'മാറാതെ പെരിങ്ങീൽ'; വേറിട്ടുനിൽക്കുന്ന ആത്മകുറിപ്പിന്റെ രണ്ടാം ഭാഗം
1947ൽ പുലയസമുദായത്തിൽ ജനിച്ച വ്യക്തിയുടെ പലതരം പലായനങ്ങളുടെ കഥ. മലയാളത്തിൽ ഇന്നോളം വന്ന ദേശം, ജീവിതം എഴുത്തിൽ വേറിട്ടുനിൽക്കുന്ന ആത്മകുറിപ്പിന്റെ രണ്ടാം ഭാഗം.
പ്രീഡിഗ്രിക്കു ശേഷം ബി.എ ഇക്കണോമിക്സിന് കണ്ണൂര്‍ എസ്.എന്‍ കോളജില്‍തന്നെ അഡ്മിഷന് വാങ്ങി. ഇക്കണോമിക്സുമായി എനിക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. രണ്ടാം വര്‍ഷത്തിലാണ് ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും പരീക്ഷ വരുന്നത്. ആ സമയം ഞാന്‍ നാട്ടിലായിരുന്നു. എന്റെ മൂത്തച്ചന് മരിച്ചുപോയിരുന്നു. അത് മാത്രമല്ല, പരീക്ഷ ഫീസ് അടക്കാന്‍ പൈസയും ഉണ്ടായില്ല. അതുകൊണ്ട് ആ പരീക്ഷ എഴുതാനും പറ്റിയില്ല. പിന്നെ മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍...
Your Subscription Supports Independent Journalism
View Plansപ്രീഡിഗ്രിക്കു ശേഷം ബി.എ ഇക്കണോമിക്സിന് കണ്ണൂര്‍ എസ്.എന്‍ കോളജില്‍തന്നെ അഡ്മിഷന് വാങ്ങി. ഇക്കണോമിക്സുമായി എനിക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. രണ്ടാം വര്‍ഷത്തിലാണ് ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും പരീക്ഷ വരുന്നത്. ആ സമയം ഞാന്‍ നാട്ടിലായിരുന്നു. എന്റെ മൂത്തച്ചന് മരിച്ചുപോയിരുന്നു. അത് മാത്രമല്ല, പരീക്ഷ ഫീസ് അടക്കാന്‍ പൈസയും ഉണ്ടായില്ല. അതുകൊണ്ട് ആ പരീക്ഷ എഴുതാനും പറ്റിയില്ല. പിന്നെ മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ ജോലിക്ക് അപേക്ഷിച്ചു. അന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ മാർക്കിന്റെ അടിസ്ഥാനത്തില്‍ ജോലിക്കു തിരഞ്ഞെടുക്കുന്ന രീതി ഉണ്ടായിരുന്നു. നല്ല മാര്‍ക്കുള്ളവര്‍ക്ക് വേഗം ജോലി കിട്ടും. എന്റെ ഒരു സുഹൃത്ത് എന്നോട് അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ അങ്ങനെ ഒരു വെള്ളക്കടലാസില്‍ ഒരു അപേക്ഷ എഴുതി അയച്ചു. അതിനുശേഷം കുറച്ചുദിവസങ്ങള്‍ക്ക് ശേഷം എന്നോട് എന്റെ എസ്.എസ്.എല്‍.സി ബുക്കും റെക്കോഡുകളും എല്ലാം എടുത്ത് ഇന്റര്‍വ്യൂവിന് പോകാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസിലേക്ക് ഇന്റര്‍വ്യൂവിന് പോയി. അഭിമുഖത്തിനുശേഷം എനിക്കു ജോലി കിട്ടി. ആ സമയം, 1960കളുടെ അവസാനം, വര്‍ഷങ്ങളായി റെയില്‍വേയിലും പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റിലും സംവരണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലായിരുന്നു. സംവരണം പാലിക്കാതെ തോന്നിയവരെ മുഴുവന്‍ സവര്‍ണര്‍ നിയമിച്ചുകൊണ്ടേയിരുന്നു. ഇത് തിരിച്ചറിഞ്ഞ അന്നത്തെ സർക്കാര്‍ സംവരണം കര്‍ശനമായി പാലിക്കാനും സംവരണം പാലിച്ചുകൊണ്ട് ഒഴിവുള്ള പോസ്റ്റുകളില്‍ മുഴുവന്‍ നിയമനം നടത്താനും നിര്‍ദേശിച്ചു. അങ്ങനെ അപേക്ഷിച്ച എല്ലാ ദലിതര്‍ക്കും പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റിലും റെയില്‍വേയിലും ജോലി ലഭിച്ചു. എനിക്കും പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ ജോലി ലഭിച്ചു.
ഞാന്‍ കണ്ണൂരിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ആ സമയത്ത് ഞാന്‍ റെയില്‍വേയിലും അപേക്ഷിച്ചിരുന്നു. പാലക്കാട് മലമ്പുഴയില്‍ പോയി പരീക്ഷ എഴുതി. ബാംഗ്ലൂരിലാണ് അഭിമുഖത്തിന് പോയത്. അന്ന് എനിക്കു മാര്‍ഗനിർദേശങ്ങള്‍ തരാന്‍ ആരുമില്ലായിരുന്നു. എനിക്ക് ആ സമയത്ത് ജോലി ലഭിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് വന്നു. ഉത്തരവ് കൊട്ടിലയിലേക്കാണ് വന്നത്. പക്ഷേ, പോസ്റ്റ്മാന് ആ ഉത്തരവ് കൈയില്‍ വെച്ചുകൊണ്ടിരുന്നു. അവസാനം ജോലിക്കു ചേരേണ്ട അവസാന ദിവസമാണ് പോസ്റ്റ് മാന്‍ ആ കത്ത് എന്റെ വീട്ടില്‍ ഏൽപിക്കുന്നത്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിന്റെ ഡേറ്റ് കഴിഞ്ഞു. ട്രെയിനി അസിസ്റ്റന്റ് സിഗ്നലര്‍ എന്ന ഒരു പോസ്റ്റ് ആയിരുന്നു അത്. ഹൈദരാബാദില്‍നിന്നു വളരെ ഉൾനാട്ടിലുള്ള ഹൂഗ്ലി എന്ന സ്ഥലത്തെ ഒരു റെയില്‍വേ സ്റ്റേഷനിലായിരുന്നു എനിക്കു പോസ്റ്റിങ് കിട്ടിയത്. എനിക്കുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കേറിയവരൊക്കെ റെയില്‍വേയില്‍ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാരായി പിരിഞ്ഞിട്ടുണ്ട്.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് കൈപ്പാട്ടില് പൊറ്റകൂട്ടുന്ന പണി ഉണ്ടാവുക. നെല്ല് വിതക്കുന്ന കൂന ഉണ്ടാക്കുന്ന ജോലിക്കാണ് പൊറ്റകൂട്ടുക എന്നുപറയുക. ഇങ്ങനെ കൂനയുണ്ടാക്കി അതിന്റെ മുകളിലാണ് കൈപ്പാട്ടില് വിത്തിടുക. ഇങ്ങനെ പൊറ്റകൂട്ടുന്നതാണ് പെരിങ്ങീലില്‍ ഉള്ളവരുടെ ആ സീസണിലെ പ്രധാന വരുമാനമാര്‍ഗം. ഓരോ മുതലാളിയുടെ ഉടമസ്ഥതയിലും കൈപ്പാട് ഉണ്ടാകും. അത് കൊത്തി പൊറ്റകൂട്ടാന് ആ നാട്ടിലുള്ളവര്‍ ഏല്ക്കും. ഒരേക്കര്‍ കൊത്താനുള്ള കോൺട്രാക്റ്റ് എടുത്താല്‍ അതിനുള്ള മുഴുവന്‍ പൈസയും കിട്ടും. 1960കളില്‍ ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ഈ രീതി നിലവിലുണ്ടായിരുന്നു. ഈ പണി പറഞ്ഞസമയത്ത് തീര്‍ത്തുകൊടുത്താല്‍ മതി. കൃത്യമായ, നിശ്ചിതമായ സമയത്ത് പണിയെടുക്കണമെന്നു നിര്‍ബന്ധമില്ല. ഇഷ്ടമുള്ള സമയത്ത് ആര്‍ക്കും പോയി കൊത്താം. പണി തീര്‍ത്തുകൊടുത്താല്‍ മതി. ഇത് പെരിങ്ങീല്ക്കാരെ സംബന്ധിച്ചിടത്തോളം നല്ല ഒരു വരുമാനമാര്‍ഗമാണ്. അങ്ങനെ പൊറ്റ കൊത്തുന്ന പണി എന്റെ അച്ഛന് എടുക്കുമ്പോള്‍ ഞാന്‍ പോയി സഹായിക്കും. ചില സമയത്ത് ഞാന്‍ പുറമെയുള്ള പണിക്കും പോയിട്ടുണ്ട്. കോട്ടക്കീലിലെ കാക്കാമണി കുഞ്ഞിക്കണ്ണനും ഇതുപോലെ കൈപ്പാടുണ്ട്. അയാളുടെ കൈപ്പാട്ടിലും ഞാന്‍ പൊറ്റകൊത്താന് പോയിട്ടുണ്ട്. പക്ഷേ, വലിയ ആള്‍ക്കാരുടെ കൂടെ കൊത്തിക്കേറാന് വലിയ ബുദ്ധിമുട്ടാണ്. എങ്കിലും, പൈസ കിട്ടുമല്ലോ എന്നോര്‍ത്തു ഞാന്‍ പോകും. പന്ത്രണ്ട് അണ ഒക്കെയാണ് അന്ന് കൂലികിട്ടുക.
കൈപ്പാട്ടില്നിന്നും കിട്ടുന്ന കുതിര്നെല്ല് എന്ന ഒരു നെല്ലുണ്ട്. അത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അരിവിഭാഗമാണ്. അതിനെ 'ഓര്ക്കാഴമ' എന്നും പേരിട്ടു വിളിക്കും. അതിപ്പോള്‍ ബ്രീഡ് ചെയ്ത് പുതിയ രീതിയില്‍ 'ഏഴോം ഒന്ന്', 'ഏഴോം രണ്ട്' എന്നു പേരുള്ള നെല്ലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വയലില്‍ ഉണ്ടാകുന്നത് 'കഴമ' എന്നു പേരുള്ള ഒരുതരം നെല്ലാണ്. നല്ല രുചിയുള്ള അരിയാണത്. കൈപ്പാട്ടില് കൂനയുണ്ടാക്കി വിളയിക്കുന്ന നെല്ലിനെയാണ് 'കുതിര്' എന്നു പറയുക. നെയ്ച്ചോര്‍ ഒക്കെ ഉണ്ടാക്കുന്ന നെല്ലിനെ 'കുഞ്ഞ് നെല്ല്' എന്നാണ് പറയുക. കൊയ്ത്തുകാലത്താണ് നെല്ല് കാണാനുള്ള ഭാഗ്യം പെരിങ്ങീലില്‍ ഉള്ളവര്‍ക്ക് ഉണ്ടാവുക. നെല്ല് കൊയ്തു കൊണ്ടുപോയാല്‍ ഉള്ളവര്‍ക്ക് ഒരു ഓഹരി കിട്ടും. രാവിലെ മുതല്‍ കൊയ്ത്തിന് പോയിക്കഴിഞ്ഞാല്‍ രാത്രി പന്ത്രണ്ടു മണി വരെ മുതലാളിയുടെ കളത്തില്‍ എത്തിക്കുന്നതു വരെ പണിയുണ്ടാകും. അതിനുശേഷം ഇത് മെതിക്കുകയും വേണം. അതിനുശേഷം വന്ന് ഈ നെല്ല് വറുത്ത് കുത്തി ചോറുവെച്ചു തിന്നു പിറ്റേദിവസം വീണ്ടും പണിക്ക് പോകണം. അപ്പോഴേക്കും കുട്ടികളൊക്കെ ഉറങ്ങിയിട്ടുണ്ടാകും. സുഭിക്ഷമായ കാലമാണെങ്കില്കൂടി മര്യാദക്ക് ആഹാരം കഴിക്കാന്‍ പറ്റില്ല.
ആ നാട്ടിലുള്ളവരുടെ പ്രധാന ഭക്ഷണം മീനാണ്. ലക്ഷദ്വീപിലെ പ്രധാന ഭക്ഷണം മീന്‍ എന്നതുപോലെതന്നെ. "ചോറ്റിന് അരി അടുപ്പത്തിട്ടു തോട്ടില്‍ ഇറങ്ങിയാല്‍ മീന്‍ കിട്ടും" എന്നൊരു വര്‍ത്തമാനംതന്നെ നമ്മുടെ നാട്ടിലുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഞണ്ടിന്റെ ബ്രീഡിങ് നടക്കുന്ന സമയമാണ്. കൈപ്പാടൊക്കെ ഉണങ്ങിക്കിടക്കുന്ന സമയം. ആ സമയത്ത് ഞണ്ട് വെളിയില്‍ ഇങ്ങനെ ഇറങ്ങിനടക്കും. അപ്പോള്‍ ഞണ്ടിനെ നേരിട്ടുപോയി പിടിക്കാന്‍ പറ്റും. എന്റെ അച്ഛന് മാളത്തില്നിന്നു രണ്ടു കിലോ വലുപ്പമുള്ള വലിയ ഞണ്ടിനെ ഇരുമ്പുകൊണ്ടുള്ള കൊക്ക കൊണ്ട് കുത്തിപ്പിടിക്കും. നല്ല രുചിയുള്ള കൊഴുപ്പുള്ള ഞണ്ടാണത്. മറ്റുള്ള പണികള്‍ ചെയ്തതിനുശേഷം കൈക്കോട്ട് ചുമലില്‍ ഇട്ടു നടന്നുപോയാണ് അച്ഛന് ഇങ്ങനെ ഞണ്ട് പിടിക്കുക. അങ്ങനെ ഒരു കുരിയ (കൊട്ട) നിറയെ ഞണ്ട് കിട്ടും. പിന്നെ കുറെ കൈപ്പാടുകളും തോടുകളും ചേര്‍ന്ന് അതിന്റെ അറ്റം ഒരു തടാകംപോലെ രൂപപ്പെട്ടിട്ടുണ്ടാകും. അപ്പോള്‍ ഈ കൈപ്പാടുകളില്നിന്നുള്ള ചാലുകള്‍ മുഴുവന്‍ ഈ കായലിലേക്ക് പോകും. മീനുകള്‍ എല്ലാം അങ്ങോട്ടുപോകും. കായലില്‍ ബ്രീഡ് ചെയ്ത് പുതുതായി ഉണ്ടാകുന്ന മീനുകളും ഉണ്ടാകും. അവിടെ തടയണ കെട്ടി മീന്‍ പിടിക്കാന്‍ കണ്ടി എന്നൊരു സംവിധാനമുണ്ടാക്കിയിട്ടുണ്ടാകും. പക്ഷേ, അവിടെയുള്ള മീനുകള്‍ നാട്ടുകാര്‍ക്ക് പിടിക്കാന്‍ പറ്റില്ല. അത് ഓരോ മുതലാളിമാര്‍ ലേലംചെയ്തു സ്വന്തമാക്കലാണ്. അതിന്റെ അവകാശികള്‍ക്ക് മാത്രമേ കണ്ടിയിലുള്ള മീനുകള്‍ പിടിക്കാന്‍ സാധിക്കൂ.
കണ്ടിക്കകത്തും പുറത്തും പലവിധത്തിലുള്ള മീനുകളുണ്ടാകും. പ്രധാനമായും ചെമ്മീന്‍ ആണ്. കൈപ്പാട്ടില് ചെറിയ തോടുകള്‍ ഉണ്ടാകും. അതിന്റെ അവസാനം ഈര്‍ക്കിലികൊണ്ട് ഉണ്ടാക്കുന്ന ഒരു കൂട് വെക്കും. ഈ കൂടിനു 'പൊടല്' എന്നാണ് പറയുക. ഈ പൊടല് ഓരോ തോടിന്റെയും അവസാനം വെച്ചുകഴിഞ്ഞാല്‍ ചെമ്മീനുകള്‍ അതിലേക്കു ഊര്‍ന്നിറങ്ങും. അത് കൊണ്ടുവന്നു സ്ത്രീകള്‍ ഉണക്കി വില്‍ക്കും. അത് വിറ്റുകഴിഞ്ഞാല്‍ നല്ല പൈസ കിട്ടും. അതിനു പുറമെ സ്ത്രീകളുടെ 'ചെമ്മീന്‍ തപ്പുക' എന്നൊരു പരിപാടിയുണ്ട്. കണ്ടിയുടെ അവകാശം മുതലാളിമാര്‍ ഒഴിഞ്ഞുപോകുന്ന സമയമുണ്ട്. ആ സമയത്ത് കണ്ടിയില്‍ സ്ത്രീകള്‍ ചെമ്മീന്‍ തപ്പും. അങ്ങനെ കായലിലെ ചളിയില്‍ കൈകൊണ്ട് തപ്പിയാല്‍ ഞണ്ടും ചെമ്മീനും കിട്ടും. ഞണ്ട് എല്ലാവർക്കും തപ്പാന്‍ കഴിയില്ല. നല്ല കടി കിട്ടും. പിന്നെ വലിയ ചെമ്മീന്‍, ചൂട്ടച്ചി തുടങ്ങിയവയും തപ്പാന്‍ പോയാല്‍ കിട്ടും. പിന്നെ കരിമീന്‍ കിട്ടും. ഏട്ട എന്ന മീനിന്റെ കുത്തുകിട്ടിയാല്‍ ചിലപ്പോള്‍ വിഷമേല്‍ക്കുന്ന അവസ്ഥവരെയുണ്ട്. പിന്നെ പ്രധാനപ്പെട്ട ഒരു മീനാണ് മലഞ്ഞീന്‍. മലഞ്ഞീന്‍ അങ്ങനെ എല്ലായിടത്തും കിട്ടില്ല. അതിനെ അതിന്റെ മാളത്തില്‍ ചെന്നു പിടിക്കണം. അതിനെ പിടിക്കാന്‍ ഒരു പ്രത്യേകതരം ചൂണ്ടയുണ്ട്. ഹുക്ക് ഇല്ലാത്ത ചൂണ്ടയാണ്. ഭയങ്കര വഴുവഴുപ്പുള്ള പാമ്പിനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു മീനാണ് അത്. ഇപ്പോള്‍ ആ മീനിനെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര അറപ്പാണ്. പക്ഷേ, ആ സമയത്ത് മലഞ്ഞീനെ പിടിച്ച് കൊണ്ടുവന്നു അരിപ്പൊടി ഒക്കെ ചേര്‍ത്ത് നല്ല അസ്സല് കറിയാക്കി വെക്കും. അത് അര്ശസ്സുപോലുള്ള രോഗങ്ങള്‍ക്ക് പറ്റിയ ഔഷധമാണെന്നും പറയുന്നുണ്ട്. ആറല്‍ മലഞ്ഞീന്‍ എന്ന മറ്റൊരു വിഭാഗമുണ്ട്. അത് ഭയങ്കര രുചിയാണ്. അത് തോട്ടില്നിന്നുതന്നെ പിടിച്ചെടുക്കാന്‍ കഴിയും. മുണ്ട മലഞ്ഞീന്‍ വളരെ വലുതായിരിക്കും. അത് നല്ല നെയ്യുള്ള മീനാണ്. പിന്നെയുള്ളത് കടല്‍ മലഞ്ഞീന്‍. അത് ഒരു ചേരപ്പാമ്പിന്റെ അത്രയും ഉണ്ടാകും. അത് ചിലപ്പോള്‍ പുഴയില്‍നിന്നുതന്നെ കിട്ടും. പുഴയില്‍ മീന്‍പിടിക്കുന്നവരുടെ വലയില്‍ കുടുങ്ങിയാല്‍ അവര്‍ അത് പെരിങ്ങീലില്‍ ഉള്ളവര്‍ക്ക് എറിഞ്ഞുകൊടുക്കും. അത് കറിവെക്കും. ചിങ്ങം, കന്നി മാസങ്ങളില്‍ ചെമ്മീനുകള്‍ ബ്രീഡ് ചെയ്യുന്ന സമയമാണ്. ആ സമയത്ത് വളരെ രുചിയുള്ള വലിയ മുട്ട ചെമ്മീനുകള്‍ കിട്ടും. ഒരു പോക്കുപോയാല്‍ ഒന്നോ രണ്ടോ കിലോ മുട്ട ചെമ്മീന്‍ പിടിക്കാന്‍ പറ്റും.
കൃഷിപ്പണിയില്‍ സ്ത്രീകളും പുരുഷന്മാരെപ്പോലെ എല്ലാ ജോലിയുമെടുക്കും. പക്ഷേ, അവര്‍ക്ക് പകുതി കൂലി മാത്രമേ കിട്ടുകയുള്ളൂ. സ്ത്രീകള്‍ക്ക് കണ്ടത്തിലെയും കൈപ്പാട്ടിലെയും പണി കഴിഞ്ഞുവന്നാല്‍ പിന്നെ വീട്ടിലെയും പണിയുണ്ട്. പെരിങ്ങീലിലെ മുഴുവന്‍ വീടുകളും പുലര്‍ത്തുന്നത് സ്ത്രീകളാണ്. മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ മാസങ്ങള്‍ വരെ മാത്രമേ പുരുഷന്മാര് പെരിങ്ങീലില്‍ ഉണ്ടാകുമായിരുന്നുള്ളൂ. ബാക്കിയുള്ളത് പഞ്ഞമാസങ്ങളായതിനാല് പുരുഷന്മാര് ആലക്കോടുള്ള മലക്കോ അതുപോലെ കുടകിലേക്കോ പണി അന്വേഷിച്ചു പോകും. പിന്നെ വീടുകളിലെ മുഴുവന്‍ ദുരിതങ്ങളും വഹിക്കേണ്ടത് സ്ത്രീകളാണ്. അവര്‍ ആ സമയം എവിടെയാണോ പണി കിട്ടുന്നത് അവിടെ പോയി ജോലിചെയ്തു കുടുംബം നോക്കും. അത് കൂടാതെ കൊട്ടിലയില്നിന്നും പട്ടുവത്തുനിന്നും കുടിവെള്ളം കൊണ്ടുവരേണ്ട ജോലിയും സ്ത്രീകളുടേതാണ്. പെരിങ്ങീലില്‍ എവിടെയും കടകള്‍ ഇല്ലാത്തതുകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ ഒരു കിലോമീറ്ററിലധികം നടന്നിട്ട് കൊട്ടിലയിലേക്കോ പട്ടുവത്തേക്ക് തോണിക്കൂലി കൊടുത്തിട്ടോ പോകണം. പെരിങ്ങീലില്‍ നെല്ല് അല്ലാതെ അത്യാവശ്യം തെങ്ങുകള്‍ മാത്രമേയുള്ളൂ. വേറെ വൃക്ഷങ്ങളില്ല. അതുകൊണ്ട് കത്തിക്കാനുള്ള വിറകു ശേഖരിക്കാനുള്ള ജോലിയും സ്ത്രീകളുടേതാണ്. വിറകു ശേഖരിക്കാന്‍ കൊട്ടിലക്ക് അപ്പുറത്തുള്ള ഓണപ്പറമ്പിലെ ഉള്‍ക്കാട്ടിലാണ് പോവുക. അല്ലെങ്കില്‍ അങ്ങ് ദൂരെ പുളിയൂള് എന്ന സ്ഥലത്തേക്ക് പോകണം. വീടിന്റെ മേല്‍ക്കൂര വര്‍ഷത്തിലൊരിക്കല്‍ മേയണം. കിടാരിപ്പുല്ല് എന്നപേരുള്ള ഒരു കാട്ടുപുല്ലാണ് അത്. ഈ പുല്ല് ശേഖരിക്കാനും ഓണപ്പറമ്പില്‍ പോകണം. അഞ്ചും പത്തും ദിവസങ്ങള്‍ നടന്നു ഈ പുല്ല് കെട്ടുകളാക്കി പെരിങ്ങീലിലേക്ക് തലച്ചുമടായി കടത്തി കൊണ്ടുവരണം.
കൃഷിപ്പണിയില്ലാത്ത സമയത്ത് സ്ത്രീകള്‍ പായ മടഞ്ഞു വില്‍ക്കും. പായ മടയുന്ന ഓലയെ 'മുണ്ടോല' എന്നാണ് പറയുക. മുണ്ടോല പെരിങ്ങീലില്‍ കിട്ടില്ല. ഉപ്പ് നിറഞ്ഞ സ്ഥലത്ത് 'മുണ്ടോല' ഉണ്ടാകില്ല. അത് കുന്നിന് പ്രദേശങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ദൂരെ പുളിയൂള്പോലുള്ള കുന്നിന്‍പ്രദേശത്ത് സ്ത്രീകളുടെ ഒരു ടീം പോയി താമസിച്ച് ഈ മുണ്ടോല കൊത്തി കൊണ്ടുവരും. ഇത് ഭയങ്കര മുള്ളുള്ള ഒരു ഓലയാണ്. അതിന്റെ ഓല അറുത്ത് അതിന്റെ ശക്തിയേറിയ മുള്ള് വെട്ടിക്കളഞ്ഞ് ബാക്കിയുള്ള മുള്ളുകളും കളയും. എന്നിട്ട്, ഈ ഓല ഉണക്കും. ഉണക്കിയ ഓല പെരിങ്ങീലിലേക്ക് കൊണ്ടുവരും. പിന്നീട് ഓലയുടെ അരികിലുള്ള മുള്ളുകള്‍ കത്തികൊണ്ട് വീശിക്കളയും. അതിനുശേഷം ഈ ഓലകള്‍ ചക്രത്തിന്റെ രൂപത്തില്‍ തിരകള്‍ ആക്കും. എങ്കില്‍ മാത്രമേ ഈ ഓലകള്‍ക്ക് ഒരു മൃദുത്വം കിട്ടുകയുള്ളൂ. അതിനുശേഷം അര സെന്റിമീറ്റര്‍ വീതിയില്‍ ഈ ഓലകള്‍ കീറുകളാക്കും. അതിനുശേഷമാണ് പായ മെടയുക. ഒരു പായ മെടയാന്‍ ഒന്നരദിവസം വരെ എടുക്കും. ഈ പായ മടഞ്ഞു മുതലാളിമാര്‍ക്ക് വില്‍ക്കും. അല്ലെങ്കില്‍ തളിപ്പറമ്പിലെ ചന്തയില്‍ പോയി വില്‍ക്കും. ചന്തയില്‍ വില്ക്കുമ്പോള് വില പേശലുകളൊക്കെ നടക്കും. അല്ലെങ്കില്‍ ചാലിയന്മാരുടെയും കൊശവന്മാരുടെയും തെരുവുകളില്‍ കൊണ്ടുപോയി വില്‍ക്കും.
'കുരിയ' എന്നുപറഞ്ഞാല്‍ ഒരുതരം കുട്ടയാണ്. അത് പെരിങ്ങീലില്തന്നെയുള്ള പോട്ട എന്ന പുല്ലുകൊണ്ട് ഉണ്ടാക്കുന്ന ഒരു ബാഗ് ആണ്. പോട്ടയുടെ പുല്ല് അരിഞ്ഞ് സൈസ് ചെയ്തു സ്ത്രീകള്‍ കുട്ടയുണ്ടാക്കും. ആ കുട്ട മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ അവര്‍ക്ക് നല്ല ഇഷ്ടമാണ്. പൂരം, ഓണം, വിഷു തുടങ്ങിയ സമയത്ത് പൂക്കള്‍ നിറക്കാന്‍ കുട്ടികള്‍ ഈ കുട്ട വാങ്ങിക്കും. ഇത് ഒരു കാരിബാഗ് ആയി ഉപയോഗിക്കാം. ഞാന്‍ കുരിയയും എടുത്തു റേഷന്‍ വാങ്ങാന്‍ പോയിട്ടുണ്ട്. ഞാന്‍ കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. ആ സമയത്ത് വീട്ടില്‍ വലിയ ദാരിദ്ര്യമാണ്. ആ സമയത്ത് ബാഗ് വാങ്ങിക്കാനുള്ള കഴിവില്ല. ഒരിക്കല്‍ ഞാന്‍ കുരിയയും എടുത്തു റേഷന്‍ വാങ്ങാന്‍ പോയപ്പോള്‍ എനിക്കു അറിയാവുന്ന ഒരു പെണ്‍കുട്ടിയാണ് ആ റേഷന്‍ േഷാപ്പില്‍ നില്‍ക്കുന്നത്. ആ കുട്ടിയുടെ അച്ഛനാണ് സാധാരണ റേഷന്‍കടയില്‍ ഉണ്ടാവുക. പക്ഷേ, അന്ന് കുരിയയും ആയി ഞാന്‍ റേഷന്‍ വാങ്ങാന്‍ പോയപ്പോള്‍ ആ പെണ്‍കുട്ടിയാണ് ഉണ്ടായത്. അന്ന് എനിക്കു ഭയങ്കര നാണക്കേട് ആയി. കോളജില്‍ പഠിക്കുന്ന ഞാന്‍ കുരിയയും എടുത്തു റേഷന്‍ വാങ്ങാന്‍ പോകുന്നതിനായിരുന്നു എനിക്ക് നാണക്കേട്.
ഈ കുരിയ പല സൈസുകളുണ്ട്. ചെറിയ വാനിറ്റിബാഗ് പോലെയുള്ള കുരിയയുണ്ട്. പിന്നെ, ചെമ്മീന്‍ തപ്പാന്‍ പോകുമ്പോള്‍ കൊണ്ടുപോകുന്ന കുരിയ. അരി വാങ്ങാനും മറ്റും ഉപയോഗിക്കുന്ന വലിയ കുരിയ. പിന്നെ കൊയ്ത്തുകാലത്ത് പത്തിരുപത് കിലോ നെല്ല് കൊള്ളുന്ന കുരിയ. സ്ത്രീകള്‍ ഈ കുരിയ കടിച്ചുപിടിച്ച് വെള്ളത്തില്‍ ഇരുന്നാണ് ചെമ്മീന്‍ തപ്പുക. എന്നിട്ട് കൈകൊണ്ട് ഇങ്ങനെ തപ്പിനോക്കും. അപ്പോള്‍ സൈഡില്‍ എവിടെയെങ്കിലും മീന്‍ ഇരിക്കുന്നുണ്ടാകും. ഞണ്ടിനെയും അങ്ങനെ തപ്പി പ്പിടിക്കും. ഞണ്ടിനെ പിടിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് കടിക്കും.
പെരിങ്ങീലില്‍ 25 വീടുകള്‍ ഉണ്ടായിരുന്നതില്‍ 15 വീടുകളിലുള്ളവര്‍ ക്രിസ്തുമതത്തിലേക്ക് മതം മാറിയിട്ടുണ്ട്. പണ്ടുകാലത്ത് ജോലിയില്‍, ഭക്ഷണത്തില്‍, പാര്‍പ്പിടത്തില്‍, വസ്ത്രത്തില്‍, വെള്ളത്തിന്റെ കാര്യത്തില്‍, വീടിന്റെ കാര്യത്തില്‍, ഭൂമിയുടെ കാര്യത്തില്‍ എല്ലാത്തിലും കൊടിയ ദാരിദ്ര്യമായിരുന്നു. ആ സമയത്താണ് മനുഷ്യരെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുണ്ട് എന്ന വിവരം പെരിങ്ങീലിലുള്ളവര് അറിയുന്നത്. ക്രിസ്ത്യാനിയായാല്‍ ഭക്ഷണം കിട്ടും, വീട് കിട്ടും, വസ്ത്രങ്ങള്‍ കിട്ടും എന്നൊക്കെ അറിഞ്ഞു. ആ സമയത്ത് മാടായിയില്‍ കോഴിബസാറില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. ഒരിക്കല്‍ നല്ല ക്ഷാമമുള്ള സമയം ആ പള്ളിയില്‍ പാല്‍പ്പൊടി കൊടുക്കുന്നുണ്ടെന്ന വിവരമറിഞ്ഞു. ഞാനും അച്ഛനും കൂടെ അത് പോയി വാങ്ങാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പാല്‍പ്പൊടി വാങ്ങാന്‍ പള്ളിയിലേക്ക് പോയി. പള്ളിയില്‍ പോയപ്പോള്‍ അഞ്ചു കിലോയുടെ ഒരു ഡപ്പി നിറയെ പാല്‍പ്പൊടി കിട്ടി. 1960കളില്‍ ആയിരുന്നു ഇത്. ഞങ്ങള്‍ക്ക് അപ്പോള്‍ പാല്‍പ്പൊടി എന്നാല്‍ എന്താണെന്നറിയില്ല. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കട്ടന്‍ചായയായിരുന്നു കുടിച്ചത്. കൂടെ ഒരു കഷണം വെല്ലം കടിച്ചു കൂട്ടും അത്രതന്നെ. പാല്‍പ്പൊടി വാങ്ങി കൊണ്ടുവന്നു അടുത്തുള്ള പഴയങ്ങാടി പട്ടണത്തില്‍ ഒരു കടയില്‍ ഞങ്ങള്‍ വിറ്റു. അതിന്റെ പൈസക്ക് വീട്ടിലേക്കുള്ള സാധനവും വാങ്ങി വന്നു. അത് കഴിഞ്ഞ് അച്ഛനും അമ്മയും ഞാനൊഴികെയുള്ള കുട്ടികളും ആലക്കോട് മലക്ക് ജോലിചെയ്ത് ജീവിക്കാന്‍ പോയി. ഞാനും അച്ഛമ്മയും മാത്രം പെരിങ്ങീലില്‍ ബാക്കിയായി. അങ്ങനെ ഒരിക്കല്‍ സുക്കോല് എന്നു പേരുള്ള ജര്‍മന്‍കാരനായ ഒരു പള്ളീലച്ചന് വന്നു കുട്ടികള്‍ക്കൊക്കെ മിഠായികള്‍ വിതരണംചെയ്തു. കുട്ടികള്‍ക്കൊക്കെ അത് വലിയ കാര്യമായി. ആ കൂട്ടത്തില്‍ ഒരു കപ്യാരുമുണ്ടായിരുന്നു. അന്ന് പെരിങ്ങീലില്‍ ചവിണിയന്‍ എന്നൊരു ആളുണ്ടായിരുന്നു. ഞാനും ചവിണിയനും നല്ല സുഹൃത്തുക്കളായിരുന്നു. ചവിണിയന്‍ എന്നോടു നമുക്ക് പള്ളിയില്‍ പോകാമെന്നു പറഞ്ഞു. ഒന്നു രണ്ടു പ്രാവശ്യം ഞങ്ങള്‍ പള്ളിയിലേക്ക് പോയി. ഞാന്‍ അച്ഛനും അമ്മക്കും കത്തെഴുതി. നിങ്ങള്‍ ഇനി തിരിച്ചുവരുമ്പോഴേക്കും ഞാനും അച്ഛമ്മയും ക്രിസ്ത്യാനികളാകും എന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. അവര്‍ അതറിഞ്ഞ് എന്നെ വല്ലാതെ പരിഹസിച്ചു. നേരുവമ്പ്രത്തും പട്ടുവത്തും ഒക്കെയുള്ള പള്ളികളില്‍ ഞാന്‍ പോയി. പിന്നെ ഞാന്‍ പഠിക്കാന്‍ വേണ്ടി പോയതോടെ എന്റെ മതം മാറ്റമൊന്നും നടന്നില്ല. പക്ഷേ, ചവിണിയന്‍ പിന്നെയും പള്ളിയില്‍ പോയി ക്രിസ്ത്യാനിയായി. ചവിണിയന്റെ കുടുംബം പള്ളിയില്‍ പോകാന്‍ തുടങ്ങി. അയല്‍വാസികള്‍ പോകാന്‍ തുടങ്ങി. അങ്ങനെ പതിനഞ്ചോളം കുടുംബങ്ങള്‍ ക്രിസ്ത്യാനികളായി. അവര്‍ക്ക് വീടും കുറച്ചു സ്ഥലവുമൊക്കെ കിട്ടി. പട്ടുവത്തുനിന്നും കുറെ ആൾക്കാര് പള്ളിയില്‍ പോയി.
നാട്ടില്‍നിന്നും ഞാന്‍ ആദ്യമായി പുറത്തേക്ക്. കോളജ് പഠനം നടത്താന്‍ കണ്ണൂരേക്കാണ് പോകുന്നത്. പിന്നെ ഞാന്‍ ആദ്യമായി ജോലിക്കു ചേര്‍ന്നതും കണ്ണൂരായിരുന്നു. അതുകൊണ്ട് കണ്ണൂര്‍ അത്ര അപരിചിതമായ സ്ഥലമായിരുന്നില്ല. പിന്നെ ഞാന്‍ പോയത് കാസർകോട് ബദിയടുക്ക എന്ന സ്ഥലത്തേക്കാണ്. അവിടെ ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍ ഒരുമിച്ച് വീടെടുത്താണ് താമസം. പൊലീസുകാരാണ് കൂടുതലായും കൂടെയുള്ളവര്‍. ഞാനും പൊലീസ് ആണോ എന്ന് ആ നാട്ടിലുള്ളവര്‍ക്ക് സംശയമുണ്ടായിരുന്നു. അവിടെ കള്ളക്കടത്തുകാരും ഉണ്ടാകും. ഞങ്ങളുടെ പോസ്റ്റ് ഓഫിസിന്റെ ഉള്ളില്തന്നെയായിരുന്നു ടെലിഫോണ്‍ എക്സ്ചേഞ്ചും. പൊലീസുകാര്‍ പരസ്പരം നല്കുന്ന മെസേജുകളും കള്ളക്കടത്തുകാര്‍ കൈമാറുന്ന മെസേജുകളും എല്ലാം ഞങ്ങൾക്ക് കിട്ടും. കള്ളക്കടത്തുകാരുടെ മെസേജ് ഞങ്ങൾക്ക് കിട്ടിയാല്‍ അത് അവര്‍ക്ക് അപകടമാണ്. അതുകൊണ്ട് അവര്‍ എപ്പോഴും ഞങ്ങളെ വന്നു സോപ്പിടും. അവിടെ എനിക്കു പുറംലോകത്തെ കുറെ ജനങ്ങളുമായി സമ്പര്‍ക്കമുണ്ടായി.
അവിടെ തെക്ക് നാട്ടില്‍നിന്നുള്ള എല്ലാ സമുദായത്തിലും ഉള്ളവരായിരുന്നു ഉദ്യോഗസ്ഥര്‍. രജിസ്റ്റര്‍ ഓഫിസിലുള്ളവര്‍, അധ്യാപകര്‍, പൊലീസുകാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എല്ലാവരുമുണ്ടായിരുന്നു. ഞങ്ങള്‍ ഭക്ഷണമെല്ലാം ഉണ്ടാക്കി പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാം ഉണ്ടാകും. എന്റെ പോസ്റ്റ്മാസ്റ്റർ കൊങ്ങിണി സമുദായത്തിലുള്ള ആളായിരുന്നു. ഞാന്‍ അവിടെയുള്ളപ്പോള്‍ സ്വാമി ആനന്ദ തീര്‍ഥര്‍ അവിടെ വരും. അദ്ദേഹം വന്നാല്‍ ആദ്യം എന്നോട് 25 പൈസ ചോദിക്കും. ഞങ്ങളുടെ തൊട്ടു മുന്നില്‍ കുറഗന്മാരായ ആദിവാസി സമൂഹം ജീവിക്കുന്നുണ്ട്. അവരുടെ ജോലി കൊട്ടെമടയലാണ്. ആനന്ദതീർഥര്‍ എന്റെ കൈയില്‍നിന്നും പൈസ വാങ്ങി ഈ കുറഗരായ കുട്ടികളെയും കൂട്ടി നേരെ ഹോട്ടലിലേക്ക് പോകും. പക്ഷേ, ആ നാട്ടുകാര്‍ കുറഗരെ ഹോട്ടലില്‍ കയറ്റില്ല. അതുകൊണ്ട് ആനന്ദതീർഥരെ കാണുമ്പോള്‍തന്നെ എല്ലാവരും ഹോട്ടലും പീടികകളും ബാര്‍ബര്‍ േഷാപ്പുകളും എല്ലാം അടച്ചിടും. അതോടെ ഞാന്‍ ഏത് സമുദായത്തിലാണെന്നും അവിടെയുള്ള ആള്‍ക്കാര്‍ക്കും മനസ്സിലായി. അങ്ങനെ ഒരിക്കല്‍ എന്റെ പോസ്റ്റ്മാസ്റ്റർ എന്നോടു ഞാന്‍ ഹരിജന്‍ ആണോ എന്നു ചോദിച്ചു. ഞാന്‍ അതേ എന്നും പറഞ്ഞു.
പിന്നീട് 80കളുടെ മധ്യത്തില്‍ ഞാന്‍ കുടുംബത്തോടെ ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ എത്തി. അവിടെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റിലെ സബ് ഡിവിഷനല്‍ ഇന്‍സ്പെക്ടര്‍ ആയാണ് എത്തിയത്. അവിടെ തോട്ടംതൊഴിലാളികള്‍ മുഴുവന്‍ ദലിത് സമൂഹത്തില്പെട്ടവരായിരുന്നു. തമിഴ്നാട്ടിലുള്ളവരാണ് പീരുമേട്ടില്‍ തോട്ടം തൊഴിലാളികളായി എത്തുന്നത്. ഈ തോട്ടം തൊഴിലാളികളും പണ്ട് പെരിങ്ങീലിലെ മനുഷ്യരെപ്പോലെ ഒരുതരം അടിമകള്‍തന്നെയാണ്. പീരുമേട്ടില്‍ ഒരു അഡ്രസും ഇല്ലാത്ത ആള്‍ക്കാരാണ്. അവിടത്തെ ലൈന്‍ വീടുകളായ ലയങ്ങളിലാണ് അവര്‍ ജീവിച്ചിരുന്നത്. ലയങ്ങളിലാണ് ഒരുപാട് കുടുംബങ്ങള്‍ ജീവിച്ചിരുന്നത്. ഈ ലയങ്ങളിലാണ് മിക്കവാറും പോസ്റ്റ് ഓഫിസുകള്‍ ഉണ്ടാവുക. ഓരോ എസ്റ്റേറ്റിലും ഓരോ പോസ്റ്റ് ഓഫിസുകള്‍ ഉണ്ടാകും. അങ്ങനെ ലോണ്ട്രി എസ്റ്റേറ്റ്, വാളാടി എസ്റ്റേറ്റ്, പെരിയാര്‍ എസ്റ്റേറ്റ്, വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റ് അങ്ങനെ ഒരുപാട് എസ്റ്റേറ്റുകള്‍ ഉണ്ടാകും. അവര്‍ക്ക് ഒരു ഗവണ്മെന്റ് ജോലി വേണം. സബ് ഡിവിഷനല്‍ ഇൻസ്പെക്ടര്‍മാര്‍ക്ക് പോസ്റ്റ് ഓഫിസില്‍ അവരെ നിയമിക്കാനുള്ള അധികാരമുണ്ട്. അങ്ങനെ കുറെ പേര്‍ക്ക് സർക്കാര്‍ ജോലികള്‍ കിട്ടിയിട്ടുണ്ട്.
പീരുമേട്ടില്വെച്ചാണ് അംബേദ്കറൈറ്റ് ആയ കല്ലറ സുകുമാരനുമായി പരിചയപ്പെടുന്നത്. കല്ലറ സുകുമാരന്‍ എസ്റ്റേറ്റ് തൊഴിലാളികളുമായി നല്ലബന്ധമുള്ള ഒരു നേതാവായിരുന്നു. പീരുമേട്ടില്‍ അംബേദ്കര്‍ ഭവന് എന്ന വലിയ ഒരു കെട്ടിടമുണ്ടാക്കിയ മനുഷ്യനായിരുന്നു കല്ലറ സുകുമാരന്‍. അവിടെ കുറെ പുസ്തകങ്ങളും അത് നോക്കിനടത്താന്‍ ഒരു ക്ലര്‍ക്കും ഉണ്ടായിരുന്നു. വളരെ വലിയ അറിവുള്ള ഒരാളായിരുന്നു കല്ലറ സുകുമാരന്‍. അദ്ദേഹം എഴുതിയ 'ഏകലവ്യന്റെ പെരുവിരല്‍', 'ബ്രാഹ്മണിസം അംബേദ്കറുടെ ദൃഷ്ടിയില്', 'വിമോചനത്തിന്റെ അർഥശാസ്ത്രം' തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു തന്നിരുന്നു.
പെരിങ്ങീലില്‍ ഒരു കോട്ടം ഉണ്ട്. അവിടെ വല്ലപ്പോഴും ആരെങ്കിലും പൊട്ടന്‍തെയ്യം കഴിക്കും. ഞാനും ഒരു നേര്‍ച്ചക്കുവേണ്ടി പൊട്ടന്‍തെയ്യം കഴിപ്പിച്ചിട്ടുണ്ട്. തുലാം അഞ്ചിനാണ് സാധാരണ അവിടെ തെയ്യം കഴിക്കുക. പുലയസമുദായത്തിലെ മാടന് കുടുംബക്കാരാണ് അവിടെ തെയ്യം കഴിക്കുക. അപ്പോള്‍ ഒന്നു രണ്ടു ദിവസത്തെ ആഘോഷങ്ങള്‍ ഒക്കെ ഉണ്ടാകും. അപ്പോള്‍ കായ ഒക്കെ പഴുപ്പിച്ച് പഴക്കച്ചവടവും ചെറിയ ഹോട്ടലുകളും എല്ലാം ഉണ്ടാകും. ഹോട്ടലുകള്‍ കാണുക എന്നതൊക്കെ നല്ല ഉല്ലാസമുള്ള കാര്യമാണ്. ഞങ്ങളുടെ ചെറുപ്പത്തില്‍ വിഷുവിന്റെ ദിവസമാണ് ഞങ്ങള്‍ സിനിമക്ക് പോവുക. മലക്ക് പോയി പണിയെടുത്തു വരുന്നവരുടെ കൈയില്‍ പൈസ ഉണ്ടാകും. അവരാണ് സിനിമക്ക് പോവുക. 'ജീവിതനൗക', 'കണ്ടം ബെച്ച കോട്ട്', 'സീത' തുടങ്ങിയ സിനിമകള്‍ ഒക്കെ കണ്ടു. സിനിമയുടെ കഥകള്‍ പറയും. പിന്നെ റേഡിയോ ഒക്കെ വന്നതോടെ ചലച്ചിത്രഗാനങ്ങളും ശബ്ദരേഖകളും കൂട്ടമായി ഇരുന്നു കാണും. മംഗളം, മനോരമ തുടങ്ങിയ വാരികകളാണ് സ്ത്രീകള്‍ പിന്നീട് വായിക്കുക. ഓണം എന്നതൊക്കെ ഞാനൊക്കെ അറിയാന്‍ തുടങ്ങിയത് സ്കൂളില്‍ പോകാന്‍ തുടങ്ങി അവിടെ ഓണാഘോഷങ്ങള്‍ കാണാന്‍ തുടങ്ങിയതോടെയാണ്. ഒരുപ്രാവശ്യം ഞാന്‍ ജോലിയിലുള്ള സമയത്ത് ഓണത്തിന് വീട്ടിലെത്തി. നല്ലോണം വിശന്നിട്ടാണ് വരവ്. അന്ന് ഓണത്തിന് വീട്ടില്‍ കഴിക്കാന്‍ ഒരു വസ്തുവില്ല. എനിക്കാണെങ്കില്‍ വിശന്നു വയ്യാതെയായി. അന്ന് ഞാന്‍ കുറെ പുല്ല് അരിഞ്ഞു ഓണപ്പറമ്പില്‍ കൊണ്ടുപോയി മുസ്ലിംകള്ക്ക് കൊടുത്തു. പശുവിന് കൊടുക്കാനാണ്. പകരം എനിക്കു കുറച്ചു കൊള്ളിക്കിഴങ്ങ് കിട്ടി. അത് പുഴുങ്ങിത്തിന്നു. അതായിരുന്നു അന്നത്തെ എന്റെ ഓണസദ്യ.
പെരിങ്ങീലിലെ ജീവിതസാഹചര്യത്തിന് ഇേപ്പാഴും വലിയ മാറ്റമൊന്നുമില്ല. അവിടെ ദുബൈയില്‍ പോയി ജോലിചെയ്യുന്നവരുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവരുണ്ട്. ഒന്നോ രണ്ടോ കോണ്‍ക്രീറ്റ് ചെയ്ത വീടുകള്‍ ഉണ്ട് എന്നതൊക്കെയാണ് പ്രധാന മാറ്റങ്ങള്‍. അവിടത്തെ ഭൂപ്രകൃതിമൂലവും ഒറ്റപ്പെട്ട തുരുത്തായതുകാരണവും ഇേപ്പാഴും വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. പെരിങ്ങീല്‍ വരെ റോഡുണ്ട്. അവിടെ ചിലര്‍ക്ക് ബൈക്കുണ്ട് എന്നതൊക്കെ ചില മാറ്റങ്ങളാണ്. അവിടത്തെ മനുഷ്യര്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. കേബിള്‍ ടി.വിയുണ്ട്. കൃഷി തീരെ ഇല്ലാതായി. പെരിങ്ങീലിന് ചുറ്റും പുറത്തുനിന്നുള്ളവര്‍ ചെമ്മീന്‍കൃഷി ചെയ്യുന്നുണ്ട്. ഇതൊക്കെത്തന്നെയാണ് അവിടത്തെ പുതിയ കാലത്തെ മാറ്റങ്ങള്‍.
(അവസാനിച്ചു)