പെരിങ്ങീൽ, കുടക്, പീരുമേട്: ഒരു നാടിന്റെ, ദലിതന്റെ ജീവിതകഥ
1947ൽ ആണ് ഞാന്‍ ജനിക്കുന്നത്. എന്റെ അച്ഛന്റെ പേര് കോയോന്‍ വാസു. അമ്മ മീനാക്ഷി. ഞാന്‍ ജനിച്ച പെരിങ്ങീല്‍ ഒരു ചളിപ്രദേശം ആയിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കുണ്ടും കുഴിയും ചളിപ്രദേശവും ഒക്കെ ചേര്‍ന്ന നാലുവശവും പുഴയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ്. വളരെ താഴ്ന്ന പ്രദേശമെന്ന അർഥം വരുന്ന പെരുംകീഴില് എന്ന വാക്കില്‍നിന്നാണ് പെരിങ്ങീല്‍ ഉണ്ടാകുന്നത്. കൃഷിപ്പണിയും മീന്‍പിടിത്തവും ആണ് പ്രധാനപ്പെട്ട തൊഴില്‍. പക്ഷേ അവിടത്തെ തൊഴില്‍ നിയന്ത്രിച്ചുകൊണ്ടിരുന്നത്...
Your Subscription Supports Independent Journalism
View Plans1947ൽ ആണ് ഞാന്‍ ജനിക്കുന്നത്. എന്റെ അച്ഛന്റെ പേര് കോയോന്‍ വാസു. അമ്മ മീനാക്ഷി. ഞാന്‍ ജനിച്ച പെരിങ്ങീല്‍ ഒരു ചളിപ്രദേശം ആയിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കുണ്ടും കുഴിയും ചളിപ്രദേശവും ഒക്കെ ചേര്‍ന്ന നാലുവശവും പുഴയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ്. വളരെ താഴ്ന്ന പ്രദേശമെന്ന അർഥം വരുന്ന പെരുംകീഴില് എന്ന വാക്കില്‍നിന്നാണ് പെരിങ്ങീല്‍ ഉണ്ടാകുന്നത്. കൃഷിപ്പണിയും മീന്‍പിടിത്തവും ആണ് പ്രധാനപ്പെട്ട തൊഴില്‍. പക്ഷേ അവിടത്തെ തൊഴില്‍ നിയന്ത്രിച്ചുകൊണ്ടിരുന്നത് മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ ആയിരുന്നു. പട്ടുവത്തെ മുസ്ലിം വിഭാഗങ്ങളില്‍ ഉള്ളവര്‍, കോട്ടക്കീലില്‍ ഉള്ള തിയ്യ സമുദായക്കാര്‍ കൊട്ടിലയില് ഉള്ള തിയ്യ വിഭാഗക്കാര്‍, മണിയാണി വിഭാഗക്കാര്‍; ഇവരാണ് പെരിങ്ങീലിലെ പുലയരെക്കൊണ്ട് തൊഴില്‍ ചെയ്യിച്ചത്. ഈ സ്ഥലങ്ങള്‍ എല്ലാം അവര്‍ ഒരു രേഖകളും ഇല്ലാതെ കൈയേറിയതായിരുന്നു. പെരിങ്ങീല്‍ മുഴുവന്‍ പുറമ്പോക്ക് ആയിരുന്നു. ഒരുതരം വേസ്റ്റ് ലാൻഡ്. പെരിങ്ങീലിലെ ഭൂരിഭാഗം സ്ഥലവും തളിപ്പറമ്പില്‍ ഉള്ള ഒരു മുസ്ലിമിന്റെ ഉടമസ്ഥതയില്‍ ആയിരുന്നു. അയാളില്‍നിന്ന് അയാളുടെ ബന്ധുക്കളായ പട്ടുവത്തും മറ്റുമുള്ള മറ്റ് മുസ്ലിംകള് പാട്ടത്തിന് സ്ഥലം എടുത്തു കൃഷി ചെയ്യിക്കും. ഈ ഇടനിലക്കാരാണ് കൃഷിപ്പണിയും മറ്റും നടത്തിക്കുന്നത്.
പെരിങ്ങീല്പോലുള്ള സ്ഥലങ്ങള്‍ കൈവശപ്പെടുത്തിയതിനു ശേഷം മുതലാളിമാര്‍ പുലയരെ അടിമകള്‍ ആയി വാങ്ങിക്കൊണ്ടു വരുകയായിരുന്നു. പെരിങ്ങീലിലെ പുലയര്‍ പണ്ട് തമിഴ് ഭാഷയിലുള്ള പദങ്ങള്‍ ഉപയോഗിച്ചിരുന്നു. ''അയ്യാ...'', ''ഒമ്മി'', അച്ഛന് അമ്മ തുടങ്ങിയ അർഥങ്ങള്‍ വരുന്ന തമിഴ്പദങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്റെ ഒരു നാലോ അഞ്ചോ തലമുറക്കുമുമ്പേ പുലയര്‍ പെരിങ്ങീലില്‍ എത്തിയിട്ടുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. ആ കാലഘട്ടങ്ങളില്‍ അവിടെ കൃഷിയുണ്ട്. അന്നൊക്കെ ആകെ പുലയര്‍ക്ക് പുറമെ പണിയെടുക്കുന്നത് മുസ്ലിംകളും തിയ്യരും ആയിരുന്നു. മറ്റുള്ളവര്‍ ദേഹാധ്വാനം ചെയ്യില്ല. മുസ്ലിംകളും തിയ്യരും പുലയരുടെ കൂടെ വന്നു പണിയെടുക്കുകയും പണി എടുപ്പിക്കുകയും ചെയ്യും. പുലയര്‍ പ്രധാനമായും കിളക്കുക, ഞാറു നടുക, ഞാറു പറിക്കുക തുടങ്ങിയ കൃഷിയുടെ എല്ലാ പണികളും ചെയ്യും. നിലം ഉഴുന്നതിനും കിളക്കുന്നതിനും മുസ്ലിംകളും തിയ്യന്മാരും ഇവരുടെ കൂടെക്കൂടാറുണ്ട്.
പെരിങ്ങീലില്‍ പുലയരെ ചേരികള്‍ ഉണ്ടാക്കി അവിടെതന്നെ സെറ്റില്‍ ചെയ്യിക്കുകയാണ് ചെയ്തത്. വയലില്‍ മണ്ണുകൊണ്ട് ഒരു കൂനയുണ്ടാക്കി അവിടെ ഒരു ചാപ്പ (കുടില്‍) ഉണ്ടാക്കും. ഈ കുടില്‍ ഒരു മറമാത്രമാണ്. കിടക്കാനും ഇരിക്കാനും ഉള്ള ഒരു മറ. അന്ന് അടിമപ്പണിയുടെ കാലത്ത് കിടക്കലും ഉറങ്ങലും എല്ലാം വളരെ കുറവാണ്. ഒന്നുകില്‍ ഓലകൊണ്ടുള്ള അല്ലെങ്കില്‍ ചളികൊണ്ട് നിര്‍മിച്ച കല്ലുകള്‍കൊണ്ട് ചുവര് ഉണ്ടാക്കി അതിന്റെ മുകളില്‍ പുല്ല്, ഓല എന്നിവ പാകിയിട്ടാണ് കിടക്കാനുള്ള ഇടം ഉണ്ടാക്കുക. അങ്ങനെയുള്ള ഒരു സ്ഥലം ഏര്‍പ്പാടാക്കി കൊടുക്കുന്നത്, ഇവരെ അവിടെ കൊണ്ടുവരുന്ന മുതലാളിമാരാണ്. ഈ പ്രദേശം വളരെ ഒറ്റപ്പെട്ടതും വേറെ ആരും താമസിക്കാത്തതുമായ ഒരിടമാണ്. മറ്റ് സമൂഹങ്ങളില്‍നിന്നുള്ള അയിത്തവും ജാതീയതയുംതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ടാമത് ചളിയും മണ്ണും നിറഞ്ഞ ആ സ്ഥലത്തു ജീവിക്കാനുള്ള ബുദ്ധിമുട്ടും. പുലയര്‍ കാട്ടിലോ കുന്നിലോ ചതുപ്പിലോ എവിടെ വേണമെങ്കിലും ജീവിക്കും. അങ്ങനെ പുലയര്‍ പുഴയുടെ കരയിലും ചതുപ്പുകളിലും കുന്നിന്‍പുറങ്ങളിലും ചുരുങ്ങിപ്പോയിട്ടുണ്ട്. ഈ അടിമകളായ പുലയര്‍ വയനാട്ടില്‍നിന്നും വരാനും സാധ്യതകള്‍ ഉണ്ട്. പുലയരുടെ പൊട്ടന് തെയ്യത്തിന്റെ പാട്ടില്‍ ''താനേ വിളയുന്ന വയനാടന്‍ പുഞ്ച'' എന്നു പറയുന്നുണ്ട്. ദലിതരുടെ വീട്ടില്‍ ഒരു അഞ്ചാറ് കുട്ടികള്‍ അന്ന് ഉണ്ട് എന്നു കരുതുക. എങ്കില്‍ മുതലാളിമാര്‍ പോയി ''നിന്റെ ഒരു കുഞ്ഞിനെ ഇങ്ങ് തന്നേ'' എന്നു പറയും. അതിനുള്ള പൈസയും കൊടുക്കും. പണിയെടുക്കാനാണത്. 1930കളില്‍ ഇത് നടന്നിട്ടുണ്ട്.
പെരിങ്ങീലില്‍ വയലുകളിലും കൈപ്പാടിലും ആണ് നെല്‍കൃഷി ചെയ്യുന്നത്. അന്നത്തെ പുലയര്‍ക്ക് ഒരുനേരത്തേ ഭക്ഷണമായിരുന്നു പ്രധാന ആവശ്യം. വേറെ കൂലിയൊന്നും അത്യാവശ്യമായിരുന്നില്ല. അതുകൊണ്ട് ഭക്ഷണത്തിനുവേണ്ടി പുലയര്‍ പണിയെടുക്കും. കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, കരുവാഞ്ചാല്‍, ചന്തപ്പുര, മാതമംഗലം, ഏര്യം, കുറ്റൂര്‍, കുടിയാന്മല തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ വലിയ കൃഷിക്കാരും മുതലാളിമാരും എല്ലാം ഉണ്ടായിരുന്ന സ്ഥലമാണ്. അവിടെ ചേട്ടന്മാര് എന്നു മലബാറുകാര്‍ വിളിക്കുന്ന ക്രിസ്ത്യാനികളും കൃഷി ചെയ്തിരുന്നു. അവിടെയും തിരുവിതാംകൂറില്‍നിന്നു കൊണ്ടുവരുന്ന പുലയരായ അടിമകള്‍ പണിയെടുത്തിരുന്നു. 1950കളില്‍പോലും 'തിരുവിതാംകൂര്‍ രാജാവ്' അവിടെ മുകളിലെ സ്ഥലങ്ങളില്‍ ഭൂമി പിടിച്ചടക്കിയിട്ടുണ്ട്. അന്നത്തെ തിരുവിതാംകൂര്‍ രാജാവു വന്നു ആലക്കോടുള്ള ഒരു വലിയ സ്ഥലത്ത് അവകാശം സ്ഥാപിച്ചു. കരുവാഞ്ചാലില്‍ വേറൊരു രാജാവും സ്ഥലം സ്ഥാപിച്ചെടുത്തു. അവര്‍ക്ക് ഇറക്കാന്‍ പൈസയും ഉണ്ട്. ജോലി ചെയ്യാന്‍ ജോലിക്കാരുമുണ്ട്. അവര്‍ തിരുവിതാംകൂറില്‍നിന്നു വന്നു ഇവിടെ സെറ്റില്‍മെന്റ് ഉണ്ടാക്കി. അവര്‍ ഇവിടെയുള്ള ഇടനിലക്കാരായ 'കങ്കാണി'കളെ (കോൺട്രാക്ടർമാര്‍) ഏൽപിച്ച് ഈ കങ്കാണികളാണ് അവര്‍ക്ക് വേണ്ടി പുലയരെക്കൊണ്ട് പണിയെടുപ്പിക്കുക. അന്ന് മലമ്പ്രദേശങ്ങളില്‍ ആനയും നരിയും എല്ലാം ഉള്ള സ്ഥലങ്ങളാണ്. മലിക്കാന് ഹാജി വലിയ ആധിപത്യം സ്ഥാപിച്ച ഒരു മനുഷ്യന് ആയിരുന്നു. അദ്ദേഹത്തിന് അഞ്ചോ എട്ടോ ആനകള്‍ ഉണ്ടായിരുന്നു. അവിടെ പെരിങ്ങീലില്നിന്നും അടക്കമുള്ള മനുഷ്യരെ ആനയെ പിടിക്കാന്‍വരെ കൊണ്ടുപോകും. അങ്ങനെ പൈസ ഉണ്ടാക്കും. നല്ല ലാഭം കിട്ടുമ്പോള്‍ പുലയര്‍ക്ക് പുറമെ മറ്റുള്ള ജാതിയിൽപെട്ടവരും പണിക്ക് ഉണ്ടാകും. പെരിങ്ങീലിലുള്ള പുലയര്‍ നാട്ടില്‍ പണിയില്ലാത്തപ്പോള്‍ ഈ സ്ഥലങ്ങളില്‍ പോയി പണിയെടുക്കും. മലക്ക് പോവുക, കുടകില്‍ പോവുക എന്നൊക്കെ പെരിങ്ങീലില്‍ പറഞ്ഞാല്‍ ഗൾഫില്‍ പോയി സമ്പാദിക്കാന്‍ പോകുന്നതുപോലെയാണ്. അപ്പോള്‍ അവിടെനിന്നു ഭക്ഷണവും ചെലവും കഴിഞ്ഞു മൊത്തമായി ഒരു പൈസ കിട്ടും. അത് നല്ലൊരു വരുമാനമാണ്. അങ്ങനെ പെരിങ്ങീലില്നിന്നു മലക്ക് പോയി ജോലിചെയ്തവര്‍, പിന്നീട് അവിടെതന്നെ ജീവിതം തുടര്‍ന്നവരുമുണ്ട്.
അന്നത്തെ പെരിങ്ങീലിലെ മനുഷ്യരുടെ ജീവിതം എന്നാല്‍ പ്രധാനമായും ജോലിതന്നെയായിരുന്നു. നെല്ലും അരിയും ആയിരിക്കും അവരുടെ കൂലി. അത് രാത്രി കൊണ്ടുവന്നു വെച്ചു കുടിക്കും. വേറെ പ്രത്യേകിച്ചു കറികള്‍ ഒന്നും ഉണ്ടാകില്ല. രാത്രി വന്നു നെല്ല് പുഴുങ്ങി കുത്തി അരിയാക്കി ചോറ് വെക്കുമ്പോഴേക്കും നേരം വെളുക്കും. പിന്നെയും പണിക്കു പോകാറാകും. കൃഷിപ്പണിയില്‍ കുണ്ടും കുഴിയും ഒക്കെ നിറഞ്ഞ സ്ഥലങ്ങള്‍ ലെവല്‍ ആക്കണം, കൈപ്പാട്ടില് കിളക്കണം, നെല്ല് നടണം, കൊയ്യണം, അങ്ങനെ ഒരുപാട് ജോലികള്‍ പുലയര്‍ക്ക് ചെയ്യാനുണ്ടായിരുന്നു. മുതലാളിയുടെ പക്കല്‍നിന്നും വിത്ത് കൊണ്ടുവന്നു വിത്തിറക്കും. ഞാറു മുളച്ചതിനുശേഷം ഞാറിന് വളമിടും. അങ്ങനെ ജീവിക്കുന്ന പെരിങ്ങീലിലേതു പോലുള്ള ജീവിതങ്ങളുള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. കുപ്പം പുഴയും പട്ടുവം പുഴയുമാണ് പ്രധാനമായും പെരിങ്ങീലുമായി ബന്ധപ്പെടുന്നത്. ചപ്പാരപ്പടവില്നിന്നും ഉത്ഭവിക്കുന്ന പുഴകളാണ് ഇത്. കുപ്പം, കൂവേരി, കൊട്ടില, കുട്ടിക്കോട്, മുതുകുട, പോത്തട, കോട്ടക്കീല്‍, മുട്ടുകണ്ടി ഇങ്ങനെയുള്ള കുറെ സ്ഥലങ്ങള്‍ ഇതുപോലെ പെരിങ്ങീലുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്. ഇവിടെയുള്ള പുലങ്ങളില്‍ (കൃഷിസ്ഥലങ്ങളില്‍) ജോലിചെയ്യാനായാണ് പുലയരെ കൊണ്ടുവരുന്നത്. പണ്ടൊക്കെ ഇവര്‍ക്ക് ഒരു അണ, ഒന്നര അണ ആയിരുന്നു കൂലി. ഒരണക്ക് അന്നത്തെ രണ്ടു കിലോ അരി കിട്ടുമായിരുന്നു.
അന്ന് പുരുഷന്മാര്ക്ക് ഒന്നര അണയും സ്ത്രീകള്‍ക്ക് മുക്കാല്‍ അണയും ആയിരുന്നു കൂലി. അരിയാണെങ്കില്‍ സ്ത്രീകള്‍ക്ക് അര സേറും പുരുഷന്മാര്ക്ക് ഒന്നും ഒന്നര സേറും. 1957 കാലത്തും അങ്ങനെ ആയിരുന്നു. നെല്ല് ആണെങ്കില്‍ പുരുഷന്മാര്ക്ക് രണ്ടര സേറും സ്ത്രീകള്‍ക്ക് ഒരു സേറും എന്ന രീതിയില്‍ ആയിരുന്നു. പെരിങ്ങീലില്‍ അന്ന് എന്റെ അറിവില്‍ ഒരു ഇരുപത്തി യഞ്ചോളം വീടുകള്‍ ഉണ്ടായിരുന്നു. ഈ ഇരുപത്തിയഞ്ചു വീടുകളിലും ഇങ്ങനെ കൂലിപ്പണി എടുത്തുകൊണ്ടിരുന്നവരാണ് ജീവിച്ചത്. പണിയെടുത്ത നെല്ല്, അരി എന്നിവ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പണിയെടുക്കുന്ന സമയത്ത് മാത്രമേ അവര്‍ക്ക് ആഹാരം ഉണ്ടായിരുന്നുള്ളൂ. മേടമാസത്തിലാണ് വിത്തിറക്കുക. മേടത്തില് വിത്തിറക്കും, ഇടവത്തില്‍ നാട്ടി (ഞാറു) നടും, മിഥുനത്തില് പറിച്ചു നാടും, കര്‍ക്കടകത്തില്‍ ജോലി ഒന്നും ഉണ്ടാകില്ല. കര്‍ക്കടകത്തില്‍ സ്ത്രീകള്‍ക്ക് മാത്രം കള പറിച്ചുകളയുന്ന ജോലിയുണ്ടാകും. ഈ സമയത്ത് പുരുഷന്മാര്ക്ക് ജോലി ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മുഴുപ്പട്ടിണി ആയിരിക്കും. ഈ സമയം പുരുഷന്മാര് മലക്കോ കുടകിലേക്കോ ജോലിക്കു പോകും. അവിടെയുള്ള മേസ്തിരിമാരായ കങ്കാണിമാരാണ് അവിടേക്കു ജോലിക്കായി പുരുഷന്മാരെ കൂട്ടിക്കൊണ്ടു പോവുക. കുരുമുളക്, കപ്പ, തെങ്ങ് എന്നിവ വെച്ചുപിടിപ്പിക്കാനാണ് മലയിലേക്ക് പോവുക. മലക്ക് അന്ന് പ്രധാനമായും കുരുമുളക് കൃഷിയാണ് ചെയ്തിരുന്നത്. കുടകില്‍ ഓറഞ്ചിന്റെയും നാരങ്ങയുടെയും തോട്ടങ്ങളുണ്ടാകും. കുടകന്മാര്ക്ക് ജോലിചെയ്യാന്‍ മടിയാണ്. ഗൗഡര്‍ വിഭാഗത്തില്പെട്ടവരാണവര്. പെരിങ്ങീലില്നിന്നു പോയവര്‍ കൃഷിയുടെയും തോട്ടത്തിലെയും ജോലി ചെയ്യും. ഏതെങ്കിലും ഒരു പ്രത്യേക കുടകന്റെ പണിക്കാരായി നിന്നുകഴിഞ്ഞാല്‍ അവര്‍ക്ക് എപ്പോഴും ജോലി കിട്ടും. കുടകിലെ ഗൗഡര്മാരും സ്ഥലം രേഖാമൂലം സ്വന്തമാക്കാതെ പിടിച്ചടക്കിയവരാണ്. കര്‍ക്കടകം, ചിങ്ങം തുടങ്ങിയ പഞ്ഞമാസങ്ങളില്‍ പെരിങ്ങീല്‍ ദേശവാസികള്‍ ആലക്കോട് തുടങ്ങിയ മലമ്പ്രദേശത്തേക്കും കുടകിലേക്കും ജോലിചെയ്യാനായി പോകും.
പെരിങ്ങീലിലുള്ളവര്ക്ക് ആദ്യകാലങ്ങളില്‍ വീട് എന്നുപറയുന്ന ഒന്നില്ല. നാലു കാലിലുള്ള ഒരു കൂര വെക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു വീട്ടില്‍ അഞ്ചുപേര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത്യാവശ്യം പെരുമാറാനുള്ള സ്ഥലം മാത്രമേ ഉണ്ടാവുകയുള്ളൂ. ചിലപ്പോള്‍ ഇരുന്നിട്ട് നേരം വെളുപ്പിക്കേണ്ടിവരും. ഞാനൊക്കെ പലപ്പോഴും രാത്രികളില്‍ ഇരുന്നു നേരം വെളുപ്പിച്ചിട്ടുണ്ട്. ആദ്യം മണ്ണുകൊണ്ട് വയലില്‍ ഒരു കൂനകൂട്ടി ഉയര്‍ത്തും. അതിന്റെ മുകളിലാണ് കൂര കെട്ടുക. ചളി കുഴച്ച് ഉണക്കി ഇഷ്ടികപോലെ ഉണ്ടാക്കും. അങ്ങനെയാണ് കൂരയുടെ ചുവര് കെട്ടുക. ചിലപ്പോള്‍ കൂരയില്‍ ആകെ ഒരു മുറി മാത്രമേ ഉണ്ടാവുകയുള്ളൂ. അടുക്കളയും വെപ്പും എല്ലാം മുറ്റത്തുതന്നെ ആയിരിക്കും. കൃഷിസ്ഥലത്തെ ഒരു ഭാഗത്താണ് ഈ കൂര നിര്‍മിക്കുന്നത്. ചിലപ്പോള്‍ കൃഷിഭൂമിയുടെ മുതലാളി ഈ കൂനയുടെ ഭാഗങ്ങള്‍ ചിരണ്ടി കൊണ്ടുപോകും. പുലയര്‍ സൂത്രക്കാരാണെങ്കില് അവര്‍ കൂനയില്‍ മണ്ണ് കൂട്ടി വീതി ഉണ്ടാക്കുകയും ചെയ്യും. പിന്നീട് അവരുടെ കഴിവിന് അനുസരിച്ചു ഈ കൂരയുടെ 'മോടി' കൂട്ടും. ഓലയും വൈക്കോലും ആണ് അന്ന് മേൽക്കൂരക്ക് വേണ്ടി ഉപയോഗിക്കുക. ഈ വീടുകള്‍ക്കൊക്കെ ചാള എന്നാണ് പറയുക. തമ്പുരാന്റെ പുരക്ക് അരമന എന്നുമാണ് പറയുക. പുലയന്റെ പുര വലിയ പുരയാണെങ്കിലും ചാള എന്നു മാത്രമേ പറയൂ. ചാളയെ ചിലപ്പോള്‍ ചെറ്റ എന്നും പറയും.
കൃഷിപ്പണിയുടെ സമയത്തിന് പ്രത്യേകിച്ചു കണക്കൊന്നുമില്ല. എന്റെ ചെറുപ്പകാലത്ത് രാവിലെ മുതലാളിമാര്‍ വരും. വെയിലും മഴയും നോക്കിയാണ് മുതലാളിമാര്‍ വരുക. മാപ്പിളമാരും തിയ്യന്മാരുമായ മുതലാളിമാര്‍ വന്നു രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്നതിന് മുമ്പേ വിളിക്കും. ''ഏ...കാരിച്ചി... ഏ...വട്ടിച്ചി...ഏ കുണ്ട... ഏ...പൊക്കാ...ഏ...കാഞ്ഞാ... വാ...നായിന്റെ മക്കളെ...ഏ... പുലയന്റെ മോനേ...'' എന്നു പറഞ്ഞാണ് വിളിക്കുക. പുലയരാണെങ്കില്‍ തലേദിവസം രാത്രി വന്നു കിടന്നിട്ടേ ഉണ്ടാവുകയുള്ളൂ. അപ്പോഴേ വിളി തുടങ്ങും. ഈ വിളി കേള്‍ക്കുന്നതോടെ എല്ലാവരും എഴുന്നേറ്റ് പൊയ്ക്കോളണം. ആരെങ്കിലും താമസിച്ചു പോയാല്‍ അവന് അന്ന് പണി ഇല്ല. ഓരോ വര്‍ഷവും വിഷുവിന് പുലയര്‍ക്ക് മുതലാളിമാര്‍ 'ആനയും വല്ലിയും' കൊടുക്കും. 'ആന' എന്നു പറഞ്ഞാല്‍ ഒരു തേങ്ങ ആണ്. വല്ലി എന്നു പറഞ്ഞാല്‍ കുറച്ചു നെല്ല്. പിന്നെ കുറച്ചു ശര്‍ക്കര. ഈ ആനയും വല്ലിയും കൊടുത്താൽ അത് വാങ്ങിച്ച പുലയര്‍ ആ കൊല്ലം മുഴുവന്‍ ആ മുതലാളിക്ക് വേണ്ടി പണിയെടുത്തുകൊള്ളണം എന്നാണ് നിയമം. ഒരുതരം അടിമവ്യവസ്ഥ. ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍വരെ ഇത് പിന്തുടര്ന്നിരുന്നു. പുലയര്‍ക്ക് ചുറ്റും തേങ്ങയായിരിക്കും. പക്ഷേ അവര്‍ക്ക് അത് ഉപയോഗിക്കാന്‍ പറ്റില്ല. അപ്പോള്‍ 'ആനയും വല്ലിയും' കിട്ടുന്ന അന്നാണ് ഒരു തേങ്ങ കിട്ടുക. 'ആനയും വല്ലിയും' വാങ്ങിക്കഴിഞ്ഞാല്‍ ആ മുതലാളിമാര്‍ക്ക് അടിമകളായി.
1970കളിൽ പട്ടുവത്ത് ചപ്പന്‍ ആവുള എന്നൊരു മുതലാളി ഉണ്ടായിരുന്നു. പെരിങ്ങീലില്‍ കൃഷിസ്ഥലം ഉണ്ടായിരുന്ന മുതലാളി ആയിരുന്നു. ആ സമയത്ത് കൊയ്ത്തു നടക്കുമ്പോള്‍ പുലയര്‍ക്ക് ഉറക്കമൊന്നും ഉണ്ടാകില്ല. വലിയ ചങ്ങാടത്തില്‍ നെല്ക്കതിര് രാത്രികാലങ്ങളില്‍ കടത്തി ചപ്പന്‍ ആവുളയുടെ വീട്ടിനു മുന്നിലെ കളത്തില്‍ എത്തിക്കും. ചപ്പന്‍ ആവുളയുടെ മൂലധനം എന്നാല്‍ പുലയരുടെ അധ്വാനമാണ്. പക്ഷേ, അങ്ങനെയുള്ള മുതലാളിത്തവും ജന്മിത്തവുമൊക്കെ ഇന്ന് പോയി. 1980കളുടെ അവസാനങ്ങളോടെ കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമംകൂലി നിശ്ചയിച്ചു. തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ചതോടെ കൃഷിപ്പണി മുതലാളിമാര്‍ക്ക് നഷ്ടമായി. ഇപ്പോള്‍ ഒരാള്‍ക്ക് ഒരേക്കര്‍ വയലുണ്ടെന്ന് കരുതുക. അവിടെ വിത്തിറക്കി കൃഷി ചെയ്യണമെന്നുണ്ടെങ്കില്‍ നല്ല തുക ചെലവാകും. പക്ഷേ, ആ കൃഷി ഒട്ടും ലാഭകരമാവുകയുമില്ല. അതുകൊണ്ട് തന്നെ പെരിങ്ങീലില്‍ ഇപ്പോള്‍ ആരുംതന്നെ കൃഷിചെയ്യുന്നില്ല. അവിടെയുള്ള ചെറുപ്പക്കാര്‍ ഓട്ടോറിക്ഷ ഓടിക്കല്‍, ഗൾഫ്, മറ്റ് നാടന്‍പണി, സർക്കാര്‍ ഉദ്യോഗം എന്നീ മറ്റു തൊഴില്‍മേഖലകളിലേക്ക് ചേക്കേറാന്‍ തുടങ്ങി. ഇപ്പോള്‍ ചുരുങ്ങിയ തോതിലെങ്കിലും നടക്കുന്ന 'പാടശേഖരം' പോലുള്ള കൃഷിരീതികള്‍ പഞ്ചായത്തുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. പണ്ട് ഒരു ദിവസം നൂറുപേർ ജോലി ചെയ്താല്‍ നൂറു സേര്‍ നെല്ല് കൂലി കൊടുത്താല്‍ മതിയാകും. മുതലാളിമാര്‍ക്കും ജന്മിമാര്‍ക്കും ആയിരം സേര്‍ നെല്ല് ലാഭവും ഉണ്ടാകും. തൊഴിലാളികള്‍ക്ക് കൂലി നിശ്ചയിച്ചതോടെ ഇത് തകിടംമറിഞ്ഞു.
ചപ്പാരപ്പടവ്, കൂവേരി, കുപ്പം, മുക്കുന്ന്, കുറ്റിക്കോട്, കൊട്ടില, മുതുകുട, പട്ടുവം, പൊത്തട, പെരിങ്ങീല്‍, കോട്ടക്കീല്‍, ഏഴോം, എന്നീ സ്ഥലങ്ങള്‍ എല്ലാം പുലയര്‍ താമസിച്ച താഴ്ന്ന പ്രദേശങ്ങള്‍ ആയിരുന്നു. പുലത്തില്‍ (കൃഷിസ്ഥലത്ത്) പണിയെടുക്കുന്നതുകൊണ്ട് അവര്‍ക്ക് പുലയര്‍ എന്ന പേര് കിട്ടി. അതിനുശേഷം കുറച്ചു കാലങ്ങള്‍ക്കുശേഷം അവിടെ ചില കാര്‍ഷിക കലാപങ്ങളും വിപ്ലവങ്ങളുമൊക്കെ ഉണ്ടായി. അന്ന് ഞങ്ങളുടെ പെരിങ്ങീലില്‍ പെനാങ്കി കാഞ്ഞിരന് എന്ന ഒരാള്‍ ജീവിച്ചിരുന്നു. പണ്ട് സിംഗപ്പൂരിലെ തേയില തോട്ടങ്ങളില്‍ പണിയുണ്ടായിരുന്നു. സിംഗപ്പൂരിലെ ബ്രിട്ടീഷുകാരുടെ തോട്ടങ്ങളില്‍ പണിക്കായി ഈ നാട്ടില്‍നിന്നും പണിക്കാരെ കൊണ്ടുപോകും. ഏജന്റുമാരെ വെച്ചു അടിമകളെപ്പോലെയാണ് പണിക്കാരെ കൊണ്ടുപോവുക. അങ്ങനെ 1950കൾക്ക് മുമ്പ്, ഞാനൊക്കെ ജനിക്കുന്നതിനുമുമ്പ് സിംഗപ്പൂരില്‍ പണിക്കുപോയ ആളായിരുന്നു പെനാങ്കി കാഞ്ഞിരന്. പണി കഴിഞ്ഞുവരുമ്പോള്‍ ഒരു തുക കിട്ടും. അന്നത്തെ നൂറു രൂപ എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ അഞ്ചു ലക്ഷം രൂപയോളം മൂല്യമുണ്ട്. അങ്ങനെ കുറെക്കാലം സിംഗപ്പൂരില്‍ ജോലി ചെയ്തു നല്ല പണക്കാരായി വന്ന പുലയരുണ്ട്. അങ്ങനെ വന്ന ആളായിരുന്നു പെനാങ്കി കാഞ്ഞിരന്. അന്ന് പെരിങ്ങീലിലുള്ളവര്ക്ക് കറന്‍സി കാണുക എന്നതുതന്നെ വലിയ അത്ഭുതമാണ്. പെനാങ്കി കാഞ്ഞിരന് തിരിച്ചുവന്നതിനുശേഷം വലിയ മുതലാളിയായി. അദ്ദേഹം പാട്ടത്തിന് കുറച്ചു കൃഷിസ്ഥലം വാങ്ങി കൃഷി ചെയ്യാന്‍ തുടങ്ങി. അതിനു 'വാരത്തിന് വാങ്ങുക' എന്നും പറയാറുണ്ട്. പക്ഷേ, കൃഷി ചെയ്യിക്കാനുള്ള സാമ്പത്തികശേഷിയുണ്ടെങ്കില്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ. പുലയരുടെ കൂട്ടത്തില്‍ പെനാങ്കി കാഞ്ഞിരനാണ് ഇതിന് ശേഷിയുണ്ടായിരുന്നത്. പട്ടുവത്തെ മുതലാളിയായ ചപ്പന്‍ ആവുളക്ക് ചപ്പന്‍ ആവൂവക്കര് (പേര് കൃത്യമായി എനിക്ക് ഓർമയില്ല) എന്നൊരു അനിയനുണ്ട്. അയാള്‍ക്ക് പെരിങ്ങീലില്‍ സ്ഥലമുണ്ട്. അയാളില്‍നിന്നും പെനാങ്കി കാഞ്ഞിരന് അരയേക്കര്‍ സ്ഥലം വാരത്തിനു വാങ്ങി, കൃഷി തുടങ്ങി.
അന്ന് ഞാന്‍ കോളജില്‍ പഠിക്കുന്ന കാലം ആയിരുന്നു. 1960കളുടെ അവസാനകാലം. ഒരുദിവസം പെനാങ്കി കാഞ്ഞിരന്റെ ഭാര്യ വെള്ളച്ചി വാരത്തിന് വാങ്ങിയ പാടത്ത് പണിയെടുക്കുകയായിരുന്നു. അപ്പോള്‍ വാരം കൊടുത്ത ചപ്പന്‍ ആവൂവക്കര് അവിടെ എത്തി. അയാള്‍ വന്നു ''നീ പണിയെടുക്കേണ്ട...പോ... നായിന്റെ മോളെ...'' എന്നുപറഞ്ഞു വെള്ളച്ചിയെ പിടിച്ച് അടിച്ചു. ഇത് വലിയ പ്രശ്നമായി. ഇതറിഞ്ഞ തിയ്യരും മീന്‍ പിടിക്കുന്ന വള്ളുവരും പെരിങ്ങീലിലെ പുലയരും എല്ലാം സംഘടിച്ചു. അതില്‍ കമ്യൂണിസ്റ്റുകാരനായ കോട്ടക്കീലിലെ തിയ്യ സമുദായത്തില്‍പെട്ട കാക്കാമണി കുഞ്ഞിക്കണ്ണനും ഉണ്ടായിരുന്നു. കാക്കാമണി കുഞ്ഞിക്കണ്ണന്റെ അച്ഛന് പാറയില്‍ രാമന് എന്നു പറയുന്ന ഒരാളായിരുന്നു. ഇവര്‍ക്കും പെരിങ്ങീലില്‍ രേഖകള്‍ ഇല്ലാത്ത കുറെ സ്ഥലമുണ്ട്. പണ്ട് പിടിച്ചെടുത്ത് കൃഷിചെയ്ത സ്ഥലങ്ങള്‍ ആയിരുന്നു അവ. അതുകൊണ്ട് തന്നെ പെരിങ്ങീലുമായി ഇവര്‍ക്ക് ഒരു കണക്ഷന് ഉണ്ട്. പെനാങ്കി കാഞ്ഞിരനുമായി ഇവര്‍ക്ക് ബന്ധമുണ്ട്. വെള്ളച്ചിയെ അടിച്ചു എന്നു പറഞ്ഞപ്പോള്‍ കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ചു കാക്കാമണി കുഞ്ഞിക്കണ്ണന് വന്നു. ഈ ജനങ്ങള്‍ മുഴുവന്‍ സംഘടിച്ചു ഒരു കൂട്ടമായി ചപ്പന്‍ ആവൂവക്കറിന്റെ കൊട്ടിലയില് ഉള്ള വീട്ടിലേക്ക് പോയി. അവിടെ പോകുമ്പോഴേക്കും ആവൂവക്കര് ഒളിച്ചുകളഞ്ഞു. ആവൂവക്കര്ക്ക് പുഴക്ക് കരയില്‍ പുറമ്പോക്കില്‍ കൈപ്പാടില്‍ ഒരുപാട് കൃഷി ഉണ്ടായിരുന്നു. കാക്കാമണി കുഞ്ഞിക്കണ്ണന് കുറെ ആള്‍ക്കാരെ സംഘടിപ്പിച്ചു ഈ കൈപ്പാട്ടില് കൊയ്യാന്‍ വന്നു. അപ്പോള്‍ പട്ടുവത്തുനിന്നും കുറെ മാപ്പിളമാര്‍ അത് തടയാനും വന്നു. അത് വലിയ സംഘര്‍ഷത്തിലെത്തി. വലിയ വഞ്ചിയായ ചീനിയില്‍ പുഴക്ക് നടുക്ക് അടി ഉണ്ടായി. മാപ്പിളമാരും പുലയരും വള്ളുവരും തിയ്യരും എല്ലാവരും കൂടെ പൊരിഞ്ഞ അടി ആയി. കാക്കാമണിയെ വെള്ളത്തില്‍ വലിച്ചിട്ട് വഞ്ചി തുഴയാൻ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള ചല്ലം കൊണ്ട് അടിച്ചു കൊല്ലാറാക്കി. സി.പി. ഹസന് എന്ന ഒരു മുസ്ലിം കൊല്ലണ്ട എന്നു പറഞ്ഞു തടഞ്ഞു. അങ്ങനെ അടിച്ചു പിരിഞ്ഞു. അതിന്റെ മുകളില്‍ പിന്നീട് കേസായി. എന്റെ അച്ഛന് ഒക്കെ ആയിരുന്നു അതിനു സാക്ഷി പറയാന്‍ പോയത്. പിന്നീട് ഇരുപതു വര്‍ഷമായി പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഭൂമി സ്വന്തമാക്കാം എന്ന നിയമമൊക്കെ ഉണ്ടായി. അങ്ങനെ ആ കൃഷിഭൂമി പെനാങ്കി കാഞ്ഞിരന് തന്നെ കിട്ടി. അങ്ങനെ അതിനൊക്കെ സഹായിച്ചത് കാക്കാമണി കുഞ്ഞിക്കണ്ണന് ആയിരുന്നു. ഞാന്‍ കോളജില്‍ പഠിക്കുമ്പോഴായിരുന്നു കാക്കാമണി കുഞ്ഞിക്കണ്ണന് കണ്ണൂര്‍ സബ് ജയിലിലുണ്ടായിരുന്നത്. ഞാന്‍ ഒരു പാക്കറ്റ് സിഗരറ്റ് ഒക്കെ വാങ്ങി കാക്കാമണിയെ കാണാന്‍ പോയിരുന്നു.
എനിക്കു മുന്നേ ഉള്ള തലമുറ സ്കൂളില്‍ പോയിരുന്നു, എന്റെ അച്ഛന് പരിയാരം എല്‍.പി സ്കൂളില്‍ ആണ് പഠിക്കാന്‍ പോയത്. അത് ഇന്ന് വലിയ ഹയര്‍സെക്കൻഡറി സ്കൂള്‍ ആയി മാറി. അമ്മയൊക്കെ സ്കൂളില്‍ പോകുമ്പോള്‍ മറ്റ് ജാതിക്കാര്‍ക്ക് അയിത്തം ഉണ്ടാകാതിരിക്കാന്‍ ''ജയ...ജയ...'' എന്ന് ഉച്ചത്തില്‍ വിളിച്ചാണ് പോവുക. അന്ന് എല്‍.പി സ്കൂളിലെ അധ്യാപകര്‍ കുട്ടികളെ പിടിക്കാനായി പെരിങ്ങീലിലേക്ക് വരും. അന്ന് പട്ടുവത്ത് ഒരു ഹരിജന്‍ വെൽഫെയര്‍ എല്‍.പി സ്കൂള്‍ ഉണ്ടായിരുന്നു. അതിന്റെ തൊട്ടടുത്ത് തന്നെ ഒരു യു.പി സ്കൂളുമുണ്ട്. ഇത് രണ്ടും സർക്കാര്‍ സ്കൂളുകളാണ്. ഹരിജന്‍ വെൽഫെയര്‍ സ്കൂളില്‍ കഞ്ഞി കിട്ടുന്നതുകൊണ്ട് കുട്ടികള്‍ അവിടെ പഠിക്കാനാണ് താല്പര്യം പ്രകടിപ്പിച്ചത്. യു.പി സ്കൂളില്‍ കഞ്ഞി കിട്ടാത്തതുകൊണ്ട് അങ്ങോട്ട് പോകുമായിരുന്നില്ല. സ്കൂളില്‍ കുട്ടികള്‍ ഉണ്ടാകണമെന്നതുകൊണ്ട് കുട്ടികളെ അന്വേഷിച്ചു അധ്യാപകര്‍ വരും. അങ്ങനെ കുറെ പേര് സ്കൂളില്‍ പോയി.ഞാന്‍ 1950കളുടെ ആദ്യമാണ് ഹരിജന്‍ വെൽഫെയര്‍ സ്കൂളില്‍ ചേര്‍ന്നത്. പെരിങ്ങീലില്നിന്നു തോണി കടന്നാണ് പട്ടുവത്തേക്ക് സ്കൂളിലേക്ക് പോവുക. പട്ടുവത്ത് തോണി ഇറങ്ങി വീണ്ടും ഒരു കിലോമീറ്ററോളം സ്കൂളിലേക്ക് നടക്കാനുണ്ട്. അങ്ങ് ദൂരെ ഒരു വയലിലാണ് സ്കൂള്‍. ഒരു മുസ്ലിമിന്റെ പ്രൈവറ്റ് കെട്ടിടം ആണ് സ്കൂള്‍ ആക്കി മാറ്റിയത്. ഒരു മുസ്ലിം ആയിരുന്നു കടത്തുവള്ളക്കാരന്‍. വിദ്യാര്‍ഥികളുടെ കടത്തുകൂലി അന്ന് സര്‍ക്കാര്‍ ആയിരുന്നു കൊടുത്തുകൊണ്ടിരുന്നത്. അന്ന് ആ നാട്ടിലെ ഒരുവിധം എല്ലാവരും സ്കൂളില്‍ പോയിരുന്നു. അഞ്ചാം ക്ലാസ് വരെയെങ്കിലും അന്ന് പഠിക്കുകയുംചെയ്തു. ഹരിജന്‍ വെൽഫെയര്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ അന്ന് മൂന്നാം ക്ലാസ് വരെ സ്കൂളില്‍ പോയി. ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അധ്യാപകര്‍ക്ക് എന്നെ വലിയ ഇഷ്ടവും ആയിരുന്നു. എന്റെ മൂത്തച്ഛന് (അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്) ആണ് എന്നെ സ്കൂളില്‍ കൊണ്ടുചേര്ക്കുന്നത്. മൂത്തച്ഛൻ ആ സ്കൂളിലെ അധ്യാപകനുമായിരുന്നു. ജനന തീയതി ഒന്നും കൃത്യമായി അറിയാത്തതുകൊണ്ട് എന്റെ ജനന തീയതി ജനുവരി 1, 1949 എന്നാണ് ചേര്‍ത്തത്. മൂന്നാം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ വീണ്ടും ഭയങ്കര ദാരിദ്ര്യമായി. അന്ന് എന്റെ അച്ഛന് എല്ലാവരെയുംകൂട്ടി കുടകിലേക്ക് പോകാനുള്ള ഒരു പരിപാടിയിട്ടു. അന്ന് ഞാനും എന്റെ അനിയത്തിയും എന്റെ അനിയനുമായിരുന്നു ഉണ്ടായിരുന്നത്. ചെറിയ അനിയന് കൃഷ്ണന് രണ്ടോ മൂന്നോ മാസമേ പ്രായം ആയിരുന്നുള്ളൂ. ഒരു അച്ചമ്മയെ വീട്ടിലാക്കി ഞങ്ങള്‍ കുടകിലേക്ക് പുറപ്പെട്ടു. കുടകിലെ ഒരു മുതലാളിയായ ഒരു മൊയിലിക്ക് കീഴില്‍ ജോലി ചെയ്യാനാണ് പോയത്. അച്ഛന് അയാളുടെ കീഴില്‍ അതിനു മുമ്പേ ജോലി ചെയ്തിരുന്നു. അയാള്‍ അച്ഛനോട് അവിടെ വന്നു താമസിച്ചു ജോലിചെയ്തോളാൻ പറഞ്ഞു.
അന്ന് കുടകിലേക്ക് പോകാന്‍ പ്രധാനമായി മറ്റു കാരണങ്ങളും ഉണ്ടായിരുന്നു. പെരിങ്ങീലില്‍ ദാരിദ്ര്യം ഉള്ളപ്പോള്‍ എപ്പോഴും പോയി കടം വാങ്ങും. മുസ്ലിംകളോടാണ് കടം വാങ്ങുക. കടം വാങ്ങി കന്നിമാസം നെല്ലും കൊയ്തതിനുശേഷം നെല്ല് കൊടുത്താണ് കടം വീട്ടുക. പക്ഷേ കൃത്യമായി വീട്ടാന്‍ പറ്റാത്തതുകൊണ്ട് കടങ്ങള്‍ ബാക്കിയായിക്കൊണ്ടേയിരിക്കും. അതുപോലെ കച്ചവട പീടികക്കാരുടെ അടുത്തുനിന്നും കടം വാങ്ങിയിരുന്നു. അങ്ങനെ എന്റെ അച്ഛനും വലിയ കടക്കാരനായി. അപ്പുറത്തും ഇപ്പുറത്തും നിന്ന് കടക്കാര് ശല്യം ചെയ്തുകൊണ്ടേയിരുന്നു. അതോടെ അച്ഛന് കുടകിലേക്ക് കുടുംബത്തോടൊപ്പം നാട് വിടാന്‍ തീരുമാനിച്ചു. നാട് വിടുമ്പോള്‍ നമ്മുടെ കുടുംബത്തോടൊപ്പം അപ്പുറത്തെ വീട്ടിലെ ഒരു ചേച്ചിയെയും അനിയനെയും കൂടെക്കൂട്ടി. അവരുടെ അച്ഛനും അമ്മയും കുടകിലാണ് ഉള്ളത്. ഞങ്ങള്‍ ഒരു രാത്രിയില്‍ മൂന്നുമണിക്ക് ആരും കാണാതെ പെരിങ്ങീലില്നിന്നു തോണിയില്‍ കാവിന്‍മുനമ്പ് എന്ന സ്ഥലത്തേക്ക് പോയി. രാത്രി പോയില്ലെങ്കില്‍ കടക്കാര് വളയും. പുഴയിലൂടെ ഒരു മണിക്കൂറിലധികം സഞ്ചരിച്ചാണ് അവിടെ എത്തിയത്. കാവിന്മുനമ്പില്നിന്നു രണ്ടു മൂന്നു കിലോമീറ്റര്‍ നടന്നുപോയി ചെറുകുന്ന് എന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തി. തലശ്ശേരിക്ക് തീവണ്ടി കയറി തലശ്ശേരി ഇറങ്ങി. അവിടെനിന്നു ബസ് പിടിച്ച് മട്ടന്നൂര്‍, ഇരിട്ടി, മാക്കൂട്ടം, മേമനക്കൊല്ലി തുടങ്ങിയ സ്ഥലങ്ങള്‍ കഴിഞ്ഞാണ് കുടകില്‍ എത്തുക. ഞങ്ങള്‍ തലശ്ശേരിയില്‍ എത്തിയ ദിവസം ജവഹര്‍ലാല്‍ നെഹ്റു അന്ന് കണ്ണൂരില്‍ വരുന്നുണ്ടായിരുന്നു. അതുകൊണ്ട് അവിടെ വലിയ ജനത്തിരക്കായിരുന്നു. വാഹനങ്ങള്‍ ഒന്നും കിട്ടിയുമില്ല. അവിടെനിന്നു എങ്ങനെയൊക്കെയോ യാത്ര ചെയ്തു ഇരിട്ടിയില്‍ എത്തി. രണ്ടു മാസം പ്രായമുള്ള ചെറിയ അനിയനും പിന്നെ അനിയത്തിയും. എല്ലാവരും രാത്രി ആകുമ്പോള്‍ ഇരിട്ടിയിലെത്തി. എനിക്കു അന്ന് ആറോ ഏഴോ വയസ്സു മാത്രമേ ഉള്ളൂ. ഇരിട്ടിയില്‍ എത്തിയപ്പോള്‍ അവിടെ വലിയ ഒരു പുഴയുണ്ട്. ആ പുഴ കടന്നു അപ്പുറത്തെത്തിയപ്പോള്‍ അവിടെ ഒരു പരിചയക്കാരന്റെ വീടുണ്ടായിരുന്നു. അയാളും പുലയ സമുദായത്തില്‍പെട്ട ആളായിരുന്നു. അയാളുടെ വീട്ടില്‍ പോയി അന്ന് താമസിച്ചു. കപ്പ പുഴുങ്ങി ഉണക്കി ഉണ്ടാക്കുന്ന വാട്ട് കപ്പയും ചോറും അവിടെവെച്ചു കഴിച്ചു. നല്ല സ്വീകരണം ആയിരുന്നു. ഒരു മലയുടെ മുകളിലായിരുന്നു ആ വീട്. അത് കഴിഞ്ഞു കൂട്ടുപുഴ എന്ന സ്ഥലത്ത് പുഴയും പാലവുമുണ്ട്. അതുവരെ എങ്ങനെയോ എത്തിച്ചേര്‍ന്നു. കൂട്ടുപുഴ പാലവും കടന്നു ഞങ്ങള്‍ നടന്നു. കുട്ടികളെയും കൂട്ടിയാണ് നടത്തം. എന്റെ അനിയന് ഭയങ്കരമായി കരയുന്നുണ്ടായിരുന്നു. ഏതൊക്കെയോ ഊടുവഴികളിലൂടെ അഞ്ചാറ് കിലോമീറ്ററുകള്‍ നടന്നു ഒരിടത്തെത്തിയപ്പോള്‍ ഒരു ലോറി കണ്ടു. ലോഡ് കയറ്റിവരുന്ന ലോറി ആയിരുന്നു അത്. ലോറിക്കാര് സ്ത്രീകള്‍ ഒഴികെ ഉള്ളവര്‍ കയറിക്കോളാൻ പറഞ്ഞു. സ്ത്രീകളെ കയറ്റിയാല്‍ പ്രശ്നമാകും എന്നു ഡ്രൈവര്‍ പറഞ്ഞതുകൊണ്ട് സ്ത്രീകളെ കയറ്റിയില്ല. അങ്ങനെ ഞങ്ങള്‍ മൂന്നു കുട്ടികള്‍ വണ്ടിയില്‍ കയറി. അച്ഛനും അമ്മയും കൂടെ അയല്പക്കത്തുള്ള പെണ്‍കുട്ടിയും നടന്നു. ഞങ്ങളെ ദൂരെ ഒരു സ്ഥലത്തു കൊണ്ടിറക്കി. അവിടെ ഞങ്ങള്‍ ബാക്കി ഉള്ളവര്‍ക്കായി കാത്തിരുന്നു. അമ്മയെ കാണാത്തതുകൊണ്ട് എന്റെ അനിയന് അലറി കരയാനും തുടങ്ങി. അച്ഛനും അമ്മയും മറ്റുള്ളവരും ഒരു ഒന്നു രണ്ടു മണിക്കൂറിന് ശേഷം എത്തി. അത് മേമനക്കൊല്ലി എന്ന സ്ഥലം ആയിരുന്നു. അവിടെ നിന്നും മാക്കൂട്ടം എന്ന ചെക്ക് പോസ്റ്റ് വരെ വീണ്ടും നടന്നു.
മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്നും ഗോണിക്കുപ്പം എന്ന സ്ഥലത്തേക്ക് ബസ് കിട്ടി. അപ്പോള്‍ രാത്രി ആയിരുന്നു. അച്ഛന് കുടകനായ മൊയിലിയുടെ അടുത്തു പോയി ഞങ്ങള്‍ അവിടെ എത്തി എന്ന് അറിയിച്ചു. അന്ന് രാത്രി ഒരു പീടികയുടെ വരാന്തയില്‍ ഞങ്ങള്‍ എല്ലാവരും കിടന്നു. അതൊരു ചെറിയ ഹോട്ടല്‍ ആയിരുന്നു. അവിടെനിന്നും ഭക്ഷണവും കിട്ടി. പിറ്റേദിവസം രാവിലെ ഞങ്ങളുടെ കൂടെ വന്ന ഞങ്ങളുടെ അയല്‍വാസികള്‍ ആയ കുട്ടികളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവര്‍ അവിടെ നല്ല അന്തസ്സായി ജീവിക്കുകയാണ്. ഞങ്ങളെ അവര്‍ നന്നായി സല്ക്കരിച്ചു. പിറ്റേദിവസം അവിടെനിന്നു പൊന്നംപെട്ട എന്ന ഒരു സ്ഥലത്തേക്ക് പോയി. അവിടെനിന്നും വീണ്ടും ഒരു കാട്ടുപ്രദേശത്തേക്കാണ് പോകേണ്ടത്. കിരൂര്‍ എന്ന ഒരു പ്രദേശം ആയിരുന്നു അത്. കാളവണ്ടിയിലാണ് അവിടത്തേക്ക് പോയത്. അവിടെ വീടൊന്നുമില്ല. മുഴുവന്‍ കാടാണ്. അന്ന് രാത്രി മരത്തിന്റെ കൊമ്പൊക്കെ കൊത്തി ഒരു മറയുണ്ടാക്കി അവിടെ കൂടി. എന്റെ അച്ഛന് അതിനുശേഷം നല്ലോണം അധ്വാനിച്ചു അവിടെ ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു കൂര ഉണ്ടാക്കി. ഒരു വര്‍ഷത്തോളം ഞങ്ങള്‍ അവിടെ താമസിച്ചു. മൊയിലി എന്ന കൊടകന് ഞങ്ങള്‍ക്ക് വളര്‍ത്താന്‍ ഒന്നു രണ്ടു പോത്തുകളെയും കാലികളെയും തന്നു. ഒരു കൊല്ലം കഴിയുമ്പോഴേക്കും എല്ലാവർക്കും രോഗം ഒക്കെ പിടിപെട്ടു. പിന്നെ ഒരുമാതിരി ദുരിതങ്ങളുടെ പെരുമഴ ആയി. ഒരു ഗതിയും കിട്ടിയില്ല. അങ്ങനെ നാട്ടിലേക്ക്, പെരിങ്ങീലിലേക്ക് തന്നെ വീണ്ടും തിരിച്ചു വന്നു.
നാട്ടിലേക്കു തിരിച്ചുവന്ന് വീണ്ടും ഞാന്‍ സ്കൂളിലേക്ക് പോയി തുടങ്ങി. ഞാന്‍ മൂന്നാം ക്ലാസില്‍നിന്നു പോയതുകൊണ്ട് ഇനി നാലാം ക്ലാസില്‍ ഇരുന്നാൽ മതി എന്നു അധ്യാപകര്‍ പറഞ്ഞു. ഞാന്‍ പിന്നീട് നാലിലും അഞ്ചിലും ഹരിജന്‍ വെൽഫെയര്‍ സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. ഞാന്‍ അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കിയതിനുശേഷം ചെറുകുന്നിലെ ഒരു തക്ര ബാപ്പ സദന് എന്ന ഒരു ഹോസ്റ്റലില്‍ ചേര്‍ന്ന് അതിനുശേഷമുള്ള പഠനം തുടര്‍ന്നു. ചെറുകുന്ന് സ്കൂളില്‍ ചേര്‍ന്ന് പത്താം ക്ലാസ് വരെ പഠിച്ചു. അന്ന് എസ്.എസ്.എല്‍.സിക്കു മുന്നൂറ്റി എണ്‍പത്തിയെട്ട് മാര്‍ക്ക് വാങ്ങി ഞാന്‍ പാസായി. അറുന്നൂറില്‍ ആയിരുന്നു മാര്‍ക്ക്. 1960കളില്‍ ആയിരുന്നു അത്.
വളരെയധികം താഴ്ന്ന പ്രദേശമാണ് പെരിങ്ങീല്‍. ഒരു ചെറിയ വേലിയേറ്റം വന്നാല്‍പോലും അവിടെ വെള്ളം നിറയും. ഇടവം, മിഥുനം, കര്‍ക്കടകം എന്നീ മാസങ്ങളിലാണ് വലിയ മഴ പെയ്യുക. ഇടവപ്പാതിയിലാണ് വയലില്‍ കൃഷിചെയ്യുക. ഈ സ്ഥലങ്ങള്‍ മിക്കവാറും കൈപ്പാടും താണ വയലുകളുമാണ്. അതുകൊണ്ട് ഈ പ്രദേശത്ത് പെട്ടെന്നു വെള്ളം കയറും. ഇടവത്തിലും കര്‍ക്കടകത്തിലുമാണ് പണ്ട് പെരിങ്ങീലില്‍ വെള്ളം കയറുക. കര്‍ക്കടകം ആകുമ്പോഴേക്കും ഏകദേശം ഞാറുനടലുകള് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. അന്ന് പാലങ്ങളും അണക്കെട്ടുകളും ഉണ്ടായിരുന്നില്ല. അണക്കെട്ടുകള്‍ ഉണ്ടെങ്കില്‍ വെള്ളത്തിനെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തും. അന്ന് തടയണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ ചെറിയ വെള്ളംതന്നെ പെരിങ്ങീലില്‍ വലിയ വെള്ളപ്പൊക്കമാകും. അന്നത്തെ മഴ വളരെ ശക്തമായ മഴയാണ്. 'കാക്ക കണ്ണു തുറക്കാത്ത മഴ' എന്നു പറയുന്ന രീതിയില്‍ തുടര്‍ച്ചയായി മഴ പെയ്യും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഴയായിരിക്കും. പണിയില്ലാത്ത സമയത്തായതുകൊണ്ട് വീടുകളില്‍ ആഹാരം ഒന്നും ഉണ്ടാകില്ല. അന്ന് വീട് നില്ക്കുന്ന കൂനക്ക് അത്രയധികം പൊക്കം ഉണ്ടാകില്ല. ഈ കൂനയുടെ മുകളിലേക്കു വെള്ളം കയറും. ഈ കൂനയിലാണ് വീടും മുറ്റവും പറമ്പും എല്ലാം ഉള്ളത്. ഇവിടേക്കാണ് വെള്ളം കയറുക. വെള്ളം നേരെ വീട്ടിനകത്തേക്ക് കയറും. വീടിന്റെ ചുവരിന് മുകളില്‍ കയറും. മലയാളി രണ്ടായിരത്തി പതിനെട്ടില്‍ കണ്ട വെള്ളപ്പൊക്കം ഞങ്ങള്‍ അതിനും എത്രയോ കാലം മുമ്പേ അനുഭവിച്ചിരുന്നു. ഈ വീടുകളൊക്കെ മണ്‍കട്ടകള്‍കൊണ്ട് ഉണ്ടാക്കിയതുകൊണ്ട് പെട്ടെന്നു പൊളിഞ്ഞുവീഴാനും സാധ്യതയുണ്ട്. അപ്പോ ഈ സമയങ്ങളില്‍ ഞങ്ങള്‍ പട്ടുവത്തോ കോട്ടക്കീലോ ഉള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെന്നു താമസിക്കും. പെരിങ്ങീലിലെ മുതലാളിമാരായ മുസ്ലിംകളുടെ സംരക്ഷണത്തിലാണ് ഞങ്ങള്‍ പോവുക. അവര്‍ ചിലപ്പോള്‍ അവരുടെ വീടുകളിലെ തട്ടിന്‍പുറത്തോ സ്കൂളിലോ പീടികകളുടെ തട്ടിന്‍പുറത്തോ ഞങ്ങളെ താമസിപ്പിക്കും. ഒരു മുതലാളിയുടെ കീഴിലുള്ള അഞ്ചു പത്തു കുടുംബങ്ങള്‍ സ്കൂളിലെ ക്യാമ്പുകളില്‍ ഒരുമിച്ചാണ് താമസിക്കുക. ഒരു കുടുംബംപോലെ അവിടെ കഴിഞ്ഞുകൂടും. അപ്പോള്‍ വരുമാനം ഒന്നും ഇല്ലാത്തതുകൊണ്ട് ഈ മുസ്ലിംകളായ മുതലാളിമാര്‍തന്നെ ജീവിക്കാനുള്ള സാധനങ്ങളും പൈസയും എല്ലാം തരും. അക്കാലത്ത് ചില പീടികക്കാര്‍ കടം കൊടുക്കും. ചിലര്‍ കൊടുക്കില്ല. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം വരുമ്പോഴും ദുരിതങ്ങള്‍ നീണ്ടുനിൽക്കുമ്പോഴും ഏഴോത്തും കോട്ടക്കീലുമുള്ള തിയ്യരും നമ്പ്യാന്മാരും ആയ കടക്കാരൊക്കെ കടയും പൂട്ടി പോയിക്കളയും. മുസ്ലിംകള് അങ്ങനെ ചെയ്യില്ല. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലാണ് ഈ സംഭവങ്ങള്‍. അപ്പോള്‍ യുവാക്കള്‍ പോയി ബലം പ്രയോഗിച്ച് കടകള്‍ തുറക്കാന്‍ പറയും. അങ്ങനെ അരിയും ചാക്കും എല്ലാം എടുത്തു വിതരണംചെയ്യും.
മുസ്ലിംകള് സഹജീവിസ്നേഹം എന്ന രീതിയില്‍ സഹായം ചെയ്യും. ഒരിക്കല്‍ ഞാന്‍ ജനിക്കുന്നതിനുമുമ്പേ ഒരു പ്രളയകാലത്ത് എന്റെ അച്ചമ്മ ഞങ്ങളുടെ വീട്ടില്‍ പെട്ടുപോയി. അന്ന് വെള്ളം കയറി വീടിന്റെ ചുവര് വരെ വെള്ളം എത്തി. പക്ഷേ, ബാക്കി എല്ലാവരും പോയപ്പോഴും രാത്രി പന്ത്രണ്ടുമണി ആയപ്പോഴും അച്ചമ്മ പുറത്തിറങ്ങുന്നില്ല. ''ഞാന്‍ എന്തായാലും എന്റെ വീട് വിട്ടുപോകുന്നില്ല'' എന്നു അച്ചമ്മ പറഞ്ഞു. അങ്ങനെ അവിടെതന്നെ കൂടി. പക്ഷേ, രാത്രി കുറച്ചു മുസ്ലിംകള് വന്നിട്ട് അവരെ ബലമായി പിടിച്ചുകൊണ്ടു പോയി രക്ഷപ്പെടുത്തി. 1950കള്‍ക്ക് മുമ്പേ ഉള്ള സംഭവമായിരുന്നു ഇത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയാല്‍ വളരെ സന്തോഷത്തോടെയാണ് കഴിയുക. അന്ന് വീട്ടിലിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഭക്ഷണവും കാര്യങ്ങളും ദുരിതാശ്വാസ ക്യാമ്പില്‍ കിട്ടുമായിരുന്നു. ഓരോ കുടുംബവും വേറെ വേറെ പാകം ചെയ്യുമെങ്കിലും പരസ്പരം ആഹാരം കൊടുക്കല്‍ വാങ്ങലുകളൊക്കെ ഉണ്ടാകും.
പെരിങ്ങീലിലെ ഭൂമിയില്‍ വെറും ഉപ്പുവെള്ളം മാത്രമേ ഉള്ളൂ. ചുറ്റുപാടും തോടും കൈപ്പാടും പുഴയുമായതുകൊണ്ട് പെരിങ്ങീലിലെ ഭൂമിയില്‍ ശുദ്ധജലം കിട്ടുക ബുദ്ധിമുട്ടാണ്. പുഴയില്‍ ഉപ്പുവെള്ളമാണ്. കടലില്‍നിന്നും നേരിട്ടുവരുന്ന വെള്ളം. ഈ ഉപ്പിന്റെ അംശം കൈപ്പാടിലും വയലിലും എല്ലാം നിറഞ്ഞിരിക്കും. അതുകൊണ്ട് പെരിങ്ങീലിലെ ഭൂമിയില്‍ കുഴിച്ചാലും നല്ല വെള്ളം കിട്ടില്ല. ഏത് ആവശ്യത്തിനും ഉപ്പുവെള്ളം മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നെ അവിടെ കിണര്‍ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ അവിടെ വയലില്‍ ചെറിയ കുളം കുത്തും. അതില്‍നിന്നുള്ള വെള്ളം കുളിക്കാനൊക്കെ ഉപയോഗിക്കും. എന്റെ കാലഘട്ടത്തിന് മുന്നേ ഭക്ഷണത്തിനുപോലും ഈ ഉപ്പുവെള്ളം ആണ് ഉപയോഗിച്ചത്. ചില സ്ഥലങ്ങളില്‍ കുത്തിയാല്‍ ഉപ്പിന്റെ അംശം കുറഞ്ഞ വെള്ളം കിട്ടും. ഈ വെള്ളം ഉപയോഗിച്ചും ഭക്ഷണം പാകം ചെയ്തിട്ടുണ്ടാകാം. പക്ഷേ, അതും ശുദ്ധമായ വെള്ളം ഒന്നുമല്ല. അന്ന് നിലത്തു കുഴി തോണ്ടി അതില്‍ വെള്ളം കിട്ടുന്ന കൂവല്‍ എന്നുപേരുള്ള കുളങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് അവിടെ ചടയന്‍ എന്നൊരു ആളുണ്ടായിരുന്നു. അയാള്‍ ഒരു ദലിത് മുസ്ലിം ആയിരുന്നു. ഒരു കോൺട്രാക്ടർ. അയാള്‍ പിന്നീട് എം.എല്‍.എയൊക്കെ ആയി. അയാള്‍ക്ക് ദലിതരുടെ കോളനികളില്‍ കിണര്‍ കുഴിച്ചുകൊടുക്കുന്ന പരിപാടികള്‍ ഉണ്ടായിരുന്നു. അതിനെ ചടയന്‍ കിണര്‍ എന്നാണ് നാട്ടുകാര്‍ വിളിച്ചുകൊണ്ടിരുന്നത്. അയാള്‍ പെരിങ്ങീലില്‍ കല്ലുകൊണ്ട് മറ കെട്ടിയ ഒരു കിണര്‍ നിർമിച്ചുകൊടുത്തു. പക്ഷേ ആ കിണറിലെ വെള്ളവും കുടിക്കാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. അത്യാവശ്യം കുളിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.
കുടിക്കാനുള്ള വെള്ളം പ്രധാനമായും കൊണ്ടുവന്നിരുന്നത് കൊട്ടിലയില്നിന്നാണ്. സ്ത്രീകള്‍ തലച്ചുമടായി ഒരു കിലോമീറ്ററിലധികം നടന്നാണ് വെള്ളം കൊണ്ടുവരുക. ഏതെങ്കിലും മറ്റുള്ള ജാതിക്കാരുടെ വീടുകളില്‍ ചെന്നാണ് വെള്ളം ശേഖരിക്കുക. അവര്‍ കോരിക്കൊടുത്ത വെള്ളമാണ് കൊണ്ടുവരുക. അവരുടെ കിണര്‍ തൊടാന്‍ പാടില്ല. അതല്ലെങ്കില്‍ തോണിമാര്‍ഗം പട്ടുവത്ത് പോയി അവിടെനിന്നു വെള്ളം കടത്തിക്കൊണ്ടു വരാം. സ്ത്രീകളാണ് വെള്ളം കടത്തുക. കുടിക്കുന്ന വെള്ളം അമൃത് പോലെയാണ് പെരിങ്ങീലിലെ സ്ത്രീകള്‍ സൂക്ഷിച്ചുവെക്കുക. ചോറ് വെക്കാനും ചായ വെക്കാനും മാത്രമേ നല്ല വെള്ളം ഉപയോഗിക്കുകയുള്ളൂ. പട്ടുവത്ത് ഒരു പൊതുവായ കിണര്‍ ഉണ്ട്. അവിടെനിന്നും വെള്ളം കോരാം. അതുപോലെ മുസ്ലിംകളുടെ വീട്ടില്‍നിന്നും വെള്ളമെടുക്കാം. മുസ്ലിംകള്ക്ക് അക്കാലത്തുപോലും അയിത്തം ഇല്ലായിരുന്നു. പക്ഷേ പട്ടുവത്തുനിന്നും വെള്ളം തോണിയില്‍ കടത്തായിട്ടു കൊണ്ടുവരണം. പക്ഷേ തോണിയില്‍ വെള്ളം കൊണ്ടുവരുമ്പോള്‍ ഒരു കുടം വെള്ളത്തിന് ഒരാളുടെ കടത്തുകൂലി കൊടുക്കണം. കൊട്ടില എന്ന സ്ഥലം ഒരുപാട് ദൂരം ഉള്ളതുകൊണ്ടും കുറെ നടക്കേണ്ടതുകൊണ്ടും അധികം ആള്‍ക്കാരും പട്ടുവം എന്ന പ്രദേശത്തെയാണ് വെള്ളത്തിന് ആശ്രയിക്കുന്നത്. കുടിക്കുന്ന വെള്ളമായതുകൊണ്ട് വെള്ളത്തിന് തോണിക്കൂലി ചോദിച്ചാല്‍ ആരും അന്ന് എതിര്‍ത്തു പറയുമായിരുന്നില്ല. ഒരു ആദം മമ്മു എന്നു പറയുന്ന ആളായിരുന്നു തോണിയുടെ കടത്തുകാരനും കോൺട്രാക്ടറും. കുറെക്കാലം കഴിഞ്ഞപ്പോള്‍ പെരിങ്ങീലിലുള്ളവര് വെള്ളത്തിന് കടത്തുകൂലി കൊടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. അങ്ങനെ ചെറിയ ഒരു ഇളവ് ഒക്കെ ചെയ്തുകൊടുത്തിരുന്നു. ഞാനൊക്കെ വളര്‍ന്ന് കോളജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഒരു അഹങ്കാരം ഉണ്ടായി. നല്ല വെള്ളത്തില്‍ മാത്രമേ കുളിക്കൂ എന്നു ഞാന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ അനിയത്തിമാര് കൊട്ടിലയില്നിന്നോ പട്ടുവത്തുനിന്നോ എനിക്കു കുളിക്കാനായി നല്ല വെള്ളം കൊണ്ടുവന്നു തരും. ഞാന്‍ ഒട്ടും നാണമില്ലാതെ ആ വെള്ളത്തില്‍ കുളിക്കും. ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുണ്ട്.
ഞങ്ങളുടെ നേരെ അക്കരെ കരയില്‍ പടിഞ്ഞാറുള്ള പ്രദേശമാണ് നങ്കലം. അവിടെ ഒരു ശങ്കരന് ഡോക്ടര്‍ ഉണ്ട്. ഒരു ഹോമിയോ ഡോക്ടര്‍ ആണ്. അദ്ദേഹം വളരെ ആക്ടിവായ ഒരു മനുഷ്യനായിരുന്നു. എന്റെ അനിയൻ കൃഷ്ണന്റെ ഭാര്യയുടെ അച്ഛനാണ് അദ്ദേഹം. ആദ്യമായി സർക്കാര്‍ ലോണില്‍ വീട് വെച്ചത് ശങ്കരന് ഡോക്ടര്‍ ആയിരുന്നു. നല്ല ഓടിട്ട വീടാണ് അദ്ദേഹം പണിഞ്ഞത്. അദ്ദേഹത്തിന്റെ പരിശ്രമത്തിലാണ് നങ്കലത്തിലേക്ക് പൈപ്പ് വെള്ളം വരുന്നത്. അപ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ളവര്‍ക്കും പൈപ്പ് വെള്ളം വേണം എന്ന തോന്നലുകളുണ്ടായി. ഞാനൊക്കെ പത്രത്തില്‍ ഞങ്ങൾക്ക് വെള്ളം വേണം എന്നു ആക്ഷേപം എഴുതി അയക്കുകയുണ്ടായി. വെള്ളത്തിന്റെ പ്രശ്നം വളരെ രൂക്ഷമായ സമയം ഞങ്ങളുടെ അന്നത്തെ നിയോജകമണ്ഡലമായ മാടായിയിലെ എം.എല്‍.എ എം.വി. രാഘവന് ആയിരുന്നു. അദ്ദേഹത്തിനോടു കുറെ ആള്ക്കാര് ഈ വിഷയം അവതരിപ്പിച്ചു. അങ്ങനെ ഒരുദിവസം എം.വി. രാഘവന് പെരിങ്ങീലില്‍ വന്നു. കണ്ണോം (Kannom) എന്ന സ്ഥലത്തെ കുന്നിന്റെ മുകളിലെ ടാങ്കില്‍നിന്നുമാണ് നങ്കലത്തില് വെള്ളം കിട്ടുന്നത്. നങ്കലത്തില്നിന്നും ഞങ്ങളുടെ നാട്ടിലേക്കു പുഴയുടെ അടിയിലൂടെ മാത്രമേ പൈപ്പ് വലിക്കാന്‍ പറ്റുകയുള്ളൂ. പിന്നെ നാട്ടുകാരൊക്കെ കുടം തലയില്‍വെച്ചു തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് പ്രകടനമായി പോകുന്ന സംഭവമുണ്ടായി. അങ്ങനെ ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനം പെരിങ്ങീലില്‍ ശുദ്ധജലത്തിനുള്ള പൈപ്പ് വലിച്ചു. പക്ഷേ ഇടക്കിടക്ക് പുഴയിലെ പൈപ്പ് പൊട്ടിയാല്‍ പിന്നെ ഉപ്പുവെള്ളമാണ് വരുക. ആദ്യം ആ നാട്ടില്‍ ഒരു പൈപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ രണ്ടോ മൂന്നോ പൈപ്പുകള്‍ നിർമിച്ച. ഇപ്പോള്‍ നല്ല വെള്ളത്തിന് വലിയ പ്രശ്നമില്ല.
അക്കാലത്ത് മറ്റു നാട്ടിലുള്ളവര്‍ പെരിങ്ങീലിലേക്ക് വരാറില്ലായിരുന്നു. മറ്റു നാട്ടിലുള്ള മുസ്ലിംകളും തിയ്യന്മാരും അവിടെ പണിയെടുപ്പിക്കാന്വേണ്ടി വരുന്നവര്‍ മാത്രമായിരുന്നു പെരിങ്ങീലുമായി ഇടപെട്ടത്. പിന്നെ തെങ്ങ് ചെത്താന്‍ വരുന്ന തിയ്യന്മാരും വരും. പെരിങ്ങീലില്നിന്നുള്ളവര് അവരുടെ മുതലാളിമാരുടെയും മറ്റും വീടുകളില്‍ വിശേഷ ദിവസങ്ങളില്‍ കാഴ്ചകളൊക്കെ കൊണ്ടുപോയി കൊടുത്തു അവരുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഒക്കെ സ്വീകരിക്കും. ഇപ്പോള്‍ പെരിങ്ങീലിലുള്ള കുറെ മനുഷ്യര്‍ വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസം നേടി പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി. കണ്ടക്ടര്‍, പട്ടാളക്കാരന്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, ടെലിഫോണ്‍ എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ, ഓട്ടോറിക്ഷക്കാര്‍, ദുബൈക്കാര്‍ അങ്ങനെ പല ജോലി ചെയ്തവരും ആ നാട്ടില്‍ ഉണ്ടായി. പക്ഷേ ഇതൊന്നും ആ നാട്ടിന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിച്ചില്ല. എനിക്കു പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ ഉദ്യോഗം കിട്ടിയതോടെ ഞങ്ങളുടെ ചെറ്റപ്പുര പൊളിച്ച് ഒരു പുതിയ കൊച്ചുവീട് വെച്ചു. ഞാന്‍ എസ്.എസ്.എല്‍.സി കഴിഞ്ഞതോടെ എല്ലാരും എന്നോട് കോളജില്‍ പോകാന്‍ പറഞ്ഞു. അന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞ ഉടനെ ജോലി കിട്ടുമായിരുന്നുവെങ്കിലും ഞാന്‍ പഠിക്കാന്തന്നെ തീരുമാനിച്ചു. എനിക്കു ഡോക്ടറാകാനായിരുന്നു ആഗ്രഹം. അതുകൊണ്ട് കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അടങ്ങിയ സെക്കൻഡ് ഗ്രൂപ് എടുത്തു പ്രീ ഡിഗ്രി പഠനം ആരംഭിച്ചു. പക്ഷേ, ക്ലാസുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആയതുകൊണ്ട് ഞാന്‍ പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. കണ്ണൂരില്‍ കോസ്മോപൊളിറ്റന്‍ ഹോസ്റ്റലില്‍നിന്നാണ് ഞാന്‍ പഠിച്ചത്. അവിടെ നിരവധി ദേശങ്ങളിലെ നിരവധി മനുഷ്യരെ കണ്ടു പരിചയപ്പെടാന്‍ പറ്റി. സിറ്റിയില്‍നിന്നും വന്ന ഹൈക്ലാസ് വിദ്യാര്‍ഥികളോടാണ് ഞാനൊക്കെ മത്സരിക്കേണ്ടിവന്നത്. അവസാനം ഒരുവിധം സെക്കൻഡ് ക്ലാസോടുകൂടി പ്രീഡിഗ്രി പാസായി.
(തുടരും)