ഫാഷിസ്റ്റ് വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ശശികൂടി സ്ഥാപകാംഗമായ തൃശൂരിലെ ഇന്റര്‍നാഷനൽ ഷോര്‍ട്ട് & ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ (‘വിബ്ജിയോർ’) ഫാഷിസത്തിനെതിരായ നിരവധി സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും മുന്‍കൈയെടുത്തു. ആഗോളതലത്തില്‍ ശ്രദ്ധേയമായ പല സിനിമകളും ഫെസ്റ്റിവലിലെത്തിയത് ശശിയിലൂടെയായിരുന്നു. ‘വിബ്ജിയോര്‍’ ഫെസ്റ്റിവല്‍ നടക്കുമ്പോള്‍, അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ പ്രകടനം നടത്തി. സ്വാഭാവികമായും കുറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. കശ്മീരിലെ കുപ് വാര ജില്ലയില്‍ പട്ടാളം നടത്തിയ കടന്നാക്രമണങ്ങളെയും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെയും പ്രമേയമാക്കിയ ‘Ocean of tears’ എന്ന സിനിമ ‘വിബ്ജിയോറി’ല്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തെ ശശിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിരോധിച്ചു തോൽപിച്ചത് ‘വിബ്ജിയോര്‍’ ചരിത്രത്തിലെ പ്രധാന സംഭവമാണ്. ഏറെ ശ്രദ്ധേയമായ ‘Counter currents’ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഓണററി എഡിറ്റര്‍കൂടിയായിരുന്നു ശശി.
ഇക്കാലഘട്ടത്തില്‍ ചെയ്ത രണ്ടു ഡോക്യുമെന്ററികളാണ് ശശിയുടെ ഏറ്റവും കരുത്തുറ്റ സൃഷ്ടികള്‍ എന്നു വേണമെങ്കില്‍ പറയാം. അബ്ദുന്നാസിര്‍ മഅ്ദനി നേരിട്ട, ഇപ്പോഴും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പ്രമേയമാക്കി, സോളിഡാരിറ്റിക്കുവേണ്ടി ചെയ്ത ‘Fabricated’ ആണ് ഒന്ന്. ഒഡിഷയിലെ കണ്ഡമാലില്‍ ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങൾക്കെതിരെ സംഘ്പരിവാര്‍ നടത്തിയ വംശീയ കൂട്ടക്കൊലയെ ആസ്പദമാക്കി നിർമിച്ച ‘Voices from the Ruins’ ആണ് രണ്ടാമത്തേത്. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഇവ നിർമിച്ചത്. ബംഗളൂരുവില്‍ ഭീകരനെന്നും സ്ഫോടന കേസ് പ്രതിയെന്നുമുള്ള രീതിയില്‍ തടവിലായിരുന്ന മഅ്ദനിയെ കുറിച്ചുള്ള ഫിലിം നിർമിക്കുന്നത് പ്രായോഗികമായി എളുപ്പമായിരുന്നില്ല. ഇതിനൊരു മറുവശംകൂടിയുണ്ട്്. മറ്റു വിഷയങ്ങളിലെല്ലാം ശശിക്കൊപ്പം നിന്നിരുന്ന പലരും ഈ വിഷയത്തില്‍ താൽപര്യം പ്രകടിപ്പിച്ചില്ല എന്നതാണത്. കാരണം വ്യക്തം. മതേതരവാദികളും സംഘ്പരിവാര്‍ വിരുദ്ധരുമെന്നു സ്വയം വിശ്വസിക്കുന്നവരില്പോലും നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ തന്നെ. എന്നാലവരോടൊക്കെ ശക്തമായി വിയോജിച്ചുകൊണ്ടുതന്നെ ശശി സിനിമ പൂര്‍ത്തിയാക്കി. ‘വിബ്ജിയോര്‍’ ഫെസ്റ്റിവലില്‍ സിനിമയെ കുറിച്ചൊരു മുഖവുര പറയാന്‍ ശശി ആവശ്യപ്പെട്ടത് ഈ ലേഖകനോടായിരുന്നു. അവിടെപോലും ഈ സിനിമയോട് വിയോജിപ്പുള്ളവര്‍ പലരുമുണ്ടായിരുന്നു.
സത്യത്തില്‍ ‘Fabricated’ എന്ന പദം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരിക്കുന്നു. മുസ്ലിം, ദലിത് വിഭാഗങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല, മറ്റു വിഭാഗങ്ങളില്‍നിന്നുമുള്ള എഴുത്തുകാരും ചിന്തകരുമായ എത്രയോ പേരാണ് യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങള്‍ ചുമത്തപ്പെട്ട് fabricated കേസുകളില്‍ ജയിലുകളില്‍ കിടക്കുന്നത്. സ്റ്റാന്‍ സ്വാമിയെ പോലുള്ളവര്‍ രക്തസാക്ഷികളായി. ലാപ്ടോപ്പുകളില് കൃത്രിമരേഖകള്‍ നിക്ഷേപിക്കുന്നതു വരെയെത്തി കേസുകള്‍ fabricate ചെയ്യുന്നതിന്റെ തന്ത്രങ്ങള്‍ എന്നതില്‍നിന്നുതന്നെ എത്രമാത്രം ഭീതിദമായ അവസ്ഥയിലാണ് നാം എത്തിയിരിക്കുന്നതെന്ന് വ്യക്തം. ഇതു തിരിച്ചറിഞ്ഞുതന്നെയാകണം ചിത്രത്തിന് ഈ പേര് ശശി ഉപയോഗിച്ചത്.
ഒരു ആക്ടിവിസ്റ്റ് സിനിമ എങ്ങനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണമാണ് ‘Voices from the Ruins Kandhamal in Search of Justice’ എന്ന ശശിയുടെ പ്രശസ്ത സിനിമ. സ്ഥലത്തില്ലാതിരുന്നതിനാല്‍ മാത്രം കണ്ഡമാല്‍ വംശഹത്യയില്നിന്നു രക്ഷപ്പെട്ട ഫാദര്‍ അജയ് സിങ് ആവശ്യപ്പെട്ടതനുസരിച്ച്, തകര്‍ന്നുപോയിരുന്ന ദലിത് ക്രൈസ്തവ സമൂഹത്തിന് ഊർജം തിരിച്ചുകിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ശശി അവിടെയെത്തിയത്. ഉറ്റവരുടെ കൂട്ടക്കൊലകള്‍ കണ്ട് ഭയപ്പെട്ടിരുന്ന ഗ്രാമീണരെ ഇരുത്തി അഞ്ചുദിവസത്തെ ക്യാമ്പാണ് ആദ്യം സംഘടിപ്പിച്ചത്. അതോടെ അവര്‍ ധൈര്യം സംഭരിച്ച് കാര്യങ്ങള്‍ പറയാനും രംഗത്തിറങ്ങാനും തയാറായി. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഫിലിം. പലപ്പോഴായി ഷൂട്ടുചെയ്ത നൂറു മണിക്കൂറില്‍പരം റഷസില്നിന്നാണ് സിനിമ രൂപപ്പെടുത്തിയത്. അവിടെയും നിന്നില്ല ശശിയിലെ ആക്ടിവിസ്റ്റ്. രാജ്യത്ത് കഴിയാവുന്നയിടങ്ങളിലെല്ലാം പതിവുപോലെ സിനിമ കാണിക്കുക മാത്രമല്ല ശശി ചെയ്തത്. കേരളം, കർണാടക, ഗോവ, തമിഴ്നാട് തുടങ്ങി ക്രിസ്ത്യൻ സഭകള്‍ക്ക് ശക്തിയുള്ളയിടങ്ങളില്‍ സിനിമ പ്രദർശിപ്പിക്കുകയും വിഷയത്തിലിടപെടാന്‍ പല ബിഷപ്പുമാരോടും അഭ്യർഥിക്കുകയും ചെയ്തു, എന്നാല്‍ പൊതുവില്‍ നിരാശയായിരുന്നു ഫലം. ഒഡിഷയിലെ ദലിത് ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളില്‍ സവർണ ക്രൈസ്തവരാണ് തങ്ങളെന്നും അതിനാല്‍തന്നെ സുരക്ഷിതരാണെന്നും വിശ്വസിക്കുന്നവരില്‍നിന്നും എന്തെങ്കിലും സഹായം പ്രതീക്ഷിച്ചതായിരിക്കാം ശശിയുടെ തെറ്റ്. അന്ന് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒഡിഷയില്‍നിന്നു പലായനംചെയ്ത പലരും ഇപ്പോഴും കേരളത്തിലെ അതിഥി തൊഴിലാളികളിലുണ്ടെന്ന് ശശി പറയാറുണ്ടായിരുന്നു.
അവസാന ദിവസങ്ങളിലും ശശി അടിമുടി പൊളിറ്റിക്കല്തന്നെയായിരുന്നു. 2024ല്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ മനുഷ്യാവകാശപ്രവര്ത്തകര്ക്ക് എന്തുചെയ്യാനാവുമെന്നായിരുന്നു ചികിത്സാലയത്തില്‍ കിടന്ന് അദ്ദേഹം ചിന്തിച്ചത്. പല സുഹൃത്തുക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖയും ശശി തയാറാക്കി. രാജ്യത്ത് ആഞ്ഞുപിടിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താവുന്ന 300 മണ്ഡലങ്ങളുടെ ലിസ്റ്റ് തയാറാക്കി, അവിടെ മത്സരിക്കുന്ന പ്രധാന പ്രതിപക്ഷ സ്ഥാനാർഥിക്ക് പ്രചാരണത്തിനു സഹായകരമായ ഡേറ്റയും പ്രചാരണായുധങ്ങളും എത്തിക്കുക എന്ന പദ്ധതിയാണ് ശശിയുടെ മനസ്സിലുണ്ടായിരുന്നത്. പ്രതിപക്ഷ സ്ഥാനാർഥി ഏതു പാര്‍ട്ടിയായാലും വിരോധമില്ല, നമ്മുടെ ഏക അജണ്ട ബി.ജെ.പിയുടെ പരാജയമായിരിക്കണം എന്നു ശശിക്ക് നിര്‍ബന്ധമായിരുന്നു. 2023ല്‍ മൂന്നുമാസം വീതം നീണ്ടുനില്‍ക്കുന്ന നാലു ഘട്ടങ്ങളിലൂടെ ഡേറ്റാ ശേഖരണം പൂര്‍ത്തിയാക്കുന്ന രീതിയിലുള്ള വിശദമായ ഒരു രാഷ്ട്രീയപ്രവര്‍ത്തന രേഖക്ക് രൂപംകൊടുത്ത് പല സഹപ്രവര്‍ത്തകര്‍ക്കും ശശി അയച്ചിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പു കണ്ടപ്പോള്‍ ശശി സംസാരിച്ചതു മുഴുവന്‍ ഇതേ കുറിച്ചായിരുന്നു. അസുഖം ഭേദമായി താന്‍ തിരിച്ചുവരുമെന്നും ഈ പ്രവര്‍ത്തനത്തിന്റെ മുന്നിലുണ്ടാകുമെന്നും ശശിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. എന്നാല്‍, ആ രൂപരേഖ ഇപ്പോള്‍ അടുത്ത സഹപ്രവര്‍ത്തകരുടെ മെയില്‍ ഇന്ബോക്സുകളില് കിടക്കുകയാണ്. അതു പഠിച്ച് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തന പദ്ധതിക്കു രൂപം നല്‍കുകയാണ് ശശിയോട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, മുഴുവന്‍ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയമുള്ളവര്‍ക്കും ചെയ്യാവുന്ന അടിയന്തര കടമ.
ജീവിതത്തിന്റെ അവസാന ശ്വാസംവരെ ശശി ശുഭാപ്തിവിശ്വാസിയായിരുന്നു. ഈ പോരാട്ടത്തിലും വിജയം കാണാനാവുമെന്നായിരുന്നു ശശിയുടെ വിശ്വാസം. എന്നാല്‍ ശശിയുടേത് പലതും പലപ്പോഴും അമിതമായ, അയഥാർഥമായ, പ്രതിബദ്ധതയില്‍നിന്നു രൂപംകൊള്ളുന്ന ശുഭാപ്തിവിശ്വാസമാണെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണമായി ശശി സജീവമായി ഇടപെട്ട മേഖലകളൊക്കെ നോക്കുക. ലിംഗനീതി വിഷയത്തെ കേന്ദ്രീകരിച്ച് ശശി ‘ഇലയും മുള്ളും’ ചെയ്ത് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടോ? ഇപ്പോഴും അൽപം ഇരുട്ടായാല്‍ പുറത്തിറങ്ങാനോ കുടുംബസ്വത്തില്‍ തുല്യ അവകാശമോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ടോ? സ്ത്രീ പീഡനങ്ങളുടെ വാര്‍ത്തകളില്ലാതെ ഒരു ദിവസംപോലും കടന്നുപോകുന്നുണ്ടോ? ‘ജയ ജയ ജയ ജയ ഹേ’പോലുള്ള സിനിമകള്‍ ഇപ്പോഴും പുറത്തിറങ്ങേണ്ട അവസ്ഥയിലല്ലേ കേരളം? പാരിസ്ഥിതിക വിഷയമെടുത്താലോ? അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞ കവി വീരാന്‍ കുട്ടിയുടെ പുസ്തകം കത്തിക്കുന്നതാണ് കഴിഞ്ഞദിവസം കേരളം കണ്ടത്. വിഴിഞ്ഞം സമരത്തിനെതിരെയും കെ-റെയിലിന് അനുകൂലമായും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തിറങ്ങിയതും കണ്ടല്ലോ. മുമ്പ് ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യത കുറവാണല്ലോ. മൂന്നാമത്തേത് സംഘ്പരിവാറിന്റെ സമഗ്രാധിപത്യം തന്നെ. അതും ഏറക്കുറെ പൂർണമായിക്കൊണ്ടിരിക്കുകയാണ്. അതിനു തടയിടാനാകുമെന്ന് ഇപ്പോഴെന്തായാലും കരുതുക വയ്യ. നിയമസഭയില്‍ സീറ്റൊന്നുമില്ലെങ്കിലും കേരളത്തില്‍പോലും വിചാരിക്കുന്ന എന്തും സാധ്യമാക്കാവുന്ന ശക്തി അവരാർജിച്ചിട്ടുണ്ട് എന്നതു നിഷേധിക്കാനാവുമോ? തീര്‍ച്ചയായും നിരാശരാക്കാനോ ശശിയുടെ ജീവിതം അപ്രസക്തമാകുന്നു എന്നു പറയാനോ അല്ല ഇതെഴുതിയത്. യാഥാർഥ്യം അംഗീകരിച്ചുതന്നെ, ശശിയെ പോലെ, നിരാശനാകാതെ ഫാഷിസത്തിനെതിരായ പ്രതിരോധം കെട്ടിപ്പടുക്കുന്നതില്‍ സ്വന്തം പങ്ക് നിർവഹിക്കുക തന്നെയാണ് വേണ്ടത്. അതായിരിക്കും ശശിക്കു നല്കാവുന്ന ഏറ്റവും വലിയ അനുസ്മരണം.