പാകിസ്താനിലേക്കുള്ള വിമാനം
ദുബൈയിൽ ഫെബ്രുവരി അഞ്ചിന് അന്തരിച്ച പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായ പർവേസ് മുശർറഫിന്റെ ആത്മകഥയിൽനിന്നൊരു ഭാഗം. നവാസ് ശരീഫിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തതിന് തൊട്ടുമുമ്പ്, തന്റെ വിമാനം നിലത്തിറക്കാൻ അനുവദിക്കാതെ പാകിസ്താൻ സർക്കാർ നടത്തിയ നീക്കത്തെക്കുറിച്ചാണ് മുശർറഫ് എഴുതുന്നത്.മൊഴിമാറ്റം: ആർ.കെ. ബിജുരാജ്‘‘സാർ, പൈലറ്റ് താങ്കൾ കോക്പിറ്റിലെത്തണമെന്ന് ആവശ്യപ്പെടുന്നു.’’ എന്റെ സൈനിക സെക്രട്ടറി നദീം...
Your Subscription Supports Independent Journalism
View Plansദുബൈയിൽ ഫെബ്രുവരി അഞ്ചിന് അന്തരിച്ച പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായ പർവേസ് മുശർറഫിന്റെ ആത്മകഥയിൽനിന്നൊരു ഭാഗം. നവാസ് ശരീഫിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തതിന് തൊട്ടുമുമ്പ്, തന്റെ വിമാനം നിലത്തിറക്കാൻ അനുവദിക്കാതെ പാകിസ്താൻ സർക്കാർ നടത്തിയ നീക്കത്തെക്കുറിച്ചാണ് മുശർറഫ് എഴുതുന്നത്.
മൊഴിമാറ്റം: ആർ.കെ. ബിജുരാജ്
‘‘സാർ, പൈലറ്റ് താങ്കൾ കോക്പിറ്റിലെത്തണമെന്ന് ആവശ്യപ്പെടുന്നു.’’ എന്റെ സൈനിക സെക്രട്ടറി നദീം താജ് രഹസ്യമായി പറഞ്ഞു. ഞാൻ ഏതോ ചിന്തയിൽ അമർന്നിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ശബ്ദത്തിലെ അടിയന്തര പ്രാധാന്യം എന്നെ യാഥാർഥ്യത്തിലേക്ക് തിരികെ തട്ടിവിളിച്ചുണർത്തി. ഇപ്പോൾ എന്തിന്? ഞാനത്ഭുതംകൊണ്ടു. കോക്പിറ്റിൽ ഇരുന്ന് വിമാനം ലാൻഡ് ചെയ്യുന്നത് കാണാനായിട്ടാണെങ്കിൽ പൈലറ്റ് ഇങ്ങനെ നിർബന്ധബുദ്ധിയോടെ പറയുമായിരുന്നില്ല. വിധിയുടെ അത്ര സുവ്യക്തമല്ലാത്തകരങ്ങൾ പതിവ് ഇടവേളകളിൽ എന്റെ വിധി എഴുതാനായി ഇടപെടാറുണ്ട്. വിധിയുടെ വിരലുകൾ വീണ്ടും ചലിക്കുന്നുവെന്ന അശുഭചിന്ത പെെട്ടന്ന് മനസ്സിലുണർന്നു.
കൊളംബോയിൽനിന്നുള്ള വാണിജ്യവിമാനത്തിൽ, 8000 അടി (2400 മീറ്റർ) ഉയരത്തിൽനിന്ന് കറാച്ചിയിൽ ലാൻഡ് ചെയ്യാനൊരുങ്ങുകയായിരുന്നു ഞങ്ങൾ. സീറ്റ്ബെൽറ്റുകൾ മുറുക്കാനും പുകവലിക്കരുത് എന്നുമുള്ള സൂചന തെളിഞ്ഞിരുന്നു. താഴെ ഉജ്ജ്വലമായി തിളങ്ങുന്ന നഗരത്തിന്റെ വെളിച്ചം എനിക്ക് കാണാം. വലിയ കൊടുങ്കാറ്റും കനത്ത മഴയും റൺവേ വെള്ളത്തിൽ മുക്കിയതിനാൽ കൊളംബോയിൽനിന്ന് ഞങ്ങളുടെ യാത്ര പുറപ്പെടാൻ വൈകിയിരുന്നു. ഞങ്ങളുടെ വിമാനം 40 മിനിറ്റ് താമസിച്ചു. മാലിയിൽ നിർത്തിയപ്പോൾ യാത്രക്കാർ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ആടിത്തൂങ്ങിനിന്നത് യാത്ര പിന്നെയും വൈകിച്ചു. ഈ താമസിക്കലുകൾ ദൈവഹിതമാണെന്നു തെളിയിക്കുകയായിരുന്നു. അല്ലെങ്കിൽ, ഞങ്ങളുടെ വിമാനയാത്ര സംഭവബഹുലമല്ലാത്തവിധം സാധാരണമാവുമായിരുന്നു. എത്രത്തോളം സംഭവബഹുലമാകും യാത്ര എന്ന് അപ്പോൾ എനിക്ക് അറിയുമായിരുന്നില്ല. താഴെ ചുരുൾനിവരുന്ന സംഭവങ്ങളെപ്പറ്റി എനിക്ക് ഒരു സൂചനയുമുണ്ടായിരുന്നില്ല. താഴെ നടന്നുകൊണ്ടിരുന്ന സംഭവങ്ങൾ എന്റെ വിധി മാത്രമല്ല രാജ്യത്തിന്റെ ഭാഗധേയംപോലും മാറ്റുന്നതായിരുന്നു.
അത് 1999 ഒക്ടോബർ 12നായിരുന്നു. സമയം 6.45. പി.കെ. 805 ആണ് ഫ്ലൈറ്റ്. എയർബസാണ് വിമാനം. 198 യാത്രക്കാരുണ്ട് വിമാനത്തിൽ. അവരിൽ നല്ലപങ്കും സ്കൂൾ കുട്ടികളാണ്. ഞങ്ങൾ 10 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യും.
വിമാനം പറന്നുയർന്ന് കുറച്ചു കഴിഞ്ഞപ്പോൾ, ഭക്ഷണത്തിനുശേഷം ചില കുട്ടികൾ വിമാനത്തിന്റെ മുൻഭാഗത്തുള്ള എന്റെ സീറ്റിനടുത്തു വന്നിരുന്നു. അവർ ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. കുട്ടികളെ കാണുന്നത് എപ്പോഴും ഞാനിഷ്ടപ്പെടുന്നു. അവരുടെ ആശയങ്ങൾ മിക്കപ്പോഴും പുതുമയുള്ളതാണ്. അവർ കാര്യങ്ങളെ കാണുന്ന രീതി നവോന്മേഷകരമായ രീതിയിൽ വ്യത്യസ്തമാണ്. അവർക്ക് വളരെ കുറച്ച് പിടിവാശികളേയുള്ളൂ. മുതിർന്ന പലർക്കുമുള്ള ദോഷൈകദൃക് മനോഭാവമില്ല. പെട്ടെന്നുതന്നെ കാബിൻ വെളിച്ചം മങ്ങുകയും എല്ലാവരും ഇരിപ്പിടത്തിലേക്ക് പോകുകയും ചെയ്തു. വലിയ പക്ഷിയുടെ സമാശ്വാസകരമായ ഈണം ആളുകളെ പര്യാലോചനകളിേലക്കോ ഉറക്കത്തിലേക്കോ നയിച്ചു. സെഹ്ബ ജാലകത്തിനോട് ചേർന്ന് എനിക്ക് സമീപമാണ് ഇരിക്കുന്നത്. അവർ കണ്ണട മാറ്റിെവച്ച്, ചിന്തകളിലുമായിരുന്നു. നേരത്തേ പറഞ്ഞതുപോലെ ഏതോ ചിന്തകളിൽ സ്വയം മറന്നിരിക്കുകയായിരുന്നു ഞാൻ. യാത്രക്കാരുടെ കാബിനിൽ എല്ലാം നല്ല അവസ്ഥയിലായിരുന്നു. സമാധാനപരം.
‘‘സാർ, പൈലറ്റ് താങ്കൾ കോക്പിറ്റിൽ വരണമെന്ന് പറയുന്നു.’’ എന്റെ സൈനിക സെക്രട്ടറി ആവർത്തിച്ചു. അദ്ദേഹത്തിന്റെ ശബ്ദം കൂടുതൽ നിർബന്ധബുദ്ധി നിറഞ്ഞിരുന്നു. എന്തോ വിചിത്രമായത് നടന്നുകൊണ്ടിരിക്കുന്നു എന്ന് തീർച്ച. അദ്ദേഹം വിമാനത്തിന്റെ മുന്നിലേക്ക് എന്നെ നയിച്ചു. പിന്നെ വാർത്ത പറഞ്ഞു. വിമാനത്തിന് പാകിസ്താനിലെ ഒരു വിമാനത്താവളത്തിലും ഇറക്കാൻ അനുവാദമില്ലെന്നും ഉടനടി പാകിസ്താന്റെ വ്യോമ ഇടത്തിൽനിന്ന് പുറത്തുപോകാൻ ഉത്തരവ് കിട്ടിയതായും പൈലറ്റ് അറിയിച്ചു. വിമാനത്തിൽ ഇനി ശേഷിക്കുന്നത് ഒരു മണിക്കൂറും പത്ത് മിനിറ്റും പറക്കാനുള്ള ഇന്ധനം മാത്രമാണ്.
കേൾക്കുന്നത് എനിക്ക് വിശ്വസിക്കാനായില്ല. അത് സാമാന്യയുക്തിക്ക് നിരക്കാത്തതായി തോന്നി. ഞാനുടൻ വിമാനജീവനക്കാരോട് കോക്പിറ്റിന്റെ വാതിലടക്കാനും കർട്ടനുകൾ ഇടാനും പറഞ്ഞു. ആർക്കും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതിരിക്കാനായിരുന്നു അത്. എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാർ അറിയാൻ പാടില്ലെന്നതായിരുന്നു അതിൽ മുഖ്യം. അവർ പരിഭ്രാന്തരാകും.
എന്റെ ചീഫ് സ്റ്റാഫും സൈനിക സെക്രട്ടറിയും കറാച്ചിയിലെ സൈനിക കമാൻഡറെയും അദ്ദേഹത്തിന്റെ ജീവനക്കാരെയും മൂന്ന് വ്യത്യസ്ത മൊബൈൽ ഫോണുകളിൽനിന്ന് എന്താണ് നടക്കുന്നത് എന്നറിയാൻ വിളിക്കാൻ ശ്രമിച്ചതായി പറഞ്ഞു. എന്നാൽ, അവരെ ഫോണിൽ കിട്ടിയില്ല. സിഗ്നലുകൾ കിട്ടാനായി വിമാനത്തിൽ വ്യത്യസ്ത ഇടത്തുനിന്നും ശ്രമിച്ചിട്ടും ഇതായിരുന്നു അവസ്ഥ. അവർ പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ് (പി.ഐ.എ) വാർത്താവിനിമയ സംവിധാനത്തിലൂടെ വിളിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. അവരെന്നെ വിളിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിനായി വിലപ്പെട്ട സമയമാണ്, പതിനഞ്ച് മിനിറ്റുകളുടെ ഇന്ധനമാണ് ഉപയോഗിച്ചത്.
ഞാൻ കോക്പിറ്റിൽ കടന്ന് ക്യാപ്റ്റനോട് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. എന്തുകൊണ്ട് കറാച്ചിയിൽ ലാൻഡ് ചെയ്യരുതെന്നതിന് ഒരു കാരണവും ഗതാഗത നിയന്ത്രണ വിഭാഗം നൽകുന്നില്ലെന്നും പകരം പാകിസ്താന്റെ വ്യോമ ഇടം ഉടൻ വിട്ട് വിദേശത്ത് എവിടെയെങ്കിലും ഇറക്കാനുള്ള നിർബന്ധ ഉത്തരവ് നൽകുകയാണെന്നും പൈലറ്റ് പറഞ്ഞു. സാർ, ഇത് താങ്കളുമായി ബന്ധപ്പെട്ട എന്തോ വിഷയമാണ് എന്നു തോന്നുന്നു. അദ്ദേഹം ഇപ്പോൾ വളരെ സുവ്യക്തമായിക്കൊണ്ടിരുന്ന കാര്യം പറഞ്ഞു. പൈലറ്റിന്റെ മനസ്സിൽ പാകിസ്താൻ സർക്കാറും സൈന്യവും തമ്മിലുള്ള പിരിമുറുക്കങ്ങളുടെ ചരിത്രമാണ് ഉയർന്നത്. എന്നിരുന്നാലും പൈലറ്റിന്റെ പ്രസ്താവന എനിക്ക് തീക്ഷ്ണമായ ഞെട്ടലുളവാക്കി. എനിക്കറിയാം അദ്ദേഹം പറയുന്നതാണ് ശരി. പക്ഷേ, എന്തിന് ഒരു വാണിജ്യ വിമാനം കറാച്ചിയിലും രാജ്യത്തിന്റെ മറ്റൊരു വിമാനത്താവളത്തിലും ഇറക്കാൻ സമ്മതിക്കാതിരിക്കണം? പ്രധാനമന്ത്രി ശരീഫ് എനിക്കെതിരെ നീങ്ങുന്നതിനെപ്പറ്റി മാത്രമേ എനിക്ക് ഊഹമുണ്ടായിരുന്നുള്ളൂ. ആരുടെ തെറ്റായാലും വളരെയധികം നിഷ്കളങ്ക ജീവിതവുമാണ് അപകടത്തിലായിരിക്കുന്നത്. വായുവിലുള്ള ഈ നാടകം കഴിയുന്നതുവരെ പൂർണകഥ എനിക്ക് അറിയില്ലായിരുന്നു.
നമുക്ക് കഷ്ടിച്ച് ഒരു മണിക്കൂറിനുള്ള ഇന്ധനമേ ശേഷിച്ചിട്ടുള്ളൂ. പൈലറ്റ് നിരാശ കലർന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു. വ്യോമഗതാഗത നിയന്ത്രണ ഓഫിസിനോട് എന്തുകൊണ്ട് ലാൻഡ് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് വീണ്ടും ചോദിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഞങ്ങൾക്കുള്ള കുറച്ച് ഇന്ധനത്തെ പരിഗണനയിലെടുക്കാനും പറഞ്ഞു. അദ്ദേഹം അത് ചെയ്തു. നാലോ അഞ്ചോ മിനിറ്റുകൾക്കുശേഷം മറുപടി വന്നു. ആ സമയം കറാച്ചിക്ക് മേൽ പറക്കുകയാണ് ഞങ്ങൾ: ‘‘21,000 അടി മുകളിലേക്ക് ആക്കൂ. പാകിസ്താനിൽനിന്ന് പുറത്ത് എവിടേക്കെങ്കിലും പോകുക.’’ അപ്പോഴും എയർ ട്രാഫിക് കൺേട്രാൾ വിഭാഗം കാരണം വ്യക്തമാക്കാൻ മടിച്ചു. ഞങ്ങൾ എങ്ങോട്ട് പോകും എന്ന് അവർ പരിഗണിച്ചില്ല. അവർ പൈലറ്റിനോട് തന്റെ കമ്പനിയായ പി.ഐ.എയോട് നിർദേശങ്ങൾ ചോദിക്കാൻ പറഞ്ഞു. അസംബന്ധമാണ് അത്. കാരണം പി.ഐ.എ മാനേജ്മെന്റിന് പൈലറ്റിനോട് എന്തുപറയാനാകും? വ്യോമഗതാഗത നിയന്ത്രണ വിഭാഗം ഞങ്ങളോട് ബോംബെയിലോ ഒമാനിലെ മസ്കത്തിലോ അബൂദബിയിലോ അല്ലെങ്കിൽ ഇറാനിലെ ബന്ദർ അബ്ബാസിലോ എവിടേക്കു വേണമെങ്കിലും പോകാൻ പറഞ്ഞു. ദുബൈ ഒഴിച്ച് (അതിന് മറ്റ് കാരണങ്ങളുണ്ട്). എയർ കൺേട്രാളർമാർ വിമാനം പാകിസ്താനിൽ എവിടെയും ലാൻഡ് ചെയ്യാൻ അനുവദിക്കരുതെന്ന് എല്ലാ വിമാനത്താവളങ്ങൾക്കും നിർദേശം നൽകിയതായും പൈലറ്റിനെ അറിയിച്ചു.
മൊത്തം കാര്യങ്ങളും വളരെ നിന്ദ്യമായി തോന്നി. ഇന്ത്യയാണ് അയൽരാജ്യം. അപകടകരമാം വിധം കുറഞ്ഞ ഇന്ധനവുമായി അവിടേക്ക് പോകുക മാത്രമേ സാധ്യതയുള്ളൂ. ഇത് ഏറ്റവും അപകടകാരിയായ ശത്രുവിന്റെ കൈകളിൽ ഞങ്ങളെ അടിപ്പെടുത്തും. ഞങ്ങൾ പൂർണതോതിലുള്ള മൂന്ന് യുദ്ധം നടത്തിയിട്ടുണ്ട്. ശരിക്കും നടപടി അവിശ്വസനീയമാണ്. പാകിസ്താൻ സൈനിക തലവനും ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനും യാത്രചെയ്യുന്ന പാകിസ്താന്റെ സ്വന്തം ദേശീയ വിമാന സർവിസിനോട് പാകിസ്താൻ അധികാരികളുടെ ഉത്തരവ് വന്നത് അവിശ്വസനീയമാണ്. എയർട്രാഫിക് വിഭാഗം ഇത്ര വിചിത്രവും വഞ്ചനാത്മകവുമായ ഒരു കാര്യം ചെയ്യാൻ ഉന്നത തലങ്ങളിൽനിന്നുള്ള നിർദേശങ്ങൾ ഇല്ലാതെ ധൈര്യപ്പെടില്ല. എനിക്ക് എന്റെ സൈന്യത്തെ അറിയാം. അതിൽ ഒരു കലാപം സംഭവിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. എന്തൊക്കെ സംഭവിച്ചാലും സ്വന്തം തലവനെ ഇന്ത്യൻ കൈകളിലേക്ക് അയക്കുക എന്നത് അവർ അനുകൂലിക്കില്ല.
അപ്പോൾ അത് സർക്കാറിലെ സൈനികേതരതലത്തിലാണ് സാധ്യമാകുക. പ്രധാനമന്ത്രിക്ക് താഴെ ഒരാൾക്കും ഇത്തരം കടുത്ത ഉത്തരവ് നൽകാനാവില്ല. ഒരു സൈനിക മേധാവിയെ പിരിച്ചുവിടുന്നത് മറ്റൊരു കാര്യമാണ്. എന്നാൽ വിമാനം റാഞ്ചുകയും അത് ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്നത് ഞാൻ നേരത്തേ പറഞ്ഞതുപോലെ പൈശാചികമാണ്. അത്ഭുതകരമെന്ന് പറയാം, സൈന്യത്തിനെതിരെയുള്ള നവാസ് ശരീഫിന്റെ അട്ടിമറി ഇന്ത്യക്ക് വൻ വിജയമായിത്തീർന്നേനെ. പാകിസ്താൻ െസെനികമേധാവിയെ, അദ്ദേഹത്തിന്റെ സൈന്യെത്ത, ശത്രുവിന്റെ കൈകളിലേക്ക് അയക്കുക എന്നത് എത്രമാത്രം നിന്ദ്യവും അപഹാസ്യവുമായ കാര്യമാണെന്നത് ശരീഫിന്റെ മനസ്സിലില്ല എന്നോർത്ത് ഞാൻ അമ്പരന്നു. പാകിസ്താനിലെ ജനത ഇതിനെ ഏറ്റവും വലിയ രാജ്യവഞ്ചനയായി കണക്കാക്കും. അപ്പോൾ എനിക്ക് മനസ്സിലായി ഞങ്ങൾ താഴെയുള്ളവരുമായി മാത്രമല്ല, പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സർക്കാറുമായിട്ടും ഏറ്റുമുട്ടലിന്റെ പാതയിലാണ്.
നമുക്ക് എങ്ങോട്ട് പോകാനാവും, ഞാൻ പൈലറ്റിനോട് പറഞ്ഞു. ഒന്നുകിൽ ഇന്ത്യയിലെ അഹ്മദാബാദിലേക്കോ ഒമാനിേലക്കോ എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, പെെട്ടന്ന് തീരുമാനിക്കണം. കാരണം വിമാനത്തിൽ ഇന്ധനം തീർന്നുകൊണ്ടിരിക്കുകയാണ്. എന്റെ ശവശരീരത്തിനു മേലെക്കൂടിയേ നിങ്ങൾക്ക് ഇന്ത്യയിലേക്ക് പോകാനാവൂ, ഞാൻ ദേഷ്യത്തോടെ പ്രഖ്യാപിച്ചു.
കോക്പിറ്റിൽ പിരിമുറുക്കം പെരുകിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ശാന്തനായി തുടർന്നു. കമാൻഡോ എന്ന നിലയിലെ കടുത്ത പരിശീലനവും സൈനികസേവന വർഷങ്ങളും പ്രതിസന്ധി ഘട്ടത്തിൽ പരിഭ്രാന്തനാവാതിരിക്കുക എന്ന മനോഭാവം ബോധപൂർവം ഞാൻ സ്വയം പരിശീലിപ്പിച്ചിരുന്നു. മരണത്തെപ്പറ്റി എന്റെ മനോഭാവം അത് സംഭവിക്കേണ്ടതാണെങ്കിൽ സംഭവിക്കട്ടെ എന്നതായിരുന്നു. ഞാൻ വിധിവിശ്വാസിയല്ല. പക്ഷേ എനിക്ക് വികാരങ്ങൾ നിയന്ത്രിക്കാനാവും. അടിയന്തര ഘട്ടത്തിൽ, യുക്തിസഹമായി ചിന്തിക്കാനാവുന്നില്ലെങ്കിൽ അതിൽനിന്ന് പുറത്തുകടക്കാനുള്ള നേരിയ അവസരംപോലും നഷ്ടപ്പെടുത്തുകയാവും ചെയ്യുക.
ലാൻഡ് ചെയ്യാൻ അനുവദിക്കാത്തതിന് കാരണം എനിക്കറിയാം. ഞാൻ പറഞ്ഞു, ‘‘ഇത് വാണിജ്യ ൈഫ്ലറ്റാണ്. അതെങ്ങനെ ദിശ തിരിച്ചുവിടാനാകും?’’ പൈലറ്റ് എന്റെ ചോദ്യം വ്യോമഗതാഗത നിയന്ത്രണ അധികാരികൾക്ക് കൈമാറി. വീണ്ടും നാലോ അഞ്ചോ മിനിറ്റ് ഉത്കണ്ഠാകുലമായ കാത്തുനിൽപുണ്ടായി. മറുപടി വളരെ നേരമെടുത്തു. കാരണം നേരത്തേ പറഞ്ഞതുപോലത്തെ അപഹാസ്യമായ കണ്ണികൾ. ട്രാഫിക് കൺേട്രാളിനോടുള്ള എന്റെ ചോദ്യം സിവിൽ വ്യോമയാന അധികാരികളുടെ ഡയറക്ടർ ജനറലിന്റെ ചീഫ് ഓഫ് സ്റ്റാഫിന് കൈമാറപ്പെട്ടു. അദ്ദേഹം അത് തന്റെ തലവന് കൈമാറി. അദ്ദേഹം പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദിലെ സൈനിക സെക്രട്ടറിയെ ഫോൺ ചെയ്തു. സൈനിക സെക്രട്ടറി ആവശ്യം പ്രധാനമന്ത്രിക്ക് അടുത്ത് എത്തിക്കുകയും അദ്ദേഹത്തിന്റെ മറുപടി തേടുകയും ചെയ്തു. പൈലറ്റിൽനിന്ന് പ്രധാനമന്ത്രിയിലേക്ക് ആറാളുടെ ദൂരമുണ്ട്. എന്നെ തൊട്ട് എണ്ണിയാൽ ഏഴ്. നവാസ് ശരീഫിേന്റത് സാവധാനമുള്ള നടപടിയായിരുന്നു. അതിന് കാരണം അദ്ദേഹം ഓരോ ഉത്തരവും ശ്രദ്ധയോടെ പരിശോധിക്കുകയും അത് തന്റെ ചുറ്റുമുള്ളവരോട് ചർച്ചചെയ്യുകയും ചെയ്തിട്ടുണ്ടാവും. ഇത് പരിഹാസ്യ നാടകമാണ്. പക്ഷേ പ്രധാനമന്ത്രിയെന്ന മുദ്രക്ക് കീഴിൽ നടത്തപ്പെട്ട തെറ്റില്ലാത്ത പരിഹാസ നാടകം. ഈ മർമഭേദകമായ ആശയവിനിമയത്തിന്റെ സാവധാന പ്രക്രിയ വിലപ്പെട്ട സമയവും ഇന്ധനവും പാഴാക്കുകയായിരുന്നു. ഇത് ചരിത്രത്തിലാദ്യമാണ്. താഴെയുള്ള ഒരാൾ വായുവിലുള്ള വിമാനം റാഞ്ചുന്നത്. റാഞ്ചി സാധാരണ ഒരാളല്ല. പകരം രാജ്യത്തിലെ പൗരൻമാരുടെ ജീവൻ സംരക്ഷിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയാണ്.
മറുപടിക്ക് കാത്തുനിൽക്കുമ്പോൾ ഞങ്ങൾ വിമാനം 21,000 അടി (6400 മീറ്റർ) ഉയർത്തി. ഞങ്ങൾ അവിടെയെത്തുമ്പോേഴക്ക് മറുപടി വന്നു: നിങ്ങൾക്ക് പാകിസ്താനിൽ എവിടെയും ലാൻഡ് ചെയ്യാനാവില്ല. പാകിസ്താന്റെ വ്യോമ ഇടം ഉടൻ വിടണം. ഞങ്ങൾക്ക് അത് വിശ്വസിക്കാനായില്ല. എന്നെ ഒഴിവാക്കാനായി അവർ ഞങ്ങൾ എല്ലാവരെയും കൊല്ലാൻ പോകുകയാണ്. ഇപ്പോൾ പൈലറ്റിന് എനിക്ക് നൽകാൻ കൂടുതൽ വാർത്തയുണ്ടായിരുന്നു. 21,000 അടി മുകളിലെത്താൻ വളരെയേറെ ഇന്ധനം ഉപയോഗിച്ചിരിക്കുന്നതായും ഇനി പാകിസ്താന് പുറത്ത് ഒരിടത്തേക്കും തങ്ങൾക്ക് എത്താനാവില്ലെന്നുമായിരുന്നു അത്. ‘‘ഭൗതികമായി ഇനി അത് സാധ്യമല്ല,’’ പൈലറ്റ് അറിയിച്ചു. പിരിമുറുക്കവും കൂടുതൽ ഉയരത്തിലായി.
ഞങ്ങൾക്ക് മുന്നിലുള്ള സാധ്യത വിമാനം എവിടെയെങ്കിലും ഇറക്കുക എന്നതു മാത്രമായിത്തീർന്നു. എയർ ട്രാഫിക് കൺട്രോളിനോട് ഞങ്ങൾക്ക് ഇന്ധനമില്ലെന്നും പാകിസ്താൻ വിടാനാവില്ലെന്നും അറിയിക്കാൻ പൈലറ്റിനോട് അവസാന ആശ്രയമെന്ന നിലയിൽ പറഞ്ഞു. ‘‘വേണ്ട, നശിച്ച കാര്യം മറന്നേക്കൂ.’’ ഞാൻ പെെട്ടന്നുള്ള ചിന്തയിൽ പറഞ്ഞു. നിങ്ങൾ കറാച്ചിയിൽ വിമാനം ലാൻഡ് ചെയ്യൂ. വിമാനത്തിൽ 200ലധികം പേരുണ്ട്. അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മൾ കറാച്ചിയിൽ ലാൻഡ് ചെയ്യാൻ പോകുന്നു.
അവിശ്വസനീയമായി, എയർ ട്രാഫിക് കൺേട്രാൾ വഴങ്ങാൻ വിസമ്മതിച്ചു. ഒട്ടും ഇളക്കം തട്ടാത്ത ശബ്ദത്തിൽ കൺേട്രാളർ ഞങ്ങളുടെ പൈലറ്റിനോട് പാകിസ്താനിലെ ഒരു വ്യോമസ്ഥലവും ലൈറ്റുകൾ തെളിക്കിെല്ലന്നും കറാച്ചി റൺവേയിൽ മൂന്ന് അഗ്നിശമന ട്രക്കുകൾ നിലകൊള്ളുന്നുവെന്നും അറിയിച്ചു. കറാച്ചിയിൽ ലാൻഡ് ചെയ്യുന്ന പ്രശ്നമേയില്ല, നമ്മൾ തകരും, ക്യാപ്റ്റൻ വേദനയോടെ പറഞ്ഞു. ഇപ്പോൾ കോക്പിറ്റിലെ പിരിമുറുക്കം അത്യധികം ഉയർന്നു. പക്ഷേ, ഞാൻ ശാന്തനായി നിലകൊണ്ടു. ഞാൻ ദേഷ്യത്തിലായിരുന്നു. പക്ഷേ ശാന്തമായ മനോചിത്തം ശബ്ദത്തിലും പ്രവൃത്തിയിലും കാണിക്കേണ്ടതുണ്ടെന്ന് എനിക്ക് അറിയാം. പൈലറ്റിനും മറ്റ് കോക്പിറ്റ് ജീവനക്കാരുടെയും ശ്രദ്ധവിട്ടുപോകുന്നത് താങ്ങാനാവില്ല. പക്ഷേ, അവർ മികച്ചരീതിയിൽ, ശാന്തരായി നിൽക്കുകയും കുഴപ്പസമയത്തെല്ലാം പ്രഫഷനലുകളായി തുടരുകയും ചെയ്തുവെന്നത് അഭിനന്ദനാർഹമാണ്.
പാകിസ്താൻ വ്യോമ ഇടം വിട്ടുപോകാൻ മതിയായ ഇന്ധനമില്ലാത്തതിനാൽ കഴിയില്ലെന്ന കാര്യം കൺേട്രാളറോട് വീണ്ടും പറയാൻ ഞാൻ പൈലറ്റിനോട് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് വേറൊരു രാജ്യത്ത് എത്താനാവില്ല. ഞങ്ങളെ കറാച്ചിയിൽ ലാൻഡ് ചെയ്യാൻ അനുവദിക്കണം, ഞാൻ ഇങ്ങനെ പറയാൻ പൈലറ്റിനോട് ആവശ്യപ്പെട്ടു.
ഞങ്ങളുടെ വിധി നിശ്ചയിക്കപ്പെട്ടതിന് അൽപം നിമിഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ വിമാനം കറാച്ചിക്ക് വടക്ക് 100 മൈലുകൾ (160 കിലോമീറ്റർ) അകലെയുള്ള അർധപട്ടണമായ നവാബ്ഷായിലേക്ക് തിരിച്ചുവിടാൻ അറിയിപ്പുകിട്ടി. മരുഭൂമി പ്രവിശ്യയായ സിന്ധിലാണ് സ്ഥലം. അവിടേക്ക് എത്താനുള്ള ഇന്ധനം വിമാനത്തിലുേണ്ടാ? ഞാൻ പൈലറ്റിനോട് ചോദിച്ചു.
അവിടെ കഷ്ടിച്ച് എത്തിക്കാം സാർ... അദ്ദേഹം മറുപടി പറഞ്ഞു.
ഒാകെ, എന്നാൽ നമുക്ക് നവാബ്ഷായിലേക്ക് പോകാം.
സമയം 7.30 ആയപ്പോൾ, എനിക്ക് സൂചനകിട്ടി 45 മിനിറ്റിന് ശേഷം, നവാബ്ഷായിലേക്ക് പകുതി ദൂരം പിന്നിട്ടപ്പോൾ വിമാനത്തിലെ റേഡിയോ മുരണ്ടു. അതിലെ ശബ്ദം പെെട്ടന്ന് ഞങ്ങളുടെ പൈലറ്റിനോട് കറാച്ചിയിലേക്ക് മടങ്ങി അവിടെ ലാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷിക്കുന്ന ഇന്ധനവുമായി കറാച്ചിയിൽ തിരിച്ചെത്താനാവുമോ എന്ന കാര്യം പൈലറ്റിന് സംശയമായിരുന്നു. അദ്ദേഹം ഇന്ധനത്തിന്റെ അളവ് കണക്ക് കൂട്ടാൻ തുടങ്ങി. തന്റെ കണക്ക് കൂട്ടൽ ശരിയല്ലേ എന്ന് അതിനിടയിൽ അദ്ദേഹം ആശങ്കപ്പെട്ടു. പെെട്ടന്നുള്ള മനസ്സുമാറ്റത്തിൽ ഞങ്ങളാർക്കും പൂർണമായ ആശ്വാസം തോന്നിയില്ല.
ആരാണ് ഞങ്ങൾക്ക് അപ്രതീക്ഷിതമായി കറാച്ചിയിൽ ലാൻഡ് ചെയ്യാനുള്ള ഉത്തരവ് നൽകിയത്? എന്താണ് ഈ അവസാന നിമിഷ മനംമാറ്റത്തിന് കാരണം? പ്രശ്നം താഴെയാണ് –പക്ഷേ എവിടെ?
എന്താണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് ഉൗഹം നടത്തുമ്പോൾ പൈലറ്റ് പരിഭ്രമത്തോടെ തന്റെ കണക്ക്കൂട്ടുകയായിരുന്നു. കറാച്ചിയിലെ ഒരു സൈനിക ഡിവിഷന്റെ കമാൻഡർ മേജർ ജനറൽ മലിക് ഇഫ്തിഖാർ അലി ഖാൻ വിമാനവുമായി റേഡിയോ ബന്ധം സ്ഥാപിച്ചു. ‘‘ചീഫിനോട് മടങ്ങിവരാൻ പറയൂ, കറാച്ചിയിൽ ലാൻഡ് ചെയ്യൂ’’, അദ്ദേഹം പൈലറ്റിനോട് പറഞ്ഞു. ‘‘എല്ലാം ഇപ്പോൾ ശരിയായിട്ടുണ്ട്.’’
അപ്പോഴും സംശയാലുവായിരുന്ന ഞാൻ ഇഫ്തിഖാറിനോട് നേരിട്ട് സംസാരിച്ചു. ഇഫ്തിഖാർ തന്നെയാണ് സംസാരിക്കുന്നത് എന്ന് എനിക്കുറപ്പാക്കണമായിരുന്നു. അദ്ദേഹമായി സംസാരിക്കുന്നത് മറ്റൊരാളാവാനിടയുണ്ട്. തിരിച്ചുവിളിക്കാൻ അദ്ദേഹം നിർബന്ധിക്കപ്പെട്ടതല്ലെന്നും എനിക്കുറപ്പിക്കേണ്ടതുണ്ടായിരുന്നു. ഇതാദ്യമായിട്ടായിരുന്നു വിമാന റേഡിയോയിൽ കൂടി ഞാനാരോടെങ്കിലും സംസാരിക്കുന്നത്.
‘‘എവിടെയാണ് സേനാവിഭാഗം കമാൻഡർ?’’ ഞാൻ ചോദിച്ചു.
‘‘സാർ, സേനാവിഭാഗം കമാൻഡർ വി.ഐ.പി ലോഞ്ചിലുണ്ട്. അദ്ദേഹം താങ്കളെ കവാടത്തിൽ കാത്തുനിൽക്കുകയാണ്. ഞാനിവിടെ വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിലാണ്.’’
‘‘എന്താണ് പ്രശ്നം?’’
‘‘സാർ, എനിക്കറിയാം താങ്കൾക്ക് നടക്കുന്നതിനെപ്പറ്റി ഒരു വിവരവുമില്ലെന്ന്. പക്ഷേ, രണ്ട് മണിക്കൂർ മുമ്പ് താങ്കളുടെ വിരമിക്കൽ പ്രഖ്യാപിക്കുകയും െലഫ്റ്റനന്റ് ജനറൽ സിയാവുദ്ദീൻ ഭട്ടിനെ സൈനിക സ്റ്റാഫിന്റെ മേധാവിയാക്കുകയും ചെയ്തിട്ടുണ്ട്. അവർ ഇവിടെ ഇറക്കാതിരിക്കാൻ താങ്കളുടെ വിമാനം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ സൈന്യം നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. താങ്കൾ ഇപ്പോൾ തിരിച്ചു പറക്കൂ. ഞങ്ങൾ വിശദാംശങ്ങൾ പിന്നീട് നൽകാം.’’
എനിക്ക് കാര്യങ്ങൾ സംശയരഹിതമാക്കണമായിരുന്നു.
താങ്കൾക്ക് എന്റെ പട്ടികളുടെ പേര് പറയാമോ? ഞാൻ ചോദിച്ചു. കാരണം, അദ്ദേഹത്തിന് അതറിയാമെന്ന് എനിക്കറിയാം. ആരെങ്കിലും ഇഫ്തിഖാറായി നടിക്കുകയാണെങ്കിലും അഥവാ അദ്ദേഹത്തെക്കൊണ്ട് ഇത് ബലമായി ചെയ്യിക്കുകയാണെങ്കിലും ശരിയായ പേരുകൾ അദ്ദേഹത്തിന് പറയാനാവില്ല, അല്ലെങ്കിൽ പറയാതിരിക്കുകയോ ചെയ്യാം.
‘‘സാർ, ഡോട്ടിയും ബുഡ്ഡിയും.’’ അദ്ദേഹം മടിക്കാതെ ഉടൻ പറഞ്ഞു. ഈ പിരിമുറുക്കത്തിന്റെ മധ്യത്തിലും അദ്ദേഹത്തിന്റെ ശബ്ദത്തിലെ പുഞ്ചിരി എനിക്ക് കേൾക്കാമായിരുന്നു.
‘‘നന്ദി ഇഫ്തിഖാർ’’, ഞാൻ പറഞ്ഞു. മഹ്മൂദിനോടും അസീസിനോടും ആരും രാജ്യം വിട്ടുപോകുന്നില്ലെന്ന് പറയൂ. മഹ്മൂദ് അഹ്മദ് റാവൽപിണ്ടിയിലെ പത്താം കോർപ്സിന്റെ കമാൻഡറാണ്. മുഹമ്മദ് അസീസ് ഖാൻ ചീഫ് ഓഫ് ജനറൽ സ്റ്റാഫുമാണ്. ഇരുവരും െലഫ്റ്റനന്റ് ജനറൽമാരാണ്.
ഞാൻ തിരിച്ച് പൈലറ്റിനോട് ഇന്ധന അവസ്ഥയെപ്പറി ചോദിച്ചു. താങ്കൾക്ക് കറാച്ചിയിൽ എത്തിക്കാനാവുമോ?
നമ്മൾ പാതിവഴിയിലാണ്. നമുക്ക് എത്തിക്കാമെന്നേയുള്ളൂ. പക്ഷേ, സാർ, തീരുമാനം വേഗത്തിൽ എടുക്കണം. വഴിയിൽ എന്തെങ്കിലും പ്രക്ഷുബ്ധതയുണ്ടെങ്കിൽ വിമാനം തകരും.
എന്നാൽ, നമുക്കുടൻ തിരിച്ച് കറാച്ചിയിലേക്കു പോകാം, ഞാൻ പറഞ്ഞു.
നിങ്ങൾ ചിന്തിക്കുന്നതുപോലെ, അടുത്ത കുറച്ചു മിനിറ്റുകൾ ഉത്കണ്ഠയുടേതായിരുന്നു. ഒരു നേരിയ വ്യതിചലനം, ഒരു കാറ്റിന്റെ മാറ്റം, എെന്തങ്കിലും പ്രക്ഷുബ്ധത ഉണ്ടായാൽ ഞങ്ങളുടെ ഇന്ധനം തീരും, വിമാനം തകരും. എല്ലാം ആശ്രയിച്ചിരിക്കുന്നത് നിർവിഘ്നമായ ലാൻഡിങ്ങിനെയാണ്. ഞാൻ സീറ്റിലേക്ക് മടങ്ങി. സെഹ്ബ ഉത്കണ്ഠാവസ്ഥയിലാണ് എന്നുകണ്ടു. ഒരു ജീവനക്കാരി മങ്ങിയ മുഖവുമായി കടന്നുപോകുന്നത് സെഹ്ബ കണ്ടിരുന്നു. ‘‘അവൾ പ്രേതത്തെ കണ്ടപോലെ’’, സെഹ്ബ പറഞ്ഞു. എന്റെ പേഴ്സനൽ അസിസ്റ്റന്റ് എനിക്ക് സിഗരറ്റ് നീട്ടി. ഞാനത് സ്വീകരിച്ചു. നിശ്ചയമായും എന്തോ കുഴപ്പമുണ്ടെന്ന് സെഹ്ബക്കറിയാമായിരുന്നു. കാരണം ഞാൻ സാധാരണ സിഗരറ്റ് വലിക്കാറില്ല. ചുണ്ടുകൾക്കിടയിൽ സിഗരറ്റ് പുകഞ്ഞ്, കൈയിൽ പിസ്റ്റൾ ഇരിക്കുന്നതായ, പിന്നീട് എല്ലാ ടെലിവിഷൻ ചാനലുകളും ലോകമെമ്പാടും പ്രക്ഷേപണംചെയ്ത എന്റെ വിഡിയോ ദൃശ്യം പകർന്ന പ്രതിച്ഛായയിൽനിന്ന് നേർവിപരീതമായിരുന്നു വാസ്തവം. ഞങ്ങൾക്ക് പുകവലിക്കാൻ പാടില്ല. അതിനാൽ അടുത്തിരുന്ന സ്ത്രീയോട് ഞാൻ പുകവലിക്കുന്നതിൽ കുഴപ്പമുേണ്ടായെന്ന് ആരാഞ്ഞു. കറാച്ചി ഗ്രാമർ സ്കൂൾ പ്രിൻസിപ്പലായിരുന്നു അവർ. അവർ ദയാവായ്പും സഹിഷ്ണുതയുമുള്ളവരായിരുന്നു. എനിക്ക് ഒരു കപ്പ് ചായ ആരോ നീട്ടി. ഞാനത് അക്ഷരാർഥത്തിൽ വിഴുങ്ങി. അതും ഞാൻ സാധാരണ ചെയ്യാത്ത ഒന്നാണ്. ഇപ്പോൾ െസഹ്ബക്ക് വളരെ ഗൗരവമായതെന്തോ നടന്നിരിക്കുന്നുവെന്ന് ബോധ്യമായി. എന്താണ് സംഭവിച്ചതെന്ന് സെഹ്ബ ചോദിച്ചു. ലാൻഡ് ചെയ്യാൻ അനുവദിക്കാതിരുന്നതും ഇന്ധനം തീരുന്ന അവസ്ഥയിലായതും ഞാൻ പറഞ്ഞു. കാരണം എന്നെ പിരിച്ചുവിട്ടതും സിയാവുദ്ദീനെ പുതിയ തലവനായി പ്രഖ്യാപിച്ചതുമാണെന്ന് പറഞ്ഞു. വ്യക്തമായി നവാസ് ശരീഫ് തന്റെ നിയമവിരുദ്ധ നടപടിയെ ചോദ്യം ചെയ്യാൻ ഞാനവിടെയുണ്ടായിരിക്കരുതെന്ന് ആഗ്രഹിച്ചു. എനിക്ക് ഇപ്പോഴുമറിയാത്ത കാരണങ്ങളാലാണ് അതെന്ന് ഞാൻ സെഹ്ബയോട് പറഞ്ഞു. പക്ഷേ, നമ്മളിപ്പോൾ ലാൻഡ് ചെയ്യുകയാണ്. സെഹ്ബ ചകിതയായി. ദീർഘശ്വാസം വിടുന്നതിനും അലമുറയിടുന്നതിനുമിടയിലെ ഒരു ശബ്ദം ഞാനവളിൽനിന്ന് കേട്ടു. സെഹ്ബ പിന്നീട് എന്നോട് പറഞ്ഞു, എന്നെ സീറ്റിൽ കാണാത്തപ്പോഴും വിമാനം പ്രത്യേക രീതിയിൽ ചലിക്കുന്നതും കണ്ടപ്പോൾ – ആദ്യം താഴ്ന്ന്, പിന്നെ ഉയർന്ന്. പിന്നെ രണ്ടുവട്ടം വട്ടം തിരിഞ്ഞ് – അവർ ചിന്തിച്ചത് വിമാനം തകരാൻ പോകുന്നുവെന്നാണ്.
ഞങ്ങൾ ലാൻഡ് ചെയ്യുമ്പോൾ ഏഴു മിനിറ്റിനുവേണ്ട ഇന്ധനം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. കോർപ്സ് കമാൻഡർ െലഫ്റ്റനന്റ് ജനറൽ ഉസ്മാനി, ഡിവിഷൻ കമാൻഡർ ഇഫ്തിഖാർ എന്നിവരും മറ്റും സംശയത്തോടെയാണ് നിലകൊണ്ടത്. കാരണം ലാൻഡ് ചെയ്തശേഷം വിമാനം പഴയ വിമാനത്താവള ടെർമിനലിലേക്ക് നീക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്റെ സുരക്ഷാ ഉത്തരവാദിത്തമുള്ള, ഒപ്പം യാത്ര ചെയ്തിരുന്ന കമാൻഡോകൾ എന്നെ വാതിലിന് അടുത്തുചെല്ലാൻ സമ്മതിച്ചില്ല. അവർ ഒളിഞ്ഞുനിന്നുള്ള വെടിവെപ്പിനെ ഭയപ്പെട്ടു. അവർ രക്ഷാഭിത്തി തീർത്ത് സ്വയം മതിലായി നിന്നു. പക്ഷേ, കോർപ്സ് കമാൻഡറെ ഗോവണിയിൽ കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. അദ്ദേഹമാണ് വിമാനത്തിൽ ആദ്യം കടന്നുവന്നത്. സുരക്ഷിതമായ ലാൻഡിങ്ങിന് അദ്ദേഹം എന്നെ അഭിനന്ദിച്ചു. പിന്നെ സൈനികർ വന്നു എന്നെ വളഞ്ഞു നിന്നു. അവരെപ്പറ്റി എനിക്ക് വലിയ അഭിമാനം തോന്നി.
കാലുകൾ റൺവേയിൽ തൊടുമ്പോഴും സംഭവിച്ചതിന്റെ വിശദാംശങ്ങളെപ്പറ്റി എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. ജീവനോടെയിരിക്കുന്നതിൽ എനിക്ക് ആശ്വാസം തോന്നി. അതിനേക്കാൾ സെഹ്ബയും മറ്റ് യാത്രക്കാരും, പ്രത്യേകിച്ച് കുട്ടികൾ സുരക്ഷിതരായതിനാലാണ് കൂടുതൽ ആശ്വാസം തോന്നിയത്. ഈ മനോവേദനാജനകമായ നാടകത്തിലെമ്പാടും ഒരു ഓർമ മനസ്സിലേക്ക് അവ്യക്തമായി വന്നുകൊണ്ടിരുന്നു. അതിപ്പോൾ ശക്തമായി മുന്നിലേക്കുവന്നു. ഒമർ ഖയാമിന്റെ പ്രശസ്തമായ കാവ്യശകലമായിരുന്നു അത്:
ചലിക്കുന്ന വിരലുകൾ എഴുതുന്നു; എഴുതിക്കൊണ്ടേയിരിക്കുന്നു
നിന്റെ ഭക്തിക്കോ നർമോക്തികൾക്കോ
എഴുതപ്പെട്ട വരിയുടെ പാതിപോലും മായിക്കാനാവില്ല;
നിങ്ങളുടെ മുഴുവൻ കണ്ണീരിനും അതിലെ ഒരു വാക്കിനെയും മായ്ക്കാനാവില്ല.
റൺവേക്കറ്റത്ത് കാത്തുകിടന്ന കാറിലേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചു, ദൈവമേ, ഞാൻ എന്തിലേക്കാണ് പറന്നിറങ്ങിയിരിക്കുന്നത്?
♦
അനന്തരം: അടുത്തദിവസം പാകിസ്താൻ സൈന്യം നവാസ് ശരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.
പർവേസ് മുശർറഫിന്റെ ‘In The Line of Fire' എന്ന ആത്മകഥയിലെ Plane to Pakistan എന്ന അധ്യായത്തിന്റെ മൊഴിമാറ്റമാണിത്.