ചെറിയ ജയിലിൽനിന്ന് വലുതിലേക്കുള്ള സ്വാതന്ത്ര്യം
ജാമ്യവ്യവസ്ഥയിൽ എന്തായിരിക്കും ഒരു രാഷ്ട്രീയ തടവുകാരന്റെ /തടവുകാരിയുടെ ജീവിതം? മാവോവാദിയെന്നാരോപിക്കപ്പെട്ട് തടവറയിലടക്കപ്പെട്ട ഷൈന ജയിൽമോചിതയായിട്ട് നാല് വർഷം കഴിഞ്ഞു. പക്ഷേ, ജാമ്യവ്യവസ്ഥകൾ വലിയ ഒരു ജയിൽ സൃഷ്ടിച്ചിരിക്കുന്നുവെന്ന് അവർ എഴുതുന്നു.നിങ്ങൾ ഈ നിമിഷം മുതൽ സ്വതന്ത്രനാണ്. നിങ്ങൾക്ക് സ്വതന്ത്രലോകത്തേക്ക് പോകാം!സ്വതന്ത്രൻ..! സ്വതന്ത്ര ലോകം..! ഏതു സ്വതന്ത്ര ലോകം?വൻ ജയിലിലേക്കു വേണമല്ലോ പോകാൻ! ആർക്കുവേണം ഈ സ്വാതന്ത്ര്യം?ഈ ബഷീറിയൻ ചോദ്യത്തെ വിരഹിയായ ഒരു...
Your Subscription Supports Independent Journalism
View Plansജാമ്യവ്യവസ്ഥയിൽ എന്തായിരിക്കും ഒരു രാഷ്ട്രീയ തടവുകാരന്റെ /തടവുകാരിയുടെ ജീവിതം? മാവോവാദിയെന്നാരോപിക്കപ്പെട്ട് തടവറയിലടക്കപ്പെട്ട ഷൈന ജയിൽമോചിതയായിട്ട് നാല് വർഷം കഴിഞ്ഞു. പക്ഷേ, ജാമ്യവ്യവസ്ഥകൾ വലിയ ഒരു ജയിൽ സൃഷ്ടിച്ചിരിക്കുന്നുവെന്ന് അവർ എഴുതുന്നു.
നിങ്ങൾ ഈ നിമിഷം മുതൽ സ്വതന്ത്രനാണ്.
നിങ്ങൾക്ക് സ്വതന്ത്രലോകത്തേക്ക് പോകാം!
സ്വതന്ത്രൻ..! സ്വതന്ത്ര ലോകം..!
ഏതു സ്വതന്ത്ര ലോകം?
വൻ ജയിലിലേക്കു വേണമല്ലോ പോകാൻ!
ആർക്കുവേണം ഈ സ്വാതന്ത്ര്യം?
ഈ ബഷീറിയൻ ചോദ്യത്തെ വിരഹിയായ ഒരു പ്രണയിയുടെ പ്രശ്നമെന്നനിലക്കല്ല, സ്വാതന്ത്ര്യമെന്ന സങ്കൽപനത്തിന്റെ വിവക്ഷകളെക്കുറിച്ചും ആപേക്ഷികതയെക്കുറിച്ചുമുള്ള വിശാലമായ ഒരു സൈദ്ധാന്തിക അന്വേഷണമായിട്ടാണ് നമ്മൾ പരിഗണിക്കാറുള്ളത്. മതിലുകൾക്കു പുറത്തുള്ള സ്വതന്ത്രമെന്നു കരുതപ്പെടുന്ന ലോകം ആപേക്ഷികമായ സ്വാതന്ത്ര്യത്തിന്റേതാണെന്നും മതിലുകളും അദൃശ്യമായ തടവറകളും അവിടെയുണ്ടെന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല; പ്രത്യേകിച്ചും ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ കഴിയുന്ന നമ്മുടെ നാട്ടിലെ ജനങ്ങൾക്ക്. ഇതിനുമെത്രയോ കാലം മുമ്പുതന്നെ വയലാർ കറുത്ത ചക്രവാളമതിലുകൾ ചൂഴും കാരാഗൃഹമാണീ ഭൂമി എന്ന് എഴുതിയിരുന്നു. അങ്ങനെയായിരിക്കേ രാജ്യേദ്രാഹിയെന്ന് മുദ്രകുത്തപ്പെടുകയും ഭരണകൂടത്തിനെതിരെ യുദ്ധംചെയ്ത അപകടകാരിയായ തടവുകാരിയായി വിലയിരുത്തപ്പെടുകയും ഒരാളെ സംബന്ധിച്ചിടത്തോളം ജയിലിനകത്തും പുറത്തുമുള്ള പാരതന്ത്ര്യ-സ്വാതന്ത്ര്യ ദ്വന്ദ്വങ്ങൾക്കിടയിലുള്ള വ്യത്യാസം താരതമ്യേന ഇടുങ്ങിയതാവാതെ തരമില്ല.
2015 മേയ് 4നാണ് ഞാൻ അറസ്റ്റ്ചെയ്യപ്പെടുന്നത്. തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ ഒരു ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് എന്നെയും രൂപേഷിനെയും മറ്റു മൂന്നു പേരോടൊപ്പം അറസ്റ്റ്ചെയ്തതെന്ന് േപ്രാസിക്യൂഷൻ തന്നെ പറയുന്നുണ്ട്. (പിണറായി വിജയൻ സഖാവ് ആയിരുന്നെങ്കിൽ ചിലപ്പോൾ ചായ കുടിക്കാൻ പോയതായതുകൊണ്ട് ഞങ്ങളെ അറസ്റ്റ്ചെയ്യാതെ വിട്ടേനേ!) ചായക്കടയിൽ ഇരുന്നുകൊണ്ട് തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നടത്താൻ പോകുന്ന വിധ്വംസകപ്രവർത്തനങ്ങളെ കുറിച്ച് ഞങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നെന്നും ഇത്തരം കേസുകളിൽ പതിവുള്ളതുപോലെ പൊലീസുകാരും വില്ലേജ് അസിസ്റ്റന്റ് ഓഫിസറും ഇതെല്ലാം ഞങ്ങളുടെ പിറകിൽ കുത്തിയിരുന്ന് കേട്ടു എന്നുമാണ് ആരോപണം. വില്ലേജ് അസിസ്റ്റന്റ് ഓഫിസർക്ക് ഇവിടെന്തു കാര്യമെന്നു ചോദിക്കരുത്. തമിഴ്നാട്ടിലെ ഒരു പഴയ ആചാരത്തിന്റെ ബാക്കിയാണത്. അറസ്റ്റ്ചെയ്ത് പിറ്റേദിവസം കോടതിയിൽ ഹാജരാക്കി. അറസ്റ്റ്ചെയ്യപ്പെടുമ്പോൾ എന്റെ പേരിൽ ആകെയുണ്ടായിരുന്നത് ഒരു കേസായിരുന്നു. അതാണെങ്കിൽ കേരളത്തിലുമായിരുന്നു. അറസ്റ്റുചെയ്ത കേസിൽ ജാമ്യം ലഭിച്ചാലും പുറത്തു പോകാതിരിക്കാനായി ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഒരു വർഷം കരുതൽ തടങ്കൽ ചുമത്തുന്ന ഈ നിയമത്തിൽ ഞങ്ങളെ തളച്ചിടാൻ ഒരു റിവ്യൂബോർഡിന്റെ അനുമതികൂടെവേണം. ഈ റിവ്യൂബോർഡിന്റെ തലവൻ ഒരു ജുഡീഷ്യൽ ഓഫിസറാണ്. ഗുണ്ടാ ആക്ട് തുടങ്ങിയ പല കരുതൽ തടങ്കൽ നിയമങ്ങൾക്കും പൊതുവായ റിവ്യൂബോർഡാണ് ഇത്. ഈ ബോർഡിനു മുന്നിൽ നമുക്ക് സ്വയം വാദിക്കാനല്ലാതെ ഒരു വക്കീലിനെ വെക്കാൻ സാധിക്കില്ല. നമ്മുടെ അടുത്ത ഒരു ബന്ധുവിനോ മക്കൾക്കോ ബോർഡിനു മുന്നിൽ ഹാജരായി നമുക്കുവേണ്ടി സംസാരിക്കാവുന്നതാണ്. ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ മക്കളാണ് വന്നത്. ബോർഡിനു മുന്നിൽ ഹാജരാകാൻ ചെന്നപ്പോൾ പൊലീസുകാരൻ ആ മുറിയിൽ കടക്കുന്നതിനു മുമ്പ് ചെരിപ്പുകൾ അഴിച്ചുമാറ്റണമെന്ന് ഞങ്ങളോടാവശ്യപ്പെട്ടു. കോടതിമുറിക്കകത്ത് മറ്റുള്ളവരെല്ലാം ചെരിപ്പിടുമ്പോൾ ഞങ്ങൾ മാത്രം ചെരിപ്പു അഴിച്ചുമാറ്റണമെന്ന് പറയുന്നതിനെ ഞങ്ങൾ അംഗീകരിച്ചില്ല. ഈ ബോർഡ്റിവ്യൂവിൽ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും ഇത് വെറും കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടാണെന്നും ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അഴിമതിക്കുള്ള മറ്റൊരു സാധ്യതയാണീ തുറക്കുന്നതെന്നാണ് ജയിൽജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പലരിൽനിന്നും അറിഞ്ഞത്. ഞങ്ങൾ പ്രത്യേകിച്ച് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഈ അറസ്റ്റിനു മുമ്പ് ഞങ്ങളെ മുമ്പ് അറസ്റ്റുചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഇത് കള്ളക്കേസാണെന്നും ഞങ്ങൾ വാദിച്ചു. അതിനു മറുപടിയായി എനിക്ക് ജഡ്ജി കാണിച്ചുതന്നത് രൂപേഷിന്റെ സായുധവേഷത്തിലുള്ള ഒരു ഫോട്ടോയാണ്. ആ ഫോട്ടോയുടെ മൗലികത പരിശോധിക്കാൻ ഈ റിവ്യൂ ബോർഡിന് സാധ്യമല്ലാത്തതിനാൽ അതൊരു തെളിവായി എടുക്കരുതെന്നും ഇനി അഥവാ അതു സ്വീകരിച്ചാൽപോലും എന്റെമേൽ എൻ.എസ്.എ ചുമത്തുന്നതിന് അതൊരു കാരണമാകുകയില്ലെന്നും ഞാൻ വാദിച്ചു. ഞങ്ങളുടെ മക്കളും ബോർഡിനു മുന്നിൽ ഹാജരായി ഞങ്ങളുടെമേൽ ഈ നിയമം ചുമത്തുന്നതുമൂലം തങ്ങൾക്ക് ഏർപ്പെടാനിടയുള്ള പ്രയാസങ്ങളെ കുറിച്ച് സംസാരിച്ചെങ്കിലും അതൊന്നും കണക്കിലെടുക്കപ്പെട്ടില്ല. അങ്ങനെ ഞങ്ങൾക്ക് ഒരു വർഷം ജയിലിൽനിന്ന് പുറത്തിറങ്ങാനാകുകയില്ലെന്ന് ഭരണകൂടം ഉറപ്പാക്കി. ഞങ്ങളെ അറസ്റ്റ്ചെയ്ത കേസിനും കേരളത്തിൽ മുമ്പുണ്ടായിരുന്ന കേസിനും ജാമ്യം ലഭിച്ചുവെങ്കിലും ഞങ്ങൾ ഒരു വർഷം കഴിഞ്ഞാലും പുറത്തിറങ്ങാതിരിക്കുന്നതിന് ഞങ്ങളെ അറസ്റ്റുചെയ്ത സമയത്ത് നിരവധി ഫോണുകൾ എന്റെ കൈയിൽനിന്നും കിട്ടിയെന്നാരോപിച്ച് ഒന്നിനു പിന്നാലെ ഒന്നായി പത്തു കേസുകൾ (9 എണ്ണം തമിഴ്നാട്ടിലും 1 കേരളത്തിലും) വ്യാജരേഖകൾ ചമച്ച് ഞാൻ സിം കാർഡുകൾ വാങ്ങി എന്നവകാശപ്പെട്ട് എന്റെ പേരിൽ രജിസ്റ്റർ ചെയ്തു. ഇതുപോരാതെ കേരളത്തിൽ നടന്ന വിവിധ കേസുകളിൽ എന്റെ പേരിൽ ഗൂഢാലോചനാ കുറ്റം ചുമത്തുകയുംചെയ്തു. ഈ കേസുകളിൽ ഒന്നൊന്നായി ഞാൻ ജാമ്യം നേടിയെങ്കിലും തമിഴ്നാട്ടിലെ തിരുപ്പൂരിലെ നാല് സിം കാർഡ് കേസുകളിൽ എനിക്ക് ജാമ്യം കിട്ടിയില്ല. എഫ്.ഐ.ആർ ഒന്ന് ഓടിച്ചുവായിച്ചാൽതന്നെ കള്ളക്കേസുകളാണെന്ന് മനസ്സിലാവുന്നവയാണ് ഇവയെങ്കിലും (അതിൽ ഒരു കേസിൽ കളഞ്ഞുപോയ ഒരു ബാഗ് എങ്ങനെയോ എന്റെ കൈയിൽ കിട്ടുകയും അതിലുണ്ടായിരുന്ന ഐഡി കാർഡ് ഉപയോഗിച്ച് ഞാൻ സിം എടുത്തു എന്നുമാണ്) അന്ന് അവിടുണ്ടായിരുന്ന വനിതാ ജഡ്ജി എനിക്ക് രണ്ടു വർഷത്തോളം ജാമ്യം നിഷേധിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം അപ്രതീക്ഷിതമായി ന്യൂമോണിയ ബാധിച്ച് പ്രസ്തുത ജഡ്ജി അന്തരിക്കുകയും അവർക്ക് പകരം വന്ന മറ്റൊരു ജഡ്ജി എനിക്ക് കർശനോപാധികളോടെയാണെങ്കിലും ജാമ്യം തരുകയുംചെയ്തു. ഇത്രയും കഷ്ടപ്പെട്ട് മൂന്നേകാൽ വർഷത്തിനുശേഷം ജാമ്യം നേടിയെങ്കിലും പുറത്തിറങ്ങാൻ തടസ്സങ്ങൾ അനവധിയുണ്ടായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും പല കോടതികളിലായി 17 കേസുകളിൽ ജാമ്യമെടുക്കാൻ വേണ്ട ജാമ്യക്കാരെ ലഭിക്കുകയെന്നതായിരുന്നു ആദ്യ കടമ്പ. പലയിടത്തും സ്നേഹപൂർവം പല സഖാക്കളും സുഹൃത്തുക്കളും ജാമ്യത്തിനായി മുന്നോട്ടുവന്നെങ്കിലും തമിഴ്നാട്ടിൽ ചിലയിടത്തെല്ലാം രക്തബന്ധത്തിലുള്ളവരായിരിക്കണം ജാമ്യക്കാർ എന്ന വ്യവസ്ഥമൂലം ഉമ്മ തന്നെ വരേണ്ട സാഹചര്യമുണ്ടായി. ഉമ്മ എന്റെ ഉമ്മതന്നെയാണെന്നതിന് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനാൽ ഒരു പ്രതിസന്ധിയുണ്ടായി. എന്റെ പേര് വീട്ടിലെ റേഷൻ കാർഡിൽ ഇല്ലായിരുന്നു. ഭാഗ്യവശാൽ എന്റെ എസ്.എസ്.എൽ.സി പുസ്തകത്തിൽ ഉമ്മയുടെ പേര് ഉണ്ടെന്ന് എനിക്കോർമ വന്നു. വീടിനു പുറത്ത് ഒരുദിവസംപോലും നിൽക്കാത്ത ഉമ്മ ആ അനാരോഗ്യത്തിലും ആദ്യമായി ഒരാഴ്ചയോളം കോയമ്പത്തൂർ വന്ന് താമസിച്ചാണ് എന്റെ ജാമ്യനടപടി പൂർത്തിയാക്കിയത്. ഒരിടത്ത് മകൾ ആമിയായിരുന്നു ജാമ്യം നിന്നത്.
ഇതിന്റെ ഒടുവിലത്തെ അധ്യായമായിരുന്നു കണ്ണൂരേക്കുള്ള എന്റെ മാറ്റവും അവിടെനിന്നുള്ള ജയിൽമോചനവും. കോയമ്പത്തൂർ സെൻട്രൽ പ്രിസണിലെ സ്ത്രീകളുടെ ജയിലിൽനിന്നും ആഗസ്റ്റ് 12ന് എന്നെ കണ്ണൂരിലെ സ്ത്രീകളുടെ ജയിലിലേക്ക് തിരക്കുപിടിച്ചു മാറ്റുകയായിരുന്നു. കനത്ത മഴമൂലം വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരുന്നതിനാൽ നിശ്ചിത ദിവസം കൽപറ്റ കോടതിയിൽനിന്നും ജാമ്യമെടുത്ത് ഉത്തരവ് കോയമ്പത്തൂരിൽ എത്തിക്കാൻ എന്റെ ജാമ്യക്കാർക്ക് കഴിഞ്ഞില്ല, ജാമ്യ ഉത്തരവിനായി ഒരു ദിവസംകൂടി കാത്തുനിൽക്കാതെ, തമിഴ്നാട്ടിലെ കേസുകൾക്ക് എല്ലാം ജാമ്യം ലഭിച്ചുവെന്ന കാരണം പറഞ്ഞ് എന്നെ ഒരു ദിവസത്തേക്കു മാത്രമായി കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. മുമ്പത്തെ മൂന്നുവർഷവും തൃശൂർ വിയ്യൂർ സെൻട്രൽ പ്രിസണിലേക്ക് എന്നെ മാറ്റാനുള്ള അപേക്ഷകളെല്ലാം നിഷ്കരുണം കോടതികൾ തള്ളിയത് കേരളത്തിലെ ജയിലുകളിലൊന്നിലും എന്നെ തടവിൽവെക്കാനുള്ള സൗകര്യമില്ല എന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ്. അതുകാരണം കൗമാരപ്രായത്തിലുള്ള എന്റെ രണ്ട് പെൺമക്കളും ഒരുദിവസം മുഴുവൻ യാത്ര ചെയ്ത് കോയമ്പത്തൂരിൽ എന്നെ കാണാൻ വരേണ്ടിവന്നിരുന്നു. എന്നാൽ ഒരു കോടതിവിധിയുടെയും പിൻബലമില്ലാതെ, എന്റെ ശാരീരികസ്ഥിതിപോലും പരിഗണിക്കാതെ ഒരൊറ്റ ദിവസത്തേക്കായി എന്നെ രായ്ക്കുരാമാനം എത്രയോ ദൂരെയുള്ള കണ്ണൂരിലേക്ക് അയക്കുമ്പോൾ ജയിലുകളുടെ ബലത്തെ കുറിച്ചുള്ള ആശങ്കകളെല്ലാം അവർ മാറ്റിവെച്ചു. ആ വേദനക്കിടയിലും ഈ തമാശയോർത്ത് ഞാൻ ചിരിച്ചിരുന്നു. ‘മതിലുകളി’ലെ നാരായണി കിടന്ന ജയിലും അവരെയും ബഷീറിനെയും വേർതിരിച്ച മതിലുകളും ഒരുപക്ഷേ ഇപ്പോൾ ഉണ്ടായിരിക്കില്ല. എന്നാൽ, അതേ ദീർഘനിശ്വാസങ്ങളും അഭിലാഷങ്ങളും ആ മതിലുകൾക്കകത്ത് വീണ്ടുമെത്രയോ കൊഴിഞ്ഞുവീണിരിക്കണം. അന്ന് സ്വതന്ത്ര ലോകത്തിലേക്ക് ഇറങ്ങിയപ്പോൾ ആ ബഷീറിയൻ മുന്നറിയിപ്പ് ഞാൻ മുഴുവനായി മനസ്സിലാക്കിയിരുന്നില്ല.
21ാം നൂറ്റാണ്ടിലെ കേരളം ഒരു പ്രളയത്തെ ആദ്യമായി നേരിടുന്ന സന്ദർഭത്തിലാണ് ഞാൻ ജയിലിൽനിന്നും പുറത്തേക്ക് വരുന്നത്. വൈകിവന്ന ഒരു ജാമ്യ ഉത്തരവിന്റെ ബലത്തിൽ നീണ്ട മൂന്നേകാൽ വർഷത്തെ തടവുജീവിതത്തിന്റെ അവസാന ചരടും പൊട്ടിച്ച് ഞാൻ വിടുതൽ നേടുമ്പോൾ പുറത്ത് മഴ കനത്തിരുന്നു. തടവുകാർക്കുള്ള അക്കൗണ്ടിൽ എന്റെ പേരിൽ അവശേഷിച്ചിരുന്ന തുക മുഴുവൻ ഉപയോഗിച്ച് തോരാതെ പെയ്ത ആ മഴയിൽ കണ്ണൂർനിന്നും വലപ്പാടുള്ള എന്റെ വീട്ടിലേക്ക് ഏതാനും സഖാക്കൾക്കൊപ്പം സഞ്ചരിച്ചു. പുലർച്ചെ 4.30ന് വീട്ടിലെത്തിയപ്പോൾ അവിടെ ഉറക്കച്ചടവോടെ ഉമ്മയും ചെറിയ മകളും കാത്തിരുന്നിരുന്നു. പുലർച്ചെ 6.30 വരെയുള്ള രണ്ടു മണിക്കൂർ രണ്ടു പേർക്കു മാത്രം കഷ്ടിച്ചു കിടക്കാവുന്ന ഒരു കൊച്ചുകട്ടിലിൽ ഞങ്ങൾ മൂന്നുപേർ തിങ്ങിഞെരുങ്ങിക്കിടന്നു. ഞങ്ങൾക്കുമേൽ വേർപാടിന്റെ പത്തു വർഷങ്ങൾ കമ്പിളിപോലെ പുതഞ്ഞുകിടന്നു. ഞങ്ങൾ മൂന്നുപേരും ഉറങ്ങിയില്ല. ഞങ്ങളുടെ മൗനങ്ങൾപോലും നീണ്ട വേർപാടിന്റെ വിശേഷങ്ങൾ കൈമാറി. ഞാൻ പുറത്തിറങ്ങുന്നത് കാണാൻ ഏറെ കാത്തിരുന്ന മൂത്തമകൾ ആമി പക്ഷേ ആ സമയത്ത് ഓണേഴ്സിന് വിശ്വഭാരതി യൂനിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടി ശാന്തിനികേതനിലേക്ക് പോയിരുന്നു. അവളുടെ അഭാവം ആ സന്തോഷത്തിന്റെ തിളക്കം ലേശം കുറച്ചു. എങ്കിലും എത്രയോ വർഷങ്ങൾക്കുശേഷം ഉമ്മ ഒരുപക്ഷേ ഏറ്റവും സമാധാനമറിഞ്ഞത് ആ ദിവസമാണ്. രൂപേഷിന്റെ സഹോദരനും ഏതാനും പത്രക്കാരും എന്റെ വരവറിഞ്ഞ് സ്വാതന്ത്ര്യദിനത്തിന്റെ പായസവും കൊണ്ടുവന്ന കോളജ്കാലം മുതലുള്ള സുഹൃത്തുക്കളായ സലിംരാജും ജിഷയുമായിരുന്നു അന്നത്തെ സന്ദർശകർ. പിറ്റേന്നുതന്നെ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടേണ്ടന്നതിനാൽ എത്രയും പെട്ടെന്ന് എനിക്ക് കോയമ്പത്തൂരിലേക്ക് പോകേണ്ടിയിരുന്നു. ഉച്ചയോടെ ഞാൻ പോകാനിറങ്ങുമ്പോൾ കനത്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ബസുകൾ ഓട്ടം നിർത്തിവെക്കാൻ തുടങ്ങിയിരുന്നു. രൂപേഷിന്റെ ചേട്ടൻ എന്നെയും കൂടെ വന്നിരുന്ന അഭിലാഷിനെയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഞങ്ങളുടെ െട്രയിനായിരുന്നു കേരളത്തിൽനിന്നും പുറപ്പെട്ട അവസാനത്തെ െട്രയിൻ എന്നു കരുതുന്നു. ദശാബ്ദങ്ങൾക്കു ശേഷം വന്നെത്തിയ പ്രളയത്തിൽ കേരളം മുഴുവനും ഒരു ജയിലായി പരിവർത്തനം ചെയ്യപ്പെട്ടു.
കോയമ്പത്തൂരിൽ ഞങ്ങളെ അറസ്റ്റ് ചെയ്തപ്പോൾ രജിസ്റ്റർചെയ്ത കേസിൽ ഞങ്ങൾക്ക് ജാമ്യം ലഭിക്കുന്നത് മദ്രാസ് ഹൈകോടതിയിൽനിന്നാണ്. എല്ലാ ദിവസവും രാവിലെ പത്തരക്കും വൈകുന്നേരം നാലരക്കും ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ മുമ്പാകെ ഒപ്പിടണമെന്നാണ് ജാമ്യവ്യവസ്ഥകളിലൊന്ന്. എന്നാൽ പൊള്ളാച്ചി കോടതിയുടെ ഉത്തരവ് പ്രകാരം ഇതേ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഒപ്പിടേണ്ടത് പത്തു മണിക്കും നാലു മണിക്കുമാണ്. ഫലത്തിൽ ദിവസവും നാലു തവണ ഒപ്പിടുകയും ഇതിനായി ഒരു മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കാത്തുകെട്ടി നിൽക്കുകയും ചെയ്യണം. വിവിധ സമയത്തെ ഒപ്പിടൽ രണ്ടു നേരം ഒരേ സമയമായി മാറ്റിക്കിട്ടാൻ വല്ല സാധ്യതയുമുണ്ടോ എന്ന് വക്കീലിനോട് ഞാൻ അന്വേഷിച്ചപ്പോൾ ജാമ്യം കിട്ടിയതുതന്നെ വലിയ കാര്യം ഇനി അതുമിതും പറഞ്ഞ് കോടതിയിൽ പെറ്റീഷൻ കൊടുത്ത് കോടതിയെ വെറുപ്പിക്കേണ്ട എന്നാണ് എനിക്കു കിട്ടിയ ഉപദേശം. നമ്മൾ രണ്ടു നേരം ഒപ്പിടണമെന്ന് മാത്രമാണ് കോടതി ഉദ്ദേശിച്ചിട്ടുള്ളൂ, അത് നാലു നേരമായി മാറിയത് ഒരു ചെറിയ നോട്ടപ്പിശകിലൂടെയാണ്, അത് തിരുത്തുന്നതിൽ എന്താണ് പ്രയാസം എന്നാണ് ഞാൻ ആലോചിച്ചത്. വെറും കെട്ടിച്ചമച്ച കേസുകളുടെ അടിസ്ഥാനത്തിൽ മൂന്നേകാൽ വർഷം അന്യായമായി ജയിലിൽ കിടന്ന എനിക്ക് ജാമ്യം കിട്ടിയത് വലിയ കാര്യമാണെന്ന് തോന്നിയില്ലെന്ന് മാത്രമല്ല, എന്നോട് അന്യായമാണ് കാണിച്ചത് എന്നതിലുള്ള അമർഷവും വേദനയുമാണുണ്ടായിരുന്നത്. എന്നാൽ, തുടർന്നുള്ള അനുഭവങ്ങളിലൂടെ എന്നേക്കാൾ കുറവ് കേസുകൾക്ക്, അതിലും ചെറിയ ആരോപണങ്ങളുടെ ഭാഗമായി എന്റെ ഇരട്ടിയിലധികം കാലം ജയിലിൽ കഴിയുന്ന പല സഖാക്കളെയും ഞാൻ കാണുകയും നമ്മുടെ വളരെ ന്യായമായ ആവശ്യങ്ങൾക്ക് കോടതിയിൽ ഫയൽചെയ്യുന്ന പെറ്റീഷനുകളെ പോലും കോടതി നടപടികൾ വൈകിപ്പിക്കാനുള്ള തന്ത്രങ്ങളാക്കി കോടതിക്കു മുന്നിൽ ചിത്രീകരിക്കുന്ന പ്രോസിക്യൂഷനെ കോടതി ശരിവെക്കുന്നത് കാണുകയും ചെയ്തപ്പോഴാണ് കോടതിയുടെ മനോഗതം എന്താണെന്ന് എന്നെക്കാൾ കൂടുതൽ മനസ്സിലാക്കിയ വക്കീലിന്റെ വാക്കുകളുടെ പൊരുൾ മനസ്സിലായത്. എന്റെ കൂടെ അറസ്റ്റ്ചെയ്യപ്പെട്ടവരിൽ എല്ലാ കേസുകൾക്കും ജാമ്യം കിട്ടിയിട്ടു പോലും സങ്കീർണമായ ജാമ്യവ്യവസ്ഥകൾമൂലം പുറത്തിറങ്ങാൻ സാധിക്കാതെ നീണ്ടകാലം ജയിലിൽ തുടരേണ്ടി വന്നയാളും ഇനിയും പുറത്തുവരാൻ സാധിക്കാതെ കിട്ടിയ ജാമ്യം നിയമവിരുദ്ധമായ രീതിയിൽ റദ്ദുചെയ്യപ്പെട്ട സഖാവും ഏഴര വർഷത്തിനുശേഷവും ജാമ്യം ലഭിക്കാത്ത ആളുകളുമുണ്ട്. വിവിധ കേസുകളിൽ സമാന അവസ്ഥയിൽ കഴിയുന്ന നിരവധി ആളുകൾ വേറെയുമുണ്ട്. ജാമ്യമാണ് നിയമവും നീതിയുമെന്നിരിക്കേ അത് നിഷേധിക്കപ്പെട്ട് ജയിലുകളിൽ പതിനായിരക്കണക്കിന് വിചാരണ തടവുകാർ കഴിയുമ്പോൾ എത്ര തവണ ഒപ്പിടേണ്ടി വന്നാലും ജാമ്യത്തിലിറങ്ങുക എന്നത് ഒരു ഭാഗ്യമായി പരിഗണിക്കപ്പെടുന്നതിൽ എന്ത് അതിശയമാണുള്ളത്. അഞ്ചു പതിറ്റാണ്ടുകളായി ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനായ ഒരാളെക്കുറിച്ചുള്ള ഒരു വക്കീലിന്റെ കുറിപ്പ് വായിച്ചതോർക്കുന്നു. നീതി കിട്ടാക്കനിയാകുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ ഭാഗികമായതും അപര്യാപ്തമായതുമായ നീതിപോലും ഒരു അസുലഭ ഭാഗ്യമായി മാറുന്നു.
ജയിലിൽനിന്നിറങ്ങിയതിനു ശേഷം എന്റെദിവസം രണ്ടുനേരം ഒപ്പിടാനുള്ള യാത്രയുടേതായി മാറി. ആദ്യത്തെ ദിവസം കോടതി ഉത്തരവനുസരിച്ച് അന്വേഷണോദ്യോഗസ്ഥന്റെ ഓഫിസിലെത്തിയ എനിക്കു കിട്ടിയ നിർദേശം നഗരത്തിൽ കോടതിയുടെ തൊട്ടു മുന്നിലുള്ള അദ്ദേഹത്തിന്റെ ഓഫിസിനു പകരം നഗരത്തിൽനിന്നും കിലോമീറ്ററുകൾക്കകലെ, ബസിൽ അരമണിക്കൂറോളം സഞ്ചരിച്ച് പിന്നീട് അര കിലോമീറ്ററെങ്കിലും നടന്ന് എത്താൻ കഴിയുന്ന ക്യൂ-ബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനാണ്. ദിവസവും രണ്ടു നേരം ഒപ്പിടേണ്ടതുകൊണ്ട് എന്റെ വരവിനായി പത്തു വർഷമായി കാത്തുകാത്തിരുന്ന എന്റെ മക്കളോടൊപ്പമോ ഉമ്മയോടൊപ്പമോ ഒരുദിവസം പോലും നിൽക്കാൻ എനിക്കു സാധിച്ചില്ല. ഒന്നു രണ്ടു മാസം കഴിയുമ്പോഴേക്ക് ജാമ്യവ്യവസ്ഥ ഇളവുചെയ്തു കിട്ടുമെന്ന് പറഞ്ഞതിനാൽ രണ്ടു മാസത്തിനകം വീട്ടിലേക്ക് പോകാമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. എന്നാൽ, വിവിധ കോടതികളിലായി ഇതുപോലെ ഒപ്പിടാനുള്ള വ്യവസ്ഥ ഇക്കാലയളവിൽ ഉണ്ടായിരുന്നു. കോയമ്പത്തൂർ, പൊള്ളാച്ചി കേസുകളിലെ ഒപ്പിടൽ ക്യൂ-ബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ ആയിരുന്നതിനാൽ അതു പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും തിരുപ്പൂരിലെ കേസുകളിൽ തിരുപ്പൂരിലെ മജിസ്േട്രറ്റിന്റെ മുമ്പാകെയാണ് ഒപ്പിടേണ്ടിയിരുന്നത്, അതുപോലെ കോയമ്പത്തൂരിലെ ഒരു കേസിൽ രാമനാഥപുരം പൊലീസ് സ്റ്റേഷനിലായിരുന്നു ഒപ്പിടേണ്ടിയിരുന്നത്. ശ്രീവില്ലിപുത്തൂരിൽ സമാനമായ അവസ്ഥയുണ്ടായിരുന്നു. ഈ ഓരോ കോടതിയിലും ഞാൻ കോയമ്പത്തൂർ ഒപ്പിടുന്നുണ്ടെന്ന് പറഞ്ഞ് മെമ്മോ ഇടേണ്ടിയിരുന്നു. ആ സ്ഥലങ്ങളിലെ കേസുകൾക്കായും ഇതേ സ്ഥലത്തുതന്നെ ഒപ്പിട്ടാൽമതിയെന്ന് ഓർഡർ വാങ്ങേണ്ടിയിരുന്നു. തിരുപ്പൂരിലൊഴികെ എല്ലായിടത്തും അത് നടന്നെങ്കിലും തിരുപ്പൂരിൽ എന്തോ നോട്ടക്കുറവുകൊണ്ട് വക്കീൽ അത് ചെയ്തില്ല. നമ്മൾ വേറെ എവിടെയും ഒളിച്ചുപോകുന്നില്ല എന്നും നിയമനടപടികളിൽ നമ്മുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുകയാണ് യഥാർഥത്തിൽ ഈ വ്യവസ്ഥകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഒപ്പിടണമെന്ന് കൃത്യമായി പറയുന്ന ഒരു വ്യവസ്ഥ നിയമത്തിലെവിടെയെങ്കിലും ഇല്ലെങ്കിലും ജാമ്യം നൽകുന്ന സമയത്ത് മജിസ്േട്രറ്റിനു യുക്തമായി തോന്നുന്ന വ്യവസ്ഥ ഉൾപ്പെടുത്താം എന്നുള്ള നിയമത്തിലെ ഒരു വകുപ്പ് ഉപയോഗിച്ചാണ് ഇങ്ങനെ ഒപ്പിടുവിക്കുന്നത്. സാധാരണ ഗതിയിൽ ചാർജ് ഷീറ്റു നൽകുന്നതുവരെയാണ് (അന്വേഷണം പൂർത്തീകരിക്കുന്നതുവരെ) ഇങ്ങനെ ഒപ്പിടുവിക്കാറുള്ളത്. എന്നാൽ, പല കോടതികളും ഇത് ഒരു ശിക്ഷാവിധിപോലെ ഉപയോഗിക്കുന്നതായാണ് എന്റെ അനുഭവം. പുറത്തിറങ്ങിയിട്ട് ആറേഴു വർഷങ്ങളായിട്ടും ഇങ്ങനെ ഒപ്പിടുന്ന ആളുകൾ തമിഴ്നാട്ടിൽ ഉണ്ടെന്നു ഞാൻ പിന്നീടറിഞ്ഞു.
തിരുപ്പൂർ കോടതിയിൽ എന്റെ ഒപ്പിടലുമായി ബന്ധപ്പെട്ട് എന്തെങ്കിലും മെമ്മോ കൊടുത്തിട്ടില്ല എന്നത് വലിയ ഒരു പ്രശ്നമായി തീരുമെന്ന് എനിക്കന്ന് അറിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എല്ലാ ദിവസവും രണ്ടു നേരം കോയമ്പത്തൂർ ഒപ്പിടുന്നുണ്ടെന്നതിനാൽ അതേ സമയത്ത് തിരുപ്പൂർകൂടി ഒപ്പിടുന്നത് മനുഷ്യസാധ്യമായ കാര്യമല്ലെന്ന് ഏത് ജഡ്ജിക്കും മനസ്സിലാക്കാൻ പറ്റുന്ന സാമാന്യയുക്തിയാണല്ലോ എന്ന വിചാരമായിരുന്നു. എന്നാൽ കോടതികളിൽ സാമാന്യയുക്തിക്ക് യാതൊരു സ്ഥാനവുമില്ല എന്ന് ഞാൻ മനസ്സിലാക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. കോയമ്പത്തൂരിലെ കേസുകളിലെ ഒപ്പിടൽ ആഴ്ചയിൽ ഒരു ദിവസമായി മാറ്റിയ ഉടനെ മറ്റുള്ള സ്ഥലത്തെ ഒപ്പിടലിനും അതിനനുസരിച്ചുള്ള മാറ്റത്തിനായുള്ള ഹരജികൾ സമർപ്പിച്ചപ്പോഴാണ് തിരുപ്പൂരിൽ ഇതുവരെ ഞാൻ ഒപ്പിട്ടിട്ടില്ലെന്നതിനാൽ എന്റെ ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് ജഡ്ജി ചോദിക്കുന്നത്. ഓർക്കാപ്പുറത്ത് അശനിപാതംപോലെയുള്ള ഈ ഓർഡർ വന്നപ്പോഴാണ് ഞാൻ ആകെ അമ്പരന്നുപോകുന്നത്. ഞാൻ ഓടി തിരുപ്പൂർ മജിസ്േട്രറ്റിന്റെ മുന്നിൽ ചെന്നെങ്കിലും ഇത്രയും നാൾ ഒപ്പിടാത്തതിനാൽ എന്നെ ഒപ്പിടാൻ അനുവദിക്കില്ലെന്നാണ് മജിസ്േട്രറ്റ് പറയുന്നത്. വീണ്ടും ഓടി തിരുപ്പൂർ ജില്ലാ കോടതിയെ സമീപിച്ചപ്പോൾ ജാമ്യം റദ്ദാക്കിയില്ലെങ്കിലും പിറ്റേന്ന് മുതൽ ഞാൻ ദിവസവും തിരുപ്പൂർ കേസിനായി ഒപ്പിടണമെന്ന് ജഡ്ജി ഒരു ശിക്ഷപോലെ നിർദേശിച്ചു. ചെറിയ ഒരു സമാശ്വാസംപോലെ ദിവസവും തിരുപ്പൂർ പോകുന്നതിനു പകരം കോയമ്പത്തൂരിലെ അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ ഒപ്പിട്ടാൽ മതിയെന്നും വിധിച്ചു. പത്തു വർഷങ്ങളായി എന്നെ കാത്തിരിക്കുന്ന രോഗിയായ ഉമ്മയോ അഞ്ചു വയസ്സിനു ശേഷം എന്നോടൊപ്പം നിൽക്കാത്ത, എന്റെ ശ്രദ്ധയും പരിഗണനയും ആവശ്യമായ മകളോ കോടതിയുടെ മുന്നിൽ വിഷയങ്ങളായില്ല. പതിനഞ്ച് ദിവസം ഒപ്പിട്ടാൽ നമുക്ക് വീണ്ടും ഇളവു ചോദിക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ച വക്കീലിന് പക്ഷേ പിന്നീട് ആ കോടതിയിൽനിന്ന് ഒരിക്കലും ഒരു ഇളവു വാങ്ങിക്കാൻ കഴിഞ്ഞില്ല. ഓരോ തവണ ഇളവിനായി കോടതിയെ സമീപിക്കുമ്പോഴും എന്നാൽ ദിവസം രണ്ടുതവണ ഒപ്പിടാനുള്ള ഓർഡർ പാസാക്കാം എന്ന് കോടതി പറയുമായിരുന്നു. ഏറ്റവും കടുത്ത പ്രയാസങ്ങളുണ്ടായ സന്ദർഭങ്ങളിൽപോലും കോടതി ഇതിൽ ഒരു ഇളവു വരുത്താൻ സന്നദ്ധമായില്ല.
ജാമ്യം ലഭിച്ച് മാസങ്ങളായിട്ടും എന്നോടൊപ്പം ഒരുമിച്ച് നിൽക്കാൻ സാധിക്കാത്തതിൽ എന്റെ ഉമ്മക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ഹൃേദ്രാഗിയായിരുന്നതിനാൽ ഉമ്മക്ക് കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകളുണ്ടായിരുന്നു. 2018 നവംബറിൽ ആണെന്നാണ് ഓർമ, ചെക്കപ്പിന്റെ സമയത്ത് കഴുത്തിൽ വല്ലാത്ത ഒരു കഴപ്പനുഭവപ്പെടുന്നുണ്ട് എന്ന് ഉമ്മ ഡോക്ടറോട് പരാതി പറഞ്ഞു. കഴപ്പിന്റെ വിവരണത്തിൽനിന്നുംതന്നെ വീണ്ടും ഉമ്മയുടെ ഹൃദയധമനികൾക്ക് തടസ്സമുണ്ടായിരിക്കുന്നു എന്ന് ഡോക്ടർ ഊഹിച്ചു. തുടർപരിശോധനയായി ഒരു ആൻജിയോഗ്രാമും അതിൽ കുഴപ്പമുണ്ടെങ്കിൽ അപ്പോൾതന്നെ ഒരു ആൻജിയോപ്ലാസ്റ്റിയും നടത്തി െസ്റ്റന്റ് ഇടേണ്ടിവരുമെന്ന് ഡോക്ടർ സൂചിപ്പിച്ചു. ഉമ്മയുടെ കൂടെ എന്റെ പതിനാറു വയസ്സുള്ള ഇളയമകൾ മാത്രമാണ് അന്നുണ്ടായിരുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവാവശ്യപ്പെട്ടുകൊണ്ട് ഞാൻ കോടതിയെ സമീപിച്ചെങ്കിലും കോടതി എന്റെ അപേക്ഷ തള്ളുകയും പഴയ നിലപാട് ആവർത്തിക്കുകയും ചെയ്തു. ഉമ്മയുടെ ആൻജിയോഗ്രാമിന്റെ സമയത്തുപോലും ഒപ്പിടുന്നതിൽ എനിക്ക് ഒരു ലീവ് പോലും അനുവദിച്ചില്ല. അന്ന് ഞാൻ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ സുഹൃത്ത് അദ്ദേഹത്തിന്റെ കാറും ൈഡ്രവറെയും എനിക്ക് ഉമ്മയെ കാണാൻ പോകാനായി വിട്ടുതന്നു. ഒപ്പിട്ട ഉടനെ തന്നെ ഞാൻ ആശുപത്രിയിലേക്ക് കുതിച്ചു. ഉമ്മ ആ സമയം ഓപറേഷൻ തിയറ്ററിലായിരുന്നു. ഇനി ഒരു തവണ ഉമ്മയെ ജീവനോടെ കാണാൻ സാധിക്കുമോ എന്നറിയാതെ ഞാൻ പുറത്ത് കാത്തിരുന്നു. ഉമ്മയുടെ ഓപറേഷൻ കഴിഞ്ഞ് പോസ്റ്റ് ഓപറേറ്റിവ് ഐ.സി.യുവിൽ കൊണ്ടുവന്നപ്പോൾ ഞാൻ ഉമ്മയെ കയറി കണ്ടു. ആ ഓപറേഷൻ പൂർണവിജയമല്ലെന്നും ഉമ്മയുടെ ഹൃദയത്തിന്റെ വാൽവ് കാൽസിഫിക്കേഷൻമൂലം 90 ശതമാനം അടഞ്ഞിരിക്കുകയാണെന്നതിനാലും നേരത്തേ ഒരു ബൈപാസ് സർജറി കഴിഞ്ഞിട്ടുള്ളതിനാലും െസ്റ്റന്റിടാൻ പറ്റാത്ത അവസ്ഥയാണെന്നും ഒരു ബലൂൺ ഇടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ഡോക്ടർ പറഞ്ഞു. ഉമ്മയുടെ ആരോഗ്യം വളരെ മോശമാണെന്നും ഒരു കപ്പു വെള്ളം പോലും തനിയെ എടുക്കരുതെന്നും കുളിക്കാൻപോലും തനിച്ചു വിടരുതെന്നും ഡോക്ടർ ഉപദേശിച്ചു. എന്നാൽ, ഉമ്മയെ റൂമിലേക്ക് കൊണ്ടുവരും മുമ്പ് പുലർച്ചെ ആറുമണിക്കുതന്നെ ആ ദിവസത്തെ ഒപ്പിടാനായി കോയമ്പത്തൂരിലേക്ക് ഞാൻ തിരിച്ച് വരേണ്ടി വന്നു. ഉമ്മയെ നോക്കാൻ അടുത്ത വീട്ടിലെ ഒരു സ്ത്രീയെ ജോലിക്കായി ഏർപ്പാടുചെയ്തു.
ഉമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. താച്ചുവിനെ കൂടെ നിർത്തി നോക്കാൻപോലും പറ്റാത്തതിനാൽ അവളെ ഞാൻ കോയമ്പത്തൂരിലേക്ക് കൊണ്ടുപോന്നു. അത്തവണ ക്രിസ്മസ് വെക്കേഷന് വന്ന ആമി കോയമ്പത്തൂരിൽ ബോറടിച്ചിരുന്ന താച്ചുവിനെ ഒരു മാറ്റത്തിനായി ബംഗാളിലേക്ക് കൊണ്ടുപോയി. 2019 ജനുവരി 24നാണെന്നു തോന്നുന്നു കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് ഞാൻ എറണാകുളത്തേക്ക് വരേണ്ട സന്ദർഭമുണ്ടായി. തിരിച്ചുവരുമ്പോൾ ഞാൻ ഉമ്മയെ പോയി കണ്ടു. ഉമ്മക്ക് ചെറിയ പനിയും ചുമയുമുണ്ടായിരുന്നു. ഒരു രാത്രിപോലും ഒരുമിച്ചുനിൽക്കാൻ സാധിക്കാത്തതിന്റെ ഖേദം ഉമ്മ എന്നോട് പങ്കുവെച്ചു. എന്നാണെടീ നിന്റെഈ ഒപ്പിടൽ അവസാനിക്കുക; ഞാൻ മരിച്ചിട്ടോ എന്ന് ഉമ്മ സങ്കടത്തോടെ ചോദിച്ചു. അത് അങ്ങനെയൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് അന്ന് ഉമ്മക്കും എനിക്കുമറിയില്ലായിരുന്നു. ഉമ്മയുടെ മരണം കഴിഞ്ഞ് നാലു വർഷമാകാറായിട്ടും ഇന്നും ഞാൻ ഒപ്പിട്ടുകൊണ്ടിരിക്കുകയാണ് എന്നറിയുമ്പോൾ ഉമ്മ എന്തായിരിക്കും ചിന്തിക്കുക എന്ന് ഞാനതിശയിക്കുന്നു.
അന്ന് ഞാൻ കാണുമ്പോൾ ഉമ്മക്ക് വല്ലാത്ത ഏകാന്തതയും മനോവേദനയുമുണ്ടായിരുന്നു. ഉമ്മയെ കണ്ട് അതിരാവിലെ ഞാൻ തിരിച്ചുവരുമ്പോൾ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മയെ ഒരു ഡോക്ടറെ കാണിക്കാൻ ഞാൻ ചേടത്തിയെ വിളിച്ചുപറഞ്ഞു. എനിക്ക് വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തോന്നി. ഉമ്മയെ വേണമെങ്കിൽ കൂടെ കൊണ്ടുവന്ന് നിർത്താമെന്ന് ഞാൻ താമസിക്കുന്ന സ്ഥലത്തെ സുഹൃത്ത് എന്നോടു പറഞ്ഞു. പരിചിതമായ വീടും ആളുകളെയും വിട്ട് ഈ വാർധക്യത്തിൽ എവിടെയും ഉമ്മ വരില്ലെന്ന് എനിക്കറിയാമായിരുന്നു. അന്ന് വൈകുന്നേരം ഉമ്മക്ക് ചുമ കലശലായി ശ്വാസമെടുക്കാൻ പറ്റാതായി. ഉമ്മക്ക് ഒരു ഹാർട്ട് അറ്റാക്കുണ്ടായി ഐ.സി.യുവിലാണെന്നാണ് പിന്നീട് ഞാൻ അറിയുന്നത്. അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാമെന്ന് ഡോക്ടർ പറഞ്ഞതായി ചേടത്തി എന്നെ വിളിച്ചുപറഞ്ഞു. വരുന്നതു വരട്ടെ എന്ന് കരുതി ഞാൻ ഒരു ദിവസത്തെ ലീവ് കൊടുത്ത് കോയമ്പത്തൂരിൽനിന്നും രാത്രിതന്നെ തൃശൂർക്ക് തിരിച്ചു വന്നു. എനിക്കായി വീണ്ടും ജാമ്യവ്യവസ്ഥ ഇളവുചെയ്യാൻ പെറ്റീഷൻ സമർപ്പിച്ചെങ്കിലും ഇത്തവണയും എന്റെ ജാമ്യവ്യവസ്ഥ ഇളവുചെയ്തു തന്നില്ല. എനിക്കത് താങ്ങാനാവുന്നതിലും അധികമായിരുന്നു. പക്ഷേ, ജാമ്യം റദ്ദാക്കപ്പെടാള്ള സാധ്യത തലക്കുമീതെ ഡെമോക്ലീസിന്റെ വാൾപോലെ തൂങ്ങിക്കിടക്കുന്നതിനാൽ എനിക്കു തിരിച്ചു കോയമ്പത്തൂർ പോകുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലായിരുന്നു.
എന്റെ അവസ്ഥ മനസ്സിലാക്കി അന്ന് ഗൾഫിൽ ജോലിചെയ്തിരുന്ന മൂത്ത സഹോദരൻ നാട്ടിലെത്തി ഉമ്മയെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉമ്മയും മറ്റു മാർഗങ്ങളൊന്നുമില്ലാതെ അങ്ങോട്ടു പോകാൻ സമ്മതിച്ചു. ഉമ്മയുടെ ജീവിതത്തിലെ വിധി നിർണായകമായ ഒരു തീരുമാനമായിരുന്നു അതെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല. സന്തോഷപൂർവം അവിടെ താമസിക്കാൻ തുടങ്ങിയെങ്കിലും അപരിചിതമായ ഒരു വീടിന്റെ സ്ഥലരാശികൾ സ്വന്തം വീടിന്റെ ഓരോ മൂലയും പരിചിതമായ ഉമ്മയുടെ നീക്കങ്ങൾക്ക് തടസ്സമുണ്ടാക്കി. രണ്ടോ മൂന്നോ ആഴ്ചകൾക്കുശേഷം ഒരു ദിവസം ഉമ്മ ബാത്ത്റൂമിൽനിന്നും തിരിച്ചുവന്ന് കട്ടിലിൽ കിടക്കുവാൻ ശ്രമിക്കുന്നതിനിടക്ക് തെന്നിവീണു. അത് അവസാനത്തെ വീഴ്ചയായിരുന്നു. കൈകാലുകളുടെ ബലം നഷ്ടപ്പെട്ടതിനാലോ ചലനങ്ങളുടെ േക്രാഡീകരണത്തിനുണ്ടായ പ്രശ്നങ്ങൾ കാരണമോ ആയിടെ ഉമ്മ ഇടക്കിടക്ക് തെന്നിവീഴാൻ തുടങ്ങിയിരുന്നു. വീട്ടിലാകുമ്പോൾ കണ്ണടച്ചുപോലും നടക്കാവുന്ന ചിരപരിചിതത്വംമൂലം വീഴാൻ പോകുമ്പോൾ എവിടെ പിടിക്കണമെന്നൊക്കെ ഉമ്മക്ക് ഒരു കണക്കുണ്ടായിരുന്നിരിക്കണം. എന്നാൽ, സഹോദരന്റെ വീട്ടിലെ കൂടുതൽ ഉയരമുള്ള കട്ടിലുകളും കൂടുതൽ മിനുസമുള്ള ടൈലുകളും മുറികളുടെ വിശാലതയും കാരണം ഉമ്മയുടെ കണക്കുകളൊക്കെ പിഴച്ചു. ആ വീഴ്ചയിൽ തുടയുടെ സന്ധി ഒടിഞ്ഞു. ദുസ്സഹമായ വേദനയിൽ ഉമ്മ കരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഞാൻ വീണ്ടും കോയമ്പത്തൂരുനിന്നും ഓടി എത്തുന്നത്. ഒരു ഓപറേഷനിലൂടെ പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിലും ഉമ്മയുടെ ഹൃദയാരോഗ്യം കണക്കിലെടുത്ത് ഓപറേഷൻ സാധ്യമല്ല എന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞു. കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടക്ക് എനിക്ക് ഉമ്മയെ വേണ്ടുംവിധം പരിചരിക്കാൻ സാധിച്ചില്ല. എന്റെ അവസ്ഥ കണ്ടറിഞ്ഞ് രണ്ടാമത്തെ സഹോദരൻ ഗൾഫിൽനിന്നും ലീവെടുത്തു വന്നുവെങ്കിലും എന്റെ അഭാവത്തിൽ ഉമ്മയുടെ ഡയപ്പർ മാറ്റാനും മറ്റും അദ്ദേഹത്തിന് നഴ്സുമാരുടെ സഹായംവേണ്ടിയിരുന്നു. നഴ്സുമാരുടെ സമരത്തിനുശേഷം ആശുപത്രിയിൽ നഴ്സുമാരുടെ എണ്ണം കാര്യമായി വെട്ടിക്കുറച്ചിരുന്നതിനാൽ അദ്ദേഹം പോയി വിളിച്ചാലും നഴ്സിങ് സ്റ്റാഫ് എത്താൻ ദീർഘസമയം ആവശ്യമായിവന്നിരുന്നു. ഇതിന്റെ ഭാഗമായി ഉമ്മയുടെ പുറത്ത് ആശുപത്രിയിൽവെച്ച് ബെഡ്സോർ രൂപപ്പെടുകയും പ്രമേഹരോഗിയായതിനാൽ ഈ വ്രണം പിന്നീട് എത്രയൊക്കെ മരുന്നുകൾ ചെയ്തിട്ടും മരണംവരെ മാറാതിരിക്കുകയുംചെയ്തു. ഒരു ഘട്ടത്തിൽ തുടയിലെ വേദനയേക്കാൾ ഉമ്മയെ അലട്ടിയിരുന്നത് ഈ വ്രണത്തിലെ വേദനയായിരുന്നു. ഹൈേകാടതിയിൽനിന്നും തിരുപ്പൂർ കേസുകളിൽ ആഴ്ചയിലൊരിക്കൽ ഒപ്പിട്ടാൽ മതിയെന്ന ഓർഡർ വരുന്നത് ഹോസ്പിറ്റലിൽനിന്നും ഇനി പ്രത്യേകിച്ച് ഒന്നുംചെയ്യാനില്ലെന്ന് പറഞ്ഞ് ഉമ്മയെ തിരിച്ചു കൊണ്ടുവന്ന ദിവസമായിരുന്നു. അന്ന് അത് എനിക്കു വലിയ ആശ്വാസമായിരുന്നു. ഉമ്മയെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഞാൻ കോയമ്പത്തൂരിലെ എന്റെ താമസസ്ഥലത്തോട് താൽക്കാലികമായി വിടപറഞ്ഞു.
ഉമ്മയുടെ ചെറുപ്പകാലത്തെ കുറിച്ച്, അന്നത്തെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് എല്ലാം ഉമ്മ എന്നോട് സംസാരിക്കുമായിരുന്നു. ജയിലിൽവെച്ച് അതിനെയെല്ലാം ഉപജീവിച്ച് ആത്മകഥാപരമായ ഒരു നോവൽ എഴുതുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അതിനുള്ള കുറച്ച് കുറിപ്പുകൾ ഞാൻ തയാറാക്കുകയും അൽപം എഴുതിത്തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ജയിലിലെ അവസാന നാളുകൾ പല കാരണങ്ങളാൽ സംഘർഷഭരിതമായതിനാൽ അത് നിന്നുപോയി. ജാമ്യത്തിലിറങ്ങി ഉമ്മയോടൊപ്പം താമസിച്ച് ഉമ്മയുടെ കഥകൾ കേട്ട് അതിനെ പറ്റി എഴുതാമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ, സങ്കടകരമെന്നു പറയാം, വേദനയുടെ വിവിധ അവസ്ഥകളിലൂടെയും അത് ശമിപ്പിക്കാൻ കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ ഭാഗമായും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവുകളുടെ സന്തുലനാവസ്ഥയിലുണ്ടായ പ്രശ്നങ്ങൾമൂലവും പലപ്പോഴും ഉമ്മ കടുത്ത നിരാശയിലും സങ്കടത്തിലുംവിഭ്രമാവസ്ഥയിലുമായിരുന്നു. മരണഭയം, കടുത്ത വേദന, മാനസിക വിഭ്രാന്തി എല്ലാംകൊണ്ടും ഉമ്മയുടെ അവസ്ഥ വല്ലാതെ മോശമായിരുന്നു. അത് ഒരു മാർച്ച് മാസമായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ കടംവീട്ടാനെന്ന വിധം സൂര്യൻ ഒരു ദാക്ഷിണ്യവുമില്ലാതെ കത്തിയെരിഞ്ഞു. രാത്രികളിൽ വിയർപ്പിൽ കുതിർന്ന് ഉമ്മ ഉണരും. സ്വപ്നങ്ങളിൽ ഉമ്മയെ കൊണ്ടുപോകാൻ കാരണവന്മാർ മുഖംമൂടുന്ന കറുത്ത തുണിയുമായി വന്നിരുന്നു. ഉമ്മക്ക് ശ്വാസംമുട്ടി നിലവിളിച്ച് ഉമ്മ അവർ മൂടിയിരുന്ന തുണികൾ പറിച്ചെറിഞ്ഞു. നിലവിളി കേട്ടു ഞങ്ങൾ ചെല്ലുമ്പോൾ നഗ്നയായി ഉമ്മ കിടക്കയിൽ ശ്വാസംമുട്ടി കിടക്കുന്നുണ്ടാകും. ഉമ്മയെ വസ്ത്രങ്ങൾ ധരിപ്പിക്കാൻ ഞങ്ങൾ കഷ്ടപ്പെട്ടു. തിരിച്ചിട്ട നൈറ്റികൾ ബട്ടണിടാതെ ഇട്ടിട്ടും ഉമ്മക്ക് ശ്വാസം മുട്ടി. നൈറ്റികളുടെ പിൻഭാഗവും തുറന്ന് വെറുതെ ഒരു പുതപ്പുപോലെ ഇട്ടിരുന്നാലും ഉമ്മ അതെല്ലാം ഊരിക്കളഞ്ഞിരിക്കും. എനിക്ക് പരിചിതയായ കർശനക്കാരിയെങ്കിലും സൗമ്യ സ്വഭാവിയായ ഉമ്മയെ കാണാൻ സാധിക്കുന്ന സന്ദർഭങ്ങൾ കുറഞ്ഞുവന്നു. ആ സന്ദർഭങ്ങളിലാകട്ടെ എന്നെ എന്തിനാണ് ഇങ്ങനെ വേദന തന്ന് കിടത്തിയിരിക്കുന്നത്, എനിക്കു മരണത്തെ തന്നുകൂടെ എന്ന് ഉമ്മ പടച്ചവനോട് കേണുകൊണ്ടിരുന്നു. അന്നെല്ലാം രാത്രി പണിയെല്ലാം ഒതുക്കിയിട്ട് ഞാൻ പുലർച്ചെ രണ്ടുമണിക്ക് കുളിച്ചിട്ട് രണ്ടരക്കാണ് കിടക്കാറ്. ഒന്നു മയങ്ങുമ്പോഴേക്കും ഉമ്മ എണീറ്റ് വെള്ളം ചോദിക്കാൻ തുടങ്ങും. അന്ന് ഒടുങ്ങാത്ത ദാഹമായിരുന്നു ഉമ്മക്ക്. വെള്ളത്തിലൂടെയാകും ഉമ്മ ജീവിതത്തെ കൈയെത്തിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഉമ്മക്ക് മൂത്രം പോകാനിട്ട ട്യൂബ് മാറ്റിയിട്ടിട്ടും മൂത്രത്തിൽ പഴുപ്പു ബാധിച്ചു. ആദ്യം ചുമയായി തുടങ്ങിയത് ന്യൂമോണിയയായി മാറി. കോയമ്പത്തൂരിനും ആശുപത്രികൾക്കും ഇടയിൽ അന്നെന്റെ ജീവിതം ഊയലാടി.
അതിനിടയിലാണ് ആമിയുടെ വിവാഹം. ഞാൻ പുറത്തു പോകുന്നത് ഉമ്മക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം എന്റെ സുഹൃത്തുക്കളാണ് ചെയ്തത്. ഇതിനിടയിൽ ഉമ്മയുടെ അസുഖം മൂർച്ഛിച്ച് വെന്റിലേറ്ററിലേക്ക് മാറ്റുന്ന സ്ഥിതിയെത്തി. ഉമ്മയുടെ ഹൃദയശസ്ത്രക്രിയ ചെയ്ത ആശുപത്രിയിലേക്കാണ് വീണ്ടും പോയത്. അവിടെവെച്ച് ഉമ്മ ആരോഗ്യം കുറച്ചൊക്കെ വീണ്ടെടുത്തെങ്കിലും അവിടത്തെ ഡോക്ടർമാരുടെ സ്വാധീനത്തിന് വഴങ്ങി തുടയെല്ല് ഓപറേഷൻ ചെയ്യാൻ ഉമ്മ തീരുമാനിച്ചു. എന്നാൽ, അത് അപകടകരമായ ഒരു തീരുമാനമായിരുന്നു. ഓപറേഷനു ശേഷം ഉമ്മ ബോധം വീണ്ടെടുത്തെങ്കിലും രണ്ടര മണിക്കൂറിനുശേഷം ഒരു കടുത്ത ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞു. ഒരുപക്ഷേ എന്റെ ജാമ്യവ്യവസ്ഥകൾക്ക് ഇളവുകിട്ടുകയും ഉമ്മയോടൊപ്പം താമസിക്കാൻ സാധിക്കുകയും ചെയ്തിരുന്നെങ്കിൽ ഉമ്മ കുറച്ചു കാലംകൂടി ജീവിച്ചിരുന്നേനെ എന്ന ചിന്ത എന്നും എന്റെ ഉള്ളിലുണ്ട്. അതിന്റെ കുറ്റബോധത്തിൽനിന്ന് എനിക്ക് ഒരിക്കലും മോചനം ലഭിക്കുകയില്ല.
ഉമ്മയുടെ മരണം എന്റെ ജീവിതത്തിലെ നിർണായകമായ സംഭവമായിരുന്നു. എന്റെ അഭാവത്തിൽ കുട്ടികളെ നോക്കുന്നതു മുതൽ ജയിലിൽനിന്ന് പുറത്തിറങ്ങി പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന എന്നെയും കുട്ടികളെയും സംരക്ഷിച്ചിരുന്നത് ഉമ്മയായിരുന്നു. ഉമ്മയുടെ മരണത്തോടെ വീടിന്റെ മുഴുവൻ ചുമതലയും എന്റെ ചുമലിൽ ആയി. ആഴ്ചതോറും കോയമ്പത്തൂരിൽ ഒപ്പിടാനും തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കേസ് നടത്താനും പോകേണ്ടിയിരുന്ന എന്നെ സംബന്ധിച്ച് ഒരു ജോലിചെയ്യുക എളുപ്പമായിരുന്നില്ല. ഒപ്പിടാനുള്ള യാത്രകൾക്കും കേസ് സംബന്ധമായ യാത്രകൾക്കും കേസ് നടത്തിപ്പിനും പണം ആവശ്യമായിരുന്നു. എന്നാൽ, പ്രത്യേകിച്ച് വരുമാനമോ ജോലിയോ ഇല്ല. അപ്പോഴും ഉമ്മയുടെ പേരിലുള്ള കുറച്ചു പണം ബാങ്കിൽ ഉണ്ടായിരുന്നത് നോമിനി ആയിരുന്നതിനാൽ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു. രണ്ടു വർഷത്തോളം ഈ വരുമാനം ഉപയോഗിച്ചാണ് ഞാനും മക്കളും ജീവിച്ചത്. ഇതിനിടെ എല്ലാ ആഴ്ചയും ഒപ്പിടുന്നതിൽനിന്ന് മാസത്തിൽ രണ്ടുതവണ ഒപ്പിടുന്നതിലേക്ക് ജാമ്യവ്യവസ്ഥ ഇളവ്ചെയ്ത് ലഭിച്ചു. ആ സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. കോവിഡ്മൂലം ലോകം മുഴുവനും സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചപ്പോൾ അതിൽ ആശ്വാസം അനുഭവിച്ച അപൂർവം ആളുകളിൽ ഒരാൾ ഞാൻ ആയിരിക്കും. കോവിഡ് കാലത്ത് ലോക്ഡൗൺമൂലം പൊതുഗതാഗതം നിരോധിച്ചപ്പോൾ എനിക്ക് കോയമ്പത്തൂരേക്കോ കോടതികളിലേക്കോ പോകേണ്ടതില്ലാത്തതിനാൽ യാത്രയും അതനുബന്ധിച്ചുള്ള സാമ്പത്തിക ചെലവും ഒഴിവായി. എങ്കിലും 2020 മധ്യമായപ്പോഴേക്കും വിലക്കയറ്റംമൂലവും കൈയിലുണ്ടായിരുന്ന പണം തീർന്നുതുടങ്ങിയതു മൂലവും ഞാൻ ഒരു ജോലി അന്വേഷിക്കാൻ നിർബന്ധിതയായി. അങ്ങനെ വർഷങ്ങൾക്കുശേഷം ഞാൻ വീണ്ടും അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചുവന്നു. എന്റെ ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ ഞാൻ എറണാകുളത്തേക്ക് തിരിച്ചുവരുകയും എന്റെ പഴയ ഒരു സീനിയറിന്റെ കൂടെ വീണ്ടും ഹൈേകാടതിയിൽ പ്രാക്ടീസ് പുനരാരംഭിക്കുകയും ചെയ്തു. എന്റെ പഴയ വീട് ഉപയോഗയോഗ്യമല്ലാത്തതിനാൽ ഒരു വീട് വാടകക്കെടുത്ത് അതിലാണ് ഞാൻ മോളോടൊപ്പം താമസിച്ചത്. നാട്ടിലെ വീടിന്റെ വാടകയും ചില സുഹൃത്തുക്കളുടെ സഹായവും പ്രാക്ടീസിൽനിന്നുള്ള ചെറിയ വരുമാനവും ചേർന്ന് കഷ്ടിച്ച് ജീവിച്ചുപോകാവുന്ന അവസ്ഥയിലായി. ഇതിനിടയിൽ കോയമ്പത്തൂരിലെ കേസുകളിൽ മാസത്തിൽ ഒരു തവണ ഒപ്പിട്ടാൽ മതിയെന്ന തരത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കുകയുംചെയ്തു. കോവിഡ്മൂലം അപ്പോഴും ഒപ്പിടൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. അതിനിടയിൽ എനിക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. തിരുപ്പൂരിലെ കേസുകളുടെ ജാമ്യവ്യവസ്ഥ അപ്പോഴും ഇളവ്ചെയ്തിട്ടില്ലാത്തതിനാൽ അത് ഇളവ്ചെയ്തു കിട്ടാൻ കോടതിയെ സമീപിച്ചപ്പോൾ അത് ഇളവ്ചെയ്യുന്നതിന് പകരം വീണ്ടും ഉടനടി ഒപ്പിടൽ ആരംഭിക്കാൻ കോടതി നിർദേശിച്ചു. അന്ന് എനിക്ക് കോവിഡ് മാറിയിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങൾ തുടരുകയായിരുന്നു. എന്നാൽ, കോടതി അതൊന്നും കണക്കിലെടുക്കാതെ തമിഴ്നാട്ടിൽ കോവിഡ് കാര്യമായി ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ഉടനെ ഒപ്പിടൽ പുനരാരംഭിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് വാക്കാൽ പറഞ്ഞു. ഇതോടൊപ്പംതന്നെ തമിഴ്നാട്ടിലെ കോടതികൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്റെ കോയമ്പത്തൂർ കേസിലെ ജാമ്യവ്യവസ്ഥ മാസത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ഒപ്പിടുക എന്നതായി മാറ്റിയിരുന്നു. എന്നാൽ തിരുപ്പൂർ കേസുകളിൽ ഒപ്പിടേണ്ടത് എല്ലാ മാസത്തിലും ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും ആണ്. ഫലത്തിൽ ഓരോ മാസവും മൂന്നുദിവസം വീതം ഒപ്പിടാനായി കോയമ്പത്തൂർക്ക് പോകണം. ഇപ്പോൾ ഞാൻ താമസിക്കുന്നത് എറണാകുളത്താണ്. തൃപ്രയാറിൽനിന്ന് അതിരാവിലെ നാലേമുക്കാലിന് ബസ് കയറിയാൽ ഒപ്പിടേണ്ട സമയത്ത് കോയമ്പത്തൂർ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. എന്നാൽ, എറണാകുളത്തുനിന്നാകുമ്പോൾ ഇത് സാധ്യമല്ല. രാവിലെ കോയമ്പത്തൂർ എത്തുന്ന െട്രയിനുകളും ഇല്ല. അതുകൊണ്ട് തലേദിവസംതന്നെ പുറപ്പെടേണ്ടിവരുന്നു. ഇതിനാൽ ഓരോ യാത്രയും രണ്ടുദിവസത്തെ പരിപാടിയാണ്. ചിലപ്പോൾ ഇതിനു തൊട്ടടുത്ത ദിവസംതന്നെ കേസിന്റെ ഹിയറിങ് ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം അതിനുകൂടി തങ്ങേണ്ടിവരുന്നു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ നാലു കോടതികളിൽ കേസുകൾ ഉള്ളതിനാൽ അതിനും ഇതുപോലെ രണ്ടുദിവസം വീതം മാറ്റിവെക്കേണ്ടിവരുന്നു. എല്ലാ കേസുകൾക്കും ഹാജരാവുകയാണെങ്കിൽ ഒരു മാസം 14 ദിവസം കേസുകൾക്കും ഒപ്പിടലിനുമായി മാറ്റിവെക്കേണ്ടിവരുന്നു. കേരളത്തിലെ കോടതികളിലെ മിക്ക കേസുകളും എറണാകുളത്തേക്ക് മാറ്റിയതിനാൽ എറണാകുളംവിട്ട് കോയമ്പത്തൂർ പോയി താമസിക്കാനും സാധിക്കുകയില്ല. പരിമിതമായ രീതിയിൽ സ്വന്തം കേസുകൾ എങ്കിലും വാദിക്കണമെങ്കിൽ എറണാകുളത്ത് തന്നെ താമസിക്കേണ്ടതുണ്ട്. നിലവിൽ രൂപേഷിന്റെ എൻ.ഐ.എ കോടതിയിലുള്ള കേസും ഹൈകോടതിയിലെ കേസുകളും നടത്തുന്നതിൽ സീനിയർ അഭിഭാഷകനെ ഞാൻ അസിസ്റ്റ്ചെയ്യുന്നുണ്ട്. മുമ്പ് ഞാൻ പ്രാക്ടീസ്ചെയ്തിരുന്ന ഓഫിസിൽനിന്ന് ഇക്കാരണങ്ങളാൽ ഞാൻ പിരിഞ്ഞു പോരുകയായിരുന്നു. മാസത്തിൽ പകുതിയും നാട്ടിൽ ഇല്ലാത്ത ഒരാൾക്ക് എവിടെ ജോലി ലഭിക്കാൻ? എന്റെ ജാമ്യവ്യവസ്ഥതന്നെ ഒരു ശിക്ഷയായി മാറുന്ന അവസ്ഥയാണിപ്പോൾ. നിത്യവൃത്തിക്കുള്ള വഴിപോലും ഇതിനാൽ അടഞ്ഞുപോയിരിക്കുന്നു. സ്വാതന്ത്ര്യത്തിനും അസ്വാതന്ത്ര്യത്തിനും ഇടയിലുള്ള നേർത്ത വരമ്പുകൾ മാഞ്ഞുപോയിരിക്കുന്നു. തിരുപ്പൂർ, കോയമ്പത്തൂർ കേസുകളിൽ വീണ്ടും ജാമ്യവ്യവസ്ഥയിൽ ഇളവു ചോദിച്ചുള്ള പെറ്റീഷൻ ഇട്ടിരുന്നെങ്കിലും മുമ്പത്തെ അതേ കാരണം കാണിച്ച് കോടതി അതു തള്ളുകയായിരുന്നു. വീണ്ടും ഒരു പെറ്റീഷൻ ഇപ്പോൾ ഇടുന്നുണ്ട്. ഇത്തവണ എന്താണ് സംഭവിക്കുക എന്നറിയുകയില്ല. ഇനി ഒരു കാരണവശാലും ഒപ്പിടൽ മുടക്കരുതെന്നാണ് എനിക്ക് മദ്രാസ് ഹൈകോടതിയിലെ വക്കീലിൽനിന്നും ലഭിച്ച നിർദേശം. കഴിഞ്ഞതവണ കടുത്ത പനിയും വയറിളക്കവും പല്ലുവേദനയും മൂലം മൂന്നു തവണ മുടങ്ങിയതിനാലാണ് എന്റെ പെറ്റീഷൻ തള്ളിയതെന്നാണ് വക്കീൽ കരുതുന്നത്. അസുഖത്തിന്റെ കാര്യത്തിൽ ഞാൻ കൃത്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നതുമാണ്. ഞാൻ ഓരോ തവണ ഒപ്പിടാനായി പോകുമ്പോഴും പത്തൊമ്പത് -ഇരുപത് വയസ്സായ മോളെ വീട്ടിൽ തനിച്ചാക്കിയിട്ടാണ് പോകുന്നത്. കഴിഞ്ഞതവണ അവൾക്ക് കടുത്ത പനിയും ഛർദിയും ബാധിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഒപ്പിടാനായി പോയത്. ഞാനിറങ്ങുമ്പോഴുള്ള അവളുടെ ദയനീയമായ നോട്ടം എന്റെ മനസ്സിലുണ്ട്. പക്ഷേ, നിവൃത്തിയില്ലല്ലോ. എന്റെ അസുഖം കണക്കാക്കാത്ത കോടതി എന്റെ മകളുടെ അസുഖം കണക്കിലെടുക്കാൻ വഴിയില്ലല്ലോ.
ഈ പുതുവർഷത്തിന് ഞാൻ ക്യൂ ബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ ഒപ്പിടുകയായിരിക്കും. കഴിഞ്ഞ പുതുവർഷങ്ങളും അങ്ങനെയായിരുന്നു. പെരുന്നാൾ, ഓണം, വിഷു... അങ്ങനെ മിക്ക ആഘോഷങ്ങളും അവിടെ തന്നെയായിരിക്കും... ഈ മതപരമായ ആഘോഷങ്ങളെ കുറിച്ച് ഇത്ര വേവലാതിപ്പെടേണ്ടതുണ്ടോ എന്ന് ചിലരെങ്കിലും തിരിച്ചു ചോദിക്കും. നമ്മുടെ കുഞ്ഞുങ്ങൾക്ക്, അടുപ്പമുള്ളവർക്ക് ... ഒക്കെ മറ്റെന്ത് ആഘോഷമാണുള്ളത്? ഒരു പിറന്നാൾ ഒഴികെ? അവരോട് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചോളൂ എന്നു പറയണോ? എല്ലാ സ്വാതന്ത്ര്യദിനവും (ആഗസ്റ്റ് 15) 15ാം തീയതി ആയതിനാൽ ഒപ്പിടേണ്ട ദിവസങ്ങൾ തന്നെയാണ്.
കഴിഞ്ഞ നാലര വർഷത്തിലേറെയായി ഈ ഒപ്പിടൽ ആരംഭിച്ചിട്ട്. ഓരോ യാത്രക്കും മിനിമം അഞ്ഞൂറു രൂപ ചെലവാകും. ശാരീരികമായ ബുദ്ധിമുട്ടുകൾ വേറെയും. എനിക്കിപ്പോൾ അമ്പത്തൊന്നു വയസ്സായി. പ്രമേഹമുണ്ട്, സന്ധിവാതത്തിന്റെ പ്രശ്നമുണ്ട്, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ വേറെയും. ഓരോ യാത്രയും കഴിയുമ്പോൾ എന്റെ ശരീരം മുറുമുറുക്കുന്നുണ്ട്. എന്റെ ജോലി നഷ്ടപ്പെട്ടു. എന്റെ പേരിലുള്ള ഒരു കുറ്റംപോലും ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഇനിയും മിക്ക കേസുകളിലുംചാർജ് പോലും െഫ്രയിം ചെയ്തിട്ടില്ല. ചാർജ് െഫ്രയിം ചെയ്ത് വിചാരണ ആരംഭിച്ച കേസിൽ ആദ്യ സാക്ഷിയെ വിസ്തരിച്ചപ്പോൾ തന്നെ കേസു പൊളിഞ്ഞുപോയി എന്നു മനസ്സിലാക്കിയ പ്രോസിക്യൂഷൻ കേസുകൾ കോയമ്പത്തൂരിലെ ബോംബ് ബ്ലാസ്റ്റ് കേസ് വിചാരണ നടത്തിയ കോടതിയിലേക്ക് മാറ്റാനായി കോടതിയെ സമീപിച്ചു. എല്ലാ കേസുകളും ഒറ്റ കോടതിയിലേക്ക് വിചാരണക്കായി മാറ്റണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് മദ്രാസ് ഹൈകോടതിയെ സമീപിച്ചപ്പോൾ ശക്തിയുക്തം അതിനെ എതിർത്ത് കേസ് തള്ളിക്കളയിച്ച അതേ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് കോടതികളെ കരുവാക്കി പിൻവാതിലിലൂടെ ഇതേ ആവശ്യത്തിനായി ഒരു അഡ്മിനിസ്േട്രറ്റിവ് ഉത്തരവിനായി നടക്കുന്നത്. ഈ കേസുകൾ ഇനി എന്നു വിചാരണക്കെടുക്കും എന്നറിയില്ല. ജയിലിൽ കിടക്കുന്ന ഒരു സഖാവിന് ഇതിനോടൊപ്പമുള്ള ഒരു കേസിൽ ചാർജ് െഫ്രയിം ചെയ്താൽ ജാമ്യം നൽകാമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ കോടതി മാറ്റുന്നതുമായി ബന്ധപ്പെട്ട് ആ കേസിൽ ചാർജ് െഫ്രയിം ചെയ്യാത്തതിനാൽ അദ്ദേഹം ജയിലിൽതന്നെ തുടരുന്നു. അങ്ങനെ നോക്കുമ്പോൾ എനിക്ക് ആശ്വസിക്കാം, ഞാൻ ജയിലിനു പുറത്താണ്. എനിക്ക് ചായ കുടിക്കാൻ തോന്നുമ്പോൾ കുടിക്കാം വേണ്ടെങ്കിൽ വേണ്ട എന്നുവെക്കാം. ഫോൺ ചെയ്യാം, സുഹൃത്തുക്കളെ കാണാം. സ്വാതന്ത്ര്യമുണ്ട്. അതേ, സ്വാതന്ത്ര്യം... കയറിന്റെ അറ്റം എത്രത്തോളം നീളുമോ അത്രയും സ്വാതന്ത്ര്യം. നിങ്ങളുടെ സ്വാതന്ത്ര്യത്തിന് എത്ര നീളമുണ്ട്? അല്ലെങ്കിൽതന്നെ ഈ രാജ്യത്ത്, ആനന്ദ് തെൽതുംബ്ഡെയെയും ഗൗതം നവ്ലഖയെയും പോലുള്ളവരെ, സുരേന്ദ്ര ഗാഡ്ലിങ്, സുധ ഭരദ്വാജ്... തുടങ്ങിയ വക്കീലന്മാരെയും ഹാനിബാബു, സായിബാബ, ഷോമ സെൻ പോലുള്ള അധ്യാപകരെയും സ്റ്റാൻ സ്വാമിയെപോലുള്ള സാമൂഹികപ്രവർത്തകരെയും സിദ്ദീഖ് കാപ്പനെ പോലുള്ള പത്രപ്രവർത്തകരെയും മറ്റനേകം ബുദ്ധിജീവികളെയും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെയും ജയിലിലടക്കുന്ന ഒരിടത്ത് രാജ്യം മുഴുവൻ ഒരു ജയിലായി പരിണമിക്കുമ്പോൾ എത്രകാലം നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും? അല്ല, അതിന് ഈ രാജ്യം നിങ്ങളുടേതു തന്നെയാണോ എന്ന് അവർ തീരുമാനിച്ചിട്ടുണ്ടോ..?
ഹേ, ബഷീർ... നിങ്ങൾ പറഞ്ഞതെത്ര ശരിയാണ്. ഏതു സ്വതന്ത്രലോകം? അതിലും വലിയ ഒരു ജയിൽ അത്ര മാത്രമല്ലേ?