അനില്‍കുമാര്‍ എന്‍.എസ്: വേറിട്ട ദലിത് ചിന്തയുടെ പ്രയോക്താവ്
ഞാൻ വിദേശത്തായിരുന്ന കാലത്താണ് കേരളത്തിന്റെ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചു ഡി.എച്ച്.ആർ.എം (ദലിത് മനുഷ്യാവകാശ പ്രസ്ഥാനം) രൂപവത്കരിക്കപ്പെടുന്നത്. എന്നാൽ, സംഘടനയുടെ ആദ്യകാലത്തുതന്നെ അതിന്റെ പ്രധാന നേതൃശക്തികളിൽ ഒരാളായിരുന്ന അനില്‍കുമാര്‍ എന്‍.എസ് എന്ന തത്തുവുമായി (തത്തു അണ്ണന്) പരിചയപ്പെടാനും സംസാരിക്കാനും എനിക്ക് കഴിഞ്ഞിരുന്നു. വളരെപ്പെട്ടെന്നുതന്നെ അദ്ദേഹം ഒരു ഉറ്റസുഹൃത്തുകൂടിയായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും...
Your Subscription Supports Independent Journalism
View Plansഞാൻ വിദേശത്തായിരുന്ന കാലത്താണ് കേരളത്തിന്റെ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചു ഡി.എച്ച്.ആർ.എം (ദലിത് മനുഷ്യാവകാശ പ്രസ്ഥാനം) രൂപവത്കരിക്കപ്പെടുന്നത്. എന്നാൽ, സംഘടനയുടെ ആദ്യകാലത്തുതന്നെ അതിന്റെ പ്രധാന നേതൃശക്തികളിൽ ഒരാളായിരുന്ന അനില്‍കുമാര്‍ എന്‍.എസ് എന്ന തത്തുവുമായി (തത്തു അണ്ണന്) പരിചയപ്പെടാനും സംസാരിക്കാനും എനിക്ക് കഴിഞ്ഞിരുന്നു. വളരെപ്പെട്ടെന്നുതന്നെ അദ്ദേഹം ഒരു ഉറ്റസുഹൃത്തുകൂടിയായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ഞാൻ അക്കാലത്തുതന്നെ ശ്രദ്ധിച്ചത് സ്വന്തമായ ചിന്തയുടെ തെളിഞ്ഞ ബോധ്യങ്ങളായിരുന്നു. ദലിത് രാഷ്ട്രീയത്തെ ബുദ്ധദർശനവുമായി കൂട്ടിയിണക്കുന്ന സമീപനം അംബേദ്കറോളം പഴക്കമുള്ളതാണെങ്കിലും സ്വകീയമായ വഴിയിലൂടെ അതിനെ മനസ്സിലാക്കുന്ന പ്രായോഗിക നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അനുഷ്ഠാനത്തിന്റെ അംശങ്ങളെ തന്റേതായ രീതിയിൽ അതിലദ്ദേഹം ഉൾക്കൊള്ളിച്ചിരുന്നു. ‘പ്രാർഥനാ ബുദ്ധൻ’ എന്ന സങ്കൽപത്തിനു പകരം ‘പ്രാവര്ത്തികബുദ്ധ’നെന്നൊരു തനതായ ആരാധനാ വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തതും അനുയായികൾക്ക് പകർന്നുനൽകിയതും. കണ്ണ് തുറന്നിരിക്കുന്ന ബുദ്ധൻ (തച്ചന്) എന്നൊരു ബുദ്ധരൂപം വിഭാവനചെയ്യുകയും ശിൽപങ്ങളിലും ചിത്രങ്ങളിലും അത് ആലേഖനം ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. തീർത്തും യുക്തിവാദപരമായ നിലപാട് ഇത്തരം കാര്യങ്ങളിൽ ഇല്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ വഴിയും കാഴ്ചയുമായി മനസ്സിലാക്കാൻ വിഷമമുണ്ടായിരുന്നില്ല.
രാഷ്ട്രീയമായ നിരവധി പരീക്ഷണങ്ങൾ നേരിടേണ്ടിവന്ന തിക്തമായ ജീവിതത്തിലൂടെയാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹത്തിന്റെ അച്ഛന് നന്തന്‍കോട് സുകുമാരന്‍ ഒരു സാമൂഹികപ്രവര്‍ത്തകനും സാമൂഹിക പഠിതാവുമായിരുന്നു. തിരുവനന്തപുരത്ത് ബാബാസാഹേബ് അംബേദ്കറുടെ പേരില്‍ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് അദ്ദേഹമാണ്. പിതാവിന്റെ പാതയിൽ തത്തു കൂടുതൽ രാഷ്ട്രീയബോധ്യങ്ങളോടെ മുന്നോട്ടുപോവുകയായിരുന്നു എന്നതിനാലാവണം, എതിർപ്പുകളും ഭരണകൂട മർദനങ്ങളും പരാജയങ്ങളും അദ്ദേഹത്തെ തളർത്തിയില്ല.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് വിദ്യാർഥിയായിരുന്ന അദ്ദേഹം എഴുത്തുകാരന്, കവി, ചിത്രകാരന്, സംഗീതസംവിധായകൻ, ദലിത് ചിന്തകന്‍, ബുദ്ധിസ്റ്റ് സംഘാടകന്‍ തുടങ്ങി നിരവധി മേഖലകളിൽ തന്റെ സാന്നിധ്യം വ്യക്തമാക്കിയിരുന്നു. അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടാണ്. എസ്.സി-എസ്.ടി സ്റ്റുഡന്റ്സ് ഫെഡറേഷന്, തുടര്‍ന്ന് കേരള ദലിത് പാന്തേഴ്സ് (കെ.ഡി.പി), ബി.എസ്.പി തുടങ്ങിയ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചെങ്കിലും അദ്ദേഹത്തിനുള്ളിലെ ദാർശനിക രാഷ്ട്രീയബോധം സ്വതന്ത്രമായ ഒരു സംഘടന രൂപവത്കരിക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹം ആദ്യം ദലിത് കൾചറല്‍ ഫോഴ്സ് എന്ന സംഘടനയും പിന്നീട് 2007ൽ ഡി.എച്ച്.ആർ.എമ്മും രൂപവത്കരിക്കുന്നത്. അപ്പോൾ മുതൽ കനലെരിയുന്ന വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഉപജാതികള്‍ക്ക് അതീതമായി ദലിത് ജനതയെ കൂട്ടിയിണക്കുകയെന്നൊരു ധാരണയിലാണ് അദ്ദേഹം ബോധവത്കരണ ക്ലാസുകളിലൂടെയും സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സഞ്ചരിച്ചു പ്രവർത്തിച്ചത്. ഇത് കൂടുതൽ ജനകീയമാക്കാൻ 2009ല്‍ ‘സ്വതന്ത്ര നാട്ടുവിശേഷം’ എന്ന പേരില്‍ മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചു.
പാർശ്വവത്കൃതരുടെ സമരങ്ങൾ, അവ സ്വന്തം നേതൃത്വത്തിൽ ഉള്ളതല്ലെങ്കിലും ആത്മാർഥമായി പങ്കെടുക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്. മുത്തങ്ങ വെടിവെപ്പിനുശേഷം സെക്രേട്ടറിയറ്റിനു മുന്നില്‍ നടന്ന കുടില്‍കെട്ടി സമരത്തിന്റെ ആദ്യന്തം അദ്ദേഹം സമരത്തിനൊപ്പം ഉണ്ടായിരുന്നു. നിൽപുസമരത്തിന്റെ കാലത്ത് പല അഭിപ്രായവ്യത്യാസങ്ങളും പൊന്തിവന്നപ്പോൾ അതിൽ നിരാശനാകാതെ സമരപ്പന്തലിനു സമീപം പോയി രണ്ടു മണിക്കൂർ മനോഹരമായി ചെണ്ടകൊട്ടി തന്റെ ഐക്യദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചത് എന്റെ ഓർമയിലുണ്ട്.
അതിഭീകരമായ പൊലീസ് മർദനം നേരിട്ട പ്രസ്ഥാനമായിരുന്നു ഡി.എച്ച്.ആർ.എം. ആരും ഒപ്പം നിൽക്കാൻ ഇല്ലാതിരുന്ന സമയത്ത് ഗർഭിണികളായ സ്ത്രീകളടക്കമുള്ള ഡി.എച്ച്.ആർ.എം പ്രവര്‍ത്തകർ ക്രൂരമായ പൊലീസ് മർദനത്തിന് വിധേയമായതിന്റെ വേദനജനകമായ വാർത്തകളും വിവരണങ്ങളും ‘മാധ്യമം’ ആഴ്ചപ്പതിപ്പും പത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ആർ.പി. ഭാസ്കർ, ജെ. ദേവിക എന്നിവരും ചുരുക്കം ചില ധീരരായ മനുഷ്യാവകാശ പ്രവർത്തകരും മാത്രമാണ് അന്നവരെ സഹായിക്കാൻ കൂടെയുണ്ടായത്. അന്ന് ഒളിവിലും തെളിവിലും ജയിലിലുമായി ത്യാഗോജ്ജ്വലമായ നേതൃത്വപാടവമാണ് തത്തു പ്രകടിപ്പിച്ചത്.
പൊട്ടുതൊടാത്ത അയ്യൻകാളിയുടെ രേഖാചിത്രം അദ്ദേഹം വരക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ‘യജമാന് അയ്യന്‍കാളി’ എന്ന പേര് പ്രചാരത്തിൽ കൊണ്ടുവന്നതും അയ്യൻകാളിയുടെ ജീവചരിത്രം ആസ്പദമാക്കി ‘ഉയിരുണര്വ്’, ‘കറുത്ത കരുത്ത്’ എന്നീ ഓഡിയോ ആല്‍ബങ്ങളും ബാബാസാഹേബ് അംബേദ്കറുടെ ജീവചരിത്രം ഉപജീവിച്ച് ‘അറിവ് അടിമക്ക് അധികാരം’ എന്ന ഓഡിയോ ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട് അദ്ദേഹം. കൂടാതെ നേറ്റിവ് ബുദ്ധിസ്റ്റ് കലണ്ടർ, ദലിതർക്കിടയിൽ ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹോം സ്കൂൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ദലിത് മൂലധന സമാഹരണം ലക്ഷ്യമിട്ടു 2014ല്‍ അദ്ദേഹം സ്ഥാപിച്ചതാണ് 'നീഡ് ഗ്രൂപ്'. രണ്ടുതവണ പാർലമെന്റിലേക്കു മത്സരിച്ച ആദ്യം 5000വും പിന്നീട് 9000വും വോട്ടുനേടി ദലിത് വിഭാഗങ്ങൾക്കിടയിൽ തന്റെ സ്വാധീനം ഉറപ്പിച്ചിരുന്നു.
തത്തുവിന്റെകൂടി രാഷ്ട്രീയാനുഭവങ്ങൾ ഉപജീവിച്ചാണ് കവിയും ചലച്ചിത്രകാരനുമായ ജയൻ ചെറിയാൻ വിഖ്യാതമായ ‘പാപ്പിലിയോ ബുദ്ധ’ എന്ന സിനിമ സംവിധാനംചെയ്തത്. 1968 ഏപ്രില്‍ 30നു ജനിച്ച അദ്ദേഹം ഹൃദയസംബന്ധമായ അസുഖംമൂലം 2015 ജൂലൈ 18ന് നിര്യാതനായി. അഭ്യുന്നതിമാത്രം ലക്ഷ്യംെവച്ച് തന്റെ ഹ്രസ്വമായ ലോകജീവിതം സാമൂഹിക-ദാർശനിക പ്രവർത്തനങ്ങൾക്ക് പൂർണമായും ഉഴിഞ്ഞുെവച്ച അദ്ദേഹത്തിെന്റ ത്യാഗഭരിതമായ ജീവിതം ഓർമിക്കപ്പെടേണ്ടതുണ്ട്.