''തൊട്ടുമുന്നിൽ തന്നെയുണ്ട് തടവറ''; യു.എ.പി.എ ചുമത്തപ്പെട്ട് ഭരണകൂടം ജയിലിലടച്ച എസ്. ഡാനിഷ് സംസാരിക്കുന്നു
ഞാന്‍ ജനിച്ചത് പാലക്കാട് ആണ്. അമ്മവീട് മങ്കരയിലാണ്. നഴ്സറി വരെ അവിടെയാണ് പഠിച്ചത്. അച്ഛന്റെ കുടുംബം പാലക്കാട്ടുനിന്ന് കാഞ്ചീപുരത്തേക്ക് താമസം മാറിയിരുന്നു. സ്കൂള്‍തലം പ്ലസ് ടു വരേക്കും കാഞ്ചീപുരത്താണ് പഠിച്ചത്. പിന്നീട് അച്ഛന് സുഖമില്ലാതെ വന്നപ്പോള്‍ കോയമ്പത്തൂര്‍ വന്നു. അവിടെയാണ് കോളജിൽ ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചത്. പാലക്കാട് അമ്മവീടായതുകൊണ്ട് കേരളത്തിലെ അതിനോട് ചേര്‍ന്ന പ്രദേശങ്ങളൊക്കെ എനിക്ക് അറിയാം. 2018 ഒക്ടോബര്‍ അഞ്ചിന്...
Your Subscription Supports Independent Journalism
View Plansഞാന്‍ ജനിച്ചത് പാലക്കാട് ആണ്. അമ്മവീട് മങ്കരയിലാണ്. നഴ്സറി വരെ അവിടെയാണ് പഠിച്ചത്. അച്ഛന്റെ കുടുംബം പാലക്കാട്ടുനിന്ന് കാഞ്ചീപുരത്തേക്ക് താമസം മാറിയിരുന്നു. സ്കൂള്‍തലം പ്ലസ് ടു വരേക്കും കാഞ്ചീപുരത്താണ് പഠിച്ചത്. പിന്നീട് അച്ഛന് സുഖമില്ലാതെ വന്നപ്പോള്‍ കോയമ്പത്തൂര്‍ വന്നു. അവിടെയാണ് കോളജിൽ ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചത്. പാലക്കാട് അമ്മവീടായതുകൊണ്ട് കേരളത്തിലെ അതിനോട് ചേര്‍ന്ന പ്രദേശങ്ങളൊക്കെ എനിക്ക് അറിയാം. 2018 ഒക്ടോബര്‍ അഞ്ചിന് മലപ്പുറം നെല്ലിപ്പുഴയില്‍ ബസ് കയറാന്‍ നിന്നപ്പോഴാണ് പെട്ടെന്ന് കുറെ ആളുകള്‍ വന്ന് പൊതിഞ്ഞത്. തോക്കു ചൂണ്ടി സംസാരിച്ചിട്ട് പിടിച്ചുകൊണ്ടു പോയി. എന്നിട്ട് എസ്.പി ഓഫിസില്‍ ഇരുത്തി. അന്യായമായ അറസ്റ്റ് ആയിരുന്നു. അറസ്റ്റ് തന്നെയാണോ എന്നുപോലും നിശ്ചയമില്ലായിരുന്നു. കാരണം, രാവിലെ ആറുമണിക്ക് പാലക്കാട് എസ്.പി ഓഫിസില്‍ എത്തിയിട്ട് അറസ്റ്റ് ചെയ്ത വിവരം ആരെയെങ്കിലും അറിയിക്കാനോ വക്കീലുമായി സംസാരിക്കാനോ അവസരം തന്നിരുന്നില്ല. അതുകൊണ്ട് കോടതിയില്‍ ഹാജരാക്കുന്നതു വരെ ഞാന്‍ ഭക്ഷണം കഴിക്കുന്നില്ലെന്നു പറഞ്ഞ് വെള്ളംപോലും കുടിക്കാതെ ഇരുന്നു. രാത്രി മുഴുവന്‍ സമയവും വിലങ്ങിട്ടാണ് ഇരുത്തിയത്. സന്ധ്യക്കു ശേഷം തമിഴ്നാട് ക്യൂ ബ്രാഞ്ചും മറ്റും വന്നു. ഇങ്ങനെ അൺ ഒഫീഷ്യല്‍ ആയി അറസ്റ്റ് ചെയ്ത് കൊണ്ടുവന്നിട്ട് വക്കീലിനോടും മറ്റും സംസാരിക്കാനുള്ള ഒരവസരവും തരാതെ നിങ്ങളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും മറ്റും അവര്‍ കാണിച്ചു തന്നു. അങ്ങനെ അറസ്റ്റിനെക്കുറിച്ച് ഉറപ്പു വരുത്തിയിട്ടാണ് രാത്രി 10 മണിയായപ്പോൾ ഞാന്‍ ഭക്ഷണം കഴിക്കാൻ തയാറായത്.
പിറ്റേദിവസം കോടതിയില്‍ ഹാജരാക്കി. പിന്നെ ഒന്നിന് പിറകെ ഒന്നായി കേസുകള്‍ കെട്ടിവെച്ചു. 11 കേസുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 10 എണ്ണവും തമിഴ്നാട്ടില്‍ ഒന്നും. എല്ലാറ്റിനും ജാമ്യം കിട്ടി 2020ല്‍ പുറത്തിറങ്ങുന്ന സമയത്താണ് ജയില്‍മുറ്റത്ത് വെച്ച് വീണ്ടും അറസ്റ്റ് നടക്കുന്നത്.
ആദ്യമായാണ് ഞാന്‍ ജയിലില്‍ കയറുന്നത്. ഒരു പെറ്റി കേസ് പോലും മുമ്പ് ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സമരം ചെയ്ത വകയില്‍ ചില കേസുകള്‍ ഉണ്ടായതൊഴിച്ച്. പൊതുവെ ജയിൽ എന്നത് അടിച്ചമർത്താനുള്ളതാണ്. ഇന്ത്യയില്‍ അത് ഫ്യൂഡലിസത്തിലും ജാതിയിലും അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട് ഉറപ്പിച്ച ഒന്നാണ്. അവിടെ കടക്കുമ്പോൾ ആദ്യംതന്നെ നമ്മുടെ വ്യക്തി എന്ന ഐഡന്റിറ്റി പോകും. ഒന്നുകില്‍ എടാ എന്ന് അല്ലെങ്കില്‍ തെറിവാക്ക് വിളിച്ചിട്ട് -ഇങ്ങനെയാണ് അവര്‍ നമ്മളെ അഭിസംബോധന ചെയ്യുന്നത്. ജയില്‍ മാനുവലില്‍ പറയുന്നത്, ഒന്നുകില്‍ അയാളുടെ പേര് അല്ലെങ്കില്‍ നമ്പര്‍ വിളിച്ച് മാന്യമായി സംസാരിക്കണമെന്നാണ്. അപ്പോള്‍ ജയിലിനുള്ളിലെ ആദ്യത്തെ പോരാട്ടം ഇതിനെതിരെയായിരുന്നു. എന്നെ എന്റെ പേര് വിളിച്ച് സംസാരിക്കാന്‍ വേണ്ടി.
അടുത്ത വിഷയം അഡ്മിഷന് സമയത്ത് തടവുകാരെ സാധാരണയായി അവര്‍ കാലില്‍ അടിച്ചാണ് കയറ്റുന്നത്. രാഷ്ട്രീയ തടവുകാരായതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് അത് പ്രശ്നമുണ്ടാക്കും എന്നതുകൊണ്ട് നമ്മളെ അടിക്കില്ല. പക്ഷേ മറ്റ് കീഴ്വഴക്കങ്ങളാണ്. അവിടത്തെ ഗാര്‍ഡ് ഒഫീഷ്യല്‍ ആണ് നമുക്ക് നിയമങ്ങള്‍ പറഞ്ഞുതരുന്നത്. വെരിഫിക്കേഷനു വേണ്ടി സൂപ്രണ്ടിന്റെ മുറിയില്‍ പോകുമ്പോള്‍ ഷർട്ട് അഴിക്കണമെന്നും മറ്റും. ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് പുറത്തുണ്ടെങ്കില്‍ അത് കാണിക്കാന്‍ വേണ്ടി നമുക്ക് ഷര്‍ട്ട് അഴിക്കാം. ഇതങ്ങനെയല്ല. പഴയ ജന്മിയുടെ മുന്നില്‍ നില്ക്കുംപോലെ റാന്‍ മൂളി നില്‍ക്കണം. സൂപ്രണ്ട് നമ്മളെ ഒന്ന് നോക്കുക പോലുമില്ല. ബ്രിട്ടീഷുകാരുടെ കാലത്തെ ഫ്യൂഡലിസം അതേപടി ഉണ്ട്. ഓരോ ജയിലിനും ഓരോ കീഴ്വഴക്കങ്ങളാണ്.
ആദ്യം കണ്ണൂര്‍ ജയിലിലായിരുന്നു. അവിടെ രണ്ടു മാസമേ ഉണ്ടായിരുന്നുള്ളൂ. അവിടെ രാഷ്ട്രീയ തടവുകാരെ മറ്റ് തടവുകാരുമായി ഇടപഴകാന്‍ അനുവദിക്കാതെ സെപ്പറേറ്റ് ആക്കി പാർപ്പിക്കുകയാണ് ചെയ്യുന്നത്. അവിടത്തെ 10ാം ബ്ലോക്ക് സൈക്കോളജിക്കൽ ഗുളിക കഴിക്കുന്ന മെന്റല്‍ പേഷ്യന്റ്സും പണിഷ്മെന്റ് കിട്ടിയിട്ടുള്ള തടവുകാരും പാര്ക്കുന്നയിടമാണ്. അവിടെയാണ് എന്നെ ആദ്യം കൊണ്ടുപോയി ഇട്ടത്. കണ്ണൂര്‍ ജയില്‍ എന്നത് സി.പി.എം പാര്‍ട്ടി ജയില്‍ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ എല്ലാ ജീർണതകളും അവിടെയുണ്ട്. അവരുടെ നമ്മളോടുള്ള സംസാരവും മറ്റിടപെടലുകളും വളരെ മോശം രീതിയിലായിരുന്നു. ആദ്യത്തെ പ്രശ്നം പേര് വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞപ്പോഴായിരുന്നു. എം.ആര്. രാജീവന് എന്നു പറയുന്ന ഒരു ഡി.പി.ഒ, ഷർട്ടിനു കുത്തിപ്പിടിച്ചിട്ട് "നീയാരാടാ, നിന്നെയെന്തിനാണ് പേര് വിളിക്കുന്നത്. നീ കഞ്ചാവാണ്. ആ പേരിൽ നിനക്ക് എതിരെ ഞാൻ കേസ് എടുപ്പിക്കും'' എന്നൊക്കെ സംസാരിച്ച് വിഷയമാക്കി. നമ്മുടെ കൈയില്‍ ആകെയുള്ള ആയുധം സമരമാണ്. അവിടെയും നിരാഹാരം കിടന്നു. അപ്പോൾ അടുത്ത ഒരു കേസ് വന്നു. പാലക്കാട് കോടതിയിലായിരുന്നു അത്. അതില്‍ എന്നെ കസ്റ്റഡിയില്‍ കൊണ്ടുപോവുന്നു. നിരാഹാരം കിടക്കണമെങ്കില്‍ സൂപ്രണ്ടിന് ഇന്ന കാരണംകൊണ്ട് നിരാഹാരം കിടക്കുന്നുവെന്ന് അപേക്ഷ എഴുതിക്കൊടുക്കണം. അത് ചെയ്തു. പക്ഷേ, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജയിലില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടതിക്ക് നിരാഹാരത്തെപ്പറ്റി അറിയില്ല. കോടതിയില്‍ കൊണ്ടുചെല്ലുമ്പോള്‍ സാധാരണ രാഷ്ട്രീയ തടവുകാർ മുദ്രാവാക്യം വിളിക്കും. പക്ഷേ, അവിടത്തെ ജഡ്ജി ഞാൻ മുദ്രാവാക്യം വിളിക്കുന്നതുകൊണ്ട് എന്നെ കേള്‍ക്കില്ല എന്ന നിലപാടാണ് എടുത്തത്. പാലക്കാട് ജില്ല കോടതിയിലെ സെഷൻസ് ജഡ്ജി ഇന്ദിര എനിക്ക് പറയാനുള്ളത് കേൾക്കാതെ ഭക്ഷണം കഴിക്കാന്‍ ഉപദേശിച്ചുകൊണ്ട് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞാന്‍ ഭക്ഷണം കഴിക്കാന്‍ നിന്നില്ല. അങ്ങനെ ആരോഗ്യം മോശമായപ്പോള്‍ അട്ടപ്പാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടന്ന് തൃശൂര്‍ ആശുപത്രിയിലും കൊണ്ടുപോയി. പിന്നെ കസ്റ്റഡി കഴിയുന്ന എട്ടാമത്തെ ദിവസം ജഡ്ജി നേരിട്ടുവന്നു കാര്യങ്ങളൊക്കെ സംസാരിച്ചു. എന്നെ മർദിച്ച ആള്‍ക്കെതിരെ കേസെടുക്കണമെന്നും പിന്നെ തടവുകാര്‍ അനുഭവിക്കുന്ന മറ്റ് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമെല്ലാം ഞാന്‍ പറഞ്ഞു. പാലക്കാട് സബ് ജയിലില്‍ തടവുകാര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉടനെ അവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് ഞാൻ അറിഞ്ഞിരുന്നത്. അതുൾപ്പെടെ ഞാൻ ജഡ്ജിന്റെ ശ്രദ്ധയിൽപെടുത്തി. എന്റെ പ്രശ്നത്തില്‍ വക്കീലിനെ വെച്ചു കേസുമായി മുന്നോട്ടുപോകാമെന്നും നിരാഹാരം പിൻവലിക്കണമെന്നും അഭ്യർഥിച്ചു. അത് മാനിച്ച് ഞാൻ നിരാഹാരം പിൻവലിച്ചു. പക്ഷേ, ഞാന്‍ ആ ജയിൽ ഉദ്യോഗസ്ഥനെതിരെ കേസ് കൊടുക്കാനൊന്നും പോയില്ല. പാലക്കാട് വിഷയത്തില്‍ ഇതുവരെ നടപടികളൊന്നുമായിട്ടില്ലെന്നാണ് എനിക്ക് വിവരം കിട്ടിയത്. തടവുകാരുടെ കാര്യത്തിൽ നിയമസംവിധാനങ്ങൾ പുലർത്തുന്ന നിസ്സംഗമായ സമീപനമാണ് ഇതെല്ലാം വെളിവാക്കുന്നത്.
അവിടന്ന് അവര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ആക്കി. അവിടെ ഒരു ബ്ലോക്കില്‍ ഒരു രാഷ്ട്രീയ തടവുകാരന് ഉണ്ടെങ്കില്‍ നമ്മളെ ആ ബ്ലോക്കില്‍ ഇടില്ല. മറ്റൊരു ബ്ലോക്കില്‍ ഒരു സെല്ലിൽ ഒരു കൂട്ടിലായിരുന്നു എന്നെ ഇട്ടത്. കൂട് എന്നാൽ ഗ്രില്‍ ഇട്ടിരിക്കും. ആ ഗ്രില്ലിനുള്ളില്‍ അഞ്ച് സെല്‍ ഉണ്ടാകും. സെല്‍ തുറക്കും. ഗ്രില്‍ തുറക്കില്ല. ഗ്രില്ലിനുള്ളില്‍ നമുക്ക് നടക്കാം. പണിഷ്മെന്റ് സെല്‍ ആണത്. പുതുതായി വരുന്ന അസുഖമുള്ളവരെയും പണിഷ് ചെയ്തവരെയും ആ കൂട്ടിലിട്ട് കുറെ നാള് നിരീക്ഷിച്ച ശേഷമാണ് സാധാരണപോലെ പാര്‍പ്പിക്കുന്നത്. 'ഡി' ബ്ലോക്ക് ആയിരുന്നു. അതും സൈക്കോളജിക്കൽ പേഷ്യന്റ്സിനെ ഇടുന്ന സ്ഥലമാണ്. നമുക്ക് എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാല്‍ പ്രത്യേക അനുവാദം വാങ്ങണം. ഒരു ഉദ്യോഗസ്ഥന് വന്ന് ഗ്രില്‍ തുറന്ന് നമ്മളെവിടെ പോകുന്നോ അവിടെയെല്ലാം കൂടെ വരും. സാധാരണയായി പുതിയ ആള് വന്നാല്‍ ഇങ്ങനെ ഉണ്ടാകാറില്ല. അവരെ അഡ്മിഷന് ബ്ലോക്കില്‍ ഇടുകയാണ് പതിവ്. അവിടെനിന്നും എന്നെ പിന്നീട് 'സി' ബ്ലോക്കിലേക്ക് മാറ്റി.
ഒരു ജനാധിപത്യ രാജ്യത്ത് ജയിലുകൾ എന്നത് ചെയ്ത തെറ്റുകൾ തിരുത്താനുതകുന്നവയാകണം. എന്നാൽ, ഇവിടത്തെ ജയിലുകളിൽ തെറ്റുതിരുത്താനോ പുനരധിവാസത്തിനോ ഉള്ള ഒരു സാധ്യതയും ഒരു ജയിലിലുമില്ല. എല്ലാം യാന്ത്രികമാണ്. അവിടെനിന്നും ആറുമാസം കഴിഞ്ഞപ്പോള്‍ വിയ്യൂര്‍ അതിസുരക്ഷ ജയിലിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലെ ആദ്യത്തെ അതിസുരക്ഷാ ജയിലാണ്. അതും കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നൊക്കെ പറയുന്ന സി.പി.എമ്മിന്റെ കാലത്താണ് അത്തരമൊരു ജയിലുണ്ടാക്കുന്നത്. ഇത് ഭരണനേട്ടമായിട്ടൊക്കെ കാണുന്നത് വളരെ മോശം കാര്യമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജയിലുകള്‍ ഇല്ലാതാക്കുക അല്ലെങ്കില്‍ കുറച്ചുകൊണ്ടുവരുക എന്നതാണ് അതിന്റെ സത്ത. മറിച്ച് ഇവിടെ, പുതിയ പുതിയ ജയിലുകള്‍ തുറക്കുകയാണ്. അതൊരു ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ആയിട്ടാണ് അവര്‍ കണക്കാക്കുന്നത്. ഹൈ സെക്യൂരിറ്റി ജയിലിന്റെ നിർമാണത്തില്‍ അഴിമതിയുണ്ടെന്നു പറഞ്ഞിട്ട് കേസുണ്ട്. നമ്മള് ആദ്യമായി അതിനകത്തേക്ക് കയറുമ്പോൾ അത്യാവശ്യമുള്ള ഒരു സാധനവും അകത്തേക്ക് കയറ്റിയിട്ടില്ല. ആദ്യത്തെ പ്രശ്നം നമ്മളെ ന്യൂഡ് ആയിട്ട് നിര്‍ത്തി ചെക്ക് ചെയ്യണമെന്നതായിരുന്നു. മലദ്വാരത്തിലൂടെ നിരോധിച്ച എന്തെങ്കിലും ഞാന്‍ കടത്തുന്നുണ്ടോ എന്നവര്‍ക്ക് അറിയണം. അതും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും അവർ തന്നെ കൊണ്ടുവന്ന ഞാന്‍. നിയമത്തില്‍ ഇല്ലാത്തതാണ് അത്. സ്ട്രിപ്പിങ് ചെയ്യാന്‍ പാടില്ല. ഫ്രിസ്കിങ് ചെയ്യാം. ഫ്രിസ്കിങ് ചെയ്യുമ്പോള്‍ സംശയകരമായി തോന്നിയാലാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണെങ്കില്‍ ഒരു കാബിനുണ്ട്. അവിടെ നമുക്കൊരു മുണ്ട് തരും. അതുടുത്ത് ഇന്നര്‍ വരെ ഊരി അവിടെയുള്ള ഒരു ലൈറ്റില്‍ കാണിക്കണം. എന്‍.ഐ.എ, യു.എ.പി.എ ആളുകളെയാണ് ആദ്യമായി അതിസുരക്ഷാ ജയിലിലേക്ക് കയറ്റിവിടുന്നത്. അങ്ങനെ ചെന്നപ്പോഴാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായത്. സാധനങ്ങള്‍ ഒന്നും തരില്ല. പുതപ്പോ ഒന്നും കിട്ടില്ല. ഒരു ബക്കറ്റ്, 1 മൊന്ത, 2 പ്ലേറ്റ്, പായ, ജമക്കാളം. ഇത്രയുമാണ് കിട്ടുന്നത്. 24 മണിക്കൂറും പൂട്ടിയിടുകയാണ്. നമുക്കാവശ്യമുള്ള ഭക്ഷണംപോലും വാങ്ങാന്‍ പറ്റില്ല. മറ്റ് ജയിലുകളെപ്പോലെ പൊതുവായ ടോയ് ലറ്റ് ഒന്നുമല്ല. മുറിക്കുള്ളിലാണ് ടോയ് ലറ്റ്. അതും ആ ടോയ് ലറ്റും കവര്‍ ചെയ്തിട്ടാണ് കാമറ വെച്ചിട്ടുള്ളത്. ലൈബ്രറി, ഡോക്ടർ അങ്ങനെയുള്ള മറ്റ് സൗകര്യങ്ങളൊന്നുമില്ല. ഭക്ഷണംപോലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊണ്ടുവന്നിട്ടാണ് തരുന്നത്. ആദ്യമായി നമ്മള് ജയിലിലേക്ക് വരുമ്പോള്‍ ഒരു ഡോക്ടറെ കണ്ട് എന്തെങ്കിലും അസുഖങ്ങളുള്ള ആളാണെങ്കില്‍ മരുന്ന് കുറിച്ച് തരുകയൊക്കെ ചെയ്യും. അത്തരം ഒരു സൗകര്യങ്ങളും അവിടെയില്ല. 24 മണിക്കൂറും പൂട്ടിയിടുക എന്നൊരുദ്ദേശ്യം മാത്രമാണാ ജയിലിനുണ്ടായിരുന്നത്. പിന്നീട് രൂപേഷ് നിരാഹാര സമരം തുടങ്ങി. മറ്റുള്ളവരും കൂടെ സഹകരിച്ചു. ചിലര്‍ കോടതിയില്‍ പോയി. അങ്ങനെയാണ് ഓരോരോ സൗകര്യങ്ങള്‍ അവിടെ വന്നത്. അപ്പോള്‍ സാധാരണ ആള്‍ക്കാര്‍ക്ക് എന്നല്ല, ഒരു ജഡ്ജിക്കുപോലും ജയിലിനെക്കുറിച്ചുള്ള പൊതുവായ ധാരണ എന്ന് പറയുന്നത് മനുഷ്യരെ കൊണ്ടുപോയി പട്ടിക്കൂട് പോലൊന്നില്‍ പൂട്ടിയിടുക എന്നതാണ്.
പരാതി കൊടുത്തപ്പോൾ ഡി.ജി.പി വന്ന ശേഷം കുറച്ച് റിലാക്സ് ആയി. കുറച്ച് മണിക്കൂര്‍ തുറന്നുവിടണം, ഒരു നിശ്ചിത ഇടം വരേക്കും നടക്കാം. വാസ്തവത്തില്‍ അത് പോലും അത്ര വിസ്താരമില്ല. ഒരു 750 ചതുരശ്ര മീറ്റര്‍. അത്രയേ ഉള്ളൂ മൊത്തം ജയില്‍ കോമ്പൗണ്ട് ചുറ്റിയാല്‍. അതിനുള്ളില്‍ അഡ്മിനിസ്ട്രേഷന് കെട്ടിടവും ജയിൽ കെട്ടിടവുമല്ലാതെ പണിക്ക് പോകാന്‍പോലും മറ്റൊരു സ്ഥലമില്ല. പിന്നെ തറ മൊത്തം ടൈല്‍ ആണ്. ഇരുമ്പിന്റെ കട്ടിലുകള്‍ ഉണ്ടായിരുന്നു. 30 എണ്ണം മാത്രമേ അലോട്ട് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. രണ്ടാമത് ഒരു സൂപ്രണ്ട് വന്നപ്പോള്‍ ഉണ്ടായ ഒരു വിഷയത്തില്‍ അതും പിന്‍വലിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നമുക്ക് തറയില്‍ സിമന്റിന് താഴെ കുമ്മായം ഇട്ടിട്ടുണ്ടാകും. അതായത് തടവുകാര്‍ക്ക് ആ തണുപ്പടിച്ച് വാതം കയറി മരിക്കണം. ഈ ഉദ്ദേശ്യമാണുള്ളത്. അതേപോലെ തന്നെ നമ്മുടെ ആള്‍ക്കാര്‍ക്ക് ഈ തണുത്ത തറയില്‍ കിടന്നാല്‍ വാതം പിടിക്കും. എല്ലാവരും ഇപ്പോള്‍ തറയിലാണ് കിടക്കുന്നത്.
യു.എ.പി.എ തടവുകാര്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞല്ലോ. അവിടെ പണിയെടുക്കാനായിട്ട് ആദ്യം ഓപണ്‍ ജയിലില്‍നിന്നാണ് ആളുകളെ കൊണ്ടുവന്നത്. പിന്നെ ഡി.ജി.പി വന്നതിനുശേഷം അവിടത്തെ ഗ്രൗണ്ട് ഒക്കെ വെട്ടിത്തെളിച്ച് കൊണ്ടുവന്നത് ഇബ്രാഹിം സഖാവാണ് (മാവോവാദി ബന്ധം ആരോപിച്ചു ആറു വർഷം തടവിൽ കഴിഞ്ഞ വിചാരണ തടവുകാരനാണ് ഇബ്രാഹിം. ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി നിരവധി കാമ്പയിനുകൾ നടന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിൽ ജയിലിനകത്ത് വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് കേരള ഹൈകോടതി അദ്ദേഹത്തിന് ജാമ്യം നൽകിയത്). പിന്നെ ഞങ്ങളൊക്കെക്കൂടി ഗ്രൗണ്ടും കാന്റീനും അങ്ങനെയുള്ള സൗകര്യങ്ങളൊക്കെ കുറേശ്ശയായി വന്നു. സാധാരണ ഒരു ജയിലിലേക്ക് പുതുതായി എത്തുമ്പോൾ ഒരു സംഘര്‍ഷമുണ്ടാകും. പിന്നെ അത് അയഞ്ഞയഞ്ഞു വരും. ഇവിടെയും അങ്ങനെ തന്നെ ആയിരുന്നു. അയഞ്ഞു വന്നപ്പോഴാണ് സൂപ്രണ്ട് മാറിയിട്ട് കുറച്ച് ആർ.എസ്.എസ് ചായ്വുള്ള മറ്റൊരു സൂപ്രണ്ട് വരുന്നത്. അയാള്‍ വന്നതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. അയാൾ വരുന്ന വിവരം അറിഞ്ഞപ്പോൾതന്നെ, ഇനി എല്ലാവരും കൈയില്‍ ചരടുകെട്ടി നെറ്റിയില്‍ കുങ്കുമവും തൊട്ട് നടന്നോ, എങ്കില്‍ മേസ്തിരിയാവാം എന്നൊരു മെസേജ് എല്ലായിടത്തും പരന്നു. കൈയില്‍ ചരടും നെറ്റിയില്‍ കുങ്കുമവുമുള്ള ആളുകളുടെ എണ്ണം കൂടി. അവരൊക്കെ മേസ്തിരികളായി. മൊത്തത്തില്‍ ഒരു വർഗീയ ഛായ പരന്നു. അതിനു മുമ്പ് അങ്ങനെ ഒരു വർഗീയ മനോഭാവമോ അല്ലെങ്കില്‍ മേസ്തിരി പട്ടമോ അവിടെയില്ലായിരുന്നു.
ആ സാഹചര്യത്തിലാണ് അത്തവണത്തെ സ്വാതന്ത്ര്യദിനം വരുന്നത്. ആഗസ്റ്റ് 15നു പതാകയുയർത്തുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ നമ്മളോട് വന്നു പ്രകോപനപരമായി സംസാരിച്ചു. നിങ്ങളൊക്കെ ഭീകരവാദ കേസിലുള്‍പ്പെട്ട ആളുകളാണ്. നിങ്ങള്‍ നാളെ പരിപാടിക്ക് വരുമോ ഇല്ലയോ എന്നൊക്കെ. ഞങ്ങള്‍ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു. പിന്നെ അന്ന് മുതല്‍ പത്രം, മറ്റ് സൗകര്യങ്ങള്‍ എല്ലാം നിലച്ചു. മുഴുവന്‍ സമയവും പൂട്ടിയിട്ടു. രണ്ടു ദിവസങ്ങളോളം പത്രങ്ങളില്‍ ഞങ്ങള്‍ എൻ.ഐ.എക്കെതിരെ മുദ്രാവാക്യം വിളിച്ചു, പതാകയുയർത്തുമ്പോള്‍ ചടങ്ങ് അലങ്കോലപ്പെടുത്തി, പതാകയെ നിന്ദിച്ചു തുടങ്ങി നിറയെ വാര്‍ത്തകള്‍ വന്നു തുടങ്ങി. സൂപ്രണ്ട് ഒരു കത്തിലൂടെ നിങ്ങള്‍ ഇത്തരം കാര്യങ്ങളൊക്കെ ചെയ്തു, അതുകൊണ്ട് നിങ്ങള്‍ക്ക് ഇത്തരം സൗകര്യങ്ങളൊക്കെ നിഷേധിച്ചു. അതില്‍ നിങ്ങള്‍ക്ക് എന്താണ് അഭിപ്രായം എന്ന് ഓരോരുത്തരോടും ചോദിച്ചു. ഏറ്റവും ഒടുവിലാണ് ഞാന്‍ പോകുന്നത്. സാധാരണ ജയിലില്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാകും. ആ തടവുകാരന് നോട്ടീസ് കൊടുത്തു വരുത്തും. എന്നിട്ട് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു പരിഹരിക്കും. ഇതാണ് നിയമം. അങ്ങനെ ഒരിടത്തും ഉണ്ടാകാറില്ലെങ്കിലും. മറിച്ച്, പ്രശ്നമുണ്ടായാല്‍ ആളുകളെ തല്ലിച്ചതച്ച് പൂട്ടിയിടുകയാണ് എല്ലായിടത്തും നടക്കുന്ന കാര്യം. രാഷ്ട്രീയ തടവുകാര്‍ ആയതുകൊണ്ട് ഞങ്ങളെ വിളിച്ചുവരുത്തി. അപ്പോള്‍ സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറുമ്പോള്‍ ചെരിപ്പ് ഊരിയിട്ട് കയറിയാലേ എനിക്ക് സംസാരിക്കാനുള്ളത് കേള്‍ക്കൂ എന്ന് പറഞ്ഞു. അവര്‍ ചെരിപ്പ് ഊരിയിട്ടല്ല അതിനകത്ത് ഇരിക്കുന്നത്. ചെരിപ്പൂരിയിട്ടേ ജന്മിയുടെ മുന്നില്‍ നില്ക്കാവൂ എന്നുള്ള ഒരു ഫ്യൂഡല്‍ ബോധമാണ് അവർക്കുള്ളത്. ഇന്നും ഇപ്പോഴും തമിഴ്നാട്ടില്‍ എന്റെ നാട്ടില്‍ ഉയർന്ന ജാതിയിലുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍, ദലിതർ അതുവഴി പോയാല്‍, ചെരിപ്പിട്ടു നടന്നു കൂടാ. അങ്ങനെ ഇട്ടവരെ തല്ലിക്കൊന്ന ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ചെരിപ്പ് ഊരില്ല, ചെരിപ്പ് ഊരിയാലേ നിങ്ങള്‍ എന്നെ കേള്‍ക്കൂ എങ്കില്‍ എനിക്കത് ആവശ്യമില്ല എന്ന് പറഞ്ഞു ഞാന്‍ തിരിച്ചുപോന്നു. വീണ്ടും പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു. പിന്നെ വിഷയം കോടതിയിൽ വന്നു. കോടതി ജയിലിനുള്ളിലെ വിഡിയോ ഫുട്ടേജ് ആവശ്യപ്പെട്ടു. അത് നോക്കുമ്പോള്‍ നമ്മള് പരിപാടി അലങ്കോലപ്പെടുത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ അതില്‍ കാണാനില്ല. അപ്പോള്‍ നമുക്കെതിരെ കൃത്രിമമായി ഒരു തെളിവ് ഉണ്ടാക്കി അങ്ങനെയൊക്കെ ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് പണിഷ് ചെയ്യുകയാണ്. ഇതാണ് പുതിയ സൂപ്രണ്ട് വന്ന ഉടനെ ചെയ്തത്. തടവുകാരെ നഗ്നരാക്കി ദേഹപരിശോധന നടത്തരുതെന്നും തടവുകാരുടെ സ്വകാര്യതയെ ലംഘിക്കുംവിധം സെല്ലുകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ നീക്കം ചെയ്യണമെന്നും എൻ.െഎ.എ കോടതി ജഡ്ജി മുമ്പ് ഉത്തരവിട്ടിരുന്നു. അതേ ജഡ്ജിയാണ് ഈ ഹരജിയും പരിഗണിച്ചത്. കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കണ്ട ജഡ്ജി ഈ കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയിലേക്കു റഫർ ചെയ്തു. ജയിൽസൂപ്രണ്ട് തടവുകാർ ചെയ്യാത്ത കുറ്റം ആരോപിച്ചു ശിക്ഷിക്കുകയും കളവായ ആരോപണങ്ങൾ വെച്ചുകൊണ്ട് തടവുകാർക്കെതിരെ വാർത്ത കൊടുക്കുകയും ചെയ്തെന്നും കോടതി കണ്ടെത്തി. പേക്ഷ, തടവുകാരെ ഏകാന്ത തടവിൽനിന്നും മോചിപ്പിച്ചതിനാൽ കോടതി മറ്റു നടപടികൾ ഒഴിവാക്കുകയാണ് ചെയ്തത്. മാവോവാദി പ്രതികള്‍, ഐ.എസ് പ്രതികള്‍, ഭീകരവാദികളായവർ ഇന്നതൊക്കെ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് വലിയ രീതിയില്‍ മാധ്യമങ്ങളിൽ വാര്‍ത്ത കൊടുത്തിരുന്നു. അത് പല തടവുകാരുടെയും വീട്ടുകാര്‍ക്ക് വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. എന്നാല്‍, കോടതി വിധി വന്നപ്പോള്‍ ഒരിടത്തും ഇത്ര വിപുലമായ വാര്‍ത്ത കണ്ടില്ല. സാധാരണ ജയിലില്‍ ആരും പരാതിയൊന്നും പറയാന്‍ പോകാറില്ല. കാരണം, പരാതികള്‍ ഓരോന്നും ഓരോരോ പ്രതികാര നടപടികളായി നമുക്ക് തിരിച്ചു കിട്ടുമെന്നതുതന്നെ. ഒരു ഫോണ്‍ കാര്‍ഡ് അപേക്ഷ കൊടുക്കുമ്പോള്‍, ഇത് ഇപ്പോൾ നടക്കില്ല എന്ന് പറയും. അങ്ങനെ ചെറിയ ചെറിയ വിഷയങ്ങളും നീട്ടിക്കൊണ്ടു പോകാന്‍ കഴിയും.
കുറച്ച് കഴിഞ്ഞപ്പോൾ കോവിഡ് വന്നു. ഇക്കാര്യം പറഞ്ഞു തുടര്‍ച്ചയായി പൂട്ടിയിടുന്നു, പത്രം തരില്ല. ചില കാര്യങ്ങളൊന്നും ജഡ്ജിയെ വിളിച്ചു സംസാരിച്ചാല്‍പോലും നടക്കാറില്ല. പിന്നെ പുസ്തകങ്ങളുടെ കാര്യം. നിരോധിച്ചവയൊഴികെ, പ്രിന്റഡ് ആയിട്ടുള്ള എല്ലാ പുസ്തകങ്ങളും വെൽഫെയര്‍ ഓഫിസര്‍ മുഖേന കൊടുക്കണം എന്നാണ് ജയില്‍ നിയമം. ഇവര്‍ ആദ്യം പറഞ്ഞത്, പുസ്തകങ്ങൾ തരാന്‍ കഴിയില്ല എന്നാണ്. പിന്നെ നമ്മള് സംസാരിച്ച് സമരം ചെയ്ത് കോടതിയില്‍ പോയിട്ടാണ് പുസ്തകങ്ങള്‍ അനുവദിക്കുന്നത്. പിന്നീടുണ്ടായത് നിരന്തരമായ റെയ്ഡ് ആണ്. സാധാരണ ജയിലിനുള്ളില്‍ ആയുധധാരികളായ സേന ഉണ്ടാകാന്‍ പാടില്ല. അത്ര അപകടകരമായ സാഹചര്യങ്ങളില്‍ മാത്രമേ അവരെ അകത്തു കയറ്റാറുള്ളൂ. ഇത് ഇവര്‍ ആദ്യംതന്നെ അകത്ത് മാര്‍ച്ച് നടത്തി. അവിടത്തെ Indian Reserve Battalion (IRB) മാര്‍ച്ച് നടത്തിയിട്ടാണ് ഫയല്‍ കൊണ്ടുപോയത്. ഈ ഐ.ആർ.ബിയെ വെച്ചിട്ട് ഉള്ളില്‍ നിരന്തരം റെയ്ഡ് നടത്തി തുടങ്ങി. ഒരു നിയമത്തിലും പറയാത്തതാണ് അത്. അതിസുരക്ഷാ ജയിലിന്റെ ഒരു പ്രത്യേകതയായി, ഒരു കീഴ്വഴക്കമായി അതിനെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുകയാണ്. പിന്നെ അവിടെ അഡ്മിഷന് അടിച്ചു കയറ്റുന്നതോ ചെറിയ വിഷയങ്ങള്‍ക്ക് തല്ലുന്നതോ ഇല്ല. എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ 40 ദിവസം വരെ പൂട്ടിയിടും. പുതിയ സൂപ്രണ്ട് വന്ന ശേഷമാണ് തടവുകാരെ തല്ലാന്‍ തുടങ്ങിയത്. അങ്ങനെ തല്ലുന്നത് കണ്ടു തുടങ്ങിയപ്പോൾ നമ്മള് അത് പാടില്ല എന്ന് പറഞ്ഞുതുടങ്ങി. നിങ്ങള്‍ക്ക് അങ്ങനെ പറയേണ്ട ആവശ്യമില്ലെന്ന് അവര്‍ പറയും. ഇന്ത്യയിലെ ഒരു പൗരന് എന്ന നിലക്ക് നമുക്ക് അതിനുള്ള അവകാശമുണ്ടെന്ന് ഞാനും പറയും. എന്റെ റൂമിന് തൊട്ടടുത്തുള്ള ഒരാളെ തല്ലിച്ചതച്ചപ്പോള്‍ അയാള്‍ക്ക് ഫിറ്റ്സ് വന്നു, ആശുപത്രിയില്‍ കൊണ്ടുപോയി. അയാള്‍ എന്നോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു, തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അച്ഛനെ അറിയിക്കണമെന്ന്. ഞാൻ അത് ഫോണില്‍ എന്റെ വക്കീൽ വഴി, മകനെ തല്ലി ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട് എന്ന് അറിയിച്ചു. ഇപ്പോള്‍ ഫോണ്‍ മൊത്തം റെക്കോഡ് ചെയ്യുകയാണ്. ഭാര്യയും ഭർത്താവുമാണെങ്കിൽപോലും എല്ലാം റെക്കോഡ് ചെയ്യും. പ്രൈവസി എന്നൊന്നില്ല. റൂമിലുമില്ല, ഫോണിലുമില്ല. ആ ഫോണ്‍ ചെയ്തു കഴിഞ്ഞ് സൂപ്രണ്ട് വന്നിട്ട് ''നീയാരാടാ @*** ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ഇടപെടാൻ, സൂപ്രണ്ട് ആണോ'' എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ എന്റെ പേര് ഡാനിഷ് എന്നാണ്, പേര് വിളിച്ചു സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു. അപ്പോള്‍ ഫയല്‍ വരുമ്പോള്‍ വെൽഫെയര്‍ ഓഫിസർ ഉണ്ട്. തടവുകാരുടെ വെൽഫെയര്‍ കാര്യങ്ങള്‍ ചെയ്യേണ്ട ആളാണ്. അവരുടെ മുന്നിലാണ് ഇത്ര മോശമായിട്ട് തെറിവാക്ക് വിളിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ അയാളോട് പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്യാതിരുന്നാൽ അത് ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്. ഒരു തടവുകാരനെ നിങ്ങള്‍ മർദിച്ചാല്‍ അത് അവനു ശാരീരികമായി ഉപദ്രവമാകുന്നു എന്ന് മാത്രമല്ല, മറ്റ് തടവുകാര്‍ക്കും അത് മാനസികമായി ഉപദ്രവമാകുന്നുണ്ട്. അത് നമുക്ക് സഹിക്കാനാകില്ല. ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ട് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഒരു അപേക്ഷ എഴുതി കൊടുത്തു. അപ്പോൾ നമ്മളെ വീണ്ടും പൂട്ടിയിട്ടു. ഫോണ്‍വിളി ആനുകൂല്യം കട്ടാക്കി. മുറിയും മാറ്റി. മുറി മാറ്റിയെന്നു വെച്ചാല്‍, മാനസികമായി അസുഖമുള്ള ഒരാളോടൊപ്പമാണ് പാര്‍പ്പിച്ചത്. ഞാന്‍ ചെല്ലുമ്പോള്‍ തന്നെ ആള് എന്നോട് പറയുന്നുണ്ട്. ചേട്ടാ, ഞാന്‍ ചിലപ്പോള്‍ വയലന്റ് ആകും. കോഴിക്കോട് വെച്ച് വയലന്റ് ആയിട്ടുണ്ട്. ഉദ്യോഗസ്ഥരാണ് പ്രശ്നക്കാര്‍. നിങ്ങളെ ഒന്നും ചെയ്യില്ല. കൈ ഒക്കെ ബ്ലേഡ് വെച്ച് മുറിക്കും. എന്നെല്ലാം... നീയെന്തുകൊണ്ട് ഒറ്റക്ക് ആക്കാന്‍ ചോദിച്ചില്ല എന്ന് ഞാന്‍ ചോദിച്ചു. അതെനിക്കറിയില്ല എന്ന് പറഞ്ഞു. ഞാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, നീയല്ലേ പറഞ്ഞത് നിനക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് എന്നാണ്. അതാണ് ഞാന്‍ ആദ്യം പറഞ്ഞ പ്രതികാര നടപടികള്‍ എന്ന് പറയുന്നത്.
ഭക്ഷണം, ടോയ് ലറ്റ് ഇതെല്ലാം അകത്ത് തന്നെയുണ്ടെങ്കിലും ഒരു മണിക്കൂര്‍ എന്തെങ്കിലും ഗെയിം കളിക്കാന്‍ പുറത്തു പോകണമെന്നു നിയമമുണ്ട്. ഇതൊക്കെ വെച്ചാണ് ഞാന്‍ അപേക്ഷ കൊടുക്കുന്നത്. കോടതിക്ക് അപേക്ഷ കൊടുത്തു. പിന്നെ ഹൈകോടതിക്ക് അപേക്ഷ ബോക്സില്‍ ഇട്ടു. വേറെ രണ്ടു കോടതിക്ക് അപേക്ഷ കൊടുത്തു. ഈ അപേക്ഷകളൊന്നും ഇവര്‍ അയച്ചിട്ടില്ല. പിന്നീട് ഒരാഴ്ച സൂപ്രണ്ട് വന്നില്ല. ഒരാഴ്ച കഴിഞ്ഞ് വന്നുവെങ്കിലും എന്നെ കാണാന്‍ കൂട്ടാക്കിയില്ല. പിന്നെ അവിടത്തെ ഡോക്ടറോട് ഞാന്‍ ചെന്ന് പരാതിപ്പെട്ടപ്പോള്‍ ഡോക്ടര്‍ ലെഡ്ജറില്‍ എഴുതി. അങ്ങനെ സഹതടവുകാരനെ മാറ്റി. മാറ്റിയതിന്റെ പിറ്റേന്ന് സൂപ്രണ്ട് വന്നു. ഞാന്‍ ചോദിച്ചു, സാറെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അപ്പോള്‍ അയാള്‍ പറഞ്ഞു, ഡാനിഷേ, നീ നിന്റെ ആശയപ്രചാരണമൊക്കെ ജയിലിനു വെളിയില്‍ നടത്തിക്കോ. ഇവിടെ അതൊന്നും വേണ്ട. ഞാന്‍ ചോദിച്ചു, എനിക്ക് എന്തിനാണ് ഈ പണിഷ്മെന്റ്. മുറിയില്‍നിന്ന് പുറത്തിറങ്ങി ഒന്ന് നടക്കാന്‍പോലും അനുവാദമില്ല, ഫോണ്‍ ഇല്ല. അപ്പോള്‍ അയാള്‍ പറഞ്ഞു, നിനക്ക് പണിഷ്മെന്റ് ഒന്നുമില്ല. ജയിലാകുമ്പോള്‍ ചിലപ്പോള്‍ മുറിയും മാറും ജയിലും മാറ്റും. പിന്നെ പോകുമ്പോള്‍ ഒന്നുകൂടി പറഞ്ഞിട്ട് പോയി. ട്രെയിന്‍ സ്പീഡില്‍ വരുമ്പോള്‍ നിങ്ങള്‍ ഇടയില്‍ കയറിയാല്‍, ബ്രേക്ക് പിടിക്കാന്‍ നമ്മള് പരമാവധി നോക്കും, പക്ഷേ ചിലപ്പോഴൊന്നും അതിനു കഴിയണമെന്നില്ല. പിറ്റേദിവസം പ്രതിക്ക് ഇവിടെ സുരക്ഷയില്ല എന്ന് പറഞ്ഞിട്ട് ഇവര്‍ കോടതിക്ക് റിപ്പോര്‍ട്ട് അയച്ചു. പൊതുവില്‍ കോടതികള്‍ രണ്ടു ഭാഗം കേട്ടിട്ടാണ് നടപടി എടുക്കുക. പക്ഷേ, എന്റെ കാര്യത്തില്‍ അങ്ങനെ ഒരു വിഷയമേ നടന്നിട്ടില്ല. പെട്ടെന്ന് ഒരു ട്രാന്‍സ്ഫര്‍ അടിച്ച് ഒരു ദിവസം രാവിലെ ആറു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ജയിൽ മാറാനുള്ള അപേക്ഷ തടവുകാരനെ കൂടി കേട്ടിട്ടേ ഉത്തരവിടാൻ പാടുള്ളൂ എന്ന സുപ്രീംകോടതി വിധി ഉള്ളപ്പോഴാണ് ഏകപക്ഷീയമായി ജയിൽ മാറ്റിയത്. പിന്നെ രണ്ടുമാസം ജഡ്ജി അവധിയായതുകൊണ്ട് അതേക്കുറിച്ച് സംസാരിക്കാനായില്ല. അങ്ങനെയാണ് പൂജപ്പുര ജയിലിൽ എത്തുന്നത്. എന്റെ കുടുംബം കോയമ്പത്തൂരാണ്. എന്റെ കേസുകൾ എല്ലാം പാലക്കാടും കോഴിക്കോടും മലപ്പുറത്തും ആണ്. എനിക്ക് വീട്ടുകാരുമായും അഭിഭാഷകരുമായും കേസുകാര്യങ്ങൾ ചർച്ചചെയ്യാൻ കഴിയാത്തവിധം ഒറ്റപ്പെടുത്തുന്ന ഒരു സംഗതിയായിരുന്നു ഈ ജയിൽമാറ്റം. തടവുകാരെ അവരുടെ വീട്ടുകാരിൽനിന്നും അഭിഭാഷകരിൽനിന്നും അകറ്റി ദൂരെയുള്ള ജയിലുകളിലേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി വിധി നിലവിലുള്ളപ്പോഴാണ് എന്നെ പൂജപ്പുരയിലേക്കു മാറ്റുന്നത്.
തിരുവനന്തപുരം ജയില്‍ പൊതുവേ അച്ചടക്കത്തിന് പേര് കേട്ടതാണ്. ഭയങ്കര അടിയും മറ്റുമുള്ളതാണ്. തടവുകാരെ എപ്പോഴും തെറിയും മറ്റും വിളിക്കും. അത്തരം പ്രശ്നങ്ങള്‍ നിറയെ ഉള്ളതാണ്. ആദ്യം അവരെന്നോട് ഷര്‍ട്ട് ഊരാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ട്രാന്‍സ്ഫര്‍ അല്ലേ, എന്തിനാണ് ഷർട്ട് ഊരുന്നത് എന്ന് ചോദിച്ചു. ഉടനെ തെറി വിളിച്ചു. അത് പ്രശ്നമായി. വീണ്ടും സ്ട്രിപ്പിങ്ങിന്റെ വിഷയമായി. അതുമായി നമ്മള് എൻ.ഐ.എ കോടതിയില്‍ പോയി. അപ്പോള്‍ കോടതി പറഞ്ഞു, അത് തുടര്‍ച്ചയായി ചെയ്യേണ്ടതില്ല. ഫ്രിസ്കിങ് ആണ് മെയിന്‍ എന്ന് പറഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് തന്നു. സെന്‍ട്രല്‍ ജയിൽ ആയിരുന്നതുകൊണ്ട് വിയ്യൂരിനെ അപേക്ഷിച്ച് കൂടുതല്‍ പുസ്തകങ്ങള്‍ ഉള്ള ലൈബ്രറി ഉണ്ടായിരുന്നു. പിന്നെ പഠനപ്രവർത്തനങ്ങളിലേക്ക് കടക്കാനും പറ്റി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷ എഴുതി. ചിത്രരചനാ ക്ലാസില്‍ ഇരിക്കാന്‍ പറ്റി. ജയില്‍ അന്തേവാസികളുടെ ഒരു മാഗസിന് ഉണ്ടായിരുന്നു. അതില്‍ കഥ, കവിത ഇതൊക്കെ എഴുതി. നിയമം ഒരു ജയിലുകളും പാലിക്കാറില്ല. അത്തരം പ്രശ്നങ്ങള്‍ പൂജപ്പുരയില്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. ആരെയും കാണാന്‍ അനുവദിക്കില്ല. ദിവസങ്ങള്‍ നീണ്ടുപോയി. പിന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍കൊണ്ടാണ് അതിനു മാറ്റമുണ്ടായത്.
അറസ്റ്റ് ചെയ്ത് ഓരോ ആറു മാസം കൂടുമ്പോഴും തുടര്‍ച്ചയായി കേസുകള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഇനി കേസ് ഏതു ജില്ലയില്‍നിന്ന്, ഏതു സ്റ്റേറ്റില്‍നിന്ന് വരും എന്ന് മാത്രമേ നോക്കാനുണ്ടായിരുന്നുള്ളൂ. യു.എ.പി.എയില്‍ എന്താണ് സംഭവിക്കുന്നത് എന്നു വെച്ചാല്‍ കേസ് രജിസ്റ്റർ ചെയ്തെങ്കില്‍ പൊലീസ് ആരോപിക്കുന്നതാണ് സത്യം. അത് വെച്ചിട്ടാണ് ഇവര്‍ ജാമ്യമില്ലാതെ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത്. അതില്‍ ആരോഗ്യമോ മനുഷ്യാവകാശമോ അത്തരം ഒരു പരിഗണനയും അവര്‍ നോക്കാറില്ല. അതിന്റെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമി.
സമൂഹമാധ്യമങ്ങളിൽ ഒരു സാധാരണ പോസ്റ്റിട്ടാല്പോലും യു.എ.പി.എ ചുമത്തുന്നു. ആ സാഹചര്യത്തില്‍ ഞാന്‍ പുറത്തിറങ്ങുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. പിന്നെ കോവിഡ് ഒക്കെയായി ജാമ്യം നില്ക്കാന് ആളെ കിട്ടാന്‍ താമസിക്കുന്ന അവസ്ഥ, ഒടുവില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ സമയത്താണ് മുമ്പ് സൂചിപ്പിച്ചതുപോലെ ജയില്‍മുറ്റത്ത് വെച്ച് വീണ്ടും അറസ്റ്റ് നടക്കുന്നത്. അതായത് കേരളത്തില്‍ എ.ടി.എസ് രൂപവത്കരിച്ച സമയമായിരുന്നു അത്. ഭരിക്കുന്ന പാര്‍ട്ടി സി.പി.എം പറയുന്നത് തങ്ങള്‍ യു.എ.പി.എക്ക് എതിരാണെന്നും എൻ.ഐ.എ കേസെടുക്കുന്നതുകൊണ്ടാണ് ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കേണ്ടിവരുന്നത് എന്നുമൊക്കെയാണ്. അങ്ങനെ പറയുന്ന സി.പി.എം സര്‍ക്കാര്‍ രൂപവത്കരിച്ച എ.ടി.എസ് ആണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. ആ കേസാണെങ്കില്‍ മുമ്പ് 2018ല്‍ ഒരു വീട്ടില്‍ പോയി ഭക്ഷണം ചോദിച്ചു എന്നത്. അക്കാലത്തിനിടയില്‍ എന്റെ ഫോട്ടോ കേരളത്തിലെല്ലായിടത്തും ലുക്ക് ഔട്ട് നോട്ടീസായി പതിപ്പിച്ചിട്ടുള്ളതാണ്. പിറ്റേന്ന് ഒരാളെ കൊണ്ടുവന്നു ഐഡന്റിഫൈ ചെയ്ത് യു.എ.പി.എ ചുമത്തി. അങ്ങനെ പുറംലോകം കാണിക്കാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു ഭരണകൂടം. പക്ഷേ, മനുഷ്യാവകാശ പ്രവര്‍ത്തകരും വക്കീലും ഒക്കെ ചേര്‍ന്നു നടത്തിയ പോരാട്ടമാണ് ഇപ്പോള്‍ ഈ ജാമ്യത്തില്‍ കൊണ്ടെത്തിച്ചത്. ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഇത്തരത്തില്‍ അറസ്റ്റുകള്‍ ഉണ്ടാവും. ഇനിയും അതുണ്ടാവാം. ജാമ്യം ലഭിച്ചത് ഉപാധികളോടെയാണ്. ഊട്ടിയിലുള്ള ഒരു കേസില്‍ എല്ലാ ദിവസവും രാവിലെ 9-10 സമയത്തിലും വൈകുന്നേരം 3-4 സമയത്തിലും കോയമ്പത്തൂർ പൊലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടണം. പാലക്കാടുള്ള കേസില്‍ എല്ലാ ചൊവ്വാഴ്ചയും കോഴിക്കോടുള്ള കേസില്‍ എല്ലാ വെള്ളിയാഴ്ചയും പോയി ഒപ്പിടണം.
ഒരു വ്യക്തി എന്നനിലയില്‍ ഓരോരുത്തരും സ്വന്തം കുടുംബം മാത്രം നോക്കി ജീവിക്കാനാവില്ല. അവന്റെ ചുറ്റുമുള്ള ആളുകളുടെ കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടത് അവന്റെ ബാധ്യതയാണ്. അങ്ങനെ വീട്ടിലെ കാര്യങ്ങളും നോക്കണം. പിന്നെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വളരെ മോശമായതുകൊണ്ടുതന്നെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതിരിക്കാനാവില്ല. അതുകൊണ്ട് ഇനിയും കേസുകൾ വരാം. തടവിൽ കഴിയേണ്ടി വരാം. പേക്ഷ, അത് ഒരിക്കലും ഭയപ്പെടുത്തുന്നില്ല. സ്റ്റാൻ സ്വാമിയുടെ വാക്കുകൾ കടമെടുത്താൽ മൂകസാക്ഷിയായിരിക്കാൻ ഞാൻ തയാറല്ല.
l