‘തോറ്റവരുടെ തത്ത്വചിന്തകർ’: ടി.എൻ. ജോയിയെ (നജ്മൽ എൻ. ബാബു) ഓർക്കുന്നു
‘‘മരിച്ചവർ ജീവിച്ചിരിക്കുന്നവരിൽ അതിജീവിക്കുന്നത് ഓർമകളായാണ്. മറവിക്ക് മാത്രമേ അവിടെ മരണത്തെ എത്തിക്കാനാവൂ. മറവി വിഴുങ്ങും വരെ മരിക്കാത്ത നക്ഷത്രങ്ങളായി ഓർമയിൽ പ്രകാശം ചൊരിയുന്ന’’ ഒരാളായി ടി.എൻ. ജോയിയെ (നജ്മൽ എൻ. ബാബു) ലേഖകൻ രേഖപ്പെടുത്തുന്നു.‘‘ഈ തുരുമ്പിച്ച ജയിൽപക്ഷിപത്രങ്ങൾക്ക് ഒരു സ്ഥിരംശല്യമായിരുന്നു.ഇനിയതുണ്ടാവില്ല’’● ടി.എൻ. ജോയ് (നജ്മൽ എൻ. ബാബു)-ഇ-മെയിൽ (4.07.2017)ലോകം ഭരിക്കുന്നത് ജയിച്ച അധികാരികളുടെ...
Your Subscription Supports Independent Journalism
View Plans‘‘മരിച്ചവർ ജീവിച്ചിരിക്കുന്നവരിൽ അതിജീവിക്കുന്നത് ഓർമകളായാണ്. മറവിക്ക് മാത്രമേ അവിടെ മരണത്തെ എത്തിക്കാനാവൂ. മറവി വിഴുങ്ങും വരെ മരിക്കാത്ത നക്ഷത്രങ്ങളായി ഓർമയിൽ പ്രകാശം ചൊരിയുന്ന’’ ഒരാളായി ടി.എൻ. ജോയിയെ (നജ്മൽ എൻ. ബാബു) ലേഖകൻ രേഖപ്പെടുത്തുന്നു.
‘‘ഈ തുരുമ്പിച്ച ജയിൽപക്ഷി
പത്രങ്ങൾക്ക് ഒരു സ്ഥിരം
ശല്യമായിരുന്നു.
ഇനിയതുണ്ടാവില്ല’’
● ടി.എൻ. ജോയ്
(നജ്മൽ എൻ. ബാബു)
-ഇ-മെയിൽ (4.07.2017)
ലോകം ഭരിക്കുന്നത് ജയിച്ച അധികാരികളുടെ തത്ത്വചിന്തയാണെങ്കിലും തോറ്റവർക്കുമുണ്ട് അവരുടേതായ ജൈവബുദ്ധികൾ (organic intellectuals). ജയപരാജയങ്ങളുടെ കമ്പോള മാനദണ്ഡങ്ങൾകൊണ്ട് അളന്നാൽ ഒരു പിടിയും തരാത്തവരാണവർ. ലളിതമായ വ്യാഖ്യാനങ്ങൾക്ക് വഴങ്ങാത്ത അത്തരമൊരു പ്രതിഭാസമായിരുന്നു ടി.എൻ. ജോയ്.
എത്ര ഓടിയിട്ടും പിന്നിട്ടു തീരാത്ത ഒരു വലിയ കാലത്തിന്റെ ഓർമയുടെ പേരാണത്, ടി.എൻ. ജോയ് അഥവാ നജ്മൽ എൻ. ബാബു. പുറത്തുനിന്നുള്ള നോട്ടത്തിൽ ഒരു പഴയ നക്സലൈറ്റ്, ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ മുൻ നക്സലൈറ്റ്. ഒടുവിലത്തെ ലാപ്പിൽ ടി.എൻ. ജോയ് എന്ന പേര് കാലത്തിലേക്ക് പൊഴിച്ചിട്ട് ഇസ്ലാം മതം സ്വീകരിച്ചു നജ്മൽ എൻ. ബാബു ആയി ‘ഹിന്ദു’ വാർപ്പുമാതൃകയിൽനിന്നും പേരുകൊണ്ടും വിടുതൽ നേടിയ കലാപകാരി. സ്വന്തം മരണം ഒരു സന്ദേശമാക്കി കാലത്തിന് മുമ്പേ പറന്ന പക്ഷി.
‘അമ്മ’ നാടകകാലത്ത് മധുമാഷാണ് ടി.എൻ. ജോയിയുടെ കൊടുങ്ങല്ലൂരിലെ താവളമായ ‘സൂര്യകാന്തി’യിലേക്ക് കൊണ്ടുപോകുന്നത്. പാർട്ടിക്കും സാംസ്കാരിക വേദിക്കും നടുവിൽ ‘അമ്മ’ നാടകവുമായി മധുമാഷ് അകപ്പെട്ട പ്രതിസന്ധിയുടെ കുരുക്കഴിക്കാനായിരുന്നു ആ യാത്ര.
മധുമാഷ് പറഞ്ഞുതന്ന ജയിൽജീവിതങ്ങളിൽനിന്നാണ് പല പേരുകളിൽ ജീവിച്ച ജോയ് എന്ന പേര് മനസ്സിൽ തറക്കുന്നത്. ജോയിയെപ്പോലെ മറ്റൊരാൾ പ്രസ്ഥാനത്തിൽ ഇല്ല എന്നത് മധുമാഷ് ഓർമകളുടെ മഴയിൽ പകർന്നുതന്ന ഒരു ജയിലറിവാണ്. അടിയന്തരാവസ്ഥക്കു ശേഷമുള്ള മധുമാഷും ടി.എൻ. ജോയിയും പഴയ നക്സലൈറ്റുകളായിരുന്നില്ല. ചാരുമജുംദാറിന്റെ ഉന്മൂലന ലൈൻ മുതൽ റഷ്യൻ ചൈനീസ് അൽബേനിയൻ കംബോഡിയൻ പാതകളെല്ലാം ഉപേക്ഷിച്ച മധുമാഷാണ് ജയിലിൽനിന്നും പുറത്തുവന്നത്. നിലവിലുള്ള പാർട്ടി പരിപാടികൾ ശരിയാണ് എന്ന ബോധ്യം ഇല്ലാത്തതുകൊണ്ട് തന്നെ അതിനെ മുൻനിർത്തിയുള്ള ഒരുതരം പാർട്ടി പ്രവർത്തനത്തിനുമില്ല എന്ന നിലപാടിലേക്ക് ജോയിയും വളരെ പെട്ടെന്ന് എത്തിച്ചേർന്നിരുന്നു.
സ്വന്തം തീരുമാനപ്രകാരം ജാമ്യമെടുത്ത് ജയിലിൽനിന്നും പുറത്തുവന്നതിന് മധുമാഷെ പാർട്ടിയിൽനിന്നും മാറ്റിനിർത്തിയിരുന്നു. എന്നാൽ, പുറത്തെത്തിയ മാഷ് വെറുതെയിരുന്നില്ല . വയനാട് സാംസ്കാരിക വേദിയുടെ ഭാഗമായി ആദ്യം ‘പടയണി’ നാടകം ചെയ്തു. അതിന്റെ കോഴിക്കോട് ടൗൺഹാളിലെ അവതരണത്തിനു ശേഷം മുത്തപ്പൻകാവ് കേന്ദ്രീകരിച്ച് ‘രണചേതന’ക്ക് തുടക്കമിട്ടു. ആ പ്രദേശം തന്നെ മാഷിനൊപ്പം നിന്ന് രൂപം കൊടുത്ത രണചേതനയുടെ ചരിത്രം ഇനിയും അടയാളപ്പെടുത്തേണ്ടതായാണിരിക്കുന്നത്. മുത്തപ്പൻകാവ് ജങ്ഷനിലെ നടനും തുന്നൽക്കാരനായ രാഘവൻ മേസ്തിരിയും പച്ചക്കറിക്കട നടത്തുന്ന ബാബുവും കരിമ്പനപ്പാലത്തെ നടനും നാടകകൃത്തുമൊക്കെയായ കെ.വി. ദേവ് എന്ന വാസുവും സംഗീത സംവിധായകനായ പുരന്തര ദാസുമൊക്കെ എന്തിനും മാഷിന് കൂട്ടായുണ്ടായിരുന്നു. പച്ചക്കറിക്കട നടത്തുന്ന ബാബുവിന്റെ കടക്ക് പിറകിലെ കൊച്ചുമുറി നന്നാക്കിയെടുത്താണ് ചേതന ലൈബ്രറിയും വജ്റ ഫിലിം സൊസൈറ്റിയുമൊക്കെ ഉണ്ടാക്കിയത്. വജ്റ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയുടെ ചുമതലയായിരുന്നു എന്നെയേൽപിച്ചത്. അതൊരു പരീക്ഷണക്കളരിയായിരുന്നു.
കാൾ മാർക്സിന്റെ 1844ലെ തത്ത്വചിന്താ കുറിപ്പുകളും ടാഗോറുമായിരുന്നു മധുമാഷെ ആ കാലത്ത് ആവേശിച്ച വേദനസംഹാരി. സാംസ്കാരികവേദിയുടെ ആദ്യ സമ്മേളനത്തിൽ തന്നെ നയരൂപവത്കരണ കരട് രേഖക്ക് മാഷ് ഒരു ബദൽ നയം അവതരിപ്പിച്ചിരുന്നു. മുത്തപ്പങ്കാവിലെ അമ്മയുടെ തറവാട് വീടിന്റെ ഇരുണ്ട തട്ടുമ്പുറത്തിരുന്ന് മാഷ് പറയുന്നത് പകർത്തിയെഴുതി കൊടുക്കുന്ന ജോലി എന്നെയായിരുന്നു ഏൽപിച്ചത്. എഴുതുമ്പോൾ സ്വാഭാവികമായി വരുന്ന സംശയങ്ങൾക്ക് മാഷ് നൽകിയ മറുപടികളായിരുന്നു എനിക്ക് കിട്ടിയ രാഷ്ട്രീയ ശിക്ഷണം.
രാഷ്ട്രീയമാണ് ആധിപത്യത്തിൽ (politics in command) എന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രമാണ് അധികാരത്തിൽ വന്ന സ്ഥലത്തെല്ലാം പാർട്ടി സെക്രട്ടറിയുടെ അധികാരമായി മാറിയത്. അത് സ്വന്തം അണികളെ തന്നെ കൊന്നൊടുക്കുന്ന അധികാര രാഷ്ട്രീയത്തിനാണ് വഴിയൊരുക്കിയത്. അതിനു പകരം സംസ്കാരം ആധിപത്യത്തിൽ (culture in command) എന്നതാവണം വേദിയുടെ തത്ത്വശാസ്ത്രമെന്നും മാഷ് വാദിച്ചു. പാർട്ടിയിൽനിന്നും സാംസ്കാരിക വേദി തീർത്തും സ്വതന്ത്രമാകണമെന്നതായിരുന്നു മാഷ് ഉപസംഹരിച്ചത്. യുവ മാർക്സിനെയും ടാഗോറിനെയുമൊക്കെ ഉദ്ധരിച്ച് ചിട്ടപ്പെടുത്തിയ ആ രേഖ സാംസ്കാരിക വേദിയുടെ പ്രഥമ സമ്മേളനത്തിൽ ഒരാളുടെ പോലും പിന്തുണ കിട്ടാതെ നിഷ്കരുണം തള്ളിപ്പോയി. പ്രസംഗവേദിയിൽ െവച്ച് തന്റെ സഖാക്കളാൽ അപമാനിക്കപ്പെട്ട് കണ്ണീരോടെയാണ് മാഷ് മടങ്ങിയെത്തിയത്. പാർട്ടി ചാരുമജുംദാറിന്റെ ഉന്മൂലന ലൈനിലും, രാഷ്ട്രീയം ആധിപത്യത്തിലെ മാവോചിന്തയുടെ പ്രാമാണ്യത്തിലും അടിയുറച്ചു വിശ്വസിക്കുന്ന കാലമായിരുന്നു. പാർട്ടിയെ ധിക്കരിച്ച് സാംസ്കാരിക വേദിക്കകത്ത് പരസ്യശബ്ദമുയർത്തുകയെന്നത് ആർക്കും ചിന്തിക്കാനുമാകില്ലായിരുന്നു. ചിന്താക്കുറ്റത്തിന്റെ ശിക്ഷ ബാഷ്പീകരണമാണെന്ന് അറിയാത്തവരില്ലായിരുന്നു.
1978 ഡിസംബർ 1, 2 തീയതികളിൽ കോഴിക്കോട് ടൗൺഹാളിലായിരുന്നു ‘അമ്മ’ നാടകത്തിന്റെ അരങ്ങേറ്റം. സെപ്റ്റംബറിൽ കോഴിക്കോട് മഹാരാജ പാലസ് എന്ന ലോഡ്ജിന്റെ മട്ടുപ്പാവിൽ തുടക്കമിട്ട റിഹേഴ്സൽ ക്യാമ്പ് അടിയന്തരാവസ്ഥക്ക് ശേഷമുള്ള എല്ലാവിധ സാംസ്കാരിക ഉണർച്ചകളുടെയും കേന്ദ്രമായിരുന്നു. ആദ്യ പ്രദർശനത്തിന്റെ വിജയത്തെ തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള 250ലേറെ വേദികളിലെ അവതരണത്തിനൊപ്പമാണ് ജനകീയ സാംസ്കാരിക വേദി വ്യവസ്ഥാപിത രാഷ്ട്രീയ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് വളരുന്നത്. നവീന ഇടതുപക്ഷത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തിനാണ് അത് ദിശാബോധമുണ്ടാക്കിയത്.
‘രണചേതന’ പാർട്ടിയുടെ നിയന്ത്രണത്തിലാക്കുന്നതിനോട് മധുമാഷിന് ഒട്ടും യോജിപ്പില്ലായിരുന്നു. എന്നാൽ, പാർട്ടിയും പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജനകീയ സാംസ്കാരിക വേദിയുമാണ് ‘അമ്മ’ നാടകത്തിന് വേദികൾ ഒരുക്കിയിരുന്നത്. അതുണ്ടാക്കിയ സംഘർഷങ്ങൾ പല രൂപത്തിൽ പുകഞ്ഞിരുന്നു. സാങ്കേതികമായി ടി.എൻ. ജോയ് ജനകീയ സാംസ്കാരിക വേദിയുടെ സംഘടനാപരമായ ഭാഗമായിരുന്നില്ലെങ്കിലും എന്നും അതിന്റെ പ്രചോദന കേന്ദ്രമായിരുന്നു. ജോയിയുടെ ജയിൽ സൗഹാർദങ്ങളിൽ മധുമാഷിന് ഒരു പ്രധാന ഇടമുണ്ടായിരുന്നു. അരാജകവാദത്തിന്റെ പേരിൽ മധുമാഷ് നിശിതമായി വിമർശിക്കപ്പെട്ടപ്പോഴും ജോയ് അദ്ദേഹത്തെ തള്ളിപ്പറയാൻ കൂട്ടാക്കിയിരുന്നില്ല. ‘‘മധുമാഷില്ലാത്ത ഒരിന്ത്യൻ വിപ്ലവത്തിനും താനില്ല’’ എന്ന ജോയിയുടെ പ്രഖ്യാപനം അങ്ങനെ ഉണ്ടായതാണ്. മധുമാഷും ജോയിയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു പരിധിവരെ പാർട്ടിയിൽനിന്നും സാംസ്കാരിക വേദിയിൽനിന്നും വേറിട്ടുനിന്നുകൊണ്ട് തന്നെ ‘അമ്മ’ നാടകവുമായി മുന്നോട്ടുപോകാൻ മധുമാഷെ പ്രാപ്തനാക്കി. അതിൽ മാഷെ സഹായിക്കാൻ ജോയ് എത്രമാത്രം ഇടപെട്ടു എന്നെനിക്കറിയില്ലെങ്കിലും ജോയിയുടെ നിലപാട് അദ്ദേഹത്തെ ഒറ്റക്ക് മുന്നോട്ടു നടക്കാൻ കരുത്തനാക്കുകയായിരുന്നു.
രാഷ്ട്രീയപ്രവർത്തനത്തെ ടി.എൻ. ജോയ് തന്റേതായ രീതിയിൽ പുതുക്കിപ്പണിയുകയായിരുന്നു. ഇടപെടലുകളുടെ ഒരു നീണ്ട പരമ്പരയാണത്. ജയിൽമോചിതനായശേഷം കൊടുങ്ങല്ലൂരിൽ സ്ഥാപിച്ച സൂര്യകാന്തി ലൈബ്രറിയിലൂടെയാണ് ജോയ് തന്റെ വേറിട്ട രാഷ്ട്രീയശൈലിക്ക് തുടക്കമിട്ടത്. ‘സൂര്യകാന്തി’യാണ് കേരളത്തിൽ ‘ന്യൂ െലഫ്റ്റ് റിവ്യൂ’വും ‘മന്ത്ലി റിവ്യൂ’ മാസികയും ‘വെഴ്സോ’, ‘മന്ത്ലി റിവ്യൂ’ പ്രസിദ്ധീകരണങ്ങളുടെ പുസ്തകങ്ങൾ ജനകീയമാക്കിയത്. അങ്ങനെ അതാർക്കും ലഭ്യമാകുന്ന സ്ഥിതിയുണ്ടായി. യൂനിവേഴ്സിറ്റി ലൈബ്രറികളുടെയും വാങ്ങൽശേഷിയുള്ള ഏതാനും രാഷ്ട്രീയബുദ്ധിജീവികളുടെയും കസ്റ്റഡിയിലിരുന്ന ജ്ഞാനത്തിന്റെ കേന്ദ്രീകരണത്തെ പൊളിച്ചടുക്കുകയാണ് ജോയ് ആദ്യം നടത്തിയ വിപ്ലവം. ‘‘മന്തൻ തലകളെ വെളിച്ചംകൊണ്ട് ആക്രമിക്കുക’’ എന്നതായിരുന്നു ജനകീയ സാംസ്കാരിക വേദിയുടെ ആദ്യകാലത്ത് ഏറ്റവും കൂടുതൽ മുഴക്കപ്പെട്ട ഒരു മുദ്രാവാക്യം.
വിലകൂടിയ പുസ്തകങ്ങൾ ആർക്കും ലഭ്യമാക്കിക്കൊണ്ടുള്ള ജോയിയുടെ ഇടപെടൽ സൈദ്ധാന്തിക പ്രയോഗത്തിന് ഒരു അടിത്തറ പണിയുന്ന ഒരു രാഷ്ട്രീയ ദൗത്യംതന്നെയായിരുന്നു. അതിന്റെ തുടർച്ചയായാണ് വേദിയുടെ പതനത്തിനുശേഷം സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസും അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ രൂപംകൊള്ളുന്നത്. എന്നാൽ, ജോയ് ഹൃദയത്തോട് ചേർത്തുെവച്ച് അവസാനംവരെ കൊണ്ടുനടന്നത് അടിയന്തരാവസ്ഥ തടവുകാരുടെ അന്തസ്സ് പുനഃസ്ഥാപിക്കുവാനുള്ള പോരാട്ടമായിരുന്നു. അടിയന്തരാവസ്ഥയിലെ പോരാട്ടങ്ങൾ സ്വാതന്ത്ര്യസമരമായി അംഗീകരിക്കണമെന്നും തടവുകാർക്ക് പെൻഷൻ അനുവദിക്കണമെന്നുമുള്ള ആവശ്യമുയർത്തി ജയിൽപക്ഷികളുടെ ഒരു കൂട്ടായ്മക്ക് തന്നെ അത് രൂപമേകി. അടിയന്തരാവസ്ഥപോലൊരു കരിനിയമം നമ്മുടെ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ അക്കാലത്തെ കോൺസൻട്രേഷൻ ക്യാമ്പുകളിലൊന്നായ തിരുവനന്തപുരം ശാസ്തമംഗലത്തെ പീഡനഗൃഹം ഒരു മ്യൂസിയമാക്കി ഭാവി തലമുറക്ക് തുറന്നുകൊടുക്കണമെന്നും അടിയന്തരാവസ്ഥ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കേരളം മാറിമാറി ഭരിച്ചവർക്ക് മുന്നിൽ ജോയ് ആവശ്യമുന്നയിച്ചിരുന്നു. അതിനായി അവസാന കാലംവരെ ശബ്ദമുയർത്തുകയും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മുന്നിൽ എന്നും ശല്യക്കാരനായ ഒരു ഭിക്ഷാംദേഹിയുടെ വേഷം കെട്ടുകയുംചെയ്തു. രണ്ടും പരാജയപ്പെട്ടു പോയി. തോറ്റുപോയ ഒരന്ത്യാഭിലാഷത്തിന്റെ അടിക്കുറിപ്പെന്നോണമാണ് 2017 ജൂലൈ 4ന് ഇനി ‘‘ശല്യപ്പെടുത്തലുണ്ടാവില്ല’’ എന്ന ഇ-മെയിൽ ജോയ് അടുത്ത സുഹൃത്തുക്കൾക്ക് അയക്കുന്നത്. എന്നിട്ടും മറ്റു വിഷയങ്ങളിലുള്ള ഇ-മെയിൽ ഇടപെടലുകളും ഫോൺവിളികളും ജോയ് അവസാനിപ്പിച്ചില്ല. മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് വരെ അതു തുടർന്നു.
ആലപ്പുഴ ചീങ്ങോലിയിലെ മൈത്രേയന്റെ ആശ്രമം അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടായി മാറ്റിയ ‘കമ്യൂൺ’ ജീവിതകാലത്താണ് ടി.എൻ. ജോയിയെ അടുത്തറിയുന്നത്. ടി.കെ. രാമചന്ദ്രൻ, ബി. രാജീവൻ, സച്ചിദാനന്ദൻ, ടി.കെ. രാമചന്ദ്രൻ, സേതു, ഭാസുരേന്ദ്രബാബു, എ. സോമൻ, പി.സി. രവി, കവിയൂർ ബാലൻ, കെ. രാജീവൻ, അരുൺ, ജോയ് മാത്യു, ദേവസ്സിക്കുട്ടി, ടി.കെ. മുരളീധരൻ, എ. സോമൻ... സൊസൈറ്റി മീറ്റിങ് കഴിഞ്ഞ് മറ്റ് തൊഴിലുകൾ ഉള്ളവരൊക്കെ പിരിഞ്ഞുപോയാലും അവിടെ മിക്കവാറും ബാക്കിയാകുന്നത് മൈത്രേയനും ജോയിയും ഞാനുമായിരുന്നു. മൈത്രേയനും ജയശ്രീയും തമ്മിലുള്ള പ്രണയകാലം കൂടിയായിരുന്നു അത്. അത്യപൂർവമായ ആവിഷ്കാരങ്ങളുടെ ഒരു ഖനിയായിരുന്നു ജോയ്. ഒരു നോവൽ എഴുതിയിരുന്നെങ്കിൽ അത് ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറ്റാണ്ടി’നൊപ്പം നിൽക്കാവുന്ന ഒരു രചനയായിരിക്കും ജോയിയിൽനിന്നുണ്ടാവുക എന്ന് ചിങ്ങോലിക്കാലത്ത് സേതു നിരീക്ഷിച്ചിരുന്നത് ഓർക്കുന്നു. എന്തുകൊണ്ട് സാഹിത്യം എഴുതുന്നില്ല എന്ന് ചോദിച്ചപ്പോൾ ‘‘സച്ചിദാനന്ദൻ കവിതയെഴുതുമ്പോൾ ഞാനെന്തിന് എഴുതണം’’ എന്ന് അഹംബോധത്തിന്റെ ഹ്രസ്വദൃഷ്ടികളെ പൊളിച്ചടുക്കുന്ന മറുപടിയാണ് കിട്ടിയത്. ‘‘എന്തിനാണ് രണ്ട് സച്ചിദാനന്ദൻ’’ എന്ന്. അതായിരുന്നു ജോയിയുടെ രീതി. അതുപോലൊരാളെ മറ്റൊന്ന് പിന്നെ കാണാൻ കഴിഞ്ഞിട്ടേയില്ല.
ജോയ് പിൽക്കാലത്ത് എഴുതിയ നൂറുകണക്കിന് കൊച്ചുകൊച്ചു കുറിപ്പുകളിലും എസ്.എം.എസ്സുകളിലുമായി ഒരു സൂക്ഷ്മപ്രപഞ്ചം ചിതറിക്കിടപ്പുണ്ട്. ആത്മകഥയും തത്ത്വചിന്തയും സാഹിത്യവും ഇടകലർന്നൊഴുകുന്ന ഒരു വെളിപാട് പുസ്തമാകുമത് മുഴുവനായും ഒന്നിച്ചുവെച്ചാൽ. അതിനിയും മുന്നോട്ടുപോകേണ്ടതായാണിരിക്കുന്നത്.
മൊബൈൽ ഫോൺ കൈവന്ന കാലം മുതൽ ഏത് പാതിരാക്കും ജോയിയുടെ ഒരു ഫോൺ പ്രതീക്ഷിക്കാമായിരുന്നു. സമയം നോക്കിയല്ല, പറയാൻ തോന്നുന്നതെപ്പോഴാണോ അതാണ് ജോയിയുടെ സമയം. അനിഷ്ടം പ്രകടിപ്പിച്ച് ഒന്നും മിണ്ടാതെ നിന്നാലും പറയാനുള്ളത് മുഴുവനും പറഞ്ഞേ ഫോൺ വെക്കൂ. പിന്നെ ഉപസംഹരിക്കും.
‘‘ചന്ദൂ, നീ ഇനി ഫോൺ വച്ചോടാ’’ എന്ന്.
ആ പിന്തിരിഞ്ഞു നിൽക്കലുകൾ കുറ്റബോധം നിറഞ്ഞ വേദനയാണിപ്പോൾ. ആ വലിയ ജീവിതം പെരുവഴിയിലുപേക്ഷിച്ച് എത്ര ചെറിയ ജീവിതത്തിലേക്കാണ് ഞങ്ങളൊക്കെ തിരിച്ചുപോയത് എന്നോർത്താൽ മനസ്സ് നീറും. പിന്നെ വീണ്ടും ദൈന്യംദിനത്തിന്റെ തൽക്കാലങ്ങളിൽ ലയിച്ച് ജോയിയെ മറന്ന് ജീവിതം തുടരും.
എല്ലാവർക്കും വേണമായിരുന്നു എങ്കിൽ ജോയ് ഇപ്പോഴും ഈ ലോകത്തുണ്ടാകുമായിരുന്നു എന്നിപ്പോൾ തോന്നുന്നു. സ്വന്തം ലോകങ്ങളിലേക്ക് തിരിച്ചുപോയ എല്ലാവർക്കും മതിയായി എന്ന ബോധ്യമാകാം ജോയിയെ ‘ഇനി മതി’ എന്ന സ്വച്ഛന്ദമൃത്യുവിന് പ്രേരിപ്പിച്ചിരിക്കുക. കാൾ മാർക്സിെന്റ മരുമകനും തത്ത്വചിന്തകനുമായ, (രണ്ടാമത്തെ മകൾ ലാറയുടെ ഭർത്താവ്) പോൾ ലഫാർഗിന്റെ മരണം നൽകുന്ന പ്രലോഭനത്തെക്കുറിച്ച് ജോയ് പലപ്പോഴും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ജനങ്ങൾക്കും വിപ്ലവ പാർട്ടികൾക്കും വേണ്ടാത്ത ജീവിതം പാഴാണെന്ന് കണ്ട് ഉപേക്ഷിച്ച ലഫാർഗിന്റെ ആത്മഹത്യയോട് എന്നും ജോയിക്ക് ഒരഭിനിവേശമുള്ളതായി തോന്നിയിട്ടുണ്ട്.
ഒസ്യത്തനുസരിച്ച് കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മരണാനന്തരം തന്നെ അടക്കണമെന്ന് നജ്മൽ ബാബുവായി മാറിയ ജോയ് പള്ളിക്കമ്മിറ്റിയെ എഴുതി അറിയിച്ചിരുന്നു. എന്നാൽ, അത് നടന്നില്ല. മതപരമായ ചടങ്ങുകളില്ലാതെ തറവാട്ടുവളപ്പിൽ സംസ്കരിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ‘അഭിമാനിയായ യാചകൻ’ (proud begger)’ എന്ന് സ്വയം വിശേഷിപ്പിച്ച ഒടുവിൽ സ്വന്തം രാഷ്ട്രീയ തീരുമാനപ്രകാരം മതം മാറി നജ്മൽ എൻ. ബാബു അങ്ങനെ എരിഞ്ഞടങ്ങി. അഭിമാനിയായ യാചകൻ എന്ന് വെറുതെ പറയുന്നതല്ല. വീടുകളിലേക്ക് തിരിച്ചുപോയി സൗകര്യങ്ങളിൽ ജീവിക്കുന്ന കൂട്ടുകാരുള്ളപ്പോൾ പണിയെടുത്ത് ജീവിക്കില്ല എന്ന വാശിയായിരുന്നു ജോയിക്ക്. കിട്ടുന്നതുകൊണ്ട് ജീവിക്കുന്ന യാചന അന്തസ്സായി കൊണ്ടുനടന്ന ഭിക്ഷുക്കളുടെ പാതയായിരുന്നു ജോയിയുടേത്. ഒന്നും കിട്ടിയില്ലെങ്കിൽ പട്ടിണികൊണ്ടും എന്നപോലെ ഭിക്ഷുക്കളുടെ ജീവിതമായിരുന്നു അത്. കൂടുതൽ കിട്ടിയാൽ അപ്പോൾതന്നെ അത് ആവശ്യക്കാർക്ക് കൊടുക്കാനും അതേപോലെ ഒരു മടിയുമില്ലായിരുന്നു. സ്വകാര്യസ്വത്ത് സമ്പൂർണമായും ഉന്മൂലനം ചെയ്ത ഒരു ജീവിതമായിരുന്നു അത്.
ഒരായുസ്സ് ജോയിക്കൊപ്പം നിന്ന പി.സി. ജോസിയുടെ പുസ്തകപ്രസാധക സംഘം പുറത്തിറക്കിയ ‘അപൂർണയുടെ ഭംഗി’ എന്ന അവസാന പുസ്തകം ആ ജീവിതത്തിന് ചേർന്ന ആമുഖമാണ്. അതിന് ആയുഷ്കാല നേട്ടത്തിനുള്ള ഒരു പുരസ്കാരം നിർമിച്ച് നൽകാനുള്ള ചുമതല എന്നെയും ദീദിയെയും ഒരിക്കൽ ഏൽപിച്ചിരുന്നു. അത് പല കാരണങ്ങളാൽ നീണ്ട് ഇല്ലാതായി. ജോയിയുടെ രചനകളുടെ ഒരു സമഗ്ര സമാഹാരം ഉണ്ടായതുമില്ല. പുറത്തുവന്നത് എഡിറ്റ് ചെയ്ത് ചുരുക്കിയ രൂപമാണ്.
അവസാനം ജോയ് ഇടപെട്ട കേസ് കന്യാസ്ത്രീകൾക്ക് കിട്ടേണ്ട നീതിയുടെ വിഷയമാണ്. അതിപ്പോഴും കിട്ടാക്കനിയാണ്.
‘‘പാപത്തെ വെറുത്താലും പാപിയെ ഉപേക്ഷിക്കരുത്’’ എന്ന വചനത്തിന്റെ ഓർമപ്പെടുത്തൽ ആ ജീവിതത്തിന്റെ ബാക്കിപത്രമാണ്. ആ വചനത്തിന്റെ ബലത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ജോയ് തന്റെ അവസാനത്തെ ‘നൈതിക ജാഗ്രതയുടെ സുവിശേഷങ്ങളി’ൽ വ്യക്തമാക്കി. ‘അപൂർണതയുടെ ഭംഗി’ എന്ന അവസാന പുസ്തകത്തിലെ പിൻകുറിപ്പിൽ ജോയ് സ്വയം എന്തെന്ന്, എന്തായിരുന്നുവെന്ന് പറഞ്ഞുെവച്ചിട്ടുണ്ട്:
‘‘മടിയൻ, ജീവിതത്തിൽനിന്നും അവധിയെടുക്കാതെ ചെയ്തു തീർന്നത്. പണിതീർന്ന ദൈവമല്ല ഒരു മനുഷ്യനും. ദൈവമാകാനും കഴിയില്ല ആർക്കും. പിഴവുകൾ സ്വയം നിർമിക്കുന്ന ജീവിയാണ് മനുഷ്യർ.’’
അതപൂർണമാണ്. ഒരു ബൃഹദ് ടി.എൻ. ജോയ് സമാഹാരം മലയാളത്തിൽ ഉണ്ടാകേണ്ടതുണ്ട്. ആ ജീവിതം പറച്ചിലുകളിൽ ഉൾക്കാഴ്ചകളുടെ ഒരു ഖനിയുണ്ട്. അത് നഷ്ടപ്പെടുത്താൻ അനുവദിച്ചുകൂടാ. അങ്ങനെ ജീവിതത്തിന്റെ ബഹുസ്വരതക്ക് വളമാകാൻ സമർപ്പിച്ച ജീവിതങ്ങൾ വിരളമാണ്.
‘‘കണ്ണീരും രോഷവും ഒതുക്കിവെച്ചു –സമരപ്പന്തൽ മാത്രം ബാക്കിവെച്ചു കുറവിലങ്ങാട്ടേക്ക് മടങ്ങിയ മലയാളി മങ്കമാരുടെ ഓർമക്കായി! (വിനയകുട്ടി ഇന്ന് -സെപ്. 27/ 2018ന് എടുത്ത പടം’’
(ഇതാണ് അവസാനമായി വന്ന ജോയിയുടെ ഇ-മെയിൽ സന്ദേശം. അഞ്ചുനാൾ പിന്നിട്ട് 2018 ഒക്ടോബർ 2ന് ജോയിയുടെ മരണവാർത്തയാണ് പിന്നെ തേടിയെത്തിയത്).
ലിയോ ടോൾസ്റ്റോയ് തന്റെ ‘ഐവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന കൊച്ചു നോവൽ അവസാനിപ്പിക്കുന്നത് ഒരാളുടെ മരണത്തോടെ ഇല്ലാതാകുന്നത് മരണംതന്നെയാണ് എന്ന അറിവാണത്. മരിച്ചവർ ജീവിച്ചിരിക്കുന്നവരിൽ അതിജീവിക്കുന്നത് ഓർമകളായാണ്. മറവിക്ക് മാത്രമേ അവിടെ മരണത്തെ എത്തിക്കാനാവൂ. മറവി വിഴുങ്ങും വരെ ജോയിയും മധുമാഷുമൊക്കെ മരിക്കാത്ത നക്ഷത്രങ്ങളായി ഓർമയിൽ പ്രകാശം ചൊരിയും. ജനസഞ്ചയത്തിന്റെ ബഹുസ്വരതയുടെ രാഷ്ട്രീയമാണ് ജോയ് സ്വന്തം ജീവിതംകൊണ്ട് എഴുതിയത്.